സന്ധ്യാ മേരി, പുസ്തകത്തിന്റെ കവർ
സന്ധ്യാ മേരി എഴുതിയ 'മരിയ വെറും മരിയ' എന്ന നോവലിനെക്കുറിച്ച് രശ്മി. പി എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം...
'മരിയ വെറും മരിയയിലെ' കേന്ദ്ര കഥാപാത്രമായ മരിയ ഒരു വെറും മരിയ അല്ല. നിഷ്കളങ്കതയുടെ പ്രതിരൂപമായ ഒരു പാവം പാവം മരിയ. ഓര്‍മ്മകളെ തൊട്ടുതലോടിക്കൊണ്ട്, കഥകള്‍ പറഞ്ഞുകൊണ്ട് മരിയയെ വായനക്കാരുടെ ഉള്ളിലേക്ക് ആഴ്ത്തിയിറക്കുകയാണ് എഴുത്തുകാരി. സമൂഹത്തില്‍ എവിടെയൊക്കെയോ ഇത്തരം മരിയമാര്‍ ഇപ്പോഴുമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ. ഒരു നോവല്‍ ഘടനയെ തന്നെ മാറ്റിമറിച്ചുകൊണ്ട് സൃഷ്ടിച്ച കൃതിയാണ് 'മരിയ വെറും മരിയ'.
മനുഷ്യന്റെ ഉന്മാദാവസ്ഥയെ ഒരുപറ്റം സാഹിത്യകാരന്മാരല്ലാം സൃഷ്ടിയുടെ വിളനിലമായിട്ടാണ് കണക്കാക്കിയത്. സര്‍ഗാത്മകതയെന്നാല്‍ ദിവ്യമായ ഉന്മാദമാണെന്നാണ് പ്ലാറ്റോ പറഞ്ഞത്. കവിയും, കാമുകനും, ഭ്രാന്തനും യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെയാണെന്നാണ് ഷേക്സ്പിയര് അഭിപ്രായപ്പെട്ടു. മനുഷ്യ ശരീരത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒന്നാണ് മനസ്സ്. ഒരു മനുഷ്യമനസ്സ് അപഗ്രഥനം ചെയ്യുന്നത് മറ്റൊരു മനുഷ്യമനസ്സ് ആകുമ്പോള്‍ അവിടെയും താരതമ്യത്തിന്റെ അല്ലെങ്കില്‍ ആപേക്ഷികതയുടെ പാളിച്ചകള്‍ സംഭവിക്കുന്നു. ആധുനിക മന:ശാസ്ത്ര പിതാവായ സിഗ്മണ്‍ ഫ്രോയിഡ് മനസ്സ് വെള്ളത്തിലിട്ട ഐസ് കട്ട പോലെയാണെന്ന് അഭിപ്രായപ്പെട്ടു. എന്തൊക്കെയായാലും മാനസികമായി അസ്വസ്ഥത ഉള്ളവരെ സമൂഹം എപ്പോഴും മറ്റൊരു കണ്ണോടെ നോക്കിക്കാണുകയും അവരുടെ ജീവിതം ഏതെങ്കിലും മനോരോഗ ആശുപത്രിയുടെ അകത്തളങ്ങളിലോ മറ്റോ ആയിത്തീരുകയും ചെയ്യും. സമൂഹത്തെ നോര്‍മല്‍ എന്നും അബ്നോര്‍മല്‍ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. അബ്നോര്‍മലായ ആളുകള്‍ മറ്റുള്ളവര്‍ കാണാത്തത് കാണുകയും കേള്‍ക്കാത്തത് കേള്‍ക്കുകയും ചെയ്യുന്നു. മരിയ അങ്ങനെയൊരു ആളായിരുന്നു. മനോരോഗ ആശുപത്രിയിലെ ഇരുട്ടു മുറിയില്‍ ഇരുന്നാണ് അവളുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്. അബ്നോര്‍മലായ ഒരാളുടെ ഓര്‍മ്മകളായി അവഗണിച്ചു കളയേണ്ടതല്ല ഇതൊന്നും. സമൂഹത്തിലെ ഓരോ കോണിനേയും വ്യക്തമായ കാഴ്ചപ്പാടോടെ നോക്കി കണ്ട ഒരു പെണ്ണിന്റെ അപഗ്രഥനമാണിത്.
നോവലിലെ പ്രധാന കഥാപാത്രം മരിയയാണ്. ഓര്‍മ്മവെച്ചതുമുതല്‍ അവള് അമ്മയുടെ വീട്ടിലാണ്. അപ്പച്ചന്റെയും അമ്മച്ചിയുടെയും മറ്റു ബന്ധുക്കളുടെയും കൂടെ വളരുന്ന അവളെ ഒരു പ്രത്യേക ഘട്ടത്തില്‍ സ്വന്തം വീട്ടിലേക്ക് പറിച്ചുനടുന്നു. അതുവരെ ജീവിച്ച അന്തരീക്ഷത്തില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകത്ത് വളരാന്‍ അവള് ഒരുപാട് പാടുപെടുന്നുണ്ട്. കൊട്ടാരം വീട്ടില്‍ സര്വ്വസാതന്ത്ര്യം ആയിരുന്നവള്‍ അപ്പച്ചന്റെ കൂടെ കള്ള് ഷാപ്പുകളില്‍ പോകുകയും ചന്തയില്‍ കയറിയിറങ്ങുകയും, ചാണ്ടി പട്ടിക്കൊപ്പം കളിക്കാനും, കശുമാവിന്റെ മുകളില്‍ കയറാനും ഉത്സാഹിച്ചു. ആരൊക്കെ എതിര്‍പ്പ് പറഞ്ഞാലും അവള് അതിനെ വക വെച്ചിട്ടുമില്ല. എന്നാല്‍ സ്വന്തം വീട്ടില്‍ അവള് അന്യവല്‍ക്കരിക്കപ്പെട്ടു. മക്കളില്‍ മൂത്തതിനും, ഇളയതിനും, ആണിനും ഇടയ്ക്ക് ജനിച്ചത് കൊണ്ട് അവള് എപ്പോഴും ഒരു അധികപ്പറ്റാണെന്ന് അവള് തന്നെ കരുതി. ജനിക്കാനേ പാടില്ലാത്തവളാണെന്ന ഒരു തോന്നല്‍ അവളിലെപ്പോഴും ഉണ്ടായിരുന്നു. ജന്മനാതന്നെ ആ ഒരു അപകര്‍ഷതാബോധം അവളുടെ നാഡീ ഞരമ്പുകളില്‍ ഒഴുകിയിരുന്നു. കൊട്ടാരം വീട്ടിലെ ഗീവര്‍ഗീസ് അപ്പച്ചനും, മറിയാമ്മച്ചിയും ഷീനാന്റി, നീനാന്റി, മാത്തിരി വല്യമ്മയും, ചാണ്ടി പട്ടിയും, അമ്മിണി തത്തയുമൊക്കെ കഥയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ഇവരെക്കൂടാതെ ധാരാളം കഥകളും, ഉപകഥകളും, നാട്ടിലും കുടുംബത്തിലും ഉണ്ടാകുന്ന സംഭവവികാസങ്ങളും നോവലിലേക്ക് ചേര്‍ത്തുവയ്ക്കുന്നു. എന്നാലും സ്ഥിരം കാഴ്ചയ്ക്ക് ഭിന്നമായി കുസൃതി ഒളിപ്പിച്ചു വെച്ചുകൊണ്ടാണ് എഴുത്തിലുടനീളം വെറും മരിയ എന്ന പാവം കടന്നുപോകുന്നത്. ഇന്നത്തെ വളര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തെയും അതിലെ മനുഷ്യരുടെ മനസ്സിനെയും മുന്‍നിര്‍ത്തിയാണ് നോവല്‍ എഴുതപ്പെട്ടിരിക്കുന്നത്. അവളുടെ നിഷ്കളങ്കമായ ചോദ്യങ്ങളും പൊതുസമൂഹത്തിനെ ചൂണ്ടിയുള്ള വിമര്‍ശനങ്ങളും നിലവിലുള്ള മാനുഷിക ബന്ധത്തെ തകിടം മറിക്കുന്നതായിരുന്നു. എന്നാല്‍ നോവലിസ്റ്റ് കൃത്രിമമായി നിര്‍മ്മിച്ച ഒരു പരിണാമത്തിന്റെ ഭാഗമായിട്ടല്ല മരിയ എന്ന കഥാപാത്രം അബ്നോര്‍മല്‍ ആയത്. മറിച്ച് മൗലികമായ നിഷ്കളങ്കത ഒന്നുകൊണ്ടുമാത്രമാണ് മാജിക്കല്‍ റിയലിസത്തിന്റെ പാതയിലൂടെ ഈ നോവല്‍ മുന്നേറിയത്.
തലതെറിച്ചവളെന്നെ വാക്കിന് എപ്പോഴും ഇരയായവളാണ് മരിയ. ഒരു നിമിഷം അടങ്ങിയിരിക്കാതെ ആണുങ്ങളോടൊപ്പം ചന്തയില്‍ കയറിയിറങ്ങിയും കള്ളുഷാപ്പില്‍ പോയി കള്ള് കുടിച്ചും അവള് കൊട്ടാരം വീട്ടില്‍ വളര്‍ന്നു. മരിയ ഹ്യൂമനിസ്റ്റ് ആണോ കമ്മ്യൂണിസ്റ്റ് ആണോ അതോ ആക്ടിവിസ്റ്റ് ആണോ എന്ന് അവളോട് ആരേലും ചോദിച്ചാല്‍ അവളും ചാണ്ടി പട്ടിയും ഒരുപോലെ ചിരിക്കും. ഈ ലോകത്തെ മുഴുവന്‍ സ്വാതന്ത്ര്യങ്ങളും എടുത്തു കളഞ്ഞു തുറിച്ചുനോട്ടത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം മാത്രം തനിക്കു മതിയെന്നു പറയും. മരിയയ്ക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ അവള് കുഞ്ഞുനാള് തൊട്ട് ചെയ്തിട്ടുള്ളൂ. വളര്‍ന്നപ്പോഴും അങ്ങനെ തന്നെ. സദാചാര ബോധത്തിനേയും വ്യവസ്ഥാപിതമായ ധാര്‍മികതയേയും തീര്‍ത്തും അവളുടേതായ ശൈലിയില്‍ തള്ളിക്കളയുന്നവളായിരുന്നു മരിയ. അതിനുള്ള തന്റേടവും ധൈര്യവും കുഞ്ഞുനാളിലേ അവള് ആര്‍ജ്ജിച്ചു വന്നതായിരുന്നു. അഹംഭാവമോ മറ്റു വ്യാമോഹങ്ങളോ ഇല്ലാതിരുന്ന മരിയയ്ക്ക് 'കൊറേ പൈസണ്ടായാല്‍ കൊറേ ബിരിയാണി തിന്നണ'മെന്നും, കൊറേ സ്ഥലം വാങ്ങി അവിടെ മൃഗങ്ങളെയും വളര്‍ത്തി പലതരം കൃഷിയും ചെയ്ത് ജീവിക്കണം എന്നും പറ്റുമെങ്കില്‍ ഒരു ആനയെ തന്നെ വാങ്ങി പരിപാലിക്കണം എന്നുമായിരുന്നു ആഗ്രഹം. അബ്നോര്‍മല്‍ ആണെന്ന് കരുതി മരിയ ഒട്ടും ബുദ്ധിയില്ലാത്തവളല്ലായിരുന്നു. അവള്‍ക്ക് പലതരം കാര്യങ്ങള്‍ അറിയാം, കഥകള്‍ അറിയാം ലോകത്ത് നടക്കുന്ന സംഭവങ്ങളും അറിയാം. കള്ളുകുടിച്ച് ഛര്‍ദിച്ച് ആണുങ്ങളോടൊപ്പം കിടക്കാനും തയ്യാറാവുന്ന അവള് ആണ് സുഹൃത്തുക്കള്‍ക്കൊരു അത്ഭുതമായിരുന്നു. അവളുടെ വിശാലമായ കാഴ്ചപ്പാട് കൊണ്ടാണ് ആണും പെണ്ണും എന്നത് ലൈംഗികതയ്ക്കും മറ്റു ബന്ധങ്ങള്‍ക്കുമപ്പുറം ഒരു ബന്ധം സൃഷ്ടിക്കാന്‍ ഉതകുന്നവയായി തീര്‍ന്നത്. മരിയ പാവം ആയത് ഒരിക്കലും പതിവ്രതയായതുകൊണ്ടും പരിശുദ്ധയായ കുലസ്ത്രീ ആയതുകൊണ്ടുമല്ല. മറിച്ച് അവളിലെ നിഷ്കളങ്കമായ സ്വത്വത്തെ ഉപയോഗിച്ച് വാര്‍ത്തെടുത്ത ഒന്നുകൊണ്ടു മാത്രമാണ്. ആണെന്നും പെണ്ണൊന്നുമുള്ള വര്‍ഗീയ വേര്‍തിരിവുകള്‍ക്കപ്പുറം ആണിനെയും പെണ്ണിനേയും പച്ചയായ മനുഷ്യരായി കാണാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നു.
ഇതൊരു പഴയ ക്രിസ്ത്യന്‍ കുടുംബത്തിന്റെ കഥയായിട്ടാണ് അവതരിപ്പിച്ചു തുടങ്ങുന്നതെങ്കിലും ഒട്ടുമിക്ക അണു കുടുംബത്തിലും സംഭവിക്കാവുന്ന അല്ലെങ്കില്‍ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കഥയാണ്. സ്വന്തം കുടുംബത്തില്‍ നിന്നും അകന്ന് മറ്റൊരു കുടുംബത്തില്‍ താമസിക്കുക, അവിടെവച്ച് അവള്‍ക്കുണ്ടാകുന്ന മാനസിക വികാസങ്ങളും സംഘര്‍ഷങ്ങളും മറ്റേതൊരുകുട്ടിയെ പോലെ അവളെയും അബ്നോര്‍മല്‍ ആക്കാന്‍ പോന്നതായിരുന്നു. യഥാര്‍ത്ഥത്തില്‍ ആ കുടുംബത്തില്‍ എല്ലാരും അബ്നോര്‍മല്‍ ആയിരുന്നു എന്ന് വേണമെങ്കില്‍ കരുതാം. കാരണം ഒരു കുട്ടിക്ക് കള്ളുഷാപ്പ് എന്താണെന്ന് പഠിപ്പിച്ചു കൊടുക്കാന്‍ തയ്യാറാക്കുന്ന വല്യപ്പച്ചന്, ചിന്നന് കയറി നടക്കുന്ന വല്യമ്മച്ചി, അക്ഷരം പഠിച്ചുകഴിഞ്ഞ മാത്തിരി വല്യമ്മച്ചി കരിക്കട്ട കൊണ്ട് ഭിത്തിയിലാകെ വേദപുസ്തകം മാറ്റിയെഴുതാന്‍ തുനിയുന്നു. അവര്‍ എല്ലാവരില്‍നിന്നും വ്യത്യസ്തയാവുകയായിരുന്നു. ഭാവനയുടെ പുതിയൊരു ചട്ടക്കൂടിനെ പണിതുയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ടതാണ്. ഫിലോസഫി പറഞ്ഞു നടക്കുന്ന ചാണ്ടി പട്ടി, വേണമെന്ന് കരുതി മിണ്ടാതിരിക്കുന്ന അമ്മിണി തത്ത, അങ്ങനെ ഒരുപറ്റം നോര്മലുകളായ അബ്നോര്മലുകള്ക്കൊപ്പമാണ് മരിയ. നോര്‍മല്‍ ആകാന്‍ പരിശീലനം നല്കുന്ന സംവിധാനം എന്ന നിലയില്‍ വിദ്യാലയജീവിതം മരിയയ്ക്ക് പീഡനങ്ങള്‍ മാത്രം സമ്മാനിച്ചവ ആയിരുന്നു. അവിടെ ചൂരലുമായി ദേവകി ടീച്ചര്‍ കാത്തുനിന്നിരുന്നു. മട്ടന്‍ ചാക്കോയും കിടുക്കന്‍ കണാരനും മൊട്ട പത്രോസുമൊക്കെ ആ ഭീകരതയ്ക്ക് ആക്കം കൂട്ടിയിരുന്നു. സംശയം ചോദിക്കുന്നത് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ലെന്ന് നൂറു തവണ ഇമ്പോസിഷന്‍ എഴുതേണ്ട ഒരു കുറ്റമായിരുന്നു. പുറത്തേക്കിറങ്ങുന്ന ഓരോ പെണ്ണും 'പബ്ലിക് പ്രോപ്പര്‍ട്ടി' ആണെന്നാണ് ഇന്നാട്ടിലെ ഒട്ടുമിക്ക പന്നികളും വിചാരിച്ചുവെച്ചിരിക്കുന്നത് എന്ന പ്രസ്താവനയില്‍ തന്റെ ശരീര ഭാഗങ്ങളെ തുറിച്ചുനോട്ടത്തില്നിന്നും കാത്തുസൂക്ഷിച്ചു മടുത്ത മരിയയെ കാണാം. ആണ്‍നോട്ടത്തെ നേരിടാനും ശരീരാവയവങ്ങളെ സ്പര്ശനത്തില് നിന്ന് പ്രതിരോധിക്കാനും അവള്‍ക്ക് കഴിഞ്ഞെങ്കിലും ആണുങ്ങളുടെ തുറിച്ചുനോട്ടത്തെ അവള് അത്രയധികം വെറുത്തിരുന്നു.
നോവലിലെ മറ്റു കഥാപാത്രങ്ങളെ നോക്കുമ്പോള്‍ മറിയാമ്മയെ പോലെ നോര്‍മലായ ഒരാളെ കണ്ടിട്ടേയില്ല എന്നാണ് ആഖ്യാതാവ് പറയുന്നത്. പണ്ടൊരിക്കല്‍ അമ്മായിയമ്മ അത്താഴത്തിന് എന്താ ഉണ്ടാക്കുന്നതെന്ന് ചോദിച്ചപ്പോള്‍ നിര്‍ത്താതെ ഒരു മണിക്കൂര്‍ ചിരിച്ചതാണ് തന്റെ ജീവിതത്തില്‍ മറിയാമ്മ ചെയ്ത നോര്‍മലല്ലാത്ത ഒരേ ഒരു കാര്യം. കുടുംബത്തിലെ പാചക വിദഗ്ധയായ അവര്‍ പതിനഞ്ച് മക്കളുടെ അമ്മയായിരുന്നു. ഒരു പലഹാരം സ്വപ്നം കണ്ടുണര്‍ന്ന മറിയാമ്മ അത് ഓര്‍ത്തെടുക്കുന്ന ഒരു രംഗമുണ്ട്. എത്ര മനോഹരമായാണ് ആ രംഗം വര്‍ണിച്ചത് എന്ന് നോവല്‍ വായനയില്‍ നമുക്ക് മനസ്സിലാകും. ചരിത്ര അധ്യാപികയും കമ്മ്യൂണിസ്റ്റ് അനുഭാവികമായ ഷീന ഒരു നക്സലറ്റാകാന് ആഗ്രഹിച്ചവളായിരുന്നു. എന്നാല്‍, ആ ആഗ്രഹത്തെ അവള്‍ക്ക് മുളയിലെ നുള്ളേണ്ടിവന്നു. ഹേബിയസ് കോര്‍പ്പസിന്റെ പേരില്‍ അപ്പച്ചനെ ഭീഷണിപ്പെടുത്തി ഷീനയും അവളുടെ നായകന് ജോമോനും വിവാഹിതരായി. ഇളയവന് ഷാജന് മെഡിസിന് വിദ്യാര്‍ത്ഥിയാണ് മരിയയെ സ്നേഹത്തോടെ പരിപാലിക്കുന്ന ഒരാള്‍. അയാള്‍ നാട്ടിലെ പാവപ്പെട്ട രോഗികളെ ചികിത്സിക്കുന്നു. മരിയയെപ്പോലെ മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ മാനസിക പീഡ അനുഭവിക്കുന്ന ആളായിരുന്നു. കുടുംബത്തിലെ പുതുതലമുറയില്‍ പെട്ടവളായിരുന്നു നീന. തീരെ കുഞ്ഞായിരിക്കുമ്പോള്‍ തൊട്ട് ഒറ്റയ്ക്ക് ഇരിക്കാന്‍ ഇഷ്ടപ്പെട്ടവളായിരുന്നു. കൊട്ടാരം എന്ന വലിയ വീട്ടില്‍ സ്വന്തമായൊരു മുറി എന്ന ആശയം നടപ്പിലാക്കിയത് നീനയാണ്. വിവാഹത്തിന് ശേഷവും അവള് അതേ നിലപാട് തുടര്‍ന്നു. അമ്മായിയമ്മ നാത്തൂന് പോരിനെ വകവയ്ക്കാതെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട് കുടുംബത്തിലെ മറ്റാരുമായും നീന അടുപ്പം സൂക്ഷിച്ചില്ല എന്നാല്‍ അസുഖം ബാധിച്ചവരെയും വീട്ടില്‍ ധര്‍മ്മം ചോദിച്ചു വരുന്നവരെയും അവള് ശുശ്രൂഷിക്കുന്നു.

നാടിന്റെ വളര്‍ച്ച എന്ന് പറയുന്നത് ഓരോ വ്യക്തിയുടെയും മാനസികമായ വളര്‍ച്ച കൂടിയാണ്. അതാണ് മരിയ പറഞ്ഞു കൊണ്ടേയിരിക്കുന്നത്. എല്ലാ ആണുങ്ങളും ഗര്‍വുള്ള തന്തയില്ലാത്തവരാണെന്ന ഐഷയുടെ അഭിപ്രായം മരിയക്കില്ല. തന്റെ ജീവിതത്തെ മുന്‍നിര്‍ത്തിയാണ് ഐഷ അങ്ങനെ പറഞ്ഞത്. ആക്ടിവിസ്റ്റ് ആയിരുന്നവരില്‍ ഒരാള്‍ വിവാഹത്തിനുശേഷം മെയില്‍ ഷോവനിസ്റ്റ് ആയി തീര്‍ന്നതിന്റെ ഒരു കഥ തന്റെ കുടുംബത്തെ മുന്‍നിര്‍ത്തി അവള്‍ക്ക് പറയാനുണ്ട്. എന്നാല്‍ അച്ഛനമ്മമാരെ പറ്റി മരിയയ്ക്ക് അങ്ങനെയൊരു കഥയില്ല, ഓര്മ്മകളില്ല. കുഞ്ഞുനാളില്‍ കുട്ടപ്പായിയെ പ്രീതിപ്പെടുത്താന്‍ വേണ്ടി പ്രിയപ്പെട്ട മുട്ടായികള്‍ അവള് കൊടുക്കുന്നുണ്ട്. വാങ്ങാന്‍ കൂട്ടാക്കാതിരുന്നപ്പോള്‍ നിര്‍ബന്ധം പിടിച്ചു. അവള്‍ക്ക് അവനോട് അത്രയും ഇഷ്ടമായിരുന്നു. അന്ന് കുട്ടപ്പായി മരിയയുടെ ഇഷ്ടം തിരിച്ചറിഞ്ഞില്ല എന്നാല്‍ വളര്‍ന്നതിനുശേഷം മരിയയുടെ കണ്ണിലെ തന്നോടുള്ള ഇഷ്ടത്തിന്റെ തിളക്കം കുട്ടപ്പായി മനസ്സിലാക്കുമ്പോഴേക്കും അരവിന്ദ് മരിയയെ മറ്റാരെക്കാളും, എന്തിനെക്കാളും, സ്നേഹിക്കുന്നുണ്ടായിരുന്നു. മരിയയുടെ കണ്ണുകളില്‍ സ്നേഹത്തിന്റെ മുഖങ്ങള്‍ ചാണ്ടിപ്പട്ടിയിലും ഗീവര്‍ഗീസ് അപ്പച്ചിനിലും, അരവിന്ദിലും, അമ്മിണി തത്തയിലും ഒക്കെയാണ്. ബോറടിക്കുമ്പോള്‍ കര്ത്താവുവരെ അവളോട് വര്‍ത്താനം പറയാന്‍ വരുന്ന പ്രിയപ്പെട്ട കൂട്ടുകാരനാണ്. മരിയയുടെ വാക്കുകള്‍ കര്‍ത്താവ് ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്. അവളുടെ നിലപാടില്‍ വിശ്വസിക്കുന്നുണ്ട്. വെളുത്തവരുടെ മാത്രമല്ല കറുത്തവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നായകന് ആയിരിക്കണമെന്ന് കര്‍ത്താവ് പറയുന്നുണ്ട്. അവളില്‍ നിന്നും ഡൂക്ക്ലി എന്നതുപോലെ പല വാക്കുകളും കടം കൊള്ളുന്നുണ്ട്. ടിവിയില്‍ ടെന്നീസ് കളി കാണുമ്പോള്‍ കറണ്ട് പോയാല്‍ അത് ശരിയാക്കാന്‍ ലൈന്മാന് ബാബുവിനെ ആശ്രയിക്കുന്ന കര്‍ത്താവിനെ മരിയയ്ക്ക് കൂടുതല്‍ ഇഷ്ടമാണ്. ഏറ്റവും ജനകീയനായ ഒരു ദൈവസങ്കല്പത്തെ ഇതില്‍ കൂടുതല്‍ മറ്റെവിടെയും കാണാന്‍ കഴിയില്ല.
നോവലിലെ ഭാഷയെ എടുത്തു നോക്കിയാല്‍ വാമൊഴിയും വരമൊഴിയും ഒരുപോലെയുണ്ട്. ഓരോ ഭാഷയും ചിന്തയെ ഓരോ തലത്തില്‍ ഉദ്ദീപിക്കുന്നുണ്ട്. അത് മനുഷ്യരുടേതായാലും മൃഗങ്ങളുടെതായാലും അങ്ങനെ തന്നെ. മറിയാമ്മ, പ്രവചനകാരിയായ മാത്തിരി വല്യമ്മ, ചിന്നന് പിടികൂടിയ അന്ന വലിയമ്മച്ചി, ഗീവര്‍ഗീസ് അപ്പച്ചന് ഇവരെല്ലാം ഒരു പ്രത്യേക ശൈലിയുടെ സൂചകങ്ങളാണ്. സ്വപ്നത്തിനുശേഷം അത് വെളിപ്പെടുത്തുന്ന മറിയാമ്മ പറയുന്നത് സ്വപ്നത്തിലെ ഓരോ രുചികള്‍ ഓര്‍ത്തുകൊണ്ടാണ്.
മാവിന്റെ രുചിയൊണ്ട്
പാലിന്റെ രുചിയൊണ്ട്
പഞ്ചാരേടെ രുചിയൊണ്ട്
മൊട്ടേടെ രുചിയൊണ്ട്
വെണ്ണേടെ രുചിയൊണ്ട്..
പിന്നെ പിന്നെ വേറെന്തിന്റെയോ രുചിയുണ്ട്. കേക്ക് എന്നത് എന്താണെന്നറിയാത്ത മറിയാമ്മ 'അത്' സ്വപ്നം കണ്ടതിന്റെ ഓര്‍മ്മയില്‍ വിശദീകരിക്കുകയാണിവിടെ. മരം വെട്ടുകാരന്റേയും, കുംഭകര്‍ണ്ണന്റെയും, തിമിംഗലത്തിന്റെയും, കത്തനാര്മാരുടെ മാജിക്കിന്റെയും കഥകള്‍ പറയുന്നതിലൂടെ നോവലിന് പുതിയൊരു ഭാവം കൈവരുന്നുണ്ട്. ജനപ്രിയമായ കഥകള്‍ കേട്ട് വായനക്കാരുടെ ഓര്‍മ്മകളിലും ഭാവനയുടെ വിത്തുകള്‍ വിതക്കുന്നുണ്ട്.
മരിയയെ പോലുള്ള ഒരു കഥാപാത്രം ഒരു പരീക്ഷണ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതൊന്നുമല്ല. 'മരിയ വെറും മരിയ' എന്ന പേരില്‍ തന്നെ മരിയ എന്ന കേന്ദ്ര കഥാപാത്രത്തെ നോവലിലേക്ക് ആവാഹിച്ചെടുക്കുകയാണിവിടെ. സര്‍വ്വസ്വാതന്ത്ര്യമുള്ള വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് എത്തിപ്പെടുമ്പോള്‍ അണുകുടുംബ വ്യവസ്ഥിതിയുടെ അച്ചടക്കം മര്യാദകള്‍ അവള്‍ക്ക് പാലിക്കേണ്ടി വരുന്നു. കൊതിയുണ്ടെങ്കിലും പലഹാരങ്ങളില്‍ ഒരെണ്ണം കൊണ്ട് തൃപ്തയാകുന്നു. നിലത്തുവീണ ഭക്ഷണസാധനങ്ങള്‍ കഴിക്കരുതെന്ന പൊതുതത്വം അവള്‍ക്ക് പാലിക്കാന്‍ കഴിയാതെ വരുന്നുണ്ട്. അവളെ എപ്പോഴും ആക്ഷേപിക്കുന്നതിന്റെ പേരില്‍ സഹോദരി ലിസി ചത്തുപോണേ എന്ന് ഏറ്റവും നിഷ്കളങ്കമായി പ്രാര്‍ത്ഥിക്കുകയും പടികള്‍ക്ക് മുകളില്‍ നിന്ന് തള്ളി താഴെ ഇടുകയും ചെയ്യുന്നുണ്ട്. കുസൃതികള്‍ കൊണ്ടും തമാശ കൊണ്ടും തര്‍ക്കുത്തരം കൊണ്ടും നമ്മെ ആനന്ദിപ്പിക്കുന്നോടൊപ്പം അവളുടെ ചില ചിന്തകളെ കാര്യപ്രസക്തമായി തന്നെ സ്വീകരിക്കേണ്ടതുണ്ട്. ആണ് മിടുക്കന് ആവണേല്‍ അവന് ജോലി കിട്ടണം എന്നാല്‍ കൊച്ചില്ലേലും അവന് മിടുക്കന് തന്നെയായിരിക്കും. പെണ്ണ് മിടുക്കി ആവണമെങ്കില്‍ ജോലിയും കൂലിയും ഒന്നും വേണ്ട ഒരു കൊച്ചിനെ ഉണ്ടാക്കി കൊടുത്താല്‍ മതി. പെണ്ണു പ്ലൂട്ടോയില്‍ പോയി ഇറങ്ങിയാലും ആരും സമ്മതിച്ചു തരില്ല മറിച്ച് പെണ്ണിനെ അംഗീകരിക്കുന്നത് കൊച്ചിനെ ഉണ്ടാക്കുന്നതിലൂടെയാണെന്ന അവളുടെ പ്രസ്താവന നിലവിലെ സാമൂഹിക പ്രശ്നത്തെ അഭിമുഖീകരിക്കുന്ന ഒന്നാണ്. കന്യാചര്‍മ്മത്തെയും, കന്യകാത്വത്തെയും പറ്റി നിരീക്ഷണം നടത്തിയ കൂട്ടുകാരികള്‍ക്കൊപ്പം താമസിക്കുമ്പോള്‍ മരിയയ്ക്ക് അത്തരം വിഷയങ്ങളില്‍ ഒന്നും താല്പര്യം ഉണ്ടായില്ല. നിമ്മി എന്ന കൂട്ടുകാരി അടുത്ത വീട്ടിലെ ചെറുപ്പക്കാരനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ലൈംഗിക താല്പര്യങ്ങളെ കുറിച്ചും ലൈംഗികതയെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള സൗഹൃദങ്ങള്‍ ആയിരുന്നു മരിയയ്ക്കുള്ളത്.
ലോക പരിചയമുള്ള നിമ്മിയും ലോക പരിചയമില്ലാത്ത കാളിയും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. മറ്റൊരാളിന്റെ ഗര്‍ഭം ധരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് നിമ്മി പറയുമ്പോള്‍ അത് ആര്‍ക്കും ഒരു ഞെട്ടല്‍ ഉണ്ടാക്കുന്നില്ല. കാളിയും അങ്ങനെയായിരുന്നു. ഗീവര്‍ഗീസ് അപ്പച്ചനോടുള്ള ഇഷ്ടം വെച്ചു പുലര്‍ത്തുമ്പോള്‍ തന്നെ കാളി മറ്റു ആണുങ്ങള്ക്കൊപ്പവും കിടക്കുന്നുണ്ട്. നോവലില്‍ മരിയയുടെ വീടും അവളുടെ കുസൃതിത്തരങ്ങള്‍ക്കും അപ്പുറം ചര്‍ച്ച ചെയ്യുന്ന പല കാര്യങ്ങളുമുണ്ട്. മണല്‍വാരലിന്റെയും കുന്നിടിക്കലിന്റെയും ദോഷവശങ്ങളെ കുറിച്ച് ധാരണയുള്ള ജനത തന്നെ അത് ചെയ്യുന്നതിന്റെ വിരോധാഭാസം എടുത്തു പറയുന്നുണ്ട്. അഴിമതി, ലൈംഗിക അപവാദം, കറുത്തവന്, വെളുത്തവന് എന്ന വേര്‍തിരിവ്, രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍, അടിയന്തരാവസ്ഥ എന്ന പ്രയോഗം ഇതൊക്കെ നോവലിനെ കൂടുതല്‍ മനോഹരമാക്കുന്നുണ്ട്. ബഹിരാകാശത്ത് നിന്നും ഏതു സമയവും താഴേക്ക് വീഴാന്‍ സാധ്യതയുള്ള ഒരു ഉപഗ്രഹത്തെ പറ്റി വേവലാതിപ്പെടുന്ന നിഷ്കളങ്കരായ നാടന്‍ ജനതയുണ്ട്, എപ്പോഴും പൂച്ച പൂച്ചയും എലി എലിയായും ആയിരിക്കേണ്ടതിന്റെ യുക്തിബോധം എന്താണെന്നും നോര്‍മലായ ഒരുപറ്റം മനുഷ്യരെ ചിന്തിപ്പിക്കുന്ന അബ്നോര്‍മലായ കാര്യമാണ്.
ഏറ്റവും നോര്‍മലായ കാര്യങ്ങള്‍ ചിന്തിക്കുന്നതിലൂടെ, അത് തുറന്ന് പറയുന്നതിലൂടെ സമൂഹത്തില്‍ അബ്നോര്‍മലായി മാറിയവളാണ് മരിയ. മനോരോഗ ആശുപത്രിയില്‍ വച്ച് അവള് അവളുടെ ഓര്‍മ്മകള്‍ എഴുതിയെടുക്കുമ്പോള്‍ നോര്‍മല്‍ എന്ന് വിശ്വസിച്ച് അഹങ്കരിച്ചു നടക്കുന്ന സമൂഹത്തിന് ചിന്തിക്കേണ്ടതായ ഒത്തിരി കാര്യങ്ങളുണ്ട്. യാഥാസ്ഥിതിക മനോഭാവത്തെയും കുലസ്ത്രീ നിലപാടുകളെയും സദാചാരബോധത്തെയും എതിര്‍ത്ത് തികച്ചും തന്റേതായ ശരികളായിരുന്നു മരിയയ്ക്ക്. അതാണ് അവളെ അബ്നോര്മലാക്കിയതും. ദൈവം എന്നത് ഉദ്ദിഷ്ട കാര്യങ്ങള്‍ നടപ്പിലാക്കാന്‍ മാത്രമുള്ള ഒരു ഏജന്‍സി അല്ലെന്നും ലിംഗനീതി എന്നത് പെണ്ണിനും ആണിനും ഒരുപോലെ നടപ്പാക്കേണ്ട കാര്യമാണെന്നും മരിയ ഓര്‍മ്മിപ്പിക്കുന്നു. പരിസ്ഥിതിയുടെ ചൂഷണവും പരമ്പരാഗത വിദ്യാഭ്യാസ രീതിയും വിമര്‍ശിക്കപ്പെടേണ്ടതാണെന്നും ഓരോ വ്യക്തിയും അവരവരുടെ കാഴ്ചപ്പാടിനും ചിന്താഗതിക്കും അനുസരിച്ച് സ്വതന്ത്രരായി ജീവിക്കാന്‍ അവകാശമുള്ളവരാണെന്നും മരിയ വെറും മരിയ വ്യക്തമാക്കുന്നു.
Content Highlights: mariya verum maria book, malayalam novel, sandhya mary, book review, reshmi p, mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..