
-
വൈക്കം മുഹമ്മദ് ബഷീര്‍ 'ചെറിയ മരണ'മെന്ന് പറഞ്ഞ നല്ല ഉറക്കത്തിന് ഓരോ ഇന്ത്യക്കാരനും കടപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയുണ്ട്, ആര്. മോഹന്‍. അങ്ങനൊരു പേര് അത്ര സുപരിചിതമല്ല. എന്നാല്‍ ഗുഡ്നൈറ്റ് മോഹന്‍ എന്നു കേട്ടാല്‍ ആര്‍ക്കും വേഗത്തില്‍ മനസ്സിലാകും. കൊമ്പനു മുമ്പില്‍ നെറ്റിപ്പട്ടം പോലെ ആര്. മോഹന്‍ 'ഗുഡ്നൈറ്റ്' കേവലം ഒരു അലങ്കാരം മാത്രമല്ല, മനുഷ്യകാരത്തിന്റെ നിറവുകൂടിയാണെന്ന് കാട്ടിത്തരുന്നു മോഹനം എന്ന ഓര്‍മപുസ്തകം. അധികം പിന്‍ബലമോ പൂര്വബന്ധമോ ഇല്ലാതെ തൃശ്ശൂര്‍ പൂങ്കുന്നത്തെ അഗ്രഹാരത്തില്‍ ജനിച്ചു വളര്‍ന്ന ആര്. കല്ല്യാണരാമന്‍ ലോകമറിയുന്ന ഗുഡ്നൈറ്റ് മോഹനായി പരിണമിച്ച ജീവിതകഥകളാണ് മോഹനം എന്ന ഓര്‍മക്കുറിപ്പുകളുടെ സമാഹാരം.
ഓരോ മനുഷ്യനും ഒരു കഥയാണ്; എങ്കില്‍ ആത്മകഥയുടെ നിലവറയും അവന് തന്നെ. സ്വന്തമായി ആത്മകഥയെഴുതാന്‍ ജീവിതാനുഭവങ്ങളുടെ കെല്‍പ്പുണ്ടെന്ന് തെളിയിക്കുന്ന ഈ ഓര്‍മക്കുറിപ്പുകള്‍ ഏറെ പ്രചോദനാത്മകമാണ്. ഗുഡ്നൈറ്റ് മോഹന്‍ ഉരുത്തിരിയുന്നതിനു മുന്‍പുള്ള പൂങ്കുന്നത്തെ ആ ബാല്യകൗമാരത്തെ ഓര്‍ത്തെടുക്കുമ്പോള്‍ ഒരു കാലം ഗൃഹാതുരതയുടെ പച്ചപ്പില്‍ സമാന്തരമായി സഞ്ചരിക്കുന്നത് വായനയില്‍ കാണാം.
ബോംബെ നഗരത്തില്‍ നിന്നും ഗുഡ്നൈറ്റ് മോഹന്‍ ഗതകാലസ്മൃതികളെ കുടഞ്ഞിടുമ്പോള്‍, കണ്ണുമിഴിക്കുന്നത് പൂങ്കുന്നത്തെ ഒരു അഗ്രഹാരക്കുടുംബത്തില് ജനിച്ച കല്ല്യാണരാമനാണ്. അവിടെ-സീതാറാം മില്ലില്‍ ജോലി ചെയ്യുന്ന സ്നേഹനിധിയും കാര്‍ക്കശ്യക്കാരനും തേജോമയനുമായ അച്ഛന് രാമസ്വാമി, ഏഴുമക്കള്‍ക്കും ഭര്‍ത്താവിനും ഭക്ഷണമൊരുക്കുന്ന കൃപയുടെയും സഹിഷ്ണുതയുടെയും പര്യായമായ അമ്മ ശാരദാംബാള്‍, പിന്നെ ആറു സഹോദരങ്ങളെയും-അരിമാവുകൊണ്ടു കോലമിടുന്ന മുറ്റത്തിന്റെ അകത്തളത്തില്‍ കര്പ്പൂരഗന്ധത്തോടൊപ്പം തെളിയുന്നു. ചുറ്റുപാടുകള്‍ ഒരു മനുഷ്യപരിണാമത്തിനു കോപ്പുക്കൂട്ടുന്ന അപൂര്‍വചാരുതയും ഈ അഗ്രഹാരസ്മൃതികളെക്കുറിച്ചുള്ള വായനയില്‍ കണ്ടെടുക്കാം.
എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് നാല്‍പ്പത്തിയഞ്ചു രൂപയുമായി ബോംബെ നഗരത്തിലെത്തിയ കല്ല്യാണരാമന്‍ ബേലാപ്പൂരിലെ മൈക്ക നിര്‍മാണകേന്ദ്രത്തില്‍ മേല്നോട്ടക്കാരനായി അഞ്ഞൂറു രൂപ ശമ്പളത്തിന് ആദ്യ ജോലി. പിന്നീട് കോട്ടക് ആന്റ് കമ്പനി, ആയിരത്തിയെഴുന്നൂറ് രൂപ ശമ്പളത്തില്‍ ബാട്ട്ലി ബോയ്സില്. ഇങ്ങനെ കൂടുവിട്ടുക്കൂടുമാറി നഗരജീവിതം തള്ളിനീക്കുമ്പോള്‍- ബുദ്ധന്, ജ്ഞാനോദയം ലഭിച്ചത് ബോധി മരത്തിന് ചുവട്ടിലെന്ന പോലെ, കല്ല്യാണരാമന്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ തിങ്ങിനിറഞ്ഞ ബോംബെനഗരത്തില്വെച്ച് ഒരു ഉള്‍വിളി ഉണര്‍ന്നു.
''നീയിങ്ങനെ ഒരു ജോലിയൊക്കെ ചെയ്ത് ഒരു സാധാരണജീവിതം ജീവിച്ചുത്തീര്ക്കേണ്ടവനാണോ?''
ആ ചോദ്യം തിരമാലകള്‍ കണക്കെ പലതവണ അയാളുടെ മനസ്സില്‍ വന്നുപോയുമിരുന്നു. അപ്പോഴൊക്കെയും അല്ലെന്നു തന്നെയായിരുന്നു ഉത്തരം. കാലം പിന്നെയും മുന്നോട്ടുപോയെങ്കിലും ആ ചോദ്യവും അതിനുള്ള ഉത്തരവും കനലായി കെടാതെ അയാളില്‍ കിടന്നു. അതിന്റെ ഫലമായി സ്വന്തമായി ഇലക്ട്രിക്കല്‍ ഇന്സുലേറ്റര് ട്രേഡിങ് ആരംഭിച്ചു. തിരക്കുപിടിച്ച ആ ട്രേഡിങ് കാലത്താണ് കല്ല്യാണരാമന്‍ ഗുഡ്നൈറ്റ് എന്ന ആശയം ഉദയം കൊള്ളുന്നത്. സ്വന്തം മകളെ കൊതുകുകടിയില്‍ നിന്നും രക്ഷിക്കാനുള്ള പരിഹാരം തേടിപ്പോയ കല്ല്യാണരാമന്‍ കൈയില്‍ കിട്ടിയതായിരുന്നു ജപ്പാന് നിര്‍മിത കൊതുകുനിവാരിണി. അതു വീട്ടില്‍ പരീക്ഷിച്ചു, കൊതുകുകളെ പിന്നീട് വീട്ടില്‍ കാണാതായി. ഇത്തരമൊരു ഉത്പന്നം രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലും എത്തിച്ചേരേണ്ടതാണെന്ന ബോധ്യം കല്ല്യാണരാമന്റെ മനസ്സിലുദിച്ചു. ആ ഫലസിദ്ധിയെ കാലം 'ഗുഡ്നൈറ്റ്' എന്നു വിളിച്ചു.

ഗുഡ്നൈറ്റ് മോഹന്റെ ഇച്ഛാശക്തിയുടെ പ്രഭാവത്തില്‍ കെട്ടിപ്പടുത്ത ഒരു പ്രസ്ഥാനമാണ് ഗുഡ്നൈറ്റെന്ന് ഈ ഓര്‍മക്കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം, ഗുഡ്നൈറ്റിന്റെ സുപ്രധാന തീരുമാനങ്ങളില്‍ പലപ്പോഴും ഒരു ഉന്മാദിയായ മനുഷ്യന് തന്നില്‍ പകര്ന്നാടിയിരുന്നതായും വെളിപ്പെടുത്തുന്നു. മാനേജുമെന്റ് സിദ്ധാന്തങ്ങളെ കീഴ്മേല്‍ മറിച്ചുക്കൊണ്ടുള്ള, ബിസിനസ് രംഗത്തെ ദാര്‍ശനികനായി അയാള്‍ ഉരുവംകൊള്ളുന്നതായി ഈ കുറിപ്പുകളില്‍ മിക്കതിലും കാണാം. മനുഷ്യന് അടിസ്ഥാനപരമായി ആവശ്യമുള്ള എന്നാല്‍, അധികം കേട്ടും കണ്ടും പരിചയിച്ചിട്ടില്ലാത്ത ഒരു നൂതനത്വം, അതായിരുന്നു ഗുഡ്നൈറ്റ് മോഹന്റെ ബിസിനസ്സുകാരന്റെ വളര്‍ച്ചയ്ക്കു പിന്നിലെ അടിസ്ഥാനം.
