-
കോവിഡ്-19 രാജ്യത്ത് സംഹാരതാണ്ഡവമാടിയപ്പോഴാണ് തങ്ങള്‍ തിരഞ്ഞെടുത്ത് വൈറ്റ് ഹൗസിലിരുത്തിയ ഡൊണാള്‍ഡ് ട്രംപ് എന്ന പ്രസിഡന്റിന്റെ യഥാര്‍ഥ അവസ്ഥ അമേരിക്കക്കാര്‍ അറിഞ്ഞത്. എന്നാല്‍, അതിനുമുമ്പേ, ട്രംപ് പ്രസിഡന്റാവാന്‍പോവുന്നു എന്നറിഞ്ഞപ്പോഴേ അമ്പരന്നവരാണ് അദ്ദേഹത്തിന്റെ കുടുംബക്കാര്‍.'Too Much and Never Enough-How my family created the world's most dangerous man' എന്ന പുസ്തകത്തില്‍ തന്റെ ഇളയച്ഛന്‍ എന്ന അബദ്ധപ്പഞ്ചാംഗത്തിന്റെ യഥാര്‍ഥ മുഖം തുറന്നുകാട്ടുകയാണ് ട്രംപിന്റെ സഹോദരപുത്രിയായ മേരി എല്‍. ട്രംപ്. തിരഞ്ഞെടുപ്പിനു മുന്നില്‍നില്‍ക്കുന്ന അമേരിക്കയില്‍ ഒരു തീബോംബുപോലെയാണ് മേരിയുടെ പുസ്തകം വന്നുവീണത്. ആദ്യദിനംതന്നെ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുകയും ചെയ്തു
ലോകം കോവിഡ് മഹാമാരിയുടെ പിടിയില്‍ക്കിടന്ന് ശ്വാസംമുട്ടുകയാണ്. അമേരിക്കയിലാണ് ഈ പ്രതിസന്ധി കൂടുതലുള്ളത്. കോറോണ വൈറസിനെ ശാസ്ത്രീയമായി മനസ്സിലാക്കുന്നതോടൊപ്പം അവര്‍ മറ്റൊന്നുകൂടി തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു: ഡൊണാള്‍ഡ് ട്രംപ് എന്ന അവരുടെ കഴിവുകെട്ട ഭരണാധികാരിയെ. തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ തിക്തഫലം ഈ ദുരന്തകാലത്താണ് അവര്‍ ശരിക്കും അനുഭവിക്കുന്നത്. മാനവരാശി ഒന്നാകെ ഇത്തരമൊരു ദുരന്തത്തെ നേരിടുമ്പോള്‍ ലോകത്തിന് നേതൃത്വം കൊടുക്കേണ്ടിയിരുന്ന ആളാണ് അമേരിക്കന്‍ പ്രസിഡന്റ്. നിര്‍ഭാഗ്യവശാല്‍ ആ കസേരയില്‍ ഇപ്പോള്‍ ഇരിക്കുന്നത് തീര്‍ത്തും അയോഗ്യനായ, വകതിരിവില്ലാത്ത ഒരാളായിപ്പോയി. ഡൊണാള്‍ഡ് ട്രംപ് എന്ന കച്ചവടക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റാവുമെന്ന് ആരെങ്കിലും കരുതിയിരുന്നോ? 2016 വരെ ആരും കരുതിയിരിക്കാനിടയില്ല. 'ലാഭക്കൊതിയനും വെറും ഷോമാനുമായ ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍' -അങ്ങനെ ഒറ്റവാചകത്തില്‍ തീരുന്ന വ്യക്തിത്വം. എന്നാല്‍, ജനാധിപത്യം ട്രംപിന് അധികാരത്തിലേക്ക് വഴിയൊരുക്കിക്കൊടുത്തു. വിചിത്രമായ വഴികളിലൂടെ വിചിത്രമായ നിലപാടുകളിലൂടെ അയാള്‍ 2017 ജനുവരി 20-ന് അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി വൈറ്റ് ഹൗസിലെത്തി. ആളറിയാതെ പറ്റിയ ഒരബദ്ധം എന്നാണ് അമേരിക്കന്‍ ജനതയുടെ തീരുമാനത്തെ പലരും വിശേഷിപ്പിച്ചത്. സത്യമാണ്. അന്ന് ഡൊണാള്‍ഡ് ട്രംപിനെ യഥാര്‍ഥത്തില്‍ ആ ജനത തിരിച്ചറിഞ്ഞിരുന്നില്ല.
