ശരൺകുമാർ ലിംബാളെ, പുസ്തകത്തിൻെറ കവർ
ശരണ്‍കുമാര്‍ ലിംബാളെയുടെ തൊട്ടുകൂടായ്മയുടെ കഥ എന്ന നോവലിന് രശ്മി പി എഴുതിയ ആസ്വാദനം.
നൂറ്റാണ്ടുകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ജാതീയമായ വേര്‍തിരിവുകളും ദളിത്ജീവിതത്തിന്റെ അതിജീവനങ്ങളും വിഷയമാക്കികൊണ്ട് സാഹിത്യത്തിന്റെ പല മേഖലകളിലും രചനകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും കീഴാളജീവിതവും, തൊട്ടുകൂടായ്മയും, കൊലയും ആസ്പദമാക്കുന്ന വിധത്തില്‍ എഴുതപ്പെട്ട രചനകള്‍ നിരവധിയാണ്. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ഒരുപറ്റം ആളുകള്‍ നേരിടുന്ന അസഹിഷ്ണുതകള്‍ നിറഞ്ഞ ജീവിതവും, ഓരോ ദേശത്തിലും പുറംലോകം കാണാതെപോകുന്ന അത്തരം അടരുകളെക്കുറിച്ചുള്ള നോവുന്ന കാഴ്ചകളുമായാണ് ഓരോ ദളിത്‌സാഹിത്യവും വായനക്കാരുടെ ഇടയിലേക്ക് വ്യത്യസ്ത അനുഭവകഥകളുമായി എത്തുന്നത്.
ഇന്ത്യയിലെ വൈവിദ്ധ്യമുള്ള ഭാഷകളിലെ എഴുത്തുകാര്‍ തങ്ങളുടെ രചനകളില്‍ സമൂഹത്തില്‍ നടക്കുന്ന അരാചകത്വങ്ങള്‍ക്കെതിരെ നിരന്തരം പോരടിച്ചു കൊണ്ടേയിരിക്കുന്നു. സവര്‍ണ്ണാധിപത്യത്തില്‍ രാജ്യം ഭരിക്കുന്ന ഹിന്ദുത്വ ശക്തികള്‍ ദളിതര്‍ക്കും മറ്റു പിന്നോക്കം നില്‍ക്കുന്ന അതിസാധാരണ മനുഷ്യര്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കാതെയാണ് ഈ കാലഘട്ടവും കടന്നുപോകുന്നത്. രാജ്യത്ത് ഓരോ മണിക്കൂറിലും ആക്രമിക്കെപ്പടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്ന മനുഷ്യരുടെ എണ്ണമെടുത്തു നോക്കിയാല്‍ അതില്‍ ദളിത് വിഭാഗങ്ങളായിരിക്കും കൂടുതല്‍. മഹാരാഷ്ട്രയിലെ രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ അനീതികളെക്കുറിച്ച് ശക്തമായ രീതിയില്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തില്‍ തന്റെ രചനകളില്‍ വിഷയമാക്കിയ എഴുത്തുകാരനാണ് ശരണ്‍ കുമാര്‍ ലിംബാളെ. അദ്ദേഹത്തിന്റെ 'ഓ' എന്ന മറാത്തി നോവലിന്റെ പരിഭാഷയാണ് 'തൊട്ടുകൂടായ്മയുടെ കഥ 'എന്ന പേരില്‍ ഷൈമ. പി പരിഭാഷപ്പെടുത്തിയത്.
ലിംബാളെ തന്റെ മിക്ക രചനകളിലും വിഷയമാക്കിയത് അരികുവല്‍ക്കരിക്കപ്പെടുന്ന ദളിത് ജീവിതകാഴ്ചകളാണ്. വളരെ ചെറുപ്പത്തില്‍ തന്നെ എഴുതിയ 'അക്കര്‍മാശി 'എന്ന ആത്മകഥാപരമായ നോവലിന്റെ ആഖ്യാനവും അവര്‍ണ ജീവിതയാതനകളുടെ നോവുകള്‍ അടയാളപ്പെടുത്തിയതുകൊണ്ടു ശ്രദ്ധേയമായതാണ്. മറാത്തി ഭാഷയില്‍ നിന്ന് മലയാളത്തിലേക്കുള്ള പരിഭാഷ വളരെ മികവാര്‍ന്ന രീതിയില്‍ ഷൈമ. പി നിര്‍വഹിച്ചിരിക്കുന്നു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാക്കളും, ഉന്നത പിടിപാടുള്ള യുവതലമുറയും രാജ്യത്തെ ദളിത് വിഭാഗങ്ങളോട് കാണിക്കുന്ന ക്രൂരതകളാണ് നോവലിന്റ ഇതിവൃത്തം.
കിരണ്‍ കാംബ്ലെ എന്ന ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കുന്ന കാഴ്ചയോടെയാണ് നോവലിന്റെ ആരംഭം. അക്രമം ചെയ്യുന്നതാകട്ടെ ഭരണാധികാരികളുടെ മക്കളും സുഹൃത്തുക്കളും ചേര്‍ന്നാണ്. ഏതു വിധത്തിലും അവര്‍ക്കനുകൂലമാകുന്ന നിയമത്തേയും, മരണപെട്ട പെണ്‍കുട്ടികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും ഉണ്ടാകില്ല എന്ന ധൈര്യവും ആ ചെറുപ്പക്കാരെ തെറ്റില്‍ നിന്ന് തെറ്റിലേക്ക് നയിച്ചു. മഹര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ കൊലപാതകം പ്രാധാന്യത്തോടെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ബുദര്‍ഗാദ് ജില്ലയിലെ പലസ്‌ദേവ് ഗ്രാമം ഭരിച്ചത് വാക്കടെ എന്ന കുടുംബമായിരുന്നു. കുടുംബത്തിന്റെ നിയമങ്ങളായിരുന്നു ഗ്രാമത്തിന്റെ നിയമം. മഹര്‍ വിഭാഗത്തിലുള്ളവരെ കാണുന്നതോ, മിണ്ടുന്നതോ അശുദ്ധിയായി കാണുന്ന വരേണ്യവര്‍ഗ്ഗമാണ് വാക്കടെ വിഭാഗം.
മഹര്‍ പെണ്‍കുട്ടിയുടെ മരണം കാരണം ഗ്രാമത്തിലെ പല പെണ്‍കുട്ടികളും പഠനം ഉപേക്ഷിക്കേണ്ടി വന്നു. കിരണ്‍ കാംബ്ല കേസിനെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ വാര്‍ത്തകള്‍ വരുന്നത് വാക്കടെ ഗ്രാമമുഖ്യന്റെ ഉറക്കം കെടുത്തുന്നുണ്ട്. അതിന്റെ കാരണം അയാളുടെ മകന്‍ തന്നെയാണ് ആ കൊലപാതകം നടത്തിയത് എന്നതായിരുന്നു.
ആളുകള്‍ ഒന്നിച്ചുകൂടുന്നതും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ വൈകുന്നതിനെതിരെ ശബ്ദമുയര്‍ത്തുന്നതും അംബേദ്കര്‍ കാരണമാണെന്ന് വാക്കടെയും അനുയായികളും കരുതി. നിയമത്തിനു മുന്നില്‍ എല്ലാരും തുല്യരാണെന്ന പ്രമാണം ഹിന്ദു സംസ്‌കാരത്തെ തന്നെ തകിടംമറിക്കുന്ന ഒന്നാണെന്നു കരുതി പോന്നവര്‍ക്കിടയില്‍ അംബേദ്കര്‍ എക്കാലവും വെറുക്കപ്പെട്ട വ്യക്തിയായി. ഗ്രാമത്തിലെ പുറമ്പോക്കില്‍ മാത്രം ജീവിക്കേണ്ട കീഴാള വര്‍ഗ്ഗങ്ങള്‍ സവര്‍ണ വിഭാഗങ്ങളോടൊപ്പം തുല്യമെന്ന് ചിന്തിക്കുന്നത് തന്നെ മഹാപാതകമായി കരുതുന്നവരാണ് അധികാരി വര്‍ഗ്ഗങ്ങള്‍. അവര്‍ണ്ണ ജാതിക്കാര്‍ക്ക് സംവരണ ആനുകൂല്യങ്ങള്‍ നല്‍കി അവരെ മുഖ്യധാരയിലെത്തിച്ച 'വലിയ തെറ്റിന്റെ 'ഉടമയായിട്ടാണ് അംബേദ്കറെ ഒരു വിഭാഗം ആളുകള്‍ കണക്കാക്കുന്നത്. മരണപ്പെട്ട കിരണ്‍ കാംബ്ലെയും അംബേദ്കര്‍ അനുയായി ആയിരുന്നു എന്നതാണ് വാക്കടെയുടെ മകന് അവളോട് വിരോധം തോന്നാനുള്ള പ്രധാന കാരണം.
കിരണ്‍കാംബ്ലെയുടെ കൊലപാതകിയെ സമൂഹത്തിന് മുന്നില്‍ എത്തിക്കേണ്ടത് അത്യാവശ്യമായി വന്നപ്പോള്‍ ദളിത് സമൂഹത്തില്‍ തന്നെയുള്ള നിരപരാധിയായ ചെറുപ്പക്കാരനെ വെച്ച് ഒരു 'നാടകം' കളിക്കാനും അധികാരികള്‍ തയ്യാറാകുന്നു. മഹറുകളുടെ പ്രക്ഷോഭം ഒരു പരിധി വരെ അടക്കി നിര്‍ത്തുക എന്നൊരു ഉദ്ദേശം മാത്രമേ അധികാരികള്‍ക്ക് ഉണ്ടായിരുന്നുള്ളൂ. മരണം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടു പ്രശ്‌നം ഗൗരവമായി തന്നെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച സാഗര്‍ ബന്‍സോടെ എന്ന ദളിത് യുവാവിനും പിന്നീട് പീഡനത്തിന്റെ ദിനങ്ങളായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷ വരെ യാതൊരു കോച്ചിങ്ങും ഇല്ലാതെ വിജയിച്ച സാഗര്‍ എന്ന യുവതയുടെ പ്രതീകം അധികാരികളുടെ കണ്ണില്‍ കരടാകുന്നത് തന്റെ ഉറച്ച നിലപാട് കൊണ്ടു മാത്രമാണ്.
അധികാരികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുന്ന മാധ്യമ സ്ഥാപനങ്ങളെ വിലക്കുന്നതും മാധ്യമ പ്രവര്‍ത്തകരെ തടവില്‍ വെക്കുന്നതും സ്ഥിരമായി കണ്ടുവരുന്ന കാഴ്ചയാണ്. സാഗര്‍ ബന്‍സോടയും അധികാരികളുടെ ക്രൂരതയ്ക്ക് ഇരയായി ജയിലിലാവുകയും വാക്കടെ വിഭാഗത്തിലെ പ്രധാനിയുടെ മകളെ സ്‌നേഹിച്ച കുറ്റത്തിന് പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
തൊട്ടുകൂടായ്മയുടെ കഥയില്‍ ശരണ്‍ കുമാര്‍ ലിംബാളെ ഒരു ദുരഭിമാനക്കൊലയുടെ ചിത്രംകൂടി വായനക്കാരുടെ മുന്നില്‍ വയ്ക്കുന്നുണ്ട്. ഷിര്‍ഗുപ്പേ വാക്കടയുടെ മകള്‍ ദേവയാനി മഹര്‍ വിഭാഗത്തിലെ സാഗര്‍ ബെന്‍സോഡയുമായി പ്രണയത്തിലാവുകയും ഗര്‍ഭിണിയായതും അറിയുന്ന ഷെര്‍ഗുപ്പേ, ഒരു മഹറിന്റെ സന്തതി തന്റെ മകളുടെ വയറ്റില്‍ വളരാതിരിക്കാനും ബീഫ് കഴിക്കുന്ന മഹറിന്റെ വീട്ടില്‍ തന്റെ മകള്‍ ജീവിക്കാതിരിക്കാനും, കുപ്പത്തൊട്ടിയില്‍ കിടക്കേണ്ടവനായ മഹറിനോടൊപ്പം കഴിയാതിരിക്കാനും ഗര്‍ഭിണിയായ മകളെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ സ്‌നേഹിച്ച പുരുഷനെ മറക്കില്ലെന്ന് വാശിയുള്ള ദേവയാനിയെ നിഷ്‌ക്കരണം കൊന്നുകളയാന്‍ അവളുടെ അച്ഛന്‍ തീരുമാനിക്കുകയും, വാക്കടെ കുടുംബത്തില്‍ തന്നെയുള്ള പുതുതലമുറകള്‍ അത് നിര്‍വഹിക്കുകയും ചെയ്യുന്നു.
നോവലിലെ രണ്ട് സ്ത്രീ കഥാപാത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ദേവയാനിക്ക് അവളുടെ തീരുമാനം നടപ്പിലാക്കാന്‍ കഴിയാതെ പോവുകയും ദയനീയമായി മരണത്തിന് കീഴടങ്ങേണ്ടി വരികയും ചെയ്തു. അതേ സമയം സവര്‍ണയായ കസ്തൂരി ഇഷ്ടപ്പെടുന്ന പുരുഷന്‍ മഹര്‍ വിഭാഗക്കാരനാണ് എന്നറിഞ്ഞു കൊണ്ടു തന്നെ അയാളുടെ കോളനിയില്‍ പോയി താമസിക്കാനും, തിരിച്ചു വിളിക്കാന്‍ വന്ന ബന്ധുക്കളോട് ശബ്ദമുയര്‍ത്തി തന്റെ നിലപാട് വ്യക്തമാക്കാനും കഴിഞ്ഞു.
തുടര്‍ക്കഥകളാവുന്ന ദലിത് പീഡനങ്ങളും ദുരഭിമാനക്കൊലകളും കൂടാതെ സമൂഹത്തിലെ ഒരു വിഭാഗം പഠനത്തിലും നീതി, നിയമ അവബോധം നേടുന്നതിലും വിഭ്രാന്തരാകുന്ന ഭരണവര്‍ഗ്ഗത്തെക്കൂടി നോവലില്‍ കാണാം. അധികാരത്തിന്റെ രാഷ്ട്രീയ ചരടുവലിക്ക് നിന്നുകൊടുക്കാത്ത പുതുതലമുറ വിദ്യാഭ്യാസവും നിയമം അനുശാസിക്കുന്ന സംവരണ ആനുകൂല്യങ്ങളും കൈപ്പറ്റി രാജ്യത്തെ നവോത്ഥാനത്തിന്റെ പാതയിലേക്ക് എത്തിക്കുമ്പോള്‍ അംബേദ്കര്‍ എന്ന സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഒരുപറ്റം ആളുകളാല്‍ അവിടെ വെറുക്കപ്പെട്ടവനാകുന്നു.
ഗ്രാമത്തിന്റെ അഭിവൃദ്ധിയില്‍ ഉറക്കം നഷ്ടപ്പെടുന്ന വാക്കടെ കുടുംബ മുഖ്യരും, ലഹരിക്കും ലൈംഗിക അരാജകത്വങ്ങള്‍ക്കും ഇരകളാകുന്ന പുതുതലമുറകളും കൂടിയാണ് തൊട്ടുകൂടായ്മയുടെ കഥ പറയുന്നത്. മഹര്‍ വിഭാഗത്തിലെ യുവത്വങ്ങള്‍ ആനുകൂല്യങ്ങള്‍ വഴിക്കും അല്ലാതെയും പഠനത്തില്‍ മിടുക്ക് കാണിക്കുന്നതും ജോലി നേടുന്നതും പ്രമാണിമാരുടെ മക്കളെ അലോസരപ്പെടുത്തുകയും അവരോട് ശത്രുതാപരമായ മനോഭാവം പുലര്‍ത്തുകയും ചെയ്യുന്നുണ്ട് പരീക്ഷാ സമയത്ത് മഹര്‍ യുവാക്കളെ മാനസികമായി പീഡിപ്പിക്കുകയും ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ സംഘടിപ്പിച്ച് ഭക്തിഗാനങ്ങളും ഭജനയും നടത്തി ഗ്രാമത്തെ തന്നെ അലോസരപ്പെടുത്താനും ശ്രമിക്കുന്ന വിഭാഗങ്ങളാണ് അധികാരി വര്‍ഗ്ഗം. തെറ്റ് ചെയ്ത സവര്‍ണ്ണ യുവാക്കള്‍ക്ക് പകരം നിരപരാധിയായ മഹര്‍ യുവാവിനെ കൊലപാതകിയാക്കി മുദ്രകുത്താന്‍ വിധിക്കുന്ന അധികാര വര്‍ഗ്ഗത്തിന്റെ ഇടയിലാണ് നരക ജീവിതങ്ങള്‍ ഞെരിഞ്ഞമരുന്നത്.
എന്നോ നടന്ന സംഭവങ്ങളെ ഭാവനയുടെ അലകുകള്‍ ചാര്‍ത്തി നോവലാക്കി ചിത്രീകരിക്കുക എന്നതല്ല ശരണ്‍കുമാര്‍ ലിംബാളെ തന്റെ ധര്‍മ്മമായി കണക്കാക്കുന്നത്. സമൂഹത്തിലെ അരക്ഷിതാവസ്ഥ വര്‍ത്തമാനകാലത്തെ സംഭവവികാസങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ട് ഭാവിയിലേക്ക് ഒരു ദീര്‍ഘവീക്ഷണം കൂടി നടത്തുകയാണ്. സാഗര്‍ ബെന്‍സോടെ എന്ന ദലിത് മാധ്യമപ്രവര്‍ത്തകന്‍ ഒരു ജനതയുടെ മുഴുവന്‍ പ്രതീക്ഷയാണ്. ദളിത് പ്രതിനിധികള്‍ ഭരണസഭയില്‍ വരുമ്പോള്‍ അവര്‍ വെറും റബ്ബര്‍സ്റ്റാമ്പുകളായി മാറുന്ന കാര്യം പുതുതലമുറ മനസ്സിലാക്കുന്നുണ്ട്. അംബേദ്കര്‍ ദളിത് സമൂഹത്തില്‍ ഉണ്ടാക്കിയ പരിവര്‍ത്തനം ദലിത് യുവതയെ വേണമെങ്കില്‍ ആയുധം എടുക്കാന്‍ കൂടി പ്രേരിപ്പിക്കുന്നതായിരുന്നു. സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കാനല്ലെങ്കില്‍ എന്താണ് ജനാധിപത്യം കൊണ്ടുള്ള പ്രയോജനം? സാധാരണക്കാരന്‍ നീതി പ്രതീക്ഷിക്കേണ്ടത് ആരില്‍ നിന്നാണെന്നുമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ ധൈര്യം വന്നവരായിരുന്നു മഹര്‍ വിഭാഗത്തിലെ പുതുതലമുറ. ജാതിവ്യവസ്ഥ കാരണം ഒരു സമൂഹം തന്നെ നശിക്കുന്നത് നോക്കിനില്ക്കാന്‍ കഴിയാത്ത, സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടാനുള്ള ഉറച്ച മനസുള്ള ചെറുപ്പക്കാരെ സാക്ഷി നിര്‍ത്തിയാണ് നോവല്‍ അവസാനിപ്പിക്കുന്നത്.
Content Highlights: Reshmi P. Sarankumar Limbale, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..