
-
'കവിതയുടെ ചുരുള്‍ കോവണികള്‍ വിടര്‍ത്തി അതിലെ അടയാളപ്പെടുത്തലുകള്‍ വായിക്കാന്‍ ഇറങ്ങി പുറപ്പെട്ട ഒരു കവി മനസ്സിന്റെ പ്രത്യക്ഷങ്ങളാണ്' പി.എന്‍ ഗോപീകൃഷ്ണന്റെ കവിതകള്‍. കവിതയുടെ ഊര്‍ജ്ജ കേന്ദ്രം തേടിയുള്ള അദ്ദേഹത്തിന്റെ പ്രയാണം സമകാലീക സാമൂഹികാന്തരീക്ഷത്തിലൂടെയാകുമ്പോള് കവിത അറിവും അനുഭൂതിയും ചേര്‍ന്ന സരസ്വതീപ്രവാഹമാകുന്നു. നമുക്കു ചുറ്റും നാം കണ്ടോ കാണാതെയോ വിടുന്ന കാഴ്ചകളിലേക്കു വിരല്‍ ചൂണ്ടിയും ചിലവയെ തിരിച്ചിട്ട കാഴ്ചയാക്കിയും ചില നിസ്സാരതകളില്‍ ഒതുക്കി വെച്ചിരിക്കുന്ന പ്രചണ്ഡശക്തിയെ ഓര്‍മ്മിപ്പിച്ചും കവി കടന്നു പോകുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത് എന്ന കവിതാ സമാഹാരത്തിലെ ഓരോ കവിതയും സമകാലീക സാമൂഹ്യ പരിസരങ്ങളുമായുള്ള കവിയുടെ ബുദ്ധിപരമായ സംവാദങ്ങളും അനുഭൂതി സമ്മിശ്രമായ മറുപടിയുമാണ്. ചിലപ്പോള്‍ സംവാദത്തിനുത്തരം സ്ത്രീപക്ഷമായും മറ്റു ചിലപ്പോള്‍ രാഷട്രീയ വിമര്‍ശനമായും ചിലപ്പോഴൊക്കെ വികസനത്തില്‍ നിന്ന് പിന് നടക്കുന്ന യാഥാസ്ഥിതികന്റെ വൈകാരിക പ്രകടനവുമായി മാറുന്നു.
മണ്ണിന്റെയും പെണ്ണിന്റെയും പക്ഷം പിടിക്കുന്ന രചനകള്‍ ഈ സമാഹാരത്തില്‍ ഒന്നില്‍ അധികമുണ്ട്' എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യ ത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത് എന്ന കവിതയില്‍
'തുടയിടുക്ക് വെറുതേയൊന്ന്
കൂട്ടി പിടിച്ചിരുന്നെങ്കില്‍
മരണം അവന്റെ മുഖത്ത്
അന്ന് മഞ്ഞ കട്ട വെച്ചേനെ'
പുരുഷന്റെ ജീവിതം സ്ത്രീയുടെ ദാക്ഷിണ്യമാണെന്ന് പറയുന്നുണ്ട് ഇവിടെ. എന്നിട്ടും
കുട്ടികള്‍ ജയിച്ചു ജയിച്ചു പോയിട്ടും
തോറ്റു തോറ്റു കൊണ്ടിരിക്കുന്ന പള്ളിക്കൂട'മായ് മാറുന്നു സ്ത്രീ.
നിമ്മി @ 37, മറു പാതി ,അര്‍ജുനന്റെ അമ്മ, മേരി കോം, ദൈവം ഏറ്റവും ഒടുവില്‍ സൃഷ്ടിച്ചത് എന്നെയാണ്. ഈ കവിതകളെല്ലാം സ്ത്രീയുടെ ശക്തിയും ദൗര്‍ബ്ബല്യങ്ങളും അവതരിപ്പിക്കപ്പെടുന്നു. 'കോലാടായി' 'മിഡില്‍ ഏജ്' താണ്ടുന്നതിനു മുന്‍പേ വെളിപാടിലേക്ക് പുറം കടക്കുന്ന സ്ത്രീയുടെ തിരിച്ചറിവാകുന്നുനിമ്മി @ 37 എന്ന കവിത
പാതി അടഞ്ഞ വാതില്‍
പാതി തുറന്ന വാതിലാണ്
പാതി തുറന്ന വാതില്‍
പാതി അടഞ്ഞ വാതിലാണ്
ഇതു കണ്ടെത്തുന്നിടത്താണ് സ്ത്രീ ഉറക്കം വിട്ട് എഴുന്നേല്‍ക്കുന്നത്-അവളുടെ സ്വാതന്ത്യത്തിലേക്ക്. നിവൃത്തിയില്ലായ്മയുടെ നിര്ദ്ധാരണമായ് മാറുന്ന സ്ത്രീ ജീവിതങ്ങളെ പരാമര്‍ശിക്കുന്നു അര്‍ജ്ജുനന്റെ അമ്മ എന്ന കവിത. ജീവിതത്തിന്റെ പുറംമോടി തട്ടി തരിപ്പണമാകാതിരിക്കാന് സഹന പര്‍വ്വം പിന്നിടുന്ന അമ്മ ജീവിതങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കവിതയാണത്.
മേരി കോം എന്ന കവിതയില്‍ മണ്ണിന്നു വേണ്ടി പെണ്ണിന്റെ മാനത്തിനു വേണ്ടി മേരി കോമിന്റെ ബോക്സിങ്ങ് മെഡലിനെ മാറ്റി പണിയുകയാണ് കവി. ഒരു കായിക പ്രതിഭയുടെ ചുവടുകളിലേക്ക് ഇറോം ശര്‍മ്മിളയെന്ന പെണ്‍പോരാളിയുടെ പ്രതിഷേധത്തെ ഊര്‍ജ്ജമായ് കടത്തിവിടുന്നു കവി. ആ പരകായപ്രവേശം ശ്രദ്ധേയമായ മന:ശാസ്ത്ര കല്പന തന്നെ, ഒപ്പം തികച്ചും സ്ത്രീപക്ഷവും. വികസനം പലതരത്തിലും മനുഷ്യന്റെ സ്വകാര്യതകളെ അപഹരിക്കുന്ന ഇക്കാലത്ത് കവിയുടെ വാടാനപ്പള്ളി പ്രതീകാത്മകമാവുന്നു.
'കുനിച്ചു നീയെന്തിനുയര്ന്ന മൗലിയെ
നിനച്ചിടാതിങ്ങു വരുംവരായ്കകള്‍
പെരുത്ത പട്ടര് പടകേറി നമ്മളെ
തുരുത്തുമാറായതു പാര്ത്തതില്ലയോ'
എന്ന് എ.ആര് രാജരാജവര്‍മ്മ മലയ പര്‍വ്വതത്തോട് ചോദിക്കുന്നുണ്ട് എന്നാല്‍ ഇവിടെ വഴങ്ങലല്ല ബലാല്സംഗമായതിനാല് സ്വത്വത്തിലേക്കുള്ള പര പ്രവേശത്തെ സഹിക്കുകയേതരമുള്ളു.
ഒരു രാത്രി
ആരൊക്കെയോ ചേര്‍ന്ന്
വാടാനപ്പള്ളിയെ പിടികൂടി
ഉടലില്‍ നിന്നും
ഉന്മാദം വലിച്ചു കീറി
ചുറ്റിയ കടലിനെ
ചൂടിയ ചന്ദ്രനെ
വലിച്ചെറിഞ്ഞു
മലര്‍ത്തിക്കിടത്തി
ഉദ്ധൃതമായൊരു നാഷണല്‍ ഹൈവേ കൊണ്ട്
ബലാത്സംഗം ചെയ്തു
'അത്ര തന്നെ' എന്ന കവിത കവിയുടെ രചനയുടെ മാനിഫെസ്റ്റോ ആകുന്നു. ജാഗ്രതയോടെ ഇരുന്നില്ലെങ്കില്‍ വലിയ വിപത്തിലേക്കെത്താവുന്ന സമകാലീക ചുറ്റുപാടുകളെ ഓര്‍മ്മിപ്പിക്കുന്നു ഈ കവിത.
'വീട് വിട്ട് ദൂരമെത്തുമ്പോള്‍
വാതില്‍ കുറ്റിയിട്ടോ
ഇസ്തിരിപ്പെട്ടി അണച്ചോ എന്നു
വേവലാതിപ്പെടുംപോലെ'
ഈ കവിത അതിനെപ്പേറുന്നകടലാസിനെ കൊണ്ട് അതിന്റെ മരത്തെ
ഒരാന്തലോടെ ഓര്‍മ്മിപ്പിച്ചേക്കാം. അത്ര തന്നെ'
'എന്നിട്ടും എന്റെ ജോസേ' എന്ന കവിത.
'സൂര്യനെ വിട്ട് ഉരുളുന്ന നാണയത്തിനു
പുറകേ
ഭൂമി ഉരുളാന്‍ തുടങ്ങി'
എന്ന കവിതാ വരികളുടെ പ്രത്യക്ഷമാണ്.
യാതൊരു പകയോ പ്രതികാരമോ ഇല്ലാതെ ആര്‍ക്കോ വേണ്ടി കൊല ചെയ്യാനിറങ്ങുന്നവന്റെ മനസ്താപം വെളിവാക്കുന്ന കവിതയാണ്. 'പിടികിട്ടാപ്പുള്ളി'
'ആരോ വലിക്കുന്ന ബീ ഡി പോലെ
ഞാന്‍ ചുരുങ്ങി ചുരുങ്ങിവരുന്നു'
എന്നാണ് പിടികിട്ടാപ്പുള്ളിയുടെ കുറ്റബോധം വിലപിക്കുന്നത്.
'ആന എന്ന ജന്തു' എന്ന കവിതയില്‍ ആനയെ ചന്തക്കാരനായ് ചമച്ച കവിയുടെ മുന്‍ഗാമികള്‍ അതിനെ കിഴക്കുള്ള അതിന്റെ വീട്ടില്‍ നിന്ന് തട്ടികൊണ്ടു പോരാന്‍ പ്രേരണാകുറ്റം ചെയ്തതായി കവി സംശയിക്കുന്നുണ്ടാവാം. അതിനാല്‍ ഒരു തിരിച്ചെഴുത്തിലൂടെ ആനയെ വെടക്കാക്കി ഒഴിവാക്കാന്‍ കവി ഒരു ശ്രമം നടത്തുന്നു അതെ പോയാല്‍ ഒരു വാക്ക് കിട്ടിയാല്‍ കുറേ ആന. എത്ര ക്ഷണം കൊണ്ടാണ് സംശയം എന്ന കരിനിഴല്‍ ആത്മവിശ്വാസത്തിനും ആത്മാര്ത്ഥതയക്കും സ്നേഹ ബന്ധങ്ങള്‍ക്കും മുകളിലേക്ക് പടര്‍ന്നു കയറി സംഗതികളെ വഷളാക്കുന്നതെന്ന് 'അസ്സലും പകര്‍പ്പും' എന്ന കവിതയിലൂടെ വെളിവാകുന്നു.
അല്ലെങ്കില്‍
'അവനെപ്പോലൊരു സാദാ മനുഷ്യന്.
എങ്ങനെ ലാവിഷായി ജീവിക്കാന്‍ പറ്റും'
ഇനി അഥവാ ആദ്യം ജനിച്ചത് സംശയമാണോ ? വിശ്വാസം അല്ലെന്നുണ്ടോ ? അല്ലെങ്കില്‍ എങ്ങിനെയാണ് അപരന്റെ ഒരൊറ്റ ചോദ്യം കൊണ്ട് ആത്മസുഹൃത്തിനു മേലും സംശയത്തിന്റെ കരിനിഴല്‍ വീഴുന്നത്.
ഓരോ കലയിലും നിക്ഷിപ്തമായിരിക്കുന്ന ആര്‍ക്കും അനുകരിക്കാനാവാത്ത ഉണ്മയില് ഊറ്റം കൊള്ളുന്ന കവിയെ അപൂര്ണമായതുകൊണ്ടു മാത്രമല്ല കലയില്‍ ഞാന്‍ വിശ്വസിക്കുന്നത് എന്ന കവിതയില്‍ കണ്ടെത്താം
'ഞാന്‍ രണ്ടു കണ്ണുകള്‍ വരച്ചു
എന്നിട്ടും അതിനെ ചുറ്റി
ഒരു മൊണാലിസയെ
ആര്‍ക്കും വരയ്ക്കാനായില്ല
ഡാ വിഞ്ചിക്കു പോലും'
അനുകരണത്തിനും ആവര്ത്തനത്തിന്നും വഴങ്ങാത്ത കലയുടെ പ്രൗഢ സംസക്കാരത്തിന് നമോവാകം അര്‍പ്പിക്കുകയാണ് കവി. ഇങ്ങനെ സമകാലീക സാമൂഹിക പരിസരത്തോടു സംവദിച്ചും കലഹിച്ചും നിരീക്ഷിച്ചും തനിക്കു തിട്ടമെന്നു തോന്നുന്ന അഭിപ്രായം അവതരിപിച്ചും കവി അങ്ങനെ കടന്നു പോകുന്നു. വായനക്കാരെ കൂടെ കൂട്ടികൊണ്ട്.
Content Highlights: PN Gopikrishnan Malayalam poem book review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..