പുസ്തകത്തിന്റെ കവർ
ബാല്യകാലത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ അനുഭവങ്ങള്‍ നര്‍മ്മരസം തുളുമ്പുന്ന ഭാഷയില്‍ അവതരിപ്പിക്കുകയാണ് അങ്ങനെ ഒരു ക്രിസ്മസ് കാലത്ത്. എണ്‍പതുകളിലെ കരോള്‍ ഗാനങ്ങളും കരോള്‍ 'സംഘത്തോടൊപ്പമുള്ള യാത്രകളും, ക്ഷീണിതരാകുമ്പോള്‍ കൂട്ടായുള്ള ഭക്ഷണവും വൈദ്യുതി വരുന്നതിനു മുമ്പുള്ള കടലാസ് നക്ഷത്രങ്ങളും മറ്റ് അലങ്കാരങ്ങളും, ഗൃഹാതുരത്വത്തോടെ ഗ്രന്ഥകാരന് ഓര്‍മിച്ചെടുക്കുമ്പോള്‍, അത് കേരളത്തിലെ ക്രിസ്മസ് ആഘോഷത്തിന്റെ ചരിത്രം കൂടിയായി മാറുകയാണ്. പി.ജെ.ജോസ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അങ്ങനെ ഒരു ക്രിസ്തുമസ് കാലത്ത് 'എന്ന പുസ്തകത്തില്‍ നിന്നും ഒരു അധ്യായം വായിക്കാം.
2017-ലെ ക്രിസ്മസ് കാലം. ക്രിസ്മസിന് ഡിസംബര്‍ ആദ്യ ആഴ്ചതന്നെ നക്ഷത്രം തൂക്കുകയാണ് പതിവ്. തിരുവനന്തപുരത്തെ താമസസ്ഥലത്ത് നക്ഷത്രം ഇടുന്നതിന് സഹായിക്കാന്‍ പതിനൊന്നു വയസുകാരന് ഇളയ മകനെ വിളിച്ചപ്പോള്‍ വലിയ ഉത്സാഹമൊന്നുമില്ല. രണ്ടുമൂന്നു തവണ നിര്‍ബന്ധിച്ചപ്പോള്‍ കൂടെ വന്നു. അപ്പോഴാണ് ഓര്‍മകള്‍ ബാല്യത്തിലേക്ക് പോയത്. ഇന്നത്തേതുപോലുള്ള സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും എന്തൊരു പൊലിമയായിരുന്നു ക്രിസ്മസ് ആഘോഷങ്ങള്‍ക്ക! കടലാസു നക്ഷത്രവും പനയോലകൊണ്ടുണ്ടാക്കുന്ന പുല്‍ക്കൂടും ബലൂണും വര്‍ണക്കടലാസും കൊണ്ടലങ്കരിക്കുന്ന നാടന്‍ ക്രിസ്മസ്ട്രീകളും പടക്കം പൊട്ടിക്കലും കരോളും ഓരോ ദിവസവും ബന്ധങ്ങളുടെ ഉഷ്മളതയും കരുതലുമായി വന്നെത്തുന്ന ക്രിസ്മസ് കാര്‍ഡുകളും ഒക്കെ ചേര്‍ന്ന ആഘോഷം. എന്നും മനസിനെ കുളിര്‍പ്പിക്കുന്ന ഓര്‍മകള്‍...
ആ ഓര്‍മകളില്‍ കഴിയുമ്പോഴാണ് മാതൃഭൂമി ഓണ്‍ലൈനില്‍ നിന്ന് ക്രിസ്മസിനെക്കുറിച്ച് എഴുതണമെന്ന് റെജി പി.ജോര്‍ജിന്റെ വിളി വന്നത്. അക്കൊല്ലം മുതല്‍ നാലു ക്രിസ്മസ് സീസണുകളില്‍ കുറിച്ച ഓര്‍മകളാണ് (യാഥാര്‍ത്ഥ്യവും കുറച്ചു ഭാവനയും ചേര്‍ന്ന) 'അങ്ങനെ ഒരു ക്രിസ്മസ് കാലത്ത്' എന്ന പുസ്തകമായി പുറത്തിറങ്ങിയിരിക്കുന്നത്.
പണ്ടുള്ളത് കേമം ഇന്നത്തേത് മോശം എന്ന അഭിപ്രായം ഒന്നുമില്ല. പക്ഷേ അന്നത്തെ അനുഭവങ്ങള്‍ ഇന്ന് ഓര്‍ത്തെടുക്കുമ്പോള്‍ അതുപകരുന്ന കുളിര്‍മ പറഞ്ഞറിയിക്കാന്‍ കഴിയില്ല. കരോള്‍, പുല്‍ക്കൂട്, നക്ഷത്രം, ക്രിസ്മസ് ട്രീ, പടക്കം, കേക്ക്, വൈന്‍ തുടങ്ങിയവയെല്ലാം ചേര്‍ന്ന ക്രിസ്മസ് ആഘോഷമാണ് പുസ്തകത്തില്‍. ബാല്യകാലം ചിലവിട്ട ചങ്ങനാശ്ശേരിയിലെ കുറുമ്പനാടവും യു.പി. സ്കൂള്‍ കാലം മുതല്‍ വളര്‍ന്ന ചങ്ങനാശ്ശേരിയിലെ തന്നെ മാടപ്പള്ളിയുമാണ് 'അങ്ങനെ ഒരു ക്രിസ്മസ് കാലത്തിന്റെ പശ്ചാത്തലം. 1975 മുതല്‍ 1995 വരെയുള്ള ഓര്‍മകളാണ് പുസ്തകത്തില്‍ വരച്ചിട്ടിരിക്കുന്നത്.
വൈദ്യതിയെത്തിയിട്ടില്ലാത്ത കാലം. ക്രിസ്മസിലെ ഏറ്റവും തിളക്കമുള്ള ഓര്മ മരക്കൊമ്പില്‍ പ്രകാശം പൊഴിച്ചു നില്ക്കുന്ന കടലാസ് നക്ഷത്രമാണ്. ഇപ്പോഴത്തെ ഇന്‍സ്റ്റന്റ് നക്ഷത്രമല്ല. ഈറ്റകൊണ്ട് നക്ഷത്രത്തിന്റെ രൂപമുണ്ടാക്കി അതില്‍ വര്‍ണക്കടലാസുകള്‍ ഒട്ടിച്ചാണ് നക്ഷത്രമുണ്ടാക്കുന്നത്. നക്ഷത്രമുണ്ടാക്കുകയെന്നത് ഒരാഘോഷമാണ്. മുതിര്‍ന്നവര്‍ നക്ഷത്രമുണ്ടാക്കുമ്പോള്‍ വര്‍ണക്കടലാസ് കീറാനും ഒട്ടിക്കാനുള്ള പശ എടുത്തു കൊടുക്കാനുമായി കുട്ടിപ്പട്ടാളവും കൂടെ കാണും. രണ്ടു മൂന്നു വീടുകളിലേക്കുള്ള നക്ഷത്രങ്ങള്‍ ഒരുമിച്ചായിരിക്കും ഉണ്ടാക്കുക.
വൈദ്യുതിയില്ലാത്തപ്പോള്‍ നക്ഷത്രം എങ്ങനെയാണ് രാത്രിയില്‍ പ്രകാശിക്കുക. അതിനും പോംവഴിയുണ്ട്. നക്ഷത്രത്തിനകത്തു മെഴുകുതിരിയോ ചെറിയ മണ്ണെണ്ണ വിളക്കോ വയ്ക്കാനായി പടിപോലെയുള്ള ഒരു സെറ്റപ്പുണ്ട്. മരക്കൊമ്പില്‍ കയറ്റിയിരിക്കുന്ന നക്ഷത്രം സന്ധ്യയാകുമ്പോള്‍ താഴെയിറക്കി അതില്‍
വിളക്കോ മെഴുകുതിരിയോ വച്ച് വീണ്ടും മുകളില്‍ തൂക്കും. 1970-കളുടെ മധ്യത്തില്‍ വൈദ്യുതിയെത്തിയിട്ടില്ലാത്ത ഞങ്ങളുടെ ഗ്രാമത്തിലെ വീടുകളില്‍ ഈ നാടന്‍ നക്ഷത്രങ്ങള്‍ കെടാവിളക്കുപോലെ തൂങ്ങി നില്ക്കും. കുറ്റാക്കുറ്റിരിട്ടിലെ ആ സൗന്ദര്യകാഴ്ചയ്ക്ക് പകരംവയ്ക്കാന്‍ ഇന്നത്തെ എല്‍.ഇ.ഡി നക്ഷത്ര വിപ്ലവത്തിനു സാധിച്ചിട്ടില്ല.
പുല്ക്കൂടുണ്ടാക്കലും ഒരു മാസത്തോളം നീളുന്ന കലാപരിപാടിയാണ്. പുല്‍ക്കൂടിന്റെ അകം അലങ്കരിക്കാനുള്ള നെല്ലും കടുകും മുളപ്പിക്കല്‍ ഡിസംബര്‍ ആദ്യ ആഴ്ച തന്നെ തുടങ്ങും. ഉണ്ണീശോയെ കിടത്താനുള്ള പുല്മെത്തയൊരുക്കാന് പുല്ലുതേടി ഡിസംബറിലെ മഞ്ഞുവീഴുന്ന പുലര്‍കാലത്തെ യാത്രയുടെ സുഖം മറക്കാനാവില്ല. അതിനിടയിലായിരിക്കും പറിച്ചുകഴിഞ്ഞാല്‍ അറ്റുംകൂര്ത്തു നില്ക്കുന്ന പുല്ല് കാണുക. ഇതു പറിച്ച് പരസ്പരം എറിഞ്ഞുകളിക്കുകയാണ് മറ്റൊരു വിനോദം. ചിലപ്പോള്‍ പുല്ല് ശരീരഭാഗങ്ങളില്‍ കുത്തിക്കയറും. അതോടെ പുല്ലു തേടല്‍ ഇടിയിലും വഴക്കിലും കലാശിക്കും. എത്ര സുഖമുള്ള ഓര്‍മകള്‍.
ക്രിസ്മസ് കരോളായിരുന്നു അക്കാലത്തെ കൂട്ടായ്മയുടെ മറ്റൊരു മുഖം. ഇടവകപ്പള്ളിയുടെ ആഭിമുഖ്യത്തിലായിരിക്കും കരോള്‍. ജാതിയുടെയും മതത്തിന്റെ വേലികള്‍ മനുഷ്യനെ തരംതിരിക്കാതിരുന്ന അക്കാലത്ത് പള്ളിക്കു ചുറ്റുമുള്ള നാനാജാതി മതസ്ഥര്‍ കരോളിനുണ്ടാകും. വീടുകള്‍ തോറും പാട്ടുപാടിയും ക്ഷീണിക്കുമ്പോള്‍ കൂട്ടായി ഭക്ഷണം കഴിച്ചും അതിനിടയ്ക്ക് വികൃതികളും രസകരമായ അനുഭവങ്ങളുമായി രണ്ടു മൂന്നുദിവസം നീളുന്ന കരോളായിരുന്നു അന്നത്തെ ക്രിസ്മസ് ആഘോഷത്തിലെ പ്രധാന ഘടകം. കരോള്‍ സംഘങ്ങളെ രാത്രിയിലെത്തുന്ന ശല്യക്കാരായല്ല മറിച്ച് ക്രിസ്മസ് കാലത്ത് സ്നേഹമന്വേഷിച്ചെത്തുന്ന കുടുംബക്കാരായാണ് ഓരോ വീട്ടുകാരും കരുതിയിരുന്നത്.
ക്രിസ്മസിനെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ചിരുന്ന മറ്റൊരു ഘടകമാണ് ക്രിസ്മസ് കാര്‍ഡുകള്‍. ടെലിവിഷനും ഇന്റര്‍നെറ്റും പോകട്ടെ കളര്‍ മാസികകള്‍ പോലും ദുര്‍ലഭമായിരുന്ന അക്കാലത്ത് വര്‍ണവും സ്നേഹവും നിറച്ചെത്തുന്ന ക്രിസ്മസ് കാര്‍ഡുകള്‍ക്കായി ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. പുല്ത്തൊട്ടിയില് കിടക്കുന്ന ഉണ്ണിയേശുവും ഉണ്ണിയേശുവിനെ സ്നേഹവാത്സല്യങ്ങളോടെ നോക്കിനില്ക്കുന്ന മാതാവും യൗസേപ്പ് പിതാവുമായിരിക്കും മിക്ക കാര്‍ഡുകളിലും. ചിലതിലൊക്കെ ഇതിനൊപ്പം പൂജ രാജാക്കന്മാരും ആട്ടിടയന്മാരും ആടുകളും മംഗളവാര്‍ത്ത അറിയിക്കാനെത്തിയ ഗബ്രിയേല്‍ മാലാഖയുമൊക്കെ കാണും.
വിദേശത്തുള്ള ബന്ധുക്കള്‍ അയക്കുന്ന ക്രിസ്മസ് കാര്‍ഡുകളാണ് കുട്ടികളുടെയിടയില്‍ ഹിറ്റ്. കാര്‍ഡ് ഒരു സൈഡിലേക്ക് തിരിച്ചാല്‍ ഉണ്ണിയേശുവിന്റെ ചിത്രം. മറുവശത്തോട്ട് ചെരിച്ചാല്‍ സാന്താക്ലോസിന്റെ ചിത്രം. അന്ന് മലയാളികള്‍ യൂറോപ്പിലേക്ക് ഇന്നത്തേതുപോലെ പോയിട്ടില്ല. പക്ഷേ അമേരിക്കയില്‍ മലയാളികള്‍ ഉണ്ട്. അവിടെയുള്ള ബന്ധുക്കള്‍ അയക്കുന്ന കാര്‍ഡുകളിലൂടെയാണ് മഞ്ഞില്‍ തെന്നിക്കളിക്കുന്ന റെയ്ന്‍ ഡീറും സാന്താക്ലോസും ക്രിസ്മസ് ട്രീയുമൊക്കെ പരിചിതമാകുന്നത്.
ക്രിസ്മസെന്നാല് ഞങ്ങള്‍ക്ക് പടക്കത്തിന്റെ കാലംകൂടിയാണ്. മധ്യതിരുവതാംകൂര്‍ ഭാഗങ്ങളില്‍ ക്രിസ്മസിന് പടക്കംപൊട്ടിക്കല് ഒഴിച്ചുകൂടാനാകാത്ത ആഘോഷമാണ്. കുരുമുളക് പറിക്കാനും റബ്ബര്‍ ചിരട്ടയിലെ ഒട്ടുപാലിളക്കാനുമൊക്കെ സഹായിച്ച് പടക്കം വാങ്ങിക്കാനുള്ള പോക്കറ്റ്മണി കുട്ടികള്‍ ഉണ്ടാക്കും. അന്ന് ഏറുപടക്കം എന്നു പറയുന്നൊരു ഇനമുണ്ട്. പത്തോ പതിനഞ്ചോ പൈസ കൊടുത്താല്‍ മതി. നിലത്തെറിഞ്ഞാല്‍ പൊട്ടും. കൂട്ടുകാര്‍ അറിയാതെ അവരുടെ പിറകിലെത്തി ഇതെറിഞ്ഞ് പൊട്ടിക്കുകയും അവരെ ഞെട്ടിക്കുകയുമായിരുന്നു അന്നത്തെ കുട്ടികളുടെ കുസൃതി. പിന്നീട് ഏറുപടക്കം സര്‍ക്കാര്‍ നിരോധിച്ചു.
ഇന്നത്തെപ്പോലെ ഫൈവ് കോഴ്സ് ഡിന്നറും ഡസന്‍ കണക്കിന് വെറൈറ്റി കേക്കുകളുമില്ലായിരുന്നെങ്കിലും അന്നത്തെ ക്രിസ്മസ് ആഘോഷത്തിനും അതിന്റേതായ പൊലിമ ഉണ്ടായിരുന്നു. പാലപ്പവും (വെള്ളേപ്പവും) പോത്തിറച്ചിക്കറിയുമായിരിക്കും മിക്ക വീടുകളിലും പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് ഇറച്ചിക്കറിക്കൊപ്പം കുറച്ചു ഇറച്ചി ഉലര്‍ത്തിയതും. വറുതിയുടെ അക്കാലത്ത് ഇതുതന്നെയല്ലേ വലിയ ആഘോഷം. പ്ലം കേക്ക് വാങ്ങാന്‍ പരുവമുള്ളവരു കുറവായിരിക്കും.
ഐസിങ് വച്ച കേക്കാണ് അക്കാലത്തെ തറവാടി. ബേക്കറിക്കുള്ളിലെ ചില്ലുകൂട്ടില്‍ ഐസിങ് കേക്ക് ഇരിക്കുന്നതു കണ്ട് കൊതിച്ചിരുന്ന കുട്ടിക്കാലം.
ഇതെല്ലാം ചേര്‍ന്നതായിരുന്നു അന്നത്തെ ക്രിസ്മസ്. കാലം ഹൈ സ്പീഡില്‍ മുന്നോട്ടോടുമ്പോള്‍ അന്നത്തേതൊക്കെ ഇന്നും വേണമെന്നു പറയുന്നത് പിന്തിരിഞ്ഞോടലാണ്. പക്ഷേ അക്കാലം ഓര്‍ത്തോര്‍ത്തെടുക്കുമ്പോള്‍ കിട്ടുന്ന ആ മധുരനൊമ്പരമുണ്ടല്ലോ. അതിന്റെ സുഖമാണ് ഈ പുസ്തകത്തിന്റെ കാതല്‍.
വര്‍ഷം മുഴുവന്‍ ക്രിസ്മസ് ആഘോഷിക്കുന്ന വായനാ അനുഭവം ഓരോരുത്തര്‍ക്കും ലഭിക്കുമെന്ന പ്രതീക്ഷയോടെ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..