വിസ്മയ മോഹന്‍ലാലിന്റെ കവിതകള്‍: അരാജകത്വത്തില്‍ നിന്നുയിര്‍കൊള്ളുന്ന സൃഷ്ടിയുടെ ഉന്മത്തത!


റോസ്മേരിപച്ചയായ ആത്മവിമര്‍ശനം. സത്യസന്ധമായ ഏറ്റുപറച്ചില്‍ (Confession). തന്റെ മനസ്സ് സ്വന്തം വാലിനു പിന്നാലെ പായുന്ന നായ, താനോ മയക്കവും സ്വയം വിധ്വംസനവും കൂടിക്കലര്‍ന്ന ഒരത്യപൂര്‍വ്വ കോക്ടെയില്‍, എന്ന് തികച്ചും ദയാരഹിതമായിത്തന്നെ കവി അവനവനെ വിശേഷിപ്പിക്കുന്നു.

കവിതാസമാഹാരം, വിസ്മയ മോഹൻലാൽ

വിസ്മയ മോഹന്‍ലാലിന്റെ കവിതകള്‍: അരാജകത്വത്തില്‍ നിന്നുയിര്‍കൊള്ളുന്ന സൃഷ്ടിയുടെ ഉന്മത്തത!

വിസ്മയ മോഹന്‍ലാലിന്റെ കവിതകളുടെ സമാഹാരമായ 'നക്ഷത്രധൂളികള്‍' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് കവയിത്രി റോസ്‌മേരിയാണ്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കവിതകളെക്കുറിച്ച് റോസ്‌മേരി എഴുതുന്നു.

''എട്ടുകാലി ഒരുക്കിവെച്ച
വല ഊഞ്ഞാല്‍.
അതിനുള്ളില്‍
ഒരു പൂമ്പാറ്റ
മെല്ലെ ചാഞ്ചാടുന്നു.
സ്വന്തം സുവര്‍ണ്ണശോഭയാല്‍
വലയം ചെയ്യപ്പെട്ട്.
അതു മെല്ലെമെല്ലെ
മൃത്യുവിലേയ്ക്ക്...
ഞാനുമിതാ
നിന്റെ പ്രണയത്തിന്റെ
ഊഞ്ഞാല്‍മഞ്ചത്തില്‍
വന്നുപെടുന്നു.
മൃദുവായ് ഊയലാടിക്കൊണ്ട്
എന്റെ മരണത്തിലേക്ക്
യാത്രാവുന്നു.
മെല്ലെ...
മെല്ലെ മെല്ലെ...''

വിസ്മയയുടെ കാവ്യലോകത്തിലൂടെ സഞ്ചരിക്കവേ പണ്ടെന്നോ പകര്‍ത്തിവെച്ച ഈ കവിതയാണ് മനസ്സില്‍ തെളിഞ്ഞത്. പ്രശസ്ത ജാപ്പനീസ് കവി ഹൊറിഗുച്ചി ഡൈഗോക്കുവിന്റെ (Horiguchy Daigoku) പഴയൊരു രചന.

ഈ ശേഖരത്തില്‍ പ്രണയം ഒരു സജീവസാന്നിധ്യമാണ്. പക്ഷേ കാല്‍പ്പനികതയുടെ ചമയങ്ങളൊന്നുമില്ലാത്ത, അങ്ങേയറ്റം റിയലിസ്റ്റിക്കായ സമീപനം.
കവി തീവ്രാനുരാഗത്താല്‍ മുറിവേറ്റവളാണ്. കമിതാവ് തന്റെ ഹൃദയത്തെ കവര്‍ന്നെടുത്ത്, അപൂര്‍വ്വമായ മധുരഫലമെന്നോണം അതിനെ കഷ്ണങ്ങളായി അടര്‍ത്തിയെടുത്ത് ഭക്ഷിക്കുകയാണ്. പല തവണ വിഡ്ഢിയാക്കപ്പെട്ടിട്ടും ആ കണ്‍കളുടെ വശ്യനിഗൂഢതയില്‍നിന്നും പിന്മാറാനാവുന്നില്ലല്ലോ!

