മിനി പി.സിയുടെ കനകദുര്‍ഗ; പെണ്ണകങ്ങളുടെ വിളനിലമായ കഥാസമാഹാരം


രശ്മി. പി



മിനി പി. സി എന്ന എഴുത്തുകാരിയുടെ കഥകളെല്ലാം ഒന്നിനൊന്നു മനോഹരമാണ്.

പുസ്തകത്തിന്റെ കവർ, മിനി പി.സി

മിനി പി.സി എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കനകദുര്‍ഗ എന്ന കഥാസമാഹാരത്തിന് രശ്മി. പി എഴുതിയ ആസ്വാദനക്കുറിപ്പ്.

യുക്തിബോധത്തിന് നിരക്കുന്ന ഇതിവൃത്തങ്ങളും യഥാര്‍ത്ഥ മനുഷ്യരുടെ ഛായയും, പ്രകൃതിയുമുള്ള കഥാപാത്രങ്ങളും വിശ്വസനിയമായ അന്തരീക്ഷസൃഷ്ടിയും ഏകസംഭവത്തെയോ, കഥാപാത്രത്തെയോ, കേന്ദ്രീകരിച്ചുള്ള ധ്വന്യാത്മകമായ ആഖ്യാനവും ജീവിതത്തിന്റെ ആന്തരിക സത്യത്തിലേക്ക് ഉള്‍ക്കാഴ്ച്ച നല്‍കാനുള്ള കഴിവുമുള്ള പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ് കഥ എന്ന സാഹിത്യരൂപം. ആധുനികാനന്തര തലമുറയില്‍പ്പെട്ട കഥാകൃത്തുക്കള്‍ കാലത്തിന്റെ വ്യവഹാരങ്ങളെയാണ് സംബോധന ചെയ്യുന്നത്. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെയുള്ള പ്രതിരോധമായി 'കഥ' മാറുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഭാഷ അതിന്റെ ഏറ്റവും ലളിതമായ രൂപത്തില്‍ ഹൃദയത്തിലെ മുറിവേല്‍പ്പിക്കുന്ന കൂര്‍ത്ത ഐസു കട്ടയായി മാറുന്നു. അതേല്‍പ്പിച്ച മരവിപ്പില്‍ നിന്നും മോചനം നേടുമ്പോഴേക്കും ചോര വാര്‍ന്ന് ആസ്വാദകര്‍ ക്ഷീണിതരായിയെന്ന തിരിച്ചറിവ് എഴുത്ത് പകരുന്ന അനുഭവതീക്ഷ്ണതയെ അടയാളപ്പെടുത്തുന്നു. സര്‍ഗാത്മകമായ അത്തരം എഴുത്തുകളിലൂടെ ശ്രദ്ധേയരായവരിലെ ശക്തമായ സാന്നിധ്യമായി മാറുകയാണ് മിനി പി.സി എന്ന എഴുത്തുകാരി. കനകദുര്‍ഗ്ഗ എന്ന പുതിയ കഥാസമാഹാരത്തിലെ ആറ് കഥകള്‍ വായനക്കാര്‍ക്ക് മുന്നില്‍ വെച്ചിരിക്കുന്നത് ഭാവനാപരമായ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് .

ഈ കഥാസമാഹാരത്തിലെ ആറ് കഥകളും വ്യത്യസ്തമായ ജീവിതമാര്‍ഗങ്ങളെ പ്രതിനിധീകരിക്കുന്നവയാണ്. സ്ത്രീകളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ വ്യത്യസ്തവും നിഗൂഢവുമായ പ്രണയകാമനങ്ങളുടെ തീവ്ര രഹസ്യസ്വഭാവങ്ങള്‍ ഓരോ കഥയിലും കാണാം. സ്ഥിരം കണ്ടുവരുന്ന സ്ത്രീകേന്ദ്രീകൃത കഥാതന്തുക്കളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് മിനി പി.സി ഓരോ കഥയും പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്നുപറയാം. ശാരീരിക മാനസിക ഉല്ലാസങ്ങളില്‍ പുണ്യപാപചിന്തയോ സദാചാരബോധമോ കൂടാതെ രൂപപ്പെടുത്തിയെടുത്ത കഥാപാത്രങ്ങളെ കൊണ്ടും അസാധാരണമായ അനുഭൂതി നിറയ്ക്കുന്ന കഥകളും കൊണ്ട് സമ്പന്നമാണ് ഇൗ സമാഹാരം.

കനകദുര്‍ഗ്ഗ എന്ന കഥ നോക്കാം വളരെ നേരത്തെ തന്നെ വൈധവ്യം ഏറ്റുവാങ്ങേണ്ടി വന്ന തെയ്യാമയും അവരുടെ മകള്‍ മേഴ്‌സിയും കൊച്ചുമകള്‍ മേരിയുമാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍. പഴയകാല സിനിമയായ നെല്ലിലെ നായികയായ കനകദുര്‍ഗ്ഗയുടെ ഛായയാണ് തെയ്യാമക്ക് എന്നൊരു പറച്ചില്‍ നാട്ടിലുണ്ട്. അന്നത്തെ കാലത്തെ ആണ്‍ഹൃദയങ്ങള്‍ കീഴടക്കിയ നടിയായിരുന്നു കനകദുര്‍ഗ്ഗ. തെയ്യം കനംകദുര്‍ഗ്ഗയുടെ ഛായയാണെന്ന് പ്രചരിച്ചതോടെ ആളുകള്‍ അവരെ കനകദുര്‍ഗ്ഗ എന്ന് വിളിക്കാന്‍ തുടങ്ങി. ആ വിളിപ്പേര് അവരുടെ താവഴിയിലേക്കും തുടര്‍ന്നുവന്നു. പുതിയ തലമുറയിലെ മേരിയെയും ആളുകള്‍ അങ്ങനെ വിളിച്ചു. വിധവയായ തെയ്യമ്മ മറ്റാരുടെയും സഹായമില്ലാതെ മകളെ വളര്‍ത്തി. ഒറ്റയ്ക്ക് താമസിക്കുന്ന അവരെ നടിയുടെ ഛായ മോഹിച്ചെത്തിയ റൗഡിയായ ശാന്തനെ കൈകള്‍ ജനലഴികള്‍ക്കുള്ളില്‍ കുടുക്കി തളര്‍ത്തി ഓടിക്കുന്നുണ്ട്. ആ ഒരു സംഭവം തെയ്യാമയെ നാട്ടില്‍ മറ്റാരെയും പേടിക്കാതെ കഴിയാനുള്ള സാഹചര്യമൊരുക്കി.

മകള്‍ മേഴ്‌സിയുടെ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണവും ആ മൂന്നു സ്ത്രീകളെ വീണ്ടും ഒറ്റപ്പെടുത്തി. തെയ്യാമയുടെ കൊച്ചുമകള്‍ മേരി ആറു വര്‍ഷം മുമ്പ് വീഗാലാന്‍ഡില്‍ വച്ച് പരിചയപ്പെട്ട ജീസന്‍ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്നു. അയാള്‍ ബാംഗ്ലൂരിലായതിനാല്‍ അവിടെത്തന്നെ ഒരു ജോലി സംഘടിപ്പിച്ച മേരിയും അങ്ങോട്ട് പോകുന്നു. വിവാഹത്തിന്റെ വക്കില്‍ വരെ എത്തിയ ആ ബന്ധം അലസിപ്പോയതിനു കാരണം അയല്‍ക്കാരനും ബന്ധുവുമായ പീറ്ററിന്റെ വാക്കുകളാണെന്ന് ജീസന്‍ മേരിയോട് പറയുന്നുണ്ട്. ജീസന്റെ വാക്ക് വിശ്വസിച്ച് മേരി തെയ്യാമ്മയോട് സങ്കടം പറയുന്നതോടെ അവര്‍ അരിവാളുകൊണ്ട് പീറ്ററിന്റെ കാലിന് മുറിവേല്‍പ്പിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ജീസന്‍ മന:പ്പൂര്‍വം മേരിയെ ഒഴിവാക്കാന്‍ നോക്കുകയും അതിനായി പറഞ്ഞ കള്ളവുമായിരുന്നു അത്. ലൈസയും ജീസനും വിവാഹിതരായി. അവര്‍ കുഞ്ഞുമായി ബാംഗ്ലൂരിലെ ഒരു ഫ്‌ലാറ്റില്‍താമസിക്കുന്നെന്ന് മേരിക്കറിയാം. എന്നാല്‍ കോവിഡ് കാലത്ത് ലോക്ക് ഡൗണില്‍ പെട്ട് ലൈസ നാട്ടിലും ജീസനും കുഞ്ഞും തനിച്ചുമായ ഒരു സമയം ജീസന് മേരിയുടെ സഹായം ആവശ്യമായി വരുന്നു. പെയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീട് ഒഴിഞ്ഞ് മേരി ജീസന്റെ ഫ്‌ലാറ്റില്‍എത്തുന്നു. അവള്‍ക്കു മുന്നില്‍ ജീസന്‍ കുമ്പസരിക്കുന്നുണ്ട്. ആഗ്രഹിച്ച പോലെയുള്ള ഭാര്യയാകാന്‍ ലൈസയ്ക്ക് കഴിയാത്തതിന്റെ ദുഃഖം അയാള്‍ പങ്കുവയ്ക്കുകയും മദ്യലഹരിയില്‍ അവളെ പ്രാപിക്കാന്‍ ശ്രമിച്ചപ്പോള്‍ മേരി തെയ്യാമയെപ്പോലെ മൂര്‍ച്ചയുള്ള കത്തി മുനയില്‍ അയാളെ പേടിപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നു.

നര്‍മ്മ രൂപത്തിലാണ് കനകദുര്‍ഗ എഴുതിയതെങ്കിലും ചടുലഗതിയില്‍ നടക്കുന്ന കഥയാണിത്. ധീരയായ തെയ്യമ്മ എന്ന സ്ത്രീയുടെ ആത്മധൈര്യം മുഴുവന്‍ മകളിലേക്കും കൊച്ചുമകളിലേക്കും വ്യാപിച്ചിട്ടുണ്ട്. ആ വീര്യം ഒട്ടും കുറയാതെ തന്നെ അവര്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. ചതി ഓരോ തലമുറയിലേക്ക് അവരെ പിന്തുടര്‍ന്നെങ്കിലും അതിനെ അതിജീവിക്കാന്‍ അവര്‍ക്ക് കഴിയുന്നു. ഏറ്റവും മധുരമായൊരു പ്രതികാരം ചെയ്യാന്‍ മേരിക്ക് ശക്തി കിട്ടിയതും ആ ഒരു ആത്മധൈര്യത്തില്‍ നിന്നാണ്. ഭാവനയെയും രതിയേയും നൊസ്റ്റാള്‍ജിയയും ഉദ്യോഗിപ്പിക്കുന്ന ഫാന്റസിയില്‍ നിന്നുകൊണ്ടാണ് കനക ദുര്‍ഗ എന്ന കഥ എഴുതപ്പെട്ടത്. സിനിമാരാധന കൂടുതലുള്ള മലയാളി വര്‍ഗ്ഗത്തിന് ഇത്തരം സ്ത്രീരൂപങ്ങള്‍ കഥയില്‍ വരുമ്പോള്‍ ഉണ്ടാകുന്ന നൊസ്റ്റാള്‍ജിയ തോന്നിപ്പിക്കാനും പഴയ കാലത്തേക്കൊന്ന് മടങ്ങി പോകാനും കഥ സാധ്യമാകുന്നു.

