''ഇത് ഒരു ആത്മകഥയല്ല. ആത്മകഥ എഴുതുവാന്‍ മാത്രമുള്ള പ്രശസ്തിയോ പ്രസക്തിയോ എനിക്കില്ല. കൗമാരം വിട്ടുമാറാത്ത പ്രായത്തില്‍ വരും വരായ്കകളെകുറിച്ച് വ്യക്തമായ ബോധമില്ലാതെ ഏറ്റെടുത്ത, ജീവിതത്തെ മാറ്റിമറിച്ച ഒരു സാഹസികയാത്രയുടെ ഓര്‍മ്മ മാത്രമാണ്.''എം.പി. സേതുമാധവന്റെ ലോഞ്ച് എന്ന ആത്മകഥ കയ്യില്‍ കിട്ടിയപ്പോള്‍ ആദ്യം കണ്ണില്‍ തറച്ചത് അതിന്റെ അക കവറിലെ ഈ വരികളായിരുന്നു. ലോറന്‍സ് ലവീസിന്റെ, 'കറുത്ത സംസ്കാരവും കറുത്ത മനസാക്ഷിയും (Black Culture and Black Conciousness) എന്ന പുസ്തകത്തെയാണ് അത് ഓര്‍മ്മിപ്പിച്ചത്. നടപ്പ് ചരിത്രരചനയുടെ ദുര്‍ബലതകള്‍ തുറന്നുകാട്ടി, സാധാരണക്കാരന്റെ ജീവിതസാഹചര്യങ്ങളുടെ ആഖ്യാനമാണ് യഥാര്‍ത്ഥ ചരിത്രം എന്ന അവബോധം വളര്‍ത്തിയ വ്യാഖ്യാതമായ കൃതി. വാമൊഴി ചരിത്രത്തിന്റെ (Oral History) പ്രസക്തി വെളിപ്പെടുത്തിയ ഈ കൃതിപോലെ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ലോഞ്ചും, സാധാരണക്കാരന്റെ ജീവിത പരിസരങ്ങളില്‍ നിന്ന് ഒരു കാലഘട്ടത്തിന്റെ കഥാവായിച്ചെടുക്കണം എന്ന തിരിച്ചറിവ് നല്കുന്നു.
ലോഞ്ച് പോലുള്ള ആത്മകള്‍ മലയാളത്തില്‍ വിരളമാണ്. സാധാരണ ക്കാരനായ ഒരാള്‍ തന്റെ ജീവിത പോരാട്ടത്തിന്റെ നാള്‍വഴികളെ അനുസ്മരിക്കുമ്പോള്‍ അത് ആ കാലഘട്ടത്തിന്റെ കഥ കൂടിയാവുന്നു. അറുപതുകളിലും എഴുപതുകളിലും കേരളത്തിലെ യുവാക്കള്‍ നേരിട്ട രൂക്ഷമായ തൊഴിലി ല്ലായ്മയുടെയും അരക്ഷിതബോധത്തിന്റെയും, അവരുടെ ഉള്ളില്‍ അപ്പോഴും അവശേഷിച്ച പ്രതീക്ഷകളുടെയും ഒക്കെ നേര്‍ക്കാഴ്ച്ച. ഗള്‍ഫ് എന്ന സ്വപ്നം യഥാര്‍ത്ഥ്യമാക്കുവാന്‍ അന്നത്തെ യുവത്വം നടത്തിയ സാഹസികമായ ഉദ്യമങ്ങളുടെ അനുഭവസാക്ഷ്യം.
