'ഒരു പുസ്തകം നീട്ടീ അദ്ദേഹം എന്നോട് ചോദിച്ചു; ഇത് വായിച്ചിട്ടുണ്ടോ?'


4 min read
Read later
Print
Share

വണ്ടി സ്റ്റേഷനില്‍ പതിയെ നിന്നു. കുറച്ചാളുകള്‍ ഇറങ്ങുന്നുണ്ട്. ബോര്‍ഡിലേക്ക് നോക്കിയപ്പോള്‍ പരപ്പനങ്ങാടി എന്നു കണ്ടു. അടുത്ത സ്റ്റേഷനില്‍ എനിക്കിറങ്ങണം. അതിനു മുമ്പ് എനിക്കദ്ദേഹത്തെ പരിചയപ്പെടണം.

-

സിനിമ ഛായാഗ്രാഹകനായ നഹിയാന്‍ മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഞാന്‍ നാദിയ മുറാദ്: ഒരു അടിമപ്പെണ്ണിന്റെ അതിജീവന കഥ എന്ന പുസ്തകത്തിന്റെ വായനാനുഭവത്തെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

കുറച്ചു ദിവസങ്ങളായി കണ്ണൂരില്‍ ഷൂട്ടിങ്ങിന്റെ തിരക്കുകളിലായിരുന്നു. ഇന്നലെ പായ്ക്കപ്പ് ആയെങ്കിലും ചര്‍ച്ചകളും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിന്റെ സംസാരങ്ങളുമായി സമയം പോയതറിഞ്ഞില്ല. റൂമില്‍ കയറി ഒന്നു ഫ്രെഷായി. ബാഗെടുത്ത് നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു. സമയം ഉച്ചകഴിഞ്ഞ് 3:50. റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ നേരെ കൗണ്ടറിലേക്കോടി. ഭാഗ്യം, എറണാകുളം വണ്ടി പോയിട്ടില്ല. ടിക്കറ്റെടുത്ത് സ്റ്റെയറിലൂടെ മൂന്നാമത് പ്ലാറ്റ്ഫോമിലേക്ക് കടക്കുമ്പോള്‍ വണ്ടി വരുന്നത് കാണാമായിരുന്നു. വണ്ടി പ്ലാറ്റ്ഫോമില്‍ കിതച്ചുനിന്നപ്പോള്‍ ഞാന്‍ അണ്‍റിസര്‍വഡ് കമ്പാര്‍ട്ട്മെന്റിന്റെ അടുത്തെത്തി. പക്ഷേ, നല്ല തിരക്കായിരുന്നു. ഇത്രയും ദിവസത്തെ വര്‍ക്കിന്റെ ക്ഷീണവും ഉറക്കമില്ലായ്മയുമൊക്കെയുള്ള സ്ഥിതിക്ക് എനിക്കതില്‍ കയറാന്‍ മനസു വന്നില്ല.

തോളിലുള്ള ബാഗും പിടിച്ച് ഞാന്‍ പുറകിലേക്ക് നടന്നു. അവസാനമുള്ള SLR ബോഗിയില്‍ അധികം തിരക്കൊന്നും കാണുന്നില്ല, തല്‍ക്കാലം അതില്‍ കേറിപ്പറ്റാമെന്നു കരുതി. ഡോറില്‍ ഇരുന്നിരുന്ന രണ്ടു പേരില്‍ ഒരാളെ മാറ്റി ഞാന്‍ അകത്ത് കയറി. സീറ്റില്ലെങ്കിലും ആശ്വാസമുണ്ട്. തോളില്‍ നിന്നും ബാഗെടുത്ത് മുകളിലേക്ക് വെച്ച്, പോക്കറ്റില്‍ നിന്നും ഹെഡ്സെറ്റെടുത്ത് ചെവിയില്‍ തിരുകി. ആ സമയം സീറ്റിലിരുന്നിരുന്ന ഒരു മധ്യവയസ്‌കന്‍ വിരലുകൊണ്ട് അവിടെ ഇരിക്കാന്‍ ആംഗ്യം കാട്ടി. ഓപ്പോസിറ്റ് സീറ്റില്‍ ചെറിയ സ്പെയ്സ് കണ്ട് അദ്ദേഹത്തോട് പുഞ്ചിരിച്ചു കൊണ്ട് ഞാനവിടെ ഇരുന്നു. ഒരു ചെറുചിരിയോടെ അദ്ദേഹം ബാഗില്‍ എന്തൊക്കെയോ അടുക്കി വെക്കുന്ന തിരക്കിലേക്ക് നീങ്ങി. ഞാന്‍ മൊബൈലെടുത്ത് മ്യൂസിക് പ്ലെയറില്‍ എന്റെ ഫേവറിറ്റ് സെലക്ഷന്‍ പ്ലെ ചെയ്തു. ചുരുങ്ങിയത് രണ്ടര മണിക്കൂറെങ്കിലും വേണം നാട്ടിലെത്താന്‍. ഷഹബാസ് അമന്റെ ശബ്ദം കാതുകളെ സ്പര്‍ശിക്കാന്‍ തുടങ്ങി.

അദ്ദേഹം അപ്പോഴേക്കും ബാഗെല്ലാം പായ്ക്ക് ചെയ്ത് ബാഗിന്റെ മറ്റൊരറയില്‍ നിന്നും ഒരു പുസ്തകമെടുത്തു. അദ്ദേഹത്തിന്റെ ബാഗില്‍ ഇനിയും പുസ്തകങ്ങളുണ്ടെന്നെനിക്ക് മനസിലായി. എന്നെ നോക്കി ഒരു ചെറിയ ചിരിയുമായി അയാള്‍ വായിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ആദ്യം കണ്ടപ്പോള്‍ ഏതോ പള്ളിയിലെ ഇമാം ആയിരിക്കുമെന്നാണ് കരുതിയത്. അദ്ദേഹത്തിന്റെ മുഖത്തേക്ക് ഞാന്‍ നോക്കി. നല്ല വൃത്തിയോടെ നീട്ടി വളര്‍ത്തിയ താടി. അധികം ചുളിവുകളൊന്നും വന്നിട്ടില്ലാത്ത ലൈറ്റ് കളര്‍ ഷര്‍ട്ടും മുണ്ടും. മുകളിലേക്കൊതുക്കി വെച്ച മുടി. നെറ്റിയില്‍ നിസ്‌കാരത്തഴമ്പു പോലെയുള്ള അടയാളവും കാണാം. അപ്പോഴേക്കും പുസ്തകങ്ങളോടുള്ള എന്റെ പ്രിയം മനസില്‍ കയറി. ഇനി അയാളുടെ ശ്രദ്ധ തിരിക്കണമല്ലോ.. എന്നായി എന്റെ ചിന്ത. ഞാന്‍ ചെറുതായൊന്നു ചുമച്ചു, ആഗ്രഹിച്ച പോലെ തന്നെ അദ്ദേഹം എന്നെ നോക്കി. ആംഗ്യഭാഷയില്‍ ഒരു പുസ്തകം എനിക്ക് വായിക്കാന്‍ തരുമോ എന്ന് ഞാന്‍ ചോദിച്ചു. ചിരിച്ചു കൊണ്ടദ്ദേഹം ബാഗില്‍നിന്നും ഒരു ബുക്കെടുത്ത് എന്റെ നേരെ നീട്ടികൊണ്ട് ചോദിച്ചു, നിങ്ങളുടെ പേരെന്താണ്..?, ഞാന്‍ പേരു പറഞ്ഞു. നീട്ടിയ കൈ അങ്ങോട്ടു തന്നെ വലിച്ചുകൊണ്ട് അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് ബാഗില്‍ പരതി മറ്റൊരു ബുക്കെടുത്ത് എന്റെ നേരെ നീട്ടിയിട്ട് ചോദിച്ചു. ഇത് വായിച്ചിട്ടുണ്ടോ? എന്റെ ദൃഷ്ടികള്‍ പുസ്തകത്തിലേക്ക് പതിച്ചു. 'ഞാന്‍ നാദിയ മുറാദ് ' എഴുതിയത് പി.എസ്. രാകേഷ്.

നാദിയ മുറാദിനെ കുറിച്ചു ഞാന്‍ പലയിടത്തും വായിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയത് അവര്‍ക്കാണെന്നും എനിക്കറിയാം. പക്ഷെ മലയാളത്തില്‍ ഇവരെക്കുറിച്ചുള്ള പുസ്തകമിറങ്ങിയത് എനിക്കറിയില്ലായിരുന്നു. പിന്നെ ഈ എഴുത്തുകാരന്റെ തന്നെ 'ഞാന്‍ മലാല' എന്ന പുസ്തകവും വായിച്ചിട്ടുണ്ട്.. എന്റെ മുഖത്തേക്കു തന്നെ നോക്കിനിന്ന അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു..വായിച്ചിട്ടില്ല. എങ്കില്‍ ഇത് വായിക്കൂ...

ഞാന്‍ ബുക്കിലേക്ക് കണ്ണോടിക്കാന്‍ തുടങ്ങി..അദ്ദേഹത്തിന് എന്നെക്കൊണ്ട് ഈ ബുക്ക് വായിപ്പിക്കുന്നതില്‍ എന്തോ ഒരു സംതൃപതി ഉള്ളത് പോലെ എനിക്കു തോന്നി. കയ്യിലുള്ള പുസ്തകം മടക്കി വെച്ച് അദ്ദേഹം പുറത്തുള്ള കാഴ്ചകളിലേക്ക് ഓടിക്കയറിയിരുന്നു. അപ്പോഴേക്കും ഞാന്‍ ആദ്യ അധ്യായത്തിലേക്ക് കടന്നു. നമ്മളാരും ഇന്നുവരെ കേട്ടിട്ടില്ലാത്ത ഒരു മതത്തെക്കുറിച്ചാണ് എഴുത്തുകാരന്‍ ആദ്യം തന്നെ പരിചയപ്പെടുത്തുന്നത്. യസീദി മതം. ഈ മതത്തില്‍ ജനിക്കാത്തവര്‍ക്ക് ഒരിക്കലും അംഗമാകാന്‍ പറ്റാത്ത വളരെ വിചിത്രമായ ഒരു മതമാണ് യസീദി. ഇറാഖില്‍ ഒരു ഗ്രാമത്തിലെ കര്‍ഷക കുടുംബത്തില്‍ യസീദിയായി ജനിച്ച നദിയ മുറാദ് എന്ന പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ അതിജീവനത്തിന്റെ യാഥാര്‍ഥ്യ കഥയാണ് ഈ പുസ്തകം നമ്മോട് പറയുന്നത്.

വള്ളി പുള്ളി വിടാതെ ഭീകരതയുടെ തേര്‍വാഴ്ച്ച പച്ചയായി എഴുതിച്ചേര്‍ത്തിട്ടുമുണ്ട്. ഓരോ പേജുകള്‍ വായിച്ചു തീരുമ്പോഴും ഭീകരതയുടെ കാഠിന്യം കൂടിക്കൂടി വരുന്നത് പോലെയാണ് തോന്നുന്നത്. ഓരോ ദിവസവും ഓരോരുത്തരുടെ സബിയ്യ (അടിമ)യായി തോക്കിന്‍മുനയില്‍ നിര്‍ത്തിയും ശാരീരികമായി മുറിവേല്‍പ്പിച്ചും വിജയിയായി നിവര്‍ന്ന് നിന്ന് അട്ടഹസിക്കുന്ന ഭീകരര്‍ക്കു മുന്നില്‍ നിസഹായയായി കിടന്നു കൊടുക്കേണ്ടി വരുന്ന ആ പെണ്‍കുട്ടിയുടെ കണ്ണുകള്‍ ഒരിക്കലും നമ്മുടെ മനസില്‍ നിന്നും മായ്ച്ചുകളയാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ട്രക്കുകളില്‍ നിന്ന് ഓരോ വീടുകളിലേക്കും, അവിടെ നിന്ന് വീണ്ടും കിലോമീറ്ററുകള്‍ മരണതുല്ല്യം യാത്ര ചെയ്യേണ്ടി വരുന്ന ആ ദുരനുഭവങ്ങളെല്ലാം സ്വന്തം കണ്ണുകള്‍ കണ്ട ദൃശ്യങ്ങള്‍ പോലെയാണ് എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞത്. അത്രയ്ക്ക് ഹൃദയസ്പര്‍ശമാണ് ഓരോ അധ്യായങ്ങളും. മനസ്സില്‍ വിഷ്വല്‍ ചെയ്ത് കണ്ട അനുഭവമായിരുന്നു ആ താളുകള്‍ പകര്‍ന്നത്. ഇനി ഇത് മുഴുവന്‍ വായിച്ചു തീര്‍ക്കാതെ എനിക്കിറങ്ങാന്‍ പറ്റില്ല, അതുറപ്പാണ്.

ps rakesh
പുസ്തകം വാങ്ങാം

ഏതൊക്കെയോ സ്റ്റേഷനുകള്‍കടന്നു പോയിട്ടുണ്ട്. ഒന്നും ഞാന്‍ അറിഞ്ഞില്ല. ഏകദേശം മുക്കാല്‍ ഭാഗം വായിച്ചു തീര്‍ന്നിട്ടുണ്ടാവും. ദൂരേ നിന്നും കോഫിവില്പനക്കാരന്റെ ശബ്ദം കേള്‍ക്കാമായിരുന്നെങ്കിലും ഇതില്‍ നിന്നും മനസിനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. നമുക്കോരോ കോഫി കുടിച്ചാലോ എന്നദ്ദേഹം ചോദിച്ചു. വായിച്ചു കൊണ്ടു തന്നെ ഞാന്‍ തലയാട്ടി. പോക്കറ്റില്‍ കൈയിട്ട് പൈസ എടുത്തപ്പോഴേക്കും അദ്ദേഹം ഒരു കപ്പ് കോഫി എന്റെ മുന്നിലേക്ക് നീട്ടി കഴിഞ്ഞിരുന്നു. അത് വാങ്ങി ചിരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. പുഞ്ചിരിയോടെ വായന തുടര്‍ന്നോളൂ എന്ന മട്ടില്‍ തല ചെരിച്ചു കാണിച്ചദ്ദേഹം കോഫി കുടിച്ചു തുടങ്ങി. ഞാന്‍ വായനയിലേക്കു മടങ്ങി. അവസാന പേജും വായിച്ചു തീര്‍ന്നു പുറത്തേക്ക് നോക്കിയപ്പോള്‍ ഒരു സൈക്കോത്രില്ലര്‍ സിനിമ കണ്ടിറങ്ങിയ അനുഭവം.

ഏതോ സ്റ്റേഷനിലേക്ക് വണ്ടി അടുത്തു കൊണ്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ നോക്കി. ചെറിയ ഉറക്കത്തിലേക്ക് പോയിട്ടുണ്ട്. വണ്ടി സ്റ്റേഷനില്‍ പതിയെ നിന്നു. കുറച്ചാളുകള്‍ ഇറങ്ങുന്നുണ്ട്. ബോര്‍ഡിലേക്ക് നോക്കിയപ്പോള്‍ പരപ്പനങ്ങാടി എന്നു കണ്ടു. അടുത്ത സ്റ്റേഷനില്‍ എനിക്കിറങ്ങണം. അതിനു മുമ്പ് എനിക്കദ്ദേഹത്തെ പരിചയപ്പെടണം. വണ്ടി സ്റ്റേഷനില്‍ നിന്നും മൂവ് ചെയ്ത് തുടങ്ങിയപ്പോള്‍ അദ്ദേഹം പതിയെ കണ്ണുകള്‍ തുറന്നു. പുസ്തകം അദ്ദേഹത്തിന് നേരെ നീട്ടിയിട്ട് ഞാന്‍ പറഞ്ഞു.വലിയ സന്തോഷം... ചിരിച്ചു കൊണ്ട് പുസ്തകം ബാഗിലേക്കെടുത്ത് വെച്ചു. എവിടെയാണ്, എന്താണ് ജോലി എന്നൊക്കെ എന്നോടു ചോദിച്ചുതുടങ്ങി. എല്ലാറ്റിനും മറുപടി പറഞ്ഞു. നിങ്ങളെവിടെയാ.. ഞാന്‍ ചോദിച്ചു. കൊടുങ്ങല്ലൂരിനടുത്താണ്. പയ്യന്നൂരില്‍ ഒരു കല്യാണത്തിന് പോയതായിരുന്നു. ജോലി.....? ഞാന്‍ ചോദിച്ചു. അവിടെ ഒരു ഓര്‍ഫനേജില്‍ അദ്ധ്യാപകനാണ്...വലിയ സന്തോഷം തോന്നി എനിക്ക്. അങ്ങിനെ പല കാര്യങ്ങളും ഞങ്ങള്‍ ആ യാത്രയില്‍ സംസാരിച്ചു. വണ്ടി തിരൂര്‍ സ്റ്റേഷനിലേക്ക് അടുത്തു തുടങ്ങി.. മുകളില്‍ നിന്നും ബാഗെടുത്ത് തോളിലിട്ട് അദ്ദേഹത്തോട് യാത്രയും പറഞ്ഞ് ഞാന്‍ ഇറങ്ങി...

(പുസ്തകത്തിലെ നാസറിനെയും ഹിഷാമിനെയും ബഷീറിനെയും പോലെ ഒരു പാട് നന്മകളുള്ള ആ മനുഷ്യനുമായി ട്രെയിന്‍ വിദൂരതയിലേക്ക് ഓടിമറഞ്ഞു)

ഞാന്‍ നാദിയ മുറാദ് ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: PS Rakesh Malayalam Book Review Nahiyan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Girija Warrier book release

3 min

'പ്രശസ്തരായ മക്കളെപ്പറ്റി സൂചനപോലുമില്ലാതെ ശ്രദ്ധേയമായ ഗിരിജാവാര്യരുടെ നിലാവെട്ടം'- അഷ്ടമൂര്‍ത്തി

Mar 16, 2023


Book Review

3 min

അഷ്ടദേശങ്ങളിലേക്കിഷ്ടയാത്രകള്‍

Apr 3, 2023


Sonia cheriyan book

3 min

ഇന്ത്യന്‍ റെയിന്‍ബോയിലെ വിസ്മയവര്‍ണങ്ങള്‍

Mar 10, 2023

Most Commented