പൊറള്; വാക്കുകളുടെ വാഗ്ദത്ത ഭൂമി


ഡോ. സ്വപ്ന സി. കോമ്പാത്ത്

പൊറള് കഥാസമാഹാരം, മനോജ് വെങ്ങോല

ഈ ലോകത്തെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമേതാണ്? ഏറ്റവും സാന്ത്വനമാകുന്ന ഔഷധമേതാണ്? ഏറ്റവും സൂക്ഷ്മതയോടെ ചേര്‍ത്തു നിര്‍ത്തുന്നതെന്താണ്? ഈ ചോദ്യങ്ങള്‍ക്കെല്ലാം വാക്ക് എന്ന ഉത്തരത്തിലാണ് എപ്പോഴും എത്തിച്ചേരാറുള്ളത്. വാക്കുകളുടെ അതിന്ദ്രീയമായ ആ ശക്തിയെ നമ്മളോരുത്തരെയും നിരന്തരം അനുഭവിപ്പിക്കയാണല്ലോ എഴുത്തിന്റെ പ്രധാനലക്ഷ്യം ആ ലക്ഷ്യത്തെ സാധൂകരിക്കുന്ന ഒരു രചനയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പൊറള്'. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വാക്കുകളെയും ഭാഷകളെയും സനേഹിക്കുന്നവര്‍ക്ക് മുന്നില്‍ മനോജ് വെങ്ങോല ഒരുക്കിവെച്ച ഹൃദ്യമായ വിരുന്നാണ് 'പൊറള്'. പൊറള്, അക്ഷര നഗരം, ഊത്, വാര്‍പയറ്റ്, നിദ്രാഭാഷണം, ഇരിപ്പ്, ഒരുക്കം, പ്രച്ഛന്നം, വിവര്‍ത്തകന്‍, ആഫ്രിക്കന്‍ ഒച്ചുകളുടെ വീട്, നോവെഴുത്ത് എന്നീ പതിനൊന്ന് കഥകളുടെ സമാഹാരമാണ് 'പൊറള്'.

'പൊറള്' എന്ന ആദ്യ കഥയില്‍ ചോതി എന്ന നായകന്‍ പലയിടത്തും മൗനം കൊണ്ട് പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്. 'അത്ര വേഗം എന്റെ കഥകളിലേക്ക് ആര്‍ക്കും പ്രവേശനമില്ല' എന്ന വാചകത്തിലൂടെയാണ് ആ പ്രതിരോധം ആദ്യം സൂചിപ്പിക്കപ്പെടുന്നത്. പക്ഷേ പുസ്തകം വായിച്ചു കഴിയമ്പോള്‍ അത്ര വേഗം മനോജിന്റെ കഥകളില്‍ നിന്നും ആര്‍ക്കും പുറത്തുകടക്കാനാവില്ല എന്ന് വായനക്കാര്‍ക്ക് തിരുത്തിപ്പറയേണ്ടിവരും. 'പൊറള്' എന്നാല്‍ വിളിച്ചു ചൊല്ലല്‍. അതൊരു ചടങ്ങാണ്. ഇന്നത്തെ തലമുറയ്ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത ചടങ്ങ്. ഭാഷയിലെ ഏറ്റവും മോശം വാക്കുകള്‍ കൊണ്ട് മരണാസന്നനായ ഒരു വ്യക്തിക്ക് നല്‍കുന്ന യാത്രയയപ്പ്. ഭാഷയിലെ മോശം വാക്കുകളൊക്കെ മരണാസന്നനോടൊപ്പം മരണം കൊണ്ടു പോകും എന്നാണ് വിശ്വാസം. വിശ്വാസം, പഴമ, അടിമസമ്പ്രദായം തുടങ്ങി ചരിത്രത്തിനൊപ്പം നീങ്ങുന്ന കഥയുടെ പ്രമേയത്തിനെ ഭദ്രദമാക്കുന്ന ഒരു ഉടമ്പടിപോലെയാണ് ഭാഷാചരിത്രം ഈ കഥയോടൊപ്പം ചേര്‍ന്നു പോകുന്നത്. 'സ്വരവും വ്യഞ്ജനവും ചില്ലും ചേര്‍ന്ന മലയാളത്തിന്റെ ഭാഷാസൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്ന നമ്മള്‍ ചോതി, ചാച്ചന്‍, പോള്‍, കുരുവിള സാര്‍ എന്നിവരോടൊപ്പം നടത്തുന്ന കഥായാനത്തില്‍ അശ്ലീലപദങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പുത്തനറിവും സ്വന്തമാക്കും.

ആകെ കുഴപ്പിക്കുകയും പിന്നെപ്പിന്നെ സത്യത്തിന്റെ ചുരുളഴിക്കുകയും ചെയ്യുന്ന മനോഹരമായ ആഖ്യാനമാണ് അക്ഷരനഗരത്തിന്റേത്. അക്ഷരനഗരത്തിലും നോവെഴുത്തിലും നോവല്‍ എന്ന സാഹിത്യശാഖയും കഥാപാത്രമികവോടെ ഇടം പിടിക്കുന്നു. നോവെഴുത്തിന്റെ ആദ്യ വാചകം പോലെ 'ജീവിക്കുകയാണോ ജീവിക്കുന്നതായി സ്വപ്നം കാണുകയാണോ എന്ന് സംശയിച്ചു ജീവിക്കുന്ന ഒരാളുണ്ടായിരുന്നു' എന്ന് കഥയ്ക്കു പുറത്തു നിന്ന് കൊണ്ട് വായനക്കാരും ചിന്തിച്ചുപോകും. നോവെഴുത്തും അക്ഷരനഗരവും ചിലപ്പോഴെല്ലാം ചോദ്യോത്തരങ്ങളുടെ കളി കളിക്കുന്നുണ്ട്. ഒന്നിനെ മറ്റൊന്ന് പൂരിപ്പിക്കുന്നതുപോലെ. മാത്യുമറ്റവും ഒ.വി വിജയനുമെല്ലാം ജനങ്ങള്‍ക്കിടയില്‍നിന്നുകൊണ്ട് കഥയെഴുതിയവരായിരുന്നുവെന്ന് ഒന്നു കൂടി ഓര്‍മിപ്പിക്കുകയാണ് അക്ഷരനഗരം. എന്തുകൊണ്ട് അവരെല്ലാം വായിക്കപ്പെട്ടു എന്ന് 'നോവെഴുത്ത'് എന്ന കഥ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. എഴുത്തിനെക്കുറിച്ച് 'മറ്റൊരാള്‍ക്ക് വായിക്കാനല്ലങ്കില്‍ പിന്നെ എന്തിനെഴുതണം? എഴുതുന്നത് ഒരു അടയാളപ്പെടുത്തലാണ്. അപരനുള്ള അപായസൂചനയാണ് എഴുത്ത്' എന്ന പുതുനിര്‍വചനവും 'നോവെഴുത്ത്' നല്‍കുന്നുണ്ട്.

'തന്റെ എണ്‍പത്തിയൊന്നാം വയസ്സില്‍ ജീവിതം ജീവിതം മാത്രമാണെന്ന് ഓര്‍മിപ്പിച്ചു കൊണ്ട്' പിന്‍വാങ്ങിയ വട്ടന്‍ പ്രൊഫസറുടെ കഥയാണ് ഊത്. മനുഷ്യന്റെ സ്വപ്നങ്ങളുടെ വില നിശ്ചയിക്കാനാവില്ല എന്ന് വ്യക്തമാക്കുന്ന ഈ കഥ സമകാലിക ഇന്ത്യയുടെ ചില രാഷ്ട്രീയ പരിച്ഛേദങ്ങളെ വ്യക്തമാക്കുന്നു. 'ഊത്' എന്ന കഥ സൗമ്യവും ശക്തവുമായ ഒരു കലാപമാണ്. താന്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയും പ്രതിരോധിക്കുകയും ചെയ്യുന്ന കഴിവുറ്റ സാഹിത്യകാരന്റെ അടയാളപ്പെടുത്തല്‍. വാക്കുകകളെയും സാഹിത്യത്തെയും സ്‌നേഹിക്കുന്ന ലീഡിയയുടെയും രോഹിത്തിന്റെയും ആത്മഹത്യാ ശ്രമത്തെ വീടുവൃത്തിയാക്കുന്നതുപോലെയും അലമാരികള്‍ അടുക്കിവൃത്തിയാക്കുന്നതുപോലെയും സ്വാഭാവികതയോടെ അവതരിപ്പിക്കുവാന്‍ കഴിഞ്ഞ എഴുത്തുകാരന്റെ കയ്യടക്കം കോവിഡ്കാലപ്രതിസന്ധിയെ കൂടി ശക്തമായി അവതരിപ്പിക്കുന്നതിലും പ്രകടമാണ്. ഈ കയ്യടക്കംതന്നെയാണ് 'പ്രച്ഛന്നം' എന്ന വികാരതീവ്രമായ കഥയെ ഹൃദ്യമാക്കുന്നതും. താനൊരു തികഞ്ഞ കവി കൂടിയാണെന്ന് മനോജ് വെങ്ങോല സാക്ഷ്യപ്പെടുത്തുന്ന രണ്ട് കഥകളാണ് 'ഒരുക്ക'വും' 'ഇരിപ്പും', പുതുലിപി നിര്‍മ്മാണത്തിന് ശ്രമിക്കുന്നവരുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന വഴുവഴുപ്പുള്ള ജീവിതമാണ് 'ആഫ്രിക്കന്‍ ഒച്ചുകളുടെ വീട്'.

ഈ സമാഹാരത്തിലെ ഭൂരിഭാഗം കഥകളുടെയും സവിശേഷത കഥാവസാനത്തില്‍ കഥാപാത്രങ്ങള്‍ നടത്തുന്ന ഇറങ്ങിപ്പോക്കാണ്. കഥയില്‍ നിന്ന് ജീവിതത്തിലേക്ക് അവര്‍ ഇറങ്ങി വരുന്നതതോടെ കഥ പൂര്‍ണമാകുന്നു. നമ്മള്‍ കണ്ടിട്ടും കാണാത്ത മട്ടില്‍ മുന്നോട്ടുപോകുന്ന ജീവിതങ്ങളിലേക്ക് നിര്‍ബന്ധമായും കണ്ണെത്തിക്കുകയാണ് ഈ കഥകളുടെ ലക്ഷ്യം. കഥയെഴുതി ഇതിനുമുമ്പും മനോജ് നമ്മെ അതിശയിപ്പിച്ചിട്ടുണ്ട്. പക്ഷേ ഈ പതിനൊന്നു കഥകളും നമ്മുടെ ജീവിതത്തെയും സംസ്‌കാരത്തെയും നിര്‍ണയിക്കുന്ന ജൈവികപ്രതിഭാസമായ ഭാഷയെ അതിന്റെ തന്മയത്തത്തോടെയും സവിശേഷാര്‍ത്ഥത്തോടെയും അടയാളപ്പെടുത്തുന്നു. 'നിദ്രാഭാഷണം' എന്ന കഥയിലെ നായകനെപ്പോലെ 'വാക്കിന്റെ കടലേ, ഉപ്പേ, കോരിയെടുക്കുമ്പോള്‍ ചോര്‍ന്നു പോയാലും ബാക്കിയാകുന്ന നനവേ, ഉണര്‍വ്വിലും, ഉറക്കത്തിലും നീ കൂടെ ഉണ്ടാകണമേ അസ്തമിക്കാത്ത പകലുകളിലും പുലരാത്ത രാത്രികളിലും നീ കൂടെ വേണമെന്നു ഞാന്‍ ആഗഹിക്കുന്നു' എന്ന് എല്ലാ വായനക്കാരെയും പ്രാര്‍ത്ഥിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്ന കഥകളാണ് 'പൊറളി'ലുള്ളത്.

Content Highlights: Poralu book, Manoj Vengola Malayalam writer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented