'എറിഞ്ഞു കൊന്നാല്‍ ചാവും; പറഞ്ഞുകൊന്നാല്‍ പിടഞ്ഞേ ചാകൂ'; 'പൊറള്' പി. എഫ് മാത്യൂസിന്റെ വായനയില്‍...


പി. എഫ് മാത്യൂസ്‌

വിനിമയത്തിന്റെ പരമമായ ഉച്ചാരണമെന്നു പറയാവുന്ന ഈ നിമിഷത്തില്‍ ചരിത്രം വര്‍ത്തമാന കാലത്തിലേക്കു നിവര്‍ന്നു വരുന്നത് സൂക്ഷ്മതയുള്ള വായനക്കാരന്‍ അനുഭവിക്കുന്നു. 

പി. എഫ് മാത്യൂസ്, മനോജ് വെങ്ങോല

മനോജ് വെങ്ങോലയുടെ പൊറള് എന്ന കഥാസമാഹാരത്തെക്കുറിച്ച് പി.എഫ് മാത്യൂസ് എഴുതുന്നു.

''എറിഞ്ഞും കൊല്ലാം പറഞ്ഞും കൊല്ലാം. എറിഞ്ഞു കൊന്നാല്‍ ചാവും. പറഞ്ഞു കൊന്നാല്‍ പിടഞ്ഞേ ചാകൂ.''പൊറള് എന്ന കഥയിലെ ഉദ്ധരണി മനോജ് വെങ്ങോല കഥകളെ ആകമാനം ഗ്രസിച്ചിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു. എല്ലാ മനുഷ്യരും വിനിമയത്തിനു ശ്രമിക്കാറുണ്ട്. ചിലര്‍ക്ക് വിനിമയം ചെയ്യേണ്ടത് ഒരു സൗന്ദര്യാനുഭവമായിരിക്കും. ഭാഷ വഴങ്ങിയാല്‍ അതു കവിതയാകും നിറങ്ങളിണങ്ങി വന്നാല്‍ ചിത്രങ്ങളായി മാറും. മാനസിക രോഗങ്ങള്‍ പോലും ചിലപ്പോള്‍ ആശയ വിനിമയത്തിനുള്ള വഴിയായി മാറാറുണ്ടെന്ന് Thomas Szsa-നെപോലുള്ള മനോരോഗ വിദഗ്ധര്‍ പറയുന്നു. ആനി എര്‍നോയുടെ സ്റ്റോറി ഓഫ് എ വുമനില്‍ മറവി രോഗം ബാധിച്ച വൃദ്ധ വിനിമയം ചെയ്യുന്നതിനേക്കുറിച്ച് വിവരിക്കുന്നുണ്ട്: വാക്കുകള്‍ കൃത്യമായി ഘടിപ്പിച്ച് വാചകമാക്കാന്‍ അവള്‍ ശ്രമിച്ചു. പക്ഷെ തീര്‍ത്തും അയഥാര്‍ത്ഥമായ കാര്യങ്ങളാണ് പറഞ്ഞു കൊണ്ടിരുന്നത്. 'She invented the life she could no longer live.'

മനോജിന്റെ ചില കഥകളില്‍ വിനിമയം കേന്ദ്ര പ്രമേയമായി വരുന്നുണ്ട്. ഉറക്കത്തിലെ സംസാരം പോലും ദൈവവുമായുള്ള വിനിമയമാണെന്നു മനോജിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. നിദ്രാഭാഷണം എന്ന ആ കഥയിലെ നായകന്‍ ഉറക്കത്തില്‍ സംസാരിക്കുന്നവനാണ്. അതിനു മരുന്നു കൊടുക്കാമെന്നു സമ്മതിച്ച കൈനോട്ടക്കാരി ഹേമാംബികയുടെ ഭര്‍ത്താവിന് സംസാരശേഷി പോലുമില്ലായിരുന്നു എന്ന് വളരെ വൈകിയാണ് അയാളറിയുന്നത്.(പക്ഷെ അയാളും ഉറക്കത്തില്‍ സംസാരിക്കാറുണ്ട് ) ഗതികെട്ട ജീവിതത്തില്‍ പെട്ടു വലയുന്ന ഹേമാംബികയേയും ഭര്‍ത്താവിനേയും കണ്ടു മടങ്ങുമ്പോള്‍ അയാള്‍ പ്രാര്‍ത്ഥിക്കുകയാണ്. 'വാക്കിന്റെ കടലേ, ഉപ്പേ, കോരിയെടുക്കുമ്പോള്‍ ചോര്‍ന്നുപോയാലും ബാക്കിയാകുന്ന നനവേ, ഉണര്‍വ്വിലും ഉറക്കത്തിലും നീ കൂടെ ഉണ്ടാകേണമേ' സാഹിത്യത്തില്‍ നിന്നു മാത്രമുണ്ടാകുന്ന അനുഭൂതിയാണീ വാക്കുകള്‍ പകരുന്നത്.
ആഫ്രിക്കന്‍ ഒച്ചുകളുടെ വീട്, പൊറള് എന്നീ കഥകളാണ് വിനിമയത്തേക്കുറിച്ച് ഏറെ പറയുന്നത്. മരണത്തേക്കാളും തീവ്രമായ ചില അനുഭവങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത്തരം അനുഭവങ്ങളെ ആവിഷ്‌കരിക്കുവാനായി ചിലപ്പോള്‍ നമ്മുടെ ഭാഷ പോരാതെ വരും. അങ്ങനെ വരുമ്പോഴാണ് കലാകാരന്‍ പുതിയൊരു ഭാഷ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ആഫ്രിക്കന്‍ ഒച്ചുകളുടെ വീട് എന്ന കഥയില്‍ അമ്മയും അപ്പനും മറ്റേമ്മയും രണ്ടു മക്കളുമുള്ള വീടാണ് പരിസരം. മക്കളായ കഥാപാത്രങ്ങളുടെ വിനിമയം പലപ്പോഴും പുതിയ ആംഗ്യഭാഷയിലാണ്. അതിവൈകാരികതയുടെ ക്ലേശഭാരം ഇമോജികള്‍ക്കോ മുദ്രകള്‍ക്കോ ഇല്ല എന്ന ന്യായം കഥ പറയുന്നയാള്‍ക്കുണ്ട്.

മറ്റേമ്മ എന്ന കഥാപാത്രം അപ്പന്റെ സഹോദരിയാണോ അമ്മയുടെ സഹോദരിയാണോ എന്നുള്ള ഒരു അവ്യക്തത കഥയില്‍ നിലനിര്‍ത്തിയിരിക്കുന്നു. രണ്ടു മക്കള്‍ക്ക് മുമ്പേ ജനിച്ച റോയ്‌മോന്‍ മരിച്ചതിനെ കുറിച്ചും ചില സൂചനകള്‍ മാത്രം. വ്യക്തമായി പറഞ്ഞുവെക്കാത്ത കാര്യങ്ങളിലാണ് കഥ നിലകൊള്ളുന്നത്. എല്ലാം തുറന്നും തെളിച്ചും പറയുമ്പോള്‍ കഥ കഥയല്ലാതായി മാറുകയും പത്രവാര്‍ത്തപോലെ വെറും സംഭവവിവരണമായി തീരുകയും ചെയ്യും. ആ വീട്ടിലെ മറ്റേമ്മ എന്ന കഥാപാത്രത്തില്‍ ഉണ്ടാകുന്ന നാടകീയ മാറ്റങ്ങളിലൂടെയാണ് കഥ വിടരുന്നത്. മറ്റേമ്മയ്ക്ക് ഉണ്ടാകുന്ന തകിടം മറിച്ചിലുകള്‍ ഭ്രാന്തായിരിക്കാം. ഭ്രാന്തിനെ കഥാകൃത്ത് വിവരിക്കുന്നത് നുണകള്‍ ഒളിച്ചിരിക്കുന്ന വെളിച്ചം എന്നാണ്. ഏറെക്കുറെ അദൃശ്യയായി കഴിഞ്ഞിരുന്ന മറ്റേമ്മ പെട്ടെന്ന് വീടിന്റെ ഭരണം ഏറ്റെടുക്കുന്നതും ആ വീടിനെ ഒച്ചുകള്‍ കീഴടക്കാന്‍ വരുന്നതും സമാന്തരമായി വിവരിക്കുണ്ട്. സസ്യജാലകങ്ങളെ തിന്നുതീര്‍ക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ കൊല്ലാന്‍ ഉപ്പുമായി ഇറങ്ങിയ അപ്പന്‍ പിന്നീട് മടങ്ങി വന്നില്ല. മരത്തിന്റെ ചില്ലയില്‍ കെട്ടിയിട്ട മഞ്ഞനിറമുള്ള പ്ലാസ്റ്റിക് കയര്‍ കഴുത്തിലിട്ട് അപ്പന്‍ ഒരു ആംഗ്യഭാഷയില്‍ കിടക്കുന്നതാണ് മക്കള്‍ കാണുന്നത്. രണ്ടു സ്ത്രീകള്‍ തനിക്കു നേരെ ഉയര്‍ത്തിയ കലഹത്തെ പ്രതിരോധിക്കാന്‍ അപ്പന്‍ തന്റെ ഉടല്‍ കൊണ്ടുണ്ടാക്കിയ ആംഗ്യഭാഷ- അങ്ങനെയാണ് ആ വിനിമയത്തെ കഥാകൃത്ത് വിവര്‍ത്തനം ചെയ്യുന്നത്. വിവരണങ്ങള്‍ക്കപ്പുറത്തേക്കാണ് കഥ വളരുന്നത്. ഭൂമിയുടെ പച്ചപ്പ് തിന്നുതീര്‍ക്കാന്‍ വരുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ വീട് എന്ന തലവാചകം തന്നെ വാചാലമാണ്. വിനിമയം റദ്ദാകുമ്പാള്‍ മനുഷ്യന്റെ നിലനില്‍പ്പു തന്നെ അപകടത്തിലാകുന്നു എന്നത് മനുഷ്യസമൂഹത്തേത്തന്നെ ബാധിക്കും. തെരഞ്ഞെടുത്ത ചില മുഹൂര്‍ത്തങ്ങള്‍ കൊണ്ടെഴുതി വച്ച കഥയ്ക്കുമപ്പുറത്തേക്ക് വായനക്കാരെ നയിക്കുന്ന എഴുത്തുകാരനാണ് മനോജ്. ഒരാളെ മികച്ച കഥാകാരനെന്നു വിളിക്കുന്നത് ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ്.

പൊറള് എന്ന കഥയുടെ തുടക്കത്തില്‍ത്തന്നെ മലയാളമറിയാവുന്ന ഓസ്ട്രിയക്കാരന്‍ ലിയോ പോള്‍ തോബിയാസ് തന്റെ ഭാഷ ഇംഗ്ലീഷിലേക്കു മാറ്റുന്നുണ്ട്. അയാള്‍ നീട്ടിപ്പിടിച്ച പഴയ തോക്ക് തന്റമ്മയെ കൊന്നിട്ടുണ്ടുണ്ടെന്ന് ജ്യോതി എന്ന ചോതി പറഞ്ഞപ്പോഴാണ് അയാള്‍ ഭാഷ മാറ്റിയത്. അതിവൈകാരികത ഒഴിവാക്കാന്‍ ഭാഷ മാറുന്നതാണ് നല്ലത്. പതിവുപോലെ സായുവിന് മലയാളത്തിലെ തെറികളറിയണം. പണ്ട് വെള്ള എന്ന പറയനെ പണയം വെച്ച രേഖ കണ്ടപ്പോള്‍ ആ അടിമകളുടെ വംശപരമ്പരയിലെ അവസാനത്തെ കണ്ണിയാണ് താനെന്ന് ചോതി തിരിച്ചറിഞ്ഞു. എന്നിട്ടും ആ പ്രാചീനമായ അടിയാളത്തം മാറ്റമില്ലാതെ തുടരുകയാണ്. ലിപിയില്ലാത്ത പറയരുടെ പൊറള് എന്ന ഭാഷയില്‍ അവന്റെ അപ്പന്‍ പ്രേതം തുള്ളലിന്റെ പാട്ടു പാടുന്നതു കേട്ടപ്പോഴാണ് സായുവിന് ആ ഭാഷ അറിയണമെന്നു തോന്നിയത്. ആഫ്രിക്കയിലെ സുലുക്കള്‍ക്കിടയില്‍ പണ്ട് മരണാസന്നനായവന്റെ അരികിലിരുന്നു തെറികൊണ്ടു പുലയാട്ടുന്നതിനേക്കുറിച്ച് സായു പറയുന്നു. ഇവിടെ മദ്ധ്യകേരളത്തിലെ പ്രമാണിമാര്‍ മരിക്കാതെ മരിക്കുന്ന നേരത്ത് വേദനയില്‍ നിന്നവരെ രക്ഷിക്കാന്‍ അവര്‍ണരെ വിളിച്ചിരുത്തി പച്ചത്തെറിയാല്‍ തീര്‍ത്ത വചനങ്ങള്‍ വിളിച്ചുചൊല്ലിക്കുമായിരുന്നു. മുമ്പ് ഉള്ളാടരായിരുന്നു അതു ചെയ്തിരുന്നത്. പിന്നെ പറയരും പുലയരുമായി. മരിക്കാന്‍ കിടക്കുന്നവന്റെ ചെവിയിലേക്ക് തീക്കനമുള്ള തെറിവാക്കുകള്‍ പറഞ്ഞുവെക്കുകയാണ് വിളിച്ചു ചൊല്ലല്‍. അതിന്റെ ആഘാതം സഹിക്കാനാകാതെ അയാള്‍ മരണത്തിന്റെ കൈ പിടിക്കുന്നു.

പുസ്തകം വാങ്ങാം

അമ്മയെ കൊന്ന കുരുവിള സാര്‍ മരിക്കാന്‍ കിടക്കുമ്പോള്‍ ചോതിയുടെ അപ്പനെ വരുത്തിക്കുകയാണ്. അയാള്‍ വന്നു. കാതില്‍ ഒരു കാര്യം ചോദിച്ചു. ഞങ്ങളെ എത്ര പറ നെല്ലിനാണ് പണയം വാങ്ങിയത്...എത്ര പലിശ..എത്ര കുടുന്ത..ഒരു തെറിവാക്കുകൊണ്ടു തീരുമോ സാറേ ഈ കടം...കഥ. വിനിമയത്തിന്റെ പരമമായ ഉച്ചാരണമെന്നു പറയാവുന്ന ഈ നിമിഷത്തില്‍ ചരിത്രം വര്‍ത്തമാന കാലത്തിലേക്കു നിവര്‍ന്നു വരുന്നത് സൂക്ഷ്മതയുള്ള വായനക്കാരന്‍ അനുഭവിക്കുന്നു.

നോവെഴുത്ത്, വിവര്‍ത്തകന്‍ എന്നീ കഥകളില്‍ മാധ്യമവും ജീവിതവും കലര്‍ന്നുപോകുമ്പോള്‍ അസാധ്യമായിത്തീരുന്ന വിനിമയം കരാളരൂപം കൈവരിച്ച് തന്നെത്തന്നെ ഇല്ലാതാക്കുന്നത് തിരിച്ചറിയുന്ന എഴുത്തുകാരനെ കാണാം. പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

പറയപ്പതി എന്ന കഥാ സമാഹാരത്തിലൂടെയാണ് മനോജ് വെങ്ങോല എന്ന കഥാകൃത്തിനെ അറിയുന്നത്. പ്രകടനങ്ങളിലും വേദികളിലും കാണാത്ത, മറഞ്ഞുപോകാനാഗ്രഹിക്കുന്ന മനുഷ്യനെന്നു തോന്നി ആ കഥകള്‍ വായിച്ചപ്പോള്‍. പിന്നെ പായ എന്ന പേരില്‍ ആത്മകഥാപരം എന്നു പറയാവുന്ന കുറിപ്പുകള്‍ ഇറങ്ങി. അതിലും ആത്മസ്‌നേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. ജീവിതസന്ദര്‍ഭങ്ങളെ, വായിച്ച പുസ്തകങ്ങളുമായി ചേര്‍ത്തുവെച്ച ഒരപൂര്‍വ്വ ഗ്രന്ഥമായിരുന്നു അത്. മുഖ്യധാരയിലേക്ക് വരാതിരിക്കാന്‍ എഴുത്തുകാരന്‍ ശ്രമിച്ചാലും നമ്മള്‍ വായനക്കാര്‍ക്ക് അയാളുടെ അക്ഷരങ്ങളെ ചേര്‍ത്തു പിടിക്കാതിരിക്കാനാകില്ലല്ലോ...

Content Highlights: P.F Mathews, Manoj Vengola, Poralu, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented