ഡോ. ഫാദർ ഏബ്രഹാം മുളമൂട്ടിൽ
ഡോ. ഫാദര്‍ ഏബ്രഹാം മുളമൂട്ടില്‍ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച മതം ഒരു സ്വകാര്യത എന്ന പുസ്തകത്തിന് എം.എന്‍ കാരശ്ശേരി എഴുതിയ അവതാരിക വായിക്കാം.
ഗാന്ധിയെയും മുഹമ്മദലി ജിന്നയെയും താരതമ്യപ്പെടുത്തി സരോജിനി നായിഡു ഒരു തമാശ പറയുകയുണ്ടായി: ''ഏതു പ്രശ്നത്തിനും ബാപ്പു ഒരു പരിഹാരം കണ്ടുപിടിക്കും; ഏതു പരിഹാരത്തിനും ജിന്ന ഒരു പ്രശ്നം കണ്ടുപിടിക്കും! ഡോ.ഏബ്രഹാം മുളമൂട്ടില്‍ മതത്തെപ്പറ്റി ആലോചിച്ചാലോചിച്ച് എത്തിച്ചേരുന്നതും ഈ പ്രതിസന്ധിയിലാണ്. മനുഷ്യസമൂഹത്തിന്റെ പലതരം പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് മതം ഉണ്ടായത്. ഇപ്പോഴിതാ, ആ മതം തന്നെ ഒരു പ്രശ്നമായിത്തീര്‍ന്നിരിക്കുന്നു!
മതത്തെ അതിന്റെ ആദിമവിശുദ്ധിയിലേക്ക് തിരിച്ചുകൊണ്ടുപോകണം എന്ന് ആഗ്രഹിക്കുന്ന ഗ്രന്ഥകാരന് അതിന് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗമാണ് മതം രാഷ്ട്രീയത്തിലോ സാമൂഹികതയിലോ ഇടപെടാതെ വ്യക്തിയുടെ സ്വകാര്യതയായി നിലകൊള്ളുക എന്നത്.
മതേതരരാഷ്ട്രം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനവും ഇതാണ്: രാഷ്ട്രത്തിന് സ്വന്തം മതം (സ്റ്റേറ്റ് റിലീജ്യന്‍) ഇല്ല. എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും തുല്യനീതി ഉറപ്പാക്കുന്ന ഒന്നാണത്. അത് മതവിരുദ്ധമല്ല; അതുപോലെ തന്നെ മതാധിഷ്ഠിതമോ, മതാതീതമോ അല്ല. രാഷ്ട്രത്തിലെ പൗരന്മാരുടെ പൗരാവകാശത്തോടും സ്വാതന്ത്ര്യത്തോടും ഒത്തുപോകാന്‍ മതം തയ്യാറാകണം, അതിന് വിഘാതമായി നില്ക്കുന്ന എന്തും നിയന്ത്രിക്കുകയോ നിരോധിക്കുകയോ വേണം. ഇന്ത്യയില്‍ അനേകം നൂറ്റാണ്ടുകളായി നിലനിന്നുപോന്ന അയിത്തം സ്വാതന്ത്ര്യലാഭത്തോടെ നിരോധിച്ചത് ഉദാഹരണം. പ്രധാനം ആചാരാനുഷ്ഠനങ്ങളല്ല; സ്വാതന്ത്ര്യവും സമത്വം സമാധാനവുമാണ്.
ദൈവങ്ങളും മതങ്ങളുമെല്ലാം മനുഷ്യസമൂഹത്തിന്റെ സൃഷ്ടിയാണ് എന്ന നിലപാടുകാരനാണ് ഗ്രന്ഥകാരന്. ''ദൈവം എന്നത് ഉദ്ദേശശുദ്ധി നിറഞ്ഞ ഒരാശയമാണ്'' എന്ന് തീര്പ്പെടുക്കുന്ന അദ്ദേഹം പറയുന്നു വിശ്വാസാചാരങ്ങളിലെല്ലാം കാലത്തിനും ദേശത്തിനും അനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ മനുഷ്യര്‍ക്ക് സാധിക്കും; സാധിക്കണം. ഇത്തരമൊരു ആശയം മുന്നോട്ടുവയ്ക്കുന്നുണ്ട് ഈ പുസ്തകം.
എഴുതിയത് ഒരു വൈദികനാണ് എന്ന വസ്തുത ഇതിന്റെ മൂല്യം വളരെ വര്‍ദ്ധിപ്പിക്കുന്നുണ്ട്. മതരഹിതനോ മതവിരുദ്ധനോ ഇക്കാര്യം പറയുമ്പോള്‍ കിട്ടുന്നതിലധികം ശ്രദ്ധ ഒരച്ചന് പറയുമ്പോള്‍ കിട്ടും. മതവിശ്വാസികളായ അനേകം പേര്‍ക്ക് 'മതേതരത്വം' എന്ന ആധുനിക രാഷ്ട്രീയമൂല്യത്തിലേക്ക് വഴികാണിക്കുവാന്‍ ഈ പുസ്തകത്തിന് പ്രാപ്തിയുണ്ട്.
ഗവേഷണത്തിന്റെയും വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി അനേകം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും പല വിദേശനാടുകളിലും താമസിക്കുകയും ചെയ്ത ഈ വൈദികന് സമകാലിക ലോകത്തിന്റെ പലവിധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മതങ്ങള്‍ വഹിക്കുന്ന പങ്ക് മനസ്സിരുത്തി പഠിച്ചിട്ടുണ്ട്; ചരിത്രത്തിന്റെയും ആധുനിക ശാസ്ത്രത്തിന്റെയും പിന്‍ബലത്തോടെ അതേപ്പറ്റി അപഗ്രഥനം നടത്തിയിട്ടുണ്ട്. പ്രധാനപ്പെട്ട മതങ്ങളുടെ ഹ്രസ്വചരിത്രം അവതരിപ്പിച്ചുകൊണ്ടാണ് അവയുടെ വീക്ഷണങ്ങള്‍ തമ്മിലുള്ള ഐക്യം ഗ്രന്ഥകര്‍ത്താവ് കണ്ടെത്തുന്നത്. ആചാരാനുഷ്ഠാനങ്ങളില്‍ പുലര്‍ത്തിപ്പോരുന്ന വ്യത്യസ്തതയല്ല, അവയുടെ അടിയില്‍ കിടക്കുന്ന സാമ്യതയാണ് പ്രധാനം-മതങ്ങളുടെ പേരില്‍ യു ദ്ധങ്ങളും കലഹങ്ങളും നടത്തുന്നവര്‍ അന്യരുടെ മതത്തിന് എതിരായല്ല, സ്വന്തം മതത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നത്
അധികാരലാഭം, ധനമോഹം, പ്രശസ്തിദാഹം എന്നീ ആസക്തികളാണ് മനുഷ്യരെ അക്രമികളായി മാറ്റുന്നത്. അതിന് എളുപ്പം കൂട്ടുപിടിക്കാവുന്ന ഒന്നായി മതം ഉപയോഗിക്കപ്പെടുന്നു. അത്തരം മുന്നേറ്റങ്ങളുടെ നായകന് ദൈവമാണ് എന്ന് ഭാവിക്കുന്നവരുടെ യഥാര്‍ത്ഥ നായകന് പിശാചാണ്. മുളമൂട്ടിലച്ചന്‍ വിശദീകരി ക്കുന്നു: ''സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനാണ് മതം സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് ആ മതമാണ് പല സംഘര്‍ഷങ്ങള്‍ക്കും കാരണമായിത്തീരുന്നതും.
മറ്റെന്തും പോലെ മതങ്ങളും വിമര്ശിപ്പിക്കപ്പെടണം എന്നും വിശ്വാസികള്‍ സഹിഷ്ണുതയോടെ വിമര്‍ശനം ശ്രദ്ധിച്ച് സ്വന്തം നിലപാടുകളില്‍ പരിഷ്കരണങ്ങള്‍ വരുത്തണമെന്നും ഉള്ള നിര്‍ദ്ദേശം ഈ കൃതി മുന്നോട്ടുവയ്ക്കുന്നുണ്ട്. 2500 കൊല്ലം മുമ്പ് വെളിപ്പെട്ട സോക്രട്ടീസിന്റെ മതവിമര്‍ശനങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ടാണ് അക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
ഗ്രന്ഥകര്‍ത്താവിന്റെ കണ്ടെത്തലുകളില്‍ പ്രധാനപ്പെട്ട ഒന്ന് ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: ''പൗരബോധവും മതബോധവും രണ്ടാണ്. പൗരബോധം രാഷ്ട്രീയ ഉന്നതിക്കും മതബോധം വ്യക്തിഗത ഉന്നതിക്കും വേണ്ടിയുള്ള രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.'
ഈ വൈദികന് ആവര്‍ത്തിച്ച് പ്രസ്താവിക്കുന്ന കാര്യം: മതം എന്നത് ആചാരമല്ല, അനുഷ്ഠാനമല്ല. അത് മൂല്യനിഷ്ഠമായ ജീവിതമാണ്. കഷ്ടം, ലോകത്തിലെവിടെയും ഏതു സമൂഹത്തിലും മതം എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ മാത്രമാണ്. ഏതാണ് മതം, ഏതാണ് കച്ചവടം, ഏതാണ് രാഷ്ട്രീയം എന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം അവ മൂന്നും ഒറ്റയൊന്നായിത്തീര്ന്ന ഇന്നത്തെ ദുരവസ്ഥ ഇവിടെ വിമര്‍ശനവിധേയമാക്കിയിട്ടുണ്ട്. മതം നിലനില്‍ക്കുന്നതുകൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും അക്കമിട്ട് നിരത്തിക്കൊണ്ടാണ് വിശകലനം-മതത്തെ രാഷ്ട്രീയവത് ക്കരിക്കുന്നതാണ് വലിയ ആപത്ത്. 'വ്യക്തിത്വം മതം മാത്രമാണ് എന്ന തീര്‍പ്പാണ് വലിയ അസംബന്ധം.
തമാശ തന്നെ ആത്മീയതയുടെ കണക്കിലാണ് എല്ലാം നടക്കുന്നത്-ആചാരാനുഷ്ഠാനങ്ങളും മത്സരങ്ങളും കലഹങ്ങളും യുദ്ധങ്ങളുമെല്ലാം! അവിടെയൊന്നും ആത്മീയതയില്ല എന്ന് വിസ്തരിക്കുന്ന അച്ചന് അത് വ്യക്തമായും ലളിതമായും നിര്‍വ്വചിക്കുന്നു: ''ആത്മീയത എന്നാല്‍, അറിവിലേക്ക് നയിക്കുന്ന വിശുദ്ധമായ ചിന്തയാണ്.
''എല്ലാ ജീവജാലങ്ങളെയും ചേര്‍ത്തുനിര്‍ത്തി ഒരുമയോടെ മുന്നോട്ടുപോകുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന പരിസ്ഥിതിദര്ശനമാണ് പുതിയ മതം എന്ന് പ്രഖ്യാപിക്കുവാന്‍ ഈ വൈദികന് ധൈര്യപ്പെടുന്നു. ഇത് ഏറ്റവും പുതിയ കാലത്തിന്റെ രാഷ്ട്രീയദര്‍ശനം കൂടിയാണ്. പാശ്ചാത്യരാജ്യങ്ങളില്‍ തെഴുത്തു വരുന്ന ആ വീക്ഷണത്തിന് 'ഗ്രീന്‍ പൊളിറ്റിക്സ്' (ഹരിതരാഷ്ട്രീയം) എന്നാണ് പേര്. അതിന്റെ അടിസ്ഥാനം സമ്പൂര്‍ണ്ണമായ അഹിംസയാണ്. അനാവശ്യമായി ഒരിലപോലും നുള്ളരുത് എന്നതാണ് അതിന്റെ ലളിതമായ ഉദാഹരണം. ആ സാഹചര്യത്തില്‍ പിന്നെ നിങ്ങള്‍ക്ക് മതത്തിന്റെയോ ജാതിയുടെയോ ദേശീയതയുടെയോ പേരില്‍ ആയുധമെടുത്ത് മറ്റൊരു മനുഷ്യജീവിയെ അക്രമിക്കാന്‍ പറ്റില്ല.
വൈദികനായ മുളമൂട്ടിലച്ചന്‍ മതചിന്തകനല്ല, രാഷ്ട്രീയചിന്തകനാണ്. അദ്ദേഹം മതത്തിന്റെ കാഴ്ചപ്പാടില്‍ രാഷ്ട്രീയത്തെ കാണുകയല്ല; മറിച്ച് രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ മതത്തെ കാണുകയാണ്. മതേതര ജനാധിപത്യം പുലരാന്‍ മതവിശ്വാസികള്‍ എന്തുചെയ്യണം എന്നാണ് അദ്ദേഹം ചിന്തിക്കുന്നതും പറയുന്നതും സമാധാനവും സന്തോഷവും നശിപ്പിക്കുന്ന ഒരു മതവും മനുഷ്യരാശിക്ക് ആവശ്യമില്ല എന്നതാണ് നിലപാട്. ഏത് സാധാരണക്കാരനും അത് മനസ്സിലാക്കുന്ന മട്ടില്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
ഈ ഗ്രന്ഥകാരന്റെ ദൈവം നന്മയാണ്. God is goodness and goodness is God എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നതായിട്ടാണ് എന്റെ അനുഭവം. തര്‍ക്കങ്ങളിലൂടെയും കലഹങ്ങളിലൂടെയും ദൈവത്തെ അന്വേഷിക്കുന്നവരെയാണ് ഈ പുസ്തകം അഭിമുഖീകരിക്കുന്നത്. രാഷ്ട്രീയത്തില്‍ മതത്തെ ഉപയോഗിക്കുമ്പോള്‍ സംഭവിക്കുന്ന ദുരിതങ്ങള്‍ ലോകത്തെങ്ങും പെരുകിക്കൊണ്ടിരിക്കുന്ന സമകാലിക സാ ഹചര്യത്തിനുള്ള ചികിത്സയാണ് ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പഠനം. മുളമൂട്ടിലച്ചന്റെ പ്രശസ്തമായ ധൈഷണിക ജീവിതത്തെയും മതേതര ജനാധിപത്യത്തിന്റെ ആവശ്യകതയില്‍ കാലുറപ്പിച്ചു നില്ക്കുന്ന രാഷ്ട്രീയ ദര്‍ശനത്തെയും ഞാന്‍ ഈ നേരത്ത് അഭിവാദ്യം ചെയ്യുന്നു. ഗാന്ധിയാണ് അതു പറഞ്ഞത്: 'എന്റെ മതത്തെപ്പറ്റി എന്റെ രാഷ്ട്രമോ, എന്റെ രാഷ്ട്രത്തെപ്പറ്റി എന്റെ മതമോ എന്നോട് യാതൊന്നും പറഞ്ഞുപോകരുത്. മതം എന്റെ സ്വകാര്യതയാണ്.
Content Highlights: M.N Karassery, Dr. Fr. Abraham Mulamoottil,Mathrubhumi Books, Mathrubhumi, Religion
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..