
-
സാറായിയുടെ മരുദേശങ്ങള്‍ എന്ന പുസ്തകത്തിലൂടെ രണ്ട് നോവലെറ്റുകളാണ് സാറാ ജോസഫ് വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബൈബിളിലെ രണ്ട് കഥാപാത്രങ്ങളായ യോനയെയും സാറയെയും വര്ത്തമാനകാലജീവിതങ്ങളുടെ പ്രതിനിധിയായി അവതരിപ്പിക്കുകയാണ് എഴുത്തുകാരി.
ബൈബിളിലെ പഴയനിയമത്തില്‍ 48 വാക്യങ്ങള്‍ മാത്രമുള്ള നാല് അധ്യായങ്ങളിലായാണ് അമിത്ഥായുടെ മകനായ യോനയുടെ കഥ പറയുന്നത്. നിനവെ നഗരത്തിലേക്ക് പോയി ദൈവവചനം പ്രസംഗിക്കാന്‍ യഹോവ യോനയോട് ആവശ്യപ്പെട്ടു. എന്നാല്‍ ദുഷ്ടന്മാര് നിറഞ്ഞ നിനവെയില്‍ പോയാല്‍ ആപത്തുണ്ടാകുമെന്ന് ഭയന്ന് യോന തര്ശീസ്സിലേക്ക് കപ്പല്‍ കയറി. തന്റെ ആജ്ഞ അനുസരിക്കാതിരുന്ന യോനയ്ക്കെതിരെ യഹോവയുടെ കോപമുണ്ടായി. സമുദ്രത്തില്‍ വലിയ കൊടുങ്കാറ്റ് അടിപ്പിച്ചു. യോന കയറിയ കപ്പല്‍ കാറ്റില്‍ ആടിയുലഞ്ഞു. കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരും അവരവരുടെ ദൈവത്തെ വിളിച്ച് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എന്നാല്‍ കാറ്റടങ്ങിയില്ല. താന്‍ യഹോവയുടെ അരുളപ്പാട് അനുസരിക്കാത്തതാണ് ഈ ദുരന്തത്തിന് കാരണമെന്ന് മനസ്സിലാക്കിയ യോന അവരോട് കാറ്റ് ശമിക്കാൻ തന്നെ എടുത്ത് സമുദ്രത്തിലേക്ക് ഇടാന്‍ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അവരത് ചെയ്തു. ഉടനെ കാറ്റടങ്ങി. സമുദ്രം ശാന്തമായി.
സമുദ്രത്തിലേക്കിട്ട യോനയെ യഹോവയുടെ കല്പനപ്രകാരം ഒരു തിമിംഗിലം വിഴുങ്ങി. മൂന്ന് രാവും പകലും ആ മത്സ്യത്തിന്റെ വയറ്റില്‍ യോന കിടന്നു. ഈ ദിവസങ്ങളിലൊക്കെയും അയാള്‍ തന്റെ തെറ്റിന് യഹോവയോട് മാപ്പിരന്നു. മൂന്നാം നാള് തിമിംഗിലം കരയില്‍ വന്ന് ഛര്‍ദിച്ചു. അങ്ങനെ യോന പുറത്തെത്തി.
വിശ്രമത്തിന് ശേഷം, യഹോവയുടെ അരുളപ്പാട് അനുസരിച്ച് യോന വീണ്ടും നിനവെയിലേക്ക് പോയി. ദൈവഹിതപ്രകാരം ജീവിച്ചില്ലെങ്കില്‍ നാല്പതു ദിവസത്തിനുള്ളില്‍ നിനവെ നഗരത്തെ യഹോവ നശിപ്പിക്കുമെന്നും മാനസാന്തരപ്പെടണമെന്നും യോന നിനവെ ജനതയോട് ഘോഷിച്ചു. നിനവേക്കാര്‍ യോനയുടെ വാക്കുകളെ വിശ്വസിച്ചു. അവര്‍ ഉപവസിച്ച് പ്രാര്‍ഥിച്ചു. ദുര്‍മാര്‍ഗങ്ങളും തിന്മകളും ഉപേക്ഷിച്ചു. യഹോവയുടെ കോപമടങ്ങി. നിനവെ നഗരം നശിപ്പിച്ചില്ല.
രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതപ്പെട്ട ബൈബിളിലെ യോനയുടെ കഥയാണ് ഇന്നത്തക്കാലത്ത് പ്രസക്തമായ തരത്തില്‍ സാറാ ജോസഫിന്റെ 'സാറായിയുടെ മരുദേശങ്ങള്‍' എന്ന നോവലെറ്റിലെ 'യൂനായുടെ ഒളിച്ചോട്ടങ്ങള്‍' എന്ന ആദ്യ ലഘുനോവലിലൂടെ പുനരാഖ്യാനം നടത്തിയിരിക്കുന്നത്.
ഭാര്യയ്ക്കും മൂന്നു പെണ്‍മക്കള്‍ക്കുമൊപ്പം സ്വസ്ഥമായി ജീവിക്കുകയാണ് കഥാപാത്രമായ യൂന. ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ 'അതിന്റെ സമയം വരുമ്പോള്‍ എല്ലാം നടക്കും' എന്ന ശുഭാപ്തി വിശ്വാസത്തോടെ മറ്റുള്ളവരുടെ ഒരു കാര്യത്തിലും ഇടപെടാതെയാണ് അയാളുടെ ജീവിതം മുന്നോട്ടു പോകുന്നത്. എന്നാല്‍ പെട്ടെന്നൊരു ദിവസം രാത്രി ആരോടും പറയാതെ അയാള്‍ അപ്രത്യക്ഷനാവുന്നു. യൂനായുടെ മുന്നോട്ടുള്ള യാത്രയും അതിനിടയില്‍ യൂനായും കുടുംബവും നേരിടേണ്ടി വന്ന യാതനകളും ഇതില്‍ പ്രതിപാദിക്കുന്നു.
യഹോവയുടെ അരുളപ്പാടിനെ തുടര്‍ന്ന് ബൈബിള്‍ കഥയില്‍ പറയുന്ന യോനായുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിരിക്കാം എന്നാണ് എഴുത്തുകാരി ഈ ലഘുനോവലിലൂടെ വായനക്കാര്‍ക്ക് കാണിച്ചുതരുന്നത്.
ഇന്നത്തെ കാലത്തെ ഒരു കുടുംബനാഥനും പിതാവിനും ഒരു പൗരനും ഉണ്ടാകുന്ന ആകുലതകളും അവയോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമെല്ലാം യൂനായിലും കാണാം. ചോദ്യം ചെയ്യാന്‍ പാടില്ലാത്തവനായ ദൈവത്തെ ചോദ്യം ചെയ്യുകയും, അനുസരിക്കാതിരിക്കുകയും, പറഞ്ഞതിന് നേര്‍വിപരീതം പ്രവര്‍ത്തിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവനാണ് ബൈബിള്‍ കഥയിലെ യോന. ഈ യോന നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലുണ്ട്.
പറഞ്ഞതിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന, ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിപത്തുകളെ ഭയന്ന് സമൂഹത്തില്‍ നിന്ന് ഒളിച്ചോടുന്ന, സേഫ് സോണുകളില്‍ മാത്രം ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന യോന. സമ്മര്‍ദങ്ങള്‍ താങ്ങാനുള്ള പ്രാപ്തിയില്ലാതെ, ഉത്തരവാദിത്തങ്ങള്‍ ഏല്ക്കാന് ഇഷ്ടപ്പെടാതെ എല്ലാത്തില്‍ നിന്നും ഒളിച്ചോടുന്ന യോന. ഈ കഥയിലൂടെ മനുഷ്യനും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ അനേകം സംവാദ സാധ്യതകളെ തുറന്നിടുകയാണ് എഴുത്തുകാരി.
ആദിമ പിതാവായ അബ്രഹാമിന്റെയും ഭാര്യ സാറായുടെയും ജീവിതത്തിലൂടെ കടന്നുപോകുന്നതാണ് 'സാറായിയുടെ മരുദേശങ്ങള്‍' എന്ന രണ്ടാമത്തെ ലഘുനോവല്‍. സന്തതികളില്ലാത്ത വൃദ്ധ ദമ്പതികളായിരുന്നു ബൈബിളിലെ പഴയനിയമ പുസ്തകങ്ങളില്‍ ആദിമ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന അബ്രഹാമും സാറായും. യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ടവനായ അബ്രഹാമിനൊപ്പമുള്ള സാറായുടെ ജീവിതം സ്വസ്ഥമായിരുന്നോ എന്നാണ് ഇവിടെ അന്വേഷിക്കുന്നത്. ഇവരുടെ ജീവിതത്തിലൂടെ കടന്നുപോയിക്കൊണ്ട് സാറായുടെ പക്ഷത്തു നിന്ന് ചിന്തിക്കുകയാണ് എഴുത്തുകാരി.
നൂറു വയസ്സുകാരനായ അബ്രാമിനും ആര്‍ത്തവം നിലച്ച തൊണ്ണൂറുകാരി സാറായിക്കും സന്തതി പിറക്കുമെന്നും ഭാവിയില്‍ ആ തലമുറ വലിയൊരു ജനതയായി മാറുമെന്നും യഹോവ അബ്രാമിന് അരുളപ്പാട് നല്കുന്നു. അബ്രാം അത് വിശ്വസിക്കുന്നുണ്ടെങ്കിലും സാറായി അത് ചിരിച്ചു തള്ളുകയാണ് ചെയ്തത്. തനിക്ക് ഒരു കുഞ്ഞിനെ താലോലിക്കാന്‍ സാധിക്കില്ലെന്ന് വിശ്വസിച്ച് തന്റെ ദാസിയായ ഹാഗാറില്‍ ഒരു മകന് പിറന്നു കാണാന്‍ അവള് അബ്രാമിനോട് അപേക്ഷിക്കുന്നു. ഇതനുസരിച്ച് അബ്രാമില്‍ നിന്ന് ഗര്‍ഭിണിയായി ഹാഗാര്‍ യിശ്മായേലിന് ജന്മം നല്കുന്നു. ഇതോടെ ഹാഗാര്‍ സാറായിയെ അവഗണിക്കാന്‍ തുടങ്ങുന്നു. സാറായിക്ക് ഇത് തീവ്ര വേദനയാണ് നല്‍കുന്നത്. സമൂഹത്തിന്റെയും തന്റെ വേലക്കാരുടെയും പരിഹാസത്തിന് സാറായി ഇരയാവുകയാണ്.
ഗര്‍ഭിണിയായ ഹാഗാര്‍ തന്നെ പരിഹസിക്കുന്നതിനെക്കുറിച്ച് സങ്കടം പറഞ്ഞ സാറായിയോട് അബ്രാം പറഞ്ഞത് ''ഇത് നീ തന്നെ ഉണ്ടാക്കിയ കുരുക്ക്. അതില്‍ നീ തന്നെ കുരുങ്ങിയിരിക്കുന്നു. ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ യഹോവ നിന്നെ സഹായിക്കട്ടെ'' എന്നായിരുന്നു. ഏതൊരു പെണ്ണും തളര്‍ന്നു പോകുന്ന ആ നിമിഷത്തില്‍ വര്‍ധിച്ച വീര്യത്തോടെ സാറായി തിരിച്ചടിച്ചു.''എന്റെ രക്ഷ നിങ്ങള്‍ യഹോവയെ ഏല്പിച്ചുകൊടുക്കുന്നത് ഇതാദ്യമായിട്ടല്ലല്ലോ. നിങ്ങളുടെ ഭാര്യയായ ഞാന്‍ ഒരടിമയെപ്പോലെ കണ്ണീരൊഴുക്കിക്കൊണ്ട് ഫറവോന്റെ കിടപ്പറയിലേക്കു പോകേണ്ടിവന്നത് നിങ്ങള്‍ എന്നെ രക്ഷാകവചമായി ഉപയോഗിച്ചതുകൊണ്ടാണ്''.
ഒരു നാട്ടില്‍ നിന്നും മറ്റൊരു നാട്ടിലേക്ക് പലായനം ചെയ്യുമ്പോള്‍ തന്റെ ജീവന് ആപത്തുവരാതിരിക്കാന് സാറായി തന്റെ പെങ്ങളാണെന്ന് പറഞ്ഞാണ് അബ്രാം അവളെ തന്റെ രക്ഷാകവചമായി ഉപയോഗിച്ചത്. അതോടെ അവളെ മോഹിച്ച രാജാക്കന്മാരുടെ കിടപ്പറയിലേക്ക് അവളെ അയക്കേണ്ടതായും വന്നു അബ്രാമിന്. പക്ഷേ, സത്യം മനസ്സിലാക്കിയ രാജാക്കന്മാര് അവളുടെ മാനംകവരാതെ വേണ്ടതെല്ലാം നല്കി അവളെ തിരിച്ചയക്കുകയായിരുന്നു.
അബ്രാമിനെ കുറ്റബോധത്തിന്റെ ചുണ്ണാമ്പുകുഴിയിലേക്കും വലിച്ചെറിയാന്‍ സാറായി ജീവിതകാലം മുഴുവന്‍ ഉപയോഗിച്ചുകൊണ്ടിരുന്നത് 'രക്ഷാകവച'ത്തിന്റെ കഥയാണ്. ഒരാണിന്റെ ദുര്‍ബലതയും പെണ്ണിന്റെ നിസഹായതയുമാണ് ഇവിടെ കാണുന്നത്. പരിഹാസം അതിരുവിട്ടപ്പോള്‍ ഹാഗാറിനെയും യിശ്മായേലിനെയും സാറായി ദ്രോഹിക്കാന്‍ തുടങ്ങുന്നു.ഈ സമയത്തെല്ലാം സാറായിയുടെ മനസ്സും ഒരു മകന് വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. ഒരിക്കല്‍ കൂടി തനിക്ക് ആര്‍ത്തവം തിരിച്ചുവന്നെങ്കില്‍ എന്നവള്‍ ആഗ്രഹിക്കുന്നു.ദൈവഹിതം പോലെ പെട്ടെന്നൊരിക്കല്‍ സാറായിയുടെ ആഗ്രഹം സഫലമാവുന്നു. അബ്രാമിനും സാറായിക്കും ഇസ്ഹാക്ക് ജനിക്കുന്നു. അവരുടെ പിന്നീടുള്ള ജീവിതവും നോവലില്‍ പ്രതിപാദിക്കുന്നുണ്ട്. കുട്ടികളില്ലാത്ത സ്ത്രീ സമൂഹത്തിന് മുന്പില് എപ്രകാരമാണ് പരിഹാസത്തിന് ഇരയാകുന്നതെന്നും അവളുടെ മനസ്സിലെ ആകുലതകളെന്തെന്നും പുരുഷന് അവന്റെ സ്വാര്‍ഥ ലാഭത്തിനായി സ്ത്രീയെ എങ്ങനെ ഉപയോഗിക്കുന്നുവെന്നും ഈ നോവലിലൂടെ എഴുത്തുകാരി കാണിച്ചുതരുന്നുണ്ട്.
Content Highlight: Malayalam Writer Sara Joseph Book Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..