എൻ.എ. നസീർ| ഫോട്ടോ: മാതൃഭൂമി
കാടിനെ നിര്‍വചിക്കേണ്ട ഒരാവശ്യം വന്നാല്‍ കുറെ മരങ്ങള്‍ കൂടിനില്‍ക്കുന്ന സ്ഥലം എന്നോ ക്രൂരരായ അനേകം മൃഗങ്ങള്‍ ഉള്ള ഒരിടം എന്നോ ഒക്കെയാവാം സാമാന്യമായി ഉത്തരം ലഭിക്കുക. എന്നാല്‍ കാട് തന്നെ കരുതുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുന്നു എന്ന് ഒരാള്‍ അവകാശപ്പെട്ടാല്‍ ആ വ്യക്തി കാടിനെ അറിഞ്ഞത് നമ്മള്‍ കാടിനെ അറിഞ്ഞതുപോലെയല്ല എന്ന് വ്യക്തമാവുന്നു. ആ വ്യത്യസ്തമായ അറിവും അനുഭവവുമാണ് എന്‍.എ. നസീര്‍ എന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ വ്യത്യസ്തനാക്കുന്നത്.
കാട്ടിലേക്ക് ആ മനുഷ്യന്‍ നടന്നുകയറുന്നത് ഏതാനും ചില ചിത്രങ്ങള്‍ക്കു വേണ്ടിയല്ല, കാടിനെ അറിയാനാണ്. കാടെല്ലായ്പ്പോഴും നമ്മെ രൂപപ്പെടുത്തുന്നു എന്ന് നസീര്‍ പറയുമ്പോള്‍ കാട് തന്നെ എങ്ങനെ സ്വാധീനിക്കുന്നു എന്നുകൂടി പറഞ്ഞുതരുന്നു. അത്തരം അനുഭവങ്ങളാണ് തന്റെ പുസ്തകങ്ങളിലൂടെ നസീര്‍ അനുവാചകരോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. 'കാടിനെ ചെന്നു തൊടുമ്പോള്‍' എന്ന പുസ്തകം മുതല്‍ ആ കാടനുഭവങ്ങള്‍ അറിഞ്ഞ് നമ്മെയും കാട് വന്ന് തൊടുന്നതറിഞ്ഞവരാണ് നമ്മള്‍. നസീറിന്റെ പുതിയ പുസ്തകമായ 'മലമുഴക്കി' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ സമാഹാരമാണ്.
'ഗാഢവും നിര്‍മലവുമായ ചില മാതൃതലങ്ങളുണ്ട് കാടിന്. നമ്മള്‍ കാട്ടില്‍ കാടായിതീരുന്നു എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ നസീര്‍ കുറിച്ചിട്ടിട്ടുണ്ട്. അതിനെ വിപുലീകരിക്കുകയും അനുഭവപ്പെടുത്തുകയുമാണ് ഓരോ യാത്രാനുഭവങ്ങളിലൂടെയും. ആദ്യമേ പറയട്ടെ ഒരിക്കലും ഒരു ഫോട്ടോയ്ക്കുവേണ്ടി നസീര്‍ കാട് കയറുന്നില്ല. അയാള്‍ കാടിനെ അറിയുകയാണ്. ഓരോ യാത്രയിലും കാട് പുത്തന്‍ അനുഭവങ്ങളുമായി ആ സഞ്ചാരിയേയും കാത്തിരിക്കുന്നു. പലപ്രാവശ്യം പരസ്പരം അറിഞ്ഞവരായതിനാല്‍ മാറ്റങ്ങള്‍ അവര്‍ക്ക് പരസ്പരം വേഗം മനസ്സിലാവുന്നു. ആ മാറ്റങ്ങളും അതിന്റെ കാരണങ്ങളും ഉത്കണ്ഠങ്ങളും തന്റെ വായനക്കാരുമായി നസീര്‍ പങ്കുവെയ്ക്കുന്നു. അത്തരം പങ്കുവെയ്പ്പില്‍ സങ്കടമുണ്ട്, സന്തോഷമുണ്ട്, ചിലപ്പോഴെങ്കിലും പരിഭവവുമുണ്ട്.
തന്റെ പീലികളുടെ ഗംഭീര സൗന്ദര്യത്താല്‍ ഏറ്റവും ആരാധകരുള്ള പക്ഷിയാണ് മയില്‍. മയിലിന്റെ മനോഹാരിതയെപ്പറ്റി പറയുന്നതിനിടയ്ക്ക് അതിന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് 'ഇലപൊഴിയും കാടുകളിലും മുള്‍ക്കാടുകളിലുമൊക്കെ കാണപ്പെടുന്ന ഈ പക്ഷിയെ നിത്യഹരിത വനപ്രദേശത്ത് കാണപ്പെടുന്നത് അത്ര നല്ല കാഴ്ചയല്ല' എന്ന് കുറിച്ചിടുന്ന നസീര്‍ ഒന്നുകൂടി പറയുന്നു. 'അതു നല്ലതല്ല, ആ കാടിനും നമ്മള്‍ക്കും'. ഇതോടെ കാടിന്റെ ശോഷണങ്ങള്‍ മനുഷ്യന്റെ നിലിനില്പിനും ഭീഷണിയാവുന്നു എന്ന് വ്യക്തമാക്കുന്നു. പാമ്പാടുംചോലയിലെ ഷോലക്കാടുകളില്‍ അട്ടയെ കാണുന്നില്ല എന്ന നൊമ്പരത്തിന്റെ പങ്കുവെയ്പ്പും ഇതേ ഉത്കണ്ഠയുടെ ഉദാഹരമാണ്. കാട്ടില്‍ പോവുന്ന ഏത് വ്യക്തിയെ സംബന്ധിച്ചിടത്തോളം അട്ടകളാണ് വലിയ ഭീഷണി. അട്ട ശല്യത്തില്‍ നിന്നും രക്ഷപ്പെടാനായി എന്തെല്ലാം പൊടിക്കയ്യുകള്‍ കൊണ്ടാണ് ഓരോരുത്തരും കാടുകയറുന്നത്? പക്ഷേ അട്ടകള്‍ ഇല്ലാതെയാവുമ്പോള്‍ കാടിന്റെ ഈര്‍പ്പം ഇല്ലാതെയാവുന്നതിനാലാണ് എന്ന് നസീര്‍ ഓര്‍മ്മപ്പെടുത്തുന്നു. അത്തരം വരള്‍ച്ച ഷോലക്കാടുകളെ ബാധിക്കുമ്പോള്‍ അവയുടെ വരള്‍ച്ച സംഭവിക്കുന്നത് കാടിന്റെ സ്വഭാവത്തെ തകിടം മറിക്കയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരം അനേകം ഉത്കണ്ഠകളാണ് ഈ പുസ്തകം മുഴുവനും. രണ്ട് ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു എന്നു മാത്രം.
നസീര്‍ തന്റെ എല്ലാ ലേഖനങ്ങളിലും അതിശക്തമായ ഭാഷയില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു കാര്യം വനത്തിനുള്ളിലെ ടൂറിസം വികസനമാണ്. വനത്തിന്റെ ശാന്തതയെ ഇല്ലാതെയാക്കിക്കൊണ്ട് ഉയരുന്ന പുതിയ കെട്ടിടങ്ങള്‍, സഞ്ചാരികള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന വസ്തുക്കള്‍, പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകള്‍ എന്നിങ്ങനെ അലോസരത്തിന് അനേകം കാരണങ്ങള്‍ ഉണ്ട്. പച്ചപ്പുകള്‍ക്ക് ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്ന് ഈ പുസ്തകത്തില്‍ ഒരു വാചകം പോലും നസീര്‍ കുറിച്ചുവെച്ചിട്ടുമുണ്ട്. അത്തരം ജീവിവര്‍ഗ്ഗങ്ങളെ കാട്ടിലെ ജീവികള്‍ക്ക് ഭയമാണെന്നും എഴുതിയത് വായിക്കുമ്പോള്‍ കാടുകളിലേക്ക് 'വിനോദയാത്ര' പോയവര്‍ അവിടെ ഉണ്ടാക്കിയ അലോസരങ്ങള്‍ക്ക് ഉള്ളില്‍ മാപ്പ് ചോദിക്കും. വലിച്ചെറിഞ്ഞ വസ്തുക്കളെ ഓര്‍ത്ത് സങ്കടപ്പെടും. ഒരിടവും എനിക്കു മാത്രമുള്ളതല്ല എന്ന അറിവാണ് യഥാര്‍ത്ഥ കാടറിവ് എന്നുകൂടി വായിക്കുന്നതോടെ കാടിനെപ്പറ്റിയുള്ള ധാരണകളേ മാറിപ്പോവുന്നു. ഒരു അഭിമുഖത്തില്‍ നസീര്‍ പറഞ്ഞിട്ടുണ്ട് പരിസ്ഥിതിയെ സംരക്ഷിക്കാനായി തന്റെ രീതി ഈ എഴുത്തും ഫോട്ടോകളുമാണെന്ന്. തീര്‍ച്ചയായും ആ രീതി അനുവാചകര്‍ ഏറ്റെടുക്കുന്നുണ്ട്. അതിന് ആ കാവ്യാത്മകമായ ആ ഭാഷയും സഹായിക്കുന്നുണ്ട്. ഒരു ഉദാഹരണം കൊണ്ട് ഇത് വ്യക്തമാക്കാം. 'പൊടുന്നനെ മേഘങ്ങള്‍ സൂര്യനെ മറച്ചു. ശീതക്കാറ്റടിച്ചു. മയിലുകള്‍ ശബ്ദിച്ചു. പക്ഷികളൊക്കെ നിശ്ശബ്ദരായി എവിടെയോ മറഞ്ഞു. ഉറുമ്പുകള്‍ വരിവരിയായി പുതിയ ഇടംതേടി നീങ്ങി...' ഇങ്ങനെ കാട് നമ്മിലും നിറയുകയാണ്.
ഓരോ പുസ്തകത്തിലൂടെയും നസീര്‍ അനേകം ജീവികളെ പരിചയപ്പെടുത്തുന്നു. മലമുഴക്കി എന്ന ഈ പുസ്തകത്തിലും അനേകം ചെടികള്‍ പുഷ്പങ്ങള്‍ മൃഗങ്ങള്‍ എന്നിവയും അവയുടെ പ്രത്യേകതകളും ഒക്കെ നാം അറിയുന്നു. പക്ഷികളെ മാത്രം ഉദാഹരിക്കട്ടെ. നീലിഗിരി ചിലപ്പന്‍, പാറ്റാപിടിയന്‍ നീലക്കിളി, ചെമ്പന്‍ മരംകൊത്തി, ചുട്ടിക്കഴുകന്‍, ഇന്ത്യന്‍ പിറ്റ ചെങ്കന്‍ ഗൗളിക്കിളി, കാക്ക മീന്‍കൊത്തി, കള്ളിക്കുയില്‍, പച്ചച്ചുണ്ടന്‍ കുയില്‍... ഇങ്ങനെ ഈ പേരുകള്‍ എത്രവേണമെങ്കിലും നീട്ടാം.
കാട് വൃക്ഷങ്ങളും മൃഗങ്ങളും മാത്രമല്ലെന്നും ഇലകളും പൂക്കളും ഒക്കെ ചേര്‍ന്ന വേരുകള്‍ കെട്ടുപിണഞ്ഞ ഒരിടമാണെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. ഈ ലോകത്ത് ഓരോന്നിനും അതാതിന്റെ സ്ഥാനമുണ്ടെന്നും അവയെല്ലാം ചേര്‍ന്നാണ് ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നതെന്നും നസീര്‍ വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നു.
Content Highlights: Malamuzhakki By NA Naseer Malayalam Book Review Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..