-
നന്ദിനി മേനോന്റെ 'പച്ചമണമുള്ള വഴികള്‍' പറയുന്നത് വിവിധ യാത്രകളുടെ ഹൃദ്യവും വ്യത്യസ്തവുമായ അനുഭവകഥകളാണ്. പുസ്തകത്തെ കുറിച്ച് എഴുത്തുകാരിയും അഭിഭാഷകയുമായ അഡ്വക്കേറ്റ് സ്മിത ഗിരീഷ് എഴുതിയ മനോഹരമായ കുറിപ്പ് വായിക്കാം.
വഴുക്കൻ പാറകൾക്കു മുകളിലൂടെ, ഓറഞ്ചും ചുവപ്പും വെള്ളം കെട്ടിക്കിടക്കുന്ന ചതുപ്പുകളിലൂടെ, കടുംപിങ്ക് നിറമുള്ള മുൾച്ചെടികൾക്കിടയിലൂടെ യാത്രികരുമായി വണ്ടിയോടിക്കുകയാണ് അയാൾ. അത് അരുണാചൽ പ്രദേശാണ്. ഇന്ത്യ-ചൈന അതിർത്തിയായ ബുംലയിലേക്ക് യാത്രികരുമായി പോകുകയാണ്... വട്ടം ചുറ്റുന്ന വഴികളിലൂടെ സ്നേഹസംഭാഷണങ്ങളുമായി വണ്ടിയോടിച്ച ഡ്രൈവർ പെട്ടന്ന് പാതയോരത്ത് വണ്ടി നിർത്തി, ചതുപ്പുകളിലേക്ക് ചാടിയിറങ്ങിയോടുന്നു. വഴുക്കൻ പാറകൾക്ക് കുറുകെ കയറി ഓടി എന്തൊക്കെയോ ആകുലപ്പെട്ട് വിളിച്ചു പറഞ്ഞ്, കല്ലുകൾ പെറുക്കി ആഞ്ഞെറിയുന്നു...
നായകൾ വളഞ്ഞ ഒരു ചെറുയാക്ക് കുട്ടിയെ രക്ഷിക്കാനാണ് സാഹസികമായി ആ ശ്രമം. അതിലയാൾ വിജയിച്ചു. കല്ലേറുകൊണ്ട നായകൾ ഓടി. യാക്കിൻകുട്ടിയെ മുതിർന്ന യാക്കിൻകൂട്ടങ്ങൾ പൊതിഞ്ഞു. തിരിച്ചു വന്ന അയാളെ യാത്രികർ കൈയടിച്ച് സ്വീകരിച്ചു. അന്നു രാവിലെ അവർ എത്തിയപ്പോൾ അയാൾ ആപ്പിൾ പോലുള്ള മകനെ എടുത്തു നിൽക്കുകയായിരുന്നു എന്നോർത്തു.
നായ്ക്കൾ വളഞ്ഞ യാക്കിൻകുട്ടിയെ സാഹസികമായി രക്ഷിച്ച ആ ഡ്രൈവർക്ക് കൂടെയുണ്ടായിരുന്ന യാത്രിക, നന്ദിനി മേനോൻ ''മനുഷ്യൻ എന്നു പേരുള്ളവൻ''എന്നാണ് തൻ്റെ 'പച്ച മണമുള്ള വഴികൾ' എന്ന പുസ്തകത്തിൽ കൊടുത്ത ബഹുമതി.
ഈ പുസ്തകത്തിൻ്റെ, ഏറ്റവും വലിയ പ്രത്യേകതയും അതാണ്. ഓരോ യാത്രയിലും സ്ഥലമോ, പ്രകൃതിയോ, കാഴ്ചകളോ, ചരിത്രമോ മാത്രമല്ല നന്ദിനി കണ്ടെടുത്ത് കുറിച്ചു വെയ്ക്കുന്നത്. മറിച്ച് മറ്റാരും പറയാത്ത മറ്റാരും കാണാത്ത ഒരു പ്രത്യേക കാഴ്ചയെ, സംഭവത്തെ, മനുഷ്യനെ, ചിലപ്പോഴൊരു ജീവിയെ, അതുമല്ലെങ്കിൽ ഒരു പൂവിനെപ്പോലും ഓരോ യാത്രാനുഭവത്തിലും കാണിച്ചുതരുന്ന വിശേഷപ്പെട്ട രീതിയാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്. അവയൊക്കെയും പലപ്പോഴും ചിന്തിപ്പിക്കുന്നവയാവും. ആ കാഴ്ചകളിലൊക്കെ അപൂർവമായ മനുഷ്യത്വത്തിൻ്റെ, സൗന്ദര്യത്മകതയുടെ, സർഗ്ഗാത്മകതയുടെ, ജീവിതവീക്ഷണങ്ങളുടെ, പക്വമായ ചിന്താശകലങ്ങളുമുണ്ട്. മനുഷ്യൻ, മനുഷ്യത്വം എന്ന കാഴ്ചപ്പാടാണ് ഉള്ളടക്കത്തിൻ്റെ കാതൽ.
പുസ്തകം തുടങ്ങുന്നതു തന്നെ സ്വന്തം ജീവിതത്തിലെ മനോഹര വ്യക്തിത്വമുള്ള ആളെപ്പറ്റിപ്പറഞ്ഞു കൊണ്ടാണ്. ബിലാസ്പൂരിലെ ഒരു വീട്ടിലേക്ക് നവവധുവായി എത്തുന്ന യുവതി, മോട്ടോർ സൈക്കിളിൽ ഭർത്താവിനൊപ്പം, പൊടിപിടിച്ച വഴിയിലൂടെ, ജലറാം എന്നൊരാളുടെ വീട്ടിലേക്ക് പോവുകയാണ്. പാറകളുടെ, അവയുടെ ക്വാറികളുടെ പൊടി വഴിയിലൂടെ, ഒരു ബാഗുമായി അപരിചിതമായ ഒരു വീട്ടിൽ അവർ എത്തുന്നു. പഴയ ഗ്രാമീണഗൃഹം. നാടൻ മനുഷ്യർ. കട്ടിലിൽ നിന്നാണ് ജലറാം എണീറ്റു വന്നത്. വീട്ടുകാർ സ്വീകരിച്ച് സൽക്കരിക്കുന്നു.
തിരികെ പോവുമ്പോൾ ബാഗ് ഒഴിഞ്ഞിരുന്നു. അത് ജലറാമിനുള്ള പണമാണ്. അയാളെ സഹായിക്കാനാവും നവവധുവിനെക്കൂട്ടി, സായാഹ്നസവാരിക്കോ, ഉല്ലാസയാത്രയ്ക്കോ പോവാതെ, പൊടി മൂടിയ വഴികളിലെ ഗ്രാമീണ ഗൃഹത്തിലെ നിരാശ്രയനായ സുഹൃത്തിനെ കാണാൻ പോയ സ്വന്തം സഹയാത്രികനിലെ മനുഷ്യനെയാണ് എഴുത്തുകാരി ആദ്യം തിരിച്ചറിഞ്ഞത്. അയാളോടൊപ്പമുള്ള എല്ലാ യാത്രകളും രസകരമായിരിക്കുമെന്നവർ ഉറപ്പിച്ചു. ആ ഊഹം ശരിയായിരുന്നു.
ഒരു കാഴ്ചയും മറയ്ക്കാത്ത വഴികളിലൂടെ അവർ ഒന്നിച്ച് ഇന്നും ഏറെ യാത്ര ചെയ്യുന്നു. ആ യാത്രയിൽ ചിറാപുഞ്ചിയും, വാരാണസിയുമുണ്ട്. സരോവരവും, സരോളുമുണ്ട്. ആൻഡമാനും, പവിഴദ്വീപുകളുമുണ്ട്. ഭൂമിലി പട്ടണവും, വസന്തമാളികയും, വള്ളിയൂരും കൊട്ടിയൂരപ്പനുമുണ്ട്... ഇനിയുമിനിയും ഏറെ ദൂരം അവർക്ക് യാത്ര ചെയ്യാനുമുണ്ട്.നേരത്തെ പറഞ്ഞതുപോലെ, ഓരോ യാത്രകളിൽ കണ്ടെടുക്കുന്ന പ്രത്യേക കാഴ്ചകളും, മനുഷ്യരും ഈ പുസ്തകത്തിൻ്റെ മറ്റൊരിടത്തും കാണാത്ത പ്രത്യേകതയാണ്. അപൂർവ്വ ഹൃദ്യസുന്ദര ലാവണ്യ ഭാഷയാണ് എഴുത്തുകാരിയുടെ വരം.
ചിറാപുഞ്ചിയിലെ മഴ എന്ന അധ്യായത്തിൽ പറയുന്ന മഴയെ നോക്കൂ...
''ചിറാപുഞ്ചിയിലെ മഴ ഒരവസ്ഥയാണ്. ഓട്ട വീണ തട്ടിൻപുറം ചോർന്നൊലിക്കുന്നതു പോലെ, ചന്തമില്ലാത്ത, ചെത്തമില്ലാത്ത മഴ. രാപകൽ മാനത്തു നിന്നും വെള്ളം താഴേക്കു വീഴുന്നതാണ് ചിറാപ്പുഞ്ചി മഴ. വെള്ളം വീണു തറഞ്ഞ ഭൂമിയ്ക്ക് കരിങ്കല്ലിൻ്റെ കാഠിന്യം... ഇടയ്ക്കിടെ എവിടുന്നോ ഓടി വന്ന് പൊതിഞ്ഞ് ശ്വാസം മുട്ടിച്ച് ഒന്നും പറയാതെ ഓടിപ്പോകുന്ന മഞ്ഞ്, നീർച്ചാലുകളുടെ തർക്കുത്തരവും, വെള്ളച്ചാട്ടങ്ങളുടെ അട്ടഹാസവും ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റിൻ്റെ അഹങ്കാരവും... ചിറാപുഞ്ചിയ്ക്ക് ഒരു ദിവസം പോലും മിണ്ടാതിരിക്കാനാവുന്നില്ല. ഇവിടെ കാഴ്ച വെള്ളമാണ്. മഴയായും ചാലുകളായും ചാട്ടങ്ങളായും നദികളായും തടാകങ്ങളായും, എങ്ങുമെങ്ങും വെള്ളം മാത്രം...''
ചിറാപ്പുഞ്ചിയിലെ ഷെൽട്ടറിൽ ജനൽക്കാഴ്ച മറച്ച്, മനുഷ്യർക്കും ലോകത്തിനുമെതിരെ സിഗാർ വലിച്ച് നിഷേധത്തിൻ്റെ ഏകാധിപതിയെപ്പോലെ പുറം തിരിഞ്ഞു നിൽക്കുന്ന ഒരാളെ ഓർമ്മിക്കുന്നു. ചിറപ്പുഞ്ചിയിലെ ഡ്രാക്കുള എന്നു വിളിക്കുന്ന ആ മനുഷ്യൻ്റെ പ്രസക്തി അവിടെന്ത് എന്നു ചിന്തിക്കുമ്പോഴും, നന്ദിനി നമ്മളോട് മറ്റൊരു ചോദ്യം ചോദിക്കുന്നത് ചിറാപ്പുഞ്ചിയിലെ കുട്ടികളെ കുറിച്ചാണ്. മഴയത്ത് കളിക്കാവുന്ന ഏത് കളിയാവും സദാ ഈർപ്പം പറ്റിയ വീട്ടിൽ ജീവിക്കുന്ന അവർക്കറിയുക? വിളറിയ നീളമില്ലാത്ത ചിറാപുഞ്ചിയിലെ പുല്ലുകൾ പോലെയൊരു വേദന നിറഞ്ഞ ചോദ്യചിഹ്നമാണത്...
കാശിയും ഗംഗയും ഗംഗാ ആരതിയും ഘാട്ടുകളുമൊക്കെയാണ് വാരാണസിയെക്കുറിച്ചുള്ള ചിത്രം. ഇവിടെ യാത്രികയുടെ കാഴ്ചകൾ മറ്റൊന്നാണ്. അച്ഛനമ്മമാരുടെ ചിതാഭസ്മം ത്രിവേണിയുടെ പുണ്യ തോയയിൽ ലയിപ്പിക്കുവാൻ പോയതാണ്. മണികർണികയിലെ മഞ്ഞപ്പല്ലുള്ള ചണ്ഡാളനും പ്രാചീനമായ കെട്ടിടത്തിലെ ആരോരുമില്ലാത്ത വൃദ്ധ അഗതിമന്ദിരത്തിൽ കണ്ട മനുഷ്യോചിതമല്ലാത്ത ജീവിതം വിധിക്കപ്പെട്ട വൃദ്ധകളും, പുണ്യ തോയയിൽ ഒഴുകി നടന്ന ചുവന്ന സാരിയുടുത്ത വീർത്ത സ്ത്രീ ശരീരവും, മറ്റാരും ഒരു പക്ഷെ പെട്ടന്ന് പറയാൻ ശ്രദ്ധിക്കാത്ത, ഓർമ്മിക്കാൻ പോലും ഇഷ്ടപ്പെടാത്ത വാരാണസിക്കാഴ്ചകളാവും. പക്ഷേ വായിക്കുന്നവർ ആ കാഴ്ചകളിലേക്ക് സ്വയമറിയാതെ ലയിച്ചു പോകുന്നു.
വേദനയും കരുണയും സൗന്ദര്യവും ഇഷ്ടവും ഉണ്ടാക്കുന്ന കാഴ്ചകളാണീ യാത്രാ വഴികൾ നിറയെ. അതു കൊണ്ടാണല്ലോ സരോവര വഴികളിൽ കൂട്ടു വന്ന കുതിരക്കാരി സാരോളിനേയും ആൻഡമാൻ വഴികളിലെ അനൗദ്യോഗിക കാവലാളന്മാരായ ജറാവകളേയും പോർട്ട് ബ്ളയറിലെ വ്രണം പോലെ തോന്നിപ്പിച്ച സെല്ലുലാർ ജെയിലും കേദാര ഭൂമിയിൽ കണ്ട ഭൈരവ മനുഷ്യനും, താലിയിട്ടിട്ട് എന്തു കാര്യം എന്നു ചോദിക്കുന്ന മരട് മല്ലി വനത്തിലെ കരുത്തുറ്റ ഫെമിനിസ്റ്റും വായനയിൽ മനസിൽ സ്ഥാനം പിടിച്ചത്. ചെട്ടിനാടെ വസന്തമാളികകളിലും, വള്ളിയൂരെ മലമ്പാതയോരങ്ങളിലും യാത്രികയുടെ സൂക്ഷ്മ ദൃഷ്ടിയിൽ കാണുന്ന കാഴ്ച വിചാരങ്ങൾ ഒരു പക്ഷേ നമ്മളാരും കണ്ടെടുക്കുന്നവയാവില്ല.
ഈ യാത്രക്കാരിയെക്കുറിച്ച് പറയുമ്പോൾ, അവരുടെ പുസ്തകത്തെക്കുറിച്ച് ഇങ്ങനെ രണ്ടു വരികൾ എഴുതുമ്പോൾ, എന്തുകൊണ്ടോ, പെട്ടന്നോർമ്മ വരുന്നത് വാൾട്ട് വിറ്റ് മാൻ്റെ ''Song of the Open Road " കവിതയിലെ ചില വരികളാണ്.
"Afoot and light hearted
I take to the open road
Healthy, free, the world before me
The long brown path before me
leading wherever I choose.."
യാത്ര ചെയ്യാൻ താത്പര്യമധികമില്ലാത്ത ഒരാളെങ്കിലും ധാരാളം യാത്രാ പുസ്തകങ്ങൾ വായിക്കാറുണ്ട്. പരിചിതമല്ലാത്ത ഭൂപ്രദേശങ്ങൾ, മനുഷ്യർ, കാലാവസ്ഥ ഒക്കെയും വായനയിലൂടെ സങ്കൽപ്പിച്ച് അനുഭവിക്കാനാണ് ഇഷ്ടം. പല വായനകളിലും കഥ പോലെ യാത്രികർ ഹൃദ്യമായി അനുഭവങ്ങൾ എഴുതിക്കാണാറുണ്ട്. പക്ഷേ, നന്ദിനി മേനോൻ്റെ മുൻപറഞ്ഞതു കൂടാതെ യാത്രാനുഭവങ്ങളെ വ്യത്യസ്തമാക്കുന്ന ഒന്നു രണ്ടു കാര്യങ്ങൾ കൂടിയുണ്ട്. വിറ്റ്മാൻ കവിതയിൽ പറയുന്ന പോലെ സ്വതന്ത്ര യാത്രകളാണവ. സ്വന്തം ഇഷ്ടങ്ങൾക്കൊപ്പം കൂടെ പോവുന്ന യാത്രകൾ. യാത്രകളുടെ മുന്നൊരുക്കങ്ങളൊക്കെ ലളിതമാവും. മറ്റൊന്ന്, തിരഞ്ഞെടുക്കുന്ന വഴികൾ മിക്കവാറും,അതിസാഹസികമായ, മറ്റാരുമെത്താത്ത സ്ഥലങ്ങളോ പുഴകളോ, മലകളോ താഴ് വരകളോ തടാകങ്ങളോ, കാടുകളോ, മേടുകളോ ആവും.
ആരും പോകാ വഴികളിലൂടെയുള്ള യാത്രികയുടെ വ്യത്യസ്തമായ കാഴ്ചകളാണ് നന്ദിനി മേനോൻ്റെ യാത്രാക്കുറിപ്പുകളുടെ പ്രത്യേകത.
വേറൊരു കാര്യം, സാധാരണയായി യാത്രികർ, ഒറ്റയ്ക്കാവും യാത്രാ വഴികൾ തിരഞ്ഞെടുക്കുക. നന്ദിനിയെ സംബന്ധിച്ച് മിക്ക യാത്രകൾക്കൊപ്പവും കുടുംബവുമുണ്ടെന്നതാണ്. അങ്ങനെയിരിക്കുമ്പോൾ, ഒരു തോന്നൽ തോന്നുമ്പോൾ, വീടടച്ചിട്ട്, ഒരു ഭാരവുമില്ലാതെ യാത്ര പോവുകയാണ്. യാത്രകൾ പോവുന്നത്, സന്തോഷങ്ങൾക്കോ, ജീവിത മടുപ്പുകൾ മാറ്റാനോ അല്ല. പലതും സുഖ യാത്രകളുമല്ല. മറിച്ച്, പ്രിവിലേജുകളുള്ള സ്വന്തം ജീവിതത്തട്ടിൽ നിന്നും താഴെയിറങ്ങി നടന്ന് നിർജന ഭൂമികകളിലെ സഹജീവികളെ, അവരുടെ ജീവിതങ്ങളെ, കണ്ടും കൊണ്ടുമറിയാൻ കൂടിയാണ്.
ടിഡി രാമകൃഷ്ണൻ അവതാരിക എഴുതിയ പുസ്തകത്തിൽ, നിറയെ ഓർമ്മ ചിത്രങ്ങളുണ്ട്. കവിത തുളുമ്പുന്ന ഭാഷയാണ് ആഖ്യാനത്തിൻ്റെ ഏറ്റം വലിയ സവിശേഷത. അത് എടുത്തു പറയാനാണെങ്കിൽ ഏറെയുണ്ട്. വായിക്കുക തന്നെ വേണം.
(എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ നന്ദിനി മേനോൻ ആന്ധ്ര പ്രവാസി മലയാളികൾക്കുള്ള ത്രൈമാസിക ചീഫ് എഡിറ്റർ. മലയാളം മിഷൻ ആന്ധ്ര പ്രദേശ് കോ ഓർഡിനേറ്റർ എന്നീ പദവികളുടെ ചുമതല വഹിക്കുന്നു.)
Content Highlights: Pachamanamulla Vazhikal Nandini Menon Book Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..