ഇംഗ്ലീഷിലൂടെ മാത്രമേ ശാസ്ത്രപഠനം സാധിക്കൂ എന്ന് വാശിപിടിക്കുന്നവര്‍ ഇത് വായിക്കണം!


കെ.എസ്. ഹരികൃഷ്ണന്‍

3 min read
Read later
Print
Share

മലയാളത്തിലെ പ്രഥമ ഫിസിക്‌സ് ഗ്രന്ഥത്തിന് 140 വയസ്സായിരിക്കുന്നു. ജര്‍മന്‍ മിഷണറി ലിയൊനാദ് യൊഹാനസ് ഫ്രൊന്‍മെയറാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. 

ലിയൊനാദ് യൊഹാനസ് ഫ്രൊൻമെയർ | ഫോട്ടോ: എ.പി., http://doi.org/10.25549/impa-m47179

ത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം. ആധുനികശാസ്ത്രവുമായി ബന്ധപ്പെട്ട കൃതികള്‍ ലോകഭാഷകളില്‍ വിരളമായി പ്രത്യക്ഷപ്പെട്ടിരുന്ന കാലഘട്ടം. മലയാളത്തില്‍ സയന്‍സ് പുസ്തകങ്ങള്‍ എഴുതപ്പെട്ടിരുന്നത് ഒറ്റപ്പെട്ട സംഭവമായിരുന്നു. പ്രസിദ്ധീകരിക്കപ്പെട്ടവയാകട്ടെ സമ്പൂര്‍ണഗ്രന്ഥങ്ങളുമായിരുന്നില്ല. മലയാളശാസ്ത്രസാഹിത്യത്തെ സംബന്ധിച്ചിടത്തോളം വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഈ ന്യൂനത പരിഹരിക്കപ്പെട്ടത് 1883-ലാണ്. മലയാളത്തിലെ ലക്ഷണമൊത്ത ശാസ്ത്രസാഹിത്യഗ്രന്ഥമെന്ന് നിരൂപകര്‍ വിശേഷിപ്പിച്ച 'പ്രകൃതിശാസ്ത്രം' പ്രസിദ്ധീകൃതമായത് ആ വര്‍ഷമായിരുന്നു. മലബാറിലെത്തിയ ജര്‍മന്‍ മിഷണറി ലിയൊനാദ് യൊഹാനസ് ഫ്രൊന്‍മെയറാണ് പ്രസ്തുതഗ്രന്ഥം രചിച്ചത്.

ആധുനികശാസ്ത്രത്തിലെ ഏതെങ്കിലും ഒരു അവാന്തരവിഭാഗം പ്രത്യേകവിഷയമായി പരിഗണിച്ച് ഒരു പൂര്‍ണഗ്രന്ഥം ഇറങ്ങാതിരുന്ന കാലത്താണ് മലയാളത്തിലെ പ്രഥമ ഊര്‍ജതന്ത്രപുസ്തകം പ്രസാധനംചെയ്യപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് പാശ്ചാത്യരാജ്യത്തെ കീമശാസ്ത്രവും (രസതന്ത്രവും) വൈദ്യശാസ്ത്രവും പരിചയപ്പെടുത്താന്‍ ഉദ്ദേശിച്ച രണ്ട് കൃതികള്‍ രചിക്കപ്പെട്ടെങ്കിലും അവയൊന്നും സമഗ്രഗ്രന്ഥങ്ങളായിരുന്നില്ല.

മംഗലാപുരം ബാസല്‍മിഷന്‍ ബുക്ക് ആന്‍ഡ് ട്രാക്റ്റ് ഡിപ്പോസിറ്ററിയില്‍ അച്ചടിച്ച പ്രകൃതിശാസ്ത്രം 1883-ന് ഫെബ്രുവരിയിലാണ് തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളിന് സമര്‍പ്പിക്കപ്പെട്ടത്. കവര്‍ ഉള്‍പ്പെടെ 457 പേജുകളുള്ള പുസ്തകത്തിന്റെ വില ഒരുരൂപ എട്ടണയാണ്. 292 പേജുകളില്‍ ഗ്രന്ഥവിഷയം ചോദ്യോത്തരരൂപത്തില്‍ എഴുതപ്പെട്ടിരിക്കുന്നു. ഇതിനുപുറമെ 123 പേജുള്ള റെപെററ്റെറി ഇന്‍ ഇംഗ്ലീഷും (Reperatory in English) അതില്‍ ചേര്‍ത്തിട്ടുണ്ട്. പുസ്തകത്തിന്റെ ഉള്ളടക്കം വിശദമാക്കുന്ന 'പൊരുളടക്കം', പതിന്നാലുപേജുകളുള്ള ഇന്‍ഡക്‌സിനുമുമ്പായി നല്‍കിയിരിക്കുന്നു. ശുദ്ധിപത്രം രണ്ടുപേജുകളിലാണ് മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളത്.

മലയാളത്തില്‍ ഒരു ഫിസിക്‌സ് പുസ്തകം എഴുതുന്നതിന് മുന്‍കൈയെടുത്തതിനുപിന്നിലെ ന്യായീകരണം മഹാരാജാവിന് എഴുതിയ ആറുപേജുകളിലുള്ള സമര്‍പ്പണക്കത്തില്‍ യൊഹാനസ് ഫ്രൊന്‍മെയര്‍ നിരത്തിയിട്ടുള്ളത് ശ്രദ്ധേയമാണ്. യുഗങ്ങളായി നേടിയ വളര്‍ച്ചയുടെ നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും ഭാഷയുടെപേരില്‍ നിഷേധിക്കരുത്. ഇംഗ്ലീഷ്വിദ്യാഭ്യാസം ലഭിച്ചവരും ലഭിക്കാത്തവരും തമ്മിലുള്ള വിടവുകുറയ്ക്കണമെന്നും ഏതൊരുവിഷയവും ആദ്യം നാട്ടുഭാഷയില്‍വേണം മനസ്സിലുറപ്പിക്കേണ്ടതെന്നും വിശാഖം തിരുനാളിനെ അദ്ദേഹം ഓര്‍മിപ്പിച്ചു.

മാതൃഭാഷാപഠനം അനഭിമതമാണെന്ന് കരുതുന്ന മലയാളിക്ക് കനത്തമറുപടി നല്‍കുന്നതാണ് ഈ മലയാളഭാഷാസ്‌നേഹിയുടെ സമര്‍പ്പണക്കത്ത്. ''ഇംഗ്ലീഷ്വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും അവരുടെ വിജ്ഞാനം ഭദ്രമായ അടിത്തറയിലുറയ്ക്കുകയില്ല. ഒരാളുടെ ഭാഷ ഒരു യാദൃച്ഛികവസ്തുവല്ല. ഒരു രാഷ്ട്രത്തിന്റെ സ്വഭാവനിര്‍ണയത്തിനുതകുന്ന ശരീരലക്ഷണശാസ്ത്രമാണ് ഭാഷ. രാജ്യത്തിന്റെ സവിശേഷതകളുടെ മുഴുവന്‍ പ്രകാശശക്തിയാണത്. ഭാഷകളെ വസ്ത്രംപോലെ മാറ്റാന്‍വയ്യ. അങ്ങനെചെയ്താല്‍ രാഷ്ട്രത്തിന്റെ മൗലികതയും അന്തസ്സത്തയും നഷ്ടപ്പെടും'' -അദ്ദേഹം ചൂണ്ടിക്കാട്ടി.

സാങ്കേതികപദങ്ങള്‍ ഒരു പട്ടികയായി നല്‍കാനും അതിന് തത്തുല്യപദങ്ങള്‍ കണ്ടെത്താനും ഫ്രൊന്‍മെയര്‍ മറന്നില്ല. സംജ്ഞാനാമങ്ങളെപ്പോലും മലയാളത്തിലാക്കാന്‍ ശ്രമിച്ചു. ഓക്‌സിജനെ അമിലിതമായും നൈട്രജനെ യവാക്ഷരബാക്ഷ്പമായും ചിമ്മിനിയെ ചീനക്കുഴലായും ടെലഗ്രാഫിനെ അറ്റെഴുത്ത്കമ്പിയായും പെന്‍ഡുലത്തെ ഊഞ്ചലായും തെര്‍മോമീറ്ററിനെ ഘര്‍മമാത്രയായും ന്യൂട്ടനെ നൂതനായുമാണ് അദ്ദേഹം മലയാളീകരിച്ചിട്ടുള്ളത്. കഠിനപദങ്ങള്‍ക്കു പകരം ലളിതവാക്കുകള്‍ ഉപയോഗിച്ചും വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ നേരെ പറഞ്ഞുമാണ് ഗ്രന്ഥകര്‍ത്താവ് രചന നിര്‍വഹിച്ചിട്ടുള്ളത്.

പഴയകാല ഫിസിക്‌സില്‍ പരിജ്ഞാനമുള്ള വ്യക്തിയും തിരുവിതാംകൂറിലെ സിറിയന്‍ക്രിസ്ത്യാനിയുമായ ജി.ടി. വര്‍ഗീസ് ബി.എ.യുടെ സഹായം പുസ്തകത്തിന്റെ സംശോധനയ്ക്ക് ലഭിച്ചിരുന്നതായി ഗ്രന്ഥകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ ശാസ്ത്രം അവതരിപ്പിക്കേണ്ടതിന്റെ പ്രാമുഖ്യം, മാതൃഭാഷയ്ക്ക് നല്‍കേണ്ട പ്രാധാന്യം, മാതൃഭാഷയുടെ വളര്‍ച്ചയില്‍ ശ്രദ്ധിക്കേണ്ട തത്ത്വങ്ങള്‍, ശാസ്ത്രപുസ്തകരചനയില്‍ സ്വീകരിക്കേണ്ട പൊതുപ്രമാണങ്ങള്‍, സാങ്കേതികപദങ്ങള്‍ തര്‍ജമചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട നിഷ്ഠകള്‍ തുടങ്ങിയകാര്യങ്ങള്‍ പുസ്തകരചനാവേളയില്‍ യൊഹാനസ് ഫ്രൊന്‍മെയര്‍ ശ്രദ്ധിച്ചിരുന്നതായി പ്രശസ്തസാഹിത്യകാരനും നിരൂപകനുമായിരുന്ന സി.പി. ശ്രീധരന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത് കാണാനാകും.

ശാസ്ത്രസാഹിത്യരചനയില്‍ പാലിക്കേണ്ട തത്ത്വങ്ങളും ചട്ടങ്ങളും വിശദീകരിച്ചിട്ടുള്ള ഒരു പ്രമാണപത്രമോ അല്ലെങ്കില്‍ വളരുന്ന മലയാളഭാഷയുടെ ഒരു മാനിഫെസ്റ്റോയോയാണ് പ്രകൃതിശാസ്ത്രമെന്ന് അദ്ദേഹം വിലയിരുത്തുന്നു. മാത്രമല്ല, ഫ്രൊന്‍മെയര്‍ പുസ്തകത്തിലൂടെ വിശാഖം തിരുനാളിനോട് അഭ്യര്‍ഥിച്ച ശാസ്ത്രപഠന നിര്‍ദേശങ്ങളിലെ പലമാതൃകകളും തിരുവിതാംകൂറിലെ വിദ്യാഭ്യാസസമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തിയതായി അക്കാലത്തെ പാഠ്യപദ്ധതി പരിശോധിച്ചാല്‍ കണ്ടെത്താനാകുമെന്ന് സി.പി. ശ്രീധരന്‍ അദ്ദേഹത്തിന്റെ ശാസ്ത്രസാഹിത്യനിരൂപണത്തില്‍ അനുസ്മരിച്ചിട്ടുള്ളത് ഗ്രന്ഥകാരന്റെ ദീര്‍ഘവീക്ഷണത്തിന്റെ നിദര്‍ശനമായി കണക്കാക്കേണ്ടതാണ്.

ജര്‍മനിയിലെ ലുട്വിഗ്‌സ് ബര്‍ഗില്‍ 1850-ല്‍ ജനിച്ച റവ. എല്‍. യൊഹാനസ് ഫ്രൊന്‍മെയര്‍ ഒരു അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. അതിനുശേഷം ബാസല്‍ ഇവഞ്ചലിക്കല്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും കേരളത്തിലെത്തുകയും ചെയ്തു. 1876 മുതല്‍ 1905 വരെയുളള 29 വര്‍ഷം തലശ്ശേരി കേന്ദ്രമാക്കി മലബാറിലെയും ദക്ഷിണകര്‍ണാടകയിലെയും വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംനല്‍കി. ശാസ്ത്രവിദ്യാഭ്യാസത്തിന് പ്രാധാന്യംനല്‍കുന്ന പരിഷ്‌കരണങ്ങള്‍ ഉത്തരകേരളത്തില്‍ നടപ്പാക്കിയത് ഫ്രൊന്‍മെയറാണെന്ന് ബാസല്‍മിഷന്‍ ചരിത്രകാരന്‍ ദേവദാസ് മാടായി ചൂണ്ടിക്കാട്ടുന്നു. വിദേശികള്‍ക്ക് മലയാളം പഠിക്കുന്നതിനായി 'A Progressive Grammar of the Malayalam Languages for Europeans' എന്നപേരില്‍ മറ്റൊരുഗ്രന്ഥവും മെയര്‍ രചിച്ചതിനു പുറമേ, ക്രിസ്ത്യന്‍മതസംബന്ധിയായ ഏതാനും പുസ്തകങ്ങളും ലേഖനങ്ങളും മലയാളത്തിലും ജര്‍മന്‍ഭാഷയിലുമായി എഴുതിയിട്ടുണ്ടെന്ന് ദേവദാസ് മാടായി വ്യക്തമാക്കി. ഭാര്യയും രണ്ട് പുത്രന്മാരും ഒരു പുത്രിയുമുള്ള മെയര്‍ 1905-ല്‍ ഇന്ത്യയില്‍നിന്ന് സ്വദേശത്തേക്ക് മടങ്ങിപ്പോയി. 1921-ല്‍ ബാസല്‍മിഷന്റെ ആസ്ഥാനനഗരമായ ബാസലില്‍വെച്ച് നിര്യാതനായി.

Content Highlights: L.J. Frohnmeyer, German missionary, A Progressive Grammar of the Malayalam Languages for Europeans'

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Shyna

4 min

ജലനയനി; ജീവന്റെ തിളങ്ങുന്ന ജലഞരമ്പ്

Sep 20, 2020


Lajo Jose, Book Cover

3 min

ലാജോ ജോസിന്റെ ഓറഞ്ച് തോട്ടത്തിലെ അതിഥി; ക്ഷാരസ്വഭാവമുള്ള കഥാപാത്രങ്ങളുടെ ദുരൂഹമായ ഹരം!

Feb 17, 2023


Most Commented