ചിലപ്പോഴൊക്കെ പ്രേമത്തിന്റെ മായച്ചിറകിലേറി വിഹായസ്സിനുമപ്പുറത്തേക്ക് അവര്‍ പാറിപ്പറക്കുന്നുമുണ്ട്. രാത്രി നക്ഷത്രങ്ങളായ് പരിണമിച്ച് സൗരയൂഥത്തിലൂടെ ഒഴുകിനീങ്ങുന്ന രണ്ടാത്മാക്കള്‍. അവര്‍ രണ്ടല്ല, ഒന്നായ്ത്തീരുന്നു. മനോമണ്ഡലത്തില്‍ നക്ഷത്രരേണുക്കളുടെ വിസ്ഫോടനം!

കമിതാവിലേക്ക് അണയാന്‍ വെമ്പുന്ന തിരയായ് സ്വയം വിശേഷിപ്പിയ്ക്കുമ്പോള്‍ത്തന്നെ, ഏറ്റവും കുഴപ്പംപിടിച്ച ഈ മമത എങ്ങോട്ടാവും തന്നെ കൊണ്ടു ചെന്നെത്തിക്കുക എന്ന ആശങ്ക: ഒരേ സമയം കാണിയും കളിക്കാരനും. ആനന്ദകരമായൊരു കുഴഞ്ഞുമറിയല്‍!
ഇടയ്ക്കിടെ കവി അവനവനോടു തന്നെ ചോദിക്കുന്നു: ''ആരാണു ഞാന്‍''? കണ്ണാടിയിലെ രൂപത്തോടും ജലത്തിലെ പ്രതിബിംബത്തോടും ആരായുമ്പോള്‍ പൊരുള്‍ വെളിപ്പെടുന്നു. എണ്ണമറ്റ മുഖംമൂടികള്‍ അണിയുന്നവള്‍- അജ്ഞാതനായ വിദൂഷകന്റെ പ്രഛന്നവേഷത്തിലെത്തിയ ഒരന്വേഷി... അക്ഷരങ്ങളെ നടനം ചെയ്യിക്കുന്ന ബാലേ നര്‍ത്തകി... ടെക്വിലയില്‍ മുങ്ങിത്താഴുന്ന സുവര്‍ണ്ണമത്സ്യം!

ഈ വരികളില്‍ ആത്മരതി തരിമ്പുപോലും ആരോപിയ്ക്കാനില്ല... പകരം, പച്ചയായ ആത്മവിമര്‍ശനം. സത്യസന്ധമായ ഏറ്റുപറച്ചില്‍ (Confession). തന്റെ മനസ്സ് സ്വന്തം വാലിനു പിന്നാലെ പായുന്ന നായ, താനോ മയക്കവും സ്വയം വിധ്വംസനവും കൂടിക്കലര്‍ന്ന ഒരത്യപൂര്‍വ്വ കോക്ടെയില്‍ എന്ന് തികച്ചും ദയാരഹിതമായിത്തന്നെ കവി അവനവനെ വിശേഷിപ്പിക്കുന്നു.

പക്ഷേ ചുറ്റുമുള്ള ലോകത്തിന്റെ ഹൃദയശൂന്യത എഴുത്തുകാരിയെ വിഹ്വലയാക്കുന്നു. വിരസയാമങ്ങളില്‍ അവര്‍ കടന്നുവന്ന്, ആര്‍ക്കും കൈകാര്യം ചെയ്യാവുന്ന ധാന്യമാവെന്നോണം തന്റെ ഹൃദയത്തെ അമര്‍ത്തു, മര്‍ദ്ദിക്കുന്നു, പരത്തുന്നു... തന്റെ അന്തരാത്മാവില്‍ നിന്നുയരുന്ന നിലവിളി അവരുടെ കാതില്‍ എത്തുന്നില്ലെന്നോ?