1968-69 കാലഘട്ടം തലശ്ശേരി ബീച്ചില്‍ വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന കുറെ ചെറുപ്പക്കാര്‍ സൊറ പറഞ്ഞും, പുകവലിച്ചും ചീട്ടുകളിച്ചും സന്തോഷ സാന്ദ്രമായ നിമിഷങ്ങള്‍. അപ്പോഴും എല്ലാവരുടെയും ഉള്ളില്‍ ഒര് നെരിപ്പോട് എരിഞ്ഞിരുന്നു.പ്രാരാബ്ദങ്ങള്കൊണ്ട് നട്ടം തിരിയുന്ന വീട്ടുകാര്‍ക്ക് ഒരു താങ്ങാവാന്‍ കഴിയുന്നില്ലല്ലൊ എന്ന ദുഃഖം. ഫ്ളോര്മില്ലിലെയും, തീപ്പെട്ടികമ്പനികളിലെയും, കടകളിലേയും ഒക്കെ ചെറിയ ജോലിയില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം സ്വന്തം വട്ടചെലവുകള്ക്ക് പോലും തികയാത്ത അവസ്ഥ. എങ്ങിനെ ഒരു നല്ല ജോലി തരപ്പെടും? എങ്ങിനെ മുന്നോട്ട് പോകും? അങ്ങനെ വിഷമിച്ചിരിക്കുമ്പോള്‍ ആണ് അവര്‍ക്കിടയിലേക്ക് മമ്മൂക്ക കടന്നുവരുന്നത്. നാടോടിക്കാറ്റിലെ ഗഫൂര്‍ക്കയെ പോലെ, അനധികൃതമായ് ഗള്‍ഫിലേക്ക് ആളെ കടത്തുന്ന ഏജന്റ.് ആയിരം രൂപകൊടുത്താല്‍ ദുബായില്‍ എത്തിക്കാം. കോഴിക്കോട്ട് നിന്നോ ബോംബെയില്‍ നിന്നോ ലോഞ്ച് പുറപ്പെടും. എന്ന് എപ്പോള്‍ എന്നൊന്നും കൃത്യമായ് പറയാന്‍ ആവില്ല.
അന്ന് ആയിരം രൂപ ഒരു വലിയ തുകയാണ്. പലതും പണയപ്പെടുത്തിയും കടം വാങ്ങിയും കഷ്ടപെട്ടും പലരും അത് തയ്യാറാക്കി. ഒരുവില്‍ 1969 ഒക്ടോബറില്‍ യാത്രക്കായ് കൂട്ടുകാര്‍ ബോംബെയില്‍ എത്തുന്നു. ആഴ്ചകളോളം നീണ്ട കാത്തിരിപ്പ്. നീളുന്ന അനശ്ചിതത്വം. കടുത്തദാരിദ്ര്യം. അനധികൃതമായ യാത്രയാണ്. അതിനാല്‍ കസ്റ്റംസിന്റെയും കോസ്റ്റ്ഗാര്‍ഡിന്റെയും പോലീസിന്റെയും ഒക്കെ കണ്ണ് വെട്ടിക്കണം. ഒടുവില്‍ അര്‍ദ്ധരാത്രി പുറംകടലില്‍ യാത്രയ്ക്കുള്ള ലോഞ്ച് എത്തുന്നു. ലോഞ്ച് എന്നാല്‍ ഒരു ഇടത്തരം മീന്‍പിടുത്തബോട്ട് ആണ്. കാറ്റിന്റെ ഗതി അനുകൂലമാണെങ്കില്‍ മറ്റ് സാങ്കേതിക പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ അത് അഞ്ചാറ് ദിവസം കൊണ്ട് മറുകരയില്‍ എത്തും. പത്ത് പതിനഞ്ച് പേര്‍ക്ക് കഷ്ടിച്ച് യാത്ര ചെയ്യാവുന്ന ലോഞ്ചില്‍ അമ്പത്തഞ്ചോളം പേരെ കുത്തി നിറച്ചിരിക്കുന്നു. അവര്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും അതില്‍ കരുതിയിട്ടില്ല. ആദ്യത്തെ രണ്ട്മൂന്ന് ദിവസം രണ്ട് നേരം ഒരു പിടി ചോറു കിട്ടി. അരഗ്ലാസ്സ് വീതം വെള്ളവും. പിന്നെയത് ഒരു നേരമായ.് കൊടിയ വിശപ്പും അതികഠിനമായ ദാഹവും. വിശപ്പു സഹിക്കാം. ദാഹം ഒരു തരത്തിലും അടക്കാനാവില്ല. വല്ലാത്ത ഒര് അവസ്ഥ. കുളിയും പ്രഭാതകൃത്യങ്ങളും ഒക്കെ സ്വപ്നത്തില്‍ മാത്രം. ദിവസം ചെല്ലും തോറും കത്തുന്ന വെയിലില്‍, ഉപ്പ് കാറ്റേറ്റ് ശരീരം വരണ്ടുണങ്ങും. വല്ലാത്തൊര് ഒട്ടല്, അങ്ങിനെ കൊടിയ യാതനകള്‍ പേറി എത്ര എത്ര പേരാണ് ഈ കൊച്ചു യാനങ്ങളില്‍ കടല്‍ താണ്ടിയത്. അതില്‍ ഒരു പാട് പേര് കാറ്റിലും കോളിലും പെട്ട് കടലിന്റെ ആഴങ്ങളില്‍ മറഞ്ഞു.
ആറ് ദിവസങ്ങള്‍ക്ക് ശേഷം ഒരു തെളിഞ്ഞരാത്രി ഖോഫര്ഖാന് കുന്നുകള്ക്കടുത്ത് ബോട്ട് നങ്കൂരമിട്ടു. അമ്പത്തഞ്ച് പേരും കടലിലേക്ക് ചാടി. പിന്നെ കഴുത്തറ്റം വെള്ളത്തില്‍ ദൂരെ നിലാവില് തെളിഞ്ഞ മലനിരകളെ ലക്ഷ്യം വെച്ച് നീന്തിയും നടന്നും കരയിലേക്ക്.
അന്ന് ദുബായ് വികസനത്തിന്റെ ഭൂപടത്തില്‍ ഇടം നേടിയിട്ടില്ല. 1959 ല്‍ എണ്ണയുടെ കണ്ടെത്തല്‍ അറബ് മേഖലക്ക് പുത്തനൊര് ഉണര്‍വ്വ് നല്കി. പുതിയ സംരഭങ്ങളും കച്ചവടസ്ഥാപനങ്ങളും അവിടെ പച്ചപിടിച്ച് തുടങ്ങി. അനന്തമായ മണല്‍ക്കാടുകള്‍ക്കിടയില്‍ കൊച്ച് പട്ടണമായ് ദുബായ് പതുക്കെ പതുക്കെ വളര്‍ന്ന് വന്നു. ഭാഗ്യാന്വേഷികളായ നിരവധി പേര് അന്നേ ആ ചെറിയ പട്ടണത്തിലേക്ക് ചേക്കാറാന്‍ ആരംഭിച്ചു. അതില്‍ വലിയൊര് പങ്ക് മലയാളികളായിരുന്നു. ഭൂരിപക്ഷവും രേഖകളൊന്നുമില്ലാതെ എത്തിയവര്‍. ഈ അനധികൃത കുടിയേറ്റക്കാരോട് അവിടുത്തെ അധികാരികള്‍ക്ക് അനുകമ്പാപൂര്‍ണ്ണമായ നിലപാട് ആയിരുന്നു. തൊഴിനല്വേഷിച്ച് എത്തുന്ന ഇവര്‍ തങ്ങളുടെ നാടിനെ മുന്നോട്ട് നയിക്കും എന്നവര്‍ ആത്മാര്‍ത്ഥമായ് വിശ്വസിച്ചു.
ലോഞ്ച് യാത്രയെക്കാള്‍ ദുരിതപൂര്‍ണ്ണമായിരുന്നു ദുബായിലെ തൊഴില്‍ അന്വേഷണം. കയ്പേറിയ അനുഭവങ്ങള്‍, കൊട്ടിയടക്കപെട്ട വാതിലുകള്‍, എങ്ങുമെത്താത്ത അലച്ചിലുകള്‍. പ്രതിസന്ധികള്‍ തളര്‍ത്താത്ത മനസ്സും, അവിചാരിതമായ് വര്‍ഷിക്കുന്ന ഭാഗ്യങ്ങളും അദ്ദേഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുകയായിരുന്നു.
''ഒരു ദിവസം ജോലിയന്വേഷിച്ച് ഒരു പ്രദേശത്തുകൂടി നടക്കുകയായിരുന്നു. എത്ര കിലോമീറ്റര്‍ നടന്നുവെന്ന് ഓര്‍മയില്ല. മ്ലാനമായ മനസ്സും പേറി ഒരുതരം യാന്ത്രികമായ നടത്തം. നവംബര്‍ മാസമാണെങ്കിലും മധ്യാഹ്നസൂര്യന്റെ പ്രതാപത്തിന് അല്പം പോലും കുറവില്ല. വിശപ്പും ദാഹവും ചെന്നായ്ക്കളെപ്പോലെ എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. തികച്ചും ശൂന്യമായ കുപ്പായക്കീശ. എനിക്കു കരച്ചില് വരുന്നുണ്ടായിരുന്നു. അല്പം ദൂരേയായി ഡീലക്സ് അപ്പാര്‍ട്ട്മെന്റു പോലെ തോന്നിച്ച ഒരു കെട്ടിടം കാണാനായി. അവിടെ ഏതെങ്കിലും ഫ്ളാറ്റില്‍ ഒരു ജോലി കിട്ടാതിരിക്കില്ല. അവശതയിലാണ്ട ശരീരവും പേറി കുറെ ഫ്ളാറ്റുകളില്‍ മുട്ടി. ആര്‍ക്കും എന്നെ വേണ്ട. എല്ലാവരും ആട്ടിപ്പായിച്ചു. കുറച്ചു നാള് മുന്‍പു കണ്ട ആ അമ്മയെപ്പോലെ ആരെങ്കിലും വാതില്‍ തുറന്ന് ഒരു ഗ്ലാസ് വെള്ളം തന്നെങ്കില്‍! വയ്യ.... തലചുറ്റുന്നു. ആ കെട്ടിടത്തിന്റെ മുന്പിലെ റോഡരികില്‍ കണ്ട ഒരു കല്‍ക്കുറ്റിയില്‍ തളര്‍ന്നിരുന്നുപോയി. എവിടെയാണ് ദൈവമേ നീ എന്നെക്കൊ ണ്ടെത്തിച്ചിരിക്കുന്നത്? തല കൈകളില്‍ താങ്ങി കുനിഞ്ഞിരിക്കുമ്പോള്‍ കണ്ണുനീരിന്റെ നനവിലൂടെ കണ്ടു, എന്റെ കാലിനടുത്തായി ഒരു ഖത്തര്‍ ദുബായ് റിയാലിന്റെ നോട്ട്! വിശ്വാസം വന്നില്ല. സത്യമാണോ ഇത്? നോട്ടെടുത്ത് തിരിച്ചും മറിച്ചും നോക്കി. അതെ.... ദുബായില്‍ സ്വീകാര്യമായ കറന്‍സിതന്നെ. ദൈവമേ.... നിന്റെ അപാരമായ കരുണയ്ക്ക് എങ്ങനെയാണ് നന്ദിപറയേണ്ടത്? നിന്റെ വഴികള്‍ വിചിത്രം തന്നെ. മനസ്സില്‍ ഈശ്വരനു നന്ദിപറഞ്ഞുകൊണ്ട് നോട്ട് കടന്നെടുത്തു. അതുമായി അടുത്തുള്ള പലചരക്കുകടയിലേക്ക് ഓടുകയായിരുന്നു. അവിടെനിന്നു വാങ്ങിയ ഒരു കുപ്പി വെള്ളം നിന്നനില്പില് അകത്താക്കി. ഒരു വലിയ പാക്കറ്റ് ബിസ്കറ്റും''........
ഒടുവില്‍ ഒരു ഹോട്ടലില്‍ ക്ലീനിങ്ങ് ബോയ് ആയ് ജോലി തരപ്പെട്ടു.പന്ത്രണ്ടും പതിനാലും മണിക്കൂര്‍ നീണ്ട ജോലി. ഒരുപാട് യാത്രചെയ്ത് ക്രീക്കിലെ കടത്തും കടന്നു വേണം ഹോട്ടലില്‍ എത്താന്‍. അത് തുടരാനായില്ല. പിന്നീട് ചില ഓഫീസുകളില്‍ ക്ലര്‍ക്കിന്റെ വേഷം. ഒടുവില്‍ ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സില്‍ താല്‍ക്കാലിക ജോലി. ഏറെ താമസിയാതെ സ്ഥിരം നിയമനം. അത് ഭാഗ്യത്തിലേക്കുള്ള ആദ്യപടിയായിരുന്നു. ആത്മാര്‍ത്ഥതയും സ്ഥിരോല്‍സാഹവും കൈമുതലാക്കി ഇന്‍ഷുറന്‍സിന്റെ സങ്കീര്‍ണ്ണമായ വശങ്ങള് സ്വായത്തമാക്കുവാനും, പിന്നീട് ആ മേഖലയില്‍ വിജയകരമായ് സ്വന്തം ബിസിനസ്സ് നടത്തുവാനും അദ്ദേഹത്തിന് സാധിച്ചു.
സ്ഥിരം ജോലി ആയതോടെ വിസ ലഭിച്ചു. ഇനി പ്രവാസം നിയമ വിധേയമാക്കണം. അതിന്ന് പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്യണം. പാസ്പോര്‍ട്ട് അങ്ങ് നാട്ടിലാണ്. വീണ്ടും ഒരു അനധികൃത ലോഞ്ച് യാത്ര. ഇത്തവണ പക്ഷെ ആവശ്യത്തിന്ന് വെള്ളവും ഭക്ഷണവുമുള്ള വലിയ ലോഞ്ചില്‍ തന്നെ. പത്താംദിവസം മഹാരാഷ്ട്രതീരത്ത് എത്തുന്നു. ചെന്ന് പെട്ടത് പോലീസിന്റെ കയ്യില്‍. പിന്നെ പതിനഞ്ച് ദിവസം ജയില്‍വാസം. ഒടുവില്‍ കോടതി വെറുതെ വിടുന്നു.
എം.പി.സേതുമാധവന് വേണ്ടി അദ്ദേഹത്തിന്റെ അനുജന് എം.വി.ഗോപാലകൃഷ്ണന് ആണ് ഈ പുസ്തകം കേട്ടെഴുതിയിരിക്കുന്നത്. മനോഹരമായ ഭാഷ. ഉദ്യോഗം നിറഞ്ഞ അവതരണം. ആരും ഒറ്റ ഇരുപ്പില്തന്നെ വായിച്ച് പോകും. പ്രവാസത്തിന്റെ കഥയോടൊപ്പം തന്നെ ഗള്‍ഫിന്റെ വികസനത്തിന്റെ കഥയും ഇതില്‍ ചുരുളഴിയുന്നു. ഒരു മരുഭൂമിയില്‍ നിന്ന് ഒരു മഹാനഗരം വളര്‍ന്നുവന്നതിന്റെ നേര് സാക്ഷ്യം - സ്വകാര്യ സംരംഭങ്ങളെയും സ്വകാര്യമൂലധനത്തെയും കയ്യയഞ്ഞ് പ്രോത്സാഹിപ്പിച്ച ഗള്‍ഫ് ഭരണാധികാരി കളുടെ പ്രായോഗികബുദ്ധി, സോഷ്യലിസ്റ്റ് നയങ്ങളില്‍ തട്ടി കാലിടറുന്ന നമുക്ക് മാതൃകയാവേണ്ടതാണ്. ലോഞ്ച് അറിയാതെ മുന്നോട്ട് വെക്കുന്ന ആശയം അതുതന്നെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..