പെണ്ണില
മതഭേദങ്ങളോടെ നിരന്തരം നാം പിന്തുടര്ന്നു വരുന്ന സങ്കല്‍പ്പങ്ങളെയെല്ലാം നിരാകരിച്ചു കൊണ്ടുള്ള ഒരു വ്യത്യസ്ത ദൈവരൂപമാണ് പെണ്ണില വായനക്കാര്‍ക്കു മുന്നില്‍ വരച്ചിടുന്നത്. 'യാതൊരലങ്കാരങ്ങളുമില്ലാതെ നരച്ച താടി തടവി പരമോന്നതിയില്‍ നിന്നും വീതിച്ചു കിട്ടുന്ന കടമകള്‍ ധൃതിപ്പെട്ടു ചെയ്തു തീര്‍ക്കുന്ന സാധുവായ ഒരു തൊഴിലാളിമാത്രമാണ്. താടിയുണ്ടെങ്കിലും അദ്ദേഹം പൂര്‍ണ്ണമായും പുരുഷനല്ല. തിങ്ങി നില്ക്കുന്ന മാറിടങ്ങളുണ്ടെങ്കിലും അദ്ദേഹം സ്ത്രീയുമല്ല. ' എന്നാണ് രചയിതാവ്, വിഷ്ണുമായ ജാനകി എന്ന കഥാപാത്രത്തിന്റെ വാക്കുകളിലൂടെ ദൈവത്തെ വരച്ചിടുന്നത്. കറുത്തതോ, വെളുത്തതോ അല്ലാത്ത, മെലിഞ്ഞതോ തടിച്ചതോ അല്ലാത്ത, ലിംഗഭേദമില്ലാത്തവനാണ് താനെന്നു പ്രഖ്യാപിച്ച ദൈവത്തോടോണ് ഉറക്കത്തില്‍ ജാനകി നിരന്തരം സംസാരിച്ചു കൊണ്ടിരുന്നത്. ദൈവമെന്ന ശില്പിയുടെ പണിയാലയില്‍ ഒരു പാട് കാലങ്ങളായി ജനനത്തിന്റെ വിളി കാതോര്‍ത്തിരിക്കുന്ന നാലു രൂപങ്ങളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചുമുള്ള രഹസ്യങ്ങള്‍ ജാനകി ദൈവത്തില്‍ നിന്നറിയുന്നു. അവിടെയുള്ള നാലുപേരും ഭൂമിയിലെ അമ്മമാരുടെ ഗര്‍ഭപാത്രങ്ങള്‍ക്കുള്ളില്‍ ഉരുവം കൊളളപ്പെടേണ്ടവരാണെന്നും എന്നാല്‍ വളരെ പെട്ടന്നു തന്നെ ഭൂമിയുടെ കെട്ടുപാടുകളില്‍ നിന്ന് തിരിച്ചു വരേണ്ടവരുമാണ് എന്ന് ദൈവത്തില്‍ നിന്ന് ജാനകി കൃത്യമായറിയുന്നുണ്ട്.
പ്രാര്‍ത്ഥന എന്നത് വെറും അധരവ്യായാമമായി മാത്രം മാറിയിരിക്കുന്ന ഇക്കാലത്ത് പ്രാര്ത്ഥനയെന്നതിന്റെ സംവാദതലത്തിലേക്കാണ് ഈനോവല്‍ വായനക്കാരെ നയിക്കുന്നത്. 'നിങ്ങള്‍ എന്തൊരു ദൈവമാണ് ? ദൈവത്തിന് ചെയ്യാന്‍ കഴിയാത്തതായി എന്തുണ്ട്?' ദൈവവും നിസ്സഹയനാണെന്ന് കാണുമ്പോള്‍ ജാനകി ചോദിച്ചു പോകുന്നു.
'ഒരുപാട് കാര്യങ്ങളുണ്ട്. അതൊന്നും പറയാനുള്ളതല്ലെന്ന് ദൈവം മറുപടി പറയുന്നു. ദൈവത്തേക്കാള്‍ മുകളിലാണ് വിധിയുടെ സ്ഥാനമെന്ന ദാര്ശനികതയിലേക്കാണ് പ്രമേയം ചിലപ്പോഴെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗര്‍ഭപാത്രത്തില്‍ മുളയിടുമ്പോഴോ ഭൂമിയില്‍ ശ്വാസമെടുത്തു തുടങ്ങുമ്പോഴോ തന്നെ ഇല്ലാതാകണമെന്ന പൂര്‍വ്വ നിശ്ചയമുള്ള നാലു പെണ്‍കുഞ്ഞുങ്ങളെ ഭൂമിയിലേക്കയക്കുവാനുള്ള ശ്രമത്തിലാണ് ദൈവം. സങ്കടം നിയന്ത്രിക്കാനാവാതെ ദൈവം പോലും വിതുമ്പി പോകുന്ന അവസരം കൂടിയാണത്. ഈ നാലു പേരും ചെന്നെത്തുന്നയിടങ്ങളും അവരുടെ അമ്മമാരുടെ ജീവിതവുമാണ് നോവലിന്റെ ആധാരശിലയെന്ന് കരുതാം.
ലക്ഷ്മീദേവിയുടെ പ്രഭയോടെ ജനിച്ചു വീണ തുര്വി എന്ന പെണ്‍കുട്ടിയുടെ ഉദരത്തിലാണ് ദൈവം പണി തീര്‍ത്ത ആദ്യത്തെ ആയുസ്സുകുറഞ്ഞവള് വന്നു വീഴുന്നത്. തുര്വി എന്ന അമ്മ തന്നെയാണ് കുഞ്ഞിനെ നിലത്തേക്ക് വലിച്ചെറിഞ്ഞ് അവളെ തിരിച്ചയക്കുന്നത്. തുര്വിക്ക് ശേഷം ഛായയുടെ ഊഴമാണ്. കൂട്ടബലാത്സംഗത്തിന് ഇരയാകുന്ന ഛായ ഇത്തരമൊരു ഗര്‍ഭം ഒരിക്കലും ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്തിരുന്നില്ല. ജാനകിയുടെ സ്വന്തം കമലേടത്തിയുടെ ഗര്‍ഭപാത്രത്തിലാണ് മൂന്നാമത്തെ പെണ്‍കുഞ്ഞ് ഉടലെടുക്കുന്നത്. ദുരന്തം അവരെയും വിഴുങ്ങുന്നു. അമ്മയുടെ ഉടലിനുള്ളിലെ കുഞ്ഞും അമ്മയും ഒന്നിച്ചാണ് കശുമാവിന് കൊമ്പില്‍ തൂങ്ങിയാടിയത്. അടുത്ത പെണ്‍കുഞ്ഞിന്റെ തുടിപ്പ് തന്റെ ഉള്ളിലാണുണ്ടാകുന്നതെന്ന് ജാനകി തിരിച്ചറിയുകയും ഒടുവില്‍ വിധിക്കു കീഴടങ്ങുകയും ചെയ്യുന്നു.
നിരവധി കഥകളും ഉപകഥകളും ഇഴയടുപ്പത്തോടെ ചേര്‍ത്തുകെട്ടിയാണ് വിഷ്ണുമായ പെണ്ണില നിര്‍മ്മിച്ചിട്ടുള്ളത്. പെണ്ണിലയെന്നത് ദൈവം സസൂക്ഷ്മം കുറ്റമറ്റരീതിയില്‍ നിര്‍മ്മിച്ചെടുക്കുന്ന സ്ത്രീയോനിയാണെന്ന് നോവല്‍ വ്യക്തമാക്കുന്നു. ആര്‍ത്തവത്തെ സംബന്ധിച്ചും രതിയെ സംബന്ധിച്ചുള്ള സ്ത്രീഭാഷ്യങ്ങള്, സ്വവര്‍ഗരതിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ തുടങ്ങി സമകാലികമായ പല ചിന്തകളും ഈ നോവലിന് മാറ്റുകൂട്ടുന്നുണ്ട്. ക്രൂരനായ കേളുനായരുടെ ജീവിതത്തെക്കുറിച്ചുള്ള കമലയുടെ ഓര്മ, പഴയ ഫ്യൂഡല്‍ കേരളത്തിലെ അവര്‍ണ്ണരുടെ ജീവിതപ്രതിസന്ധികളെ ഒരു ചരിത്രനോവലിന്റെ ചാതുര്യത്തോടെ അവതരിപ്പിക്കുന്നു. നോവല്‍ അപ്രതീക്ഷിതമായ പല സന്ദര്‍ഭങ്ങളിലും പല കാലങ്ങളിലേക്കും പല ദേശങ്ങളിലേക്കും നടത്തുന്ന യാത്രകള്‍ വായനാസുഖത്തെ തടസ്സപ്പെടുത്തുന്നുമില്ല.
വിവാഹജീവിതത്തിലെ അസ്വസ്ഥതകളാണ് തുര്വി, കമല, ജാനകി എന്നിവരുടെ ജീവനെടുക്കുന്നതെങ്കില് സ്ത്രീ ശരീരത്തിനു മേല്‍ അധികാരം സ്ഥാപിക്കുന്ന ആണഹന്തയാണ് ഛായയുടെ ജീവിതത്തെ ഇല്ലാതാക്കുന്നത്. ജാനകി മുതല്‍ ശൂര്‍പ്പണഖ വരെ എന്ന അവതാരികയില്‍ 'നോവലിസ്റ്റിന്റെ ഭാഷ്യം ഭൂമിയില്‍ സ്ത്രീകള്‍ ജനിക്കരുത് എന്നാണെങ്കിലും പുരുഷന് ഭൂമിയില്‍ ഇല്ലാതായെങ്കില്‍ എന്നു വായനക്കാരനെന്ന നിലയില്‍ ആഗ്രഹിച്ചു പോകുന്നു' എന്ന് അഖില്‍ കെ അടിവരയിട്ടു പറയുന്നുണ്ട്. അത്തരത്തിലുള്ള നിരാസങ്ങള്ക്കോ നിഷേധങ്ങള്‍ക്കോ എതിരെയുള്ള കാഹളമായി പെണ്ണിലയെ കാണാനാവില്ല. സ്വന്തം ഇഷ്ടാനുസരണം ജീവിക്കാന്‍ സാധിക്കാതെ വരുന്ന സ്ത്രീ ജീവിതത്തിന്റെ വൈതരണികളെയാണ് രചയിതാവ് സ്പഷ്ടമാക്കുന്നത്. ആണഹന്തകള്‍ തകര്‍ത്തെറിയുന്ന വിവിധ സ്ത്രീ ജീവിതങ്ങളിലേക്കുള്ള നേര്ക്കാഴ്ചകളോടൊപ്പം പൊരുതുന്നവരും വിധിക്കുകീഴ്പ്പെടുന്നവരുമായ രണ്ടു തരം ജീവിതങ്ങള്‍ ഇതില്‍ ആഖ്യാനം ചെയ്യപ്പെടുന്നു. ദൈവനീതികളോട് നായികയായ ജാനകിയും, സമര്‍ത്ഥയായ കമലയും സമരസപ്പെടുന്നുണ്ടെങ്കിലും കോമുനായരുടെ ലിംഗം ഞെരിച്ചുടച്ച ഭാനുവിനെ പോലെ പ്രതികരിക്കുന്നവര്‍ നോവലിന്റെ സ്ത്രീപക്ഷത്തിന് തീക്ഷ്ണത പകരുന്നു. പതിവുരീതികളില്‍ നിന്ന് വിഭിന്നമായാണ് ഈ നോവലിന്റെ സമര്‍പ്പണം. അതിന്റെ അവസാന വാചകമായി വിഷ്ണുമായ ഈ നോവല്‍ തനിക്കു കൂടി സമര്‍പ്പിക്കുന്നുണ്ട് , 'ഏറ്റവുമൊടുവില്‍ സ്വപ്നം കണ്ടു യാഥാര്‍ത്ഥ്യമാക്കാന്‍ വിയര്‍പ്പൊഴുക്കിയ എനിക്ക് ' എന്ന വാചകം ഈ നോവല്‍ പോലെ പുതുമയുള്ളതാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..