അജിജേഷ് പച്ചാട്ട്
കിണര്‍ പോലെയാണ് അജിജേഷിന്റെ കഥകളൊക്കെയും. ആഴത്തിലാഴത്തില്‍ പോകുന്തോറും നമ്മെ അവ ശ്വാസംമുട്ടിക്കും. സദാചാര കാഴ്ചകളിലെ പൊള്ളത്തരങ്ങളും, മതരാഷ്ട്രീയ സ്വാര്‍ത്ഥതകളും, നിറംമങ്ങിയ ജീവിതകാഴ്ചകളും അതിശക്തമായി തന്നെ കടന്നുവരുന്നുണ്ട് ഓരോ കഥകളിലും.
കൂവ ഉള്‍പ്പെടെ എട്ടു കഥകള്‍ കൊണ്ട് പണിത ഈ പുസ്തകത്തില്‍ 'ഒരു പിടി മണ്ണ് സ്വന്തായില്ലാത്തോല്ക്ക് ദെങ്ങനാ നക്കാന്‍ കിട്ടണത് ന് ചിന്തിക്കണ സൊഭാവൊന്നും അവക്കാദ്യേല്ല്യ' എന്ന ഒരുഗ്രന്‍ വാചകം കൊണ്ടാണ് ആദ്യകഥയായ കൂവ തുടങ്ങുന്നത്. മരണശേഷം വിട്ടുകിട്ടിയ ശവശരീരം കുപ്പചേട്ടന്റെയല്ല എന്ന അറിവില്‍ നിന്നും അത് തിരിച്ചുകിട്ടാനുള്ള യാത്രക്കിടയില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളും വ്യഥകളും കോളനിയിലെ ജീവനുള്ള കുറേ മനുഷ്യമുഖങ്ങളിലൂടെ വൃത്തിയായി പറയുന്നുണ്ട്. നാം എത്രയൊക്കെ പരിഷ്കൃതരാണെങ്കിലും സാമൂഹികനീതിയും സാമ്പത്തിക പുരോഗതിയുമൊക്കെ ചിലര്‍ക്ക് ഇന്നും അന്യമാണ്. പട്ടിണികൊണ്ടും അന്യഥാബോധം കൊണ്ടും ഉറക്കംവരാതെ കിടക്കുന്നവരാണവര്. അതുകൊണ്ടാവും ജീവനോടെയാണെങ്കിലും, ചത്തിട്ടാണെങ്കിലും കോളനിക്കാരെ എല്ലാര്ക്കും പുച്ഛമാണെന്ന് പറയുമ്പോ ആ വേവ് നമ്മുടെ മനസിലും കിടന്ന് പിടക്കുന്നത്. 'മുക്കിപ്പഠിക്കാത്തൊരു മുതലാളിപേടിച്ചിയാണവള്' എന്ന ചാച്ചിരിയുടെ ചങ്കൂറ്റമുള്ള വാക്കുമാത്രം മതി മുതലാളിത്തത്തിന് മറുപടിയായിട്ട്.
ഓരോ മനുഷ്യനും പാവങ്ങളാണെന്ന് തോന്നിയിട്ടുണ്ടോ? സ്വന്തം ബലഹീനതകള്‍ ആരോടും തുറന്നുപറയാന്‍ കഴിയാതെ ഒച്ചയില്ലാതെ കരയുന്നവരെ കണ്ടിട്ടുണ്ടോ? ഇറച്ചിക്കലപ്പ പറയുന്നത് അങ്ങനെയൊരു കഥയാണ്. ഹൈപ്പര്സ്പെര്മിയ എന്ന അപൂര്‍വരോഗം കൊണ്ട് ജീവിതം തന്നെ വറ്റിപ്പോയ ഒരുവന്റെ തുപ്പല് നനവിന്റെ വഴുവഴുപ്പുള്ളൊരു കഥ...ലോകത്തൊരു കാമുകിയും കാമുകന് കൊടുക്കാത്ത സമ്മാനവുമായി വന്ന ജൂലിയറ്റ് എന്ന മനോഹര പ്രണയത്തെ ഒത്തിരി ഇഷ്ടപ്പെട്ടു.
യുദ്ധമെന്ന ഭീകരതയെ ഹാസ്യവല്ക്കരിച്ചെഴുതിയ 'ഒരു രാജേഷ്മേശരി നിര്‍മിതി' എന്ന കഥയിലുടനീളം ജീവിതത്തിലെ പൊള്ളത്തരങ്ങളെത്രയെന്നും നിസ്സാരതയെങ്ങനെയൊക്കെയെന്നും ഓരോവരിയും ആവര്‍ത്തിച്ച് പറയുന്നുണ്ട്.
'വീണ്ടും വീണ്ടും ഹൃദയത്തിലേക്ക് നോക്കുക' അങ്ങനെ നോക്കുമ്പോ നമുക്കവിടെ കാണാം നാം എന്ന മനുഷ്യമൃഗത്തെ. എത്ര ഭംഗിയായി നാം നമ്മെ അണിയിച്ചൊരുക്കിയാലും അതവിടെ പതുങ്ങിയിരിപ്പുണ്ടാവും. പെട്ടെന്നൊരു നിമിഷത്തില്‍ മറ്റൊരു ജീവനെ ഒരു കുഞ്ഞുമണ്കുടുക്ക പൊട്ടിക്കുന്നതുപോലെ പൊട്ടിച്ചുകളയാന്‍ പാകത്തിന്. അതുകൊണ്ടുതന്നെ 'പാരലാക്സ് ' വായിച്ചവസാനിപ്പിക്കുമ്പോള്‍ പതര്‍ച്ചയോടെ നാം നമ്മുടെ ഹൃദയത്തിലേക്ക് വീണ്ടും വീണ്ടും നോക്കാന്‍ ശ്രമിക്കുന്നത്.
ഓരോ മരണവും സൂക്ഷിച്ചുനോക്കിയാല്‍ കൊലപാതകമായിരിക്കും എന്ന തോന്നലാണ് പ്രേതലഹള വായിച്ചപ്പോള്‍ തോന്നിയത്. ഓരോ മരണങ്ങളുടെ നിഗൂഢതകളും, മോളമ്മയുടെയും കുട്ടിച്ചന്റെയും അതിസുന്ദരമായ പ്രണയജീവിതവും പരന്നുപടരുന്ന ഈ കഥ അതീവ ഹൃദ്യമായിരുന്നു. മരണത്തിന്റെ ആകാശത്തെ സൂക്ഷിച്ചുവെച്ച കൈതപ്പൂവിന്റെ ഗന്ധമുള്ള അലമാരയില്‍ നിന്നും ഓരോരുത്തരായി ഇറങ്ങുമ്പോള്‍ ചെറിയൊരു വേദന മോളമ്മയില്നിന്നും നമ്മിലേക്കും പകരുന്നത്.
ജീവിതത്തെ മാറ്റിമറിക്കാന്‍ വെറും ഒരു നായ മതി എന്ന് അസ്സലായി പറഞ്ഞ മീന്‍തേറ്റ ശരിക്കും ഒരൊന്നോന്നര ആക്ഷേപ്യഹാസ്യം തന്നെയാണ്. മനസ്സിനുള്ളില്‍ നിന്നുമൂറി വരുന്ന ചിരിയുടെ നനവാണ് ആ കഥയിലൂടെ നീളം.
കിണറില്‍ നിന്നും വെള്ളം കോരുമ്പോള്‍ മലര്‍ന്നടിച്ചു വീഴുകയും ആ വീഴ്ചയില്‍ കിണറിനകത്തല്ല ആകാശത്താണ് അമ്പിളിമാമനെന്ന് വലിയൊരു തലമുറയെ പഠിപ്പിച്ച ഡേവിഡും, മണ്ടത്തരങ്ങള്‍ ചെയ്തു കൂടിയ മരമണ്ടന്‍ മല്ലന്, കള്ളന്മാരെക്കൊണ്ട് വാഴ നനപ്പിച്ച തെന്നാലിരാമന്‍ തുടങ്ങി പഴയ പാഠപുസ്തകത്തിലെ കഥാപാത്രങ്ങള്‍ 'വേളിക്കുന്ന് ടാസ്ക്' എന്ന കഥയില്‍ നിറയുമ്പോള്‍, അസ്തമിച്ചുകൊണ്ടിരിക്കുന്ന സാഹോദര്യവും സ്നേഹവും സത്യസന്ധതയുമൊക്കെ പഴയ പുസ്തകക്കെട്ടുകളിലേക്ക് തന്നെ മടങ്ങുന്ന കാഴ്ചയാണ് കാണാനാവുന്നത്. താനടങ്ങുന്ന തലമുറയിലെ ആളുകളിലേക്കും എന്തും നിസ്സാരമായി വലിച്ചെറിഞ്ഞു കളയുന്ന അവരുടെ ജീവിതരീതിയിലേക്കും പാഞ്ഞു ചെന്ന് കരണക്കുറ്റി നോക്കി ഒരു അടി കൊടുക്കുകയാണ് കഥാകൃത്ത് ഈ കഥയില്‍.
എന്റെ വായനയെ ഏറെ കുഴപ്പിച്ച കഥയാണ് 'അമ്മേന്റെ ആണ്‍കുട്ടി' എന്ന അവസാനത്തെ കഥ. എന്തുകൊണ്ടോ ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു ത്രഡ്. പ്രണയം എന്നത് ഏതുതരം വ്യക്തികള്‍ക്കും തമ്മിലാവാം എന്നതിനോട് യോജിക്കാന്‍ നമുക്ക് എങ്ങനെ കഴിയും? അതുകൊണ്ടുതന്നെ പ്രണയത്തെ വ്യത്യസ്തമായി വ്യാഖ്യാനിച്ച 'അമ്മേന്റെ ആണ്‍കുട്ടി' വായിച്ചപ്പോള്‍ ' ഒരു മകനോടുള്ള അമ്മയുടെ സ്നേഹത്തില്‍ ഹൃദയത്തിന്റെ മറ്റെല്ലാ വാത്സല്യങ്ങളെയും മറികടക്കുന്ന ശാശ്വതമായ ആര്‍ദ്രതയുണ്ട് പക്ഷേ അതൊരിക്കലും പ്രണയമല്ല' എന്ന തോന്നല്‍ ശക്തമായത്.
ഒരുപാട് കാര്യങ്ങള്‍ നമ്മളിലേക്ക് കഥാകൃത്ത് അടര്‍ത്തി ഇടുമ്പോള്‍ അവ വെറും കഥകള്‍ മാത്രമായല്ല, ആഴത്തില്‍ ഉള്‍ക്കൊള്ളേണ്ട ജീവനുള്ള കുറേ സത്യങ്ങളായാണ് നമ്മുക്ക് അനുഭവപ്പെടുക. ഓരോ കഥയും വളരെ മികച്ചതും ചിന്തനീയവുമാണ്.
Content Highlights: mansha noufal reviews the book koova by ajijesh pachat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..