ഇക്കോ- ഫോക്ക് വിടര്‍ച്ചകളിലെ 'കാരക്കുളിയന്‍'


എം.വി.ഷാജി

പരിസ്ഥിതി ഒരു രാഷ്ട്രീയ വിവക്ഷയാണ്. ആധുനിക നാഗരികത, അതിന്റെ വികസന പ്രത്യയശാസ്ത്രം ഒക്കെ മുതലാളിത്ത പരിപ്രേക്ഷ്യവുമാണ്.

കാരക്കുളിയന്റെ വേഷം കെട്ടിയ തെയ്യക്കാരൻ

The idea of nature contains through often unnoticed an extra ordinary amount of human history- Raymond Williams

പ്രകൃതിയെക്കുറിച്ചുള്ള ആശയം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നുണ്ടെങ്കിലും അസാധാരണമായ ഒരു മനുഷ്യചരിത്രം അതിൽ അന്തർഭവിക്കുന്നുണ്ട് എന്ന് സാംസ്കാരികപഠനങ്ങളിലും സാംസ്കാരിക ഭൗതികവാദത്തിലും മാർക്സിസത്തിലും ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയെ ഏറെ സ്വാധീനിച്ച ചിന്തകനായ റെയ്മണ്ട് വില്യംസ് താക്കോൽ പദങ്ങൾ ( Key words ) എന്ന സാഹിത്യ-സാംസ്കാരിക പഠനഗ്രന്ഥത്തിൽ നിരീക്ഷിക്കുന്നുണ്ട്.

സംസ്കാരത്തിന്റെ വളർച്ച ആത്യന്തികമായി സർവ്വനാശത്തിലേക്കാണ് എന്ന് ഫ്രോയ്‌ഡിനെപ്പോലുള്ള മനശാസ്ത്രജ്ഞൻമാരും ആധുനിക നാഗരികത ഒരു ചെരിയ ഗോപുരമാണ് എന്ന് വിർജീനിയ വൂൾഫിനെപോലുള്ള എഴുത്തുകാരും വൈരുദ്ധ്യാത്മകമായി നാഗരികതയെ നിർണയിച്ചിട്ടുമുണ്ട്.
പലപ്പോഴും മാനുഷികതയുടെ മറുപുറം ആയി പ്രകൃതിയെ പ്രതിഷ്ഠിക്കാനുള്ള ന്യായങ്ങൾ വസ്തുതാപരമായി തന്നെ വിലയിരുത്തുന്നതാണ് ഉചിതവും.

പരിസ്ഥിതി ഒരു രാഷ്ട്രീയ വിവക്ഷയാണ്. ആധുനിക നാഗരികത, അതിന്റെ വികസന പ്രത്യയശാസ്ത്രം ഒക്കെ മുതലാളിത്ത പരിപ്രേക്ഷ്യവുമാണ്. ആഗോളവ്യാപകമായി ഗ്രീൻ പൊളിറ്റിക്സ് ഇടതുപക്ഷത്താവുന്നത് വികസനമെന്ന കോർപ്പറേറ്റ് മുതലാളിത്തസങ്കല്പത്തിന്റെ മറുപുറത്ത് എപ്പോഴും പരിസ്ഥിതി വരുന്നു എന്നതുകൊണ്ടാണ്. മനുഷ്യനും പരിസ്ഥിതിയും വ്യത്യസ്തങ്ങളായ അസ്തിത്വങ്ങളാണ് എന്നതും
മനുഷ്യന് പുറത്തു നിൽക്കുന്നതാണ് പരിസ്ഥിതി എന്നതും നമ്മുടെ പ്രബലമായ അന്ധവിശ്വാസവും ചൂഷണം ചെയ്യുന്നത് പരിസ്ഥിതി ആവുമ്പോൾ ചൂഷണം എന്ന വാക്കുപോലും പവിത്രമാകുന്നു എന്നത് നമ്മുടെ കുറ്റകരമായ അജ്ഞതയുമാണ്. ഞാനടങ്ങുന്ന പ്രപഞ്ചത്തിൽ ഞാൻ ഒഴിച്ചുള്ള എല്ലാമാണ് പരിസ്ഥിതി എന്ന വേറിട്ടുകാണലാണ് എല്ലാ വികസനപ്രശ്നങ്ങളിലും പരിസ്ഥിതി പ്രതിസ്ഥാനത്തായി പോകുന്നതിന് അടിസ്ഥാനം. സാഹിത്യത്തിന്റെ മുഖ്യ വ്യവഹാരങ്ങളിലും പാരിസ്ഥിതികവിഷയങ്ങൾ പ്രവേശിക്കാൻ മടിച്ചുനിൽക്കുന്നത് ഇത്തരം ചില അന്ധവിശ്വാസങ്ങളുടെയോ മനോഭാവത്തിന്റെയോ പ്രകാശനം തന്നെ.

കഥയെഴുത്തിന്റെ ഇക്കോ- ഫോക്ക് വിടർച്ചകളായി അംബികാസുതൻ മാങ്ങാടിനെ വായിക്കാൻ കഴിയുന്നത് അദ്ദേഹം ഇതിനുമുൻപ് എഴുതിയിട്ടുള്ള പല കഥകളുടെയും കൂടി അടിസ്ഥാനത്തിലാണ്. കാരക്കുളിയൻ (മാതൃഭൂമി : ജൂലായ് 25-31)എന്ന കഥയേയും ഈ തുടർച്ചയിൽ മാത്രം വായിക്കാൻ കഴിയുന്നതാണ്.

തനതുസംസ്കാരവും പാരമ്പര്യവും മൂല്യസങ്കല്പങ്ങളും ഉയർത്തി പുതിയകാല ജീവിതസങ്കീർണതകളെ ചെറുക്കാനോ, ചോദ്യം ചെയ്യാനോ അംബികാസുതൻ മിത്തുകളെയും നാടോടി പാരമ്പര്യത്തെയും കടമെടുക്കുകയോ പുനരാവിഷ്കരിക്കുകയോ ചെയ്യുന്നുണ്ട്. തോക്ക് എന്ന കഥ വടക്കേമലബാറിലെ വയനാട്ടുകുലവൻ തെയ്യത്തെയും പഞ്ചുരുളി രൗദ്ര-ശാന്തഭാവങ്ങൾ പ്രകടിപ്പിക്കുന്ന പഞ്ചുരുളി തെയ്യത്തിന്റെയും പുരാവൃത്തത്തിൽ നിന്ന് വികസിപ്പിച്ചതാണ്. പ്രാകൃത സോഷ്യലിസ്റ്റ് ഭാവുകത്വം ആത്മാവിലണിഞ്ഞ അംബികാസുതൻ പൊട്ടിയമ്മത്തെയ്യം എന്ന പേരിൽ തെയ്യം കഥകൾ സമാഹരിച്ചിട്ടുണ്ട്.

തെയ്യം കലയുടെ പാരിസ്ഥിതിക ജാഗ്രതയാണ് ഈ കഥകളെ ശ്രദ്ധേയമാക്കുന്നത്. 'മണ്ണും ജലവും ആകാശവും എന്നു വേണ്ട പഞ്ചഭൂതങ്ങളെയും കാത്തുരക്ഷിച്ചു പോരേണ്ട കാര്യത്തിനും നീക്കം കൂടാതെ കണ്ട് പരിരക്ഷിച്ചു കൊള്ളാമേ ഭൂസുരന്മാരേ' - എന്ന പ്രാർത്ഥനയോടെ സാംസ്കാരികമൂലധനം ഈ പാരിസ്ഥിതികാവബോധമാണ്.

theyyam
കാരക്കുളിയന്റെ വേഷം കെട്ടിയ തെയ്യക്കാരന്‍

ഈ ഗോത്രവീര്യത്തെ പ്രതിരോധാത്മകമായി വളർത്തിയെടുത്ത് പാരിസ്ഥിതിക ചൂഷണങ്ങൾക്കും കോർപ്പറേറ്റ് വികസനനയങ്ങളുടെ ജനവിരുദ്ധതയ്ക്കും എതിരെ പ്രയോഗിക്കുന്നുണ്ട് കഥകളിൽ.

പന്നിയുടെ രൂപമുള്ള രൗദ്രശാന്തഭാവമുള്ള മൂർത്തിയാണ് പഞ്ചുരുളി . ശാന്തരൂപത്തിൽ തുടങ്ങി രൗദ്രഭാവം കൈക്കൊണ്ട് നൃത്തം ചെയ്ത് നൃത്തപാരമ്യത്തിൽ അലറിവിളിച്ച് ഭക്തരുടെ നേരെ ഓടിയെടുക്കുകയും പിന്നീട് ശാന്തതയോടെ അനുഗ്രഹിക്കുകയും ചെയ്യുന്ന പഞ്ചുരുളിത്തെയ്യത്തെ എൻഡോസൾഫാൻ വിരുദ്ധ പോരാട്ടത്തിന്റെ പ്രതിരോധ രാഷ്ട്രീയം ആവിഷ്കരിക്കാനാണ് ഉപയോഗിക്കുന്നത്. പാരിസ്ഥിതിക രാഷ്ട്രീയവും ജാതിരാഷ്ട്രീയവും ഒക്കെ ഇഴചേർത്ത് പ്രകൃതിയുടെ നൈരന്തര്യം ആവിഷ്കരിക്കുന്ന ചിന്നമുണ്ടി, പരിസ്ഥിതി - ദളിത് വിഷയങ്ങൾ പ്രശ്നവൽക്കരിക്കുന്ന പൊട്ടിയമ്മത്തെയ്യം ഒക്കെ ഈ ഇക്കാ ഫോക്ക് വിടർച്ചകളുടെ സ്വാഭാവിക പരിണാമങ്ങളാണ്.

പാരമ്പര്യമായ മൂല്യസങ്കല്പങ്ങളെയും സംസ്കാരത്തെയും മിത്തുകളെയും കടമെടുക്കുകയോ പുനരാവിഷ്കരിക്കുകയോ ചെയ്യുമ്പോഴും തെയ്യം കലയുടെ ഭാഗമായുള്ള അനാചാരങ്ങളെയും പരിസ്ഥിതിവിരുദ്ധതയും ചോദ്യം ചെയ്യാനും അദ്ദേഹം തയ്യാറാകുന്നുണ്ട്. വയനാട്ടുകുലവൻ എന്ന വടക്കേമലബാറിലെ ഉഗ്രമൂർത്തിയായ തെയ്യക്കോലത്തിന്റെ പുരാവൃത്തപശ്ചാത്തലത്തിൽ വികസിക്കുന്ന 'തോക്ക്' എന്ന കഥ നോക്കുക. ഈ തെയ്യത്തിന്റെ നായാട്ടുമായി ബന്ധപ്പെട്ട മിത്തിനെ പുതിയകാല സാഹചര്യത്തിൽ പ്രശ്നവൽക്കരിക്കുന്നുണ്ട് കഥ. വലിയ കാടും നിറയെ കാട്ടുമൃഗങ്ങളും ഉണ്ടായിരുന്ന കാലത്ത് നായാടിക്കൊണ്ടുവന്ന മൃഗത്തിനെ ദൈവത്തിന് നേദിക്കുന്ന ബപ്പിടൽ ചടങ്ങ് വയനാട്ടുകുലവൻ തെയ്യത്തിന്റെ പ്രധാന അനുഷ്ഠാനമായിരുന്നു.

കാടിനും പരിസ്ഥിതിക്കും ഭീഷണി നേരിടുന്ന പുതിയ സാഹചര്യത്തിൽ ബപ്പിടൽ ചടങ്ങിന്റെ പാരിസ്ഥിതികവിരുദ്ധത പ്രശ്നവൽക്കരിക്കുന്ന കഥ. അന്നത്തെ വനം വകുപ്പ് മന്ത്രി ബിനോയി വിശ്വത്തിന്റെ ശ്രദ്ധയാകർഷിക്കുകയുംഇതോടെ തെയ്യം കലയുടെ ഭാഗമായുള്ള മൃഗനായാട്ട് നിരോധിക്കപ്പെടുകയും ചെയ്തു എന്നത് ചരിത്രം.

കാരക്കുളിയൻ എന്ന തെയ്യത്തിന്റെ പുരാവൃത്തത്തിൽ നിന്ന് അനുഷ്ഠാനങ്ങളിൽ നിന്ന് വികസിപ്പിച്ചെടുത്ത അതിമനോഹരമായ ഒരു കഥയാണ് അംബികാസുതൻ മാങ്ങാടിന്റെ കാരക്കുളിയൻ. കാരമുൾപടർപ്പിൽ ഊർന്നു കയറി ദേഹമാസകലം കാരമുള്ള് തറപ്പിച്ചു ചോരയൊലിപ്പിച്ച് സ്വയം നീറുന്ന ഈ മസോക്കിസ്റ്റ് മൂർത്തിയെ ആദ്യം വായിക്കുന്നത് പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ എഴുതിയ ഒരോർമ്മയിൽ നിന്നാണ്. അദ്ദേഹം ആദ്യമായി കാരക്കുളിയൻ തെയ്യം കാണാൻ പോയതും അദ്ദേഹത്തിന്റെ ഒരു ശിഷ്യൻ ഈ കോലം കെട്ടിയത് കണ്ടുനിൽക്കാനാവാത്ത
അനുഭവവും അതിവൈകാരികമായി അവതരിപ്പിച്ച ഒരോർമ്മയിൽ.

അതു വായിച്ചന്നുതൊട്ട് മനസ്സിനെ നീറ്റിയ വേദനയാണ് കാരക്കുളിയൻ.പിന്നീടൊരിക്കൽ ഒരു സുഹൃത്ത് കാരക്കുളിയൻ തെയ്യം കാണാൻ എന്നെ വിളിച്ചപ്പോൾ ഈ ഓർമ്മയുടെ നടുക്കം കൊണ്ട് ഞാനത് നിരസിക്കുകയായിരുന്നു. സുഹൃത്ത് പ്രകാശൻ മാഷുടെ കൂടെ ബപ്പൂരാൻ തെയ്യത്തിന്റെ അനുഷ്ഠാനമായ തെങ്ങുകേറ്റത്തിനിടെ തെങ്ങിൽ നിന്ന് വീണെങ്കിലും (ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതാണ്.)
അതിശയകരമായി രക്ഷപ്പെട്ട സുമേഷ് പെരുവണ്ണാനെ സന്ദർശിച്ച ഓർമ്മ പങ്കുവെയ്ക്കട്ടെ.