സ്ത്രീപക്ഷ അന്വേഷണങ്ങളുടെ, സാമൂഹികമായ ത്വരകളുടെ,സ്വയം അടയാളപ്പെടുത്തലുകളുടെയുമൊക്കെ സവിശേഷമായ ലോകങ്ങളെ അവതരിപ്പിക്കാനുള്ള എഴുത്തുകാരിയുടെ ശ്രമം ഈ കഥയില്‍ വിജയിച്ചിരിക്കുന്നു എന്ന് കാണാം.

പൗരത്വ ബില്ലിന്റെ പശ്ചാത്തലത്തില്‍ ന്യൂനപക്ഷങ്ങള്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികളെക്കുറിച്ചും പുതുകാല കുടുംബ ബന്ധങ്ങളെക്കുറിച്ചും വിവരിക്കുന്ന കഥയാണ് പട്ടമായ്. പുതിയ കാലഘട്ടത്തിലെ മനുഷ്യാവസ്ഥകള്‍ രണ്ടു കുട്ടികളിലൂടെയും അവര്‍ നേരിടുന്ന വിങ്ങലുകള്‍ ഒരു നൊമ്പരമായും ആസ്വാദകരില്‍ നിറയാന്‍ പാകത്തിലുള്ള ഒരു എഴുത്താണീ കഥ. ഇഷാന്‍, തേജസ് എന്നിവരാണീ രണ്ടു കുട്ടികള്‍ അവരുടെ നഷ്ടമാകുന്ന ബാല്യകാല ആഹ്ലാദങ്ങള്‍, ആഴത്തില്‍ വേരോടിച്ചു നില്‍ക്കുന്ന വേര്‍പിരിയല്‍ എന്ന ആഘാതത്തിന്റെ മുന്നില്‍ ഒരുമിച്ചു കൈപിടിച്ചു നില്‍ക്കുന്ന അവസ്ഥ അതാണീ കഥ. രണ്ടു കുഞ്ഞുങ്ങളുടെയും അമ്മ ഒരാളാണ്- താര. അച്ഛന്‍ രണ്ടുപേരും. പക്ഷി ശാസ്ത്രജ്ഞനും പ്രകൃതി സ്‌നേഹിയുമായ ലാല്‍ മൂത്ത കുട്ടി ഇഷാന്റെ അച്ഛനാണ്. പട്ടം പറത്തലില്‍ പ്രശസ്തനായ നരേന്ദ്രനാണ് ഇളയവനായ തേജസിന്റെ അച്ഛന്‍. നരേന്ദ്രന്റെ വീട്ടിലാണ് രണ്ടു കുട്ടികളും ഒരുമിച്ച് കളിച്ചു വളരുന്നത്. എന്നാല്‍ അവരുടെ അമ്മ കുഞ്ഞുങ്ങളെയും, നരേന്ദ്രനേയും, ലാലിനെയും വിട്ടാണ് ജീവിക്കുന്നത്. ഇഷാനെ അവന്റെ അച്ഛനെ ഏല്‍പ്പിക്കേണ്ടി വരുന്ന ദിവസം നരേന്ദ്രന്‍ കുട്ടികളെയും കുട്ടി അയാളുടെ വീട്ടില്‍ എത്തുന്നതാണ് കഥാസന്ദര്‍ഭം. നിറയെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളുമായി കുട്ടികളോടൊപ്പം നരേന്ദ്രന്‍ ലാലിന്റെ വീട്ടിലെത്തുന്നതോടെ ഒരു വൈകാരിക മുഹൂര്‍ത്തത്തിന് ആസ്വാദകര്‍ സാക്ഷിയാവുകയാണ്. നരേന്ദ്രന്റെ പട്ടങ്ങള്‍ക്കൊപ്പം കുട്ടികള്‍ പക്ഷികളെ പോലെ മാനത്ത് സഞ്ചരിക്കുന്നു.

കുഞ്ഞുങ്ങള്‍ക്ക് സങ്കടങ്ങള്‍ ഉണ്ടെങ്കിലും അവര്‍ ഇത്തിരിവെട്ടത്തില്‍ പോലും ആകാശവും മഴവില്ലും കാണുന്നു. പരസ്പരം വിട്ടു പിരിയാന്‍ ആവാതെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞുങ്ങള്‍ ഒരു വേദനയാണ്. റൂബിക്‌സ് ക്യൂബിനെ പോലെ അടുക്കിവെച്ച്, വിങ്ങിനില്‍ക്കാതെ എല്ലാ കെട്ടുപാടുകളില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്രരായി ആകാശത്ത് പക്ഷികള്‍ക്കൊപ്പം പറക്കാന്‍ നിഷ്‌കളങ്കരായ കുഞ്ഞുങ്ങള്‍ക്കേ കഴിയൂ എന്നതാണ് എഴുത്തുകാരി വ്യക്തമാക്കുന്നത്.

ഈ കഥയിലെ താര എന്ന സ്ത്രീയെ കാണാതിരിക്കാനാവില്ല. മകനെ പിരിഞ്ഞുകഴിയുന്ന ആദ്യ ഭര്‍ത്താവിന്റെ വിഷമം മനസ്സിലാക്കി അവനെ രണ്ടാം അച്ഛനില്‍ നിന്ന് വിട്ടുനല്‍കാന്‍ പ്രേരിപ്പിക്കുന്നത് താരയാണ്. ഒരു നിബന്ധനകളും ഇല്ലാത്ത ഭാര്യാഭര്‍തൃബന്ധത്തിലാണ് താര വിശ്വസിക്കുന്നത്. അതിര്‍ത്തികള്‍ക്കപ്പുറം ഏതോ നാട്ടില്‍ ജോലി ചെയ്യുന്ന താര തന്റെ കുഞ്ഞുങ്ങളെക്കുറിച്ചു വേദനിക്കുന്നുണ്ട്. തോന്നുമ്പോള്‍ പിരിയാം എന്ന് ഉറപ്പിലാണ് നരേന്ദ്രന്‍ അവളെ വിവാഹം കഴിക്കുന്നത്. ആരും എവിടെയും കെട്ടിയിടാതിരിക്കുമ്പോഴാണല്ലോ സ്വാതന്ത്ര്യം എന്ന വാക്ക് അനുഭവിക്കാനാവുക എന്നതാണ് താരയുടെ നിലപാട്. ബന്ധങ്ങളില്‍ നിന്ന് സ്വന്തം താല്‍പര്യം നോക്കി ഇറങ്ങി നടക്കാന്‍ താരയ്ക്ക് കഴിഞ്ഞു എന്നതാണ് സത്യം. ഓരോ മക്കളെയും അവരുടെ അച്ഛന്മാരെ തന്നെ ഏല്‍പ്പിക്കാനും അവള്‍ ശ്രദ്ധിക്കുന്നുണ്ട്. ബന്ധങ്ങള്‍ ഒന്നും ബന്ധനങ്ങളായ് കരുതാത്ത മോഡേണ്‍ ചിന്താഗതിയുടെ വക്താവായാണ് ഇതിലെ താര എന്ന സ്ത്രീയെ കാണാന്‍ കഴിയുക.

ഈ കഥാസമാഹാരത്തിലെ മറ്റൊരു കഥയായ മക്കാബ്‌റയിലേക്ക് കടക്കാം. മക്കാബ്‌റ എന്നാല്‍ മരണനൃത്തം എന്നാണ് അര്‍ത്ഥം. ശ്രേയ, മാലതി, യഷിക, പപ്പു തുടങ്ങിയവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. മക്കബ്‌റ എന്ന നൃത്തം പരിശീലിക്കുന്ന കൂട്ടുകാരാണിവര്‍. നഗരത്തിലെ ഒരു വീട്ടില്‍ താമസിക്കുന്ന ഇവരിലെ ശ്രേയയുടെയും മാലതിയുടെയും സൗഹൃദവും ജീവിതത്തിന്റെ ഉണ്ടാകുന്ന വഴിത്തിരിവുകളും, സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെയും കഥയാണിത്.

ബാംഗ്ലൂരിലെ പപ്പമ്മ എന്ന സ്ത്രീയുടെ വീട്ടില്‍ പെയിങ് ഗസ്റ്റായി താമസിക്കുകയാണ് ശ്രേയയും മാലതിയും. ശ്രേയയുടെ സ്ഥലം നോയിഡയാണ്. സ്വന്തമായെന്ന് പറയാനൊരു സഹോദരന്‍ മാത്രമേയുള്ളൂ. പ്രകൃതിദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടമായവളാണ് മാലതി. അകന്ന ബന്ധുവായ മുകുന്ദന്‍ എന്നയാളിന്റെ വാക്കിലും, നോക്കിലുമുള്ള ഉപദ്രവം അവളെ തളര്‍ത്തുന്നുണ്ട്. ഹോട്ടല്‍ മുറിയിലേക്കുള്ള ക്ഷണം അയാള്‍ തുടങ്ങിയിട്ട് നാളുകള്‍ കുറേയായി. എന്തിനെയും ഏതിനെയും ഭയത്തോടെ കാണുന്ന മാലതിക്ക് ഉള്ളിലുള്ളതൊന്നും ഉറ്റ സുഹൃത്ത് ശ്രേയയോട് പോലും പറയാന്‍ ആകുന്നില്ല. എന്നാല്‍ മാലതിയില്‍ നിന്ന് വ്യത്യസ്തയായ ശ്രേയ ജീവിതത്തില്‍ നേരിട്ട ഓരോ പരാജയത്തെയും ജീവിതത്തോട് തന്നെ പോരടിച്ച് വിജയം കൈവരിക്കുകയാണ്. അതില്‍ അവള്‍ക്ക് യാതൊരു കുറ്റബോധമോ ഇല്ല. ഓരോ ദിവസവും ഓരോ കാമുകന്മാരോടും, പങ്കാളികളോടുമൊപ്പം അവള്‍ ഹോട്ടല്‍ മുറികളില്‍ അന്തിയുറങ്ങിയും മദ്യപിച്ചും ജീവിതം ആസ്വദിക്കുന്നു. അങ്ങനെ ഒരു ഹോട്ടലില്‍ വച്ച് മുകുന്ദനോടൊപ്പം മാലതിയെ കാണുകയും അയാളുടെ മുഖത്തടിച്ച് മാലതിയെ രക്ഷപ്പെടുത്തുകയും ചെയ്യുന്നുണ്ട് ശ്രേയ.

ശക്തയായ, ജീവിതം ആസ്വദിക്കുന്നവളായ ശ്രേയ തന്നെ അനാഥരാക്കി സ്വന്തം സുഖം മാത്രം തിരഞ്ഞുപോയ മാതാപിതാക്കളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കുന്നത് ജീവിതത്തിലെ നിഷേധങ്ങളിലൂടെയാണ്. അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട മാലതി ഒരു സഹതാപ കഥാപാത്രമായിട്ടാണ് കഥയില്‍ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ ഇവരുടെ വീട്ടുടമയായ പപ്പമ്മ പുറമേ ഗൗരവക്കാരിയായ സ്ത്രീയും ആരും അറിയാത്ത ഒരു ദുഃഖത്തെ വര്‍ഷങ്ങളായി കൊണ്ടുനടക്കുന്നവളുമാണ്. മനുഷ്യ ജീവിതത്തിലെ അഴിയാസങ്കടങ്ങളും ഒപ്പം കരുത്തിന്റെ ശബ്ദവും ഒരേപോലെ കാണിച്ചു തരികയാണ് മക്കാബ്‌റ എന്ന കഥയിലൂടെ എഴുത്തുകാരി ചെയ്യുന്നത്. കനകദുര്‍ഗ്ഗയുമായി ബന്ധിപ്പിച്ച് നോക്കിയാല്‍ തെയ്യാമയെ പോലെ ശക്തമായ ഒരു കഥാപാത്രമാണ് ശ്രേയ. വ്യത്യസ്ത ജീവിതസാഹചര്യങ്ങളാണെങ്കിലും ജീവിതത്തില്‍ നിര്‍ണായകമായ ഒരു തീരുമാനം എടുക്കുമ്പോള്‍ സ്വയം കരുത്താര്‍ജിക്കുന്നത് ഈ സ്ത്രീകളില്‍ ഒരേപോലെ കാണാം.

ആത്മാവില്‍ ദരിദ്രരായവര്‍ എന്ന കഥയിലേക്ക് കടന്നാല്‍ മാത്തപ്പനെന്നും ജോണെന്നുമുള്ള രണ്ടു മനുഷ്യര്‍ തമ്മിലുള്ള സൗഹൃദവും, ജോസിന്റെ ഭാര്യ സോന അനുഭവിക്കുന്ന മാനസികാവസ്ഥകളുടെയും കഥയാണിത്. ചെറുപ്പകാലം മുതല്‍ക്കേ കൂട്ടുകാരായിരുന്നവരാണ് മാത്തപ്പനും ജോണും. ധനികനുംപ്രവാസിയുമായ മാത്തപ്പന്റെ ഒരു പ്രത്യേക സ്വഭാവമാണ് കൗതുകം തോന്നുന്ന പഴയ വസ്തുക്കളെല്ലാം ശേഖരിച്ചു തന്റെ ആഡംബര വീട്ടില്‍ പ്രദര്‍ശിപ്പിക്കുക എന്നത്. ഒരിക്കല്‍ ഗള്‍ഫില്‍ നിന്നുള്ള വരവില്‍ ജോണിന്റെ വീട്ടിലെത്തിയ അയാളവിടെ അരി വാര്‍ക്കുന്ന പാത്തിയേരിയുടെ ഫോട്ടോ കാണുകയും അത് കിട്ടാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. അത് നേടിയെടുക്കാന്‍ വേണ്ടി സകല അടവും അയാള്‍ പ്രയോഗിക്കുന്നു. സോനയുടെ വല്യമ്മച്ചിക്ക് അവരുടെ ഭര്‍ത്താവ് സ്‌നേഹപൂര്‍വ്വം സമ്മാനിച്ചതായിരുന്നു ആ പാത്തിയേരി. അത് കിട്ടാന്‍ വേണ്ടി ജോണ്‍ സോനയെ അവളുടെ വീട്ടില്‍ വിടുകയും കിട്ടാതെ തിരികെ വരേണ്ടന്നും ഭീഷണി പെടുത്തുന്നുണ്ട്. മകള്‍ വീട്ടില്‍ വന്നുനില്‍ക്കുന്നതിന്റെ വിഷമത്തില്‍ മറ്റുവഴികളില്ലാതെ സോനയുടെ വീട്ടുകാര്‍ പാത്തിയേരി മാത്തപ്പന് കൊടുക്കുന്നു. ആ സംഭവത്തിന് ശേഷം സോനയ്ക്ക് മാത്തപ്പന്റെ രീതികളും, നാട്യങ്ങളും ഇഷ്ടമില്ല. എങ്കിലും ഭര്‍ത്താവിന്റെ നിര്‍ബന്ധപ്രകാരം അവള്‍ മാത്തപ്പന്റെ ഇഷ്ടവിഭവങ്ങള്‍ തയ്യാറാക്കി കൊടുക്കുന്നുണ്ട്.

