രാമന്‍ ഇഫക്ട്: മനുഷ്യരും മരങ്ങളും പുസ്തകങ്ങളും നിറയുന്ന മരുതുംകരയുടെ ജീവിതപ്പകര്‍ച്ചകള്‍


ഡോ. സുഭാഷ് ജോണ്‍

പ്രകൃതിയെയും സ്ത്രീയെയും കര്‍തൃസ്ഥാനത്തു നിര്‍ത്തുന്ന നോവല്‍, കഥാപാത്ര പരിചരണത്തിന്റെ വ്യത്യസ്തത കൊണ്ടും ഭാഷാമികവിന്റെ സാരള്യം കൊണ്ടും ആലങ്കാരികതകളുടെ ഭംഗികൊണ്ടും വായനയുടെ മികച്ച അനുഭവമാകുന്നു.

രാജൻ പാനൂർ, പുസ്തകത്തിന്റെ കവർ ചിത്രം

രുതുംകര ദേശത്തെ അതിസാധാരണരായ മനുഷ്യരുടെ അസാധാരണ ജീവിതം പറയുന്ന രാജന്‍ പാനൂരിന്റെ രാമന്‍ ഇഫക്ട് എന്ന നോവല്‍ ഇരുട്ടുപിഴിഞ്ഞ് വെളിച്ചം മിനുക്കുന്ന ആഖ്യാനമാണെന്നു വിശേഷിപ്പിച്ചാല്‍ അധികമാവില്ല. പ്രാദേശിക ജീവിത ചിത്രണങ്ങളാല്‍ നിറഞ്ഞ നോവല്‍ ആവിഷ്‌കരിച്ച മരുതുംകര ദേശവും അതിലെ മനുഷ്യരും യഥാര്‍ത്ഥ ജീവിതത്തെയും അതിന്റെ തന്നെ ഉള്‍പ്പതിപ്പുകളെയുമാണ് രേഖപ്പെടുത്തുന്നത്. എളുപ്പവായനയില്‍ കണ്ടെടുക്കാന്‍ പറ്റുന്ന കഥയും കഥാപാത്രങ്ങളും അനുഭവ പരിസരങ്ങളുമാണ് നോവലിന്റേത്.

നാല്പതുകളില്‍ എത്തി നില്‍ക്കുന്ന പാവുണ്ണിയാണ് നോവലിലെ പ്രധാന കഥാപാത്രം. അയാളുടെ സങ്കീര്‍ണതകളും സംഘര്‍ഷങ്ങളും നിറഞ്ഞ ദരിദ്രജീവിതം പ്രമേയവത്കരിക്കുന്ന നോവലിസ്റ്റ്, നിസ്സഹായരായ മറ്റനേകം മനുഷ്യരുടെ ജീവിതാവസ്ഥകളും ആഖ്യാനം ചെയ്യുന്നു. അവരില്‍ അധികംപേരും സ്ത്രീകളാണെന്നതും നോവലിന്റെ പ്രത്യേകതയാണ്. പ്രകൃതിയെയും സ്ത്രീയെയും കര്‍തൃസ്ഥാനത്തു നിര്‍ത്തുന്ന നോവല്‍, കഥാപാത്ര പരിചരണത്തിന്റെ വ്യത്യസ്തത കൊണ്ടും ഭാഷാമികവിന്റെ സാരള്യം കൊണ്ടും ആലങ്കാരികതകളുടെ ഭംഗികൊണ്ടും വായനയുടെ മികച്ച അനുഭവമാകുന്നു.

പാവുണ്ണിയുടെയും ഗൗരിയുടെയും ജീവിതം അഭിസംബോധന ചെയ്യുമ്പോഴും നോവല്‍ ഭാഷയ്ക്കകത്ത് തെളിഞ്ഞുപരക്കുന്ന ചെറിയ മനുഷ്യരുടെ വലിയ ജീവിതങ്ങള്‍ കാണാം. അവില് മാണിക്കവും തുത്തി മാതയും കുഞ്ഞൂട്ടി മാഷും തുടങ്ങി എത്രയോ പേര്‍ നോവലില്‍ ജീവിത സമസ്യകളുടെ വിസ്മയ കാഴ്ചകള്‍ വിതാനിക്കുന്നു. ദാരിദ്യം, വിശപ്പ് തുടങ്ങിയ സാര്‍വ്വലൗകിക പ്രതിസന്ധികള്‍, അസാധാരണ അനുഭവങ്ങള്‍, ഓര്‍മകളുടെ ഭാരം, സ്ത്രൈണ ചേതനകളുടെ അപൂര്‍വതകള്‍, പ്രണയം, പാരിസ്ഥിതികാവബോധം, ജീവിതത്തിന്റെ അര്‍ത്ഥശൂന്യത തുടങ്ങി മനുഷ്യജീവിത വൃത്തത്തിനുള്ളില്‍ വരുന്ന ഭിന്നതലവര്‍ത്തിയായ പല ജീവിത വഴക്കങ്ങളുടെയും സങ്കലനമായി രാമന്‍ ഇഫക്ട് മാറുന്നുണ്ട്.

നോവലിലെ കേന്ദ്രകഥാപാത്രമായ പാവുണ്ണിക്കും പാവുണ്ണിയിലൂടെ വായനക്കാര്‍ക്ക് പരിചിതയാവുന്ന ഗൗരിക്കും വേറിട്ട ചിന്തയും അവബോധവും ലഭിക്കുന്നത് അവര്‍ കടന്നുപോയ ജീവിത സാഹചര്യങ്ങളില്‍ നിന്നും അവ നല്‍കിയ അനുഭവങ്ങളില്‍ നിന്നുമാണ്. പാവുണ്ണിയുടെ കുട്ടിക്കാലത്തെ അനാഥത്വത്തെ ഒരു പരിധിവരെ ഇല്ലാതാക്കുന്നത് അച്ഛന്‍ പെങ്ങള്‍ തുത്തി മാതയും അവര്‍ പകര്‍ന്നുകൊടുത്ത പ്രകൃതി സ്നേഹവുമാണ്. വൃക്ഷങ്ങള്‍ക്ക് മനുഷ്യരുടെ പേരുനല്‍കി അവയെ പരിചരിക്കുകയാണ് കുട്ടിയായ പാവുണ്ണി. സുഹൃത്തായ ശിവരാമന്‍ ഭാവിയില്‍ ആരാവണം എന്ന് പാവുണ്ണിയോട് ചോദിക്കുന്ന ഒരു സന്ദര്‍ഭം നോവലിലുണ്ട്.

'എനിക്ക് വല്യ ഒരു മരമായാല്‍ മതി. ഒരുപാട് കൊമ്പും പൂവും ഇലയും കായും ഒക്കെയുള്ള ഒരു മരം. ഓരോ കൊമ്പിലും ഒരു പാടു പക്ഷികള്‍ വന്നിരിക്കണം. പൂമ്പാറ്റകള്‍ പാറിവന്ന് ഇലകളാകെ മൂടണം മരമെറിഞ്ഞ തണലില്‍ ജീവികളൊരുപാട് വന്നു ചേരണം. അതില്‍ മനുഷ്യരും ഉരഗമൃഗാദികളും ഒക്കെയുണ്ടാവണം. മഞ്ഞും മഴയും വെയിലും കൊള്ളാതെ ഞാനവര്‍ക്കൊരു കുട വിരിക്കും. എല്ലാവരും ഇഷ്ടം കൂടി പാട്ടു പാടണം. കഥ പറയണം. എന്നും ചിരിക്കണം. കണ്ണീരിന്റെ തുള്ളി പോലും അവിടെങ്ങും കിനിയരുത്' എന്നാണ് പാവുണ്ണിയുടെ മറുപടി.

bookcover
പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

വായനയുടെ ലോകമാണ് പാവുണ്ണിയെ സ്വാധീനിക്കുന്ന മറ്റൊരു ലോകം. അറിവിന്റെ ലോകം ഗൗരിയെയും മറ്റൊരാളാക്കുന്നുണ്ട്. രാമന്‍ ഇഫക്ട് എന്ന ശാസ്ത്ര പ്രതിഭാസവുമായി നോവല്‍ കഥാപാത്രങ്ങളുടെ ജീവിതപെരുമാറ്റങ്ങളിലെ ഈ മനുഷ്യോന്മുഖ വളര്‍ച്ചയെ സുഘടിതമായി സമന്വയിപ്പിക്കുകയാണ് നോവലിസ്റ്റ്.

പതിനാലു വര്‍ഷത്തിനു ശേഷം സ്വദേശമായ മരുതുംകരയിലേക്ക് പാവുണ്ണി തിരിച്ചു വരുന്നിടത്താണ് നോവലിന്റെ ആരംഭം. പതിന്നാല് വര്‍ഷത്തെ വനവാസത്തിന് ശേഷം അയോദ്ധ്യയിലേക്ക് വരുന്ന രാമനെ ഓര്‍മിപ്പിക്കുന്നുണ്ട് പാവുണ്ണി. മാത്രമല്ല നോവലില്‍ പേരിലും പ്രകൃതത്തിലും സമാനതകള്‍ സൂക്ഷിക്കുന്ന പല രാമന്‍മാരുണ്ട്. ശ്രീരാമന്റെ സ്വത്വഗുണങ്ങളും തമോഗുണങ്ങളും പല നിലയ്ക്ക് ഉള്ളില്‍ പേറുന്നവരാണ് ഇവരെന്ന് സൂക്ഷ്മവായനയില്‍ കണ്ടെത്താനാവും. ആശാന്റെ സീതാകാവ്യത്തില്‍ തന്നെ കാരണമില്ലാതെ ഉപേക്ഷിച്ച രാമനോട് സീത ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

അരുതെന്തയി വീണ്ടുമെത്തി ഞാന്‍
തിരുമുമ്പില്‍ തെളിവേകി ദേവിയായ്
മരുവീടണമെന്നു മന്നവന്‍
കരുതുന്നോ? ശരി? പാവയോയിവള്‍!
-എന്ന് ആശാന്റെ സീത രാമനോട് ചോദിക്കുന്നു. പുതിയ കാലത്തെ സീതമാര്‍ ഇതേ ചോദ്യം മറ്റുപല നിലയ്ക്കും ചോദിച്ചുകൊണ്ട് ആണധീശത്വ സമൂഹത്തിന്റെ രാമനിലപാടുകളെ നിരന്തരം വിമര്‍ശിക്കുന്നതും ചോദ്യംചെയ്യുന്നതും ഗൗരിയിലൂടെ നോവലിസ്റ്റ് അടയാളപ്പെടുത്തുന്നുണ്ട്. അച്ഛന്‍ കുട്ടിരാമന്റെ അമിത നിയന്ത്രണങ്ങളും യാഥാസ്ഥിതിക വൈകല്യങ്ങളും ഇല്ലാതാക്കുന്ന ഗൗരിയുടെ സമര്‍ത്ഥ ജീവിതത്തെക്കുറിച്ചു പറഞ്ഞു കൊണ്ടാണ് ആധുനിക ആണ്‍പക്ഷം മുന്നോട്ടു വെക്കുന്ന രാമന്‍ ഇഫക്ടിനെക്കുറിച്ച് നോവലിസ്റ്റ് ധ്വനിപ്പിക്കുന്നത്. ഇങ്ങനെ രാമന്‍ എന്ന പൗരാണിക ബിംബത്തെയും രാമന്‍ ഇഫക്ട് എന്ന ആധുനിക പ്രതിഭാസത്തെയും നോവലിലെ കഥാപാത്ര ജീവിതങ്ങളുടെ ആന്തരികവും ബാഹ്യവുമായ വ്യവഹാര ഇടങ്ങളിലേക്ക് വൈദഗ്ധ്യത്തോടെ സന്നിവേശിപ്പിച്ചിരിക്കുന്നു രാജന്‍ പാനൂര്‍.

പാവുണ്ണിയുടെ ബാല്യകാലം, അക്കാലങ്ങളില്‍ അവന്‍ അനുഭവിച്ചുതീര്‍ത്ത ദുരിത ജീവിതത്തിന്റെ വ്യസനങ്ങള്‍, അച്ഛന്‍ മൂരി ഗോപിയുടെ ദയാരഹിതമായ പെരുമാറ്റങ്ങള്‍, അനാഥത്വം ഏല്പിച്ച അരക്ഷിതാവസ്ഥ, അച്ഛന്‍ പെങ്ങള്‍ തുത്തിമാത നല്‍കിയ സ്നേഹക്കരുതലുകള്‍, പിറന്നു വീണതേ അമ്മയെ കൊന്നവനെന്ന ആക്ഷേപം കേള്‍ക്കേണ്ടി വന്നതിന്റെ ആധികള്‍, അതേല്‍പിച്ച അസ്തിത്വ ദു:ഖങ്ങള്‍, കുഞ്ഞൂട്ടി മാഷിന്റെ ചേര്‍ത്തു പിടിക്കലുകള്‍, മാഷിന്റെ മരണം ഏല്പിച്ച ആഘാതം, ബാല്യകാല സുഹൃത്ത് ശിവരാമന്‍ വിരിച്ച സാന്ത്വനത്തണല്‍, അമ്പു വാശാരിക്കൊപ്പമുള്ള തൊഴില്‍ ജീവിതം, കൊത്തുപണിയില്‍ അതിവേഗം കൈവരിച്ച കൈയടക്കം, അതു നല്‍കിയ തൊഴില്‍ മാന്യത, ശിവരാമന്റെ അപ്രതീക്ഷിത മരണം കൊണ്ടുവന്ന നിസംഗത, ദേവകിപ്പാലയുടെ അരികില്‍ അഭയം കണ്ടെത്തിയ ജീവിതത്തിലെ അനേക സന്ദര്‍ഭങ്ങള്‍, ഗൗരിയുമായുള്ള വിവാഹം, വിവാഹ പിറ്റേന്നുള്ള ഗൗരിയുടെ അപ്രതീക്ഷിത തിരോധാനം, അവളുടെ കാമുകന്‍ കണ്ണന്റെ കൊലപാതകം, അതിന്റെ കാരണം, ഉറച്ചു നിലപാടുകള്‍ എടുത്തതിന്റെ പേരില്‍ ഗൗരിക്ക് നഷ്ടപ്പെടുത്തേണ്ടി വന്ന ജീവിതം എന്നിങ്ങനെ മരുതുംകരയിലേക്ക് മടങ്ങിയെത്തുന്ന പാവുണ്ണി ഈ ഓര്‍മകള്‍ മുഴുവന്‍ പങ്കുവെക്കുന്നത് ഓട്ടോ ഡ്രൈവറും സാഹിത്യ വിദ്യാര്‍ത്ഥിയുമായ യുഗേഷ് ചെറിയരാമനെന്ന ചെറുപ്പക്കാരനോടാണ്.

വര്‍ത്തമാനകാലത്തെ യുവത്വത്തിന്റെ പ്രതിനിധിയാണ് യുഗേഷ് ചെറിയരാമന്‍. പാവുണ്ണിയുടെ ജീവിതം കേള്‍ക്കാന്‍ അവന്‍ കാണിക്കുന്ന കരുതലും സന്നദ്ധതയും കണിശതയും പുതിയ യുവത്വത്തെക്കുറിച്ചുള്ള പഴയതലമുറയുടെ മുന്‍വിധികള്‍ക്കെല്ലാം മുകളിലാണ്. പുതിയ കാലത്തെ ചെറുപ്പക്കാര്‍ നിസംഗരല്ല, അവരുടെ ഉള്ളം കരുണ വറ്റാത്ത ഉറവക്കണ്ണുകള്‍ തുറക്കുന്ന ഇടമാണെന്ന് യുഗേഷ് ചെറിയ രാമനിലൂടെ നോവലിസ്റ്റ് വ്യംഗ്യമായി പറഞ്ഞുവെക്കുന്നു.

വ്യവസ്ഥാപിത ശീലങ്ങളുടെയും ചിന്തകളുടെയും യാഥാസ്ഥിതിക കണ്ണികള്‍ മുറിച്ചുകളയുന്ന സന്ദര്‍ഭങ്ങള്‍ പലത് നോവലില്‍ കാണാം. പാലയെ സംബന്ധിച്ചുള്ളതാണ് അതിലൊന്ന്. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നുന്ന പല സന്ദര്‍ഭങ്ങളിലും പാവുണ്ണി അഭയം കണ്ടെത്തുന്നത് ദേവകിപ്പാലയെന്ന് അവന്‍ പേര്‍ ചൊല്ലി വിളിക്കുന്ന പാലച്ചുവട്ടിലാണ്. പാവുണ്ണി കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത അവന്റെ അമ്മയുടെ പേരും ദേവകിയെന്നാണ്.

മനുഷ്യരെക്കുറിച്ചും മരങ്ങളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും പങ്കുവെക്കുന്ന ഒരു കൈപ്പുസ്തകമാണ് അക്ഷരാര്‍ത്ഥത്തില്‍ രാമന്‍ ഇഫക്ട്. നൂറ്റിനാല്പതോളം വൃക്ഷങ്ങളെക്കുറിച്ചും അനേകം പുസ്തകങ്ങളെക്കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ നോവലിന്റെ മുഖ്യ സവിശേഷതകളില്‍ ഒന്നാണ്. പല നിലയ്ക്കും പ്രസക്തമായ വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന രാമന്‍ ഇഫക്ട്, വാക്കുകളുടെയും ആശയങ്ങളുടെയും സൂക്ഷ്മ വിന്യസനം കൊണ്ടും മനുഷ്യര്‍, മരങ്ങള്‍, പുസ്തകങ്ങള്‍ തുടങ്ങിയ ജൈവിക വഴികളിലൂടെ പ്രകൃതിയിലേക്ക് ഹൃദയം തുറക്കുന്ന കൃതിയെന്ന നിലയിലും മികച്ച വായനാനുഭവമാകുന്നു.

Content Highlights: Raman effect book review

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


congress karnataka

1 min

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേ, 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

Mar 29, 2023

Most Commented