മൗലാന അബ്ദുൾ കലാം ആസാദ്, പുസ്തകത്തിൻെറ കവർ
മഹാത്മ ഗാന്ധിക്കും ജവഹര്‍ലാല്‍ നെഹ്രുവിനും സമശീര്‍ഷനായ ദേശീയ നേതാവ് മൗലാന അബുള്‍ കലാം ആസാദിന്റെ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ഇന്ത്യാവിഭജനവും പ്രമേയമാകുന്ന പ്രശസ്ത ആത്മകഥ 'India Wins Freedom' മാതൃഭൂമി ബുക്‌സിനുവേണ്ടി പരിഭാഷപ്പെടുത്തിയിരിക്കുന്നത് ആര്യ എ.ടി., ഷിബു എം എന്നിവര്‍ ചേര്‍ന്നാണ്. ആത്മകഥയെക്കുറിച്ച് സന്തോഷ് പല്ലശ്ശന എഴുതുന്നു.
ചരിത്രത്തെ ഇത്രമേല്‍ അപനിര്‍മിക്കപ്പെടുന്ന ഒരു കാലത്തിലിരുന്നു കൊണ്ടാണ് ഇതുവരെ മുറിവേല്‍പ്പിക്കപ്പെടാത്ത, ആര്‍ക്കും അപനിര്‍മ്മിക്കാനാവാത്ത, ഏറ്റവും വിശുദ്ധമായ ചരിത്രസാക്ഷ്യങ്ങളെ നമ്മള്‍ തേടിപ്പിടിച്ചു വായിക്കുന്നത്. മൗലാന അബുള്‍ കലാം ആസാദിന്റെ ആത്മകഥയായ 'ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു' (India Wins Freedom) എന്ന ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രകഥ വായിച്ചുപഠിക്കാതെ ഒരു ചരിത്ര വിദ്യാര്‍ത്ഥിക്കും കടന്നുപോകാനാകില്ല.
ഇത്രമേല്‍ ഹൃദയവിശുദ്ധിയും സത്യസന്ധതയും നേതൃപാഠവവും മതേതര മാനവികതയുടെ പ്രയോക്താവുമായിരുന്ന ഒരു മനുഷ്യന്‍ നേരിട്ട് ഗതകാലത്തിലൂടെ വീണ്ടും നമ്മളെ കൈപിടിച്ചു നടത്തുന്നത്തിന്റെ സുകൃതമാണ് ഈ പുസ്തകത്തിന്റെ വായന.
ആസാദിന്റെ ആസാദിക്കുവേണ്ടിയുള്ള സമരജീവിതം
1905-ലെ ബംഗാള്‍ വിഭജനത്തിലൂടെ കൂടുതല്‍ കലുഷിതമായ ഒരു രാഷ്ട്രീയ അന്തരീഷം രാജ്യത്ത് സംജാതമായി. മതത്തിന്റെ പേരിലുണ്ടായ വിഭജനത്തിനെതിരേ പൊതുവികാരം പൊട്ടിപ്പുറപ്പെട്ടു. മധ്യവര്‍ഗ ഹിന്ദു സമുദായത്തില്‍പ്പെട്ട ആളുകളായിരുന്നു അന്ന് വിപ്ലവ ഗ്രൂപ്പുകളില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്തെ പ്രമുഖനായിരുന്ന ശ്യാംസുന്ദര്‍ ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടുകൊണ്ടാണ് മൗലാന ആസാദ് ഇന്ത്യയുടെ വിപ്ലവ പ്രസ്ഥാനത്തിലേക്കു വരുന്നത്. പിന്നീട് ആസാദിന്റെ ജീവിതം ഐതിഹാസികമായ ഒരു വിശുദ്ധ വിപ്ലവത്തിന്റെതായി മാറുകയായിരുന്നു. 1912-ല്‍ ആസാദ് തുടങ്ങിയ 'അല്‍ ഹിലാല്‍' എന്ന ഉറുദു പത്രം ഇന്ത്യന്‍ പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഒരു സുപ്രധാന ഏടായി മാറി. ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന കുറ്റും ആരോപിച്ച് 1915-ല്‍ അല്‍ ഹിലാല്‍ ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടുന്നു. എന്നാല്‍, ഏതാനും മാസങ്ങള്‍ക്കു ശേഷം 'അല്‍ ബലാഖ്' എന്ന പേരില്‍ മറ്റൊരു പത്രം അരംഭിക്കുന്നു. ഇതിനെ തുടര്‍ന്ന് ആസാദിനെ നാടുകടത്തുന്നു. റാഞ്ചിയില്‍വെച്ച് അറസ്റ്റിലാക്കപ്പെടുകയും ആറു മാസത്തിനു ശേഷം 1920-ല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഗാന്ധിജി ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ സജീവമായിത്തീര്‍ന്ന ഒരു കാലഘട്ടമായിരുന്നു അത്.
ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് തുര്‍ക്കിയിലെ ഒട്ടോമന്‍ സാമ്രാജ്യത്തെ ബ്രിട്ടീഷുകാര്‍ സ്ഥാനഭ്രഷ്ടരാക്കിയ കാലഘട്ടം. 1920 ജനുവരി 20-ന് ഖിലാഫത്ത് വിഷയത്തില്‍ ഡല്‍ഹിയില്‍ ഗാന്ധി ഒരു യോഗം വിളിച്ചുചേര്‍ക്കുന്നു. പിന്നീട് ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ മൗലാന ആസാദ് സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗാന്ധിയന്‍ യുഗത്തിലെ ഒരു തിളങ്ങുന്ന കണ്ണിയായി മാറുന്നു.
ഒരു ഹിംസ കൂടുതല്‍ ഹിംസകളെ ക്ഷണിച്ചു വരുത്തുമെന്ന ടോള്‍സ്റ്റോയിയുടെ അതേ മതം തന്നെയായിരുന്നു ആസാദിനുമുണ്ടായിരുന്നത്. ഒരു പക്ഷെ, ഗാന്ധിയെക്കാള്‍ വളരെ പ്രായോഗികവും സത്യസന്ധവുമായ ഒരു കാഴ്ചപ്പാടാണ് 'അഹിംസ' എന്ന ആശയത്തോട് ആസാദിനുണ്ടായിരുന്നത് എന്ന് ഒരു ചരിത്ര വിദ്യാര്‍ത്ഥി കരുതിപ്പോയാല്‍ കുറ്റം പറയാനാവില്ല. രണ്ടാം ലോക മഹായുദ്ധത്തില്‍ ഇന്ത്യ ജനാധിപത്യ ചേരികള്‍ക്കൊപ്പം നിന്നുകൊണ്ട് യുദ്ധത്തെ പിന്തുണയ്ക്കണോ-യുദ്ധവിരുദ്ധമായ അഹിംസയില്‍ അടിയുറച്ചു നില്‍ക്കണോ എന്ന വിഷയത്തില്‍ മൗലാന ആസാദ് കൈക്കൊണ്ട പ്രായോഗിക സമീപനം ഒരു ദൃഷ്ടാന്തമാണ്. ഗാന്ധിയുടെ അഹിംസാ നിലപാടില്‍ ചില വ്യതിയാനങ്ങള്‍ പിന്നീട് ഉണ്ടായതായി കാണാം.
ജവഹര്‍ലാല്‍ നെഹ്റു എന്ന യുവ വിപ്ലവകാരിയുടെ എടുത്തുചാട്ടങ്ങളെയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ അവസരവാദ നയങ്ങളെയും വിമര്‍ശിക്കുമ്പോഴും മൗലാന ആസാദ് എന്ന പക്വമതിയും വിശാലഹൃദയനുമായ ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ വലുപ്പം ഈ ആത്മകഥയില്‍ വായനക്കാരന് ഉള്‍ക്കൊള്ളാനാവുന്നുണ്ട്.
ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍
കാബിനറ്റ് മിഷന്‍ മുന്നോട്ടു വെച്ച സാധ്യതകളെ ഫലപ്രദമായയി അന്ന് നമ്മള്‍ ഉപയോഗിച്ചിരുന്നുവെങ്കില്‍ വിഭജനം എന്ന ലോകചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ അദ്ധ്യായം പിന്നീട് ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പാപക്കറയായി മാറുമായിരിന്നില്ല എന്ന് മൗലാന ആസാദ് ഉറച്ചു വിശ്വസിച്ചിരുന്നു. ആസാദിന്റെ രാഷ്ട്ര വിചാരങ്ങളോരോന്നും കാലത്തിനു മുന്‍പെ സഞ്ചരിച്ചവയായിരുന്നുവെന്ന് ഈ ആത്മകഥാ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യയെ ഒരു ഫെഡറല്‍ ഭരണ സംവിധാനത്തില്‍, ബഹുമുഖമായ, തനതു സാംസ്‌കാരിക സ്വത്വമുള്ള വിവിധ പ്രവിശ്യകളുടെ സ്വയം ഭരണാവകാശങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള ഒരു പ്രായോഗിക രേഖയായിരുന്നു കാബിനറ്റ് മിഷന്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലീം ലീഗ് അതിനെ നിഷ്‌കരുണം എതിര്‍ത്തു.
കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്ന ആസാദിന്റെ നയവൈദഗ്ധ്യത്തിനു മുന്‍പില്‍ പല ഘട്ടത്തിലും ലീഗ് മുട്ടുമടക്കുന്നുണ്ടെങ്കിലും ജവഹര്‍ലാല്‍ നെഹ്റുവിനെ പോലുള്ള യുവനേതാക്കളുടെ എടുത്തുചാട്ടത്തില്‍ സ്ഥിതിഗതികള്‍ തകിടം മറിഞ്ഞതായുള്ള ചരിത്രസന്ധികളെക്കുറിച്ച് ഈ ആത്മകഥയില്‍ പരാമര്‍ശമുണ്ട്.
1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ വ്യവസ്ഥയനുസരിച്ച് പ്രവിശ്യകള്‍ക്ക് സ്വയം ഭരണാവകാശം നല്‍കുകയും തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യമൊട്ടാകെ കോണ്‍ഗ്രസ്സ് വന്‍ഭൂരിപക്ഷം നേടി. ബോംബെയിലെ കോണ്‍ഗ്രസ്സില്‍ സര്‍വ്വാംഗീകാരമുണ്ടായിരുന്ന പാഴ്സി സമുദായത്തില്‍പ്പെട്ട നരിമാനെ തഴഞ്ഞുകൊണ്ട് ബി.ജി. ഖേര്‍ മുഖ്യമന്ത്രിയായ സംഭവത്തെക്കുറിച്ച് ആസാദ് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ഈ സംഭവത്തിനു പിന്നില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരന്റെ കളികളെക്കുറിച്ച് ആസാദ് സൂചിപ്പിക്കുന്നു. ന്യൂനപക്ഷങ്ങളോടുള്ള കരുതലും മതേതര ജനാധിപത്യ മൂല്യബോധവും രാഷ്ട്രത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിനുള്ള പ്രായോഗിക കാഴ്ചപ്പാടും ഇത്തരം ചരിത്ര സന്ദര്‍ഭങ്ങള്‍ വിവരിക്കുമ്പോള്‍ ആസാദ് എന്ന മനുഷ്യനില്‍ വായനക്കാരനു കണ്ടെത്താനാകും.
ഭൂലാഭായി ദേശായി, സി.ആര്‍. ദാസ്, നരിമാന്‍ തുടങ്ങിയ വിപ്ലവകാരികളുമായി ബന്ധപ്പെട്ട് അവര്‍ നേരിട്ട വെട്ടിനിരത്തലുകളെക്കുറിച്ച് ആസാദ് എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വ്യക്തിത്വം എത്ര ഉജ്ജ്വലമാണെന്ന് വായനക്കാരന് ബോധ്യപ്പെടുന്നു.
വിഭജിച്ച ഇന്ത്യ
മൗലാന ആസാദിന്റെ പരിപക്വത അന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വനിരയിലെ പല ആളുകള്‍ക്കും ഉണ്ടായിരുന്നില്ല എന്നതിന്റെ ചരിത്രസാക്ഷ്യമാണ് ഇന്ത്യ വിഭജനം. എന്തിനായിരുന്നു ഇന്ത്യയെ ഇത്ര ധൃതി പിടിച്ച് വെട്ടിമുറിച്ചത്? അല്‍പമൊന്നു കാത്തിരുന്നുവെങ്കില്‍ എന്തായിരുന്നു കുഴപ്പം? വിഭജനമല്ലാതെ മറ്റൊരു പോംവഴിയുമില്ല എന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലും നെഹ്റുവും പിന്നീട് ഗാന്ധിയുമൊക്കെ ചിന്തിക്കാന്‍ തക്കതായ എന്തു രാഷ്ട്രീയ പ്രതിസന്ധിയാണ് അന്നുണ്ടായിരുന്നത്? എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം മൗലാന അബ്ദുള്‍ കലാം ആസാദിന്റെ പിടയുന്ന നെഞ്ചിലുണ്ടായിരുന്നു.
യുദ്ധം കാരണം നീണ്ടുപോയ ഏഴ് വര്‍ഷത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് പദമൊഴിഞ്ഞതിനു ശേഷം ഇന്ത്യയില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങളോടുള്ള മൗലാന ആസാദിന്റെ പ്രതികരണങ്ങള്‍ ചരിത്രത്തിലെ മുഴങ്ങുന്ന ഒരു വിലാപരേഖയായി എക്കാലവും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. വിഭജനം ഒരിക്കലും ഒരു പരിഹാരമല്ല എന്ന് ആസാദ് അന്നും അതിനു ശേഷവും പറഞ്ഞുകൊണ്ടേയിരുന്നു.
കാബിനറ്റ് മിഷനെ നിരാകരിച്ചതിലൂടെ ഇന്ത്യ ഏറ്റവും വലിയ അപകടത്തിലേയ്ക്കാണ് പോയതെന്ന് ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍ ബോധ്യപ്പെടുന്നു. പാകിസ്താനിൽ അകപ്പെട്ടുപോയ ഹിന്ദു ന്യൂനപക്ഷങ്ങളെ കരുതി ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെ കൊന്നൊടുക്കുകയും പാകിസ്താൻ തിരിച്ച് ഇതേ നാണയത്തില്‍ പ്രതികരിക്കുന്ന, തീര്‍ത്തും വിചിത്രവും പ്രാകൃതവുമായ ഒരു സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെട്ടു. എടുത്തുചാടി വിഭജനത്തിന് സമ്മതം മൂളിയവര്‍ക്കെതിരെ പക്ഷെ ആസാദ് ഈ പുസ്തകത്തില്‍ ഒരിടത്തും ചെളിവാരിയെറിയുന്നില്ല. വിഭജനാനന്തര ഇന്ത്യയിലെ സ്ഥിതിഗതികളെ നിയന്ത്രിക്കുന്നതില്‍ മൗണ്ട് ബാറ്റണ്‍ എന്ന സൈനിക മേധാവി കൂടിയായിരുന്ന തന്ത്രശാലിയുടെ സംഭാവനകളെ ആസാദ് വിലമിതിക്കുന്നുമുണ്ട്. നെഹ്റുവിന്റെ ആത്മാര്‍ത്ഥതയേയും ധീരതയേയും ആസാദ് ഹൃദയം തുറന്ന് അഭിനന്ദിക്കുകയും ചെയ്യുന്നു. നെഹ്റുവിനെ വിമര്‍ശിക്കുമ്പോഴൊക്കെ ആസാദ് ഹൃദയത്തില്‍ ഒരു പ്രത്യേക വാത്സല്യം സൂക്ഷിച്ചിരുന്നു.
തന്നെ വെട്ടിമുറിച്ചുകൊണ്ടല്ലാതെ രാജ്യത്തെ വിഭജിക്കാനാവില്ല എന്നു പറഞ്ഞ ഗാന്ധിയും ഒടുവില്‍ വിഭജനത്തിന്റെ വിലാപസാക്ഷിയാകേണ്ടി വന്നു. ക്വിറ്റ് ഇന്ത്യ സമരത്തെ തുടര്‍ന്ന് ആസാദും കൂട്ടരും ജയിലില്‍ അടയ്ക്കപ്പെട്ട കാലത്താണ് ഗാന്ധി ജിന്നയെ ഇത്രമേല്‍ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത് എന്ന് ആസാദ് ഒരു ഘട്ടത്തില്‍ ആരോപിക്കുന്നുണ്ട്. ഗാന്ധി മോശമായ ആരോഗ്യനിലയെത്തുടര്‍ന്ന് ജയില്‍ മോചിതനാവുകയും ആസാദും കൂട്ടരും ജയിലില്‍ത്തന്നെ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ഇതു സംഭവിക്കുന്നത്. ജിന്നയ്ക്ക് ഇത്രമേല്‍ പ്രാധാന്യം കൊടുക്കേണ്ട യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല. ദേശീയ സമരത്തില്‍ ഒരു ഘട്ടത്തിലും ഇടപെടാതിരുന്ന, സദാ വിഭാഗീയത മാത്രം വളര്‍ത്താന്‍ യത്നിച്ച കുശാഗ്ര ബുദ്ധിയായ ഒരു സാമുദായിക രാഷ്ട്രീയ നേതാവിനെ പ്രീണിപ്പിച്ചു നിര്‍ത്തേണ്ട എന്തു സാഹചര്യമാണുണ്ടായിരുന്നത് എന്ന് ആസാദിന് മനസ്സിലാകുന്നില്ല.
കാബിനറ്റ് മിഷന്‍ ഒരുവിധം മുസ്ലീം ലീഗിനെക്കൊണ്ട് അംഗീകരിപ്പിച്ച ഘട്ടത്തില്‍ ജവഹര്‍ലാല്‍ നെഹ്റു പഞ്ചാബില്‍ വെച്ചുനടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞ ചില അപക്വമായ പ്രസ്താവനകളുടെ പേരിലാണ് ലീഗ് വീണ്ടും ഇടയുകയും മുന്‍ നിലപാടില്‍നിന്ന് മാറുകയും ചെയ്യുന്നത്. ഇന്ത്യന്‍ മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം തങ്ങള്‍ക്കാണ് എന്ന ജിന്നയുടെ ഓരോ വാദത്തിന്റെയും മുനയൊടിക്കുന്ന രീതിയിലായിരുന്നു മൗലാന ആസാദ് എന്ന മതേതരനായ, നേതൃത്വ പാഠവമുള്ള കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്റെ നീക്കങ്ങള്‍. അത് ഫലപ്രാപ്തിയിലെത്തുന്ന ഓരോ ഘട്ടത്തിലും സഹപ്രവര്‍ത്തകരുടെ ചില ബാലിശമായ പ്രവര്‍ത്തികള്‍കൊണ്ട് അലസിപ്പോവുകയാണുണ്ടായത്. മൗലാന അസാദ് എന്ന കഴിവുറ്റ നേതാവിനെ ശരിയാംവണ്ണം ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ രാജ്യം വലിയ ദുരന്തങ്ങളില്‍ അകപ്പെടുമായിരുന്നില്ല എന്ന് നാം ഇന്ന് തിരിച്ചറിയുന്നു.
ഗാന്ധിയുടെ സ്നേഹിതന്‍-വിമര്‍ശകന്‍
മൗലാന അബുള്‍ കലാം ആസാദ് എന്ന വിപ്ലവകാരിയെ വാര്‍ത്തെടുത്തത് മഹാത്മ ഗാന്ധിയായിരുന്നില്ല. ഗാന്ധി ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിലേയ്ക്ക് വരുന്നതിനു മുന്‍പേ തന്നെ ആസാദ് ഇവിടെയുണ്ടായിരുന്നു. എന്നാല്‍, പട്ടേലും നെഹ്റുവും രാജേന്ദ്രപ്രസാദുമൊക്കെ അങ്ങിനെയായിരുന്നില്ല, അവര്‍ക്ക് ഗാന്ധിയോട് വിധേയത്വമുണ്ടായിരുന്നു. സര്‍ദാര്‍ പട്ടേല്‍ എന്ന അവസരവാദിയായ രാഷ്ട്രീയക്കാരന്‍ ഗാന്ധിയുടെ ഹൃദയത്തെ എത്രമാത്രം വേദനിപ്പിക്കുകയും അവഗണിക്കുകയും ചെയ്തു എന്നത് മറ്റു ചരിത്ര രേഖകളിലെന്നപോലെ ഈ പുസ്തകത്തിന്റെ താളുകളിലും ആവര്‍ത്തിക്കുന്നുണ്ട്. ഗാന്ധിയുടെ അഹിംസ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ചിലപ്പോഴൊക്കെ പ്രതിസന്ധിയിലാക്കിയിരുന്നു. അപ്പോഴൊക്കെ ആസാദിനേയും നെഹ്റുവിനേയും പോലുള്ള പ്രവര്‍ത്തകര്‍ സംഘടനയെ മുന്നോട്ടു നയിച്ചു. അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗമായി ഗാന്ധിയെ അനുകൂലിച്ചു നിന്ന പട്ടേല്‍ കളിച്ച കളിയില്‍ നാഷണല്‍ കൗണ്‍സിലില്‍ ലീഗ് മന്ത്രിയായ ലിയാഖത്ത് ഖാന്റെ കൈകളില്‍ ധനവകുപ്പ് എത്തിച്ചേരുന്നു, അത് രാജ്യത്തിനു ദോഷം ചെയ്തു. രാജ്യത്തെ നിശ്ചലമാക്കാനായി പ്രതകാര ബുദ്ധിയോടെയാണ് ലീഗ് ആ വകുപ്പ് കൈകാര്യം ചെയ്തത്. അത് പട്ടേലിന് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാക്കി.
അധികാരത്തിനുവേണ്ടി, വിഭജനത്തിന്റെ വക്താവായ പട്ടേല്‍ വര്‍ഗീയ കലാപങ്ങളോട് കാണിച്ച അനാസ്ഥ ഗാന്ധിയെ ഏറെ വിഷമിപ്പിച്ചു. സ്വതന്ത്ര ഇന്ത്യ കലാപഭൂമിയായി മാറുന്നതുകണ്ട് ഹൃദയം മുറിഞ്ഞ ഗാന്ധി ഉപവാസ സമരത്തിന് ഇരിക്കുന്നത് ഫലത്തില്‍ അഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേലിനെതിരെയായിരുന്നു. അതു മനസ്സിലാക്കുന്ന ഘട്ടത്തില്‍ പട്ടേല്‍ ഗാന്ധിയോട് പരുഷമായാണ് പെരുമാറുന്നത്. ഗാന്ധിയുടെ സുരക്ഷയുടെ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് പട്ടേല്‍ കാണിച്ചത് എന്ന് ആസാദ് എഴുതുമ്പോള്‍ ആ വാക്കുകള്‍ ഓരോ ദേശസ്നേഹിയുടേയും ചങ്കില്‍ തറയ്ക്കുന്നു.
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു
മൗലാന അബുള്‍ കലാം ആസാദിന്റെ ആത്മകഥ ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിന്റെ ആത്മവിലാപമാണ്. രാഷ്ട്രീയമായ ശരികള്‍ക്കൊപ്പം മാത്രം നടക്കാന്‍ ഇഷ്ടപ്പെട്ട ഒരു വലിയ ദേശസ്നേഹിയായ മനുഷ്യന്റെ കഥ. മതത്തിനപ്പുറം മാനവികതയെ നിര്‍വചിച്ച, വിദ്യാഭ്യാസം ഓരോ പൗരന്റെയും അവകാശമാണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ച ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുടെ കഥ. ഇന്ത്യയില്‍ ഇതുവരെ സ്ഥാപിക്കപ്പെട്ട ഏതൊരു പ്രതിമകള്‍ക്കുമപ്പുറമുള്ള തലപ്പൊക്കം ഓരോ ചരിത്ര വിദ്യാര്‍ഥിയുടെയും മനസ്സില്‍ മൗലാന അബുള്‍ കലാം ആസാദിനുണ്ട്. ഗാന്ധിയുടെ വധത്തിനു ശേഷം മധുരം വിതരണം ചെയ്ത് ആഘോഷിച്ചവര്‍ മൗലാന ആസാദിനെപ്പോലെയുള്ള നേതാക്കളെ എക്കാലവും തമസ്‌ക്കരിക്കാന്‍ ശ്രമിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളില്‍ നിന്ന് മൗലാന ആസാദിന്റെ ഒഴിവാക്കാന്‍ ശ്രമിച്ചതുകൊണ്ട് ചരിത്രത്തിന്റെ, സത്യാന്വേഷകരുടെ കണ്ണുകെട്ടാന്‍ ആര്‍ക്കുമാകില്ല. സൈബര്‍ കാലത്തെ അപനിര്‍മ്മിക്കപ്പെട്ട വാട്ട്സാപ്പ് ചരിത്രങ്ങള്‍ക്കുമപ്പുറം യഥാര്‍ത്ഥ ചരിത്രം ജ്വലിച്ചു നില്‍ക്കുകതന്നെ ചെയ്യും.
Content Highlights: Mulana Abdul Kalam Azad, Santhosh Pallassana, Mathrubhumi Books, Arya A.T, Shibu M, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..