'ഞാന്‍ മാത്രമല്ലാത്ത ഞാന്‍' : എന്‍ പ്രഭാകരന്‍ എന്ന ഒറ്റയാന്‍ നടത്തങ്ങള്‍


ജിനീഷ് കുഞ്ഞിലിക്കാട്ടില്‍

ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും ആവിഷ്‌ക്കാരത്തിന് വേണ്ടിയാണ് തന്റെ ഈ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത് എന്നദ്ദേഹം പറയുന്നുണ്ട്. എഴുതാന്‍ ഭയന്ന ഡയറികുറിപ്പുകള്‍ എന്ന അധ്യായത്തില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ തന്റെ സഹോദരനെകുറിച്ചുള്ള ഓര്‍മകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്.

പുസ്തകത്തിന്റെ കവർ

ലയാള സാഹിത്യപരിസരങ്ങളില്‍ എന്‍.പ്രഭാകരനെ പ്രത്യേകിച്ചു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ജീവിതത്തെയും, സാഹിത്യത്തെയും പ്രതിബദ്ധതയോടെ വീക്ഷിക്കുകയും, തന്റെ രചനകളെ സാമൂഹികവും സാംസ്‌കാരികവും, രാഷ്ട്രീയവുമായ ബാധ്യതകള്‍ക്കപ്പുറം മനുഷ്യനെയും മനുഷ്യത്വത്തെയും വിലമതിക്കുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്കായിരിക്കും എന്‍. പ്രഭാകരന്‍ എന്ന ഒരെഴുത്തുകാരന്‍ വ്യത്യസ്തനാകുന്നത്. നൂറ്റമ്പതോളം കഥകളും അഞ്ചു നോവലെറ്റുകളും ആറു നോവലുകളും രണ്ടു നാടകങ്ങളും മൂന്നു കവിതാ സമാഹരണങ്ങളും ഒരു യാത്രാപുസ്തകവും ഏതാനും ലേഖന സമാഹാരങ്ങളും ഈ എഴുത്തുകാരന്റെതായുണ്ട്. തന്റെ എഴുത്തുസപര്യയുടെ അമ്പത്തഞ്ചാണ്ടുകള്‍ പിന്നിട്ട ഈ നേരത്ത് 'ഞാന്‍ മാത്രമല്ലാതെ ഞാന്‍' എന്ന പേരില്‍ ഒരു ആത്മകഥയും മാതൃഭൂമി ബുക്‌സ് പുറത്തിറക്കി കഴിഞ്ഞു. വായനയെ ഗൗരവപ്പെട്ട സാംസ്‌കാരികപ്രവര്‍ത്തനമായി കരുതുകയും, തന്റെ കാലത്തെ സംസ്‌കാരത്തിന്റെ ജൈവപ്രക്രിയ രേഖപ്പെടുത്തുന്ന ഒരാളായി സ്വയം നിര്‍വചിക്കപ്പെടുകയും ചെയ്യുന്ന ഈ എഴുത്തുകാരന്റെ 'മായാമനുഷ്യന്‍' എന്ന നോവലിനാണ് 2019-ലെ ഓടക്കുഴല്‍ പുരസ്‌കാരം ലഭിച്ചത്.

എഴുത്തിനു ചില സാമൂഹികലക്ഷ്യങ്ങള്‍ വേണമെന്നുള്ള തിരിച്ചറിവ് എഴുത്തുകാരനില്‍ രൂപപ്പെട്ടത് ബാലസംഘവുമായും പിന്നീട് ദേശാഭിമാനി സ്റ്റഡിസര്‍ക്കിളുമായും ഉണ്ടായ ബന്ധങ്ങളാണ്. അച്ചടിച്ചു കാണുന്നതിലെ കൗതുകവും, അതിലെ ആനന്ദവും മാത്രം ലക്ഷ്യമാക്കി ചെയ്യേണ്ടുന്ന ഒന്നല്ല എഴുത്ത് എന്ന ബോധ്യവും ഒരുപക്ഷെ അവിടെ നിന്നുതന്നെയാകാം എഴുത്തുകാരന് ലഭിച്ചത്. 1971- ല്‍ മാതൃഭൂമി വിഷു പതിപ്പില്‍ വന്ന ഒറ്റയാന്റെ കഥയാണ് ആദ്യമായി എന്‍ പ്രഭാകരന്‍ പേരില്‍ പ്രത്യക്ഷപ്പെട്ട ആദ്യകഥ. എന്‍.പി എരിപുരമെന്നും, എരിപുരം പ്രഭാകരന്‍ എന്ന പേരിലുമൊക്കെ കഥകളെഴുതികൊണ്ടിരുന്ന എഴുത്തുകാരന്‍ പിന്നീട് എന്‍.പ്രഭാകരന്‍ എന്നപേരില്‍ മലയാളികള്‍ക്ക് സുപരിചിതനായി. മതത്തിലും, ദൈവത്തിലും, വിശ്വാസമില്ലാത്ത, മതാതീതമായ ആത്മീയതയെ സ്വീകരിക്കാന്‍ ഒട്ടും മടികാണിക്കാത്ത ഈ എഴുത്തുകാരന്റെ ആത്മകഥയാണ് ഞാന്‍ മാത്രമല്ലാത്ത ഞാന്‍.

പുതിയ കാലത്തെ ആര്‍ജ്ജവത്തോടെ അഭിമുഖീകരിക്കുകയും, ഭാവുകത്വത്തില്‍ അടിസ്ഥാനപരമായ മാറ്റം ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു കൃതി ഉണ്ടായിക്കഴിഞ്ഞാല്‍ വളരെ സത്യസന്ധ്യമായ വായനയിലൂടെയും ആരോഗ്യകരമായ സംവാദങ്ങളിലൂടെയും അതിനെ സമൂഹത്തിന്റെ ആന്തരികജീവിതത്തിലേക്ക് പ്രവേശിപ്പിക്കാന്‍ കെല്പുള്ള ഒരു വായന സമൂഹവും നിരൂപകരും വേണം. പക്ഷേ മലയാളത്തില്‍ ഈ രണ്ടുകൂട്ടരും ഉണ്ടായിവരുന്നില്ല എന്നുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. കൃത്യവും ക്രിയാത്മകവുമായ നിരൂപണങ്ങളുടെ അഭാവമാണ് മോശം സാഹിത്യകൃതികളെ വായനക്കാരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം തുറന്നുപറയുന്നുണ്ട്.

സാഹിത്യത്തിന്റെയും കലകളുടെയും പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതില്‍ താല്പര്യം പുലര്‍ത്താത്ത വിദ്യാഭാസആശയങ്ങള്‍ അവരുടെ മാനസിക ലോകത്തിനുണ്ടാക്കിവെക്കുന്ന നഷ്ടം നികത്താനാകാത്തതു തന്നെയാണ് . സാഹിത്യരചനകളില്‍ സാഹിത്യത്തെ പുറകോട്ടു തള്ളി രാഷ്ട്രീയം മുഖ്യവിഷയമായി വരുന്നത് എഴുത്തുകാരിലും നല്ല വായനക്കാരിലും മടുപ്പുണ്ടാക്കും. എഴുത്തുകാരോടും അവരുടെ കൃതികളോടും തോന്നുന്ന വിധേയത്വവും ആരാധനയും പ്രോല്‍സാഹിപ്പിക്കപ്പെടരുതെന്നും അവ നല്ല വായനയെ സാധ്യമാക്കില്ലെന്നും അദ്ദേഹം പറയുന്നു. കൃതികളെ സംവദാത്മകമായി സമീപിക്കുന്ന ശീലം പൊതുവേ നഷ്ടപ്പെട്ടുതുടങ്ങിയ ഈ കാലത്ത് ഇത്തരം തുറന്നുപറച്ചിലുകള്‍ ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കാന്‍ കഴിഞ്ഞെങ്കില്‍ നന്നായിരുന്നു. അന്തിമമായി എത്തിച്ചേരേണ്ട അഭിപ്രായം ഇന്നതാണെന്ന് സംഘാടകര്‍ മുന്‍കൂട്ടി തീരുമാനിക്കുകയാണെങ്കില്‍ ആ ചര്‍ച്ച കൊണ്ട് പിന്നെ കാര്യമായ പ്രയോജനമൊന്നുമുണ്ടാകുകയില്ലല്ലോ? ബൗദ്ധികമോ, വൈകാരികമോ ആയ യാതൊരു ഉണര്‍വ്വും നല്‍കാത്ത, പുതിയ തിരിച്ചറിവുകള്‍ ഒന്നുംതന്നെ ലഭിക്കാത്ത അത്തരം ചര്‍ച്ചകള്‍ കുറഞ്ഞപക്ഷം ഉയര്‍ന്ന ഭാവുകത്വവും ദാര്‍ശനികശേഷിയുമുള്ള ചിലര്‍ക്കെങ്കിലും തങ്ങള്‍ കബളിക്കപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാനിടയുണ്ട് എന്നദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.

Book Cover
പുസ്തകം വാങ്ങാം

ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ അനുഭവങ്ങളുടെയും ഓര്‍മ്മകളുടെയും ആവിഷ്‌ക്കാരത്തിന് വേണ്ടിയാണ് തന്റെ ഈ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത് എന്നദ്ദേഹം പറയുന്നുണ്ട്. എഴുതാന്‍ ഭയന്ന ഡയറികുറിപ്പുകള്‍ എന്ന അധ്യായത്തില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ തന്റെ സഹോദരനെകുറിച്ചുള്ള ഓര്‍മകളെ വീണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. അതിവൈകാരികതയില്ലാതെ തുടര്‍ന്നുള്ള അദ്ധ്യായങ്ങളില്‍ തന്റെ സഹോദരനെയും, സഹോദരന്റെ രോഗത്തെകുറിച്ചുമാണ് പ്രധാനമായും പറഞ്ഞുപോയിട്ടുള്ളത്. ഒരുപക്ഷേ വായനക്കാരെ കൂടുതല്‍ പിടിച്ചിരുത്താന്‍ കഴിയുന്ന ഒരു ഭാഗമായിരിക്കും അത്. അനുകൂലമായ ഭൗതികപരിസരങ്ങളും, സമൂഹം വളരെ സ്വതന്ത്രമായും സത്യസന്ധമായും ആര്‍ജ്ജവത്തോടു കൂടിയും നിലനിര്‍ത്തുന്ന ആശയലോകവും പിന്തുണക്കാനുണ്ടെങ്കില്‍ വ്യക്തികള്‍ക്കു ഏതാണ്ട് എല്ലാ മാനസിക പ്രയാസങ്ങളെയും അതിജീവിക്കാന്‍ കഴിയും. ഒരാളുടെ സ്വത്വം അയാള്‍ക്കു മാത്രമായി രൂപപ്പെടുത്താവുന്ന ഒന്നല്ല എന്നറിവ് തന്നെയാണ് ആത്മകഥയിലെ അവസാന ഭാഗങ്ങളിലെ അധ്യായങ്ങള്‍ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നത്. അപരത്വത്തെ അസ്ഥിത്വത്തിന്റെ അടിസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടത് മിഖായില്‍ ബക്തിനാണ്. അപരത്വത്തില്‍ നിന്നു മാത്രമേ ഒരാള്‍ക്ക് തന്റെ സ്വത്വത്തെ വീണ്ടെടുക്കാന്‍ കഴിയൂ എന്ന ബക്തിന്റെ വാക്കുകളാണ് ആ ഭാഗങ്ങള്‍ വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സില്‍ കടന്നു വന്നത്.

സമീപകാലത്തെഴുതിയ 'കളിയെഴുത്ത'് എന്ന കഥയിലെ വിവാദത്തെക്കുറിച്ച് എന്തുകൊണ്ടോ തന്റെ ഈ പുസ്തകത്തില്‍ അദ്ദേഹം വിശദീകരിച്ചുകണ്ടില്ല. അതിന്റെ വിശദീകരണങ്ങള്‍ മറ്റു പല മാധ്യമങ്ങളില്‍ കൂടി നല്കിയിരുന്നുവെങ്കില്‍ കൂടിയും ഈ ആത്മകഥയില്‍കൂടി അദ്ദേഹം അതുള്‍പ്പെടുത്തേണ്ടതായിരുന്നു. സ്ത്രീവിരുദ്ധമെന്ന് വിമര്‍ശകര്‍ ആക്ഷേപിക്കപ്പെട്ട ആ കഥയെ സംബന്ധിച്ച കൂടുതല്‍ വിശദീകരണങ്ങള്‍ വായനക്കാര്‍ ഈ പുസ്തകത്തില്‍ പ്രതീക്ഷിച്ചാല്‍ അവരെ കുറ്റം പറയാനൊക്കില്ലല്ലോ! എഴുത്തുകാരന്റെ ഈ ആത്മഭാഷണങ്ങളില്‍ കൃത്രിമത്വമോ മുന്‍സൂചിപ്പിച്ചപോലെ അതിവൈകരിതയുടെ കെട്ടഴിച്ചുവിടലോ ഒന്നും കാണാന്‍ കഴിയില്ല. പക്വമതിയായ ഒരെഴുത്തുകാരന് മാത്രമേ ഇത്രമേല്‍ ആളുകളോട് പുറംമോടികളില്ലാതെ സംവദിക്കാന്‍ കഴിയുകയുള്ളൂ. അങ്ങനെ നോക്കുമ്പോള്‍ ആത്മകഥയുടെ ഈ വായന വായനക്കാരില്‍ ഒട്ടും മുഷിച്ചിലുണ്ടാക്കുകയില്ല എന്നു തന്നെ കരുതാം.

Content Highlights : Njan Maatramallatha Njan N Prabhakaran Mathrubhumi Books Review Jineesh Kunjilikkattil

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented