സാറാ ജോസഫ്/ ഫോട്ടോ: സിദ്ധിഖുൾ അക്ബർ
കെ. വി. സുമംഗല എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'സാറാ ജോസഫ് ഒരു എഴുത്തുകാരിയുടെ ഉള്ളില്‍' എന്ന പുസ്തകത്തെക്കുറിച്ച് ദൃശ്യ പത്മനാഭന്‍ എഴുതുന്നു.
തന്റെ ജീവിതാനുഭവങ്ങളുടെ ചൂടും വെളിച്ചവും എഴുത്തിലൂടെയും പ്രവൃത്തിയിലൂടെയും ഉറക്കെ വിളിച്ചുപറഞ്ഞ് സ്ത്രീപക്ഷത്തെ പുനര്‍നിര്‍വചിച്ച അതിശക്തയായ എഴുത്തുകാരിയാണ് സാറാ ജോസഫ് എന്ന മലയാളികളുടെ സാറടീച്ചര്‍.
സാറാ ജോസഫ് എന്ന ഒരു കാലഘട്ടത്തിന്റെ വളരെ വ്യക്തവും സ്പഷ്ടവും കൃത്യവുമായ ആഴത്തിലുള്ള അടയാളപ്പെടുത്തല്‍ 'അതാണ് കെ. വി. സുമംഗല എഴുതിയ ഇരുന്നൂറ്റിയെഴുപത്തിരണ്ടോളം പേജുകളുള്ള 'സാറാ ജോസഫ് ഒരു എഴുത്തുകാരിയുടെ ഉള്ളില്‍ ' എന്ന പുസ്തകം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സാറാ ജോസഫ് എന്ന വ്യക്തിയുടെ തുറന്നിട്ട ജീവിതമാണീ പുസ്തകം. ഒരാത്മകഥ വായിക്കുന്ന തീവ്രതയില്‍ ഈ പുസ്തകത്തെ നമുക്ക് വായിക്കാം.
കെ. ജി. എസിന്റെ 'സാറാഗ്‌നി ' എന്ന തലവാചകത്തോടു കൂടിയുള്ള അവതാരികയും ശേഷം 'അഗ്‌നിമുകിലുകള്‍ പിറന്നയിടം' എന്ന എഴുത്തുകാരിയുടെ കുറിപ്പും തുടര്‍ന്ന് അധ്യായങ്ങളെന്നോണം ഉരുവം, ഒരിടത്ത്, മുറിയുന്ന നിശ്ശബ്ദതകള്‍, എതിര്‍നിലയിലെ പ്രതിരോധങ്ങള്‍, ആലയം തുടങ്ങിയ 5 ഭാഗങ്ങള്‍.
5 അധ്യായങ്ങളിലുമായി 34 കുറിപ്പുകളും ഒടുവിലായി 3 അനുബന്ധങ്ങളും അവയില്‍ കൃതികളെക്കുറിച്ചുള്ള വിവരങ്ങളും പുരസ്‌കാരങ്ങളും ചിത്രങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതാണ് പുസ്തകത്തിന്റെ പ്രത്യക്ഷ ഘടന.
പുസ്തകത്തിലേക്ക് വരുകയാണെങ്കില്‍ ആദ്യം എടുത്ത് പറയേണ്ടത് പുസ്തകത്തിന്റെ അകക്കാമ്പ് മനസിലാക്കിയ കെ.ജി. എസിന്റെ കവിതപോലെ തീവ്രയും ഹൃദ്യവുമായ അവതാരികയെപ്പറ്റിയാണ്. പുസ്തകത്തിന്റെ ആത്മാവു തൊട്ടറിഞ്ഞ അവതാരിക.
'അഗ്‌നിമുകിലുകള്‍ പിറന്നയിടം 'എന്ന ആമുഖക്കുറിപ്പില്‍ കെ. വി. സുമംഗല സാറാ ജോസഫ് എന്ന അഗ്‌നിയെ വായനക്കാര്‍ക്ക് മുന്നില്‍ പറഞ്ഞു വെക്കുന്നത് ഇപ്രകാരമാണ് ;'സാഹിത്യത്തെയും സാമൂഹ്യവര്‍ത്തമാനത്തെയും ഒപ്പം കൊണ്ടുനടന്ന ഒരു പെണ്ണകത്തിന്റെ സങ്കീര്‍ണ്ണമായ വൈവിദ്ധ്യങ്ങളായിരുന്നു മുന്നിലുണ്ടായിരുന്നത്, വളരെ കരുതലോടെ വേണമായിരുന്നു ആ നിറവുകളെ അടക്കിയൊതുക്കാന്‍'.
തീര്‍ച്ചയായും അങ്ങേയറ്റം കരുതലോടെ തന്നെയാണ് കെ. വി.സുമംഗല സാറാ ജോസഫിന്റെ ജീവിതത്തെ അക്ഷരങ്ങളിലൂടെ സമഗ്രമായി വരച്ചിട്ടിരിക്കുന്നത്.
തൃശൂരിലെ കുരിയച്ചിറയില്‍ ലൂയിസിനും കൊച്ചു മറിയത്തിനും ഒരു പെണ്‍കുട്ടി ജനിക്കുന്നു. പതിവ് രീതിയനുസരിച്ച് അന്നമ്മ എന്നായിരുന്നു കുട്ടിക്ക് പേരിടേണ്ടിയിരുന്നത് എന്നാല്‍ കീഴ് വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ട് അവള്‍ക്ക് സാറാ എന്ന കീര്‍ത്തിയുള്ള പേരിടുന്നു.
അവിടെ തുടങ്ങുകയാണ് സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ അസാധാരണമായ ജീവിതം. ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബമായിരുന്നു അവളുടേത്. സാംസ്‌കാരികമായി നല്ല അന്തരീക്ഷമുള്ള കുടുംബം. വീട് വായനയുടെ ലോകം തന്നെയായിരുന്നു. പ്രകൃതിയോടിണങ്ങി നിന്ന ബാല്യം, വെള്ളത്തോടും പ്രകൃതിയുടെ നിറവായ നിലാവിനെയും ഇഷ്ടപ്പെട്ട പെണ്‍കുട്ടി, അമ്പതുകളുടെ ആരംഭകാലമായിരുന്നതിനായാല്‍ ചുറ്റുപാടിലും ഒന്നുമില്ലായ്മയുടെ നാളുകള്‍ കൂടിയായിരുന്നു. അപര്യാപ്തതകള്‍ക്കിടയിലും സാറ പ്രകൃതിയുടെ നിറവാസ്വദിച്ചു ജീവിച്ചു. തന്റെ ചുറ്റുപാടുമുള്ളവരുടെ ജീവിതാവസ്ഥ അറിഞ്ഞു. അതുകൊണ്ടാവും സ്‌കൂളില്‍ പഠിക്കുന്ന സമയം സാറ ആദ്യമായി കുറിച്ചിട്ട വരികള്‍ക്ക് ദാരിദ്ര്യത്തിന്റെ മുഖമായത് ആ വരികള്‍ ഇങ്ങനെയായിരുന്നു;
'മൂവന്തിനേരത്ത് മുന്നാഴി നെല്ലുമായ്
മാതുവാ വീട്ടിന്‍ പടിയിറങ്ങി..''
ദാരിദ്രത്തിന്റെ ആകുലതകള്‍ മനസിലാക്കിയ സാറ എന്ന കൊച്ചു പെണ്‍കുട്ടി.

'പഠിക്കാന്‍ കഴിവുള്ളവര്‍ അത് ചെയ്യണമെന്നായിരുന്നു അമ്മായിയമ്മയുടെ നിലപാട് '.
അങ്ങനെ സാറ മുടങ്ങിയ പഠനം തുടരാന്‍ തീരുമാനിച്ചു. പഠിച്ച് പത്താം ക്ലാസ്സ് പാസ്സായി,
ടി.ടി.സി കഴിഞ്ഞു...പ്രൈമറി സ്‌കൂള്‍ അധ്യാപികയായി, മലയാളം വിദ്വാന്‍ പരീക്ഷ പാസായി, അങ്ങനെ പൂമലയിലെ സ്‌കൂളില്‍ ജോലി ചെയ്ത പത്തുവര്‍ഷത്തിനിടയില്‍ സാറാ ജോസഫ് എം. എ ബിരുദം നേടി, മൂന്നു മക്കളുടെ അമ്മയുമായി.
എഴുത്തുകാരി എന്ന നിലയില്‍ സാറാ ജോസഫിനെ പുറംലോകം അറിയുന്നത് കവിതയിലൂടെയാണ്. 'പഥികന്റെ ഗീതം ' എന്ന കവിത മാതൃഭൂമിയില്‍ അച്ചടിച്ചു വന്നതോടെ ഒരു കവയത്രി എന്ന നിലയില്‍ സാറാ ജോസഫ് പ്രശസ്തി ആര്‍ജ്ജിച്ചിരുന്നു. കോളേജധ്യാപികയായി കുടുംബജീവിതവും മക്കളുടെ പഠനവും അവരുടെ ഇഷ്ട്ടങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയും ജീവിതം മുന്നോട്ട് പോയി. ഇതാണ് ഉരുവം എന്ന ഭാഗത്ത് അടയാളപ്പെടുത്തിയിരിക്കുന്നത്.
പിന്നീടുള്ള അധ്യായങ്ങളില്‍ സാറാ ജോസഫ് എന്ന സ്ത്രീയുടെ പോരാട്ടം തന്നെയാണ് കാണാന്‍ കഴിയുക. സമൂഹത്തോട്, സമുദായത്തോട്, കുടുംബത്തോട് ഒടുവിലായി തന്നോടുതന്നെയുള്ള പോരാട്ടങ്ങള്‍. തന്റെ ജീവിതത്തിലെ അപര്യാപ്തതയ്ക്ക് കാരണം തിരിച്ചറിഞ്ഞപ്പോള്‍ അതിനെതിരെ സധൈര്യം പൊരുതാന്‍ തുടങ്ങി. എഴുത്തിലേക്ക് വന്നതോടെ സാറ ടീച്ചറുടെ ലോകം കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. അങ്ങനെ അനേകം സാഹിത്യ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും കൂടുതല്‍ സൗഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ചിന്തിക്കുന്ന സ്ത്രീകളുടെ സംഘടനായ മാനുഷിയുടെ ഉദയം, സ്ത്രീ വാദത്തിന്റെ മുന്നില്‍ കേരളീയ സ്ത്രീകളുടെ നിലപാട് എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്ത്രീകളുടെ ആദ്യത്തെ ക്യാമ്പായ വാവന്നൂര്‍ ക്യാമ്പ്, തങ്കമണി പ്രതിഷേധവും സ്ത്രീ നീതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍...
1990- ല്‍ പ്രസിദ്ധീകരിച്ച 'പാപത്തറ' എന്ന കഥാസമാഹാരത്തിന് സച്ചിദാനന്ദന്‍ എഴുതിയ അവതാരികയിലെ 'പെണ്ണെഴുത്ത് ' എന്ന വാക്കിലൂടെ സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ സ്ത്രീവിമോചന ചിന്തകള്‍ക്ക് മലയാളസാഹിത്യത്തില്‍ പുത്തന്‍ ഉണര്‍വ് വന്നതും ചെറുകഥയില്‍ നിന്നും നോവല്‍ എന്ന പുതുവഴിയിലേക്ക് കാലെടുത്തു വെച്ചതും 'ആലാഹയുടെ പെണ്മക്കള്‍' എന്ന നോവല്‍ പിറന്നതും ഇടതുപക്ഷത്തോടൊപ്പമായിരുന്നിട്ടും വിയോജിപ്പുകള്‍ തുറന്നുപറഞ്ഞും തുടരുന്ന ജീവിതം. ആം ആദ്മി പാര്‍ട്ടിയോടൊപ്പം ചേര്‍ന്നെങ്കിലും പറയത്തക്ക വിജയമായിരുന്നില്ല ഉണ്ടായിരുന്നത്. ചരിത്രത്താളുകളില്‍ പുകമറയാല്‍ മൂടിവെയ്ക്കപ്പെട്ട വിസ്മരിക്കപ്പെട്ടവരുടെ ജീവിതയാഥാര്‍ഥ്യത്തിലേക്ക് അക്ഷരങ്ങളിലൂടെ തീക്കനല്‍ വെളിച്ചം നല്‍കിയ 'ബുധിനി ' എന്ന ചരിത്രനോവലിന്റെ ഉദയം. വികസനമെന്ന പേരില്‍ തന്റേതല്ലാത്ത കാരണത്താല്‍ സ്വന്തം മണ്ണില്‍ പിഴുതെറിയപ്പെട്ട മനുഷ്യരോടൊപ്പം നിന്ന മനുഷ്യസ്‌നേഹി.
അങ്ങനെ മകള്‍, ഭാര്യ, മരുമകള്‍, അമ്മ, അധ്യാപിക, സാഹിത്യകാരി, സ്ത്രീ സമത്വവാദി, സാമൂഹിക പ്രവര്‍ത്തക, പത്രാധിപര്‍, ആക്ടിവിസ്റ്റ് എല്ലാത്തിനുമുപരി തികഞ്ഞ മനുഷ്യസ്‌നേഹിയായ സാറാ ജോസഫിനെയാണ് എഴുത്തുകാരി സുമംഗല ഒരിടത്ത്, മുറിയുന്ന നിശ്ശബ്ദതകള്‍, എതിര്‍നിലയിലെ പ്രതിരോധങ്ങള്‍, ആലയം എന്നീ 4 അധ്യായങ്ങളിലുമായി വായനക്കാര്‍ക്ക് മുന്നില്‍ ഒരു നേര്‍ച്ചിത്രമെന്നോണം അക്ഷരങ്ങളിലൂടെ ദൃശ്യമാക്കുന്നത്. 1946 മുതല്‍ 2023 വരെയുള്ള ജീവിതാഖ്യാനം.
ഈ പുസ്തകത്തില്‍ എടുത്തുപറയേണ്ടതായിട്ടുള്ളത് സ്ത്രീയുടെ മനുഷ്യരൂപമായ 'മാനുഷി ' എന്ന സംഘടനയെ പറ്റിയാണ്. സംഘടനയുടെ പേര് പോലും പുതുചിന്ത ഉടലെടുക്കുന്ന തരത്തിലുള്ളതാണ്. പുരുഷനെപ്പോലെ സ്ത്രീയും ഒരു സ്വതന്ത്രവ്യക്തിയാണെന്നും അവര്‍ക്കും അഭിപ്രായങ്ങളും ഇഷ്ടങ്ങളുമൊക്കെ ഉണ്ടെന്ന് തിരിച്ചറിയുന്ന പുതുസംസ്‌കാരത്തിലേക്കുള്ള വെളിച്ചമാണ് മാനുഷി എന്ന സംഘടന സമൂഹത്തിനു മുന്നില്‍ വിഭാവനം ചെയ്തത്. സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടുന്ന, അവഗണിക്കപ്പെടുന്ന ഒത്തിരി പേരുടെ മൗനം വെടിഞ്ഞു നീതിക്കുവേണ്ടി ശബ്ദിക്കാന്‍ അവസരം നല്‍കുകയായിരുന്നു മാനുഷി. മറ്റൊന്ന് തന്റെ മക്കള്‍ക്ക് മതേതര ജീവിതം അനുവദിച്ച മാതൃകയാണ്.
ഈ പുസ്തകത്തില്‍ നിന്നും മനസിലാക്കാം സാറാ ജോസഫ് എന്നും പ്രതിപക്ഷമായി നിന്നുകൊണ്ടാണ് നിരന്തരം അനീതികള്‍ക്കെതിരെ പൊരുതിയത്. സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ ജീവിതാഖ്യാനം മാത്രമല്ല ഈ പുസ്തകം നേരെമറിച്ച്; ഒരു കാലഘട്ടത്തിന്റെ വീണ്ടെടുപ്പ് കൂടിയാണ്. ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍ മനസ്സിലേക്ക് വന്നു പതിഞ്ഞത് കുമാരനാശാന്റെ സീതാകാവ്യത്തിലെ വരികളാണ് ;
'പ്രിയരാഘവ! വന്ദനം ഭവാ-
നുരയുന്നൂ ഭുജശാഖ വിട്ടു ഞാന്‍
ഭയമറ്റു പറന്നുപോയിടാം
സ്വയമിദ്യോവിലൊരാശ്രയംവിനാ''.
മരത്തെ മണ്ണിലുപേക്ഷിച്ച് സ്വന്തം ചിറകില്‍ ഭയമേതുമില്ലാതെ സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് ഞാനിതാ ചിറകുവിടര്‍ത്തി പറന്നുയരുകയാണെന്ന സീതയുടെ പ്രഖ്യാപനം പോലെ തീവ്രമാണ് സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ ജീവിതം.
Content Highlights: Sarah Joseph, K.V Sumangala, Drishya Padmanabhan, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..