എം.ടി എന്ന പത്രാധിപരും മാതൃഭൂമിക്കാലവും


ജോണി എം.എല്‍

എം.ടി എന്ന് പറയുമ്പോള്‍ മനസ്സില്‍ ഓരോരുത്തര്‍ക്കും ഒരു എം.ടി തെളിഞ്ഞു വരും; കാല്പനികന് മഞ്ഞും, പ്രതികാരദാഹിയ്ക്ക് അസുരവിത്തും വിഷാദവാന് നാലുകെട്ടും പുരാവൃതകുതുകിയ്ക്ക് രണ്ടാമൂഴവും പ്രണയിയ്ക്ക് വാനപ്രസ്ഥവും ഒക്കെ ഓര്‍മ്മ വരും.

എം.ടി വാസുദേവൻ നായർ

വിമല്‍ ജി.പി യാണ് കവര്‍ ഡിസൈന്‍. എന്തുകൊണ്ട് ഒരു പുസ്തകത്തെക്കുറിച്ചുള്ള നിരൂപണം കവര്‍ ഡിസൈനറില്‍ തുടങ്ങണം എന്ന ചോദ്യമുണ്ടോ? എങ്കില്‍ കേള്‍ക്കുക. പല പുസ്തകങ്ങളുടെയും കവര്‍ അവയെ എന്നെന്നേയ്ക്കുമായി മനസ്സില്‍ പതിപ്പിക്കുന്നു. പല പുസ്തകങ്ങള്‍ക്കും ഓരോ എഡിഷന്‍ കഴിയുമ്പോഴും കവറുകള്‍ മാറി മാറി വരും, എങ്കിലും മനസ്സില്‍ പതിഞ്ഞു പോകുന്നത് ആദ്യത്തെ കവര്‍ തന്നെ ആയിരിക്കും. പുസ്തകങ്ങളെ ഐക്കോണിക് ആക്കുന്നതില്‍ കവറുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. കാഫ്കയുടെ 'ദി ട്രയല്‍' എന്ന പുസ്തകം എന്റെ ഗ്രാമത്തിലെ ഒരു നല്ല വായനക്കാരന്റെ വീട്ടിലെ തട്ടിന്‍പുറത്ത് നിന്ന് കിട്ടിയതും വായിച്ചതും ഞാനോര്‍ക്കുന്നു. അതിലെ ചിത്രങ്ങള്‍ കാഫ്ക തന്നെ വരച്ചതായിരുന്നു. ഇനി പറയാന്‍ പോകുന്ന പുസ്തകത്തിന്റെ ഡിസൈന്‍ പുസ്തകവിഷയത്തിനെ അതിന്റെ സത്തയില്‍ത്തന്നെ ഉള്‍ക്കൊണ്ടിട്ടുണ്ട്.

എം ജയരാജ് എഴുതിയ 'എം.ടി മാതൃഭൂമിക്കാലം' എന്ന പുസ്തകത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. എം.ടി എന്ന് പറയുമ്പോള്‍ മനസ്സില്‍ ഓരോരുത്തര്‍ക്കും ഒരു എം.ടി തെളിഞ്ഞു വരും; കാല്പനികന് മഞ്ഞും, പ്രതികാരദാഹിയ്ക്ക് അസുരവിത്തും വിഷാദവാന് നാലുകെട്ടും പുരാവൃത്തകുതുകിയ്ക്ക് രണ്ടാമൂഴവും പ്രണയിയ്ക്ക് വാനപ്രസ്ഥവും ഒക്കെ ഓര്‍മ്മ വരും. സിനിമാപ്രേമികളുടെ മനസ്സി എം.ടിയ്ക്ക് ഹരിഹരനും മമ്മൂട്ടിയുമൊക്കെ ഇടകലര്‍ന്നു കിടക്കുന്ന ഒരു അനുഭവം ആയിരിക്കും. ആ എം.ടി യെ എങ്ങനെയാണ് ഒരു കവറില്‍ ഒതുക്കുക? എഴുതുന്ന എം.ടി യെ ആണ് മലയാളിയ്ക്ക് പരിചയം. അധികം ആരോടും സംസാരിക്കാത്ത, പുരികങ്ങള്‍ ചുളിഞ്ഞ, ബീഡി വലിക്കുന്ന ഒരു ദേഷ്യക്കാരന്‍. എം മുകുന്ദന്‍ പോലും കാണാന്‍ വന്നു നിന്ന് മടങ്ങിപ്പോയിട്ടുള്ള കാര്യം എം ജയരാജ് പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്.

അങ്ങനെ കഠിനഹൃദയനും ചിരിക്കാത്തവനും (ജ്ഞാനപീഠം കിട്ടിയപ്പോള്‍ കോഴിക്കോട് മാതൃഭൂമി പ്രവര്‍ത്തകര്‍, എം.ടിയുടെ വിസമ്മതത്തെ അവഗണിച്ചു നടത്തിയ സ്വീകരണയോഗത്തില്‍ മാത്രമാണ് എം.ടി തെളിഞ്ഞു ചിരിച്ചു കണ്ടതെന്ന് എം ജയരാജ്) ആയ എം.ടി യെ ചിത്രീകരിക്കാന്‍ വിമല്‍ ജി.പി തിരഞ്ഞെടുത്തത്, ബിജുരാജ് എ.കെ എടുത്ത ഒരു ചിത്രമാണ്. ഒരു പുരാവൃത്തത്തിനുള്ളിലെ ഫ്രെയിമില്‍ എന്ന പോലെ എം.ടി, തന്റെ പതിവ് വസ്ത്രമായ വെളുത്ത മുണ്ടും അരക്കയ്യന്‍ ഷര്‍ട്ടും ധരിച്ച് ഒരു നീണ്ടകൈയുള്ള കസേരയില്‍ എഴുത്തുപലകയ്ക്ക് മേല്‍ വെളുത്ത കടലാസ് വെച്ച് എഴുതുന്നു. എം.ടി, നിഴല്‍ രൂപമാകുന്നില്ലെങ്കിലും തെളിവിലേയ്ക്ക് വരുന്നില്ല. എം.ടിഎന്ന് നിഴല്‍ കൊണ്ട് തിരിച്ചറിയാവുന്ന സഹൃദയലോകത്തിനു മുന്നില്‍ ജീവിതസന്ധ്യയില്‍, പകലും രാത്രിയും ഒന്നിയ്ക്കുന്ന ആ ഇടത്തില്‍ എം.ടി അനാദിയായ എഴുത്തുകാരന്റെ രൂപത്തില്‍ അങ്ങനെ ഇരിക്കുകയാണ്. ചിത്രഭൂമിയുടെ മുന്‍ എഡിറ്ററും സിനിമാനിരൂപകനും ഗ്രന്ഥകാരനുമായ പ്രേംചന്ദ്, എം.ടി മാതൃഭൂമിക്കാലത്തിന്റെ രചയിതാവായ എം ജയരാജിനെക്കുറിച്ചു പറയുന്നത്, ആയിരത്തി തൊള്ളായിരത്തി മുപ്പതുകള്‍ മുതല്‍ നാളിതു വരെയുള്ള മാതൃഭൂമിയുടെ ലക്കങ്ങള്‍ ഓരോ താളും, മാതൃഭൂമിയുടെ ബൃഹത്തായ ആര്‍ക്കൈവ്‌സില്‍ ഇരുന്നു പരിശോധിച്ചിട്ടുള്ള ഒരേ ഒരാള്‍, എന്നാണ്. ആ പരിശോധന എം.ടിയെ കണ്ടെത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു. പുസ്തകത്തിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ മാതൃഭൂമിയില്‍ എം.ടി സഹപത്രാധിപരും പത്രാധിപരും പീരിയോഡിക്കൽസിന്റെ മൊത്തം പത്രാധിപരും ഒക്കെ ആയി ചുമതലവഹിച്ചിട്ടുള്ള മൂന്നു ഘട്ടങ്ങളെയാണ് വിശദീകരിക്കുന്നത്. അതിലൂടെ മാതൃഭൂമിയുടെ ആദ്യകാലചരിത്രവും എം ടിയുടെ ചരിത്രവും എന്ന് മാത്രമല്ല കേരളത്തിന്റെ ബൗദ്ധിക, സാംസ്‌കാരിക രാഷ്ട്രീയ പൊതുമണ്ഡലങ്ങള്‍ രൂപപ്പെടുന്നതിന്റെ ചരിത്രം കൂടി ഉരുത്തിരിഞ്ഞു വരുന്നു എന്നതാണ് പുസ്തകത്തിന്റെ സവിശേഷത.

എം.ടി എന്ന പത്രാധിപര്‍ക്ക് വിശേഷങ്ങള്‍ ആവശ്യമില്ല. ആരാധകര്‍ക്കാകട്ടെ ഒട്ടും കുറവില്ല താനും. എം ജയരാജ് ജി.എന്‍ പിള്ളയെ ഉദ്ധരിച്ചു കൊണ്ട് പറയുന്നുണ്ട്, ഭാരതപ്പുഴയ്ക്ക് തെക്കും സാഹിത്യമുണ്ടെന്ന് അംഗീകരിച്ച ആദ്യത്തെ പത്രാധിപരാണ് എം.ടി. കേരളത്തെ ഒന്നായി ഒരു സാഹിത്യഭൂമികയായി കണ്ടത് മാത്രമല്ല എം.ടിയുടെ സവിശേഷതയെന്നു തിരിച്ചറിയുന്ന ഗ്രന്ഥകര്‍ത്താവ് ചെയ്യുന്ന ഏറ്റവും വലിയ ഒരു കാര്യം എന്നത് താനെ രചനയിലുടനീളം അദ്ദേഹം തന്റെ ഫാന്‍ബോയ് പട്ടം അഴിച്ചുവെയ്ക്കുന്നു എന്നതാണ്. എം.ടി യെ വിലയിരുത്തുന്നതില്‍ തനിയ്ക്ക് എം.ടി യോടുള്ള സ്‌നേഹബഹുമാനങ്ങളോ ആരാധനയോ തടസ്സമാകരുത് എന്ന വാശിയോടെ തികച്ചും അക്കാദമിക്കായ ഒരു ഗവേഷണബുദ്ധിയോടെയാണ് അദ്ദേഹം പുസ്തകത്തെ സമീപിച്ചിട്ടുള്ളത്. എന്നാല്‍ അക്കാദമിക ഗവേഷകര്‍ കമ്പിന് കമ്പ് ഉദ്ധാരണശേഷി കാണിക്കുന്നത് പോലെ, കേവലമായ ഉദ്ധരണികളിലേയ്ക്ക് ജയരാജ് തിരിയുന്നതും ഇല്ല. ഉദ്ധരണികളാല്‍ സമൃദ്ധമാണ് ഈ പുസ്തകം. ആ ഉദ്ധരണികള്‍ ആകട്ടെ പ്രസക്തമായ ചരിത്രസാക്ഷ്യങ്ങള്‍ എന്ന നിലയില്‍ മാത്രം പ്രത്യക്ഷപ്പെടുന്നു. ഉദ്ധരിച്ച സ്രോതസ്സുകള്‍ ഒപ്പം തന്നെ ബ്രാക്കറ്റിനുള്ളില്‍ കൊടുത്തിരിക്കുന്നത് കൊണ്ട്, ഫൂട്ട്‌നോട്ടുകള്‍ തേടേണ്ട ആവശ്യം വരുന്നുമില്ല. അതിനാല്‍ സാമാന്യ എം.ടി തത്പരര്‍ക്കു മാത്രമല്ല ചരിതസാംസ്‌കാരികസാഹിത്യ ചരിത്രവിദ്യാര്‍ഥികള്‍ക്ക് ഒക്കെയും കൂടുതല്‍ പഠനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഒരു സഹായകഗ്രന്ഥം എന്ന നിലയില്‍ക്കൂടി ഈ പുസ്തകത്തിന് നിലനില്‍പ്പുണ്ട്.

ഓരോ പത്രത്തിന്റെയും ചരിത്രത്തില്‍ പത്രാധിപര്‍ എന്ന പേര് ഒരാള്‍ക്ക് മാത്രമായായിരിക്കും നിലനില്‍ക്കുക. ഉദാഹരണത്തിന് കേരളകൗമുദിയെ സംബന്ധിച്ചിടത്തോളം പത്രാധിപര്‍ എന്ന് പറഞ്ഞാല്‍ കെ സുകുമാരന്‍ ആണ്. മനോരമയ്ക്കാകട്ടെ കണ്ടത്തില്‍ വറുഗീസ് മാപ്പിള. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും ഒക്കെ ഈ വിശേഷണത്തിന് അര്‍ഹരായവരാണ്. മാതൃഭൂമിയില്‍ കെ.പി കേശവമേനോനും വി.എം നായരും എന്‍.വി കൃഷ്ണവാര്യരും ഒക്കെ പത്രാധിപന്മാരായിരുന്നെങ്കിലും വാരികയെ സംബന്ധിച്ചിടത്തോളം എന്‍.വിയുടെ കാലം കഴിഞ്ഞാല്‍ പത്രാധിപര്‍ എന്ന പേരിന് ഒരാള്‍ക്ക് മാത്രമേ അവകാശമുള്ളൂ. അത് എം.ടി തന്നെയാണെന്ന് വിശ്വസിക്കാന്‍ വേണ്ടത്ര തെളിവുകള്‍ പുസ്തകത്തില്‍ ഉണ്ട്. ഇതിലെ മറ്റൊരു പ്രധാന വസ്തുത എന്നത് എം ജയരാജ് എം.ടിയെ വിശേഷിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്ന പത്രപ്രവര്‍ത്തകന്‍ എന്ന വിശേഷണമാണ്. ഇന്നത്തെ കുട്ടികള്‍ക്ക് പത്രപ്രവര്‍ത്തനം എന്നാല്‍ പത്രത്തിലെ പ്രവര്‍ത്തനമാണല്ലോ. എന്നാല്‍ സാങ്കേതികാര്‍ഥത്തില്‍ എം.ടി പത്രപ്രവര്‍ത്തകന്‍ ആയിരുന്നിട്ടില്ല. എം.ടി ലിറ്റററി ജേണലിസം അഥവാ സാഹിത്യപത്രപ്രവര്‍ത്തനം എന്ന വിഭാഗത്തിലാണ് വരുന്നത്. അത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് നിര്‍വചനങ്ങളുടെ സഹായം കൂടാതെ തന്നെ എം ജയരാജ് പല ഘട്ടങ്ങളിലായി വിശദീകരിക്കുന്നുണ്ട്.

കൈയെഴുത്തു പ്രതികള്‍ വായിച്ചു കൊണ്ടാണ് എം.ടി യുടെ സാഹിത്യപത്രപ്രവര്‍ത്തനത്തിന്റെ തുടക്കം. 1956 ല്‍ എന്‍.വി കൃഷ്ണവാര്യരുടെ കീഴിലാണ് സഹപത്രാധിപരായി തുടക്കമിടുന്നത്. തുടര്‍ന്ന് അറുപത്തിയെട്ട് ആകുമ്പോള്‍ എം.ടി പത്രാധിപസ്ഥാനത്ത് എത്തുന്നു. ഓരോ ഘട്ടത്തിലും പുതിയ എഴുത്തുകാരെ കണ്ടെത്താന്‍ എം.ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളും രൂപീകരിച്ച മത്സരങ്ങളെയും കുറിച്ചൊക്കെ കൃത്യമായ ഡോക്യൂമെന്ററിത്തെളിവുകളോടെ വിശദീകരിച്ചിട്ടുണ്ട്. വിഷു, റിപ്പബ്ലിക്ക് വാര്‍ഷികപ്പതിപ്പ്, ഓണപ്പതിപ്പ്, ഓരോ വ്യക്തികളുടെയും നേട്ടങ്ങള്‍ക്കൊപ്പമോ നിര്യാണത്തിനൊപ്പമോ ഇറക്കുന്ന സ്‌പെഷ്യല്‍ പതിപ്പുകള്‍, വിവര്‍ത്തന സാഹിത്യത്തിന് നല്‍കിയ ഊന്നല്‍, ചിത്രകാരന്മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യം, സിനിമ, സ്‌പോര്‍ട്ട്‌സ്, ആരോഗ്യം, നാടകം, സംഗീതം തുടങ്ങിയവയ്ക്ക് നല്‍കിയ ഇടത്തിലൂടെ മാതൃഭൂമി വാരിക കേരളത്തിന്റെ ചിന്തയിലും സമീപനത്തിലും വരുത്തിയ മാറ്റങ്ങള്‍, അതിനൊക്കെ കാരണക്കാരനും അതേസമയം നിശബ്ദ സഹചാരിയുമായി നിന്ന എം ടി. അസാമാന്യമായ മനസ്സാന്നിധ്യത്തോടെയും ശ്രദ്ധയോടെയും കഥകളും നോവലുകളും തിരഞ്ഞെടുക്കാനുള്ള കഴിവ്, ഒപ്പം എത്ര ലബ്ധപ്രതിഷ്ഠനെങ്കിലും ശില്പഭംഗി കുറവെങ്കിലും സൂചനകളോടെ തിരികെ അയയ്ക്കാനുള്ള തന്റേടം തുടങ്ങി ഇന്ന് പലപ്പോഴും എഡിറ്റര്‍മാര്‍ കാണിക്കുവാന്‍ ധൈര്യപ്പെടാത്ത ഗുണങ്ങള്‍ എം.ടി കാണിച്ചത് ഒക്കെയും ഈ പുസ്തകത്തിലൂടെ ഇതള്‍ വിരിഞ്ഞു വരുന്നു.

എം.ടിയിലൂടെ മാതൃഭൂമിയും മാതൃഭൂമിയിലൂടെ എം.ടിയും കേരളത്തിന്റെ സാഹിത്യചരിത്രത്തില്‍ നിര്‍ണായകമായ സാന്നിധ്യമായി മാറുന്നത് എങ്ങിനെയെന്ന് എം ജയരാജ് ഈ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. ഇത് എം.ടി യുടെ മാത്രം ചരിത്രമല്ല എന്നതാണ് പ്രത്യേകത. എം.ടി എന്നത് ഒരു ആവാസവ്യവസ്ഥയാണ് എന്ന് കരുതാം. അതിലേയ്ക്ക് വന്നു കയറിയ ജീവിതങ്ങളെയൊക്കെ അദ്ദേഹം അതില്‍ ഉള്‍ച്ചേര്‍ത്തു അങ്ങനെ ഒരു വിശാലമായ എക്കോ സിസ്റ്റം പടുത്തുയുര്‍ത്തുന്നതില്‍ എം.ടി വിജയിച്ചു. അതോടെ ഈ പുസ്തകം എം.ടിയുടേതും എം.ടിയ്‌ക്കൊപ്പം വളര്‍ന്നവരുടേതും കൂടിയാകുന്നു. ഒ.വി വിജയന്‍ മുതല്‍ സുഭാഷ് ചന്ദ്രന്‍ വരെ ആ ദീര്‍ഘഗാഥയുണ്ട്. മറ്റൊരു സവിശേഷത എന്നത് ചിത്രകലയ്ക്ക് ഈ പുസ്തകം നല്‍കിയിരിക്കുന്ന ശ്രദ്ധയാണ്. എം ഭാസ്‌കരനില്‍ തുടങ്ങി എം വി ദേവനിലൂടെ, എഎസ്, നമ്പൂതിരി, ജെആർ പ്രസാദ്, മദനന്‍, ടോം വട്ടക്കുഴി, പ്രദീപ് കുമാര്‍ എന്നിവര്‍ വരെയും ഗ്രാഫിക് നോവലിന്റെ ആദ്യരൂപമായ അരവിന്ദന്റെ 'വലിയ ലോകവും ചെറിയ മനുഷ്യരും' തോമസ്, ഗഫൂര്‍ എന്നിവരുടെ രചനകള്‍ വരെയും ആ ചരിത്രം നീളുന്നു.

പുസ്തകം വാങ്ങാം

എം.ടി വളരെയധികം എഴുത്തുകാരെ കണ്ടെത്തിയിട്ടുണ്ട്. അവരില്‍ എല്ലാവരും പ്രൊഫെഷണല്‍ എഴുത്തുകാരായി മാറിയില്ല. അങ്ങനെ മാറിയവരാകട്ടെ കേരളത്തിന്റെ സാഹിത്യചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു. എന്നാല്‍ എം.ടി കണ്ടെത്തുകയും കഥയിലും നാടകത്തിലും കവിതയിലും നോവലിലും ഒക്കെ ഒന്നാം സമ്മാനം നേടുകയും ചെയ്ത ആ എഴുത്തുകാര്‍ എവിടെ പോയി മറഞ്ഞു. അവര്‍ക്കെന്താണ് പിന്നെ സംഭവിച്ചത്? ആ ഒരു അന്വേഷണം ഈ പുസ്തകത്തില്‍ ഗവേഷണം തുടങ്ങുന്ന സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റെടുക്കാവുന്നതാണ്. അവരുടെ ഇന്നത്തെ ജീവിതവും കടന്നു വന്ന ജീവിതവും അറിയുന്നത് നന്നായിരിക്കും. എം.ടി യുടെ മാതൃഭൂമിക്കാലം എന്നത് മാതൃഭൂമിയുടെ എം.ടിക്കാലവും കൂടിയാണെന്ന് അറിയുമ്പോള്‍ ഈ ചരിത്രപുസ്തകത്തിന്റെ മൂല്യം കൂടുന്നു. അതിനെ അണിയിച്ചൊരുക്കിയ മാതൃഭൂമിയുടെ നൗഷാദ് വലിയ അഭിനന്ദനം അര്‍ഹിക്കുന്നു.

എം.ടിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: mt mathrubhumikkalam m jayaraj mathrubhumi books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented