-
നോവല്‍ എന്ന സാഹിത്യരൂപത്തെ നോവിന്റെ അലകള്‍ എന്ന് പരിഭാഷപ്പെടുത്തുന്നുണ്ട് മുഹമ്മദ് റാഫിയുടെ 'ഒരു ദേശം ഓനെ വരയ്ക്കുന്നു ' എന്ന സൃഷ്ടി. നടുവണ്ണൂര്‍ ദേശത്തിലൂടെ ചുറ്റിക്കറങ്ങുന്ന കാറ്റിലും ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകളിലും സിനിമാകൊട്ടകകളില്‍ നിന്നും കേള്‍ക്കുന്ന റെക്കാര്‍ഡു പാട്ടുകളില്‍ പോലും ആര്‍ദ്രമായ ഒരു നോവിന്റെ അലകള്‍ ധ്യാനമിരിക്കുന്നുണ്ട്. പിന്നീട് ജഗജിത് സിങ്ങും മെഹ്ദി ഹസനും പാടുമ്പോള്‍ അതേ വേദന ഒലിച്ചിറങ്ങുന്നു. ആത്മസന്ദേഹങ്ങളുടെ വാത്മീകത്തിലേക്ക് ഉള്‍വലിയുന്ന കഥാപാത്രത്തിന്റെ ബോധതന്ത്രികളിലുരുവമെടുക്കുന്നതും 'ചിരപുരാതനമായ നോവിന്റെ' അതേ അലകള്‍ തന്നെ. കഥാകാരന്‍ സൂചിപ്പിക്കുന്നതു പോലെ അത് 'പെറ്റപ്പോള്‍ തന്നെ ചില മനുഷ്യരുടെ കൂടെ അവരുടെ അമ്മച്ചിമാര്‍ അനുഭവിച്ച പേറ്റുനോവ് ' ഇറങ്ങി വരുന്നതു കൊണ്ടായിരിക്കാം. എന്നാല്‍ ഈ നോവ് അതിവൈകാരികതയുടെ ഭാഷാ കേളികളാല്‍ നിഷ്പന്നമാവുന്നതല്ല. മറിച്ച് പലരും പങ്കുവച്ച ഒരു ജീവിതത്തെ മുഖാമുഖം കാണുന്നതില്‍ നിന്ന് ഉരുവം കൊള്ളുന്നതാണ്!. അത് വേനലവധിക്ക് കച്ചോടം ചെയ്തവര്‍ക്കും കൂട്ടമായി സൈക്കിള്‍ പഠിച്ചവര്‍ക്കും സൈക്കിള്‍ പഠിക്കുമ്പോള്‍ വയലിലേക്ക് വീണവര്‍ക്കും പച്ചമാങ്ങ മാവില്‍ കേറി പറിച്ചു തിന്നവര്‍ക്കും മാവില്‍ കയറുമ്പോള്‍ മീറ്ക്കൂട് മുതുകത്തു വീണവര്‍ക്കും മാത്രം അവകാശപ്പെട്ടതാണ്. അങ്ങിനെയാണ് ചില സൃഷ്ടികള്‍ കേവല സൗന്ദര്യാനുഭൂതിയില്‍ നിന്ന് സോഷ്യോളജിക്കലാവുന്നതും.
'ഹിംസാത്മകതയില്‍ നിന്ന് കെട്ടിയുയര്‍ത്തപ്പെട്ട ഉപരിഘടനയാണ് അതിവൈകാരികത ' എന്ന് കാള്‍ യുങ്ങ് സെന്റിമെന്റാലിറ്റിയെ തള്ളിക്കളയുന്നുണ്ട്. അദ്ദേഹം ജെയിംസ് ജോയ്‌സിയെ അംഗീകരിക്കുന്നത് 'നിര്‍വികാരതയുടെ പ്രവാചക'നായതു കൊണ്ടാണ്. അതിനര്‍ഥം ജേയ്‌സിയന്‍ ലോകം വികാര നിരപേക്ഷമാണെന്നല്ല, മറിച്ച് അവിടെ വൈകാരികത ഉല്‍പാദിപ്പിക്കപ്പെടുന്നത് അതില്‍ നിന്ന് ബോധപൂര്‍വ്വം പിന്തിരിയുന്നതിലൂടെയാണ്. മലയാള നോവലല്‍ ചരിത്രത്തില്‍ റാഫി സ്വയം അടയാളപ്പെടുത്തുന്നത് കുളത്തിലേക്ക് മറ്റാരോ തള്ളിയിടും വരെ കരയില്‍ മടിച്ചു നില്‍ക്കുന്ന നായക കഥാപാത്രത്തെപ്പോലെ വൈകാരിക കുത്തൊഴുക്കുകളിലേക്ക് ഇറങ്ങാതെ ഓരം ചേര്‍ന്ന് നിന്ന് അതിന്റെ പ്രക്ഷുബ്ധാവസ്ഥകളെ ഡിറ്റാച്ച്ഡ് ഒബ്‌സര്‍വറായി രേഖപ്പെടുത്തി, എന്നാല്‍ വായനക്കാരനെ അപ്രകാരം അത് അനുഭവിപ്പിക്കുന്നതിലൂടെയാണ്. സമീറ ഒരു രാത്രി ഇരുണ്ട ചുഴികളിലൂടെ കഥാ നായകനുമായി ഊളിയിടുമ്പോള്‍ പോലും നിസ്സംഗമായ ഭാഷയിലൂടെ അതിന്റെ ഓളപ്പെരുക്കങ്ങള്‍ എഴുത്തുകാരന്‍ നമ്മെ അനുഭവിപ്പിക്കുന്നു.
