നിഖിലേഷ് മേനോൻ
ഡിറ്റക്റ്റീവ് ഫിക്ഷന്‍ എന്നത് ഒന്നോ അതിലധികമോ ദുരൂഹമരണങ്ങളും അതിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണവും കണ്ടെത്തലുകളും മാത്രമാണെന്ന ചിന്ത ഇപ്പോഴും നല്ലൊരു ശതമാനം വായനക്കാര്‍ക്കും പ്രസാധകര്‍ക്കും ഉണ്ടെന്നതാണ് വാസ്തവം. എന്നാല്‍ ഒരുപാട് ഉപശാഖകളും എഴുത്തിലും കഥ പറച്ചിലിലും നൂതനമായ സങ്കേതങ്ങളുമായി ലോകവ്യാപകമായി ഇന്ന് ജനപ്രിയസാഹിത്യം ഏറെ മുന്നോട്ട് പോയിരിക്കുന്നു. ബ്രിട്ടീഷ്-സ്‌കാന്ഡിനേവിയന്‍-ഏഷ്യന്‍ എഴുത്തിലെ പുതുതലമുറ നവീനമായ ആശയങ്ങളും കഥാപരിസരങ്ങളുമായി വായനക്കാരെ ആകര്‍ഷിക്കുന്നു. അടുത്ത കാലത്ത് വായിച്ചവയില്‍ എന്നെ ഏറെ ആകര്‍ഷിച്ച അഞ്ച് പുസ്തകങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.
1) റോക്ക് പേപ്പര്‍ സിസ്സേര്‍സ്- ആലീസ് ഫീനെ
ബ്രിട്ടീഷ് എഴുത്തുകാരിയായ ആലീസ് ഫീനെയുടെ ഞാന്‍ ആദ്യമായി വായിക്കുന്ന രചനകളില്‍ ഒന്നാണ് 2021-ല്‍ പുറത്തിറങ്ങിയ റോക്ക് പേപ്പര്‍ സിസ്സേര്‍സ്. പ്രശസ്തനായ തിരക്കഥാകൃത്താണ് ആദം. അയാളുടെ സുന്ദരിയായ ഭാര്യയാണ് അമേലിയ. ചെറുതല്ലാത്ത സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന ദാമ്പത്യത്തെ ശാന്തമാക്കുവാനും എന്നോ നഷ്ടപ്പെട്ടുപോയ സ്‌നേഹം വീണ്ടെടുക്കുവാനും അവിചാരിതമായി ലഭിച്ച 'വീക്കെന്‍ഡ് ഗെറ്റവേ'യിലൂടെ സാധിക്കും എന്നവര്‍ കരുതുന്നു. സ്‌കോട്ടിഷ് മലനിരകള്‍ക്കിടയിലെ അവധിക്കാല വസതിയിലേക്കുള്ള അവരുടെ യാത്ര നിഗൂഢതകള്‍ക്കൊപ്പം അവരുടെ യഥാര്‍ത്ഥ വ്യക്തിത്വങ്ങളേയും വെളിവാക്കുന്നു.
മൂന്നോ നാലോ കഥാപാത്രങ്ങളേ പ്രധാനമായും ഉള്ളൂവെങ്കിലും വളരെ അറ്മോസ്ഫെറിക്ക് ആയുള്ള കഥ പറച്ചിലും പിടിച്ചിരുത്തുന്ന വഴിത്തിരിവുകളും ജമ്പ് സ്‌കെയര്‍ നിമിഷങ്ങളുമാണ് ആസ്വാദ്യമായി ആയി വായനയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഫേസ് ബ്ലൈന്‍ഡ്നെസ്സ് എന്ന അവസ്ഥയെ അതി വിദഗ്ധമായി കഥയുടെ വികാസത്തില്‍ എഴുത്തുകാരി ഉപയോഗിച്ചിരിക്കുന്നു. ഡൊമസ്റ്റിക് ത്രില്ലെര്‍ -സൈക്കോളജിക്കല്‍ ത്രില്ലെര്‍ -മിസ്റ്ററി ഗണത്തില്‍ പെടുത്താവുന്ന ഈ നോവലില്‍ അമിതമായ വയലന്‍സോ രക്ത ചൊറിച്ചിലോ മടുപ്പിക്കുന്ന കൊലപാതകങ്ങളോ ഒന്നും കടന്നു വരുന്നില്ല എന്നതും എടുത്തുപറയേണ്ടതാണ്. മിസ്റ്ററി ആരാധകര്‍ക്ക് തീര്‍ച്ചയായും ഏറെ പ്രിയപ്പെട്ടതാവും ഈ പുസ്തകം. ഇംഗ്ലീഷ് പുസ്തകങ്ങള്‍ ആദ്യമായി വായനക്കെടുക്കുന്നവര്‍ക്കും പരീക്ഷിക്കാവുന്ന രചന.
2) ടെല്‍ നോ വണ്‍ - ഹാര്‍ലന്‍ കൊബേന്‍
അമേരിക്കന്‍ എഴുത്തുകാരനായ ഹാര്‍ലന്‍ കോബെന്‍ എഴുത്തിലും വായനയിലും ഏറെ സ്വാധീനിച്ച വ്യക്തിത്വമാണ്. നിസ്സാരമെന്നും അസംഭവ്യമെന്നും ആദ്യകേള്‍വിയില്‍ തോന്നുന്ന പ്ലോട്ട് ലൈനുകള്‍ കണ്‍വിന്‍സിങ് ആയി അവതരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ വിജയം എന്ന് തോന്നിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണപ്പെട്ടവര്‍ മടങ്ങിയെത്തുന്നതും കാലങ്ങള്‍ക്ക് മുന്‍പ് നടന്ന ദുരൂഹ മരണങ്ങള്‍ പുനരന്വേഷിക്കുന്നതുമെല്ലാം അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ പതിവായി കടന്നുവരുന്ന പ്രമേയങ്ങളാണ്.
'ടെല്‍ നോ വണ്‍' കൊബേന്റെ മാസ്റ്റര്‍പീസ് രചനകളില്‍ ഒന്നാണ്. എലിസബത്ത് ബെക്ക് മരണപ്പെടുന്നത് എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അവരുടെ ഭര്‍ത്താവായ ഡേവിഡിന് ഇപ്പോഴും ആ ദാരുണമായ സംഭവത്തിന്റെ ആഘാതത്തില്‍ നിന്നും പൂര്‍ണ്ണമായി മോചിതനാകുവാന്‍ സാധിച്ചിട്ടില്ല. തീര്‍ത്തും അപ്രതീക്ഷിതമായി ഒരുനാള്‍ അയാള്‍ക്ക് ഒരു ഇമെയില്‍ ലഭിക്കുന്നു. അയാളുടെ വിശ്വാസങ്ങളെ മുഴുവന്‍ കീഴ്‌മേല്‍ മറിക്കുന്ന ആ സന്ദേശത്തോടൊപ്പം മറ്റൊരു വസ്തുത കൂടി അയാള്‍ മനസ്സിലാക്കുന്നു- ഭൂതകാലം അയാളെ വീണ്ടും വേട്ടയാടുവാന്‍ തുടങ്ങിയിരിക്കുന്നു!
ഒരു ആസ്‌ട്രേലിയന്‍ സിനിമയായും പുറത്തിറങ്ങിയിട്ടുള്ള ഈ നോവല്‍ ഹാര്‍ലന്‍ കൊബേന്‍ എന്ന എഴുത്തുകാരന്റെ ഏറ്റവും വിജയിച്ച പുസ്തകമാണ്.

3 ) ദി ഫാമിലി അപ്‌സ്റ്റെയര്‍സ്- ലിസാ ജുവല്‍
ബ്രിട്ടീഷ് എഴുത്തുകാരിയായ ലിസാ ജുവലിന്റെ ആദ്യകാല രചനകള്‍ കോമഡി -റൊമാന്‍സ് എന്നീ ജനുസ്സുകളില്‍ ഉള്‍പ്പെടുന്നവയായിരുന്നുവെങ്കിലും ഏറെ വായിക്കപ്പെടുന്ന എഴുത്തുകാരായി അവര്‍ മാറിയത് ഡൊമെസ്റ്റിക്ക് -മിസ്റ്ററി ത്രില്ലറുകളിലൂടെയായിരുന്നു. ഐ ഫൗണ്ട് യു, വാച്ചിങ് യു, ദി ഫാമിലി അപ്‌സ്റ്റെയര്‍സ്, ഇവയെല്ലാം ഒട്ടനവധി ആരാധകരെ നേടിയെടുത്ത നോവലുകളാണ്.
കോടികള്‍ വിലമതിക്കുന്ന കൊട്ടാര സമാനമായ വലിയ ബംഗ്‌ളാവിന്റെ അനന്തരാവകാശിയാണ് താനെന്ന് ഇരുപത്തഞ്ചാം വയസ്സിലാണ് ലിബ്ബി ജോണ്‍സ് തിരിച്ചറിയുന്നത്. എന്നാല്‍ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങള്‍ക്കിടയിലാണ് അവള്‍ മറ്റൊരു സത്യം കൂടി മനസ്സിലാക്കുന്നത്; അവള്‍ക്ക് പത്തു മാസം മാത്രം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ ആ ഭവനത്തില്‍ വെച്ച് ആത്മഹത്യ ചെയ്തതാണെന്നും രണ്ട് സഹോദരങ്ങളെ അന്നേ ദിവസം മുതല്‍ കാണ്മാനില്ലെന്നും. വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരോധാനം ചെയ്ത ലിബ്ബിയുടെ സഹോദരങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? അവളുടെ മാതാപിതാക്കള്‍ക്കൊപ്പം ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട അജ്ഞാതന്‍ ആരായിരുന്നു? കാലങ്ങള്‍ക്കുശേഷം അനന്തരാവകാശിയെ തേടിയെത്തിയ ആ ബംഗ്‌ളാവിലെ രഹസ്യം എന്തായിരുന്നു?
പുതുമയാര്‍ന്ന പശ്ചാത്തലത്തില്‍ എഴുതപ്പെട്ട, ഹിപ്പി സംസ്‌കാരവും കുടുംബ ബന്ധങ്ങളിലെ വൈകാരികതയുമെല്ലാം വിഷയങ്ങളായി എത്തുന്ന ഫാമിലി അപ്‌സ്റ്റെയര്‍സ് ഒരു ഗ്ലോബല്‍ ബെസ്‌റ് സെല്ലെറായിരുന്നു.
4) ദി ന്യൂകമ്മര്‍ -കീഗോ ഹിഗാഷിനോ
ഈ കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്നവരില്‍ മലയാളികളെ സംബന്ധിച്ചിടത്തോളം ഒരു പക്ഷേ ഏറ്റവും പ്രശസ്തനായ എഴുത്തുകാരനാകും കീഗോ ഹിഗാഷിനോ. ടോക്കിയോ നഗരത്തിലെ നിഹോന്‍ബാഷി പ്രവിശ്യയിലേക്കു സ്ഥലം മാറ്റം കിട്ടി ഏതൊട്ടിയിരിക്കുകയാണ് ഡിറ്റക്റ്റീവ് കാഗ. അദ്ദേഹത്തിന് പുതിയ ജോലി സ്ഥലത്തു പ്രവേശിച്ച ആദ്യ നാളുകളില്‍ തന്നെ പരിസരവാസിയായ ഒരു സ്ത്രീയുടെ ദുരൂഹ മരണം അന്വേഷിക്കേണ്ടി വരുന്നു. വളരെ നേര്‍രേഖയിലുള്ളതെന്നു ആദ്യകാഴ്ചയില്‍ തോന്നുന്ന ഈ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാണെന്നും സംശയത്തിലുള്ളവര്‍ ഒന്നിലധികമാണെന്നും കുറ്റാന്വേഷകന് അധികം വൈകാതെ അറിവുണ്ടാവുന്നു.
സ്ഥിരം പരിചയിച്ചിട്ടുള്ള കുറ്റാന്വേഷണ കഥകളില്‍ നിന്ന് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത് ഈ കഥയുടെ ആഖ്യാനവും ഇതില്‍ കടന്നുവരുന്ന കഥാപാത്രങ്ങളുമാണ്. ഓരോ അധ്യായവും ഒരു ചെറുകഥ പോലെ വായിച്ചുപോകാമെന്നതും അവയ്ക്കു ഓരോന്നിനും സ്വത്വമുണ്ടാകുന്നു എന്നതും ഈ നോവലിന്റെ പ്രത്യേകതയാണ്. 'പുഴ മീനുകളെ കൊല്ലുന്ന വിധം' പോലുള്ള പരീക്ഷണപുസ്തകങ്ങളില്‍ അധികം ഫലവത്താവാതെ പോയതും ഇത്തരത്തിലുള്ള ആഖ്യാനരീതിയുടെ പ്രയോഗമായിരുന്നു. എന്നാല്‍ കീഗോ ഹിഗാഷിനോ അതിവിദഗ്ദമായി ഈ ശൈലി എക്‌സിക്യൂട്ട് ചെയ്തതായി അനുഭവപ്പെട്ടു.
5) ദി ട്രീസ് -പെര്‍സിവല്‍ എവെരെറ്റ്
മിസ്സിസ്സിപ്പിയില്‍ സംഭവിക്കുന്ന ക്രൂരമായ കൊലപാതകങ്ങളും അത് അന്വേഷിക്കുവാന്‍ എത്തുന്ന രണ്ട് അന്വേഷകരും ഒന്നിന് പുറകെ ഒന്നായി സംഭവിക്കുന്ന ഈ കൊലപാതകങ്ങളില്‍ കുറ്റാന്വേഷകരെ കുഴക്കുന്നത് വിചിത്രമായ മറ്റൊരു കണ്ടെത്തലാണ് - ഓരോ ക്രൈം സീനിലും മിസ്സിസ്സിപ്പിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട എമ്മെറ്റ് ടില്‍ എന്ന യുവാവിന്റെ മുഖഛായയുള്ള മറ്റൊരു മൃതദേഹം!
സാമ്പ്രദായിക കുറ്റാന്വേഷണ സീരിയല്‍ കില്ലര്‍ നോവലുകളുടെ ശൈലിയില്‍ എഴുതപ്പെട്ട പുസ്തകം യഥാര്‍ത്ഥത്തില്‍ ശക്തമായ സാമൂഹ്യവിമര്‍ശ നമുള്‍ക്കൊള്ളിച്ചിട്ടുള്ള ഉള്‍ക്കാമ്പുള്ള കൃതിയാണ്. കറുത്ത ഹാസ്യം , റേസിസത്തിന് എതിരായുള്ള പ്രൊവൊക്കേറ്റീവ് സംഭാഷണങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണ് ഈ പുസ്തകം. തീര്‍ച്ചയായും വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്ന ഈ പുസ്തകം പക്ഷേ ഴോനര്‍ പ്രേമികള്‍ക്ക് ഇഷ്ടമാവണമെന്നില്ല.
Content Highlights: Nikhilesh Menon, Crime Fiction Week, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..