രണ്ടാമത്തെ വരവില്‍ മാത്തപ്പന്റെ ഒപ്പം ഹെയ്‌സല്‍ എന്നൊരു മദാമ്മ ഉണ്ടായിരുന്നു. അവരുടെ പൂര്‍വികര്‍ ആദ്യം താമസിച്ച സ്ഥലങ്ങളും അവിടെ ഇപ്പോള്‍ താമസിക്കുന്നവരെയും അന്വേഷിച്ചു കണ്ടുപിടിച്ചു കൊടുക്കാം എന്ന് വാഗ്ദാനത്തിലാണ് മദാമ്മ മാത്തപ്പന്റെയൊപ്പം കൂടുന്നത്. എന്നാല്‍ മദാമ്മയുടെ കയ്യിലെ പഴയ മോഡല്‍ മോണോ റെയില്‍ സ്വന്തമാക്കുക എന്നതായിരുന്നു മാത്തപ്പന്റെ അവിടുത്തെ ഉദ്ദേശം. ഹെയ്‌സല്‍ മദാമ്മയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന മാത്തപ്പനോട് ഉള്ളില്‍ ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പും കളഞ്ഞ് സോന സ്‌നേഹത്തോടെ പെരുമാറുന്നുണ്ട്. അലിവുള്ള മനസ്സിന് ഉടമയാണ് അയാളെന്ന് ഭര്‍ത്താവിനോട് പറയുന്നുണ്ട്. മദാമ്മയും മാത്തപ്പനും മൂന്നാറിലേക്കുള്ള യാത്രയില്‍ ജോണിനെയും സോനയേയും ഒപ്പം കൂട്ടുന്നുണ്ട്. മാത്തപ്പന്‍ സ്ഥലങ്ങളെല്ലാം കാണിച്ചും പഴയ ആളുകളെയൊക്കെ മദാമ്മയ്ക്ക് പരിചയപ്പെടുത്തിയും കൊടുക്കുമ്പോള്‍ മാത്തപ്പന്റെ ഉള്ളിലെ കള്ളത്തരം അറിയാതെ സന്തോഷം കൊണ്ട് അവര്‍ അയാളെ കെട്ടിപ്പിടിക്കുന്നു. എന്നാല്‍ വലിയൊരു നുണയിലൂടെ മാത്തപ്പന്‍ മദാമ്മയെ പറ്റിക്കുകയാണെന്ന് ജോണിന് മനസ്സിലാകുന്നു.

തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിലൂടെയാണ് ഈ കഥ വികസിക്കുന്നത് സോന, ഹെയ്‌സല്‍ എന്നീ രണ്ട് സ്ത്രീകളും ഒരാളുടെ നുണകള്‍ക്കിരയായവരാണ്. പച്ചയായ മനുഷ്യന്റെ സൂക്ഷ്മ സ്വഭാവങ്ങളെ, അവന്റെ അത്യാഗ്രഹത്തെ എടുത്തുകാണിക്കാന്‍ എഴുത്തുകാരിക്ക് ഈ കഥയിലൂടെ കഴിഞ്ഞിട്ടുണ്ട്.
രതി എന്ന കഥ

സമാഹാരത്തിലെ മറ്റു കഥകള്‍ പോലെ തന്നെ ഭാവനാസമ്പുഷ്ടമാണെങ്കിലും സ്ത്രീകാമനകളുടെ രഹസ്യവും നിഗൂഢവുമായ ഒരു ആവിഷ്‌കാരത്തിന്റെ ഭാഗമാണ്. ഭര്‍തൃമതിയും രണ്ടു പെണ്‍കുട്ടികളുടെ അമ്മയുമായ സവിതയാണ് കഥയിലെ കേന്ദ്രകഥാപാത്രം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിനോദ് എന്ന പൂര്‍വ്വ കാമുകന്റെ ഫോണ്‍കോള്‍ വരുന്നതിലൂടെയാണ് കഥാരംഭം. സംസാരിക്കാന്‍ നേരിട്ട് വരണം എന്നായിരുന്നു അയാളുടെ ആവശ്യം വിവാഹത്തിന് ശേഷം സവിതക്കുണ്ടായ രതി എന്ന കുഞ്ഞിന്റെ അച്ഛനാണ് വിനോദ് എന്നത് അവര്‍ക്ക് മാത്രമറിയുന്ന സത്യമാണ്.

ഒരു സുഹൃത്തിന്റെ അസുഖവിവരം വീട്ടില്‍ അവതരിപ്പിച്ച് സവിത വിനോദിനെ കാണാന്‍ ഇറങ്ങുന്നു. മകളെന്ന തുറപ്പ് ചീട്ട് വെച്ച് വിനോദ് തന്നെ ഭീഷണിപ്പെടുത്തുമെന്ന് സവിത ഭയപ്പെടുന്നുണ്ട്. വന്യമായ ഒരു കാടിനുള്ളിലെ ഒരു വീട്ടില്‍ അയാള്‍ക്കൊപ്പം ഒരു രാത്രി താമസിക്കുന്നതിന്റെ സംഘര്‍ഷങ്ങള്‍ മുഴുവന്‍ കഥയില്‍ കാണുന്നുണ്ട്. രതി എന്നത് അവരുടെ മകളുടെ പേര് മാത്രമല്ല കഥയില്‍ സവിതയുടേയും വിനോദിന്റേയും തീവ്രമായ ബന്ധത്തിന്റെ അടയാളം കൂടിയാണ് ഒരിക്കല്‍ പരസ്പരം ആഗ്രഹിച്ചിരുന്ന, സ്വപ്നം കണ്ടിരുന്ന, ഒരു രാത്രിയെ സവിതയ്ക്ക് സാധ്യമാക്കി കൊടുക്കുകയിരുന്നു വിനോദ്. പ്രണയിച്ചിരുന്നപ്പോഴും പിരിഞ്ഞതിനുശേഷം വീണ്ടും കാണുമ്പോഴും ഉണ്ടാകുന്ന സംസാരത്തിലെ വാക്കുകളുടെ കുറവ് വിനോദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു സര്‍ജറിക്ക് മുന്‍പ് സവിതയുടെ ആഗ്രഹം ഓര്‍ത്തെടുത്ത് നടത്തിക്കൊടുക്കാന്‍ ആയിരുന്നു അയാള്‍ വന്നത് മകളെ കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കാതെ, താനൊരു സ്വാര്‍ത്ഥനായ അച്ഛനല്ലെന്ന് അയാള്‍ പറയുന്നുണ്ട്.

പ്രണയം അതിന്റെ കാല്‍പനിക ഭംഗിയോടെ രതിയെയും കാടിനെയും രാത്രിയെയും കൂട്ടുപിടിച്ചെഴുതിയ തീവ്രമായ ബന്ധങ്ങളുടെ കഥ കൂടിയാണ് 'രതി'.
കഥാസമാഹാരത്തിലെ അവസാന കഥയായ ചൂളത്തില്‍ കര്‍ണാടകയിലെ ഉള്‍ഗ്രാമമായ ചിക്കബദര ഹള്ളിയാണ് പശ്ചാത്തലം. മിത്തിനെ കൂട്ടുപിടിച്ചെഴുതിയ ഒരു കഥ കൂടിയാണിത്. ഗ്രാമത്തിന്റെ അധിപയായ കാന്തമ്മ എന്ന സ്ത്രീയെക്കുറിച്ച് ഒരു വീഡിയോ റിപ്പോര്‍ട്ട്് തയ്യാറാക്കാന്‍ ഇറങ്ങുകയാണ് ശാന്തി എന്ന കഥാപാത്രം. കൂട്ടിനൊരു ക്യാമറാവുമണും ഉണ്ട്. യാത്രയില്‍ കാന്തമ്മയെ കുറിച്ച് ഒരു ലഘുവിവരം ശാന്തി സുഹൃത്തിന് നല്‍കുന്നു. ഒരു ഗ്രാമത്തെ മുഴുവന്‍ അടക്കിവാഴുന്ന കാന്തമ്മ പാരമ്പര്യമായി സ്വന്തമായി കിട്ടിയ നിധി ചുരുളും രാജപാളയം നായ്ക്കളുമായി ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ ജീവിതം തുടങ്ങിയ കഥ. വിവാഹിതയായി ഒരു വര്‍ഷം തികയുന്നതിന് മുന്നേ ഭര്‍ത്താവ് നഷ്ടപ്പെട്ടു. ഗ്രാമത്തിലെ ജന്മിയായ നഞ്ചപ്പ ഗൗഡറയുടെയും അയാളുടെ ഒരുപറ്റം വേട്ട നായ്ക്കളുടെയും ഇടയില്‍ നിന്ന് രക്ഷപ്പെടാന്‍ കാന്തമ്മ കണ്ടുപിടിച്ച വിദ്യയായിരുന്നു ചൂളം വിളി. ഗ്രാമത്തിലെ സ്ത്രീകളെ മുഴുവന്‍ ആ വിദ്യകൊണ്ട് സംരക്ഷിച്ചു നിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പുറംലോകത്തെ മുഴുവന്‍ ആ ഗ്രാമത്തില്‍ നിന്ന് അകറ്റി നിര്‍ത്തി തന്റേതായ ലോകത്തിലെ ഓരോ പെണ്ണിനെയും കുഞ്ഞുങ്ങളെയും അവര്‍ ചേര്‍ത്തുപിടിച്ചു.

ചൂളം വിദ്യയുടെ രഹസ്യം അറിയുക എന്നൊരു ഉദ്ദേശം കൂടി റിപ്പോര്‍ട്ടറായ ശാന്തിക്ക് ഉണ്ടായിരുന്നു. ജാതീയതയുടെ പേരില്‍ തനിക്ക് നേരിട്ട വലിയൊരു ദുരന്തത്തിന്റെ ഓര്‍മ്മകളുമായാണ് ശാന്തി കാന്തമ്മയെ തിരഞ്ഞെത്തുന്നത്. ചൂളവിദ്യ പഠിച്ചാല്‍ ആരെയും എതിര്‍ക്കാം എന്നൊരു വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. നിധിചുരുള്‍ പ്രതിഷ്ഠിച്ച ക്ഷേത്രത്തില്‍ കയറിയ ശാന്തിയെയും സുഹൃത്തിനെയും കാന്തമ്മയുടെ നായ്ക്കള്‍ ഉപദ്രവിക്കുന്നുണ്ടെങ്കിലും കാന്തമ്മ തന്നെ അവരെ അവിടെ നിന്ന് രക്ഷിക്കുന്നു.

ചൂളം എന്നു പറയുന്നത് യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭാഷയിലെ ലിപിയിലില്ലാത്ത ഒന്നാണ്. എന്നാല്‍ വളരെ പ്രധാനപ്പെട്ട രീതിയില്‍ അനേകം സന്ദേശങ്ങള്‍ പടര്‍ത്താന്‍ സാധ്യതയുള്ള ഒരു സന്ദേശവാഹിയായ ശബ്ദം കൂടിയാണ് ചൂളം. സമൂഹത്തില്‍ അടയാളപ്പെടുത്തിയ പലതരം ചൂളങ്ങളുണ്ട്. പരിശീലനചൂളങ്ങള്‍, പ്രണയചൂളങ്ങള്‍, അശ്ലീല ചൂളങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ് അക്ഷരങ്ങളോ ലിപികളോ ഒന്നും ഇല്ലാഞ്ഞിട്ടും അതിന്റെ അര്‍ത്ഥം നമുക്ക് മനസ്സിലാകുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രകൃതിയും സ്ത്രീയും മൃഗങ്ങളും തമ്മില്‍ നടത്തുന്ന അതിവിശാലമായ ആശയവിനിമയത്തിന്റെ സാധ്യതകളും കൂടി ചൂളം എന്ന കഥ ചര്‍ച്ച ചെയ്യുന്നുണ്ട്.

ആദ്യ കഥയിലെ തെയ്യാമ ശക്തയാകുന്നത് സമൂഹത്തില്‍ ഒറ്റയ്ക്ക് ജീവിക്കാനുള്ള തന്റേടം കാണിച്ചുകൊണ്ടാണ്. ആരെയും നേരിടാനുള്ള ഉറച്ച മനസിന്റെ ഉടമയായിരുന്നു അവര്‍. അതേ സ്വഭാവം തന്നെ മകളിലേക്കും കൊച്ചുമകളിലേക്കും പടര്‍ത്താനും അവര്‍ ശ്രദ്ധിച്ചു എന്നു കാണാം. പട്ടമായി എന്ന കഥയിലെ താര കഥയില്‍ നേരിട്ട് പ്രത്യക്ഷയല്ലെങ്കിലും സ്വതന്ത്ര ചിന്താഗതിയുള്ളവളാണ്. ബന്ധങ്ങളൊന്നും ബന്ധനങ്ങളാകാതിരിക്കാനുള്ള മനസ്സും അത് നടപ്പിലാക്കാനുള്ള കരുത്തുമുള്ളവളാണ്. ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്ന കഥയിലെ സോന ഒരാളുടെ നുണയ്ക്കും ബാഹ്യമല്ലാത്ത ചതിയുടെയും ഇരയാണെങ്കിലും അതിനെ തരണം ചെയ്യാനും മാനസിക സംഘര്‍ഷങ്ങള്‍ക്കിരയാക്കിയവനോട് പൊറുക്കാനും കഴിവുള്ളവളാണ.് രതി എന്ന കഥയിലെ നായിക കഥാപാത്രം ഭര്‍തൃമതിയായ വീട്ടമ്മയാണ്. കുടുംബത്തിനുള്ളില്‍ ശക്തമായൊരു ആധിപത്യം സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പൂര്‍വ്വകാമുകനെ രഹസ്യമായി കാണാന്‍ പോകുന്നതും ഒരു രാത്രി അയാളോടൊപ്പം ചെലവഴിക്കുന്നതും അവളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായാണ്. മക്കാബ്‌റയിലെ ശ്രേയയും ഇതുപോലെ എടുത്തുപറയേണ്ട സ്ത്രീ സാന്നിധ്യമാണ്. പ്രതികരിക്കേണ്ടിടത്ത് ശക്തമായി പ്രതികരിക്കാനും സ്വന്തം സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാനും കഴിവുള്ളവളാണ്. അവസാന കഥയായ ചൂളം കാന്തമ്മയെന്ന ചൂളരാജ്ഞിയെ കാണിച്ചു തരുന്നു. ഒരു ഗ്രാമത്തിലെ ജനങ്ങളെ മുഴുവന്‍ സംരക്ഷിക്കാനും ചേര്‍ത്തു പിടിക്കാനും കഴിവുള്ളവളായ കാന്തമ്മ സ്ത്രീകള്‍ പാഠമാക്കേണ്ട പാഠപുസ്തകം പോലെ കാമ്പുള്ള കഥാപാത്രമാണ്.

വ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ ബോധപൂര്‍വ്വമല്ലെങ്കിലും ഓരോ കഥയിലും എഴുത്തുകാരി വ്യക്തമാക്കുന്നുണ്ട്. സാമൂഹിക ബോധവും സാംസ്‌കാരിക അവബോധവുമുള്ള സ്ത്രീപക്ഷ ബോധ്യങ്ങള്‍ സൃഷ്ടിക്കുന്ന സാംസ്‌കാരിക അടിത്തറ കഥയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. കഥയിലെ എല്ലാ കഥാപാത്രങ്ങളെയും നന്മയുടെ നിറകുടമായി ആവിഷ്‌കരിക്കാതെ സ്വതന്ത്ര ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്നവരായി ചിത്രീകരിക്കുന്നത് ഇവിടെ സാധ്യമായിരിക്കുന്നു.

മിനി പി. സി എന്ന എഴുത്തുകാരിയുടെ കഥകളെല്ലാം ഒന്നിനൊന്നു മനോഹരമാണ്. ശക്തിയേറിയ സ്ത്രീഹൃദയ പ്രഖ്യാപനങ്ങള്‍ മുഴക്കികൊണ്ട് കേവലം സ്ത്രീപക്ഷ എഴുത്തുകള്‍ പോലെ വായിച്ചുമടക്കാന്‍ സാധ്യമാകാത്ത വിധത്തിലുള്ള ആഖ്യാനം കൊണ്ടും വേറിട്ട് നില്‍ക്കുന്നവയാണ് ഈ കഥകള്‍. കഥാസമാഹാരത്തിലെ ഭാഷയെടുത്തു നോക്കിയാല്‍ ലാളിത്യമുള്ള ഭാഷയാണ് പ്രയോഗിച്ചിട്ടുള്ളത്. നാട്ടുശൈലികള്‍ക്കും പ്രാദേശികതയ്ക്കും മുന്‍തൂക്കം നല്‍കാനും എഴുത്തുകാരി ശ്രദ്ധിച്ചിട്ടുണ്ട്. കഥാപാത്രമികവിലെ സവിശേഷതകള്‍ കൊണ്ടും വിഷയവൈവിധ്യം കൊണ്ടും കനകദുര്‍ഗ്ഗയെന്ന കഥാ സമാഹാരം മികവ് പുലര്‍ത്തുന്നുണ്ട്. വ്യത്യസ്തമായ ജീവിതങ്ങളെ വിജയകരമായ രീതിയില്‍ ആസ്വാദകര്‍ക്കുമുന്നിലെത്തിക്കുന്നതില്‍ എഴുത്തുകാരി പൂര്‍ണ്ണമായി വിജയിച്ചിരിക്കുന്നു എന്നു നിസംശയം പറയാം.

Content Highlights: mini pc story collection kanakadurga book review by reshmi p

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented