.jpg?$p=e46f401&f=16x10&w=856&q=0.8)
പുസ്തകത്തിന്റെ കവർ
സിബി ജോണ്‍ തൂവല്‍ എഴുതിയ നോവല്‍ 'മണ്ണുടല്‍' ജിന്റു സ്കറിയയുടെ ആസ്വാദനത്തില്‍...
'മറ്റേതോ തോട്ടത്തിലേക്കു പറിച്ചുനടാന്‍ നഴ്സറികളില്നട്ടുനനച്ചു വളര്‍ത്തുന്ന തൈകളാണോ പെണ്‍കുട്ടികള്‍?'
കൗതുകമുള്ള ഒരു ചോദ്യം. കൗതുകം മാത്രമല്ല, ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അതിപ്രധാനമായ നിരവധി ഉത്തരങ്ങള്‍ തേടുന്ന ചോദ്യം.
പത്രപ്രവര്ത്തകന് കൂടിയായ സിബി ജോണ്‍ തൂവല്‍ എഴുതിയ മണ്ണുടല്‍ എന്ന നോവലിലെ വരികളാണിത്.
ഈയൊരു ചോദ്യം മാത്രമല്ല, ജീവിതത്തെ കുറിച്ചും പ്രപഞ്ചത്തെ കുറിച്ചും നമുക്കു ചുറ്റുമുള്ള പലതിനെ കുറിച്ചും നിരവധി പ്രസക്ത ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണു 'മണ്ണുടല്‍' വായനക്കാരെ തേടിയെത്തുന്നത്.
ജീവിതം എന്നതു എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനാവാത്തൊരു സമസ്യയാണ്. പലരും സ്വയം സ്വന്തം വീട്ടിലേക്കും കൂട്ടിലേക്കും എന്തിനു അല്പംകൂടി വിശദമാക്കിയാല്‍, സ്വന്തം ഫോണിന്റെ ചതുരവട്ടങ്ങളിലേക്കും ഒതുങ്ങിക്കൂടുന്ന കാലം.
ജീവിതത്തിന്റെ സൗന്ദര്യത്തെ അവഗണിച്ചും കാണാതെയും വികലമാക്കുന്ന സാങ്കേതികയുടെ യന്ത്രവല്കൃതകാലം.
ചുറ്റുമുളള സഹജീവികളെയും മുറ്റത്തുള്ള പുല്ചെടികളെയും അതിനുമപ്പുറം മനുഷ്യനായി പൂവിട്ടു കായിച്ചും നില്ക്കുന്ന സസ്യലതാദികളെയും കണ്ടും അറിഞ്ഞും ജീവിക്കേണ്ട മനുഷ്യന് ഇന്നു സ്വയം തടവറ തീര്‍ക്കുന്നു.
സ്വയം ഏകനും അന്യനുമായി പ്രഖ്യാപിക്കുന്നു.
തന്നിലേക്കും തന്നിലെ തടവറകളിലേക്കും ഒതുങ്ങുന്നു.
എന്നാല്‍ ആരും ഏകരല്ല. സ്വയം കല്പിച്ചു വച്ചിരിക്കുന്നതുപോലെ അന്യരുമല്ല എന്ന സുന്ദരമായൊരു സങ്കല്‍പ്പത്തിലാണു മണ്ണുടല്‍ ഓരോ പേജും ഇതള്‍ വിരിയുന്നത്. എനിക്കും നിനക്കും ഈ ഭൂമിയിലും ആകാശത്തും ദൂരെയുളള വനത്തിലും അലതല്ലുന്ന കടല്‍ത്തിരകളിലും ഇരട്ട ജന്മങ്ങളുണ്ട്. ഇതുവരെ കാണാത്തൊരു സാഹോദര്യ സങ്കല്‍പ്പം.
ആരും ഏകരല്ലെന്നൊരു സുന്ദരമായ സന്ദേശമാണു മണ്ണുടലിന്റെ പൊരുള്‍. വായിച്ചു കഴിഞ്ഞു പുസ്തകം മടക്കുമ്പോള്‍ വല്ലാത്തൊരു സ്നേഹത്തിര നിങ്ങളെ വന്നു പൊതിയും. ഏകരായിരിക്കാന് നമുക്ക് സാധിക്കില്ലല്ലോ എന്നു പലവട്ടം മനസ്സില്‍ പറയും.
അയ്യോ ഇതു ഞാന്‍ ചിന്തിച്ചില്ലല്ലോ എന്നു ഉള്ളിലെ ആശ്വാസത്തിനൊപ്പം അറിയാതെ പറഞ്ഞുപോകും.
ഇതുവരെ കാണാത്തതും അറിയാത്തതുമായ കൂടപ്പിറപ്പുകളെ തേടിയിറങ്ങും.
'വിത്തുകള്‍ക്കും വാക്കുകള്‍ക്കും വല്ലാത്ത സാമ്യമുണ്ട്.
രണ്ടും എവിടെ നിന്നു വരുന്നെന്നു അറിയില്ല,
എന്തായി തീരുമെന്നും....'
വായിക്കുമ്പോള്‍ തന്നെ വല്ലാത്തെ ആഗ്രഹം ജനിപ്പിക്കുന്ന വരികള്‍. ജീവിതത്തിന്റെ നശ്വരതയെ വിത്തുകളുമായി സാമ്യപ്പെടുത്തുക. മണ്ണുടല്‍ മുന്നോട്ടു വായിക്കാന്‍ നീട്ടിത്തരുന്ന തത്വചിന്താപരമായ മറ്റൊരു വരികളാണിവ.
സത്യമാണല്ലോ ഇതെന്നു ആരും ചിന്തിച്ചുപോകും.
പ്രതീക്ഷയോടെയാണു മനുഷ്യന് ഓരോ വിത്തുകളും നടുക. നൂറുമേനി ഫലം തേടി. എന്നാല്‍ ഓരോ വിത്തും എന്തായി തീരുമെന്നു ആര്‍ക്കും നിശ്ചയമില്ല.
ഞാനും നിങ്ങളും പറയുന്ന വാക്കുകളും അങ്ങനെ തന്നെ. ആശംസകളും അനുഗ്രഹങ്ങളും ശാപങ്ങളും നിറഞ്ഞതാണു ജീവിതം.
അഗ്നികോരിയിടുകയും ആശ്വാസജലം തളിക്കുകയും ചെയ്യുന്ന വാക്കുകള്‍. എന്തായി തീരുമതൊക്കെ?
മനോഹരങ്ങളായ കവിതകളോടെ കിടപിടിക്കുന്ന വാക്കുകളാല്‍ സമ്പന്നമാണു മണ്ണുടലിന്റെ പേജുകള്‍.
'കരയില്‍ ഇണചേരാന്‍ സാധിക്കാത്ത
പുഴകള്‍ ഒഴുകി കടലിലെത്തി കെട്ടിമറിയുന്നു,
അതാവാം തിരമാലകള്‍..'
തിരമാലകളെ കുറിച്ചു നോവലില്‍ പരാമര്‍ശിക്കുന്ന വരികളാണു മേല്പറഞ്ഞത്. കേവലം തിരമാലകളെ കുറിച്ചു മാത്രമല്ലിത്.പ്രണയവും രതിയുമെല്ലാം ചേര്‍ന്ന ജീവിതത്തിലെ അനിശ്ചിതത്വങ്ങളെ മനോഹരമാക്കുന്ന വരികള്‍.ജീവിതത്തെ തത്വചിന്താപരമായി പുതിയ നിരവധി ദര്ശനങ്ങളോടെയാണു മണ്ണുടല്‍ അവതരിപ്പിക്കുന്നത്.
മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം മാത്രമല്ല, മനുഷ്യനും പരിസരത്തെ പുല്‍ച്ചെടികളും മരങ്ങളും തമ്മിലും, മനുഷ്യനും ഇതര ജീവികളും തമ്മിലും അഭേധ്യമായൊരു സ്നേഹച്ചരടില്‍ കോര്ത്തിണക്കിയുണ്ട് എന്ന പുതിയൊരു പരിസ്ഥിതി ചിന്തകൂടി മണ്ണുടല്‍ മുന്നോട്ടു വയ്ക്കുന്നു.
'മണ്ണിനോട് അലിഞ്ഞുചേര്‍ന്ന ഉടലും വഹിച്ചാണ് ഓരോ ജീവനും ചലിക്കുക. പ്രതീക്ഷയോടെയും നിരാശയുടെയും ദിവസച്ചൂളയില് സ്വയം വെന്തു പാകപ്പെടാന്‍!
തീരാത്ത ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും നക്ഷത്രവിളക്കുകള്‍ ഉള്ളില്‍ തെളിച്ച മണ്ണുടലാണ് ഓരോ മനുഷ്യനും. മണ്ണും വനവും കടലും വാനവും നിനക്കായി ഒരുക്കിയിരിക്കുന്ന വിസ്മയക്കൂട്ടിലേക്കു ചേരാനുളള വാതില്‍പ്പടിയാണ് ഈ മണ്ണുടല്‍.' നോവലിന്റെ പുറംചട്ടയില്‍ ഇങ്ങനെ കാണാം.
അവസാനിക്കാത്ത പ്രതീക്ഷകള്‍. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഊര്‍ജശക്തി. ഉളളില്‍ തെളിയുന്ന വിളക്കുമായി തകര്‍ച്ചയുടെ പടികടന്നു മുന്നോട്ടു നീങ്ങാനുള്ള ഉള്‍പ്രേരകം പകരുന്ന പുസ്തകമാണ് മണ്ണുടല്‍. 'മനസ്സിലെ കനവ് മടിശീലയില്‍ കരുതുന്ന കനലിനു സമാനം.
രണ്ടും നീറികൊണ്ടിരിക്കും...'
മണ്ണുടലില്‍ നാം വായിക്കുന്ന വരികളാണിവ. മണ്ണുടലും അതുപോലെ തന്നെ. വായിച്ചു കഴിയുമ്പോള്‍ ഏറെകാലം നമ്മളെ വേട്ടയാടും. ഓരോ വാക്കുകളും വരികളും വിടാതെ പിന്തുടരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..