പുസ്തകത്തിന്റെ കവർ
'ഈ കാലവും കടന്നുപോകും' ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഉപശീര്‍ഷകത്തോടെ പി. എ. രാമചന്ദ്രന്‍ എഴുതിയ പുസ്തകം ഒരു പ്രത്യേകവായനാനുഭവം നല്കുന്നു. ആരേയും അസൂയപ്പെടുത്തുന്ന ഓദ്യോഗിക പദവികളിലെ പ്രവര്‍ത്തി പരിചയം, നിരവധി ലോകരാഷ്ട്രങ്ങളിലെ ഉന്നതശ്രേണികളിലൂടെ ലഭിച്ച അനുഭവസമ്പത്ത്, രോഗാതുരകള്‍ അവഗണിച്ച് നടത്തിയ യാത്രാനുഭവം, വിദ്യാസമ്പന്നത...അടങ്ങാത്ത കൗതുകത്തോടെ വായനതുടരാന്‍ പ്രേരിപ്പിക്കുന്ന ശൈലി.
ആത്മകഥ, യാത്രാവിവരണം, ശാസ്ത്രവീക്ഷണം, വൈജ്ഞാനികം...ഏത് ശാഖയില്‍ പെടുത്തും ഈ കൃതിയെ? മഹാമാരിയെ അതിജീവിച്ചതുകൊണ്ട് ഈ ശീര്‍ഷകം നല്കിയതാണ് എന്ന് പറയാന്‍ വയ്യ. എന്നിരുന്നാലും, സ്വദേശത്തും വിദേശത്തും വിപുലമായ പ്രോജക്ടുകളുടെ ശില്പിയായ പി.എ രാമചന്ദ്രന്‍ കോവിഡിനോടൊപ്പം ജീവിക്കുക എന്ന വലിയ പദ്ധതി രൂപകല്പന നടത്തിയിരിക്കുകയാണ് 'ഈ കാലവും കടന്നുപോകും' എന്ന ഗ്രന്ഥത്തിലൂടെ.
ഈ വിശ്വപൗരന്റെ രചനാപാടവം ശ്രദ്ധേയമാണ്. മാനവരാശിയെ ആകമാനം ഗ്രസിച്ച കോവിഡ് മഹാമാരിയെ 'സര്‍വത്ര സമബുദ്ധയഃ 'എന്ന് കിറുക്രിത്യതയോടെ നിരീക്ഷിച്ചിരിക്കുന്നു. കേരളത്തിലാകെ വസൂരിരോഗം പടര്‍ന്ന കാലത്തേയും, അന്ന് സ്വദേശമായ തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ ഗ്രാമത്തില്‍ വസൂരിരോഗികളെ ശുശ്രൂഷിച്ചിരുന്ന മൊരിയന്‍ ഗോവിന്ദനേയും, പണ്ടാരശവങ്ങളെ മറവുചെയ്യുന്ന രീതിയേയും അനുസ്മരിച്ചുകൊണ്ട് കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ സംസ്‌കരിക്കുന്ന രീതിയിലേക്ക് കൊണ്ടെത്തിക്കുന്നു; ഒപ്പം സമാനമായ ആണവ മാലിന്യസംസ്‌കരണരീതിയും പരാമര്‍ശിക്കുന്നു. തുടര്‍വായനക്ക് പ്രേരണ നല്കുന്ന ആഖ്യാനം!
ഈ പുസ്തകം അതിജീവനത്തിന് അത്യന്താപേക്ഷിതമായ പ്രത്യാശ പകരുന്നു. കലയും, സംസ്‌കാരവും, ശാസ്ത്രവും, അനുഭവസമ്പത്തും എല്ലാം യഥാവിധി സംയോജിപ്പിച്ചിട്ടുള്ള ഈ ഗ്രന്ഥം അത്യപൂര്‍വ്വമായ വായനാനുഭവം സമ്മാനിക്കുന്നു. യാത്രാവിവരണങ്ങളിലൂടെയും, സൗഹൃദങ്ങളിലെ ഊഷ്മളത പങ്കുവയ്ക്കുന്നതിലൂടെയും, ഗ്രന്ഥകര്‍ത്താവ് ഓര്‍മ്മകളുടെ ചുഴികള്‍ താണ്ടി
പിന്‍നടക്കുന്നുണ്ട്. നിരവധി ആശയങ്ങളുടെ വിവരണമാണ് ആ പിന്‍നടത്തത്തിലൂടെ വായനക്കാരന്റെ ആസ്വാദനത്തിനായി വരിച്ചിരിക്കുന്നത്.
മലയാള സാഹിത്യത്തിന്റെ മാറ്റ് കൂട്ടിയ നിരവധി കവികള്‍, ശ്രീ നാരായണഗുരു, കേരളം എക്കാലവും സ്മരിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ എന്നിവരെല്ലാം വാരിവിതറിയ നന്മകളാല്‍ സമ്പന്നമാണ് പി.എ. രാമചന്ദ്രന്റെ ജീവിതം എന്ന് ഈ ചെറുപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. കോവിഡിനോടൊപ്പം മാത്രമല്ല, സ്വന്തം ആരോഗ്യത്തെ ഗ്രസിച്ചിരിക്കുന്ന ഏതാനും രോഗങ്ങളുമായി സമരസപ്പെട്ട് ജീവിക്കുകയാണ് എഴുത്തുകാരന്‍ എന്ന സത്യം അനുവാചകന്റെ ജീവിതവീക്ഷണത്തെ സാരമായി സ്വാധീനിക്കാന്‍ പ്രാപ്തമായ പുസ്തകം! ജീവിതത്തിലെ പ്രതികൂലങ്ങളെ പ്രതീക്ഷാനിര്‍ഭരമായി അഭിമുഖീകരിക്കുവാന്‍ വായനക്കാരെ പ്രചോദിപ്പിക്കുന്ന പുസ്തകം.
Content Highlights :Prof. Leela Mary Koshi reviews tthe book Ee Kaalavum Kadannupokum by P A Ramachandran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..