ഓര്‍മ്മകളുടെ ഛായാ പാടം നോവലില്‍ ആവര്‍ത്തിച്ചുവരുന്ന ബിംബമാണ്. ബിംബാവര്‍ത്തനം നോവലിന് ഒരു കാവ്യാനുഭൂതി പ്രദാനം ചെയ്യുന്നുമുണ്ട്. വ്യക്തിഗത ഓര്‍മ്മകളും പ്രാദേശിക ചരിത്രവും തമ്മില്‍ വൈരുധ്യാത്മകമായ ഒരു ബന്ധമുണ്ട്. ഓര്‍മ്മിക്കപ്പെടുന്നത് വിശാല ചരിത്ര സന്ദര്‍ഭങ്ങളല്ലെങ്കില്‍ തന്നെ ജീവിതത്തിന്റെ അതിസൂക്ഷ്മനിര്‍വൃതി സന്ദര്‍ഭങ്ങളെ അത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്നു. ടയര്‍ പത്തിരിയുടെയും കോഴിക്കറിയുടെയും സമ്മിശ്ര ഗന്ധം കനം തൂങ്ങിനില്‍ക്കുന്ന ഓര്‍മ്മകള്‍! ഓര്‍മ്മയുടെ കാല ചിത്രശാലയില്‍ അടുക്കി വയ്‌ക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയായിരിക്കണമെന്ന് നോവലിസ്റ്റ് പറയുന്നുണ്ട്. ഘടികാരവും ഗ്രാമഫോണും ടേപ് റെക്കാര്‍ഡറും ബാബുരാജിന്റെ കാസറ്റും വാക്ക്‌മേനും നിര്‍ബന്ധമാണ്. ശബ്ദമാണ് കഥാപാത്രങ്ങളുടെ ഓര്‍മ്മകളില്‍ പ്രവര്‍ത്തനക്ഷമമാവുന്ന പ്രധാന ഘടകം. സൈക്കിള്‍ ബെല്ലിന്റെയും ടേപ് റെക്കാര്‍ഡിന്റെയും ഫോണ്‍ ബെല്ലിന്റെയും കഥ പറച്ചിലിന്റെയും ഒപ്പനപ്പാട്ടിന്റെയും ശബ്ദങ്ങളാല്‍ മുഖരിതമാണ് ഓര്‍മ്മകള്‍. ശബ്ദം ദൃശ്യത്തെ അതിലംഘിക്കുന്ന, ദൃശ്യം ശബ്ദത്തിനുള്ള ഉപാധി മാത്രമാവുന്ന ഒരു രചനാ രീതിയാണ് റാഫി സ്വീകരിച്ചിരിക്കുന്നത്. മാനക മലയാളത്തെ കയ്യൊഴിഞ്ഞ് ഉപഭാഷാഭേദത്തിന്റെ സൂക്ഷ്മതകളിലേക്ക് അന്വേഷിച്ചു പോവുന്നതും വാക്കിനോടും അതില്‍ നിന്നും നിഷ്പന്നമാവുന്ന ശബ്ദലോകത്തോടുമുള്ള പ്രണയം കൊണ്ടാവാം.
നേര്‍രേഖയില്‍ വികസിക്കുന്ന ആഖ്യാനത്തെ കൈയൊഴിഞ്ഞ്, വിശ്ലഥമായ സ്മൃതികാലത്തിലൂടെയാണ് കഥ പറയുന്നത്. നിയതമായ ഒരു രൂപത്തിനു പകരം ഫ്‌ലൂയ്ഡ് ആയാണ് ആഖ്യാനം വികസിക്കുന്നത്. ഘടനയില്‍ പുതിയ കാലനോവലിന്റെ നടപ്പുരീതി ഏറെക്കുറെ അങ്ങിനെത്തന്നെയാണല്ലോ. റെബേലിയസിനെക്കുറിച്ചു പറയുമ്പോള്‍ നോവല്‍ എന്ന രൂപം ഉണ്ടായതോടെ നോവല്‍ ഇല്ലാതായി എന്ന് മിലാന്‍ കുന്ദേര വ്യാകുലപ്പെടുന്നുണ്ട്. രൂപമുണ്ടായതോടെ അത് തെറ്റിയാല്‍ നോവലല്ലാതാവും. ഏതായാലും ആ ബാധ്യത ഇവിടെ റാഫി ഏറ്റെടുക്കുന്നില്ല. റാഫിക്കു തോന്നുന്നതാണ് നോവലിലെ കാലം, നോവലിന്റെ രൂപം.
ഒറ്റ വിമര്‍ശനമുന്നയിക്കാതെ അവസാനിപ്പിക്കുന്നതു ശരിയല്ലല്ലോ : മുഖ്യ കഥാപാത്രത്തിന്റെ വൈകാരികപ്രതിസന്ധി ചില ആധുനിക നോവലുകളിലെ നായകന്മാരുടെ ദാര്‍ശനികപ്രതിസന്ധിയുടെ ഹാംഗ് ഓവറാണോ എന്ന് സന്ദേഹിച്ചു പോവുന്നു - ഹറോള്‍ഡ് ബ്ലൂം പറയുന്ന ആങ്ങ് സൈറ്റി ഓഫ് ഇന്‍ഫ്‌ളുവന്‍സ്.
Content Highlights: NV Muhammed Rafi Malayalam Novel Boor Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..