ഒരാള്‍ അയാള്‍ മാത്രമല്ലാതാകുന്നതിന്റെ ന്യായം


ഡോ. സ്വപ്ന സി. കോമ്പാത്ത്.

ഞാന്‍ ഞാന്‍ മാത്രമല്ല. ആവുകയുമില്ല. അവസാനശ്വാസം വരെയും'. എന്ന പ്രസ്താവനയോടെ അവസാനിക്കുന്ന 70 പേജുകള്‍ ഈ ആത്മകഥയ്ക്ക് റിട്രോസ്പിക് മെമോയറിന്റെ ഛായ നല്‍കുന്നു. തന്റെ ജീവിതം ഇത്തരത്തിലുള്ളതായിരുന്നു എന്നു തുറന്നു പറയുമ്പോള്‍ ലോകം തന്നെ എങ്ങനെ വിലയിരുത്തും എന്ന പാഴ്ചിന്തയൊന്നും അദ്ദേഹത്തെ ഭരിച്ചിരിക്കില്ല.

എൻ. പ്രഭാകരൻ| ഫോട്ടോ പി. ജയേഷ്‌

എന്‍. പ്രഭാകരന്‍ എന്നത് ഒരു പേരിനുമപ്പുറമായി നമ്മുടെ സാഹിത്യത്തില്‍ ഒരു പ്രകാശവലയമാണ്. ഫിക്ഷനും നോണ്‍ഫിക്ഷനുമായി അദ്ദേഹം എഴുതിയിട്ടുള്ളതിലെല്ലാം തന്നെ മനുഷ്യനും അവന്റെ ദേശവും തമ്മില്‍ പുലരുന്ന ഉര്‍വരമായ ബന്ധത്തിന്റെ അടരുകളുണ്ട്. ആത്മകഥയും അതില്‍ നിന്ന് വേറിട്ട വഴിയിലൂടെയല്ല ചരിക്കുന്നത്. ഒരു വ്യക്തി രൂപപ്പെടുന്നതില്‍ അവനോടൊപ്പം അവന്റെ നാടും വീടും സ്വന്തവും ബന്ധവും എന്തിന് ശത്രുക്കള്‍ പോലും കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇതെല്ലാം രേഖപ്പെടുത്തുന്ന ഭാവനാപൂര്‍ണ്ണമായ ബൗദ്ധികവ്യായാമമായി മാത്രം നമുക്ക് ഞാന്‍ മാത്രമല്ലാത്ത ഞാന്‍ എന്ന ആത്മകഥയെ വ്യവഹരിക്കാനാവില്ല.

പ്രതികൂല സാഹചര്യങ്ങളേയും സ്വയം തീര്‍ത്ത പ്രതിരോധങ്ങളെയും ഓര്‍ത്തെടുത്ത് ക്രോഡീകരിക്കുന്ന അനുഭവങ്ങളുടെ ആഖ്യാനം അത്ര നിസ്സാരമായ പ്രക്രിയയല്ല. ഓര്‍മ എന്ന പിന്‍തിരിഞ്ഞു നടക്കല്‍ ഒരു പ്രതിലോമപ്രവര്‍ത്തനമാണ്. അത് ഒരു വ്യക്തിയെ പലപ്പോഴും തളര്‍ത്തുവാനും ചിലപ്പോഴെങ്കിലും കരുത്ത് പകരാനും സഹായിക്കുന്ന മാനസികവ്യാപാരം കൂടിയാണ്. പലപ്പോഴും ചരിത്രത്തിന്റെ ഭാഗമാകുന്ന സാമൂഹികസാംസ്‌കരികപ്രവര്‍ത്തനങ്ങളില്‍ സക്രിയമായി ഇടപെടുന്നൊരാള്‍ക്ക് തന്റെ ഓര്‍മകള്‍ വീണ്ടെടുക്കുകയും കോര്‍ത്തിണക്കുകയും ചെയ്യുന്നത് ശ്രമകരമായ അധ്വാനമാണെന്നു വരാം.

എല്ലാ കലകളും ആത്മകഥാപരമാണെന്ന് അഭിപ്രായപ്പെട്ട ഫെല്ലിനി ചിപ്പിയുടെ ആത്മകഥയാണ് മുത്തെന്ന് ഉദാഹരിച്ചിട്ടുണ്ട്. നെല്ലും പതിരും വേര്‍തിരിച്ചെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന നിരൂപക സിംഹങ്ങളെ ഭയന്ന് നിര്‍ബന്ധപൂര്‍വം പുലര്‍ത്തേണ്ട സൂക്ഷ്മത എന്ന ഘടകത്തെ പോലും പിന്തള്ളിക്കൊണ്ട് ജീവിതത്തെ പകര്‍ത്തുന്നതില്‍ പുലര്‍ത്തേണ്ട ത്യാജ്യഗ്രാഹ്യചിന്തകളായിരിക്കും അവരെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്. ചുറ്റുപാടുമുള്ളവര്‍ക്ക് പ്രത്യേകിച്ച് വായനക്കാര്‍ക്കു പോലും അപ്രിയങ്ങളായേക്കാവുന്ന പലതും അവര്‍ക്ക് ബോധപൂര്‍വ്വം ഒഴിവാക്കേണ്ടി വരാം. എല്ലാ ആത്മകഥകളും നുണകളാണെന്ന് ബര്‍ണാഡ് ഷാ അഭിപ്രായപ്പെടുന്നുണ്ട്.

ഈ ഉദ്ധരണിയില്‍ നിന്നു വിരുദ്ധമായി വായനക്കാര്‍ക്കു മുന്നില്‍ തന്റെ ജീവിതത്തെ മുഴുവനായി തുറന്നിടുകയാണ് എന്‍ പ്രഭാകരന്‍ തന്റെ ആത്മകഥയിലൂടെ എന്നാണ് ഞാന്‍ മാത്രമല്ലാത്ത ഞാന്‍ എന്ന കൃതി നല്‍കുന്ന വായനാനുഭവം. ഈ ശീര്‍ഷകം തന്നെ എന്‍. പ്രഭാകരന്‍ എന്ന ധൈഷണിക പ്രതിഭയുടെ ഗഹനവും വ്യാപ്തവുമായ വിജ്ഞാനമണ്ഡലത്തെ, സവിശേഷമായ ചിന്താധാരയെ അല്ലെങ്കില്‍ പരിഗണനകള സൂചിപ്പിക്കുന്നുണ്ട്. 'ഓര്‍മകള്‍ക്കു കാലം പാലിക്കുന്ന ശീലമില്ല'' എന്നദ്ദേഹം തന്നെ പറയുന്നുണ്ടെങ്കിലും ഏകദേശം മൂന്നാലു വയസ്സുള്ളപ്പോള്‍ മുതല്‍ ഉള്ള ചില ഓര്‍മകള്‍ അദ്ദേഹം വീണ്ടെടുക്കുന്നു. പുരസ്‌കൃതനായ ഒരു സാഹിത്യകാരനെയല്ല, തിരിച്ചറിവുകളും വ്യര്‍ത്ഥബോധങ്ങളുമെല്ലാം ചേര്‍ന്ന് ചില സന്ദര്‍ഭങ്ങളിലെങ്കിലും നിസ്സഹായനാക്കുന്ന യഥാര്‍ത്ഥ മനുഷ്യനെയാണ് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ വരച്ചിടുന്നത്.

എന്റെ പഴയങ്ങാടി, എന്റെ എരിപുരം എന്ന അധ്യായത്തില്‍ പ്രാദേശികചരിത്രത്തിന്റെ വിശാലതയിലേക്ക് ഈ ആത്മകഥ നടന്നടുക്കുന്നു. പുലത്തെയ്യവും, ദേവക്കൂത്തും, മാടായിക്കാവും, മാടായിപ്പാറയും, ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവും, പുള്ളുവന്‍ വൈദ്യരും, പയ്യന്നൂര്‍ കോളേജും, ലണ്ടനിലെ അമ്മാവനുമെല്ലാം ചേര്‍ന്ന് കഥകളുടെ രസക്കൂട്ട് ഈ ആത്മകഥയില്‍ പതിയുന്നത് സ്‌നേഹത്തിന്റെ വീഞ്ഞിന് ലഹരി കൂട്ടുന്നു. ഓര്‍മയില്‍ നിന്നുള്ള വീണ്ടെടുപ്പുകളിലേറെയും വേദനയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞു വെക്കുന്നുണ്ടെങ്കിലും എഴുതാന്‍ മറന്ന ഡയറിക്കുറിപ്പ് എന്ന അധ്യായം മുതല്‍ നെഞ്ചിലെ മുറിവില്‍ നിന്ന് വാര്‍ന്നൊലിക്കുന്ന രക്തം കൊണ്ടാണ് ആ ജീവിതകഥ തുടരുന്നത്.

'പ്രദീപന്‍ എന്ന അനിയനെക്കുറിച്ച് പറയാന്‍ വേണ്ടി മാത്രമാണ് താനീ ആത്മകഥയെഴുതാന്‍ തുനിഞ്ഞ' തെന്ന ഏറ്റു പറച്ചിലില്‍ തുടങ്ങി 'എന്റെ സ്വത്വത്തിന്റെ പരമപ്രധാനമായ ഒരു ഭാഗം തന്നെയായിരുന്നു നീ. മരണാനന്തരവും നീ അങ്ങനെതന്നെ തുടരുകയാണ്. ഞാന്‍ ഞാന്‍ മാത്രമല്ല. ആവുകയുമില്ല. അവസാനശ്വാസം വരെയും'. എന്ന പ്രസ്താവനയോടെ അവസാനിക്കുന്ന 70 പേജുകള്‍ ഈ ആത്മകഥയ്ക്ക് റിട്രോസ്പിക് മെമോയറിന്റെ ഛായ നല്‍കുന്നു. തന്റെ ജീവിതം ഇത്തരത്തിലുള്ളതായിരുന്നു എന്നു തുറന്നു പറയുമ്പോള്‍ ലോകം തന്നെ എങ്ങനെ വിലയിരുത്തും എന്ന പാഴ്ചിന്തയൊന്നും അദ്ദേഹത്തെ ഭരിച്ചിരിക്കില്ല.

N Prabhakaran
പുസ്തകം വാങ്ങാം

അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ആഴത്തിലുള്ള അറിവും പലതരം വാക്യങ്ങളായി വേണ്ടവര്‍ക്ക് സ്വന്തമാക്കാനെന്നവണ്ണം നമുക്കു മുന്നില്‍ നൃത്തമാടുന്നു. 'ലോകം നമ്മളില്‍ നിന്ന് ആവശ്യപ്പെടുന്ന നന്മയുടെ എത്രയോ മടങ്ങു സാമര്‍ഥ്യം നാം സ്വന്തമാക്കണം. എങ്കിലേ ഈ ലോകത്തു ജീവിച്ചു പോകാനാവൂ.' എന്ന് മരിച്ചു പോയ അനിയനോട് മരണാനന്തരം പറയുന്ന സഹോദരന്റെ വാക്കുകളുണ്ടാക്കുന്ന കനമാണ് ഈ ആത്മകഥയുടെ കരുത്ത്.

'ഞാന്‍ മാത്രമല്ലാത്ത ഞാന്‍' ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: N Prabhakaran autobiography Mathrubhumi Books

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


mb.com

മഹറായി ചോദിച്ചത് വീല്‍ചെയര്‍; ഇത് ഫാത്തിമ നല്‍കുന്ന സന്ദേശം

Oct 13, 2021

Most Commented