ദിനകരൻ കൊമ്പിലാത്ത് എഴുതിയ പുസ്തകത്തിന്റെ കവർ, പി.കെ രാജശേഖരൻ
വെറും കൂട്ടക്കൊലയല്ല, ഒരു ജനഗണത്തിന്റെ സഞ്ചിതസ്വത്വത്തെ അക്രമാസക്തമായി ഉന്മൂലനം ചെയ്യലാണ് ജെനോസൈഡ് എന്ന വംശഹത്യ. ആ സഞ്ചിതസ്വത്വത്തെ നിലനിര്‍ത്തുന്ന സാമൂഹികസ്ഥാപനങ്ങള്‍ നശിപ്പിക്കലും മനുഷ്യവ്യക്തികളെ ശാരീരികമായി ഇല്ലാതാക്കലും വഴി പ്രവര്‍ത്തിക്കുന്ന ബഹുദിശകളിലുള്ള പ്രക്രിയയാണത്. രാഷ്ട്രങ്ങളും സായുധവിഭാഗങ്ങളും മതസംഘങ്ങളുമെല്ലാം നടത്തിയിട്ടുള്ള വംശഹത്യകളുടെ ചരിത്രമായിക്കൂടി രേഖപ്പെടുത്താവുന്നതാണ് നാളിതുവരെയുള്ള മാനവചരിത്രം. പ്രായമോ ലിംഗമോ നോക്കാതെ നടത്തുന്ന ആ കൂട്ടക്കൊലകള്‍ നേരിട്ടും അല്ലാതെയും ഒരു ജനഗണത്തെ, പൗരഗണത്തെ പൂര്‍ണ്ണമായോ ഭാഗികമായോ നശിപ്പിക്കുന്നു.
പാതകങ്ങളുടെ പാതകമായ വംശഹത്യയുടെ അനുഭവം ഇന്ത്യയിലുമുണ്ടെങ്കിലും അതേപ്പറ്റിയുള്ള പുസ്തകങ്ങള്‍ വിരളമാണ്; മലയാളത്തില്‍ ഇല്ലെന്നുതന്നെ പറയാം. ഇവിടെയാണ് പ്രമുഖ പത്രപ്രവര്‍ത്തകനായ ദിനകരന്‍ കൊമ്പിലാത്തിന്റെ വംശഹത്യയുടെ ചരിത്രം പ്രസക്തമായിത്തീരുന്നത്. അക്കാദമിക് പഠനശാഖയെന്ന നിലയില്‍ വംശഹത്യാപഠനങ്ങള്‍ ആവിര്‍ഭവിച്ചത് 1990കളിലാണ്. ഇംഗ്ലീഷില്‍ ഒട്ടേറെ ഗ്രന്ഥങ്ങളും വംശഹത്യാപഠനത്തിനു വേണ്ടിയുള്ള ജേണലുകളുമുണ്ട്. കേരളീയസമൂഹത്തില്‍ വംശഹത്യകള്‍ ഉണ്ടായിട്ടില്ലാത്തതുകൊണ്ടാവാം പല കാലങ്ങളില്‍ എഴുതപ്പെട്ട ലേഖനങ്ങളല്ലാതെ സമഗ്രമായ പഠനങ്ങള്‍ ഉണ്ടാകാതെപോയത്. ഈ കുറവു നികത്തുന്ന പുസ്തകമാണ് അക്കാദമിക് പഠനങ്ങളിലുള്ള നിര്‍വ്വചനപരമായ സൈദ്ധാന്തികശാഠ്യങ്ങളൊന്നും കൂടാതെ തെളിഞ്ഞ ശൈലിയില്‍ എഴുതിയിട്ടുള്ള വംശഹത്യയുടെ ചരിത്രം. അര്‍മീനിയന്‍ വംശഹത്യയെയും നാസികളുടെ ജൂതമേധത്തെയും കുറിച്ചു മാത്രമല്ല, ഡല്‍ഹിയിലുണ്ടായ സിഖ് വംശഹത്യയെയും ഗുജറാത്തിലെ വംശഹത്യയെയും കുറിച്ചും ഓര്‍മ്മിപ്പിക്കുന്ന ഈ പുസ്തകം അന്ധമായ ഏകദേശീയതാവാദം ഭീഷണാകാരംപൂണ്ടുവരുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമായ വായനയര്‍ഹിക്കുന്നു.
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെങ്ങും വംശഹത്യകളുടെ ഭയാനകദൃശ്യങ്ങളുണ്ട്. ഇരുപതാം നൂറ്റാണ്ടിലാണ് അതിന് വംശഹത്യയെന്ന പേരുണ്ടായതെന്നുമാത്രം. ബൈബിളില്‍ പരാമര്‍ശിക്കുന്ന പല കൂട്ടക്കൊലകളും ഇന്ന് വംശഹത്യയായി തിരിച്ചറിയപ്പെടുന്നു. പ്രാചീനകാലത്തെ ജനവിഭാഗങ്ങളെല്ലാം വംശഹത്യകള്‍ നടത്തിയിട്ടുണ്ട്. ഗ്രീക്കുകാരും റോമാക്കാരുമാണ് അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. മദ്ധ്യയുഗങ്ങളില്‍ മദ്ധ്യേഷ്യന്‍ പുല്‍പ്രദേശത്തും മരുപ്പരപ്പിലും പടയോട്ടങ്ങള്‍ നടത്തിയ മംഗോളുകളും തുര്‍ക്കികളും ജനഗണങ്ങളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്തു. യൂറോപ്പില്‍ ക്രിസ്തുമതത്തിലെ ദൈവശാസ്ത്രപരമായ വിശ്വാസഭേദങ്ങള്‍മൂലം ആയിരക്കണക്കിനാളുകള്‍ വാളിനും തീയ്ക്കുമിരയായി. പില്‍ക്കാലത്ത് യൂറോപ്യന്‍ സാമ്രാജ്യങ്ങളുടെ കോളനിവാഴ്ച എല്ലാ ഭൂഖണ്ഡങ്ങളിലുമായി ലക്ഷക്കണക്കിനു മനുഷ്യരെ കുരുതികൊടുത്തു. അത്തരം ഉന്മൂലനങ്ങള്‍ വംശഹത്യയുടെ അളവില്‍ പരകോടിയിലെത്തിയത് ഇരുപതാം നൂറ്റാണ്ടിലായിരുന്നു. ശാസ്ത്ര സാങ്കേതിക പുരോഗതിയുടേതു മാത്രമല്ല, വംശഹത്യയുടെയും യുഗമായിരുന്നു ഇരുപതാം നൂറ്റാണ്ട്. തെക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഹേരേറോ, നമാ ഗോത്രങ്ങളെ 1904-1908 കാലത്ത് ജര്‍മന്‍ സാമ്രാജ്യം ഇല്ലാതാക്കി.
ഓട്ടോമന്‍ തുര്‍ക്കികള്‍ 1915-1923 കാലത്ത് അര്‍മീനിയന്‍, അസീറിയന്‍, പോണ്ടിക് ഗ്രീക്ക് ജനവിഭാഗങ്ങളെ കൂട്ടക്കുരുതി നടത്തി. നാസികള്‍ 1933-1945 കാലത്തു നടത്തിയ ജൂതമേധ(ഹോളോകോസ്റ്റ്)മാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും കുപ്രസിദ്ധവും പഠിക്കപ്പെട്ടതുമായ വംശഹത്യ. ബംഗ്ലാദേശിലെ വംശഹത്യ (1971), കംബോഡിയയില്‍ ഖമറൂഷ് ഭരണം നടത്തിയ വംശഹത്യ (1975-1979), ഇറാഖി ഭരണകൂടം നടത്തിയ കുര്‍ദ്ദുകളുടെ വംശഹത്യ (1988), ആഫ്രിക്കയിലെ റുവാണ്ടയില്‍ തീവ്രവാദികളായ ഹുടു ഗോത്രവിഭാഗം തുത്സി ഗോത്രത്തെയും മിതവാദികളായ ഹുടുക്കളെയും കൊന്നൊടുക്കിയ വംശഹത്യ (1994), പഴയ യുഗോസ്ലാവിയയില്‍ യുഗോസ്ലാവ് സൈന്യവും ബോസ്നിയന്‍ സെര്‍ബുകളും ചേര്‍ന്നു നടത്തിയ ബോസ്നിയന്‍ മുസ്ലിങ്ങളുടെ വംശഹത്യ (1992-1995) സമീപഭൂതകാലാനുഭവങ്ങളാണ് ബോധപൂര്‍വ്വമായ ഈ വംശോന്മൂലനങ്ങള്‍. തദ്ദേശീയ ഗോത്രവിഭാഗങ്ങള്‍ നേരിട്ട വംശഹത്യകള്‍ പലതും ഇനിയും തിരിച്ചറിയപ്പെട്ടിട്ടുപോലുമില്ല.
എന്തായിരിക്കാം നരന്‍ നരനെത്തന്നെ കൊന്നില്ലാതാക്കുന്ന വംശഹത്യാപാതകത്തിന്റെ കാരണം? അധികാരവും രാഷ്ട്രീയവും ന്യൂനപക്ഷവിരോധവും വിശ്വാസവിരോധവും വംശീയദേശീയമത ഭേദങ്ങളും അതിനു പിന്നിലുണ്ട്. വംശീയവും ലൈംഗികവും ഗോത്രപരവുമായ ന്യൂനപക്ഷങ്ങളെ ബോധപൂര്‍വ്വം നശിപ്പിക്കുന്ന വംശഹത്യകള്‍ക്കു പിന്നിലെല്ലാം ഭരണകൂടങ്ങളെയോ അവയുടെ ഏജന്‍സികളെയോ കാണാം. കൂട്ടക്കൊല മാത്രമല്ല, പട്ടിണിക്കിടലും ദേശഭ്രഷ്ടമാക്കലും രാഷ്ട്രീയവും സാമ്പത്തികവും ജീവശാസ്ത്രപരവുമായ കീഴ്പ്പെടുത്തലും വംശഹത്യാപദ്ധതിയില്‍ ഉള്‍പ്പെടും. പ്രത്യയശാസ്ത്രവും സാങ്കേതികവിദ്യയും സംഘടനാശക്തിയും അതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്നു. ചരിത്രത്തിലെങ്ങും ആവര്‍ത്തിച്ചിട്ടുള്ളതുകൊണ്ടുതന്നെ വംശഹത്യയെപ്പറ്റി ഒട്ടേറെ സിദ്ധാന്തങ്ങളുമുണ്ട്; ചരിത്രപരം, സാമൂഹികം, മനഃശാസ്ത്രപരം, സാമ്പത്തികം, പരിസ്ഥിതിപരം, മതപരം, പ്രത്യയശാസ്ത്രപരം, സൈനികം, സാംസ്‌കാരികം എന്നിങ്ങനെ പലതരം സമീപനരീതികള്‍.
ഒരു രാഷ്ട്രത്തെയോ വംശീയവിഭാഗത്തെയോ ഉന്മൂലനം ചെയ്യല്‍, ഒരു ജനഗണത്തിന്റെ അസ്തിത്വം നശിപ്പിക്കല്‍, കൂട്ടക്കുരുതി എന്നിങ്ങനെ പല രീതിയിലും വംശഹത്യ നിര്‍വ്വചിക്കപ്പെടുകയും ചെയ്യുന്നു. വംശഹത്യയില്‍ പ്രത്യക്ഷമായി ഉള്‍പ്പെടില്ലെങ്കിലും എത്നോസൈഡ്, പൊളിറ്റിസൈഡ്, ഡെമോസൈഡ്, ഓമ്നിസൈഡ്, ജെന്‍ഡര്‍സൈഡ്, ലിബ്രിസൈഡ് തുടങ്ങിയ പുതുസംജ്ഞകളില്‍ വിവരിക്കപ്പെടുന്ന ഇല്ലാതാക്കലുകളും അതിനോടു ചേര്‍ത്തു മനസ്സിലാക്കേണ്ടവയാണ്.
നിര്‍വ്വചനഭേദങ്ങളും സമീപനഭേദങ്ങളുമുള്ള വംശഹത്യയെ പല വിഭാഗങ്ങളായി വിഭജിക്കാന്‍ കഴിയും. കോളനീകരിക്കുന്നതിനു മുന്നോടിയായുള്ള വികസനവംശഹത്യ, സാമൂഹികമേല്‍ക്കോയ്മയ്ക്കു വേണ്ടിയുള്ള പ്രതികാരവംശഹത്യ, അധികാരസ്ഥാപനത്തിനു വേണ്ടിയുള്ള സ്വേച്ഛാധിപത്യവംശഹത്യ, ജനതയില്‍ ഒരു വിഭാഗം ജീവിതാര്‍ഹരല്ലെന്നു തീരുമാനിച്ചുള്ള പ്രത്യയശാസ്ത്രവംശഹത്യ തുടങ്ങിയ സംവര്‍ഗ്ഗങ്ങളില്‍പ്പെടുന്നവയാണ് മിക്ക വംശോന്മൂലനങ്ങളും. യുദ്ധങ്ങളിലുണ്ടാകുന്ന മരണങ്ങളും ബോംബിങ്ങിന്റെ ഫലമായ കൂട്ടമരണവും വലിയ വിഭാഗം ജനങ്ങളെ ഭരണകൂടം കൊല്ലുന്നതുമെല്ലാം ഒരര്‍ത്ഥത്തില്‍ വംശഹത്യകള്‍ തന്നെയാണ്. വംശഹത്യപോലെതന്നെ ശ്രദ്ധിക്കേണ്ടതാണ് വംശഹത്യാനിഷേധം എന്ന പ്രതിഭാസവും.
കൂട്ടക്കുരുതിയുടെ കുറ്റകൃത്യം ചെയ്തവര്‍ അത് നിഷേധിക്കുന്നതാണ് ജെനോസൈഡ് ഡിനയല്‍ എന്ന വംശഹത്യാനിഷേധം. അര്‍മീനിയക്കാരുടെ കൂട്ടക്കൊല ഒന്നാം ലോകയുദ്ധത്തിലുണ്ടായ സ്വാഭാവികമരണങ്ങള്‍ മാത്രമായിരുന്നുവെന്ന് തുര്‍ക്കിയിലെ ഭരണാധികാരികള്‍ ഇപ്പോഴും പറയുന്നതാണ് ഇതിനുദാഹരണം. ലേഖനങ്ങളിലും പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ഇന്റര്‍നെറ്റ് ചര്‍ച്ചകളിലുമെല്ലാം കാണാം വാസ്തവം തുടച്ചുമാറ്റാനുള്ള അത്തരം അസത്യനിഷേധ ഘോഷണങ്ങള്‍. വസ്തുതയും വാസ്തവവുമല്ല രാഷ്ട്രീയമോ വംശവിദ്വേഷപരമോ ആയ ലക്ഷ്യങ്ങളും ആശയഭ്രാന്തുകളുമാണ് വംശഹത്യാനിഷേധത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എഴുതപ്പെട്ടിരിക്കുന്ന ചരിത്രമെല്ലാം അപ്പടി നുണയാണെന്നു വാദിച്ച് പുതിയ സത്യങ്ങള്‍ വിളമ്പി ജനങ്ങളെ വഞ്ചിച്ച് ഓര്‍മ്മ തുടച്ചുമാറ്റാനുള്ള രാഷ്ട്രീയപദ്ധതികളിലെല്ലാം വംശഹത്യാനിഷേധമാണുള്ളത്, ഇന്ത്യയിലുള്‍പ്പെടെ.
ഏതെങ്കിലുമൊരു പ്രത്യേക നിര്‍വ്വചനത്തിന്റെയും സമീപനരീതിയുടെയും ഉപകരണങ്ങളും ആശയങ്ങളും ഉപയോഗിച്ചുകൊണ്ടല്ല ദിനകരന്‍ കൊമ്പിലാത്ത് വംശഹത്യയുടെ ചരിത്രം രേഖപ്പെടുത്താന്‍ ശ്രമിക്കുന്നത്. വസ്തുതകളില്‍ ഊന്നിക്കൊണ്ടുള്ള ഈ രചനാരീതിയില്‍ തീര്‍ച്ചയായും പത്രപ്രവര്‍ത്തനത്തിന്റെ ഗുണാത്മകമായ സ്വാധീനതയുണ്ട്. പാശ്ചാത്യമായ ജെനോസൈഡ് ചരിത്രങ്ങളിലും പഠനങ്ങളിലും കാണാവുന്ന ഹോളോകോസ്റ്റ് പാരഡൈം പിന്തുടരാത്ത രചനാരീതിയാണിത്. നാസികള്‍ നടത്തിയ ജൂതഹത്യയായ ഹോളോകോസ്റ്റിനെ വംശഹത്യയുടെ ഉത്തമമാതൃകയായി കാണുകയും വംശഹത്യകളില്‍ സങ്കുചിതമായ രാഷ്ട്രീയപ്രത്യയശാസ്ത്രത്തിനുള്ള പങ്കിന് അമിതമായ ഊന്നല്‍ നല്‍കുകയും ചെയ്യുന്ന സമ്പ്രദായമാണ് 'ഹോളോകോസ്റ്റ് അടിസ്ഥാന മാതൃക'യിലുള്ളത്. അധികാരവും പ്രകൃതിവിഭവങ്ങളും ഭൂപ്രദേശങ്ങളും മതവ്യാപനവും സാമ്രാജ്യവ്യാപനവും ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുമായി നടന്നിട്ടുള്ള പ്രയോജനവാദപരമായ വംശഹത്യകളെ അരികിലേക്കു മാറ്റിനിര്‍ത്തുന്ന ആ രീതിയില്‍നിന്നു വ്യത്യസ്തമായി മനുഷ്യന്‍ മനുഷ്യനോടു നടത്തുന്ന മഹാപാതകമാണ് വംശഹത്യ എന്ന നിലപാടില്‍ നിന്നുകൊണ്ടാണ് ദിനകരന്‍ വംശഹത്യയുടെ ദാരുണചരിത്രങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പുസ്തകം ഓര്‍മ്മകളുണര്‍ത്തി വേദനിപ്പിക്കുന്നതിനൊപ്പം ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണ്ടതിനെപ്പറ്റി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഡല്‍ഹിയെയും ഗുജറാത്തിനെയും കുറിച്ചുള്ള ഓര്‍മ്മിപ്പിക്കലുകളാകട്ടെ ജാഗ്രതയ്ക്കുവേണ്ടിയുള്ള മുന്നറിയിപ്പുകളായിത്തീരുകയും ചെയ്യുന്നു.
Content Highlights: P.K Rajasekharan, Dinakaran Kombiltah, Vamsahathyayude Charithram, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..