അനുഷ്ഠാനത്തിന്റെ പേരിലാണെങ്കിൽ പോലും തെയ്യം കലയിലും തനതു കലയിലും തുടരുന്ന ഇത്തരം ദേഹപീഢകൾ നിരോധിക്കപ്പെടേണ്ടതുണ്ട് - തീച്ചാട്ടവും , മേലേരി പ്രവേശവും തെങ്ങുകേറ്റവും കാരമുൾ പ്രവേശവുമൊക്കെ ! പക്ഷെ ഈ സൈബർ യുഗത്തിലും ഇത് ആൾക്കൂട്ട ആവേശങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, കാരക്കുളിയൻ കെട്ടുന്ന നാർകളന്റെയും അയാളുടെ മകൻ ബാലചന്ദ്രന്റെയും ചിന്തകളിലൂടെ, ഓർമ്മകളിലൂടെ വികസിക്കുന്ന കഥയാണ് കാരക്കുളിയൻ. പ്രയാധിക്യത്തിന്റെ രോഗാവസ്ഥകൾക്കൊപ്പം കോവിഡു കൂടി ബാധിക്കുന്ന നാർകളൻ ഐ.സി.യുവിലാണ്. അയാളുടെ ഓർമ്മകളും മതിഭ്രമങ്ങളുമാക്കെ സന്ദർശകനായ മകൻ ബാലചന്ദ്രനോട് അയാൾ പറയുകയാണ്. തീയിൽ ആവർത്തിച്ചു കിടന്ന് ശരീരംപൊള്ളിച്ചും കാരമുൾപടർപ്പിൽ വരഞ്ഞു കീറിയും ദേഹത്തോട് പീഢ ചെയ്യുന്നതിന്റെ രഹസ്യം അച്ഛൻ മകനോട് വെളിപ്പെടുത്തുകയാണ്.

ചെറുപ്പത്തിൽ അമ്മയെ മാരണം ചെയ്തു കൊന്നതിന്റെ കുറ്റബോധം തീർക്കുകയാണ് അയാൾ. ഐ.സി.യുവിലെ നഴ്സും ഡോക്ടറും നാർകളന്റെ അന്ത്യാഭിലാഷം സാധിപ്പിച്ചു കൊടുക്കാൻ മരണാനന്തരം അയാളെ കാരക്കുളിയൻ കോലം കെട്ടിക്കാൻ അണിയലങ്ങളുമായി ശ്മശാനത്തിൽ എത്തുന്ന ബാലചന്ദ്രനോട് അലിവോടെ പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥനും ഒക്കെ മനുഷ്യത്വമുള്ള കഥാപാത്രങ്ങളായിഈ കെട്ടകാലത്തും കഥയിൽ സ്ഥാനം പിടിക്കുന്നുണ്ട്.

മനുഷ്യനന്മയിലുള്ള കഥാകൃത്തിന്റെ അടങ്ങാത്ത വിശ്വാസമായിരിക്കാം ഇത്തരം കഥാപാത്രസൃഷ്ടിയുടെ പിന്നിൽ. അച്ഛന്റെ അന്ത്യാഭിലാഷം പോലും സാധിപ്പിച്ചു കൊടുക്കാൻ കഴിയാതെ മനുഷ്യസൃഷ്ടിയായ ഒരു വൈറസിനു മുന്നിൽ പകച്ചു നിന്നുപോകുന്ന കെട്ട കാലത്തിന്റെ തലമുറയിലെ നിസ്സാര മനുഷ്യജീവിയായ ബാലചന്ദ്രൻ പശ്ചാത്തപിക്കുന്നത് സ്വയം കാരക്കുളിയനായിമാറി കാരമുൾപടർപ്പിൽ ഊർന്നുകേറി ചോരയൊലിപ്പിച്ചുകൊണ്ടാണ്.

എന്റെ പഴയ തറവാട്ടുവീട്ടുപറമ്പിൽ കഴിഞ്ഞവർഷം വരെ സമൃദ്ധമായി ഉണ്ടായിരുന്ന കുലകുലയായി തൂങ്ങുന്ന ബാതുക്ക (കാട്ടുകയ്പ )യുടെ അസഹനീയമായ കയ്പുപോലെ ഈ കഥാവായന ആജീവനാന്തം എന്നെ നീറ്റലായി പിന്തുടരും.

Content Highlights: MV Shaji Reviews the Story Karakkuliyan Written by Ambikasuthan Mangad

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented