പ്രേംനസീർ ആത്മകഥയും ജീവിതചിത്രവും
പ്രേംനസീറിന്റെ ആത്മകഥ 'എന്റെ ജീവിതം' ഏകദേശം നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മാതൃഭൂമിയിലൂടെ വീണ്ടും വായനക്കാരുടെ കൈകളില്‍ എത്തുകയാണ്. 1977 -ല്‍ ഇറങ്ങിയ ആദ്യപതിപ്പിന് ശേഷം അത് 'യാദൃശ്ചികമായി' ഫേസ്ബുക്കിലൂടെ വീണ്ടെടുക്കപ്പെടുകയും മാതൃഭൂമി പുനഃപ്രകാശനത്തിനു തയ്യാറാവുകയും ചെയ്തു എന്നതാണ് നാളിതുവരെയുള്ള പുസ്തകത്തിന്റെ യാത്രാപഥം. പ്രേംനസീര്‍ എന്ന നിത്യഹരിത നായകന് വിസ്മൃതിയില്‍ ആകുന്നില്ല. അദ്ദേഹത്തിന്റെ മകളായ ലൈലാ റഷീദ്, ഈ പുസ്തകത്തിനോടൊപ്പം തന്നെ മാതൃഭൂമി പ്രസിദ്ധീകരിച്ച അനുബന്ധപ്പുസ്തകം എന്ന നിലയില്‍ വായിക്കാവുന്ന, പി. സക്കീര്‍ ഹുസ്സൈന്‍ തയാറാക്കിയ 'ഇതിലെ പോയത് വസന്തം' എന്ന പുസ്തകത്തില്‍ പറയുന്നത് പോലെ, മിമിക്രിക്കാരിലൂടെ നസീര്‍ വീണ്ടും വീണ്ടും ജീവിച്ചു കൊണ്ടേയിരിക്കുകയാണ്.
മിമിക്രിയിലൂടെ പുനരവതരിക്കുന്ന ഭൂതകാല താരങ്ങള്‍ പലപ്പോഴും ഹാസ്യകഥാപാത്രങ്ങളായി പരിണമിക്കുകയാണ് ചെയ്യുന്നത്. അത് ആ കലാരൂപത്തിന്റെ സ്വഭാവമാണ്. എന്നാല്‍ സത്യന്, നസീര്‍, ജയന് തുടങ്ങിയ താരങ്ങള്‍ ഹാസ്യകഥാപാത്രങ്ങളായിപ്പോലും പുനരവതരിക്കുമ്പോള് ആ താരങ്ങളുടെ സിനിമകള്‍ 'അനുഭവിച്ചവര്‍ക്ക്', പൊട്ടിച്ചിരിക്കുമ്പോള്പ്പോലും തികഞ്ഞ ആദരവോടെ മാത്രമേ അവരെ ഓര്‍ക്കുവാന്‍ കഴിയുകയുള്ളൂ. മാന്യതയുടെ ആള്‍രൂപങ്ങളായിരുന്നു ആ കലാകാരന്മാര്. ഒരു കാലത്തെ, ദേശത്തെ, അവിടത്തെ ചെറുപ്പങ്ങളുടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ആദര്‍ശങ്ങളെ രൂപപ്പെടുത്തിയവരാണിവര്; പ്രത്യേകിച്ചും പ്രേംനസീര്‍. ഇപ്പോള്‍ അസ്തപ്രയമായിക്കൊണ്ടിരിക്കുന്ന ഒരു തലമുറ തങ്ങളുടെ പെരുമാറ്റത്തില്‍ സൂക്ഷിക്കുന്ന മാന്യതയുടെ ആദിരൂപം ഒരുപക്ഷെ സാംസ്കാരിക അബോധമായി പ്രേംനസീറില്‍ നിന്ന് സ്വീകരിച്ചതല്ല എന്ന് ആര് കണ്ടു!
നസീറിനൊപ്പം ചിരിക്കുകയും കരയുകയും പ്രണയിക്കുകയും ചെയ്ത തലമുറ ഇപ്പോള്‍ അതിന്റെ ക്ഷീണ സന്ധ്യയിലാണ്. മധു എന്ന മാധവന് നായര്‍ മാത്രമാണ് ബാക്കിയായിരിക്കുന്നത്. നസീറിന്റെ മുഖവും യേശുദാസിന്റെ പാട്ടുകളും കാണാതെയും കേള്‍ക്കാതെയും മലയാളികള്‍ എങ്ങനെ ജീവിക്കും എന്ന് അതിശയിച്ചൊരു കാലമുണ്ടായിരുന്നു. അവര്‍ രണ്ടായിരുന്നില്ല; ഒന്നു സ്വത്വത്തിന്റെ രണ്ടു വശങ്ങള് മാത്രമായിരുന്നു; രൂപവും സ്വരവും. എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ച വേളയില്‍ ഉലകനായകനായ കമല്‍ ഹാസന് പറഞ്ഞത് ഓര്‍ത്തു പോവുകയാണ്; അണ്ണന്റെ സ്വരത്തിന്റെ നിഴലാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നും അണ്ണന് നനഞ്ഞ അതെ മഴയില്‍ നിന്ന് ചില തുള്ളികള്‍ ഏറ്റുവാങ്ങി തനിയ്ക്കും നനയാന്‍ അവസരമുണ്ടായെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ജീവിച്ചിരിക്കുന്ന, എണ്‍പതാണ്ടുകള്‍ പിന്നിടുന്ന യേശുദാസിനു പറയാന്‍ കഴിയുന്നത്, പ്രേംനസീര്‍ എന്ന രൂപത്തിന്റെ സംഗീതശബ്ദമായി കഴിയുവാന്‍ തനിയ്ക്ക് കഴിഞ്ഞു എന്ന സംതൃപ്തിയെക്കുറിച്ചാകും. അദ്ദേഹമത് പറയുമോ എന്നത് മറ്റൊരു കാര്യം.
'എന്റെ ആത്മകഥ'യുടെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ലേഖനങ്ങളില്‍ പ്രേംനസീറിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ താരജോഡിയായി അഭിനയിച്ചിരുന്ന ഷീല എഴുതിയത് ശ്രദ്ധേയമാണ്. അവര്‍ പോലും ഉച്ചസ്ഥായിയില്‍ പാട്ടുകള്‍ പാടി അധരചലനങ്ങള്‍ ശരിപ്പെടുത്തുമ്പോള്‍ പ്രേംനസീര്‍ ആകട്ടെ ചുണ്ടുകള്‍ ചലിപ്പിക്കുക എന്നല്ലാതെ ഒരു നേരിയ ശബ്ദം പോലും പുറത്തുവരികയില്ല. തന്റെ ചെവിയില്പ്പോലും പാട്ടുകള്‍ മൂളുന്നതായി അഭിനയിക്കുമ്പോള്‍ തനിയ്ക്ക് ഒരു ശലഭച്ചിറകടിയുടെ നേര്‍ത്ത ധ്വനി പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഷീല പറയുന്നു. തന്റെ സഹ അഭിനേത്രിയെക്കുറിച്ചു പ്രേംനസീറിനുമുണ്ട് പറയാന്‍. വളരെ നല്ല വായനയും എഴുത്തും ഉള്ള ഷീല ചിത്രങ്ങള്‍ വരയ്ക്കുമെന്നും പക്ഷെ അവയൊക്കെയും 'മോഡേണ്‍ ആര്‍ട്ട്' ആണെന്ന് മാത്രമെന്നും അദ്ദേഹം പറയുന്നു. മോഡേണ്‍ ആര്‍ട്ട് എന്ന സംവര്‍ഗ്ഗത്തെ ഏക ഉദ്ധരണിച്ചിഹ്നത്തിനുള്ളില് കൊണ്ടുവന്നതിന് കാരണമുണ്ട്. മോഡേണ്‍ ആര്‍ട്ട് എന്നത് ദുരൂഹമാണെന്ന പൊതുബോധം പ്രേംനസീറും പങ്കുവെച്ചിരുന്നു എന്ന് അത് അടിവരയിടുന്നു.
തികച്ചും ആധുനികമായ ഒരു മാധ്യമമായ സിനിമയില്‍ അഭിനയിക്കുമ്പോഴും ആധുനികതയുടെ വിവിധ ആവിഷ്കാരങ്ങളെ പ്രേംനസീര്‍ അല്പം സംശയത്തോടെയും നീരസത്തോടെയുമാണോ കണ്ടിരുന്നത് എന്ന് തോന്നിപ്പോകും. തെളിഞ്ഞ ഒരു അരുവി പോലെ ഒഴുകുന്ന അദ്ദേഹത്തിന്റെ ആത്മകഥ ഏതാണ്ട് അതിന്റെ പരിസമാപ്തിയില്‍ എത്തുമ്പോഴേയ്ക്കും 'ആര്‍ട്ട് ഹൗസ് സിനിമകളെ' വിമര്‍ശിക്കുന്നതില്‍ ചെന്ന് നില്ക്കുന്നു. ഇന്‍സ്റ്റിട്യൂട്ടില്‍ ഒക്കെ പഠിച്ചിറങ്ങിയ ചിലര്‍ സിനിമയെ ആര്‍ക്കും മനസ്സിലാകാത്ത 'ആത്മാവിഷ്കാരങ്ങളായി' ചുരുക്കുകയായിരുന്നു എന്ന് അദ്ദേഹം വിമര്‍ശിക്കുന്നു. സമൂഹത്തിലെ പല ന്യൂനതകളെയും അത്തരം സിനിമകള്‍ പെരുപ്പിച്ചു കാട്ടുകയും 'കാനഡയിലും' മറ്റും കൊണ്ടുപോയി കാണിച്ചു സര്‍ട്ടിഫിക്കറ്റുമായി വന്നു ഇവിടെ മേനി നടിക്കുകയാണെന്നും അദ്ദേഹം പറയുന്നു. മുഖ്യധാരാ സിനിമാപ്രവര്‍ത്തകര്‍ക്കെല്ലാം ഏതാണ്ട് അതെ അഭിപ്രായം ആര്‍ട്ട് സിനിമകളെക്കുറിച്ചു ഉണ്ടായിരുന്നു. 1980-ല്‍ അന്ന് രാജ്യസഭാംഗം കൂടിയായിരുന്ന പ്രമുഖ നടി നര്‍ഗീസ് ദത്ത്, സത്യജിത് റായിയെപ്പോലുള്ളവര് ഇന്ത്യയുടെ ദാരിദ്ര്യം കയറ്റി അയക്കുന്നവര്‍ ആണെന്ന് വിമര്‍ശിച്ചിരുന്നു. പ്രേംനസീര്‍ ഈ ആത്മകഥ എഴുതുന്നത് ഏതാണ്ട് 1975 കാലത്തിലാകണം. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ രജത ജൂബിലി വര്‍ഷത്തിലാണ് ഈ രചന നടക്കുന്നത്. ഇക്കാലത്ത് തന്നെയാണ് കേരളത്തിലും സമാന്തര സിനിമാപ്രസ്ഥാനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. ഒരുപക്ഷെ, മുഖ്യധാരാ സിനിമകളേക്കാള്‍ ഏറെ സാംസ്കാരികവ്യവഹാര ഇടം ഈ 'ചെറിയ' സിനിമകള്‍ നേടുന്നതിനുള്ള ഒരു വിയോജിപ്പാകണം ഇത്തരം ഒരു വിമര്‍ശനമായി അദ്ദേഹത്തില്‍ നിന്ന് പുറത്തു വന്നത്.
പ്രേംനസീറിന്റെ പതിവ് മേക്കപ്പ്-വിഗ്-നായക കഥാപാത്രങ്ങളെ നേര്‍മയോടെ വിമര്‍ശിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹത്തിന്റെ ആ ഇമേജിനെ പൊളിച്ചെഴുതുക കൂടി ചെയ്ത എം.ടി വാസുദേവന്‍ നായര്‍. ലെനിന് രാജേന്ദ്രന് പ്രേംനസീറിനെ ഒരു 'മനുഷ്യന്' ആക്കി അവതരിപ്പിക്കുന്നതിന് മുന്‍പ് എം.ടി വാസുദേവന്‍ നായര്‍ അദ്ദേഹത്തെ ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമയിലൂടെ 'എഴുതി' മാറ്റി. താന്‍ സിനിമാ വ്യവസായത്തിന്റെ ഒരു കണ്ണി മാത്രമാണെന്ന ബോധ്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഒരാളാണെന്നും അതിനാല്‍ ആ വ്യവസായത്തെ നിലനിര്‍ത്താന്‍ ഒരേതരം കഥാപാത്രങ്ങളെ ഒരേ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ താന്‍ സംഘര്‍ഷം അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. നഷ്ടം വരുന്ന നിര്‍മ്മാതാക്കള്‍ക്ക് മറ്റൊരു സിനിമയില്‍ അഭിനയിച്ചു കൊടുത്തും നഷ്ടം പണമായി നല്‍കിയും ഒക്കെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. രജനീകാന്ത് ഒക്കെ ഈ രീതിയിലേക്ക് വരുന്നതിനും എത്രയോ മുന്‍പാണ് പ്രേംനസീര്‍ ഇതൊക്കെ ചെയ്തത്. കൂടാതെ അദ്ദേഹം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുകയോ തീയറ്റര്‍ ചെയിനുകളില്‍ മുതലിറക്കുകയോ വ്യവസായത്തെ നിയന്ത്രിക്കുകയോ ചെയ്തില്ല. ജീവിതകാലത്തിനൊടുവില് ബഹദൂറും ആയി ചേര്‍ന്ന് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം പ്രോസസ്സിംഗ് യൂണിറ്റില്‍ മുതലിറക്കിയിരുന്നു എന്ന് കേട്ടിരുന്നു. എന്നാല്‍ അപ്പോഴേയ്ക്കും സിനിമ പൂര്‍ണ്ണമായും കളര്‍ ആയി മാറിയിരുന്നു.
തന്റെ സിനിമകള്‍ പലതലങ്ങളില്‍ ആവര്‍ത്തനങ്ങള്‍ ആയിരുന്നുവെങ്കിലും വിരസങ്ങള്‍ ആയിരുന്നില്ല എന്ന് പ്രേംനസീര്‍ മനസ്സിലാക്കുന്നുണ്ട്. അതേസമയം തന്റെ മനസ്സിലുള്ള ഒരു സിനിമ സംവിധാനം ചെയ്യണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അത് സാധ്യമായിരുന്നെങ്കില്‍ നമുക്ക് അദ്ദേഹത്തിന്റെ സിനിമാസങ്കല്പങ്ങളെക്കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിയുമായിരുന്നു. (സ്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുകയും അമിതാഭ്ബച്ചനോടൊപ്പം സാഥ് ഹിന്ദുസ്ഥാനി എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് ജീവിതം ആരംഭിക്കുകയും ചെയ്ത മധു സംവിധാനം ചെയ്ത ചിത്രങ്ങള്‍, തികച്ചും സ്വതന്ത്രമായ വ്യക്തിജീവിതം നയിക്കുന്ന ഷീല സംവിധാനം ചെയ്ത സിനിമകള്‍ ഇവയെക്കുറിച്ചു പഠനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു). ഇങ്കിലാബ് എന്ന് പറഞ്ഞാല്‍ അറിയാതെ സിന്ദാബാദ് എന്ന് പറഞ്ഞു പോകുന്നത് പോലെ, നസീര്‍ എന്ന് കേട്ടാല്‍ ഉമ്മര്‍ എന്ന് പറയാതിരിക്കാന്‍ മലയാളിയ്ക്ക് കഴിയില്ല. എങ്കിലും നസീറിന്റെ ആത്മകഥയിലും അതിനെ ഉപജീവിച്ചുണ്ടായിരിക്കുന്ന 'ഇതിലെ പോയത് വസന്തം' എന്ന പുസ്തകത്തിലും ഉമ്മറിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇല്ല എന്ന് തന്നെ പറയാം. അത് അല്പം വിചിത്രമായി തോന്നി.
കേരളത്തില്‍ സിനിമയുമായി ബന്ധപ്പെട്ട സാഹിത്യം എന്നത് സിനിമ ട്രിവിയ എന്ന നിലയില്‍ നിന്ന് അല്പം പോലും മാറാതെ നിന്നിരുന്ന ഒരു കാലത്താണ് പ്രേംനസീര്‍ തന്റെ ആത്മകഥ എഴുതുന്നത്. അതേക്കുറിച്ച് അദ്ദേഹത്തിനു പൂര്‍ണ്ണ ബോധ്യം ഉണ്ടായിരുന്നു എന്ന് പ്രാരംഭത്തില്‍ത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഹോളിവുഡില്‍ താരങ്ങളുടെ ആത്മകഥയ്ക്കുള്ള പ്രചുരിമയെക്കുറിച്ചു പറയുമ്പോള്‍ത്തന്നെ പ്രേംനസീര്‍ അന്ന് കേരളത്തില്‍ നിലവിലുണ്ടായിരുന്ന സദാചാരബോധത്തെ ധ്വനിപ്പിക്കുന്നുണ്ട്. അതായത് സെക്സിന്റെ അതിപ്രസരമുള്ള ഇല്ലാക്കഥകളാണ് ഹോളിവുഡില്‍ ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് വില്‍ക്കുന്നതെന്ന് അദ്ദേഹം പറയുന്നു. അതേസമയം ബല്‍രാജ് സാഹ്നിയെയും കണ്ണദാസനെയും പോലുള്ളവരുടെ ആത്മകഥകള്‍ക്ക് വായനക്കാരുടെ ഇടയിലുള്ള പ്രചാരത്തെ പ്രകീര്‍ത്തിയ്ക്കുകയും ചെയ്യുന്നു. എങ്കിലും തന്റെ ജീവിതത്തില്‍ നിന്ന് അധികമൊന്നും ആരും പ്രതീക്ഷിക്കരുതേ എന്ന അപേക്ഷ അദ്ദേഹം ആവര്‍ത്തിച്ചു മുന്നോട്ട് വെക്കുന്നുണ്ട്.

സിനിമയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങുന്ന 'സാഹിത്യം' ഒരു മുഖ്യധാരാ വായനോപാധിയായിട്ട് കേരളത്തില്‍ രണ്ടു ദശകങ്ങളേ ആയിട്ടുള്ളൂ. ഒരു നീഷ് സാഹിത്യമായിട്ടാണ് അത് തുടങ്ങിയത്; ജനപ്രിയ സാഹിത്യരൂപങ്ങളായ പൈങ്കിളി നോവലുകളുടെയും കുറ്റാന്വേഷണ കഥകളുടെയും പിന്മാറ്റം ഉണ്ടാകുന്ന വേളയിലാണ് സിനിമാ-സാഹിത്യം മുന്നോട്ട് വരുന്നത്. മേല്പറഞ്ഞവ പിന്നോട്ട് മാറാന്‍ കാരണം തൊണ്ണൂറുകളുടെ ഒടുക്കത്തോടെ ഇന്റര്‍നെറ്റ് സജീവമാവുകയും ഒരു പുതിയ വായനാസംസ്കാരവും ഒപ്പം സാങ്കേതികവിദ്യ സാധ്യമാക്കിയ അച്ചടി സംസ്കാരവും ഉണ്ടായി വരികയും ചെയ്തു എന്നുള്ളതാണ്. അതിനും മുന്‍പേ തന്നെ എണ്‍പതുകളുടെ മധ്യത്തോടെയും തൊണ്ണൂറുകളിലുടനീളവും വായനയെ ടെലിവിഷന്‍ മൂടുകയും വായന മരിക്കുന്നുവോ എന്നുള്ള ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു. ജനപ്രിയ സാഹിത്യം അവയുടെ ചലനദൃശ്യങ്ങളായി ടെലിവിഷനിലേയ്ക്ക് ചേക്കേറിയപ്പോള്‍ അവ പ്രസിദ്ധീകരിച്ചിരുന്ന വാരികയ്ക്ക് തകര്‍ച്ചയുണ്ടായി. എന്നാല്‍ പ്രക്ഷിപ്തമായ ഒരു വായനാസമൂഹം അപ്പോഴും ഉണ്ടായിരുന്നു. അവരിലേയ്ക്കാണ് 'സിനിമാ-സാഹിത്യം' കടന്നു വരുന്നത്. (ടെലിവിഷന്‍ ഇന്റര്‍നെറ്റ് ഫറ്റിഗ് അഥവാ അമിതമായ ഇന്റര്‍നെറ്റ്-ടെലിവിഷന്‍ ഉപഭോഗം കൊണ്ടുണ്ടാക്കുന്ന ക്ഷീണം, അതുകൊണ്ടാണ് ഇപ്പോള്‍ നോവലും കുറ്റാന്വേഷണ നോവലുകളും തിരിച്ചു വരുന്നത്. പരിണാമഗുപ്തിയില്ലാതെ എല്ലാം തുറന്നു കാട്ടുന്ന ഷോര്‍ട്ട് വീഡിയോകളുടെ കാലത്ത് രഹസ്യങ്ങളിലേയ്ക്ക് മടങ്ങാനുള്ള മനുഷ്യന്റെ സ്വാഭാവിക പ്രേരണയാലാണ് അത്). എണ്‍പതുകളോടെ അന്താരാഷ്ട്ര വേദിയില്‍ സജീവമായ സാംസ്കാരിക പഠനത്തിന്റെ ഭാഗമായി 'സിനിമാ-സാഹിത്യം' വളരുകയും കേരളത്തില്‍ അത് പുതിയ നൂറ്റാണ്ടില്‍ സജീവമായി മാറുകയും ചെയ്തതോടെ പ്രേംനസീറിന്റെ ആത്മകഥ പോലുള്ള പുസ്തകങ്ങള്‍ കേവല വായനോപാധികള്‍ മാത്രമല്ല പഠനോപാധികള്‍ കൂടിയായി മാറുകയാണ്.
കേരളത്തില്‍ സജീവമായ സാംസ്കാരിക പഠന പരിസരം നിലവിലുണ്ട്. സിനിമ ഒരു സാംസ്കാരിക രൂപമാണെന്ന നിലയില്‍ പഠിക്കുക മാത്രമല്ല സിനിമയെക്കുറിച്ചുള്ള പഠനം തന്നെ സാംസ്കാരിക പഠനമായി കാണുകയാണ് ചെയ്യുന്നത്. അപ്പോള്‍ സിനിമയും സിനിമാതാരങ്ങളും കേവലമായ കലാരൂപങ്ങളെന്നും കലാകാരന്മാരെന്നും ഉള്ള നിലയില്‍ നിന്ന് അവയും അവരും മൊത്തത്തില്‍ സാംസ്കാരികപാഠങ്ങള്‍ ആയി മാറുകയും ചെയ്യുന്നുണ്ട് ഈ സമീപനത്തില്‍. അതോടെ പ്രേംനസീര്‍ എന്ന താരം ഒരു താരം മാത്രമല്ലാതാവുകയും സംസ്കാരത്തിന്റെ ഉത്പാദനത്തിലെ സജീവമായ ഒരു കണ്ണിയാവുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ നിഷ്കളങ്കമായ എല്ലാ ഉദീരണങ്ങള്‍ക്കും അവയുടെ പിന്നിലെ സാംസ്കാരിക-സാമൂഹിക-വര്‍ഗ-സാമ്പത്തിക മണ്ഡലങ്ങളെ വെളിപ്പെടുത്താന്‍ കഴിയുന്നു. ആ അര്‍ത്ഥത്തില്‍ സീത എന്ന ചിത്രത്തിലെ 'ശ്രീരാമന്' എന്ന പുരാണകഥാപാത്രത്തെ ഒരു മുസ്ലിം ആയ താന്‍ അഭിനയിച്ചാല്‍ അത് പ്രശ്നമാകുമോ എന്ന പ്രേംനസീറിന്റെ ചോദ്യം (ഇത് ആത്മകഥയില്‍ ഇല്ല പക്ഷെ മകളുടെ പുസ്തകത്തില്‍ ഉണ്ട്) കേവലമായ ഒരു ആകാംക്ഷയില്‍ നിന്ന് മാറി ആ കാലഘട്ടത്തിലെ സാമൂഹിക-മത-സാംസ്കാരിക ബലതന്ത്രങ്ങളെക്കൂടി വെളിപ്പെടുത്തുന്ന ഒന്നാകുന്നു. സാംസ്കാരിക പഠിതാക്കളും സിനിമാസ്നേഹികളും പ്രേംനസീറിനെ ഇഷ്ടപ്പെടുന്നവരും വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ തന്നെയാണിവ.
Prem Nazir Malayalam autobiography and biography Mathrubhymi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..