കല്യാണിയും ദാക്ഷായണിയും; സ്വസ്വാതന്ത്ര്യത്തിന്റെ അതിര് അളക്കാന്‍ മറ്റൊരാളെയും അനുവദിക്കാത്തവര്‍


രശ്മി. പിസ്ത്രീകളെ മനസ്സിലാക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷ മാതൃകകളെക്കുറിച്ച്  സംസാരിക്കുന്നവളോട് കല്യാണി പറയുന്നത് 'അയിറ്റാലൊന്നിനെ അടുത്ത ജന്മത്തില്‍ എങ്കിലും അനക്ക് കിട്ടിനെങ്കില് പണീം അറീല്ല, പണിക്കോലുല്ലെങ്കിലും ഞാന്‍ സയിച്ചേനേനും' എന്നാണ്.

നോവലിൻെറ കവർ, ആർ. രാജശ്രീ

ആര്‍. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'യിലെ സ്ത്രീ കഥാപാത്രങ്ങള്‍ തങ്ങളുടെ കാമനകളെ പൂര്‍ത്തീകരിക്കുന്ന, അതിനെ ഉത്തേജിപ്പിക്കുന്ന ആണിനെ മനസ്സുകൊണ്ടും ശരീരം കൊണ്ടും സ്വീകരിക്കുന്നവരാണ്. തങ്ങളെ ഉണര്‍ത്താന്‍ കഴിയാത്ത ആണുങ്ങളെ നിഷ്‌കരുണം ഉപേക്ഷിക്കാനുള്ള ചങ്കൂറ്റം അവര്‍ക്കുണ്ട്. കല്യാണി ലക്ഷ്മണനെയും, ദാക്ഷായണി രാമചന്ദ്രനെയും, കുഞ്ഞിപ്പെണ്ണ് ചിത്രസേനനെയും, ചേയിക്കുട്ടി മച്ചുനിയനെയും സ്വീകരിച്ചത് മനസ്സും ശരീരവും അര്‍പ്പിച്ചാണ്. കുടുംബം എന്ന വ്യവസ്ഥിതിയുടെ അകത്തും പുറത്തുമുള്ള വ്യക്തികളിലെ മാനസിക സംഘര്‍ഷങ്ങളെ വരച്ചുകാട്ടുന്ന നോവലാണിത്. കേവലമൊരു പെണ്ണെഴുത്തു നോവലായി ഇതിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ല. അന്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ താമസിച്ചിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളാണവ. പെണ്ണിന്റെ ഉള്ളം കയ്യില്‍ നിവരുന്ന ദേശഭൂപടത്തോടൊപ്പം ചരിത്രത്തിന്റെയും രാഷ്ട്രീയത്തെയും ആധുനികവല്‍ക്കരണത്തിന്റെയും മുന്നേറ്റങ്ങള്‍ അവതരിപ്പിക്കുകയാണ് എഴുത്തുകാരി. മനുഷ്യമനസ്സുകള്‍ മാന്തിയെടുത്ത് അതിലെ 'ബിത്തും ബേരും' വേര്‍തിരിച്ചെടുക്കുകയാണിവിടെ.

തെക്കെന്നും വടക്കെന്നുമുള്ള രണ്ടു ദേശങ്ങളുടെ സംസ്‌കാരങ്ങള്‍, ചരിത്രങ്ങള്‍ എന്നിവയെല്ലാം വാര്‍ത്തെടുക്കുന്ന പെണ്ണിന്റെ ഭാവമാനരൂപങ്ങളാണ് 'കത'. ഒരു മനഃശാസ്ത്രജ്ഞന്റെ ഈഗോയ്ക്ക് മുന്നില്‍ സ്വന്തം ഉണ്മയെ മറനീക്കി കാണിക്കാന്‍ വേണ്ടിയാണ് ഇവിടെ ഈ പെണ്ണുങ്ങളുടെ 'കത' പറഞ്ഞു തുടങ്ങുന്നത്. നാടന്‍ ഭാഷയില്‍ തുള്ളിച്ചികള്‍ എന്നറിയപ്പെട്ടവരാണ് കല്യാണിയും സുഹൃത്ത് ദാക്ഷായണിയും. വാക്കുകളെ തടഞ്ഞുനിര്‍ത്താതെ ആരോടും എന്തും തുറന്നു പറയാനും എതിര്‍ത്ത് പറയാനും ചങ്കൂറ്റമുള്ളവര്‍. മൂന്നാം ക്ലാസില്‍ പഠിപ്പിച്ച അധ്യാപകന്‍ പാവാട പൊക്കി തുടയില്‍ നുള്ളിയപ്പോള്‍ 'പുയ്ത്തു പോകടാ നായിന്റെ മോനെ' എന്ന് ശപിച്ചുകൊണ്ട് ക്ലാസ്സില്‍നിന്ന് ഇറങ്ങിപ്പോന്നവര്‍. ജീവിക്കാന്‍ വേണ്ടി പലതരം ജോലിയില്‍ ഏര്‍പ്പെടുന്ന അവര്‍ ഉശിരുള്ള പെണ്ണുങ്ങളുടെ പ്രതിനിധികളാണ്. എന്നാല്‍ വിവാഹമെന്ന ചടങ്ങ് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങള്‍, അവയെ മറികടക്കാനും അതിജീവിക്കാനും അവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ പെണ്ണുങ്ങളുടെ ചരിത്രമായി നിലനില്‍ക്കുന്നു. ''നാടന്‍' എന്ന പദത്തിന്റെ കരുത്തും മേന്മയും വെളിപ്പെടുത്തിക്കൊണ്ട് മണ്ണില്‍ ഒരിക്കലും അടര്‍ന്നുപോകാതെ ചുവടുറപ്പിച്ച കാലടികളുടെ നിന്നവരാണവര്‍.

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്ന് പറയാറുണ്ടെങ്കിലും കല്യാണി- ദാക്ഷായണിമാരുടെ കുടുംബത്തില്‍ പലപ്പോഴും പൊട്ടിത്തെറികള്‍ പതിവായിരുന്നു. കെട്ടിയ പുരുഷന് തങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലെന്ന് കണ്ടപ്പോള്‍ മനസ്സിന് ഇഷ്ടം തോന്നിയ പുരുഷനെ സ്വീകരിക്കാന്‍ മാനസികമായും ശാരീരികമായും അവര്‍ തയ്യാറായി. പെണ്ണിന്റെ ലൈംഗിക താല്‍പര്യങ്ങളെ ഉണര്‍ത്താനും അവളെ തൃപ്തിപ്പെടുത്താനും മാനസികമായി അവള്‍ക്ക് താല്പര്യമുള്ള പുരുഷനു മാത്രമേ കഴിയൂ എന്ന വസ്തുതയാണ് ഇവിടെ എടുത്തുകാണിക്കുന്നത്. സദാചാരപരമായ ചിന്തകളോ മറ്റു ശരികേടുകളോ അത്തരം ബന്ധത്തില്‍ അവര്‍ക്ക് തോന്നിയിരുന്നില്ല. അതിന്റെ പേരില്‍ അവര്‍ പശ്ചാത്തപിക്കുന്ന സന്ദര്‍ഭവും ഉണ്ടായിട്ടില്ല. കല്യാണി ലക്ഷ്മണനേയും ദാക്ഷയണി രാമചന്ദ്രനെയും, കുഞ്ഞിപ്പെണ്ണ് ചിത്രസേനയും ചേയിക്കുട്ടി മച്ചുനിയനേയും സ്വീകരിക്കുന്നത് അങ്ങനെയാണ്. വ്യക്തമായ ലൈംഗിക താല്‍പര്യങ്ങളുടെ തുറന്നുപറച്ചില്‍ കൂടിയാണ് ഈ പെണ്ണുങ്ങളുടെ കത.

കുടുംബത്തിനകത്തെ ആണധികാരത്തെ എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭര്‍ത്താവിനോടുള്ള സമരങ്ങള്‍ക്ക് അടുക്കള വഴി തയ്യാറാകുന്ന ദാക്ഷായണി തളക്കപ്പെടുന്നു എന്ന് തോന്നല്‍ ഉണ്ടാകുമ്പോഴൊക്കെ പല്ലു കടിച്ച് മുറുമുറുക്കുന്നുണ്ട്... കിടപ്പറയിലെ അവന്റെ പ്രകടനങ്ങളില്‍ ആക്ഷേപിക്കുന്നുണ്ട്. ശരീരത്തെ ഒഴിവാക്കിക്കൊണ്ട് ഒരിക്കലും ചിന്തിക്കാവുന്നതല്ല ഒരു സ്ത്രീയുടെ ജീവിതവികാസങ്ങള്‍. ലൈംഗികതയോളം മനുഷ്യന് പ്രഹേളികയായ യാതൊന്നുമില്ല. മനുഷ്യനെ ആത്മത്തിലേക്ക് ഉണര്‍ത്തിയെടുക്കുന്ന ലൈംഗികതയും പാതാളത്തോളം ഇടിച്ചുതാഴ്ത്തുന്ന ലൈംഗികതയുമുണ്ട്. ഒരു സ്ത്രീക്ക് ഇതൊരു കുറുന്തോട്ടിയാണ് സമൂലം അരച്ചുചേര്‍ത്ത് സേവിക്കേണ്ടവ. ഉപാധികള്‍ ഇല്ലാത്ത ആനന്ദം പുരുഷന്റേതു മാത്രമല്ല സ്ത്രീയുടേതു കൂടിയാണ്. അത് അവരുടെ അവകാശമാണ്. സ്വന്തം ശരീരത്തിലെ ജൈവികമായ സത്തയെ തിരിച്ചറിയാന്‍ കഴിവുള്ളവരായിരുന്നു കല്യാണിയും കുഞ്ഞിപ്പെണ്ണും. ഭര്‍ത്താവിന്റെ അനുജനുമായുള്ള ബന്ധത്തില്‍ തന്റെ ആഗ്രഹങ്ങളെ പൂര്‍ത്തീകരിക്കാനും യാതൊരു പാപചിന്ത കൂടാതെ ആ ബന്ധം നിലനിര്‍ത്താനും അവള്‍ക്ക് കഴിയുന്നുണ്ട്. പട്ടാളക്കാരന്റെയും അയാളുടെ ഏട്ടന്‍ ചിത്രസേനന്റെയും ഭാര്യയാകുന്ന കുഞ്ഞിപ്പെണ്ണ് ചിത്രസേനനിലാണ് തൃപ്തയാകുന്നത്. അവരുടെ ഇണചേരലിനെ ഒരു നാടന്‍പാട്ടിന്റെ സൗന്ദര്യം കൊണ്ട് രതിയുടെ അതിപ്രസരമില്ലാതെ വര്‍ണിച്ചിരിക്കുന്നു. കിടപ്പറയില്‍ ബലാല്‍ക്കാരമാകുന്ന ജീവിതത്തെ തിരസ്‌കരിക്കുകയും ഊര്‍ജ്ജസ്വലമായ, ആസ്വാദ്യകരമായ ലൈംഗികതയെ സ്വീകരിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളാണ് 'കത'യില്‍. അവരുടെ ഈ ബന്ധങ്ങള്‍ക്ക് അവരുടെ വീട്ടുകാരും അനുവാദം നല്‍കിയിരുന്നു.

ഓരോ വ്യക്തിയും ഓരോ സ്വതന്ത്രദേശമാണെന്ന് നോവലില്‍ പറയുന്നുണ്ട്. ഒരു പെണ്ണിന് ഒരു ദേശവും സ്വന്തമല്ലെന്ന വൈരുദ്ധ്യത്തെയും എടുത്തുപറയുന്നു. ഉള്ളംകൈയ്‌ക്കൊപ്പം നിവരുന്ന ഒന്നു മാത്രമാണ് അവര്‍ക്ക് ദേശഭൂപടം. മുറ്റമടിക്കുന്ന ചൂലുകൊണ്ട് വരഞ്ഞിടുന്ന രേഖാചിത്രങ്ങളാണ് ഓരോ അതിരുകളും. എന്നാല്‍ സ്വന്തം നാടിനെ, ജനിച്ച മണ്ണിനെ എടുക്കുന്ന ശ്വാസം പോലെ അവര്‍ കാത്തു വയ്ക്കുമ്പോള്‍ 'സ്ത്രീകള്‍ക്ക് എന്തോ നാട് എന്തോ വീട് 'എന്ന ആണിക്കാരന്റെ ചോദ്യത്തില്‍ ദാക്ഷായണിയുടെ മനമിടറുന്നുണ്ട്. നാടിനും വീടിനും അതീതമായി നടക്കുന്ന പെണ്ണുങ്ങളെ ഉള്‍ക്കൊള്ളാന്‍ ഒരു നാടും വീടും തയ്യാറാവുന്നില്ലെന്നും അവള്‍ പിന്നീട് തിരിച്ചറിയുന്നുണ്ട്. സ്വയം അനാഥയാക്കപ്പെടുന്ന അവസ്ഥയും അറിയുന്നുണ്ട്. ഭര്‍ത്താവിനെ ഉപേക്ഷിച്ചു വരുന്നവരോടുള്ള സമീപനം അന്നും ഇന്നും അത്തരത്തില്‍ തന്നെയാണ്. വിവാഹ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കൊണ്ട് അസഹിഷ്ണുതയുടെ പാതകള്‍ ചവിട്ടി തിരിച്ചുവരുന്ന പെണ്ണിനെ ഇരുകൈ നീട്ടി സ്വീകരിക്കാനുള്ള വിശാല മനസ്‌കതയൊന്നും ഇപ്പോഴും പല നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇല്ലെന്നത് പറഞ്ഞറിയിക്കേണ്ട വിഷയമല്ല. തെക്ക്, വടക്ക് എന്നീ ദേശങ്ങളുടെ അന്തരം അതിന്റെ മണ്ണ്, മനുഷ്യന്‍, ലിംഗം, ജാതി, രാഷ്ട്രീയം, ആചാരം, വിശ്വാസം, ഭാഷ എന്നിവയില്‍ എല്ലാം പ്രത്യക്ഷമായും പരോക്ഷമായും വ്യതിചലിച്ചു നില്‍ക്കുന്നതാണ്.

കോപ്പുകാരന്റെ ദേശവും കല്യാണിയുടെ ദേശവും രണ്ട് സ്വതന്ത്ര റിപ്പബ്ലിക്കുകളാണെന്ന് അവള്‍ക്ക് തോന്നിയിരുന്നു. രണ്ടു ദേശങ്ങളിലേക്കും വീടുകളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കെ സ്വന്തം ഇടം എന്നത് പൊരുതി ഉണ്ടാക്കേണ്ടതാണെന്നും മനസ്സിലാകുന്നു. വീടുകള്‍ പോലെ തന്നെ വിട്ടുപോകാനുള്ള ഇടമായി ദേശവും രൂപാന്തരപ്പെടുന്നു. 'ദേശത്തിന്റെ വിരലില്‍ നിന്ന് പിടിവിട്ട് പെരുവഴികളിലേക്ക് ഓടിയിറങ്ങിയ കുഞ്ഞുങ്ങളെപ്പോലെ വലിയൊരു ശൂന്യത അവരെ ഭയപ്പെടുത്തുന്ന. 'കാലൂന്നിയ ദേശങ്ങളെല്ലാം തന്നെ അവര്‍ക്ക് അന്യദേശങ്ങളാകുന്നു.'

ആധുനികവല്‍ക്കരിക്കപ്പെടുന്ന കുടുംബം എന്ന പ്രമേയം നോവല്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. നാടിനെയോ ബന്ധത്തെയോ ഇഷ്ടപ്പെടാത്ത ആണിക്കാരനില്‍ നിന്ന് ദാക്ഷായണി രക്ഷപ്പെടുമ്പോള്‍ അവള്‍ ആഗ്രഹിക്കുന്ന കുടുംബം നാടിന്റെത് കൂടിയാണ്. പരസ്ത്രീ പുരുഷ ബന്ധങ്ങള്‍ സ്വീകരിക്കുന്ന തുറസ്സായ കുടുംബത്തെയാണ് അവള്‍ ഉള്‍ക്കൊള്ളുന്നത്. പോരടിച്ചും, സ്‌നേഹിച്ചും, തറുതല പറഞ്ഞും സ്‌നേഹബന്ധം ഉറപ്പിക്കാന്‍ ആ പെണ്ണുങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. അടുക്കള എന്ന നാലുചുവരില്‍ കൈകാലുകള്‍ ഒതുക്കിവെക്കാതെ പുറത്ത് വിശാലമായ 'കാടി'നെ വെട്ടിത്തെളിപ്പിക്കാന്‍ അവര്‍ ശ്രമിച്ചു.
പതറിപ്പോകാത്ത വാര്‍ദ്ധക്യത്തിലും കരുത്തോടെ ജീവിക്കാന്‍ ചേയികുട്ടിക്ക് കഴിഞ്ഞതും ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും പോരടിച്ചു കൊണ്ടു തന്നെയാണ്. നാരായണന്‍ വീടുവിട്ടു പോയിട്ടും അവന്റെ ഭാര്യ കല്യാണി അവിടെ തുടരണമെന്ന് ചേയിക്കുട്ടി ആഗ്രഹിക്കുന്നത് പെണ്ണിനോടുള്ള നന്മയുടെയും കരുതലിന്റെയും അടയാളമാണ്. ലക്ഷ്മണന്റെ ഭാര്യ കമല അണുകുടുംബ വ്യവസ്ഥയെ ഇഷ്ടപ്പെട്ടു പുരോഗമനപരമായി ചിന്തിക്കാന്‍ പര്യാപ്തയായവളായിരുന്നു. താനും ഭര്‍ത്താവും കുട്ടിയും എന്ന ലോകത്തില്‍ മാത്രം ഒതുങ്ങാന്‍ അവള്‍ ആഗ്രഹിക്കുന്നുവെങ്കിലും ആ സ്‌നേഹാധിക്യത്തില്‍ പരവശനാകുന്ന ലക്ഷ്മണന്‍ വീണ്ടും കല്യാണിയിലേക്ക് എത്തുന്നു. അവളിലൂടെ സ്‌നേഹത്തിന്റെ, കാമത്തിന്റെ രുചി ഭേദങ്ങളും ഉയര്‍ച്ച താഴ്ചകളും അറിയുന്നു. ദേശബന്ധത്തിന്റെ ആഴം പോലെ കതയില്‍ പരസ്ത്രീ ബന്ധം കുടുംബബന്ധത്തേക്കാള്‍ ആഴത്തില്‍ നിഴലിക്കുന്നുണ്ട്.

വടക്കന്‍ കേരളത്തിലെ സദാചാര രാഷ്ട്രീയം നോവലില്‍ പറയുന്നുണ്ട്. പാര്‍ട്ടി എങ്ങനെയൊക്കെ ദേശത്തിലെ ജീവിതങ്ങളോട് ഇടപെട്ടിരിക്കുന്നു എന്നത് റിപ്പറിനെ പിടിക്കാനും കുടുംബക്കാര്‍ക്ക് ഇഷ്ടമില്ലാത്ത പ്രണയജോഡികളെ ഒന്നിപ്പിക്കാനും ഒരുപോലെ ഇടപെടുന്നതിലൂടെ വ്യക്തമാണ്. അതിനൊപ്പം പാര്‍ട്ടിക്കകത്തെ തട്ടലും മുട്ടലും കാണാം. വടക്ക് ദേശം സദാചാരം രാഷ്ട്രീയ നിലപാടുകളായും തെക്കു ദേശം ജാതീയത രാഷ്ട്രീയനിലപാടുകളായും ജീവിതഭാഗമാക്കി. നാടിന്റെ പൊതുനടത്തിപ്പുകളില്‍ നിന്ന് വ്യതിചലിച്ച് തെറിച്ച് നടക്കുന്നവരായ കല്യാണിയും ദാക്ഷായണിയും നാട്ടിലേക്ക് ഇറങ്ങുമ്പോള്‍ നേരിടുന്ന ചോദ്യങ്ങളെ കടുത്ത മറുപടിയിലൂടെ നേരിടുന്നുണ്ട്. നാടും നാട്ടാരും രാഷ്ട്രീയവും അവരുടെ ജീവിതത്തില്‍ ശക്തമായി തന്നെ ഇടപെടുന്നു. കല്യാണിയുടെ വീടിന് സമീപം കണ്ട ആണ്‍ചെരിപ്പ് പാര്‍ട്ടി മെമ്പറുടേതാണെന്ന് അറിഞ്ഞപ്പോള്‍ വസ്തുതകള്‍ അന്വേഷിക്കാതെ അയാളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. സദാചാരത്തിന്റെ മറ്റൊരു മുഖം പാര്‍ട്ടി കാണിക്കുകയായിരുന്നു അവിടെ.

ഭാഷാശാസ്ത്രപ്രകാരം വ്യക്തിഭാഷയും മാനകഭാഷയും ഉണ്ട്. തെക്കന്‍ ദേശത്തെ മാനവഭാഷ അഥവാ പ്രാദേശിക ഭാഷയുടെ സൗന്ദര്യം മുഴുവന്‍ ഈ കതയിലുണ്ട്. പൊലിയാടിച്ചി, തൂക്കിച്ചി, കാട്ടുകാലന്‍ തുടങ്ങിയ തെറികള്‍ 'കത'യില്‍ പെണ്‍കുട്ടങ്ങളുടെ ഭാഷയാണ്. ബാച്ചം, ചെമ്മായം, ബെണ്ണ കടലാസ്, തുന്ത, ഓള്, ഓട്ത്തു, ഈന്, കീയ്യ് തുടങ്ങിയ നാടന്‍മൊഴികളുടെ സമ്പര്‍ക്കവും ഇവിടുണ്ട്. രണ്ട് ആണുങ്ങളുടെയും ആണത്തത്തെ ആക്ഷേപിക്കാനായി നനഞ്ഞ ബെളക്കുത്തിരി പോലത്തെ സാതനം, കുരിപ്പ്, എന്നും പട്ടിണി കഞ്ഞി അവല് കുത്തിയ പയം പോലത്തെ സാതനം എന്നിങ്ങനെ ആണിന്റെ ലൈംഗിക പരിമിതികളെയും അഹന്തകളെയും രൂക്ഷമായി പരിഹസിക്കുന്നു.

തെറി എന്നത് അശ്ലീലമായി കണക്കാക്കുന്ന സംസ്‌കാരമാണ് വെച്ചുപുലര്‍ത്തുന്നതെങ്കില്‍ ജീവിതത്തില്‍ പലപ്പോഴും അന്നത്തെ സമൂഹത്തിന് അതിജീവനം നഷ്ടമായേനെ എന്നുവേണം കരുതാന്‍. തെറികളെ അവര്‍ ജീവിതഭാഷയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാനാഭിമാനങ്ങള്‍ നോക്കാതെ അത് പ്രയോഗിക്കാനും അവര്‍ക്ക് കഴിഞ്ഞു. ജീവിത സമരങ്ങളില്‍ ഇത്തരം വാക്കുകള്‍, പ്രയോഗങ്ങള്‍ എത്രമാത്രം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കുന്നു. അതിജീവന പാതയില്‍ നാട്ടുമൊഴികള്‍ക്കും ചീത്ത വിളികള്‍ക്കും അതിന്റേതായ കരുത്തും അഴകും ഉണ്ടായിരുന്നു എന്നത് കതയിലൂടെ തിരിച്ചറിയാന്‍ പറ്റും. ഇത്തരം ഭാഷകളിലൂടെ ഒരു ദേശത്തിന്റെ ജീവചരിത്രം തന്നെ ആവിഷ്‌കരിക്കുകയാണ് ഇവിടെ.

രണ്ടു ദേശത്തിന്റെ ഭാഷകള്‍ക്കൊപ്പം പശുക്കളുടെ സംസാരം, ദ്വന്ദ അര്‍ത്ഥത്തിലുള്ള പരിഹാസം, നര്‍മ്മം, താത്വിക പ്രമാണങ്ങളിലൂടെ ധനത്വശാസ്ത്രം, മനഃശാസ്ത്രം, ക്രിക്കറ്റ്, ഇംഗ്ലീഷിന്റെയും സംസ്‌കൃതത്തിന്റെയും ഭാഷാവൈവിധ്യം എന്നിവയെല്ലാം കതയില്‍ വിവരിക്കുന്നു. ഏറ്റവും ദുഃഖപൂര്‍ണവും യാതനാപൂര്‍ണവുമായ അവസരങ്ങളിലെല്ലാം നര്‍മ്മത്തെ നോവലിസ്റ്റ് ആയുധമാക്കുന്നുണ്ട്. സ്ത്രീകളെ മനസ്സിലാക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷ മാതൃകകളെക്കുറിച്ച് സംസാരിക്കുന്നവളോട് കല്യാണി പറയുന്നത് 'അയിറ്റാലൊന്നിനെ അടുത്ത ജന്മത്തില്‍ എങ്കിലും അനക്ക് കിട്ടിനെങ്കില് പണീം അറീല്ല, പണിക്കോലുല്ലെങ്കിലും ഞാന്‍ സയിച്ചേനേനും' എന്നാണ്.

ചോന്നമ്മ എന്ന അമാനുഷിക ശക്തിയെ 'കത'യില്‍ ഒഴിവാക്കാന്‍ പറ്റില്ല. ദേഷ്യത്തില്‍ കുടിയിരിക്കുന്ന ചോന്നമ്മ ഒരുപാട് പെണ്ണുങ്ങളുടെ ശരീരത്തിന്റെ ഭാഗമാണ്. ഭൂമിയുടെയും ആകാശത്തിന്റെയും കാവലാളാണ്. അനുവാദമില്ലാത്ത പ്രവര്‍ത്തികള്‍ കാണുമ്പോള്‍ ശിക്ഷ വിധിക്കാന്‍ കഴിയുന്നവളാണ്. അത്തരം കരുത്തിന്റെ തുടര്‍ച്ചയാണ് ചേയികുട്ടിയും കല്യാണിയും. കാലഘട്ടം മാറുന്നതിലൂടെ പ്രതികരണശേഷി എവിടെയൊക്കെയോ നഷ്ടപ്പെടുന്ന പെണ്‍ജീവിതം കതയില്‍ വരുന്നുണ്ട്. എന്നാലും രാത്രിയില്‍ ഇത്തിരി ആണ്‍മണവും പകലില്‍ ഇത്തിരി മീന്‍മണവും ഇഷ്ടപ്പെടാന്‍ പാകമുള്ളവരാണ് പുതിയ തലമുറയിലെ പെണ്ണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്നിഷ്ടക്കാരിയായാലും തുള്ളിച്ചി ആയാലും അവനവന്റെ സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ നിശ്ചയിക്കാന്‍ മറ്റൊരാള്‍ക്കും അവകാശമില്ലെന്ന് പ്രഖ്യാപിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അന്ന് 'കത' വായിക്കുന്ന തലമുറകള്‍ ഇപ്പോഴും ഇവിടെ ഇങ്ങനെയൊക്കെയാണല്ലോ എന്നോര്‍ത്ത് പരിതപിക്കേണ്ട ഉണ്ടാകാതിരിക്കാനാണ് 'കത' എല്ലാരിലേക്കും എത്തിപ്പെടേണ്ടത്.

അന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള കേരളത്തിലെ അതിസാധാരണക്കാരായ സ്ത്രീകളുടെ ജീവിതം ഈ 'കത'യുമായി ഒന്ന് താരതമ്യപ്പെടുത്തി നോക്കാം. നാടിന്റെ പുരോഗതിക്കനുസരിച്ച് സമൂഹത്തിന്റെ മനസ്സ് ഇടുങ്ങിയിരിക്കുന്നു എന്ന് വേണം പറയാന്‍. വിവാഹ ജീവിതത്തെക്കുറിച്ച് സ്വന്തമായി അഭിപ്രായം പറയാന്‍ സാധിക്കാത്ത പെണ്ണുങ്ങള്‍ ഇപ്പോഴുമുണ്ട്. വിവാഹത്തിനു മുമ്പോ അതിനുശേഷമോ ഒരു പരപുരുഷനുമായി ഉണ്ടാകുന്ന മാനസിക ശാരീരിക അടുപ്പത്തെ സദാചാരത്തിന്റെ കൂര്‍ത്ത കണ്ണുകളോടെ അല്ലാതെ അതൊരു വ്യക്തിസ്വാതന്ത്ര്യമോ അല്ലെങ്കില്‍ ഇഷ്ടമോ ആണെന്ന് കരുതാന്‍ സമൂഹം തയ്യാറാകുന്നില്ല. കിടപ്പറകളിലെ ആണധികാരത്തിന്റെ മടുപ്പിക്കുന്ന പ്രകടനങ്ങളില്‍ എപ്പോഴെങ്കിലും പെണ്ണുങ്ങള്‍ 'ഫോര്‍പ്ലേ'കളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ മോശക്കാരിയാകുന്നത് ഒറ്റപ്പെട്ട സിനിമാക്കഥയല്ല. ഒരു അപ്രതീക്ഷിത ഗര്‍ഭത്തെ ഒഴിവാക്കാന്‍ മാനസികമായും ശാരീരികമായും പെണ്ണ് അനുഭവിക്കേണ്ട സംഘര്‍ഷങ്ങള്‍ ഒരുപാടുണ്ട്. സ്ത്രീകള്‍ക്കുമേല്‍ മാത്രം കുറ്റം ആരോപിക്കുന്ന സമൂഹം അവളെ കൊള്ളരുതാത്തവളാക്കുന്നു. കുടുംബത്തിലെ അവസാന വാക്കുകള്‍ ആണിന്റേതാകുന്നു. ആദ്യകുഞ്ഞ് പെണ്ണായി പിറന്നതിന്റെ ദേഷ്യം മുഴുവന്‍ കുഞ്ഞിന്റെ അമ്മയോട് തീര്‍ക്കുന്ന ഭര്‍ത്താവും വീട്ടുകാരും ഇപ്പോഴും നമുക്കിടയില്‍ ഉണ്ട്. പഴയ കൂട്ടുകുടുംബ വ്യവസ്ഥയിലെ തറുതല പറഞ്ഞും പോരാടിയും അതേസമയം, സ്‌നേഹിച്ചും കഴിഞ്ഞിരുന്ന ഊഷ്മള അമ്മായിയമ്മ-മരുമകള്‍ ബന്ധം ഇന്ന് കണികാണാന്‍ കിട്ടുന്നില്ലെന്നത്മറ്റൊരു സത്യമാണ്. സ്ത്രീധനത്തിന്റെ പേരിലും നിറത്തിന്റെയും ജാതിയുടെയും പേരിലും പീഡനം അനുഭവിക്കുന്ന സ്ത്രീ കാഴ്ചകളും ഒട്ടും കുറവല്ല.

കല്യാണി- ദാക്ഷായണിമാരെ പോലെ രാത്രികാലങ്ങളില്‍ ഉത്സവം കാണാനോ മറ്റ് ആഘോഷങ്ങള്‍ക്കോ പുറത്തിറങ്ങേണ്ടിവരുന്ന സ്ത്രീകള്‍ക്ക് നേരെ ഇന്നുണ്ടാകുന്ന അതിക്രമങ്ങളും ആരോപണങ്ങളും നമുക്ക് ഊഹിക്കാവുന്നതാണ്. തന്നിഷ്ടക്കാരികളും തുള്ളിച്ചികളും അഹമ്മതി കാണിച്ചു തോന്നിയപോലെ നടക്കുന്നവളുമായ പെണ്ണുങ്ങളെ ഒരു മോശം വര്‍ഗ്ഗമായി ചിത്രീകരിക്കുകയാണ് പുരോഗമന കേരള സമൂഹം.

ഒരു വീട്ടില്‍നിന്നു മറ്റൊരു വീട്ടിലേക്ക് പറിച്ചുനടന്ന ചെടികളാണ് ഓരോ സ്ത്രീയും. അത് വാടിപ്പോകാതെ സംരക്ഷിച്ചാലേ ആഴത്തില്‍ വേരോടൂ. മാനസികമായി ഒറ്റപ്പെടുത്താതെ അവര്‍ക്ക് തണലു നല്‍കണം. ജോലിയിടങ്ങളിലും അടുക്കളകളിലും കിടപ്പറകളിലും അഭിപ്രായ സ്വാതന്ത്ര്യവും ഇഷ്ടങ്ങളും പ്രകടിപ്പിക്കാന്‍ കഴിയണം. ഭയപ്പെട്ട് അടിയും തൊഴിയും ഏറ്റെടുത്ത് വായില്‍ വരുന്നതിനെ തൊണ്ടയില്‍വെച്ച് തന്നെ വിഴുങ്ങി ചത്തു ജീവിക്കുന്ന നിരവധി പെണ്ണുങ്ങളുണ്ട്. ഇറങ്ങിപ്പോകാന്‍ കഴിയാത്ത വിധം ഇഴകി ചേര്‍ന്നവര്‍. തിരിച്ചു സ്വന്തം വീട്ടിലെത്തുമ്പോള്‍ വീട്ടുകാരും നാട്ടുകാരും അവര്‍ക്ക് പരിഗണന നല്‍കാന്‍ മടിക്കുന്നു. വിട്ടുവീഴ്ചകള്‍ക്ക് നിര്‍ബന്ധിക്കുന്നു. സഹിച്ചും ക്ഷമിച്ചും കഴിയാന്‍ ഉപദേശിക്കുന്നു. എവിടെയും നിലനില്‍പ്പില്ലാതെ ചിലര്‍ മടങ്ങിപ്പോകും, ചിലര്‍ അതിജീവിക്കും, മറ്റു ചിലര്‍ ആത്മഹത്യ ചെയ്യും. കുഞ്ഞിന്റെ പേരില്‍ തിരിച്ചു ഭര്‍തൃവീട്ടിലേക്ക് പോയവളാണ് കല്യാണി. തിരികെ വന്നവളെ സ്‌നേഹിക്കാന്‍ ചേയ്യിക്കുട്ടി തയ്യാറായി, എന്നാല്‍, ഇന്ന് ഒരിക്കല്‍ പിണങ്ങിയിറങ്ങിയ പെണ്ണ് തിരിച്ചുചെന്നാല്‍ ഏച്ചുകെട്ടിയ കയര്‍ മുഴച്ചു നില്‍ക്കുന്നത് പോലെ അരികുവല്‍ക്കരിക്കപ്പെടും. 'കത'യില്‍ ദാക്ഷായണി തിരിച്ചുപോയില്ല. അവള്‍ അതിജീവിച്ചു.

'കത'യില്‍ ഉന്മാദത്തിന്റെയും മറ്റ് രസഭാവങ്ങളുടെയും സമ്മിശ്രങ്ങള്‍ കാണാം. ചേയ്യിക്കുട്ടി ഒറ്റയ്ക്ക് സംസാരിക്കുകയും ഒരു രാത്രി ഏതോ ഉള്‍പ്രേരണയുടെ ഭാഗമായി കിണറിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുകയും ചെയ്യുന്നുണ്ട്. ചോന്നമ്മയുടെയും മച്ചുനിയന്റെയും ഒപ്പമാണതെന്ന് കൂട്ടിവായിക്കാം പക്ഷെ അവരുടെ മാനസികതലങ്ങള്‍ നോക്കുമ്പോള്‍ ഉറക്കം വരാത്ത രാത്രികളില്‍ തനിച്ചിരുന്ന ബീഡി വലിച്ചു അവര്‍ മരിച്ചവരോട് സംസാരിക്കുന്നു. വിഭ്രാന്തിയുടെ സൂചനകളായിരുന്നു അതൊക്കെ. ഭയം എന്ന വികാരം കമലയെ എപ്പോഴും പിടികൂടിയിരുന്നു. ശൃംഗാരം, കാമം, കോപം, ശോകം, ഹാസ്യം എന്നീ ഭാവങ്ങളെല്ലാം കഥയില്‍ നിറഞ്ഞിരിക്കുന്നത് ഉടനീളം കാണാവുന്നതാണ്.

പെണ്ണുങ്ങളിലൂടെ കതകള്‍ പറഞ്ഞുകൊണ്ട് ദേശങ്ങളുടെ സംസ്‌കാരവും ആചാരങ്ങളും ജീവിതസാഹചര്യങ്ങളും കാണിക്കുന്നു. നാടു പുരോഗമിക്കുന്നതിന്റെ അടയാളങ്ങളിലൂടെ പേരിന്റെ പിന്നില്‍ ജാതിപ്പേര് ചേര്‍ക്കുകയും അതിന്റെ അടയാളത്തില്‍ ബഹുമാനവും പൊങ്ങച്ചവും കാണിക്കുന്ന ആളുകളെയും കാണാം. ആണ്‍കുട്ടികളെ സ്വീകരിക്കാന്‍ മാനസികമായി ആഗ്രഹിക്കുന്ന ഒരുപറ്റം ആളുകളെ കാണാം.

'കത' ഒരു പാഠമാണ് പലതരം മനുഷ്യരുടെ ഉള്ളറകളുടെ പാഠം. അതു തുറന്നുപഠിക്കേണ്ടത് അനിവാര്യമാണ്. ഒരു ദേശത്തിന്റെ അല്ലെങ്കില്‍ ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ രതിയും, തെറികളും മാറ്റിനിര്‍ത്തുമ്പോള്‍ അത് ആ സംസ്‌കാരത്തെ തന്നെ അകറ്റിനിര്‍ത്തുകയാണ്. പൊള്ളയായ മറകള്‍ ചാര്‍ത്തിവെച്ച് പുതിയ സംസ്‌കാരം കെട്ടിപ്പടുക്കുന്ന തലമുറകള്‍ സ്വയം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ദേശ-സംസ്‌കാരങ്ങളോടെല്ലാം നീതിരഹിതമായി പെരുമാറുകയാണെന്നും ഈ 'കത'യിലൂടെ എഴുത്തുകാരി വെളിപ്പെടുത്തുന്നു.

Content Highlights: R.Rajasree, Reshmi P, Kalyaniyennum Dakshayaniyennum peraya randu streekalude kadha, mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented