-
ഇംഗ്ലീഷ് ഭാഷയില്‍ സാഹിത്യരചനകള്‍ നടത്തുന്ന മലയാളികളുടെ നിരയിലേക്ക് ഇതാ പുതിയ ഒരു എഴുത്തുകാരന്‍ കൂടി. ദീര്‍ഘകാലമായി ഗള്‍ഫ് മേഖലയിലും പിന്നീട് ഇന്ത്യയിലും മാധ്യമപ്രവര്‍ത്തകനായിരുന്ന സബിന്‍ ഇക്ബാലാണ് തന്റെ പുതിയ നോവലിന് തിരുവനന്തപുരത്തെ കടലോരനഗരമായ വര്‍ക്കലയെ പശ്ചാത്തലമാക്കിയിരിക്കുന്നത്. അനീസ് സലീമാണ് ഇതിന് മുന്‍പ് വര്‍ക്കല പശ്ചാത്തലമാക്കി എഴുതിയിട്ടുള്ളത്. അലെഫ് പ്രസിദ്ധീകരിച്ച 'ദി ക്ലിഫ്ഹാങ്ങേഴ്‌സ്' എന്ന നോവല്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയില്‍ വച്ച് ഡോ. ശശി തരൂര്‍ പ്രകാശനം ചെയ്തു. കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ നിന്ന് സാധാരണ സ്‌കൂള്‍ വിദ്യാഭ്യാസം മാത്രം നേടിയ രണ്ട് എഴുത്തുകാരെ ഇംഗ്ലീഷ് ഭാഷയ്ക്ക് സംഭാവന ചെയ്യാന്‍ കഴിഞ്ഞുവെന്നത് ആ നാടിന്റെ വലിയ നേട്ടംതന്നെയാണ്.
'മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ'ത്തിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ കൂടിയാണ് സബിന്‍ ഇക്ബാല്‍.
മാധ്യമപ്രവര്‍ത്തകനായ സബിന്‍ ഇക്ബാലിന് ഒരു ചരിത്രനിയോഗത്തിന്റെ പൂര്‍ത്തീകരണം കൂടിയാണ് ഈ പുസ്തകം. വക്കം അബ്ദുള്‍ഖാദര്‍ മൗലവിയുടെ ചെറുമകനാണ് സബിന്‍.
'ദി ക്ലിഫ്ഹാങ്ങേഴ്‌സ്' ചെറുതും ഒറ്റയിരിപ്പില്‍ വായിച്ചുപോകാന്‍ കഴിയുന്ന അതീവ രസകരമായ പുസ്തകമാണ്. വര്‍ക്കല എന്ന ടൂറിസ്റ്റ് പട്ടണത്തെയും അതിന് ചുറ്റുമുള്ള 'കടലൂര്‍' എന്ന സാങ്കല്പിക ഗ്രാമത്തെയും പശ്ചാത്തലമാക്കി നാല് ചെറുപ്പക്കാരുടെ കഥപറയുന്ന നോവലാണിത്. വെറുമൊരു കഥയല്ല, മറിച്ച് ആ നാലു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെയുള്ള സമീപകാല രാഷ്ട്രീയസാമൂഹിക മാറ്റങ്ങളെക്കുറിച്ചുകൂടി ഈ നോവല്‍ പറയുന്നു. ഹിന്ദുക്കളും മുസ്‌ലിം മത്സ്യത്തൊഴിലാളികളുമാണ് ഇവിടെ ജീവിക്കുന്നത്. അവര്‍ക്കിടയിലുള്ള അസ്വാരസ്യങ്ങളുടെ കഥ കൂടിയാണ് ഈ നോവല്‍.

വര്‍ക്കല ബീച്ചില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സഹായികളാണ് ഈ നാല്‍വര്‍ സംഘം. പോലീസിന്റെ നോട്ടപ്പുള്ളികളുമാണ് ഇവര്‍. കഥപറയുന്ന മൂസയാണെങ്കില്‍ ഒരു ഗോവക്കാരന്‍ കഞ്ചാവ് വില്‍പ്പനക്കാരനെ കുത്തിയ കേസില്‍ മൂന്നുമാസം ജയില്‍ശിക്ഷ നേരിട്ടിട്ടുണ്ട്. മൂസ പറയുന്നത് അത് ആ ഗോവക്കാരന്‍ തങ്ങളുടെ നാട്ടില്‍വന്ന് മര്യാദയ്ക്ക് പെരുമാറാത്തതുകൊണ്ട് സംഭവിച്ചതാണ് എന്നാണ്. ഗോവയില്‍ പോയാല്‍ ഞങ്ങള്‍ ഗോവന്‍ ചട്ടങ്ങള്‍ പാലിക്കുമല്ലോ എന്നാണ് കക്ഷിയുടെ ന്യായം.
രണ്ട് മതവിഭാഗങ്ങള്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ക്ലിഫിന്റെ രണ്ടുതലയ്ക്കല്‍ തെക്കും വടക്കും പക്ഷേ സ്ഥിതി അത്ര ശാന്തമല്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അടിയൊഴുക്ക് അവിടെ കാണാം. നോവലിസ്റ്റ് പറയുന്നപോലെ 'പുറമെ കാണുന്ന സമാധാനത്തിന്റെ ആവരണം നേര്‍ത്തതാണ്. അതെപ്പോ വേണേലും പൊടിപൊടിഞ്ഞുപോകാം, ഒരു പപ്പടം കണക്കെ'. മതം ആ ചെറുപ്പക്കാരുടെ ജീവിതത്തില്‍ വലിയ അസ്വാരസ്യങ്ങള്‍ തീര്‍ക്കുന്നുണ്ട്.
ഒരു പുതുവത്സരരാവിലാണ് ജീവിതത്തെ ആകെ മാറ്റിമറിച്ചുകൊണ്ട് ക്ലിഫില്‍ ഒരു വിദേശവനിത ബലാത്സംഗം ചെയ്യപ്പെടുന്നത്. ഇരുട്ടിന്റെ മറവില്‍ സംഭവിച്ച ആ സംഭവം പക്ഷേ, വര്‍ക്കലയെയും കടലൂര്‍ ഗ്രാമത്തെയും കേരളത്തെയാകെയും പിടിച്ചുകുലുക്കുന്നു. അതോടെ ക്ലിഫ്ഹാങ്ങേഴ്‌സിന്റെ ജീവിതവും മാറിമറിയുന്നു. സ്വാഭാവികമായും സംശയം ആ നാല്‍വര്‍സംഘത്തിലേക്ക് എത്തുന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത അവര്‍ക്കാകുന്നു. കാരണം, അവരുടെ പേരുകള്‍തന്നെ ഒരു പ്രശ്‌നമാകുന്ന കാലത്താണ് അവര്‍ ജീവിക്കുന്നത്.
അപരന്മാരാകുന്നുവെന്ന് തോന്നുന്ന ഒരു സന്ദര്‍ഭത്തില്‍ മൂസ നോവലില്‍ പറയുന്നുണ്ട് 'ഞങ്ങള്‍ ഈ നാട്ടില്‍ ജനിച്ചവരാണ്. അതിനാല്‍ത്തന്നെ തങ്ങളുടെ ജീവന്റെ വേരുകള്‍, ശാഖകള്‍ പടര്‍ന്നുകയറിയിരിക്കുന്നത് ഈ നാട്ടിലാണ്. ഇത് ഞങ്ങളുടെ ജന്മദേശമാണ്. ആര്‍ക്കും ഞങ്ങളെ പുറത്താക്കാനോ, പുറത്തുപോകാന്‍ പറയാനോ അവകാശമില്ല. ഈ നാട്ടിലെ ഓരോ മണല്‍ത്തരിയിലും ഞങ്ങളെ ഞങ്ങള്‍ക്ക് കാണാം.'
ഈ നാലു ചെറുപ്പക്കാരെയും തൊട്ടുനില്‍ക്കുന്ന സ്ത്രീ സാന്നിധ്യങ്ങളാണ് ഈ നോവലിന്റെ മറ്റൊരു കരുത്ത്. അമ്മമാരും അനിയത്തിമാരും ഭാര്യമാരും കാമുകിമാരുമൊക്കെയായി ആ ദേശത്തിന്റെ ജീവിതത്തെ സജീവമാക്കുന്നുണ്ട് അവര്‍. വര്‍ക്കല ഒരു ഗള്‍ഫ് പോക്കറ്റാണ്. മിക്ക വീടുകളിലെയും ആണുങ്ങള്‍ മണലാരണ്യങ്ങളില്‍ എവിടെയോ പണിയെടുക്കുന്നവരാണ്. ജീവിതത്തിന്റെ നല്ലപങ്കും വിധവകളെപ്പോലെ കഴിയുന്നവരാണ് അവര്‍. അവരുടെ നെടുവീര്‍പ്പുകള്‍കൂടി ചേര്‍ന്നതാണ് ഈ നോവല്‍.
എഴുത്തിന്റെ സൗന്ദര്യവും ലാളിത്യവും കൊണ്ട് മികച്ചൊരു രചനയാണ് 'ദി ക്ലിഫ്ഹാങ്ങേഴ്‌സ്'. ദീര്‍ഘകാലത്തെ അധ്വാനം നോവലിസ്റ്റ് എടുത്തിട്ടുണ്ടാകണം. ഒരു പത്രപ്രവര്‍ത്തകന്റെ സൂക്ഷ്മത കേരളത്തില്‍ സമീപകാലത്ത് നടന്ന വിഷയങ്ങളെ തന്മയത്വത്തോടെ നോവലില്‍ ചേര്‍ക്കുന്നതില്‍ 'സബിന്‍' എന്ന എഴുത്തുകാരനെ സഹായിച്ചിട്ടുണ്ട്. വര്‍ക്കലയെയും ക്ലിഫിനെയും അതിനെ ചുറ്റിനില്‍ക്കുന്ന ജീവിതത്തെയും കൗതുകംനിറച്ച് അവതരിപ്പിച്ചിരിക്കുന്നു നോവലിസ്റ്റ്. തന്റെതന്നെ ഇടത്തെക്കുറിച്ചാകും ഏതൊരെഴുത്തുകാരനും ആദ്യം വാചാലനും ആവേശഭരിതനുമാകാനും സാധിക്കുന്നത്.
സബിന്‍ പക്ഷേ, അതിനൊപ്പം താന്‍ ജീവിക്കുന്ന കാലത്തിന്റെ സൂക്ഷ്മരാഷ്ട്രീയത്തെക്കൂടി നോവലില്‍ ഉള്‍ച്ചേര്‍ത്തുവെച്ചിട്ടുണ്ട്. ഒരു സിനിമകാണുന്ന കൗതുകമാണ് ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. വര്‍ക്കലയില്‍ ഒരു പകലിന്റെ പകുതിയെങ്കിലും ചെലവഴിച്ച ഒരു മലയാളിക്ക് ഈ നോവല്‍ പ്രിയപ്പെട്ടതാകും എന്ന് തീര്‍ച്ചയാണ്. വര്‍ക്കലയില്‍ പോകാന്‍ കഴിയാത്ത സഹൃദയരായ വായനക്കാര്‍ ഈ നോവല്‍കൂടി വായിച്ച് അവിടേക്ക് യാത്ര നടത്തണം. അവിടെ നിങ്ങള്‍ക്ക് കാണാം ക്ലിഫ്ഹാങ്ങേഴ്‌സിനേയും അവരുടെ ജീവിതത്തെയും.
Content Highlight: Sabin Iqbal Novel The Cliff Hangers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..