ഫോട്ടോ: പി.ടി.ഐ
നൃശംസതയുടെ ആള്‍രൂപങ്ങളിലൊക്കെയും ഒരു കംസനുണ്ട്. മറ്റൊന്നിനും പഞ്ഞമില്ലാത്ത, ആളും അര്‍ത്ഥവുമുള്ളവര്‍ക്കു കൂടി ക്ഷാമമുണ്ടാവുക ആത്മജ്ഞാനത്തിനു മാത്രമാണ്. പ്രശ്‌നം അതു പുറത്തുനിന്നു കിട്ടുന്ന ഒന്നല്ല, അകക്കണ്ണില്‍ തെളിയേണ്ട ഒന്നാണ്. അവരുടെയൊക്കെയും പതനം അതൊന്നു കൊണ്ടു മാത്രമാവുന്നതു കൂടിയാണ് ലോകചരിത്രം, സംശയമുള്ളവര്‍ സകല സേച്ഛാധിപതികളുടെയും പതനം നോക്കിയാല്‍ മതി. കൃഷ്ണനെ ഇല്ലാതാക്കാന്‍ കംസന്‍ ആവുന്നതെല്ലാം ചെയ്തു. മഥുരയിലെ നവജാതശിശുക്കളെ മൊത്തം കൊല്ലാനുള്ള ശ്രമം വരെ നടത്തി. ഒടുവില്‍ ആനയെയും ആനയെ വെല്ലുന്ന ഗുസ്തിക്കാരെയും അണിനിരത്തി കൃഷ്ണനെ നേരിടാന്‍. പക്ഷേ ആ അശരീരി ഉണ്ടായപ്പോള്‍ ഒന്നുമാത്രം ചെയ്തില്ല - തന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടം, ഒരു ആത്മാന്വേഷണം. ആ ബോധം സേച്ഛാധിപതികള്‍ക്ക് ഒരിക്കലും ഉണ്ടാവുകയില്ല.
അവിടെ പരിഹാരമായി വരുന്ന കൃഷ്ണന്‍, അന്നുതൊട്ടിന്നോളം ലോകത്ത് നിരന്തരമായി വായിക്കപ്പെടുന്നുണ്ട്, കാലാനുസൃതമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. കാലാനുസൃതമായി വ്യാഖ്യാനിക്കപ്പെടുവാനുള്ള സാധ്യതയാണ് ഒരു പൗരാണിക കഥാപാത്രത്തെ കാലാതിവര്‍ത്തിയാക്കുന്നത്. അങ്ങനെ കാലാതിവര്‍ത്തിയായ ആശയങ്ങളും ബോധവും പകരുന്നതുകൊണ്ടാണ് ആ കൃതികള്‍ ഇതിഹാസങ്ങളാവുന്നത്. പ്രണയിയും പോരാളിയും സുഹൃത്തും വഴികാട്ടിയും നേതാവും ഒരാളില്‍ സമ്മേളിച്ച് ഒരു പൗരാണിക കഥാപാത്രത്ത അത്യന്താധുനിക ലോകത്തിന് അവശ്യം വേണ്ട ഒരു ഏഴാമിന്ദ്രിയമായി അവതരിപ്പിക്കുകയാണ് ദേബാശിഷ് ചാറ്റര്‍ജി തന്റെ 'കൃഷ്ണാ ദി സെവന്‍ത് സെന്‍സ്' എന്ന ഫിലോസഫിക്കല്‍ ഫിക്ഷനിലൂടെ.
നാമേറെ ആരാധിക്കുന്ന കൃഷ്ണന്‍ 16 വയസ്സിനു മുന്‍പുള്ള കൃഷ്ണനാണ്. പ്രസവവേദനയും വിരഹവേദനയും തകര്‍ത്ത ദേവകിയുണ്ട് അമ്മയായി, 16 വര്‍ഷം വളര്‍ത്തിയ യശോദയുണ്ട്. തുല്യദുഃഖിതയായി. പെറ്റമ്മമാരുടേതിനേക്കാള്‍ പോറ്റമ്മമാരുടെ സൃഷ്ടികളാണ് മനുഷ്യര്‍. ഒരു മനുഷ്യന്റെ, ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിലൂടെ എത്രയെത്ര സ്ത്രീകള്‍ കടന്നുപോവുന്നു, അത്രയും അവര്‍ ശുദ്ധീകരിക്കപ്പെടുന്നുണ്ടെന്നതാണ് സത്യം. ഗോപികമാര്‍ക്കൊപ്പം രാസലീലകളാടിയ കൃഷ്ണന്‍ ഗോകുലത്തിനോടും വൃന്ദാവനത്തിനോടും കളിക്കൂട്ടുകാരി, തന്നെ രാധാകൃഷ്ണനാക്കിയ രാധയോടും, വളര്‍ത്തച്ഛനോടും അമ്മയോടും ഒക്കെയും വിടപറഞ്ഞ് പോവുന്നത് 16-ാമത്തെ വയസ്സിലാണ്. പിന്നീട് ഒരിക്കലും അവിടുത്തേക്ക് കൃഷ്ണന്‍ തിരിച്ചുവരുന്നില്ല. പ്രണയിയില്‍ നിന്നും പോരാളിയായി ഉയരുന്ന ഒരു കൃഷ്ണനുണ്ട്. കേവലം യോദ്ധാക്കളില്‍ നിന്നും ഒരു പോരാളിയിലേക്ക് ഒരു വലിയ അകലമുണ്ട്. അതു പ്രണയത്തിന്റേതാണ്, എന്തിനു വേണ്ടിയാണ് പോരാട്ടം, ആ ലക്ഷ്യത്തിനോടുള്ള പ്രണയമാണത്, അതു തന്നെയാണ് അതിന്റെ പ്രതിഫലവും. ഒരു യോദ്ധാവ് കേവലം മേഴ്‌സിനറിയാണ്, പ്രതിഫലം വാങ്ങി ചെയ്യുന്ന പണി. അതു സൈന്യമാവാം, മറ്റു ഭീകരസംഘടനകളാവാം. അതുകൊണ്ടു തന്നെയാണ്, കൃഷ്ണനെ, ഗീതയെ ആധുനികലോകം പാഠപുസ്തകങ്ങളാക്കുന്നത്. കൃഷ്ണന്‍ നേതാക്കളുടെ നേതാവായി ഉയര്‍ന്നുതന്നെ നില്ക്കുന്നത്. നമുക്ക് കണ്ടെത്താന്‍ ആ മിത്തിക്കല്‍ ജീവിതത്തില്‍ തെറ്റുകളുണ്ടാവാം, ശരികളുണ്ടാവാം. ഓരോ ശരിക്കും തെറ്റിനും തര്‍ക്കശാസ്ത്രം അതിന്റേതായ രീതിയില്‍ വാദങ്ങള്‍ നിരത്തുമ്പോള്‍ അതൊരു ഉള്ളി തോലുപൊളിച്ച് വിത്തെടുക്കുന്ന പ്രക്രിയയായി അവസാനിക്കുകയേ ഉള്ളൂ. ആ ഉള്ളി പൊളിച്ചുകളയാതെ യഥാവിധി അരിഞ്ഞ് സാലഡാക്കുകയാണ് ലോകത്തിന് ക്ലാസിക്കുകളോടുള്ള ബാധ്യത. എഴുത്തുകാരന്‍ നിര്‍വ്വഹിക്കുന്നത് ആ ബാധ്യതയാണ്. ആ വ്യാഖ്യാനങ്ങള്‍ക്ക് സാധ്യതയുള്ള, അതിന് സ്വാതന്ത്ര്യമുള്ള കൃതികളാണ് ലോകത്ത് ക്ലാസിക്കുകളായി അവശേഷിക്കുക. അല്ലാത്തത് ചിലരുടെ പുതിയതൊന്നും കാണാത്ത വായനയിലേക്ക് കാലഹരണപ്പെടും.
ജീവിതം ഒരു ഒഴുക്കാണ.് ജീവിതത്തിന്റെ പൊരുള്‍ അന്വേഷിക്കുന്നവരാണ് ഏറെയും. സൂക്ഷിച്ചുനോക്കിയാല്‍ പൊരുളിനെക്കാളേറെ പാട്ടുകള്‍ക്ക് പ്രാധാന്യമുള്ളതാണ് ജീവിതം. വെറുതേ, വൃഥാ എന്നൊരു പദം അവിടവിടെയായി കടന്നുവരുന്നുണ്ട് നോവലില്‍. കൃഷ്ണന്‍ എന്നെന്നേയ്ക്കുമായി യാത്രപറയുമ്പോള്‍ വൃഥാ അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട്, വ്യഥാ ഗോപികമാരെ ആശ്വസിപ്പിക്കുന്നുണ്ട്. ആശ്വാസവാക്കുകള്‍ ലോകത്ത് വിരഹത്തിന് പരിഹാരമാവുന്നില്ല, ശമനമുണ്ടാക്കുന്നില്ല, പക്ഷേ നമ്മള്‍ അത് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. തെളിവുകളില്ലെങ്കിലും ഫലമുള്ള ഒന്നായതുകൊണ്ടാണ് തനിയാവര്‍ത്തനങ്ങള്‍ നടക്കുന്നത്. മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് നമ്മള്‍ കരുതുന്നതുപോലെ വിലപിടിപ്പുള്ള ചിലതുമാത്രല്ല, പൊരുളുകളുടെ അദ്ഭുതലോകം അല്ല, മറിച്ച് നമ്മുടെ കണ്ണില്‍ വിലയിമില്ലാത്ത ചിലതാണ്, അഥവാ കുറേ വൃഥകള്‍. വൃഥാ ആശ്വസിപ്പിക്കുന്നത്, വൃഥാ ആശംസിക്കുന്നത്, വൃഥാ അഭിനന്ദിക്കുന്നത്. ഒക്കെയും ചെലവില്ലാത്തതാണ്, പക്ഷേ ഫലമേറെയുള്ളതും. ജീവിതത്തില്‍ കണക്കുകൂട്ടിയും കിഴിച്ചും ഗണിച്ചും ഹരിച്ചും ജീവിക്കുന്നവര്‍ കണക്കപ്പിള്ളമാര്‍ കൂടിയാവാതെ രോഗികളാവും, അല്ലാത്തവര്‍ പരമാനന്ദത്തില്‍ ജീവിക്കും. അവിടെയാണ് ഒരു പുഴപോലെ, ഒഴുക്കില്‍ എല്ലാറ്റിനെയും പുണര്‍ന്ന്, ഒന്നിന്റെയും ഭാഗമാവാതെ ഒഴുകി അനന്തതയില്‍ ലയിച്ച കൃഷ്ണന്‍ തലമുറകളെ ചിന്തിപ്പിക്കുന്നത്, തന്നെ വ്യാഖ്യാനിക്കുവാനായി ലോകത്തിനു വിട്ടുകൊടുക്കുന്നത്.
ജീവിതത്തിന്റെ ബിംബമായി ഗംഗ, എഴുത്തുകാരന്റെ വാക്കുകളില്‍ നിറയുന്നത് നോക്കൂ- ''ഹിമാലയത്തില്‍ നിന്ന് ഋഷികേശിലേക്ക് ഒഴുകുന്ന ഗംഗയില്‍ സൂര്യന്‍ വര്‍ണങ്ങള്‍ വാരി വിതറുകയാണ്. ഗംഗയുടെ മടിത്തട്ടിലേക്ക് തെല്ലൊന്നു ചെരിഞ്ഞുനോക്കുന്ന സൂര്യന്‍ പലയിടത്തും പല വര്‍ണരാജികളില്‍ ഗംഗയെ പ്രവഹിപ്പിക്കുകയാണ്. നീലയായും പച്ചയായും ചെളിനിറത്തിലും, പ്രാപഞ്ചികമായ നിഗൂഢതകള്‍ ചാലിച്ച് നിറങ്ങളിലും, ഹിമാലയം മുതല്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെ നീണ്ടുകിടക്കുന്ന ഒരു പുണ്യ ജലാശയമാണ് ഗംഗ, രണ്ടായിരത്തി അഞ്ഞൂറ് കിലോമീറ്ററിലധികമാണ് ആ യാത്ര. ശാന്തയായി, മുഗ്ദ്ധയായി, ചിലപ്പോള്‍ ശുദ്ധയായും ഗംഗ ഒഴുകുന്നു. എവിടെയും എത്താന്‍ തിരക്കില്ല. തന്നെ പുണരുന്ന ഭൂമിയെ ലാളിച്ചുകൊണ്ട് ഒരു നദിയാണു ഞാനെന്ന സംതൃപ്തിയില്‍ അനര്‍ഗളമായി ഗംഗ ഒഴുകുന്നു, ഒട്ടും കൂടാതെ, കുറയാതെ..പരിഭവങ്ങളില്ലാതെ, പരാതികളില്ലാതെ.''
വിശ്വപ്രസിദ്ധനായ മാര്‍ക് ട്വെയ്ന്‍ പറഞ്ഞു, ''ഇന്ത്യ - മനുഷ്യരാശിയുടെ കളിത്തൊട്ടിലാണ്, മാനവസംസാരത്തിന്റെ ജന്മസ്ഥലമാണ്, ചരിത്രത്തിന്റെ മാതാവാണ്, ഇതിഹാസങ്ങളുടെ, മഹത്തായ പാരമ്പര്യങ്ങളുടെ മുത്തശ്ശിയാണ്. ഇന്ത്യ ഒരു അദ്ഭുതമാണ്. വൈവിധ്യങ്ങളുടെ മായാപ്രപഞ്ചം. ആ വൈവിധ്യങ്ങളെ, ഒരു മാലയിലെ പൂക്കളെന്നോണം ചേര്‍ത്തു നിര്‍ത്തുന്ന ഒരു പൗരാണിക ബോധമുണ്ട്. ആത്മീയം എന്ന വാക്കിന് ആത്മാവിനെ, തന്നെക്കുറിച്ചു തന്നെ എന്നേയുള്ളൂ വിവക്ഷ. അതുകൊണ്ട് ആത്മീയാന്വേഷണം എന്നാല്‍ അവനവനെ അറിയുകയാണ്. ആ അറിവോടുകൂടി തീരുന്നതാണ് അപരനെപ്പറ്റിയുള്ള ചിന്തകള്‍. ഗുരു വാഗ്ഭടാനന്ദന്‍ പ്രചരിപ്പിച്ചത്- ആത്മവിദ്യയായിരുന്നു, അവനവന്‍ ആരെന്നറിഞ്ഞാല്‍ തീരുന്നതാണ് അപരനാരെന്നറിയുവാനുള്ള ആകാംക്ഷ. അവനവന്‍ ആരാണെന്നറിഞ്ഞാല്‍ പിന്നെ അപരനെപ്പറ്റി വേവലാതിപ്പെടേണ്ട സ്ഥിതിയുണ്ടാവുകയില്ല. അത് ജനാധിപത്യത്തിന്റെ പൊരുള്‍ കൂടിയാണ്, അത്രമേല്‍ വൈവിധ്യങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഒരു ബോധം അതാണ് - എല്ലാവരെയും അവരായി തന്നെ, എല്ലാ വിശ്വാസങ്ങളെയും അതായി തന്നെ സ്വീകരിക്കുവാനുള്ള ബോധം, മഹാഭാരതവും ഗീതയും ശ്രീകൃഷ്ണനും നമുക്ക് പകര്‍ന്നത് ആയൊരു ബോധമാണ്. അതുതന്നെയാണ് ഇന്ത്യയെ ജനാധിപത്യത്തിന്റെ പ്രതീക്ഷയാക്കുന്നത്. ലോകത്തിന്റെ 2.4 ശതമാനം ഭൂമിയില്‍ ലോകത്തിന്റെ 17.7 ശതമാനം വൈവിധ്യങ്ങളുടെ ജനസഞ്ചയത്തെ ചേര്‍ത്തുനിര്‍ത്തുന്നുണ്ട് ഇന്ത്യ. ജനാധിപത്യം പിറന്നത് യൂറോപ്പിലാവാം. കൃഷ്ണന്‍ പിറന്നത് ദേവകിക്കാണ്, വളര്‍ന്നത് യശോദയുടെ മടിത്തട്ടിലാണ്.
കേട്ട കഥകളുടെ, ആവര്‍ത്തന വിരസതയെ അകറ്റി നിര്‍ത്തുന്നുണ്ട് ദേബാശിഷ് ചാറ്റര്‍ജിയുടെ അതിമനോഹരമായ ഭാഷാ സ്വാധീനവും ശൈലിയും, ഇന്ത്യന്‍ ഇംഗ്ലീഷിന്റെ പരിമിതികളെ അതിജീവിക്കുന്നതാണ് എഴുത്തിന്റെ മികവ്. പഴയ വായനകള്‍ പകര്‍ന്ന ബോധത്തിന് അപ്പുറത്തേക്ക് പുതിയവായന എഴുത്തുകാരനെ നയിക്കും. വിശിഷ്യാ, പൗരാണികബോധ ലോകത്തെ സ്‌നേഹവും ഭക്തിയും പ്രണയവും യുദ്ധവും ധ്യാനവും നിറഞ്ഞാടിയ കൃഷ്ണനെന്ന മിത്തിക്കല്‍ കഥാപാത്രത്തെ ആധുനികതയുടെ സര്‍വ്വസംഘര്‍ഷ ലോകത്തെ മാറാത്ത ബോധവുമായി എഴുത്തുകാരന്‍ ചേര്‍ത്തുവെന്നത് അതിമനോഹരമായാണ്. അതുകൊണ്ടു തന്നെയാണ്, കൃതിയെ ഒരു മെറ്റാഫിസിക്കല്‍ ഫിക്ഷന്‍ എന്നു വിശേഷിപ്പിക്കുവാന്‍ ഞാനിഷ്ടപ്പെടുന്നത്.
ആത്മസംഘര്‍ഷങ്ങളുടെ ആത്മഹത്യയുടെയും ലോകം
പ്രെഡ്ഷീറ്റിനെ പ്രണയക്കളമാക്കുന്ന, ജീവനില്ലാത്ത ബഞ്ചിനെ ആസ്തിയും ജീവനുള്ള ബഞ്ചമിനെ ബാധ്യതയുമാക്കുന്ന ബാലന്‍സ് ഷീറ്റുകളുടെ കോര്‍പ്പറേറ്റ് ലോകത്തിനുനേരെ, വിദ്യാര്‍ത്ഥികളെ അറിയാതെ ആത്മഹത്യയിലേക്കു തന്നെ നയിക്കുന്ന പുത്തന്‍ ബി-സ്‌കൂള്‍ സംസ്‌കാരത്തിനു നേരെയും വിരല്‍ ചൂണ്ടുന്നുണ്ട് എഴുത്തുകാരന്‍ ലക്‌നൌവിലെ ഒരു സാങ്കല്പിക മാനേജ്‌മെന്റ് സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന നോവലില്‍. മൊഴിമാറ്റത്തിലേക്ക്, 'മാനേജുമെന്റിന്റെ മേഖലയില്‍, കിട്ടാവുന്ന അക്കങ്ങളൊക്കെയും ഞെക്കിപ്പിഴിഞ്ഞാലും, ഡാറ്റയത്രയും കുഴിച്ചെടുത്തരിച്ചാലും കണ്ടെത്താനാവാത്ത ഒരു നിഗൂഢതയാവും എന്നും മനുഷ്യന്‍. മനുഷ്യരാക്കുന്ന, മനുഷ്യരെ ആട്ടിന്‍ കൂട്ടമായും ഒടുവില്‍ യന്ത്രമായും മാറ്റുന്ന കലയാണ് മാനേജ്‌മെന്റ്. ഏതാണ്ട് മുഴുവന്‍ ക്ലാസ്സും കരഘോഷം മുഴക്കി.
കേശവിന്റെ ക്ലാസിനെക്കുറിച്ചുള്ള തന്റെ കുറിപ്പുകള്‍ മാനസ് നീലുമായി പങ്കുവെച്ചിരുന്നു. സ്‌നേഹത്തിന്റെ അഭാവം കോര്‍പ്പറേറ്റ് ലോകത്തെ ഭരിക്കുന്നതെങ്ങനെയെന്ന് അവന്റെ കൈയക്ഷരങ്ങളില്‍ വിവരിച്ചു. നിര്‍ദ്ദയമായ മത്സരം, ബുദ്ധിശൂന്യമായ ഉല്‍പ്പാദനം, വിജയമന്ത്രങ്ങളുടെ അര്‍ത്ഥരഹിതമായ വാചാലത എല്ലാം കടഞ്ഞെടുത്തപ്പോള്‍ ഉയര്‍ന്നുവന്നത് ഒരു ഇരുണ്ട കോര്‍പ്പറേറ്റ് പിണ്ഡമാണ്. ഫര്‍ണീച്ചറുകളും മെഷീനുകളും ആസ്തികളും മനുഷ്യര്‍ ബാധ്യതയുമാവുന്ന കോര്‍പ്പറേറ്റ് ബാലന്‍സ് ഷീറ്റുകളില്‍ നിന്നും സ്‌നേഹം പടിയിറങ്ങി. മറ്റെവിടെയും ജീവിതം ജീവരൂപങ്ങളുടെ സഹകരണവും സഹവര്‍ത്തിത്വവും ആവുന്നു. പക്ഷേ ബിസിനസ് സ്‌കൂളുകളില്‍ അതു കഴുത്തറപ്പന്‍ മത്സരവും, സ്പര്‍ദ്ധയും പിന്നെ പരസ്പരം പരാജയപ്പെടുത്തുവാനുള്ള ലക്ഷ്യങ്ങളായി കരുതലുമായിരുന്നു. ചുരുക്കത്തില്‍ അവരവരാവാതെ പരസ്പരം മറ്റുള്ളവരാവാനുള്ള നെട്ടോട്ടം, ഭ്രാന്തമായ അക്കങ്ങള്‍ ഞെരിക്കുന്ന കളിയില്‍ സംരംഭങ്ങളുടെ ലോകത്തിന് നഷ്ടമായത് സമ്പദ് സൃഷ്ടിയിലെ പ്രണയമാണ്.
പൗരാണിക - ലോകത്തെ ആത്മസംഘര്‍ഷങ്ങള്‍
എത്തിയത് യുദ്ധങ്ങളിലേക്കാണെങ്കില്‍ ആധുനിക ലോകത്ത് അതെത്തുന്നത് ആത്മഹത്യയിലേക്കാണ്. മാനസ്, ആത്മഹത്യയിലൂടെ - നിരന്തരം ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രമാണ് നോവലില്‍, ഒരു പക്ഷേ നോവലിന്റെ ബീജം മാനസിന്റെ ആത്മഹത്യ തന്നെയാവണം. അകക്കണ്ണില്ലാത്ത ക്യാപിറ്റലിസത്തിന്റെ ലോകത്താണ് കോണ്‍ഷ്യസ് ക്യാപിറ്റലിസം പ്രസക്തമാവുന്നത്. വിദ്യാസമ്പന്നരിലെ, പ്രാഫഷണലുകളിലെ ആത്മഹത്യകള്‍ പെരുകുന്ന ലോകത്ത് അത്രമേല്‍ വൈകാരികമായി ഒരു ആത്മഹത്യയുടെ ചിത്രണം, അത് വേര്‍പിരിഞ്ഞുപോയ വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളെ, അധ്യാപകരെ, തീരാനഷ്ടത്തിന്റെ തപ്തലോകത്തേക്ക് എന്നെന്നേക്കുമായി യാത്രയാവേണ്ടിവരുന്ന അവന്റെ മാതാപിതാക്കളെ എങ്ങിനെയാണ് ഉലച്ചുകളയുകയെന്നത് അനുഭവിച്ചല്ലാതെ അറിയാന്‍ വഴിയില്ലാത്ത ഒരു യാഥാര്‍ത്ഥ്യമാണ്. കുട്ടിയുടെ ആത്മഹത്യയ്ക്കുശേഷം, ആകസ്മികമായ മരണത്തിനു ശേഷം ഇന്നോളം ചിരിച്ചുമുഖമില്ലാത്തെ എത്രയോ അമ്മമാരെ നമ്മള്‍ കണ്ടിട്ടുണ്ടാവാം. പക്ഷേ ദു:ഖത്തിന്റെ ആ തീവ്രത അന്യൂനമായൊരു ഭാഷയിലൂടെ ശൈലിയിലൂടെ വായനക്കാരിലേക്ക് ചാറ്റര്‍ജിയുടെ ആഖ്യാനം പകരുന്നുണ്ട്. അതൊന്നു മൊഴിമാറ്റിത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ശ്രമിക്കുകയാണ് മലയാളത്തിലേക്ക്.
''ഒരു കുട്ടി മരിക്കുമ്പോള്‍ മാതാപിതാക്കള്‍ എന്താവും അനുഭവിക്കുന്നുണ്ടാവുകയെന്ന് നീല്‍ ആലോചിച്ചു. 'ഒരു ദിവസം തങ്ങളുടെ കുഞ്ഞ് മരിക്കുമെന്ന് ഭയന്ന സന്ദര്‍ഭങ്ങള്‍ ഓര്‍ത്തുകൊണ്ട്, അവര്‍ ഭൂതകാലത്തിലെ നിമിഷങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നുണ്ടാവുമോ? അവസാനമായി, ആ നിമിഷം അവരുടെ കണ്‍മുന്നില്‍ ആകസ്മികമായി ചുരുളഴിയുമ്പോള്‍, അവരുടെ മനസ്സിന്റെ കണ്ണില്‍ അത്തരമൊരു സംഭവം മുന്‍കൂട്ടി കണ്ടതുപോലെ അവര്‍ക്ക് ഒരുതരം മരവിപ്പും അന്യതാബോധവും അനുഭവപ്പെടുന്നുണ്ടാവുമോ? അതോ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കൂടി ശേഷിയില്ലാതെ അവര്‍ തളര്‍ന്നുപോയിരിക്കുമോ? മാതാപിതാക്കള്‍ മക്കള്‍ക്കായി കരുതിവെക്കുന്ന ആഗ്രഹങ്ങള്‍ക്ക് എന്താവും സംഭവിക്കുന്നത്?''
മരണവും ആത്മഹത്യയും ഒക്കെയും ഒരു ഫിലോസഫറുടെ കണ്ണുകളില്‍ മറ്റൊരു ബോധത്തിന്റെ തലത്തിലേക്കുയരും, ഒരു പക്ഷേ വിടപറയുന്നവരുടെ മാതാപിതാക്കളെ, സഹോദരങ്ങളെ ഒഴിച്ച് മറ്റെല്ലാവരെയും അത് ആശ്വസിപ്പിക്കുയും ചെയ്യും. പ്രാഫസര്‍ കേശവ് അനുശോചനയോഗത്ത അഭിസംബോധന ചെയ്ത് സുഹൃത്തുക്കളുടെ പിടിവിട്ട മനസ്സുകളെ തത്വചിന്തകളുടെ തെളിനീര്‍ കുടഞ്ഞു മോചിപ്പിച്ചെടുക്കുന്നതു നോക്കൂ.
'അവസാനം വിടപറയാനുള്ള സമയമായി. ശ്മശാനത്തില്‍ മാനസിന്റെ സുഹൃത്തുക്കളുടെ അനുശോചന യോഗത്തില്‍, കേശവ് പറഞ്ഞു, 'മരണത്തെ ജീവിതത്തിന്റെ അവസാനമായി കണക്കാക്കുന്നത്, അസ്തിത്വഗ്രന്ഥത്തിന്റെ തലതിരിഞ്ഞ വായനയാണ്. പേജുകള്‍ മറിയുമ്പോള്‍, നുരകളും തിരകളും ഉയര്‍ത്തിവിടുന്ന ജീവിതസാഗരത്തിന്റെ അടിത്തട്ടിലെ നിശബ്ദതയാണ് മരണം. ജീവിതത്തിന്റെ ഏറ്റവും ശാശ്വതമായ രഹസ്യത്തെ അതിന്റെ ആഴത്തില്‍ മറയ്ക്കുന്ന തുടക്കമാണ് മരണം. ഒരു കാടിന്റെ മുഴുവന്‍ കാഴ്ചയും പൊടിമണ്ണില്‍ വിരചിക്കുവാനിരിക്കുന്ന വിത്തിന്റെ മണ്ണിലെ ധ്യാനമാണ് മരണം. മരണവും ജീവിതവും ഉറങ്ങുന്നതും ഉണരുന്നതും പോലെയാണ്.''
കാലം രണ്ടുദശകങ്ങള്‍ പോയശേഷം ആ മാതാപിതാക്കളും മരിച്ചുപോയ മാനസിന്റെ സഹപാഠികളും ഫിലോസഫറായ അവരുടെ അധ്യാപനും ഒത്തുചേരുന്ന ചര്‍ച്ചയില്‍ ഒരു കുട്ടിയുടെ മരണത്തിന്റെ വേദനയില്‍ കഴിയുന്ന ഒരു കുടുംബ തത്വചിന്തയും ആശ്വാസമാവുകയില്ല, ഓര്‍മ്മകള്‍ മുറിവുകള്‍ക്ക് ജീവന്‍ നല്കുകയേ ചെയ്യുക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കേശവ് തന്റെ അരികില്‍ നിശബ്ദമായി ഇരിക്കുന്ന മാനസിന്റെ മാതാപിതാക്കളോട് അവര്‍ക്ക് സുഖമാണോ എന്നന്വേഷിച്ചു. മാനസിന്റെ എല്ലാ സുഹൃത്തുക്കളെയും മുന്നില്‍ കണ്ടപ്പോള്‍ അവരുടെ മുറിവുകള്‍ക്ക് ജീവന്‍ വെച്ചതായി തോന്നി.
മകന്റെ മരണത്തോട് മുഖാമുഖം വന്ന മാനസിന്റെ മാതാപിതാക്കളുടെ മുഖത്ത നഷ്ടഭാവം നീല്‍ ഓര്‍ത്തു- അശുഭകരമായതിനെ സ്വീകരിക്കാന്‍, മരണത്തെ അംഗീകരിക്കാനുമുള്ള കഴിവ് എന്തുമാത്രം പ്രയാസമുള്ളതാണെന്ന് അവനറിഞ്ഞു. വിശിഷ്യാ, ഇരയാവുന്നത് നിങ്ങളുടെ സ്വന്തം കുട്ടിയാണെങ്കില്‍. ജീവിതത്തിന്റെ നിരര്‍ത്ഥകതയിലേക്ക് നോക്കി, നഷ്ടസ്വര്‍ഗ്ഗങ്ങളുടെ കണക്കെടുത്ത് ആത്മഹത്യയാണ് വഴിയെന്ന് കണ്ടെത്തി, അതിന്റെ വക്കിലെത്തിയ നീലിലൂടെയാണ് നോവല്‍ വികസിക്കുന്നത്. അവസാനിക്കുന്നത് ഒരു സെവന്‍ത് സെന്‍സ് അവനെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കുന്നിടത്താണ്, ജീവിതം എല്ലാവര്‍ക്കും രണ്ടാമതൊരു അവസരം നല്കുന്നുണ്ടെന്ന് പറഞ്ഞ് ജീവിതത്തിലേക്ക് അവനെ വലിച്ചിടുന്നിടത്തേക്കാണ്. പിന്നീട് തലവഴി പുതച്ച ആ രൂപം അവനുനേരെ ഒരു കോള ബോട്ടില്‍ വെച്ചുനീട്ടുമ്പോള്‍ നീല്‍ ചോദിക്കുന്നുണ്ട്, നിങ്ങളാരാണ്. അയാളുടെ മറുപടി, എനിക്കു പല പേരുകളുണ്ട്, ചിലര്‍ എന്നെ കൃഷ്ണനെന്നു വിളിക്കും, നിനക്കെന്ന് സെവന്‍ത് സെന്‍സ് എന്നു വിളിക്കാം. ചലനാത്മകതയുടെ തീവണ്ടി, ഓരോ ഇന്ത്യന്‍ തീവണ്ടിയും സ്വന്തം നിലയില്‍ ഒരു ലോകമാണ്, വൈവിധ്യങ്ങളുടെ ലോകം. പിന്നെ കോള, കൃഷ്ണന്‍, ഇന്ത്യനായ നീല്‍, അമേരിക്കന്‍ യുവതി കായാ, സെവന്‍ത് സെന്‍സ് വൈവിധ്യങ്ങളുടെ ഇമേജറികള്‍ കളം നിറഞ്ഞാടുന്ന ഒരു ഫിലോസഫിക്കല്‍ ഫിക്ഷനാണ് ദേബാശിഷ് ചാറ്റര്‍ജി ഒരുക്കിയത്.
സ്‌നേഹം, പ്രണയം, കാമം, നിര്‍വൃതി
'അഞ്ചങ്കിലഞ്ചും കണക്കെന്നവള്‍ക്ക്, തെല്ലൊരു ചാഞ്ചല്യവുമില്ല' എന്നു കുഞ്ചനെക്കൊണ്ടു പാടിച്ച ദ്രൗപദി, ഉടുതുണിയില്‍ പിടി വീഴുമ്പോള്‍, അവളുടെ രക്ഷയ്ക്കായി എത്താതെ പോയ അഞ്ചുപേരെയും തള്ളി സഹായം തേടിയത് തന്റെ സഖാവിനോടാണ്, കൃഷ്ണനോട്. ദാമ്പത്യമല്ല, പെണ്ണിന് വേണ്ടത് ഉദാത്തമായ സൗഹൃദമാണ് എന്നു കാട്ടിയ ഇതിഹാസം കൂടിയായിരുന്നു മഹാഭാരതം. അതിന്റെയൊരു മോഡേണ്‍ വേര്‍ഷനാണ് കായായ്ക്ക് കേശവിനോടുള്ള ആരാധന. ഒരല്പം മൊഴിമാറ്റത്തിലേക്ക്.
'പ്രിയ കേശവ്, കാടിന്റെ ഏകാന്തതയെ തകര്‍ത്തെറിയുന്ന കാറ്റില്‍ താങ്കളുടെ ശബ്ദം ഞാന്‍ കേള്‍ക്കും. സ്‌നേഹത്തിന്റെ രൂപഭാവം വിവരിക്കാന്‍ എനിക്കാവില്ല. എന്നോ എനിക്കു ഹൃദയത്തിലെവിടെയോ നഷ്ടമായ ഒരു ഗാനമാണ് താങ്കള്‍ വീണ്ടെടുത്തു. തന്നത്. ഗാനമാരുടേതെന്ന് മുളംതണ്ടിന്റെ ഓടക്കുഴല്‍ ഒരിക്കലും അറിയുകയില്ല. എന്നിരുന്നാലും, ജീവിതം അതാഗ്രഹിക്കുന്നുവെങ്കില്‍, എന്നെങ്കിലും ഞാന്‍ തേടിയെത്തും, ലോകത്തിന്റെ മറ്റേയറ്റം വരെയും താങ്കളെ കാണാനും കേള്‍ക്കാനും. എന്നും അനുഗ്രഹീതനായി തുടരട്ടെ, കായാ.'
കര്‍ണനും ദ്രൗപദിയും കൃഷ്ണനുമൊക്കെ അനശ്വരമാവുന്നതും സഹസാബ്ദങ്ങള്‍ക്കുശേഷം യാദൃച്ഛികമാവാം, ഇന്നാരു ദ്രൗപദി, രാജകുമാരിയല്ല, ഒരു ഗോത്രവര്‍ഗത്തില്‍ പെട്ട വനിത പ്രഥമപൗരയാവുന്നു. ഒന്നുകൂടി മാര്‍ക് ടെയിനിലേക്കു പോവാം - ''ഇന്ത്യ കളിത്തൊട്ടിലാണ്, ജന്മസ്ഥലമാണ്, മാതാവാണ്, മുത്തശ്ശിയാണ്.' നാലു വാക്കുകളിലും പാട്രിയാര്‍ക്കി എന്നൊരു സാധനം ഇല്ല!
മഹാഭാരതയുദ്ധം ഒഴിവാക്കുവാനുള്ള അവസാന ചര്‍ച്ചയ്ക്കു പോവുന്ന കൃഷ്ണന്, ജീവിതാന്ത്യം വരെ തന്റെ സഖാവായിരിക്കും, എപ്പോള്‍ തനിക്ക് ആവശ്യം വരുമ്പോഴും ഞാന്‍ ഒപ്പമുണ്ടാവും എന്നു താന്‍ വാക്കുകൊടുത്ത കൃഷ്ണ, വിളിച്ചു കാണിക്കുന്നുണ്ട്. തന്റെ അഴിഞ്ഞുവീണ മുടി. ദുശ്ശാസനന്റെ മാറുപിളര്‍ന്ന രക്തത്തില്‍ കുളിച്ച രണ്ടാമൂഴക്കാരന്റെ കൈകളാല്‍ മാത്രമേ ഞാനിനി ഈ മുടികെട്ടുകയുള്ളു എന്ന പെണ്‍ശപഥം. ഭീഷശപഥം പോലെതന്നെ ഭാരതയുദ്ധത്തിന് മറ്റൊരു കാരണമാണ് ദ്രൗപദീ ശപഥം. പുരുഷകേന്ദ്രിത വ്യാഖ്യാനങ്ങളില്‍ ആണിനെ മാത്രമാണ് കാണുക, എന്നതുകൊണ്ട് നമ്മളത് ശ്രദ്ധിക്കുന്നില്ലെന്നു മാത്രം. വ്യാസനെന്ന മഹാപ്രതിഭയുടെ, അറിവിന്റെ കടലാഴത്തിന്റെ, ബോധത്തിന്റെ കൊടുമുടിയുടെയും പ്രതിഫലനമാണ് അത്.
അവിടെ നിന്നും അതിനെ മുന്നോട്ടെടുക്കുക, കാലാനുസൃതമായി വ്യാഖ്യാനിക്കുക എന്ന ധര്‍മ്മം എഴുത്തുകാരന്‍ നിര്‍വ്വഹിക്കുന്നു. ഒഴുക്കില്‍ നദിക്കും, പൂക്കുന്നതില്‍ മുല്ലയ്ക്കും, പറക്കുന്നതില്‍ കുരുവിക്കും, തിളക്കത്തില്‍ സ്വര്‍ണ്ണത്തിനും ഉണ്ടാവുന്നതാണ് നിര്‍വൃതി എന്നു വരുമ്പോള്‍ നിര്‍വൃതിയുടെ രസതന്ത്രം മനുഷ്യന്‍ മൈനസ് ഈഗോ എന്നു ചാറ്റര്‍ജി പറഞ്ഞുവെയ്ക്കുകയാണ്.
പരമാനന്ദം, നിര്‍വൃതി എന്നിവയെ ഒരു നവ കാഴ്ചയിലൂടെ എഴുത്തുകാരന്‍ കാണുമ്പോള്‍ യമുനയുടെയും ഋഷികേശിന്റെയും ചിത്രം കാലാനുസൃതമായി മാറുന്നുണ്ട്. ഐന്ദ്രിയമായ ആഘോഷങ്ങള്‍ക്കും അതീന്ദ്രിയമായ ധ്യാനത്തിനും യമുനയുടെ മടിത്തട്ടും മാറിടവും സാക്ഷിയാവുന്നുണ്ട്. പ്രണയവും പ്രാണായാമവും പരമാനന്ദവും നിര്‍വൃതിയും തന്നെയാണെന്ന ബോധവും അത് പകരുന്നുണ്ട്. എല്ലാം ആസക്തികളുടെ വകഭേദങ്ങളാണ്, അതില്‍ നിന്നുള്ള മുക്തി, അതിനെ അറിയുക എന്നതും അതു ഇണയുമായി, ലോകവുമായി, പ്രപഞ്ചതാല്പര്യങ്ങളുമായി ചേര്‍ത്തുവെയ്ക്കുക എന്നതുമാണ്. അവിടെ ആസക്തികള്‍ പരമാനന്ദവും നിര്‍വൃതികളുമായി മൊഴിമാറ്റം ചെയ്യപ്പെടുന്നതിന്റെ സുന്ദരമായ കാഴ്ചയാണ് യമുനാതീര വര്‍ണന.
നോവലില്‍ നിന്നും, ''അതൊരു ശരത്കാല പൗര്‍ണ്ണമി രാത്രിയായിരുന്നു. യമുനയ്ക് കുറുകെ സുഗന്ധിയായൊരു കാറ്റ് വീശി. കാലവര്‍ഷത്തിന്റെ കുത്തൊഴുക്കിനുശേഷം രൗദ്ര യമുന ശാന്തയായി. ഒരു യുവതിയുടെ ചിരിപോലെ, കളകളാരവം മുഴക്കി അവളൊഴുകി. പ്രണയികള്‍ അതിന്റെ വശ്യസൗന്ദര്യത്തില്‍, ആസക്തികളുടെ ലോകത്ത് മുങ്ങിക്കുളിച്ചു, പ്രാണായാമികള്‍ അതിന്റെ മഹാസൗന്ദര്യത്തില്‍ ധ്യാനനിമഗ്‌നരുമായി. കൃഷ്ണനില്‍ നിന്നു നീലിലേക്കും രാധയില്‍ നിന്നു കായായിലേക്കുമുള്ള മാറ്റം നോക്കുക. 'നീലിന്റെ ഹൃദയമിടിപ്പ് കൂടി, അവന്‍ തന്നോടു തന്നെ മന്ത്രിച്ചു, 'ഹോ! എന്തൊരു സൗന്ദര്യം.. പുള്ളികള്‍ അലങ്കരിച്ച വെളുത്ത ചര്‍മ്മം, മയക്കുന്ന അവളുടെ കടല്‍നീലക്കണ്ണുകള്‍, കൂര്‍ത്ത മൂക്ക്, ഗ്രാന്‍ഡ് കാന്യോണ്‍ പോലെ തുറന്നുകിടക്കുന്ന സ്പന്ദിക്കുന്ന മാറിടവിടവഴക് - വശ്യസുന്ദരം.' അവനിലാകെ ഒരു നാണം വന്നുകയറി.
ഉല്‍ക്കടമായ മോഹത്തിന്റെ തിരയിളത്തത്തില്‍ കായാ അവളിലേക്ക് നീലിനെ ചേര്‍ത്തുപിടിച്ചു, ആ കരവലയത്തില്‍ ക്രമമായി ഉണര്‍ന്ന് ഉച്ഛസ്ഥായിയിലേക്ക് അവനില്‍ തൃഷയുടെ തുടികൊട്ട്. 'മുകളിലേക്ക് ചെരിഞ്ഞ ഈ മൂക്ക്, ആ നനുത്ത ചുണ്ടുകള്‍, മൃദുലമായ കവിള്‍ത്തടങ്ങള്‍, ആ സ്വര്‍ണ്ണ മുടി, മുകളില്‍ ഒരോ പിങ്ക് ചെറികള്‍ അലങ്കരിച്ച് വലിയ തവി വാനില ഐസ്‌ക്രീം തുളുമ്പുന്ന ഈ രണ്ടു പാനപാത്രങ്ങളും എന്റേതാണ്. നിന്റേതെല്ലാം എന്റേതാണ്. കായയുടെ ശ്വാസത്തിന് പതിയെ ചൂടുപിടിച്ചു. അതവളുടെ ചര്‍മ്മത്തിലേക്ക് ചൂടു പകര്‍ന്നു. നാരങ്ങയുടെയും മുന്തിരിയുടെയും സുഗന്ധം നീല്‍ അവളില്‍ അനുഭവിച്ചു. ഓരോ ദിവസവും കായാ വ്യത്യസ്ത പെര്‍ഫ്യൂം ഉപയോഗിക്കാറുള്ളത് അവനറിയാമായിരുന്നു. രണ്ടു ദിവസം പഴക്കമുള്ള അവന്റെ താടിരോമക്കുറ്റികളില്‍ അവള്‍ വിരലുകള്‍ ഓടിച്ചു. ഉറക്കത്തിലേക്ക് വഴുതി വീഴുന്നതിന് മുമ്പ് രാത്രി വൈകിയും നീല്‍ അവളുടെ അഴിഞ്ഞ മുടിയുടെ സുഗന്ധം ശ്വസിച്ചു. അവന്റെ ഹൃദയം മധുരോദാത്തമായ ഇന്ദ്രിയസുഖപരതയുടെ ആനന്ദത്തില്‍ സ്പന്ദിച്ചു, അവനാകെ വായുവില്‍ ഒഴുകിപ്പോവുന്നതുപോലെ തോന്നി!''
സഹിഷ്ണുതയുടെ, സമഭാവനയുടെ, സമചിത്തതയുടെ ഏഴാമിന്ദ്രിയം സ്വന്തം കരുത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് ശാന്തത സാദ്ധ്യമല്ല. സഹിഷ്ണുത സ്വപ്നത്തില്‍ കൂടി സാധ്യവുമല്ല. അവരുടെ പതനത്തിന്റെ ആദ്യകാരണവും അതു തന്നെയാവും. കാലികമായതു മാത്രമേ നിലനില്ക്കുകയുള്ളൂ. അല്ലാത്തത് കാലഹരണപ്പെട്ടേ തീരൂ. പുതിയ ചിന്തകളുടെ കാലവര്‍ഷത്തെ അതിജീവിക്കുക അതിനു സാധ്യമല്ല. എല്ലാറ്റിലുമുള്ള സമചിത്തതയാണ് കൃഷ്ണനെ അസാധാരണനായ പ്രണയിയും പോരാളിയും പ്രതിഭാശാലിയായ നേതാവുമാക്കുന്നത്. രാധയിലും രുഗ്മിണിയിലും മറ്റനേകം ഗോപികമാരിലും കണ്ട സൗന്ദര്യം തന്നെയാണ് അയാള്‍ കൂനിയായ കുബ്ബയിലും കണ്ടത്, അവരെ സുന്ദരിയെന്നു വിളിച്ച ഏക പുരുഷന്‍ കൃഷ്ണനായിരുന്നു, അതും ഒരു പരിഹാസപദമായാവണം എന്നായിരുന്നു കുബൂ പോലും കരുതിയത്. ഉദ്ധവനിലെ അറിവിന്റെ ഔന്നത്യം അറിവില്ലാത്ത തന്റെ ഗോപികമാരുടെ ബോധത്തോളം വരില്ല, ധ്യാനമെന്തന്നറിയാത്തവരുടെ ധ്യാനത്തോളവും എന്നയാള്‍ ഉദ്ധവനെ ബോധ്യപ്പെടുത്തുന്നുണ്ട്. ഈ തെരുവുപെണ്ണുങ്ങളെപ്പറ്റി എന്തിത്ര പറയുവാന്‍ എന്ന ധ്വനിയില്‍ കൃഷ്ണനോടു സംസാരിച്ച ഉദ്ധവന്‍ ആ പെണ്ണുങ്ങളെ കണ്ടു തിരിച്ചുവരുന്നത് അവരുടെ പാദങ്ങളില്‍ നമസ്‌കരിച്ചാണ്, പുതിയൊരു ബോധവുമായി. കോര്‍പ്പറേറ്റ് ലോകം, അക്കാദമിക ലോകം ഒക്കെയും ഉദ്ധവരുടെ വിഹാരരംഗമാണ്, അവരവരെ ഓവര്‍ എസ്റ്റിമേറ്റ് ചെയ്യുകയും അപരരെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്യുകയും, അത്യാവശ്യം ബോധമുള്ള പലരും ഒരു ചിരിയോടെ പറഞ്ഞത് കേട്ടുപോവുമ്പോള്‍ താന്‍ തന്നെ ശരിയെന്നു നിശ്ചയിക്കുന്ന വിഡ്ഢികളുടെ മായാപ്രപഞ്ചം കൂടിയാണത്. ഒരു ചെറിയ ഭാഗത്തിന്റെ മൊഴിമാറ്റത്തിലേക്ക്.
'കൃഷ്ണന്‍ എന്തിനാണ് തന്നെ വ്രജത്തിലേക്ക് അയച്ചതെന്ന് ഉദ്ധവന് വ്യക്തമായി മനസ്സിലായത് അപ്പോഴാണ്. വിദ്യാധനത്തില്‍ തന്റെ മികവിലുള്ള ഉദ്ധവന്റെ അഹങ്കാരത്തെയാണ് വിദ്യാവിഹീനരായ വനിതകളുടെ ഭക്തിയും ശുദ്ധമായ സ്‌നേഹവും ഉരുക്കിക്കളഞ്ഞത്. ഗോപികമാരില്‍ നിന്ന് വിടവാങ്ങുമ്പോള്‍ അദ്ദേഹം ആദരവോടെ അവരുടെ പാദങ്ങളില്‍ തൊട്ടുവന്ദിച്ചു. നന്ദയോടും യശോദയോടും ഗോപികമാരോടും അദ്ദേഹം വിടപറഞ്ഞു.
ഉദ്ധവന്‍ വ്രജത്തില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ച് മധുരയില്‍ മടങ്ങിയപ്പോള്‍, താന്‍ അനുഭവിച്ച കാര്യങ്ങള്‍ കൃഷ്ണനോട് വിവരിച്ചു. ഉദ്ധവന്‍ വിവരിച്ച ഗോപികമാരുടെ ഭക്തിയുടെ കഥ കൃഷ്ണന്‍ വളരെ നിസ്സംഗതയോടെ ശ്രദ്ധിച്ചു കേട്ടു. പിന്നെ തന്റെയാ മാസ്മരികമായ മന്ദഹാസത്തോടെ മുന്നോട്ടു നീങ്ങവേ കൃഷ്ണന്‍ പറഞ്ഞു - ''എനിക്ക് ഒരു വാക്ക് പാലിക്കേണ്ടതുണ്ട്. കുബ്ജയെ എനിക്ക് സന്ദര്‍ശിക്കണം, ഒരിക്കല്‍ കൂനുമായി കൂനിക്കൂടി നടന്ന അതിസുന്ദരിയായ കുബ്ജ. അവളുടെ വീട്ടില്‍ എന്നെ കാത്തിരിക്കുന്നുണ്ട്.'
പരമാനന്ദം ശരീരത്തിലൂടെ ചെന്നെത്താവുന്ന ശരീരമില്ലാത്ത ഊര്‍ജ്ജമാണ്. സംഗീതവും നൃത്തവും നമ്മുടെ ശാരീരിക-മാനസിക നിര്‍മ്മിതികളുടെ അതിരുകള്‍ ലംഘിക്കുന്ന ഒരു ആദിമബോധത്തിലേക്ക് ശരീരത്തെ എത്തിക്കുന്നു. ശരീരം പഞ്ചഭൂതങ്ങളുടെ സുന്ദരമായ രചനയാവുമ്പോള്‍, മനസ്സ് ചിന്തകളുടെ രചനയാണ്. നമ്മുടെ ശാരീരിക-മാനസിക ലോകം ഈഗോ വരച്ച ഒരു അതിരുനുള്ളിലാണ് സദാ. കൃഷ്ണന്‍ ഗോപികമാരെ പരമാനന്ദത്തിന്റെ കൊടുമുടിയിലേക്ക് നയിക്കുന്നത് അവരുടെ ഈഗോ മങ്ങുകയും അവരുടെ മനസ്സിലെ വിലക്കുകള്‍ അപ്രത്യക്ഷമാവുകയും ചെയ്യുമ്പോഴാണ്. കൃഷ്ണനെ സംബന്ധിച്ചിടത്തോളം അസൂയതോന്നുവാന്‍ മാത്രം ഒന്നും പ്രാധാന്യമുള്ളതായിരുന്നില്ല, അവഗണിക്കപ്പെടുവാന്‍ മാത്രം ആരും നിസ്സാരരുമായിരുന്നില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളെയും അയാള്‍ സമചിത്തതയോടെ, സമഭാവനയോടെ, സഹിഷ്ണുതയോടെ കൈകാര്യം ചെയ്തു. കാലമാവശ്യപ്പെടുന്ന ആ കഴിവിലേക്ക്, ഈഗോയില്ലാത്ത മനുഷ്യരുടെ പരമാനന്ദലോകത്തേക്ക് വായനക്കാരെ നയിക്കുകയാണ് ചാറ്റര്‍ജിയുടെ എഴുത്ത്.
(രൂപ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കൃഷ്ണ ദ സെവന്‍ത് സെന്‍സ് എന്ന പുസ്തകം ഓഗസ്റ്റ് 19 വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് കെ. പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. വി. ശ്രേയാംസ്‌കുമാര്‍ പ്രകാശനം ചെയ്യും. പുസ്തകത്തിന്റെ പരിഭാഷ മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കും.)
Content Highlights: Debashish chatterjee, Madhusoodan V, Krishna; The Seventh Sense


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..