ഗാന്ധിജി
ഗാന്ധിയെ വായിക്കേണ്ടതെങ്ങനെ? വായനയുടെ ഉന്നം എന്താണ്? അര്‍ത്ഥമാണോ? അര്ത്ഥമുരിഞ്ഞു കളഞ്ഞു നഗ്നമാക്കിയാല്‍ പിന്നെ ഗാന്ധിയെ വായിക്കാനാവുമോ? അര്‍ത്ഥഗ്രഹണം സത്യാഗ്രഹവും തമ്മിലുള്ള ബന്ധമെന്താണ്? അര്‍ത്ഥമോ സത്യമോ? വായനയെ നയിക്കേണ്ടത്? എസ്. ഗോപാലകൃഷ്ണന്റെ 'ഗാന്ധി: ഒരു അര്‍ത്ഥ നഗ്നവായന' ഗാന്ധിയെക്കുറിച്ചും വായനയെക്കുറിച്ചും നമ്മെ ചിന്തിപ്പിക്കുന്നു, വിഷമിപ്പിക്കുന്നു.
രണ്ടു തരം വായനാരീതികളാണ് മറ്റേതു ചിന്തകനിലുമെന്നതുപോലെ ഗാന്ധിയിലും പ്രയോഗിക്കപ്പെട്ടുപോരുന്നത്. ഗാന്ധി പറയുകയോ എഴുതുകയോ ചെയ്ത ആശയങ്ങള്‍ യുക്തിപരമാണോ എന്നു പരിശോധിക്കുന്നതാണ് ഒരു രീതി- ആശയങ്ങളെ പൂര്വ്വാചരബന്ധത്തോടെ അവതരിപ്പിക്കുക, ആശയവൈരുദ്ധ്യങ്ങള് തുറന്നുകാട്ടുകയോ പരിഹരിക്കുകയോ ചെയ്യുക. ഇവിടെ ഗാന്ധി കാര്യങ്ങള്‍ എളുപ്പമാക്കി തന്നിട്ടുണ്ട്. താന്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍ അവസാനം പറഞ്ഞത് കാര്യമായിട്ടെടുത്താല്‍ മതിയെന്ന് ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ചിന്തയും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തവും ഈ വായന അന്വേഷിക്കുന്നു. പൊരുത്തക്കേടു കണ്ടാല്‍ ആശയത്തേയും പ്രവൃത്തിയേയും വിമര്‍ശിക്കാം. യുക്തി നിര്ദ്ധാരണത്തില് അധിഷ്ഠിതമായ ഈ വായനയ്ക്ക് ഒരു പ്രശ്നമുണ്ട്. ഗാന്ധിയുടെ ചില ആശയങ്ങളെയോ പ്രവൃത്തികളെയോ യുക്തിരഹിതം എന്നു വിധിക്കേണ്ടി വന്നേക്കാം. ഇവയില്‍ പലതും ഗാന്ധിയുടെ പ്രധാന സത്യാന്വേഷണ പരീക്ഷണങ്ങള്‍ തന്നെയായേക്കാം.
മറ്റൊരു സമീപനം പാഠവ്യാഖ്യാനത്തിന്റെതാണ്. ഗാന്ധിയുടെ ചിന്തയുടെയും കര്‍മ്മത്തിന്റെയും സാകല്യത്തെ അവയുടെ ചരിത്രസന്ദര്‍ഭത്തില്‍ വെച്ചു വ്യാഖ്യാനിക്കുക; വിധിക്കുന്നതിനെക്കാള്‍ മനസ്സിലാക്കാനാണ് ഈ വായന ശ്രമിക്കുന്നത്. ഗാന്ധിയോട് വിയോജിക്കുമ്പോള്‍ തന്നെ നമുക്കു ചോദിക്കാം, അദ്ദേഹം എന്ത്, എന്തിനു പറഞ്ഞു? നമുക്ക് യുക്തിസഹമല്ലെന്നു തോന്നുന്ന ചിന്തയേയും പ്രവൃത്തിയേയും ഗാന്ധിയുടെ ഉദ്ദേശലക്ഷ്യങ്ങളെയും സാമൂഹിക ചരിത്ര സന്ദര്‍ഭത്തിന്റെയും പശ്ചാത്തലത്തില്‍ മനസ്സിലാക്കാനുള്ള വായനയാണിത്. എന്നാല്‍, തന്റെ ചിന്തയേയും പ്രവൃത്തിയേയും പൂര്‍ണമായും മനസ്സിലാക്കാന്‍ ഗാന്ധിക്ക് തന്നെ കഴിഞ്ഞിരുന്നില്ല. ഗാന്ധിയെ ഗാന്ധിയേക്കാള്‍ നന്നായി നമുക്കു മനസ്സിലാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, തനിക്കു തന്നെത്തന്നെ പിടികിട്ടുന്നില്ല എന്ന ബോധം എല്ലാവര്‍ക്കുമെന്ന പോലെ ഗാന്ധിയ്ക്കുമുണ്ടായിരുന്നു. അത് ഗാന്ധിയുടെ ജീവിതത്തെ നയിച്ച വെളിച്ചമായിരുന്നു. അതുകൊണ്ടാണ് തന്റെ ജീവിതത്തെ തന്നെ ഒരു പരീക്ഷണമായി ഗാന്ധി കണ്ടത്.
യുക്തി നിര്‍ദ്ധാരണത്തിന്റെയും പാഠവ്യാഖ്യാനത്തിന്റെയും അപ്പുറത്തുള്ള വായനയാണ് എസ്. ഗോപാലകൃഷ്ണന് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ഗാന്ധിയുടെ ചിന്തയിലും പ്രവൃത്തിയിലും അവയ്ക്കിടയിലുമുള്ള പൊരുത്തക്കേടുകളെ നമ്മുടെ ചരിത്രസന്ദര്‍ഭത്തിന്റെ പൊരുത്തക്കേടുകളിലേക്ക് എടുത്തുവെച്ച് പൊലിപ്പിക്കുകയാണ് ഗോപാലകൃഷ്ണന്. ഗാന്ധിയിലെ പൊരുത്തക്കേടുകളെ വ്യാഖ്യാനിച്ച് വിശദീകരിച്ച് നമ്മുടെ പൊരുത്തക്കേടുകളെ മറികടക്കാനുള്ള ഉപാധിയാക്കുകയല്ല. മറിച്ച്, ഗാന്ധിയുടെ പൊരുത്തക്കേടുകളെ നമ്മുടെ പൊരുത്തക്കേടുകളുമായി ഘടിപ്പിക്കുകയാണിവിടെ. ഈ പൊരുത്തക്കേടുകളുടെ മേളനം അര്‍ത്ഥബോധത്തെ ഉരിഞ്ഞുകളഞ്ഞ് സത്യത്തെ നേരിടാന്‍ നമ്മെ സന്നദ്ധരാക്കുന്നു. ഈ പൊരുത്തക്കേടിലെ ക്രമരാഹിത്യം, അക്രമം, ഹിംസ, ഗാന്ധിയന്‍ അഹിംസയുടെ കാതലാണ്.
ഗാന്ധിയന്‍ അഹിംസയിലെ ഹിംസ എന്താണ്? ഗോപാലകൃഷ്ണന്റെ പ്രധാന ചോദ്യങ്ങളില്‍ ഒന്നാണിത്. പൂര്‍ണമായ അഹിംസ പ്രായോഗികമല്ല, സ്വല്പം ബലപ്രയോഗമൊക്കെ വേണ്ടിവന്നേക്കാം എന്ന ബുദ്ധികൊണ്ട് ഈ ചോദ്യത്തെ നേരിടാനാവില്ല. ഹിംസ ജൈവികമാണെന്ന യാഥാര്‍ത്ഥ്യബോധവും ഇവിടെ ചെലവാകില്ല. അനിവാര്യമായ ഹിംസയെ നല്ല വഴിക്ക് നടത്തുന്നതാണ് അഹിംസ എന്ന വാദവും പോര. അഹിംസയെ കുറെക്കൂടി വഴക്കമുള്ള അനൃശംസ്യത, കരുണ, അനുകമ്പ തുടങ്ങിയവയിലേയ്ക്ക് പരാവര്‍ത്തനം ചെയ്യാനുമാകില്ല. 'എല്ലാം വിഴുങ്ങുന്ന വായ' ആണ് ഹിംസ എന്ന് ഗാന്ധിയെ ഉദ്ധരിക്കുന്നുണ്ട് ഗോപാലകൃഷ്ണന്. അഹിംസയിലുള്ള ഗാന്ധിയുടെ പിടിവാശിയാണ്, അഹിംസയുടെ കൂര്‍ത്ത മുനയാണ് അഹിംസയിലെ... എന്ന് ഗോപാലകൃഷണന്. എന്താണ് ഗാന്ധിയുടെ പിടിവാശി?
ഗാന്ധി സാഹിത്യത്തിന്റെ മറ്റൊരു പതിവു രീതി കൂടി ഗോപാലകൃഷ്ണന് ഉപേക്ഷിക്കുന്നുണ്ട്. മാന്യവും പക്വവുമായി ഗാന്ധി വായനയുടെ വഴിയാണത്. ഒരു വശത്ത് ഗാന്ധി ഭക്തര്‍, മറുവശത്ത് ഗാന്ധിയുടെ ശത്രുക്കളും ഘാതകരും. ഈ രണ്ടു കൂട്ടരുടെയും ലഘൂകരണങ്ങളെ മറികടന്ന് കൊണ്ട് പക്വമായ ഒരു നടുവായന ലക്ഷ്യം വെക്കുന്നവരുണ്ട്. കുലീനമായ, ഖദര്‍ ഷര്‍ട്ടിന്റെ തേപ്പുടയാത്ത വായനയാണിവരുടേത്. ഇത്തരം വായന ഇന്നു പോപ്പുലറാണ്. ഹിന്ദു വര്ഗീയവാദിയില്നിന്നും മുസ്ലിം വര്ഗീയവാദിയില്നിന്നും തുല്യ അകലം പാലിച്ച് നെടുമധ്യം തേടുന്ന മിതവാദി വായനയാണിത്. ഇടതു വലതു മുനകള്‍ ഒഴിവാക്കി തുലാസിന്റെ സൂചിപോലെ മധ്യമാര്ഗ്ഗേന ആടിക്കളിക്കുന്നത് ഇവര്‍ക്കു രസം. മൗലികമായ വാദങ്ങള്‍ ഇവര്‍ക്ക് അസഹനീയങ്ങളാണ്. അല്പം അതും സ്വല്പം ഇതും കൂട്ടിക്കുഴച്ച സങ്കരത്തെ ഇവര്‍ സങ്കീര്‍ണതയായി അവതരിപ്പിക്കുന്നു.
ടോള്‍സ്റ്റോയിയുടെ യുദ്ധവും സമാധാനവും ഒഴിവാക്കി മതത്തെക്കുറിച്ചുള്ള ലേഖനം വായിക്കുന്ന ഗാന്ധിക്കു മധ്യസ്ഥതയില്‍ താല്പര്യമുണ്ടായിരുന്നില്ല. അറ്റങ്ങളിലെ അലമ്പുകളിലാണ് ഗാന്ധി ചിന്താപരീക്ഷണങ്ങള്‍ നടത്തിയത്. വ്രതനിഷ്ഠകള്‍ ഈ അതിരുകളില്‍ ജീവിക്കാനുള്ള അച്ചടക്കമാണ്.
ആധുനിക ധാര്‍മ്മികത നിയമനിഷ്ഠതയുടേതാണ്. നാം സ്വേച്ഛയാല്‍ നമുക്കുതന്നെ തരുന്ന നിയമങ്ങള്‍ നമ്മെ സ്വാതന്ത്ര്യത്തോടെ അനുസരിപ്പിക്കുന്നു. എന്നാല്‍ വ്രതനിഷ്ഠ ഇതല്ല. നിയമവാഴ്ചയുടെ അടിസ്ഥാനം സാമൂഹികമായ ഉടമ്പടിയാണ്. എന്നാല്‍ വ്രതം ഉടമ്പടിയല്ല. അതൊരു പരീക്ഷണമാണ്. റിസ്ക്ക് എടുക്കലാണ്. നിയമസംവിധാനം നമ്മുടെ കര്‍ത്തൃത്വത്തില്‍ കേന്ദ്രീകൃതമാണ്. അവിടെ നമുക്ക് അവകാശങ്ങളും ചുമതലകളുമുണ്ട്. എന്നാല്‍ വ്രതനിഷ്ഠയില്‍ കര്‍ത്താവ് കേന്ദ്രസ്ഥാനത്തല്ല. ഓരോ ചെയ്തിയും വെല്ലുവിളിയാണ്.
'അരുത്' എന്ന് ആജ്ഞാപിക്കുന്ന നിയമത്തിന്റെ അനിവാര്യതയ്ക്കു വെളിയിലുള്ള നിര്‍ബന്ധമാണ് വ്രതത്തിന്റെത്. ശപഥം, ആണയിടല്‍, ശാപം തുടങ്ങിയ പ്രകടനങ്ങളോടാണ് വ്രതത്തിന് സാമീപ്യം. വ്രതം പാലിച്ചുകൊള്ളാമെന്നുള്ള ശപഥം ദൈവനാമത്തിലാണെടുക്കുന്നത്. വ്രതഭംഗം ശാപത്തെ ക്ഷണിച്ചു വരുത്തിയേക്കാം. എന്നാല്‍ ശാപം ശിക്ഷയല്ല. വ്രതത്തെ സാക്ഷ്യപ്പെടുത്തുന്നത് വ്രതമെടുക്കുന്നവന്റെ വാക്കാണ്. വാക്കാണ് ഉറപ്പ്. തന്റെ വാക്കിന്റെ മാത്രം ഉറപ്പിലേക്ക് തന്റെ കര്‍ത്തൃത്വത്തെയും ബലാബലങ്ങളെയും ഇറക്കി വെയ്ക്കുകയാണ് ഗാന്ധി. ഈ വള്നറബിലിറ്റിയാണ് അഹിംസയുടെ കാതല്‍. ഒന്നിനെയും കൊല്ലരുത് എന്ന നിയമമല്ല ഗാന്ധിയെ നയിച്ചത്. അതുകൊണ്ടാണ് അഹിംസാവാദിയാണെങ്കിലും ഗാന്ധി തന്റെ ആശ്രമത്തിലെ ആട്ടിന്‍കുട്ടിയുടെ ദയാവധം അനുവദിച്ചത്. അതിര്ത്തിഗാന്ധിയ്ക്കുവേണ്ടി മാംസാഹാരം ഉണ്ടാക്കിക്കുകയും ചെയ്തു. കൊല്ലാനറിയാവുന്നവനേ അഹിംസയാചരിക്കാനാവൂ എന്നു ഗാന്ധി. ചുമ്മാതല്ല, നമുക്കിന്നു ടെററിസ്റ്റുകള്‍ മാത്രമായ പത്താന്വംശജരില് യഥാര്‍ത്ഥ അഹിംസയ്ക്കുള്ള ശേഷി ഗാന്ധി തിരിച്ചറിഞ്ഞത്.
ഗോപാലകൃഷ്ണന് അധികം ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഗാന്ധിയുടെ രണ്ടു പ്രതികരണങ്ങളിലൂടെ ഗാന്ധിയുടെ ധാര്‍മികതയെ നോക്കിക്കാണാനാണ് ഇനി ശ്രമിക്കുന്നത്. ഇത് ഗോപാലകൃഷ്ണന്റെ ഗാന്ധി വായനയുടെ പൂര്‍ണമായ അര്ത്ഥനഗ്നതയെ നേരിടാന്‍ ആവശ്യമാണെന്നു തോന്നുന്നു.
1934-ലെ ബീഹാര്‍ ഭൂകമ്പം അയിത്തത്തിനുള്ള ശിക്ഷയാണെന്ന് ഗാന്ധി പ്രസ്താവിച്ചു. ഗാന്ധിയെ ഏറെ ബഹുമാനിച്ചിരുന്ന ടാഗോര്‍ ഈ പ്രസ്താവനയെ വിമര്‍ശിച്ചു. ഭൂകമ്പം ഭൗതിക ശാസ്ത്ര നിയമങ്ങള്‍ക്കനുസരിച്ച് സംഭവിക്കുന്ന പ്രകൃതി പ്രതിഭാസമാണ്. അതിന് ധാര്മികചര്യയുമായി യാതൊരു ബന്ധവുമില്ല. അയിത്തം കൊടിയ പാതകമാണ്. അതില്‍നിന്നു ഹിന്ദുക്കളെ പിന്തിരിപ്പിക്കാന് ഗാന്ധി കണ്ടെത്തിയ ഗുണപാഠകഥയോ പ്രചരണോപാധിയോ ആയിരിക്കും ഭൂകമ്പവുമായുള്ള ബന്ധം. എന്നാല്‍ ഇത്തരം ശാസ്ത്രസമ്മതിയില്ലാത്ത പ്രസ്താവനകള്‍ അന്ധവിശ്വാസം വളര്‍ത്തുകയേയുള്ളൂ. ഇതായിരുന്നു ടാഗോറിന്റെ നിലപാട്.
എന്നാല്‍, ഗാന്ധി ടാഗോറിന്റെ വിലയിരുത്തലിനെ നിഷേധിച്ചു. ഭൂകമ്പവും അയിത്തവും തമ്മില്‍ ബന്ധമുണ്ടെന്ന് തനിക്കുറപ്പാണ്. അല്ലാതെ അയിത്തത്തിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഥ മെനയുകയായിരുന്നില്ല. ഭൗതിക പ്രതിഭാസങ്ങളും ധാര്‍മ്മിക മൂല്യങ്ങളും തമ്മില്‍ ബന്ധമുണ്ട്. ആ ബന്ധത്തിന്റെ യഥാര്‍ത്ഥ സ്വഭാവമെന്താണെന്ന കാര്യത്തില്‍ തനിക്കു തീര്‍ച്ചയില്ല. ഭൂകമ്പം അയിത്താചാരണത്തിനുള്ള ശിക്ഷയാണെന്നാണ് തന്റെ ബോധ്യം. എന്നാല്‍ തനിക്കു തെറ്റു പറ്റിയിരിക്കാം. ഒരു പക്ഷേ ഈ ഭൂകമ്പം അയിത്തോച്ചാടനശ്രമങ്ങള്ക്കുള്ള ശിക്ഷയായിരിക്കാം. ഇതില്‍ രണ്ടിലൊന്നു ശരിയായേ പറ്റൂ. പരീക്ഷണത്തിലൂടെയേ ഏതാണ് ശരി എന്നു കണ്ടെത്താനാവൂ. താന്‍ തന്റെ ബോധ്യത്തിനനുസരിച്ച് ആത്മശുദ്ധീകരണത്തിനുള്ള ശ്രമം തുടങ്ങുകയായി. അയിത്തപ്രേമി അയാളുടെ ബോധ്യത്തിനനുസരിച്ച് വിട്ടുവീഴ്ചയില്ലാത്ത ആത്മപരിശോധനയില്‍ ഏര്‍പ്പെടട്ടെ. ഭൂകമ്പവും അയിത്തവും തമ്മിലുള്ള ബന്ധത്തെ നിഷേധിക്കുന്നവര്‍ ആത്മശുദ്ധീകരണത്തിനുള്ള സത്യാന്വേഷണപരീക്ഷണങ്ങള്ക്കുള്ള ഒരു സുവര്‍ണാവസരം പാഴാക്കി കളയുകയാണ്. ഈ ബന്ധത്തില്‍ വിശ്വസിക്കാനുള്ള അന്ധവിശ്വാസം തനിക്കു തരണം എന്നാണ് ഗാന്ധി പ്രാര്‍ത്ഥിച്ചത്.
അയിത്തത്തെ എതിര്‍ക്കാന്‍ ഭൂകമ്പത്തെ കൂട്ടുപിടിക്കുമ്പോഴും ഗാന്ധി ജാതിയെ ഒഴിവാക്കുന്നു. സാമൂഹിക ശാസ്ത്രങ്ങളുടെ സഹായത്തോടെ ഗാന്ധി ജാതിയെ പഴിചാരുന്നില്ല. ജാതിയെക്കുറിച്ചുള്ള ഗാന്ധിയുടെ അബദ്ധ ധാരണകള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അയിത്തത്തെ വിശദീകരിക്കാന്‍ അദ്ദേഹം ജാതിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നില്ല. കാരണം അയിത്തത്തിന് യാതൊരു വിശദീകരണമോ ന്യായീകരണമോ സാധ്യമല്ല. അയിത്തത്തിന് ജാതി എന്ന സുദൃഢമായ അടിത്തറ കല്പിച്ചു കൊടുത്താല്‍ പിന്നെ അയിത്തത്തെയോ ജാതിയെയോ പൂര്‍ണമായി ഉച്ചാടനം (Annihilation) ചെയ്യാന്‍ സാധ്യമാവുകയില്ല.
അയിത്തം യാതൊരു ന്യായീകരണവും സങ്കല്പിക്കാന് പോലുമാകാത്ത പരമമായ തിന്മയാണ്. വേദശാസ്ത്രങ്ങളിലോ, സാമൂഹികബന്ധത്തിലോ അധികാരവ്യവസ്ഥയിലോ അതിന് താങ്ങുകളില്ല. അത്തരം ന്യായവാദങ്ങളുടെ സാധ്യത അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ന്യായാന്യായ പരിശോധനയായി. വാദപ്രതിവാദങ്ങളായി. വ്യാഖ്യാന ഭേദങ്ങളായി. അതൊക്കെ തീര്‍ന്നിട്ടേ അയിത്തോച്ചാടനമുണ്ടാവൂ. അവയൊന്നും ഒരിക്കലും തീരുകയുമില്ല.
ഇതേ പോലെ ഭൂകമ്പത്തില്‍ ദുരിതപ്പെട്ടവരുടെ ട്രാജഡിക്കും യാതൊരു ന്യായീകരണങ്ങളുമില്ല. അയിത്തം പാലിക്കുന്നവരേക്കാള് അതിനിരയായവരായിരിക്കണം ഭൂകമ്പത്തില്‍ കൂടുതല്‍ വലഞ്ഞത്. വേദനയുടെ ഈ പാനപാത്രം തന്റെ കൈയില്‍ എന്തിനു വന്നു എന്ന് അനുഭവിക്കുന്നവനു തന്നെ പിടികിട്ടാതിരിക്കുമ്പോഴാണ് വേദന യാതനയാവുന്നത്. കാര്യകാരണ ബന്ധം ഇവിടെ അപ്രസക്തങ്ങളായി തീരുന്നു. യാതനയും തിന്മയും തമ്മില്‍ ഘടിപ്പിക്കുമ്പോള്‍ ഗാന്ധി ഒന്നിനെ മറ്റേതു കൊണ്ട് വിശദീകരിക്കുകയല്ല, മറിച്ച് വിശദീകരണത്തിന് പഴുതില്ലാത്ത രണ്ടു യാഥാര്‍ത്ഥ്യങ്ങളെ ചേര്‍ത്തു വെയ്ക്കുകയാണ്. എല്ലാ ഭൂകമ്പങ്ങളും ശിക്ഷയല്ല, സര്‍വ്വ തിന്മകളുടെയും ശിക്ഷ ഭൂകമ്പവുമല്ല. രണ്ടു സവിശേഷ യാഥാര്‍ത്ഥ്യങ്ങളെയാണ് ഗാന്ധി ബന്ധിപ്പിക്കുന്നത്. നമ്മുടെ അര്ത്ഥബോധത്തിലുണ്ടായ രണ്ടു തുളകളാണ് ഈ ഭൂകമ്പവും അയിത്തവും. ഇവ തമ്മിലുള്ള ബന്ധത്തിന്റെ അനിവാര്യത,-ആജ്ഞാശക്തി- നമുക്കു പരിചിതമായ ഭൗതിക പ്രകൃതിനിയമങ്ങളുടെയോ ധാര്‍മിക മൂല്യങ്ങളുടെതോ അല്ല. ഈ ആജ്ഞാശക്തിയെയാണ് സത്യത്തിന്റെ ഉള്‍വിളിയായി ഗാന്ധി അറിയുന്നത്.
പ്രകൃതിയില്‍നിന്നും പ്രവൃത്തിയില്‍നിന്നും അര്‍ത്ഥത്തെ ഉരിച്ചു കളയുമ്പോഴാണ് സത്യം തെളിയുന്നത്. ഗാന്ധിയുടെ സത്യം അര്ത്ഥനഗ്നമാണ്. സത്യം മനുഷ്യാവസ്ഥയുടെ ആപേക്ഷികമല്ല. മനുഷ്യന്റെ ഇന്ദ്രിയാനുഭവത്തിന്റെയും മനനശേഷിയുടെയും പരിമിതികള്‍ക്കുള്ളില്‍ അര്‍ത്ഥം കൊടുത്തു പൊലിപ്പിച്ചെടുക്കുന്ന ലോകത്തിന്റെ പ്രതിഫലനമല്ല സത്യം. അനുക്ഷണം മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിലെ സ്ഥിരതയുള്ള തുരുത്തുകളുടെ ഭൂപടങ്ങളാണ് ശാസ്ത്രനിയമങ്ങള്‍ എന്ന് ചിലര്‍ വാദിക്കുന്നു. ഈ നിയമങ്ങളുപയോഗിച്ച് പ്രകൃതിയെ പ്രവചിക്കാം. നിയന്ത്രിക്കാം. അയിത്തം എന്ന സാമൂഹിക തിന്മയുടെ കാരണം കണ്ടുപിടിക്കുക. അതിനെ നീക്കം ചെയ്യുന്നതിലൂടെ അയിത്തം അവസാനിപ്പിക്കുക. ഇത്തരം പോളിസി സമീപനമല്ലായിരുന്നു ഗാന്ധിയുടേത്. സത്യം സ്ഥിരതയുടെയോ ക്രമത്തിന്റെയോ ഭൂപടമല്ല. ആകസ്മിതകള്ക്കു കുറുകെ പായുന്ന മിന്നലാണത്. ക്രമരാഹിത്യത്തിന്റെ തെളിച്ചമാണ്.
ഗോപാലകൃഷ്ണന് ചര്‍ച്ച ചെയ്യാതെ മാറ്റിവെച്ചിരിക്കുന്ന ഗാന്ധിയുടെ മറ്റൊരു കടുംപിടുത്തം വാക്സിന്റെ കാര്യത്തിലാണ്. കോവിഡ് മേളയുടെ ഇക്കാലത്ത് ഗാന്ധിയെ ശുദ്ധ പിന്തിരിപ്പനാക്കി മാറ്റിയേക്കാവുന്ന ശാഠ്യമാണ് വാക്സിനെതിരെ അദ്ദേഹമെടുത്ത നിലപാട്. മഹാഭാരത യുദ്ധത്തെ അഹിംസയുടെ ആറാട്ടായിരിക്കണ്ട ഗാന്ധി വാക്സിനെ പരമായ ഹിംസയായാണ് വിശേഷിപ്പിച്ചത്. ഇന്ന് വാക്സിനെ എതിര്‍ക്കുന്നവര്‍ ട്രംപിന്റെ അനുയായികളും ശാസ്ത്രവിരുദ്ധരും മനുഷ്യത്വരഹിതരുമായ വ്യക്തിവാദികളായാണ് ചിത്രീകരിക്കപ്പെടുന്നത്. മതസ്പര്‍ധ പോളിസിയാക്കിയ ഭരണാധികാരികള്‍ പോലും വാക്സിനെടുക്കാനും ശാസ്ത്രത്തില്‍ വിശ്വസിക്കാനും ആവശ്യപ്പെടുന്നു. എന്നാല്‍ വാക്സിനെടുത്തില്ലെങ്കില്‍ മരിക്കുമെന്നുറപ്പാണെങ്കിലും താന്‍ അതെടുക്കുകയോ തന്റെ കുട്ടികള്‍ക്ക് അതു കൊടുക്കുകയോ ചെയ്യില്ലെന്ന് ഗാന്ധി ശഠിച്ചു. എന്താണ് ഗോവസൂരി വാക്സിനിലെ ഹിംസ?
ഒന്നാമത്, വസൂരിയെ പകര്‍ച്ചവ്യാധിയായി ഗാന്ധി അംഗീകരിക്കുന്നില്ല. ഇന്നു ശാസ്ത്രപൊതുബോധത്തിന്റെ ഭാഗമായ രോഗാണുക്കള്‍ പരത്തുന്ന രോഗം എന്ന സങ്കല്പനം അംഗീകരിക്കാത്തവര്‍ അന്നും ഇന്നുമുണ്ട്. സവിശേഷ സ്വത്വവും ആകൃതിയും പിണ്ഡവുമുള്ള രോഗാണു ഒരാളില്‍നിന്ന് മറ്റൊരുവനിലേക്ക് പകര്‍ന്നാടുന്ന വ്യാപനം എന്ന അമര്ചിത്രകഥയില് പല ശാസ്ത്രജ്ഞരും വിശ്വസിക്കുന്നില്ല. വൈറസ് ഒരു വസ്തുവാണോ? അതിനു ജീവനുണ്ടോ? അത് ഒരു സ്റ്റാസ്റ്റിസ്റ്റിക്കല്‍ റിയാലിറ്റിയാണോ? തുടങ്ങിയ ചോദ്യങ്ങള്‍ ഗൂഗിളിലും ഫേസ്ബുക്കിലും നിരോധിച്ചിട്ടുണ്ടെന്നാലും പേടിയില്ലാത്ത ശാസ്ത്രജ്ഞന്മാര് ചോദിച്ചു കൊണ്ടേയിരിക്കും. ഇത്തരം ഒാന്റോളജിക്കല് പ്രശ്നങ്ങളിലേക്ക് കടക്കാതെ സാമാന്യബുദ്ധിയ്ക്ക് നിരക്കുന്ന ചോദ്യങ്ങളാണ് ഗാന്ധി ഉന്നയിച്ചത്.
വസൂരി പകര്‍ച്ച വ്യാധിയാണെങ്കില്‍ രോഗിയുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്കെല്ലാം രോഗം വരണം. വസൂരി അങ്ങിനെ പടരുന്നില്ല. രോഗം വന്നവരെല്ലാം ഏതെങ്കിലും രോഗിയുമായി സമ്പര്ക്കപ്പെട്ടവരായിരിക്കണം, അതും ശരിയല്ല. അതുകൊണ്ട് വസൂരി പകര്‍ച്ചവ്യാധിയല്ല. രക്തദൂഷ്യം കൊണ്ടുണ്ടാക്കുന്ന രോഗമാണത്. പകര്‍ച്ചവ്യാധിയല്ലെങ്കില്‍ പിന്നെ വാക്സിന് എന്തിനാണ്? ഇനി പകര്‍ച്ചവ്യാധി ആണെങ്കിലും വാക്സിന് ഫലപ്രദമല്ല. ഫലപ്രദമെങ്കില്‍ വാക്സിനെടുത്തവര്‍ക്കാര്‍ക്കും വസൂരി വരരുത്. എന്നാല്‍ സ്ഥിതി അതായിരുന്നില്ല. കൊറോണ പോലെ തന്നെ വാക്സിനെടുത്തവര്‍ക്കും വസൂരി പിടിച്ചിരുന്നു. വാക്സിൻ എടുക്കാത്തവര്ക്കൊക്കെ വസൂരി വരണം, അതുമില്ല. സാമാന്യ ബുദ്ധിയ്ക്കുനിരക്കുന്ന ലോജിക്കേ ഗാന്ധി പ്രയോഗിക്കുന്നുള്ളൂ.
വാക്സിന്റെ പിതാവായ ജന്നറെ ഉദ്ധരിച്ച് വാക്സിന്റെ രസകരമായ ചരിത്രവും ഗാന്ധി അവതരിപ്പിക്കുന്നുണ്ട്- ജന്നര്‍ ആദ്യം അവകാശപ്പെട്ടത് ഒരു കൈയിലെ ഒരു കുത്തു കൊണ്ട് രോഗപ്രതിരോധശേഷി കൈവരുമെന്നാണ്. എന്നാലതുണ്ടായില്ല. അപ്പോള്‍ പറഞ്ഞു രണ്ടു കൈയിലും ഓരോ പ്രാവശ്യം കുത്തണമെന്ന്. പിന്നെ പല ബൂസ്റ്റര്‍ ഡോസുകള്‍ മാറിമാറി കുത്തണമെന്നായി. (ഒന്നര നൂറ്റാണ്ടുശേഷവും വാക്സിന്റെ ഫലശ്രുതിയില്‍ വലിയ വ്യത്യാസമില്ല).വാക്സിന് വൃത്തിഹീനവും അറപ്പുളാവാക്കുന്നതുമാണ്. രോഗം വന്ന പശുവിന്റെയോ മനുഷ്യന്റെയോ ചലത്തില്‍ നിന്നാണ് വാക്സിന് ഉണ്ടാക്കുന്നത്. ചലത്തില്‍ തൊടാനറയ്ക്കും. കുടിക്കുന്നത് ആലോചിക്കാനേ വയ്യ. എന്നിട്ടും നമ്മളത് രക്തത്തില്‍ കുത്തിവെയ്ക്കുന്നു. ഗോമാംസം കഴിക്കുന്നവര്‍ പോലും പശുവിന്റെ ചോര കുടിക്കാനറയ്ക്കും. എന്നാല്‍ ജീവരക്ഷയുടെ പേരില്‍ നമ്മള് അതിന്റെ ചലം സേവിക്കാന്‍ തയ്യാറാവുന്നു. വസൂരി പിടിച്ചുമരിക്കുന്നതാണ് പാവം മൃഗത്തിന്റെ ചലം കുടിച്ചു ജീവിച്ചിരിക്കുന്നതിനേക്കാള്‍ ഭേദം. വസൂരി മരണത്തെ പേടിച്ച് വാക്സിനെടുക്കുന്ന ഭീരു മരിച്ചു ജീവിക്കുകയാണ്.
എല്ലാത്തിനുമുപരി വാക്സിന് കാടത്തമാണ്. കാടന്മാര് പോലും അടിപ്പെടാത്ത മാനസിക വിഭ്രാന്തിയാണ് വാക്സിന് സൃഷ്ടിക്കുന്നത്. വാക്സിന് ലഭ്യമായി കഴിഞ്ഞാല്‍ അത് അടിച്ചേല്‍പ്പിച്ചേ തീരൂ. ഒന്നാമത്, എല്ലാവരും എടുത്തില്ലെങ്കില്‍ വാക്സിന് പ്രതിരോധം പാളും. ജീവരക്ഷയ്ക്കുള്ള ഒരേ ഒരുപാധിയാണ് കൈയിലുള്ളതെങ്കില്‍ അത് അടിച്ചേല്‍പ്പിക്കുന്നതില്‍ തെറ്റില്ല. സാര്‍വത്രികമായി അടിച്ചേല്‍പ്പിക്കപ്പെടാനുള്ള വ്യഗ്രത വാക്സിന് എന്ന സങ്കല്പനത്തില് തന്നെയുണ്ട്. വേണ്ടവര്‍ എടുത്തുകൊള്ളട്ടെ അല്ലാത്തവര്‍ സ്വയം സംരക്ഷിച്ചുകൊള്ളട്ടെ എന്ന നിലപാടിന് വാക്സിന് ലോജിക്കില്‍ ഇടമില്ല- പൊതുജനാരോഗ്യം എന്ന സങ്കല്പനത്തില് ഉള്ചേര്ന്നിരിക്കുന്ന കാടത്തത്തെയാണ് ഗാന്ധി തുറന്നു കാണിക്കുന്നത്.
ഈ വാദങ്ങളിലൂടെ ഗാന്ധി മുന്നോട്ടുവെയ്ക്കുന്ന ധാര്‍മികത എന്താണ്? വാക്സിന് ഉപയോഗശൂന്യവും വൃത്തിഹീനവും ജനാധിപത്യവിരുദ്ധവുമാണ്. അതുകൊണ്ട് ആരും വാക്സിന് എടുക്കരുത് എന്നാണോ? ഇത്തരം ആന്റി വാക്സിന് നിലപാടല്ല ഗാന്ധിയുടേത്. വേണ്ടവര്‍ എടുത്തുകൊള്ളട്ടെ അല്ലാത്തവര്‍ അനുഭവിച്ചു കൊള്ളട്ടെ എന്ന ലിബറല്‍ നിലപാടുമല്ല. വാക്സിനോട് ഓരോരുത്തരുടെയും സത്യനിഷ്ഠയ്ക്കും വ്രതശുദ്ധിയ്ക്കും ഉതകുന്ന നിലപാടുകളാണ് വേണ്ടത്.
വാക്സിനെതിരെ ധാര്‍മികമായ നിലപാടെടുക്കുന്നവര്‍ നിയമത്തിന്റെയും ശാസ്ത്രത്തിന്റെയും പേരിലുള്ള പീഡനത്തെയും ശിക്ഷയേയും ധൈര്യപൂര്‍വ്വം ഏറ്റെടുക്കണം. ലോകത്തിനുമുമ്പില്‍ പൂര്‍ണമായും ഒറ്റപ്പെട്ടാലും സ്വന്തം നിലപാടില്‍ ഉറച്ചുനില്‍ക്കണം. വാക്സിനെ വെറും ആരോഗ്യപ്രശ്നമായി മാത്രം കരുതുന്നവര്‍ ആ വിഷയത്തില്‍ പൂര്‍ണമായ അറിവും മേധാവിത്വവും നേടുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്തി തങ്ങളുടെ പക്ഷത്തേയ്ക്കു കൊണ്ടുവരികയും വേണം. എന്നാല്‍ ഇക്കാര്യത്തില്‍ ആദര്‍ശനിഷ്ഠയോ നിലപാടോ ഇല്ലാത്ത ഭീരുക്കള്‍ ഭരണകൂടത്തിന്റെ നിയമങ്ങളെ മാത്രം അനുസരിച്ചു ജീവിച്ചുകൊള്ളണം. സത്യനിഷ്ഠയുടെയും ധാര്മികസ്ഥൈര്യത്തിന്റെയും അടിസ്ഥാനത്തില്‍ മൂന്നു തരം ആട്ടപ്രകാരങ്ങളാണ് ഗാന്ധി മുന്നോട്ടുവെയ്ക്കുന്നത്. അല്പം ശാസ്ത്രവും സ്വല്പം ധാര്‍മികതയും ഭയവും അച്ചടക്കവും ഇത്തിരി അമര്ചിത്രകഥയുമൊക്കെ ചേര്‍ത്ത് എന്നാല്പിന്നെ ഞാനും വാക്സിനെടുത്തേക്കാം എന്ന സമകാലീന മര്യാദയെയാണ് ഗാന്ധി വലിച്ചുകീറുന്നത്. അഹിംസ എന്നത് അലക്കിയ ഖദറിട്ട് തലമുടി കറുപ്പിച്ചു നടക്കുന്ന മാന്യതയല്ല.
അര്‍ത്ഥനഗ്നമായ വായന അര്‍ത്ഥബോധത്തെ ഉരിഞ്ഞുകളഞ്ഞുകൊണ്ടുള്ള വായനയാണ്. അര്‍ത്ഥമല്ല സത്യമാണ് ഗാന്ധിയെ നയിക്കുന്നത്. സത്യം ആകസ്മികതയിലേക്ക് നമ്മളെ വള്‍നറബിള്‍ ആയി തുറന്നിടുന്നു. ഇതിനെതിരെയുള്ള ഭീരുവിന്റെ മസിലുപിടുത്തമാണ് ഹിംസ. ക്രമത്തിനും നിയമത്തിനും വെളിയിലാണ് അഹിംസയുടെ ക്ഷേത്രം. ഗാന്ധിയുടെ കാര്‍ക്കശ്യത്തെയും ഇരട്ടത്താപ്പുകളെയും അരസികത്വത്തെയും സൂക്ഷ്മമായി പിന്തുടര്ന്നാലേ അഹിംസയുടെ രഹസ്യം പിടികിട്ടൂ എന്ന് ഗോപാലകൃഷ്ണനറിയാം.
കോളമാണ് ഗോപാലകൃഷ്ണന്റെ രചനാരൂപം. അടുത്തകാലത്തായി പോഡ്കാസ്റ്റ് എന്ന കേള്‍വി കോളവും ഗോപാലകൃഷ്ണന് അവതരിപ്പിക്കുന്നുണ്ട്. ന്യൂസ് വാല്യൂ ഉള്ള എന്തിനെയെങ്കിലും കുറിച്ച് വാര്‍ത്തയും വീക്ഷണവും വികാരവും ഇടകലര്‍ത്തി രചിക്കുന്ന, ഒരു ദിവസമോ ആഴ്ചയോ മാത്രം ആയുസ്സുള്ള ജലരേഖാ ചിത്രങ്ങളാണിവ. ഇത്തരം കോളങ്ങള്‍ ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ ഈ പുസ്തകം മാധ്യമചിന്തയ്ക്കും സാഹിത്യ ചിന്തയ്ക്കും പൂര്‍ണമായ വഴങ്ങാത്ത ഒന്നാണ്. മാധ്യമ പ്രവര്‍ത്തനത്തിന്റെ രചനാരൂപമാണ് കോളം. സാഹിത്യത്തിന്റെ രൂപം കൃതിയാണ്. കോളത്തിനും കൃതിയ്ക്കും ഇടയിലാണ് ഗോപാലകൃഷ്ണന്റെ പ്രവൃത്തിമണ്ഡലം. ഗാന്ധിയുടെ എഴുത്തുപോലെയാണ് ഗോപാലകൃഷ്ണന്റെ രചനകള്‍.
ഒരു സവിശേഷ സന്ദര്ഭത്തിലിടപെട്ടുകൊണ്ട് ഒരു മേല്‍വിലാസക്കാരനെ അഡ്രസ് ചെയ്തുകൊണ്ടെഴുതപ്പെടുന്ന കത്തുകള്‍, പിന്നീട് പൊതുമണ്ഡലത്തില്‍ വായിക്കപ്പെടുന്നു. കോളത്തിന്റെയും കൃതിയുടെയും കാലപ്രമാണങ്ങള്‍ വ്യത്യസ്ഥങ്ങളാണ്. ഭൂത-ഭാവി കാലങ്ങളുടെ ഇഴകള്‍ ചേര്‍ത്താണ് കൃതി വര്‍ത്തമാനത്തില്‍ സന്നിഹിതമാകുന്നത്. എന്നാല്‍ കോളം വര്‍ത്തമാനത്തിലേക്ക് നേരിട്ട് വിരല്‍ചൂണ്ടുന്നു. നാമരൂപമാണ് അതിന്റേത്. പേരുപോലെ അത് അര്‍ത്ഥത്തെ അഴിച്ചുവെച്ച് വസ്തുവിനെ വിളിച്ചറിയിക്കുന്നു.
വാച്ച് എന്ന ഉപകരണം ഗോപാലകൃഷ്ണനെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട് (ജലരേഖകള്‍). പി.ടി. ഉഷയുടെ വാച്ചുപോലെയാണ് ഗോപാലകൃഷ്ണന്റെ രചനകള്‍. തന്റെ വാച്ചില്‍ സമയമിട്ട് പി.ടി. ഉഷ പരിശീലിച്ചത് ഓട്ടത്തില്‍ റിക്കാര്ഡിടാനാണ്. ഒരു സെക്കന്റിന്റെ ചെറിയ ഒരംശത്തിന്റെ വ്യത്യാസത്തിലാണ് റിക്കാര്ഡിടുന്നത്. എന്നാല്‍ ദശാബ്ദങ്ങളിലോ നൂറ്റാണ്ടുകളിലോ ഒരിക്കലൊക്കെയാണ് ഒരു പുതിയ റിക്കോര്‍ഡ് വരുന്നത്. ഒരു സെക്കന്റിന്റെ ചെറിയൊരംശത്തില്‍ ഓട്ടക്കാരി ശ്രദ്ധ വെക്കുന്നത് വലിയൊരു കാലഗണനയില്‍ ഒരടയാളം വീഴ്ത്താനാണ്. സൂക്ഷ്മത്തിനും സ്ഥൂലത്തിനുമിടയിലെ വിചിത്രമായ സമയമാപിനിയാണ് കോളങ്ങളുടെത്. റെക്കോര്‍ഡുകള്‍ കൃതികളല്ല. അവ മറികടക്കപ്പെടും. മറക്കപ്പെടും. എന്നിട്ടും പി.ടി. ഉഷ വ്രതശുദ്ധിയോടെ തന്റെ വാച്ചില്‍ ശ്രദ്ധിച്ചു പരിശീലിച്ചു. പി.ടി. ഉഷ, ഗോപാലകൃഷ്ണന്, ഗാന്ധി, ഔറംഗസേബ് ഇവരൊക്കെ ഇത്തരം വ്രതശുദ്ധിയുടെ കാലപ്രമാണത്തിന്റെ കലാകാരന്മാരാണ്. മറ്റുള്ളവര്‍ ഗാന്ധിയും അംബേദ്കറും തമ്മിലുള്ള തര്‍ക്കം സംഘടിപ്പിക്കുമ്പോള്‍ ഗോപാലകൃഷ്ണന് ഗാന്ധിയേയും ഔറംഗസേബിനെയും ഒത്തുചേര്ക്കുന്നു. ഗാന്ധിയില്‍ പിടിവാശിക്കാരനായ ഔറംഗസേബുണ്ട്. ഔറംഗസേബില്‍ തനിക്കൊരു സ്മാരകം പോലും പണിയില്ലെന്നു വാശിപിടിച്ച ഗാന്ധിയും.
പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത രണ്ടു സംഭവങ്ങളായോ വ്യക്തികളായോ അപ്രതീക്ഷിതമായി ബന്ധപ്പെടുത്തി കാണിക്കുകയാണ് ഗോപാലകൃഷ്ണന്റെ രീതി. ഇത് മന്നവന്റെ മുഖത്തിന് ചന്ദ്രനോട് സാമ്യം ചൊല്ലുന്ന അലങ്കാരപ്പണിയല്ല. ബന്ധപ്പെടുന്നവ തമ്മില്‍ അര്‍ത്ഥവത്തായ ഒരു ബന്ധവുമില്ല എന്നതാണ് ആ ബന്ധത്തിന്റെ ഒരേ ഒരു ന്യായീകരണം. ഗോപാലകൃഷ്ണന് ബന്ധപ്പെടുത്തുന്നു എന്നതു മാത്രമാണ് ആ ബന്ധം.
ജലരേഖ എന്ന പുസ്തകത്തില്‍ ഒരു ചായകുടിയുടെ ഓര്‍മകളുണ്ട്. ഡല്‍ഹിയിലെ കിംഗ്സ് വേ ക്യാമ്പില്‍ വെച്ച് ഗോപാലകൃഷ്ണന് ഒരു പയ്യന്റെ കൈയില്‍ നിന്നും ചൂടു ചായ വാങ്ങി കുടിക്കുന്നു. പെട്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാര്‍ജിലിംഗില്‍ വെച്ച് ഒരു സ്ത്രീയുടെ കൈയില്‍ നിന്ന് ചായ വാങ്ങി കുടിച്ചത് ഓര്‍മ്മിക്കുന്നു. എന്താണ് ഈ ഓര്‍മകളുടെ ബന്ധം. ഇതു വ്യക്തമാക്കാന്‍ ഗോപാലകൃഷ്ണന് നല്ലൊരു ഉപമ പ്രയോഗിക്കുന്നുണ്ട്. ഏതോ ഹരിതവനത്തില്‍ മുമ്പില്‍ വന്നു മറഞ്ഞ ഒരു കടുവയുടെ വന്യഭംഗി ഓര്‍മയില്‍ സൂക്ഷിക്കുന്നതു പോലെയെന്ന്. കാട്ടില്‍ മുന്നില്‍ ചാടി വീഴുന്ന കടുവയെ കാണുന്നത് പ്രകൃതി ഭംഗിയോ പെയിന്റിംഗോ കണ്ടാസ്വദിക്കുന്നതുപോലെയല്ല. പേടിച്ചു വിരളുന്ന നമ്മള് കണ്ടതെന്താണെന്നു തിരിച്ചറിയുന്നതിനു മുമ്പേ ഓടി രക്ഷപ്പെടുകയോ മരവിച്ചുപോകുകയോ ചെയ്യും, ഏതായാലും ആ കടുവയുടെ ഒരു ഫോട്ടോ എടുത്തു മനസ്സില്‍ സൂക്ഷിക്കുകയും പിന്നീട് റീപ്ലേ ചെയ്ത് ഓര്മ്മിച്ചെടുക്കുകയുമൊന്നുമില്ല. അങ്ങിനെയല്ല ഓര്‍മ്മകള്‍ ഉണ്ടാവുന്നത്. ആദ്യം അനുഭവം പിന്നെ ഓര്‍മ്മ എന്നതല്ല ഓര്മ്മിച്ചെടുക്കലിന്റെ ക്രമം. ഭൂതഭാവികളുടെ മുമ്പില്‍ ക്രമങ്ങളെ കുഴക്കുന്നതാണ് തീവ്രമായ അനുഭവങ്ങള്‍. യാഥാര്ത്ഥവുമായുള്ള വന്യമായ കണ്ടുമുട്ടലാണ് സത്യം. അല്ലാതെ നമ്മുടെ ധാരണകളുടെ ശരിവെക്കലല്ല.
ഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളെ ഗോപാലകൃഷ്ണന് പഠിക്കുന്നത് ഗൗളി ശാസ്ത്രത്തിന്റെ സഹായത്തോടെയാണ്. നാമെന്തെങ്കിലും പറയുമ്പോള്‍ മച്ചിലിരുന്ന പല്ലി ചിലച്ചാല്‍ പറയുന്നതു സത്യമാണെന്നുറപ്പ്. പല്ലി നാം പറഞ്ഞതു മനസ്സിലാക്കി യാഥാര്‍ത്ഥ്യവുമായി തട്ടിച്ചുനോക്കി ശരിവെക്കുകയല്ല. പല്ലിക്കു നാം പറയുന്നതോ പല്ലി ചലിക്കുന്നതു നമുക്കോ മനസ്സിലാവുകയില്ല. എങ്കിലും അര്‍ത്ഥനഗ്നമായ ഈ രണ്ടു ശബ്ദങ്ങളുടെ ആകസ്മികമായ കൂടിച്ചേരല്‍ സത്യത്തിനു സാക്ഷ്യമാവുകയാണ്. ആണിയിടുകയോ തിളച്ച എണ്ണ കൈമുക്കുകയോ ചെയ്യുന്നതു പോലെയുള്ള സാക്ഷ്യപ്പെടുത്തലാണിവിടെ.
ജീവിതത്തിലെ ഓരോ നിമിഷത്തെയും ഇത്തരം പല്ലി ചിലയ്ക്കലിന്റെ സാക്ഷ്യത്തിനു സമര്‍പ്പിക്കുന്നതാണ് ഗാന്ധിയുടെ സത്യദീക്ഷ. ഇതിനു സ്വയം തയ്യാറാക്കാനാണ് വ്രതനിഷ്ഠകള്‍. ഈ തുറന്നിടലാണ് അഹിംസ. നവഖലിയില്‍ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും സംശയത്തിനിരയായ ഗാന്ധി അവര്‍ക്കിടയിലേക്ക് നടന്നിറങ്ങാന്‍ വെമ്പി. സുശീല നയ്യാര്‍ തടസ്സം നിന്നപ്പോള്‍ ഗാന്ധി ചുമരില്‍ തലയിടിച്ചു നിലവിളിച്ചുവത്രെ! ഒടുവില്‍ മുസ്ലീം ഭവനങ്ങളിലെത്തിയ ഗാന്ധി ഹിന്ദു മുസ്ലിം മൈത്രിയ്ക്കുവേണ്ടി വാദിക്കുകയല്ല ചെയ്തത്. മറിച്ച് തന്റെ ലൈംഗിക പരീക്ഷണങ്ങളെയാണ് അദ്ദേഹം വിശദീകരിച്ചത്. തന്റെ ഏറ്റവും വള്‍നറബിള്‍ ആയ വശത്തെ പൊതുജനസമക്ഷം സമര്‍പ്പിച്ച് പല്ലിയുടെ ചിലക്കലിനു വേണ്ടി അദ്ദേഹം കാതോര്‍ത്തിരിക്കണം. ഈ ചിലയ്ക്കലിനാണ് ഗോപാലകൃഷ്ണന് കാതോര്‍ത്തിരിക്കുന്നത്.
ഈ ലേഖനങ്ങളിലെല്ലാം ഒരു ഇടത് ഇതര വായനയ്ക്കുവേണ്ടിയുള്ള ശ്രമം കാണാം. ഇടതിതരം എന്നു പറഞ്ഞാല്‍ വലതുപക്ഷം എന്നര്‍ത്ഥമില്ല. ഇന്‍ഡ്യയില്‍ വലതുപക്ഷം എന്നു സ്വയം പേരിട്ടു വിളിക്കുന്ന ഒരു പക്ഷമില്ല. ഇടതുപക്ഷക്കാര്‍ അവര്‍ക്കിഷ്ടമില്ലാത്തവരെ പിടിച്ചിടുന്ന കള്ളിയാണ് വലതുപക്ഷം. അതുപോലെ ഇടത് എന്നു പറയുമ്പോള്‍ ഇടതുരാഷ്ട്രീയ പാര്‍ട്ടികള്‍ എന്നര്‍ത്ഥമില്ല. എനിക്കറിയാവുന്നിടത്തോളം ഇടതുപക്ഷ പാര്‍ട്ടികളെ അനുകൂലിക്കുന്ന ആളാണ് ഗോപാലകൃഷ്ണന്. മാത്രമല്ല പാര്‍ട്ടി എന്ന സങ്കല്പനത്തിന്റെ ഏറ്റവും ഫലവത്തും ഉള്‍ക്കാഴ്ചയുമുള്ള പ്രയോഗം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നാണുണ്ടായിട്ടുള്ളത്. ഇടത് എന്നതുകൊണ്ട് ഞാനുദ്ദേശിക്കുന്നത് ഇടതുഭാവുകത്വമാണ്. മാര്‍ക്സിസം പൂര്‍ണമായും ഒരു ഇടതു ദര്ശനമാണെന്നു പറയുക വയ്യ. മാര്‍ക്സിസത്തിന്റെ ഇടതുപക്ഷ വായനകള്‍ നിലവിലുണ്ട് എന്നുവെച്ച് അവര്‍ക്ക് മാര്‍ക്സിസത്തില്‍ കുത്തകാവകാശമൊന്നുമില്ല.
എന്താണ് ഈ ഇടതുഭാവുകത്വം? അവശന്മാര്ക്കും ആര്ത്തന്മാര്ക്കും ചൂഷിതര്‍ക്കും ഇരകള്‍ക്കും അരികുവല്ക്കരിക്കപ്പെട്ടവര്ക്കും അവരുടെ ദുരന്താനുഭവം ഒന്നുകൊണ്ടുമാത്രം ഭാവിയില്‍ പ്രത്യേക അവകാശം അനുവദിച്ചു കൊടുക്കുന്നതാണ് ഇടതു ഭാവുകത്വം. ദുരിതമനുഭവിക്കുന്നവരുടേതാണ് ഭാവി. അതും അവര്‍ ദുരിതമനുഭവിക്കുന്നു എന്ന ഒറ്റക്കാരണത്താല്‍. അവരുടെ മാത്രമല്ല മനുഷ്യവര്‍ഗ്ഗത്തിന്റെ മുഴുവന്‍ മോചനവും അവരുടെ അവകാശവും ചുമതലയുമാണ്.
ജീവിതം ദുസ്സഹമാകുമ്പോള്‍ ദരിദ്രരരും തടവുകാരും സ്ത്രീകളും രോഗികളും അഭയാര്‍ത്ഥികളും അതിഥി തൊഴിലാളികളും കലാപത്തിന്റെ കൊടി ഉയര്‍ത്തിയേക്കാം. അവര്‍ വ്യവസ്ഥയെ തച്ചുടച്ചേക്കാം. എന്നാല്‍ ഇടതിന് ഇതുമാത്രം പോരാ. ഈ കലാപങ്ങള്‍ മനുഷ്യരാശിയുടെ മുഴുവന്‍ മോചനവും അജണ്ടയായി സ്വീകരിക്കണം. അവരുടെ കലാപത്തിന്റെ ന്യായന്യായങ്ങളും പ്ലാനും പദ്ധതിയും നമ്മളെയെല്ലാം മുന്‍കൂട്ടി ബോധ്യപ്പെടുത്തണം. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയേ അവര്‍ സമരം ചെയ്യാവൂ. സമരത്തിനിറങ്ങുന്നവര്‍ എന്തിനതു ചെയ്യുന്നുവെന്ന് അവരവരെതന്നെയും മറ്റുള്ളവരെയും ബോധിപ്പിക്കണം. ഇതോടെ ദുരിതത്തിന്റെ തീവ്രത നന്മയുടെ അളവും അടയാളവുമാവുന്നു. കലര്‍പ്പില്ലാത്ത ദുരിതത്തിന്റെ ഇടമുറിയാത്ത ചരിത്രകഥകളുണ്ടാക്കാന് ഇരകള്‍ നിര്‍ബന്ധിക്കപ്പെടുന്നു. ഈ ഇടതു ഭാവുകത്വം ഇരകളുടെ മോചനത്തെയല്ല മോക്ഷത്തെയാണ് ലക്ഷ്യമാക്കുന്നതെന്നു പറയാം. റവലൂഷണറി ആര്‍മിയ്ക്കു പകരം സാല്‍വേഷന്‍ ആര്മികള് രാഷ്ട്രീയത്തിലിറങ്ങുന്നു.
ഈ ഇടതു വൈകാരികതയ്ക്കും മതാത്മകതയ്ക്കും വെളിയിലുള്ള ഗാന്ധിയുടെ വിമോചന രാഷ്ട്രീയത്തെയാണ് ഗോപാലകൃഷ്ണന് പിന്തുടരുന്നത്. വിദേശശക്തികള്‍ക്കു കീഴിലുള്ള ഇന്‍ഡ്യക്കാരന്റെ അടിമത്തമായിരുന്നില്ല ഗാന്ധിയുടെ റഫറന്‍സ് പോയിന്റ്. അതുകൊണ്ടു തന്നെ ഭാരതീയ പാരമ്പര്യത്തിന്റെ മഹത്വം ഘോഷിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഹിന്ദുക്കള്‍ അപകടത്തിലാണ് എന്ന ഫാസിസ്റ്റ് നിലവിളി ഇടതു ഭാവുകത്വത്തില്‍ നിന്നു വരുന്നതാണ്. എതിരിടലിനെ ഗാന്ധി ഒരു നൃത്തരൂപമായി ചിട്ടപ്പെടുത്തിയെടുത്തു. ആശ്രമത്തിലെ ദിനചര്യ നോക്കുക. രാവിലെയുള്ള നടത്തം, പ്രാര്‍ത്ഥന, മൗനം, നെയ്ത്ത്, കുളി ഇങ്ങനെയുള്ള ക്രിയകളെ നിത്യേന അഭ്യസിച്ച് സ്ഫുടം ചെയ്തെടുക്കുക. ഉപ്പുസത്യാഗ്രഹത്തിനുപോവുമ്പോള് ഈ ചര്യകളുടെ യന്ത്രം നടപ്പിനു ചുറ്റും വിന്യസിക്കപ്പെടുന്നു. ഉപ്പു സത്യാഗ്രഹത്തിനിടയിലും സത്യാഗ്രഹികള്‍ പ്രാര്‍ത്ഥിക്കുകയും നെയ്യുകയും മൗനമാചരിക്കുകയും ചെയ്തിരുന്നു. മൗനവ്രതം സമരരൂപമാവുമ്പോള് അതാകും കേന്ദ്രം. ബാക്കി ചര്യകളെല്ലാം പുനര്ക്രമീകരിക്കപ്പെടും. ഈ സമരയന്ത്രത്തിന് ദുരിതാനുഭവങ്ങളുടെ ലിറിസിസം ആവശ്യമില്ല.
ഗാന്ധിക്ക് കലയിലുള്ള താല്പര്യരാഹിത്യം ഗോപാലകൃഷ്ണനെ അലട്ടുന്നുണ്ട്. സംഗീതത്തിലും ചിത്രകലയിലും സാഹിത്യത്തിലും മുഴുകി ജീവിക്കുന്ന ഗോപാലകൃഷ്ണന് ഗാന്ധിയുടെ സൗന്ദര്യബോധം ഒരു പ്രശ്നമാകുന്നതില്‍ അത്ഭുതമില്ല. ഈ സമാഹാരത്തിലെ പല ലേഖനങ്ങളില്‍ ഈ പ്രശ്നത്തെ പല കോണുകളില്‍ നിന്നും ഗോപാലകൃഷ്ണന് അഭിമുഖീകരിക്കുന്നുണ്ട്. ആഹ്ലാദിക്കുന്നതില്‍ നിന്ന് ശരീരത്തെയും മനസ്സിനെയും വിലക്കുന്ന പാപബോധമാണോ ഗാന്ധിയെ കലാസ്വാദനത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. അതോ കലയും ധാര്‍മ്മികതയും തമ്മില്‍ അവശ്യം വേണ്ട അകലത്തെ അംഗീകരിക്കാന്‍ കഴിയാത്തതാണോ? ശാന്തിനികേതനില്‍ ഒരു സ്ത്രീയുടെ ചിത്രത്തിനു മുന്നില്‍ ആകൃഷ്ടനായി നിന്ന ഗാന്ധി അതിന്റെ മോഡല്‍ ഒരു വേശ്യയാണെന്നറിഞ്ഞപ്പോള്‍ അവിടെ നിന്നു മാറിപ്പോയി. ദാഗരന്മാരുടെ സംഗീതത്തിനിടയില്‍ എഴുന്നേറ്റുപോയ ഗാന്ധി മൗനവ്രതത്തിലായിരുന്നതുകൊണ്ട് നിങ്ങളുടെ സംഗീതത്തില്‍ ഞാന്‍ ദൈവസാന്നിധ്യമറിഞ്ഞു എന്നെഴുതിക്കാണിച്ചു. ചാമുണ്ഡിമലയില്‍ നിന്നുള്ള ദീപക്കാഴ്ച കുട്ടികള്‍ക്കു കൗതുകമാണെങ്കിലും അതൊന്നും കണ്ടുനിന്ന് മുതിര്‍ന്നവര്‍ സമയം പാഴാക്കരുതെന്ന് ഗാന്ധി ശഠിച്ചു.
ശാസ്ത്രം, ധാര്‍മികത, കല ഇവ മനുഷ്യയുക്തിയുടെ ആപേക്ഷിക സ്വാതന്ത്ര്യമുള്ള പ്രയോഗമണ്ഡലങ്ങളാണെന്നാണ് ആധുനികതയുടെ മതം. ശാസ്ത്രയുക്തിയുടേത് പ്രകൃതിയെ നിയന്ത്രിക്കുന്ന നിയമങ്ങളുടെതാണ്. ധാര്‍മിക നിയമങ്ങള്‍ മനുഷ്യനെ സ്വതന്ത്രനാക്കുന്നു. കലയിലാകട്ടെ യുക്തിനിയമബന്ധമല്ലാതെ കളിച്ചുരസിക്കുന്നു. കലയെ ധാര്‍മിക നിയമങ്ങളുടെ വരുതിയില്‍ കൊണ്ടുവരികയായിരുന്നോ ഗാന്ധി? അല്ല എന്നു തോന്നുന്നു. ശാസ്ത്രത്തിലും ധാര്‍മികതയിലും അനിവാര്യതയില്‍ നിയമത്തിന്റെ പിടിയില്‍ നിന്നു വിടുവിച്ച് അറിയുകയും അനുഭവിക്കുകയും ചെയ്ത ഗാന്ധിയ്ക്ക് കലയെന്ന പേരില്‍ പിടിവിട്ടുള്ള കളിയില്‍ രമിക്കേണ്ട ആവശ്യമുണ്ടായിരുന്നിരിക്കില്ല. അതുകൊണ്ട് ശാസ്ത്രത്തിന്റെയും കലയുടെയും മുന്നില്‍ നിന്ന് ധാര്‍മികതയിലേക്ക് ഒരു ഡാന്സറെപ്പോല ചുവടുവെച്ചു പോകാന്‍ ഗാന്ധിയ്ക്ക് കഴിഞ്ഞിരിക്കണം. അരാജകവും നിഷ്കളങ്കവുമായ ഗാന്ധിച്ചിരിയില് നമ്മെ പങ്കുകാരനാക്കുകയാണ് ഗോപാലകൃഷ്ണന്റെ ഗാന്ധിവായന.
(ദില്ലി ഐ.ഐ.റ്റിയിലെ ഹ്യാമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗത്തില്‍ പ്രൊഫസറാണ് ലേഖകന്‍)
Content Highlights : Sanil V reviews the book Gandhi Oru Arthanagna Vaayana by S Gopalakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..