ഇപ്പോള്‍ വര്‍ഷം നാലുകഴിഞ്ഞു. അമേരിക്ക വീണ്ടും തിരഞ്ഞെടുപ്പിലേക്കടുക്കുന്നു. രണ്ടു മാസംകൂടി കഴിയുമ്പോള്‍ നവംബര്‍ വരും. തിരഞ്ഞെടുപ്പ് ഗോദയില്‍ വര്‍ധിത ആവേശത്തോടെ അധികാരത്തിന്റെ സുഖമറിഞ്ഞ ട്രംപുമുണ്ട്, പുതിയ അടവുകളും നയങ്ങളുമായി അധികാരം ഒരിക്കല്‍ക്കൂടി പിടിച്ചടക്കാന്‍. അത് സംഭവിക്കാതിരിക്കാന്‍ പല വഴികളും മറുഭാഗവും തയ്യാറെടുക്കുന്നു. ട്രംപിനെ പരാജയപ്പെടുത്തണം. അല്ലെങ്കില്‍ നഷ്ടമാവുന്നത് അമേരിക്ക മുന്നോട്ടുവെച്ച ജനാധിപത്യമെന്ന വലിയ സ്വപ്നമായിരിക്കും. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ഒരാള്‍ ട്രംപ് കുടുംബത്തില്‍നിന്ന് രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ ജ്യേഷ്ഠ സഹോദര പുത്രിയായ മേരി എല്‍.ട്രംപ് 'Too Much and Never Enough-How my family created the world's most dangerous man' എന്ന അവരുടെ കൃതി ട്രംപ് കുടുംബത്തിന്റെ കഥയാണ് പറയുന്നത്. ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യനെ എങ്ങനെ തന്റെ കുടുംബം സൃഷ്ടിച്ചു എന്ന് കണ്ടെത്തുകയാണ് ഈ പുസ്തകത്തിലൂടെ അവര്‍.
അച്ഛന്‍ ട്രംപ്, ജ്യേഷ്ഠന്‍ ട്രംപ്, അനുജന്‍ ട്രംപ്...
ഡൊണാള്‍ഡിന്റെ മൂത്ത സഹോദരന്‍ ഫ്രെഡ് ട്രംപിന്റെ മകളാണ് മേരി. തന്റെ പുസ്തകത്തിലൂടെ പ്രസിഡന്റിന്റെ യഥാര്‍ഥ മുഖം തിരിച്ചറിഞ്ഞ് ജനം അധികാരത്തില്‍നിന്ന് അയാളെ പുറത്താക്കും എന്നാണ് അവര്‍ കരുതുന്നത്. അവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡിന്റെ എതിര്‍സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനാണ് വോട്ടുചെയ്തത് എന്നും തുറന്നുപറയുന്നു. സഹോദരപുത്രി കുടുംബചരിത്രത്തിലൂടെ കൊണ്ടുവരുന്ന അപകടം പ്രസിഡന്റ് ട്രംപ് തിരിച്ചറിഞ്ഞിരുന്നു. പുസ്തകം പുറത്തിറങ്ങാതിരിക്കാന്‍ അദ്ദേഹവും കുടുംബവും ആദ്യംമുതലേ ശ്രമിച്ചു. ഡൊണാള്‍ഡിന്റെ സഹോദരനായ റോബര്‍ട്ട് ട്രംപ് (ഇദ്ദേഹം കഴിഞ്ഞ ദിവസം മരിച്ചു) ഇതിനായി കോടതിയെ സമീപിച്ചു. ആദ്യം കീഴ്ക്കോടതി പ്രസിദ്ധീകരണം തടഞ്ഞെങ്കിലും ജൂലായ് 13-ന് ന്യൂയോര്‍ക്ക് സുപ്രീംകോടതി പുസ്തകവുമായി മുന്നോട്ടുപോവാന്‍ പ്രസാധകരായ സൈമണ്‍ & ഷ്യുറ്റ്സര്‍ കമ്പനിക്ക് അനുവാദം നല്‍കി. പുസ്തകപ്രസിദ്ധീകരണം തടയുക അമേരിക്കയില്‍ അത്ര എളുപ്പമല്ല. പൊതുവില്‍ കോടതികള്‍ ഇതിന് കുട്ടുനില്‍ക്കാറുമില്ല.
മേരി ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് ജൂനിയര്‍ (ഫ്രെഡിന്റെയും ഡൊണാള്‍ഡിന്റെയും പിതാവിന്റെ പേരും ഫ്രെഡ് എന്നായിരുന്നു. അദ്ദേഹം ഫ്രെഡ് സീനിയര്‍ എന്നറിയപ്പെട്ടു) 42-ാം വയസ്സില്‍ 1981-ല്‍ അന്തരിച്ചു. കടുത്ത മദ്യപാനിയായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതംമൂലമാണ് ജീവന്‍ നഷ്ടമായത്. ആദ്യമൊക്കെ ഫ്രെഡ് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ അച്ഛനെ സഹായിച്ചിരുന്നു. എന്നാല്‍, ആ ബന്ധം അത്ര ശരിയായി മുന്നോട്ടുപോയില്ല. ഫ്രെഡ് സീനിയര്‍ ഒരു പ്രത്യേക മനുഷ്യനായിരുന്നു. ഫ്രെഡ് ജൂനിയറിന് അച്ഛന്‍ ചെയ്യുന്ന നെറികേടുകളോട് കൂട്ടുനില്‍ക്കുക പ്രയാസമായിരുന്നു. അങ്ങനെ അയാള്‍ ആ കോടീശ്വരകുടുംബത്തിലെ വിമതനായിമാറി. അച്ഛന് എന്തുകൊണ്ടും യോജിച്ചത് ഡൊണാള്‍ഡായിരുന്നു. അവന്‍ ബിസിനസില്‍ ഇടപെട്ടുതുടങ്ങിയതോടെ ഫ്രെഡിന് ശ്വാസംമുട്ടി. നുണയും ഏഷണിയുംകൊണ്ട് ഡൊണാള്‍ഡ് ചേട്ടനെ അച്ഛനില്‍നിന്നും ബിസിനസില്‍നിന്നും അകറ്റി.
ഒടുവില്‍ സഹികെട്ട് ഫ്രെഡ് ജൂനിയര്‍ കമ്പനിവിട്ട് പൈലറ്റാവാന്‍പോയി. അസ്വസ്ഥനായ അയാള്‍ ഒടുവില്‍ മദ്യത്തിനടിമയാവുകയായിരുന്നു. തുടര്‍ന്നുവന്ന ഹൃദയാഘാതം ആ ജീവനെടുത്തു. മരണദിവസംപോലും അച്ഛനോ സഹോദരന്‍ ഡൊണാള്‍ഡോ ഫ്രെഡിനെ സഹായിച്ചില്ല. ഹൃദയാഘാതംവന്ന ദിവസം അയാള്‍ ഒറ്റയ്ക്കാണ് ആശുപത്രിയില്‍ പോയത്. ഡൊണാള്‍ഡ് അതു ഗൗനിക്കാതെ ആ രാത്രിയില്‍ സിനിമ കാണാന്‍പോയി.
തന്റെ അച്ഛനെ ആ കുടുംബം, പ്രത്യേകിച്ചും ഡൊണാള്‍ഡ് ട്രംപ് തകര്‍ത്തതെങ്ങനെയെന്ന് വേദനയോടെ മേരി ഓര്‍മിക്കുന്നു. ഫ്രെഡിന്റെ മരണത്തോടെ അച്ഛന്‍ ഫ്രെഡ് സീനിയര്‍ അതിനുമുമ്പ് എഴുതിവെച്ചിരുന്ന വില്‍പ്പത്രം മാറ്റിയെഴുതി മകന്റെ മക്കള്‍ക്കുള്ള അവകാശങ്ങള്‍ ഇല്ലാതാക്കി. അതിന്റെപേരില്‍ മേരിയും സഹോദരനും ഡൊണാള്‍ഡും കുടുംബവുമായി നിയമപോരാട്ടത്തിലേര്‍പ്പെട്ടിട്ടുണ്ട്. മുത്തച്ഛന്‍ അവസാനകാലത്ത് മാനസികാസ്വാസ്ഥ്യവും മറവിരോഗവും കാണിച്ചിരുന്നു എന്നും മേരി പറയുന്നു. അത് മുതലെടുത്ത് തനിക്കും സഹോദരനും കിട്ടേണ്ടിയിരുന്ന സ്വത്തുക്കള്‍ ഡൊണാള്‍ഡ് കവര്‍ന്നെടുത്തു എന്നും മേരി ആരോപിക്കുന്നു.
കാര്‍ക്കോടക കുടുംബം (Toxic Family)
മുത്തച്ഛനെയും കുടുംബത്തെയും തന്റെ മേഖലയായ മനഃശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുന്നതിനാണ് ഗ്രന്ഥകാരി ആദ്യം ശ്രമിച്ചിട്ടുള്ളത്. ട്രംപ് സഹോദരന്മാരെ തിരിച്ചറിയാനായി ആ പൈതൃകം അവര്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. മാതൃസ്‌നേഹം കിട്ടാതെ വളര്‍ന്നവനാണ് ഡൊണാള്‍ഡ്. ഡൊണാള്‍ഡിന്റെ ചെറുപ്പകാലത്ത് അയാളുടെ അമ്മ വലിയ രോഗങ്ങളുടെ പിടിയിലായിരുന്നു. അച്ഛനാകട്ടെ വലിയ രണ്ടു റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകളുടെ പിറകെ ഓടുകയായിരുന്നു. അയാള്‍ക്ക് എപ്പോഴും ബിസിനസില്‍ മാത്രമായിരുന്നു ശ്രദ്ധ. ഇങ്ങനെയൊരു ബാല്യവും കൗമാരവും ഡൊണാള്‍ഡിന്റെ വ്യക്തിത്വത്തില്‍ ദോഷകരമായ സ്വധീനമായിട്ടുണ്ട് എന്നാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകൂടിയായ മേരി ട്രംപ് ഈ പുസ്തകത്തിലൂടെ പറയുന്നത്. പിതാവ് മക്കളില്‍ പ്രോത്സാഹിപ്പിച്ച വികാരങ്ങള്‍ ചതിയുടേതും കളവിന്റേതുമായിരുന്നു. മൃദുലവികാരങ്ങളെ ആ വീട്ടില്‍ എപ്പോഴും വിലക്കിയിരുന്നു. കാരുണ്യത്തെപ്പറ്റി അവര്‍ക്ക് കേട്ടറിവുപോലും ഇല്ലായിരുന്നു. കളവുപറയല്‍ ജീവിതരീതിതന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ അതൊരു കാര്‍ക്കോടക കുടുംബം (Toxic Family) ആയിരുന്നു എന്നാണ് മേരി അഭിപ്രായപ്പെട്ടിരിക്കുന്നത്. ഡൊണാള്‍ഡ് ഇങ്ങനെ പരിശീലിക്കപ്പെട്ടയാളാണ്. അയാള്‍ പിതാവിനെ പ്രീതിപ്പെടുത്താന്‍ സ്ഥിരമായി നുണ പറയാറുണ്ടായിരുന്നു. ഇതിന്റെ ധാരാളം തെളിവുകള്‍ മേരി നിരത്തുന്നുണ്ട്.
പിതാവിന്റെ എല്ലാ മാനസികപ്രശ്‌നങ്ങളും മകനുമുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ SAT എന്ന യോഗ്യതാപരീക്ഷ എഴുതാന്‍പോലും പണംകൊടുത്ത് മറ്റൊരാളെ ഏല്‍പ്പിച്ച കള്ളനാണ് ഡൊണാള്‍ഡ്. അങ്ങനെ നേടിയ സ്‌കോര്‍കൊണ്ടാണ് അയാള്‍ പിന്നിട് കോളേജിലും വാര്‍ട്ടന്‍ ബിസിനസ് സ്‌കൂളിലും പ്രവേശനം നേടിയെടുത്തത്. ഇപ്പോഴത്തെ അമേരിക്കന്‍ പ്രസിഡന്റ് ആദ്യംമുതലേ ക്രിമിനല്‍ സ്വഭാവം കാണിച്ചു എന്നാണ് ഗ്രന്ഥകാരി ഇക്കാര്യങ്ങള്‍ വഴി സാക്ഷ്യപ്പെടുത്തുന്നത്. ഡൊണാള്‍ഡിന്റെ സഹോദരിയും മുന്‍ ഫെഡറല്‍ ജഡ്ജിയുമായ മരിയാനെ ട്രംപ് സ്വന്തം സഹോദരനെ 'ഒരു ആദര്‍ശവുമില്ലാത്ത വെറും കോമാളി' എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെന്നും മേരി എഴുതുന്നു.
ട്രംപിന്റെ മതവിശ്വാസത്തെയും ഇവര്‍ ചോദ്യംചെയ്യുന്നു. ക്യാമറകള്‍ ഉള്ളപ്പോള്‍ മാത്രമാണ് ട്രംപ് പള്ളിയില്‍ പോയിരുന്നത്. അയാള്‍ക്ക് അതും ഒരു ഷോ മാത്രമാണെന്നാണ് മേരി പറയുന്നത്. അയാള്‍ വലിയൊരു ബിസിനസുകാരന്‍ പോലുമല്ല. പിതാവിന്റെ പിന്തുണയോടെ കെട്ടിപ്പടുത്ത സാമ്രാജ്യം മാത്രമാണ് അയാളുടേത്. സ്വന്തമായ ഒരു സംഭാവനയും അയാള്‍ക്ക് ബിസിനസില്‍ നല്‍കാനായിട്ടില്ല. ട്രംപിന്റെ ലൈംഗിക സാഹസികതകളെപ്പറ്റിയും പുസ്തകത്തില്‍ ഒരുഭാഗത്ത് പറയുന്നുണ്ട്. തനിക്ക് 29 വയസ്സുള്ളപ്പോള്‍ നീന്തല്‍വസ്ത്രങ്ങളിട്ടു നില്‍ക്കുന്ന തന്നെ കണ്ട ഡൊണാള്‍ഡ് ശരീരത്തിലേക്ക് ലൈംഗികച്ചുവയോടെ നോക്കുകയും 'നീയാകെ കൊഴുത്തിട്ടുണ്ടല്ലോ' എന്ന് പറയുകയും ചെയ്തു എന്ന തുറന്നുപറച്ചിലും ഗ്രന്ഥകാരി നടത്തുന്നു.
ഒരിക്കല്‍ അയാളുടെ പേരില്‍ ഒരു പുസ്തകം എഴുതിക്കൊടുക്കാന്‍ മേരിയോട് ഡൊണാള്‍ഡ് ആവശ്യപ്പെട്ടിരുന്നു. The Art of the Comeback എന്ന പേരിലാണ് ആ പുസ്തകം പ്ലാന്‍ ചെയ്തത്. അതിനുവേണ്ടി കൊടുത്ത കുറിപ്പുകളില്‍ ഡൊണാള്‍ഡിന് താത്പര്യമുള്ള സ്ത്രീകളുടെ വലിയൊരു ലിസ്റ്റും ഉണ്ടായിരുന്നു! അയാളുടെ ഇംഗിതത്തിന് വഴങ്ങാതിരുന്ന പലരെയും പുസ്തകത്തില്‍ ആക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. ഡൊണാള്‍ഡിന്റെ പേരിലിറങ്ങിയിട്ടുള്ള എല്ലാ പുസ്തകങ്ങളും മറ്റു പലര്‍ക്കും പണം കൊടുത്ത് എഴുതിപ്പിച്ചതാണ്. അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആത്മരതിയുടെ തടവുകാരനാണ് എന്നാണ് ഈ അന്വേഷണം പറഞ്ഞുവെക്കുന്നത്. രാജ്യസ്‌നേഹമുള്ള ഒരു പൗരയുടെ വേദനകൂടി ഈ കുടുംബചരിത്രത്തിന്റെ പിന്നില്‍ സ്പന്ദിക്കുന്നു.
ട്രംപിന്റെ സംശയാസ്പദമായ നികുതിക്കണക്കുകളെപ്പറ്റിയും മേരി പുസ്തകത്തില്‍ പറയുന്നുണ്ട്. അഴിമതിയുടെ ആ രേഖകള്‍ അവര്‍ ന്യൂയോര്‍ക്ക് ടൈംസിന് കൈമാറുകയും അത് വലിയൊരു റിപ്പോര്‍ട്ടായി ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എല്ലാതലത്തിലും ഡൊണാള്‍ഡ് ട്രംപെന്ന വ്യക്തിയെ തുറന്നുകാട്ടാനാണ് മേരി ട്രംപ് ഈ രചനയിലൂടെ ശ്രമിച്ചിരിക്കുന്നത്. ഇങ്ങനെ ഒരാള്‍ ഒരു രാജ്യത്തിന്റെ ഭരണാധികാരിയാവാമോ എന്ന വലിയ ചോദ്യമാണ് അമേരിക്കയിലെ ജനതയ്ക്കുമുന്നില്‍ അവര്‍ വെക്കുന്നത്.
ഒരു പുസ്തകത്തിന് ജനാധിപത്യത്തെ സംരക്ഷിക്കാനാവുമോ? ''ഒരു ജനതയുടെ ബോധ്യത്തെ വികസിപ്പിക്കാന്‍ കഴിഞ്ഞേക്കും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്. പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികളാണ് ആദ്യദിനങ്ങളില്‍ത്തന്നെ വിറ്റുപോയത്. നവംബറിലേക്ക് കണ്ണുംനട്ടിരിക്കുന്ന അമേരിക്ക പുതിയ ബോധ്യങ്ങളിലേക്ക് കടന്നുചെല്ലുകയും ഡൊണാള്‍ഡ് ട്രംപ് എന്ന ദുരന്തത്തെ അധികാരത്തില്‍നിന്ന് താഴെയിറക്കുകയും ചെയ്യുമായിരിക്കാം''. പുസ്തകം വായിച്ചുതീരുമ്പോള്‍ മേരി ട്രംപിന്റെ വാക്കുകള്‍ നിലയ്ക്കാതെ മനസ്സില്‍ മുഴങ്ങുന്നു: 'അയാള്‍ എന്റെ പിതാവിനെ തകര്‍ത്തുകളഞ്ഞു. അതുപോലെ ഇനി അയാള്‍ എന്റെ രാജ്യത്തെയും തകര്‍ത്തുകളയും'.
Content Highlights: Mary L Trump, book, Donald Trump, Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..