കേവലം ബിസിനസ്രംഗത്തെ ഒരു വിജയശില്പിയുടെ സ്മരണക്കുറിപ്പായി മാത്രം മോഹനത്തെ ചുരുക്കാന്‍ കഴിയില്ല. ഗുഡ്നൈറ്റ് മോഹന്‍ എന്ന സിനിമ നിര്‍മാതാവിനെയും ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട് ഈ പുസ്തകം. പഠനകാലത്തെ തന്നിലെ സിനിമാസ്വാദകനായിരുന്നു പില്ക്കാലത്ത് സിനിമാനിര്‍മാതാവായി മാറാനുള്ള പ്രേരകശക്തിയെന്നു ഗ്രന്ഥകാരന് പറയുന്നു. ഇസബെല്ല, സ്ഫടികം, കിലുക്കം, ഞാന്‍ ഗന്ധര്വന്, ചാന്ദ്നി ബാര്‍, ഗര്‍ദ്ദിഷ് തുടങ്ങിയ സിനിമകളുടെ പിറവിക്കു പിന്നിലെ കഥകള്‍ ഏറെ കൗതുകത്തോടെയും നിഗൂഢതനിലനിര്ത്തിയും അവതരിപ്പിക്കുന്നു. പത്മരാജന്റെ വിയോഗത്തിനു ഏതാനും മണിക്കൂറുകള്‍ മുന്‍പ് അടുത്തടുത്ത മുറികളിലായി കഴിഞ്ഞ അനുഭവവും ഈ പുസ്തകത്തിലുണ്ട്.

തന്റെ ജീവിതത്തില്‍ വളരെ ബന്ധപ്പെട്ട പ്രശസ്ത-അപ്രശസ്ത വ്യക്തികളെ- കെ. കരുണാകരന്, ബാലാസാഹബ് താക്കറെ, ഗുരുദത്ത്, അമിതാബ് ബച്ചന്, എ.ആര്. റഹ്മാന്, യേശുദാസ് തുടങ്ങിയവരെ പ്രതിപാദിച്ചും ഈ ഓര്‍മക്കുറിപ്പ് സമ്പന്നമാക്കുന്നു. ശിവസേന എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകനും മുന്‍ ഫ്രീ പ്രസ് ജേണലിലെ കാര്‍ട്ടൂണിസ്റ്റുമായ ബാല്‍ താക്കറെയെ നേരില്‍ കാണാന്‍ സാധിച്ച അനുഭവവും ഓര്‍മയായി ചേര്‍ത്തിട്ടുണ്ട്.
ഇത്തരം സ്മൃതികളുടെ നിധിശേഖരം വായനക്കാര്‍ക്ക് പ്രദാനം ചെയ്യാന്‍ മോഹനം എന്ന ചെറിയ, വലിയ കുറിപ്പുകളിലൂടെ ഗുഡ്നൈറ്റ് മോഹന്‍ സാധിച്ചിട്ടുണ്ട്. ബോംബെ നഗരത്തിലെ ഗുഡ്നൈറ്റ് മോഹന്‍, മുന്‍പ് അറിഞ്ഞ ഒന്നിനെപറ്റി വിചാരമുണ്ടെന്നും അയാളില്‍ ആ പഴയ പൂങ്കുന്നത്തുകാരനെ നിറവോടെ കാണാമെന്നുള്ള അപൂര്‍വതയുമാണ് മോഹനത്തെ ചേതോഹരമായി വായനക്കാരനെ അനുഭവപ്പെടുത്തുന്നത്.
Content Highlights: Malayalam Book book review Mohanam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..