സന്ദേഹങ്ങള്‍ വള്ളിപ്പടര്‍പ്പുകളായ് മാറി നെഞ്ചിന്‍കൂടിനെ ചുറ്റിപ്പടരാറുണ്ടെങ്കിലും ഒട്ടും നിഷേധാത്മകമല്ല, ജീവിതത്തോടുള്ള കവിയുടെ സമീപനം. വിഷാദഭാവം ലവലേശമില്ല. പൊയ്പ്പോയ കാലത്തെ ഓര്‍ത്തു വിലപിയ്ക്കല്‍, മഴ, നിലാവ്, പ്രകൃത്യോപാസന തുടങ്ങിയ ചിരപരിചിത കാവ്യാനുസാരികളൊന്നുമേ കണ്ടെത്താനുമാവില്ല.

കവിതകള്‍ക്ക് അകമ്പടിയായ് കവി തന്നെ വരഞ്ഞുചേര്‍ത്ത ചിത്രങ്ങള്‍...പെയിന്റിംഗുകള്‍, രേഖാചിത്രങ്ങള്‍, ഗ്രാഫിക്കുകള്‍... കരുത്ത്, ലാസ്യത, ഒറ്റപ്പെടല്‍, ഉദാസീനത ഇവയൊക്കെ വിളംബരം ചെയ്യുന്ന അമൂര്‍ത്ത സ്ത്രീരൂപങ്ങള്‍. ധ്വനി സമൃദ്ധമായ ബിംബങ്ങള്‍. ആശയങ്ങളെക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത് വികാരതീവ്രതയാണ്.

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

അറുപതുകളുടെ തുടക്കത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗെയ്റ്റ് പാര്‍ക്കില്‍ (Golden Gate Park) ഒത്തുകൂടിയ പതിനായിരക്കണക്കായ യുവതയേയും അവര്‍ തുടങ്ങിവെച്ച ബീറ്റ് സംസ്‌കാരത്തെയും ഓര്‍ക്കുന്നില്ലേ? വ്യവസ്ഥിതിയെ പാടേ നിരാകരിച്ച് യഥാസ്ഥിതികത്വത്തെ പൂര്‍ണമായും തട്ടിയെറിഞ്ഞ്, പതിവായ പതിവുകളൊക്കെ വെടിഞ്ഞ് ഒരു പ്രകമ്പിത വിസ്ഫോടനം.

സാഹിത്യത്തിലും ചിത്രകലയിലും സംഗീതത്തിലും അതിന്റെ സ്വാധീനം വിസ്മയാവഹമായിരുന്നു. അരാജകത്വത്തില്‍ നിന്നുയിര്‍കൊള്ളുന്ന സൃഷ്ടിയുടെ ഉന്മത്തത. ഓരോ വരിയില്‍ നിന്നും പ്രസരിക്കുന്ന ഊര്‍ജ്ജ പ്രവാഹം. ആ ജ്വാലാപ്രവാഹത്തില്‍ നിന്നടര്‍ന്നുപതിച്ച നക്ഷത്രസ്ഫുലിംഗമാണ് ഈ കാവ്യവ്യക്തിത്വം. പാരമ്പര്യനിരാസത്തിന്റെ (counter culture) തുടര്‍ച്ച!

ഇവിടെ കവി വരഞ്ഞുകാട്ടുന്ന ദൃശ്യങ്ങള്‍ക്ക് പലപ്പോഴും ട്രാന്‍ഡ്ല്യൂസെന്‍സ് (translucence)എന്ന പ്രതീതി. മുകിലുകള്‍ക്കിടയില്‍ കടിപാര്‍പ്പുറപ്പിച്ച പ്രജ്ഞ എഴുത്തുകാരനൊപ്പം അനുവാചകനും ചിലപ്പോഴൊക്കെ ആ സൈക്കഡലിക് ഭ്രമകല്പനയിലങ്ങനെ ഒഴുകിനീങ്ങുന്നു. അതെ, കവി സൂചിപ്പിക്കുമ്പോലെ താളാത്മകമായൊരു കുഴഞ്ഞുമറിയല്‍!


Content Highlights: Vismaya Mohanlal, Rose Mary, Mohanlal, Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented