ശൂന്യതയില്‍ വിടരുന്ന മിന്നല്‍ക്കൊടികള്‍


കെ ജയകുമാര്‍

സംഗീതത്തെക്കുറിച്ചു എഴുതപ്പെട്ട കുറെ പുസ്തകങ്ങള്‍ എന്നതല്ല രവിമേനോന്റെ ഈ കൃതികളുടെ പ്രസക്തിയും മൂല്യവും. അന്വേഷണാത്മകവും മാനവികവുമായ ഒരു ജ്ഞാന ശാഖയുടെ പ്രഭാത സുഭാഗതയാണ് ഇവയിലൂടെ അനുഭവിക്കുന്നത്. അമൂര്‍ത്തങ്ങളെ അവ മൂര്‍ത്തമാക്കുന്നു; അപരിചിതങ്ങളെ പരിചിതമാക്കുന്നു. വിസ്മൃതികളെ വിളിച്ചുണര്‍ത്തുന്നു; അല്പജ്ഞാനത്തെ അറിവാക്കുന്നു.

രവിമേനോൻ| Photo: facebook.com|ravi.menon.

മൂന്നോ നാലോ മിനിറ്റുകള്‍ കൊണ്ട് കേട്ടുതീര്‍ക്കുന്ന ഒരു ഗാനം വേരുകളില്ലാത്ത ഒരു സ്വരപുഷ്പമല്ല. ഒരു ഗാനത്തെ പൂവായി സങ്കല്‍പ്പിക്കുന്നതില്‍ ഔചിത്യമുണ്ട്, കുറെ നേരത്തേയ്ക്ക് മാത്രം വിലസുന്ന പൂവിനു വിരിയാന്‍ ഒരു ചെടി വേണം. ആ ചെടിക്കു ഇലയും തണ്ടും വേരുകളും വേണം. ആ വേരിന്‍പടലത്തിനു ആഴ്ന്നിറങ്ങാന്‍ മണ്ണ് വേണം. അന്തരീക്ഷവും സൂര്യപ്രകാശവും വേണം. ഒരു ഗാനത്തിന്റെ പിറവിക്കു പിന്നിലുമുണ്ട് അനേകം കലാകാരുടെ സര്‍ഗ്ഗസാന്നിധ്യവും അദ്ധ്വാനവും. കഥാകൃത്തും സംവിധായകനും ഗാനരചയിതാവും സംഗീതസംവിധായകനും, ഉപകരണസംഗീതം വായിച്ചവരും, ഗായകരും എല്ലാമടങ്ങുന്ന ഒരു വലിയ നിരയുണ്ട് ഗാനത്തിന്റെ പിറവിക്കു പിന്നില്‍. റേഡിയോവിലും മറ്റും ഗാനരചയിതാവിന്റെയോ സംഗീതസംവിധായകന്റെയോ പേര് പോലും അനൗണ്‍സ് ചെയ്യാതെ കൂടുതല്‍ ഗ്ലാമറുള്ള ഗായകന്റെയും ഗായികയുടെയും പേര് മാത്രം പറയുന്ന രീതി അനുചിതമാണെന്നു പായാതെ വയ്യ. യുട്യൂബില്‍ പാട്ടുകള്‍ കേട്ടിട്ട് ഇഷ്ടഗായകനെ മാത്രം വാഴ്ത്തുന്ന ആരാധകര്‍ ആ ഗാനത്തിന്റെ 'മാതാപിതാക്കളെ' മറന്നു പോവുകയാണ് ചെയ്യുന്നത്. മലയാളിയുടെ ഗാനാസ്വാദന സംസ്‌കാരത്തിന്റെ പോരായ്മയായി ഇതിനെ കാണണം. ഈ ആസ്വാദന വൈകല്യത്തെയാണ് രവിമേനോന്റെ രചനകള്‍ സമര്‍ത്ഥമായി തിരുത്തുന്നത്.

രവിമേനോന്‍ ആവിഷ്‌കരിച്ചിരിക്കുന്ന ഈ നൂതന സംഗീതനിരൂപണശാഖ കേവലം ഗാനങ്ങളുടെ വരികള്‍ കീറിമുറിച്ചു നോക്കി വ്യാകരണപ്പിഴവും യുക്തിഭംഗവും കണ്ടെത്തുന്ന അപസര്‍പ്പക ആത്മരതിയല്ല. (അത് മോശപ്പെട്ടതോ അനാവശ്യമോ ആയ നിരൂപണമെന്നല്ല.) ഗാനം എന്ന ജൈവരൂപത്തെ അതിന്റെ സമഗ്രതയിലും വൈകാരിക സാഹചര്യത്തിലും സമീപിക്കുന്ന നൂതനമായൊരു രീതിയുടെ ഉപജ്ഞാതാവ് രവിമേനോനാണെന്ന കാര്യത്തില്‍ എതിരഭിപ്രായത്തിനാവകാശമില്ല. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി പതിനെട്ടു പുസ്തകങ്ങളാണ് ഈ ശാഖയില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സോജാ രാജകുമാരി, അതിശയരാഗം, സ്വര്‍ണ്ണച്ചാമരം, എങ്ങനെ നാം മറക്കും, മേരി ആവാസ് സുനോ, ഹൃദയഗീതങ്ങള്‍, മൊഴികളില്‍ സംഗീതമായി, നക്ഷത്രദീപങ്ങള്‍, പൂര്‍ണ്ണേന്ദുമുഖി, പാട്ടുവഴിയോരത്ത്, കഭീ കഭീ മേരെ ദില്‍ മേ, അനന്തരം സംഗീതമുണ്ടായി, മണ്‍വിളക്കുകള്‍ പൂത്ത കാലം, ഒരു കിളി പാട്ടു മൂളവേ, കാട്ടുചെമ്പകം പൂത്തുലയുമ്പോള്‍, ഇവിടെ പാട്ടിനു സുഗന്ധം എന്നിങ്ങനെ വായനാസമൂഹത്തിനു പരിചിതവും പ്രിയങ്കരവുമായ പതിനെട്ടു പുസ്തകങ്ങള്‍.

ഗാനങ്ങളുടെ പിന്നണിയിലെ വൈവിധ്യപൂര്‍ണ്ണവും അവിശ്വസനീയവും പലപ്പോഴും വിഷാദപൂര്‍ണ്ണവുമായ മനുഷ്യജീവിതവാസ്തവങ്ങളിലാണ് രചനകളുടെ ഈ വാകമരങ്ങള്‍ പൂത്തു നില്‍ക്കുന്നത്. കലാജീവിതത്തിലെ യാദൃച്ഛികതകള്‍, ഭാഗ്യദൗര്‍ഭാഗ്യങ്ങള്‍, അംഗീകാരങ്ങള്‍, അവഗണനകള്‍, ഗ്ലാമര്‍, പുരസ്‌കാരങ്ങള്‍, തിരക്ക്, ശൂന്യത, ഇല്ലായ്മകള്‍... അങ്ങനെ മനുഷ്യാവസ്ഥയയുടെ നിഴല്‍- വെളിച്ച സമ്മിശ്രമായ ഒരു ലോകം ഈ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നു. ശ്രോതാക്കള്‍ കേട്ട് മറന്നു പോവുകയോ, ഓര്‍ത്തിരിക്കുകയോ ചെയ്യുന്ന ഗാനങ്ങളില്‍ പറ്റിക്കൂടിയിരിക്കുന്ന കണ്ണീരും കിനാവും പ്രതിഭയുടെ പരാഗവും ഈ പുസ്തകങ്ങളെ വ്യത്യസ്തവും അനന്യവുമാക്കുന്നു. അവയില്‍ സഞ്ചയിക്കപ്പെട്ടിരിക്കുന്ന ജീവിതചിത്രങ്ങളും, ഹര്‍ഷവിഷാദങ്ങളുടെ സ്വരഭേദങ്ങളും ഓരോ പുസ്തകത്തെയും ഓരോ നിധിപേടകമാക്കുന്നു. ഒരു തലമുറ കൂടി തിരോഭവിച്ചുകഴിഞ്ഞാല്‍ വിസ്മൃതമായിപ്പോകുമായിരുന്ന എത്രയെത്ര അമൂല്യമായ അറിവുകളും അനുഭവങ്ങളും ഉള്‍ക്കാഴ്ചകളുമാണ് ഇവയില്‍ അടങ്ങിയിരിക്കുന്നത്. അക്കാദമിക് പാണ്ഡിത്യം ഗൗരവപൂര്‍വ്വം പരിഗണിക്കാന്‍ സാധ്യതയില്ലാത്ത മനുഷ്യജീവിതസത്യങ്ങളാണിവ. അത്യന്തം ദുഷ്‌കരമായ ഒന്നാണ് ഈ രചനകള്‍ക്ക് വേണ്ട വിഭവശേഖരണം. പുരാരേഖകള്‍ സൂക്ഷിക്കുന്നതിലും ഭാവി ഗവേഷണത്തിന് വേണ്ട വസ്തുക്കള്‍ സംരക്ഷിക്കുന്നതിലും സിനിമാ വ്യവസായം പുലര്‍ത്തുന്ന ഉദാസീനത കുപ്രസിദ്ധമാണ്. വെള്ളിത്തിരയുടെ വര്‍ത്തമാനകാലത്തിളക്കത്തില്‍ അഭിരമിക്കുന്ന സിനിമയില്‍ നിന്ന് അക്കാദമിക് ജാഗ്രതയോ അച്ചടക്കമോ പ്രതീക്ഷക്കുന്നതില്‍ യുക്തിയുമില്ല. അങ്ങനെ, ദിശാഫലകങ്ങളില്ലാത്ത ഭൂവിഭാഗത്തിലൂടെയാണ് ഈ എഴുത്തുകാരന് യാത്രചെയ്യേണ്ടത്.

ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ നിഷ്ഠയും നിര്‍ബന്ധബുദ്ധിയും കൊണ്ട് മാത്രമേ ചിതറിക്കിടക്കുന്ന കലാപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ഇത്രയേറെ വസ്തുതകള്‍ ശേഖരിക്കാനാവൂ. അതിനു ചരിത്രവസ്തുതകളെക്കുറിച്ചുള്ള പരിജ്ഞാനം മാത്രം പോരാ. കലാകാരന്മാരോടും കലാകാരികളോടുമുള്ള നിര്‍വ്യാജമായ ആദരവും അഗാധമായ മനുഷ്യത്വവും നിസ്സീമമായ ക്ഷമയുമാണ് ആവശ്യം. ഈ ആത്മാര്‍ത്ഥതയും ഏകീഭവിക്കലും താല്പര്യവുമായിരിക്കണം കൂടിക്കാഴ്ച നടത്തുന്നവരെല്ലാം ഇതുവരെ ആരോടും പായാത്ത നിരവധി രഹസ്യങ്ങള്‍ രവിമേനോനുമായി നിസ്സങ്കോചം പങ്കു വയ്ക്കാന്‍ പ്രേരിതരാവുന്നത് ! ഈ ഗവേഷണ രീതിശാസ്ത്രം ഒരു സര്‍വ്വകലാശാലയും പറഞ്ഞു കൊടുത്തതല്ല; അദ്ദേഹം സ്വയം സൃഷ്ടിച്ചെടുത്തതാണ്. ഈ പുസ്തകങ്ങളിലെ ലേഖനങ്ങള്‍ വായിച്ചതിനു ശേഷം ചില പാട്ടുകള്‍ വീണ്ടും കേള്‍ക്കുമ്പോള്‍ അവയോടുള്ള നമ്മുടെ ബന്ധം പുനര്‍നിര്‍വചിക്കപ്പെടുന്ന അനുഭവം വായനക്കാരില്‍ പലര്‍ക്കുമുണ്ടാകും. ആ ഗാനങ്ങള്‍ ഒരു പുതുജീവനാര്‍ജ്ജിക്കും. ഷീലയുമായുള്ള സുദീര്‍ഘ സംഭാഷണം വായിച്ച് കഴിഞ്ഞ ഒരാള്‍ 'ഏഴു സുന്ദര രാത്രികള്‍'' എന്ന പ്രസിദ്ധ ഗാനം കേള്‍ക്കുമ്പോള്‍ പുതിയൊരു നോവ് കൂടി അനുഭവിക്കും. മൂത്ത സഹോദരി ആശുപത്രിയിലാണെന്ന അറിവും, ഷൂട്ടിങ് സമയത്ത് അവര്‍ മരണപ്പെട്ടു എന്ന മറച്ചു വയ്ക്കപ്പെട്ട അറിവും നല്‍കിയ വിങ്ങല്‍ ആ മനോഹരഗാനത്തിലെ അത്യാകര്‍ഷകവും സന്തോഷപൂര്‍ണ്ണവുമായ അഭിനയത്തെ പുതിയൊരു മനസ്സോടെ ആസ്വദിക്കാന്‍ നമ്മളെ സജ്ജരാക്കുന്നു.. ആ ഗാനത്തോടുള്ള നമ്മുടെ ബന്ധം അതോടെ ഗാഢതരമാകുന്നു.

സാങ്കേതിക പരിമിതികള്‍ക്കുള്ളിലും പഴയകാല സംവിധായകര്‍ അവരുടെ പ്രതിഭാവിലാസം കൊണ്ടും സൂക്ഷ്മത കൊണ്ടും എത്രയെത്ര മികച്ച ഗാനചിത്രീകരണങ്ങളാണ് നമുക്ക് നല്‍കിയത് എന്ന് ആശ്ചര്യപ്പെടാനും ഈ പുസ്തകങ്ങളിലെ പരാമര്‍ശങ്ങള്‍ പ്രേരിപ്പിക്കും. ഒന്നോ രണ്ടോ പാട്ടുകള്‍ മാത്രം പാടി വിസ്മൃതരായവര്‍, സിനിമാരംഗത്തെ മത്സരത്തില്‍ പിടിച്ചു നില്ക്കാന്‍ കഴിയാതെ പിന്മാറിയ സംഗീത സംവിധായകര്‍, കോറസ് പാട്ടുകാരായി മാത്രം ഉപജീവനം നയിക്കേണ്ടി വന്നവര്‍, ഒരുകാലത്തു ഗ്ലാമര്‍ ജീവിതം നയിച്ച് ജീവിതസായാഹ്നത്തില്‍ ഇല്ലായ്മയുടെ പിടിയിലമര്‍ന്നു പോയവര്‍, വഴിയോരത്തു വീണു പോയവര്‍, സഹപ്രവര്‍ത്തകര്‍ കൂടി മറന്നു പോയവര്‍... അങ്ങനെ എണ്ണമറ്റ ജീവിതങ്ങളുടെ ഇതുവരെകാണാത്ത തെരുവിലൂടെയാണ് രവിമേനോന്‍ വായനക്കാരെ നടത്തിക്കുന്നത്. മലയാള സിനിമാചരിത്രത്തിന്റെ പരിച്ഛേദമായിരിക്കെ തന്നെ ഈ രചനകള്‍ ചരിത്രം സാധാരണഗതിയില്‍ കാണാതെ പോകുന്ന ജീവിതങ്ങളുടെ നേര്‍ചിത്രങ്ങളുമാകുന്നു. കലാകാരുടെ സവിശേഷ വ്യക്തിത്വങ്ങളുടെ അനേകം നഖചിത്രങ്ങള്‍ ഇവയെ അലങ്കരിക്കുന്നു. എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നിരത്താനാവും ഈ താളുകളില്‍ നിന്ന്. ഒരു സാമ്പിള്‍ മാത്രം ഇവിടെ എടുത്തെഴുതുന്നു:

'അടുത്ത ദിവസം റെക്കോഡ് ചെയ്യേണ്ട പാട്ടാണ്. രണ്ടും കല്‍പ്പിച്ചു മുറ്റത്തിറങ്ങി (പോകാന്‍ തുടങ്ങിയ വയലാറിനെ) തടയുന്നു എം. ബി. ശ്രീനിവാസന്‍. പാട്ടെഴുതിത്തന്നിട്ടേ പോകാവൂ എന്ന് സംഗീതസംവിധായകന്‍, പറ്റില്ലെന്ന് വയലാര്‍. തര്‍ക്കം മൂത്തപ്പോള്‍ എം.ബി.എസ്സിന്റെ ഭാര്യ സഹീദ ഇടപെടുന്നു. സ്‌നേഹത്തില്‍ പൊതിഞ്ഞ ക്ഷമാപണങ്ങള്‍ക്കും അപേക്ഷകള്‍ക്കുമൊടുവില്‍ പതിവ് പോലെ വയലാറിന്റെ ഉള്ളിലെ കലാപകാരിയുടെ കീഴടങ്ങല്‍. 'പെട്ടെന്ന് ഒരു കടലാസ്സും പേനയും തരൂ, എഴുതി നോക്കട്ടെ'' എന്നായി വയലാര്‍. സഹീദ കൊണ്ട് വന്നു കൊടുത്ത നോട്ടുബുക്ക് മുറ്റത്തു നിര്‍ത്തിയിട്ട ബോണറ്റിന്മേല്‍ തുറന്നു വച്ച് വയലാര്‍ എഴുതുന്നു: 'മൗനങ്ങള്‍ പാടുകയായിരുന്നു, കോടി ജന്മങ്ങളായ് നമ്മള്‍ പരസ്പരം തേടുകയായിരുന്നു; വെണ്‍ചന്ദനത്തിന്‍ സുഗന്ധം നിറയും നിന്‍ അന്തരംഗത്തിന്‍ മടിയില്‍ എന്റെ മോഹങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇന്നൊരേകാന്ത പഞ്ജരം കണ്ടൂ ഞാന്‍.'' ഒരു ചരണം കൂടി എഴുതാനുണ്ട്. നാട്ടിലെത്തിയിട്ടു ഫോണില്‍ പറഞ്ഞു തരാമെന്നു പറഞ്ഞു പോയ കവിയുടെ അന്ത്യയാത്രയായിരുന്നു അതെന്നു അപ്പോള്‍ ആരും നിനച്ചില്ല . ഒരു ചരണം ഇപ്പോഴും എഴുതപ്പെടാതെ ബാക്കി.''

ഈ പുസ്തകങ്ങളിലൂടെ മലയാള സിനിമയിലെ കഴിഞ്ഞകാല ഗാനശില്‍പ്പികള്‍ മിക്കവാറും എല്ലാവരെയും നാം പരിചയപ്പെടുന്നു. അവരുടെ കൂടിച്ചേരലുകള്‍, കലഹങ്ങള്‍, മഞ്ഞുരുകലുകള്‍, പശ്ചാത്താപങ്ങള്‍ എല്ലാം രവിമേനോന്‍ ഒപ്പിയെടുക്കുന്നു. ഈ മഹാകലാകാരന്മാരെല്ലാം എന്തുമാത്രം പച്ചയായ മനുഷ്യരായിരുന്നുവെന്നും അതാണ് അവരെ പ്രിയങ്കരരാക്കുന്നതെന്നും നമുക്ക് മനസ്സിലാവുന്നു. ഓരോ സംഭവം ആഖ്യാനം ചെയ്യുമ്പോഴും ഒടുവില്‍ അനുവാചകന്റെ മനസ്സില്‍ ആ കലാകാരനെക്കുറിച്ചു സ്‌നേഹബഹുമാനങ്ങള്‍ മാത്രമേ ബാക്കിയാകുന്നുള്ളൂ എന്നതാണ് ഈ ആഖ്യാന ശൈലിയുടെ സവിശേഷതയും നന്മയും മമതയും. മലയാള ഗാനശില്പികളെ മാത്രമല്ല ഹിന്ദി സിനിമാ ഗാനങ്ങളെക്കുറിച്ചും ഈ കൃതികള്‍ അന്യാദൃശമായ ഉള്ളറിവ് പകരുന്നു. മേരി ആവാസ് സുനോ, സോജാ രാജകുമാരി, കഭീ കഭീ മേരെ ദില്‍ മേ എന്നീ കൃതികള്‍ ഹിന്ദി ഗാനശില്പികളെക്കുറിച്ചു മാത്രമാണ്. സിനിമാ സംഗീതത്തതിന് പുറത്തുള്ള പ്രഗത്ഭരായ ഹിന്ദുസ്ഥാനി സംഗീതജ്ഞരും ഇവയില്‍ പ്രത്യേകമായി പഠനവിധേയമാകുന്നു. ബിസ്മില്ല ഖാനും കുമാര്‍ ഗന്ധര്‍വ്വയുമൊക്കെ ഈ പഠനങ്ങളിലുണ്ട്. ഗസല്‍ ചക്രവര്‍ത്തിയായ മെഹ്ദി ഹാസന്റെ ഗസല്‍ കോഴിക്കോട് വച്ച് കേട്ടതിന്റെ അനുഭവ വിവരണവുമുണ്ട്. ഹിന്ദി ചലച്ചിത്ര സംഗീതത്തെക്കുറിച്ചു ഇത്ര സമഗ്രമായ കൃതികള്‍ രചിക്കപ്പെടുന്നുവെന്നത് മലയാളത്തിന് എത്രയും അഭിമാനകരമാണ്. സംഗീതത്തെക്കുറിച്ചുള്ള ശാസ്ത്രീയാവബോധമാണ് ഈ രചനകളുടെ മറ്റൊരു കരുത്ത്. ഓരോ സംഗീത സംവിധായകനും ഓരോ രാഗത്തെ എങ്ങനെ പരിചരിച്ചിരിക്കുന്നുവെന്നും ഗായകര്‍ അവയ്‌ക്കെങ്ങനെ മനോധര്‍മ്മ രമണീയത കൈവരിച്ചിരിക്കുന്നുവെന്നും പല സന്ദര്‍ഭങ്ങളിലും വിശദീകരിക്കുന്നുണ്ട്.

വായിച്ചു തീര്‍ത്താലും മനസ്സില്‍ നിന്ന് മാഞ്ഞു പോകാത്ത അനേകം തൂലികാ ചിത്രങ്ങളാണ് ഈ കൃതികളുടെ മറ്റൊരു സൗഭാഗ്യം. 'അനുരാഗത്തിന്റെ ആദ്യ നൊമ്പരം ആത്മനാഥനോടെങ്ങനെ പറയും'' എന്ന പ്രണയഗാനം ഏറെ ഇഷ്ടപ്പെട്ടിരുന്ന സിസ്റ്റര്‍ അനിതയെ മറക്കാനാവുമോ? ഗ്രന്ഥകാരന്റെ അതേ പേരുകാരനായ 'നിര്‍മ്മാല്യ'ത്തിലെ നായകന്‍ ഒരിക്കല്‍ കണ്ടപ്പോള്‍ കൊടുത്ത ഉപദേശം ഇതായിരുന്നു:
'നിങ്ങടെ പേര് മാറ്റാം കേട്ടോ; ഭാഗ്യമില്ലാതെ പേരാ.''
പൂര്‍ണ്ണതയിലെത്താന്‍ കഴിയാതെ പോയ ഒരു കലാകാരന്റെ നിരാശ മുഴുവനുണ്ട് ആ വാക്കുകളില്‍. മാറുന്ന കാലത്തെക്കുറിച്ചുള്ള തത്വചിന്താപരമായ അവബോധം ഈ കൃതികളുടെയെല്ലാം ആന്തരികശ്രുതിയായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു. എന്നാല്‍ അത്തരത്തിലുള്ള അവകാശവാദങ്ങളൊന്നും എഴുത്തുകാരന്‍ നടത്തുന്നുമില്ല. വായനയുടെ ഫലശ്രുതിയായി അവ നമ്മളില്‍ ഇടം നേടുകയാണ്. ചൈതന്യപൂര്‍ണ്ണമായ ഭാഷാശൈലിയാണ് ഈ രചനകളെ പ്രിയങ്കരമാക്കുന്ന മറ്റൊരു ഘടകം. അവാച്യമായൊരു സൗമ്യത ഇവയെ ചൂഴ്ന്നു നില്‍ക്കുന്നത് നമുക്ക് അനുഭവവേദ്യമാകുന്നു. സുഗമസംഗീതത്തെപ്പറ്റി എഴുതുമ്പോള്‍ തന്റെ ഭാഷ ക്‌ളിഷ്ടവും ദുര്‍ഗ്രഹവുമാവരുതെന്ന ജാഗ്രത ഓരോ വാക്കിലും വരിയിലും രവിമേനോന്‍ പുലര്‍ത്തുന്നുണ്ട്. നാട്യങ്ങളില്ലാത്ത ഭാഷ, നാടകീയമായ ആഖ്യാനം, നന്മയെ ഉപാസിക്കുന്ന സമീപനം- രവിമേനോന്റെ ശൈലിയെ ഈ വിധം സംക്ഷേപിക്കാം.

സംഗീതത്തെക്കുറിച്ചു എഴുതപ്പെട്ട കുറെ പുസ്തകങ്ങള്‍ എന്നതല്ല രവിമേനോന്റെ ഈ കൃതികളുടെ പ്രസക്തിയും മൂല്യവും. അന്വേഷണാത്മകവും മാനവികവുമായ ഒരു ജ്ഞാന ശാഖയുടെ പ്രഭാത സുഭാഗതയാണ് ഇവയിലൂടെ അനുഭവിക്കുന്നത്. അമൂര്‍ത്തങ്ങളെ അവ മൂര്‍ത്തമാക്കുന്നു; അപരിചിതങ്ങളെ പരിചിതമാക്കുന്നു. വിസ്മൃതികളെ വിളിച്ചുണര്‍ത്തുന്നു; അല്പജ്ഞാനത്തെ അറിവാക്കുന്നു. കാലത്തിന്റെ അധൃഷ്യപ്രവാഹത്തെക്കുറിച്ച് ഓര്‍ക്കാനും കാലം കനിഞ്ഞു നല്‍കിയ വിഭൂതികളെ ആദരിച്ചാസ്വദിക്കാനുമുള്ള ഒരു പുതിയ ആസ്വാദനസംസ്‌കാരം മലയാളി വായനക്കാര്‍ക്കു പകര്‍ന്നു തരാന്‍ ഈ കൃതികള്‍ക്ക് സാധിച്ചിരിക്കുന്നു. മനുഷ്യര്‍ മറന്നുപോയാലും ചരിത്രത്തിന്റെ സ്മരണാവലിയില്‍ ഒരു സാധാരണ കാലാകാരനുപോലും സ്ഥാനമുണ്ടെന്നു സമാശ്വസിപ്പിക്കാന്‍ കൂടി ഈ കൃതികള്‍ക്കു സാധിക്കുന്നു. ഇതുവരെ നമുക്കന്യമായിരുന്ന അറിവോടെയും വികാരസ്പര്‍ശത്തോടെയും
ഗാനങ്ങളുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കാന്‍ രവിമേനോന്റെ കൃതികള്‍ നമ്മളെ പ്രാപ്തരാക്കുന്നു. ശൂന്യതയില്‍ അത്തരം മിന്നല്‍ക്കൊടികള്‍ വിടര്‍ത്തുകയാണല്ലോ ഒരു മികച്ച രചനയുടെ ലക്ഷണവും
ധര്‍മ്മവും.

കടപ്പാട്: ഫെയ്‌സ്ബുക്ക്

രവി മേനോന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: Ravi Menon, K Jayakumar, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented