
പുസ്തകത്തിന്റെ കവർ
മിനി പി.സി എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ക്രൈം ത്രില്ലര്‍ നോവലായ 'ഡെവിള്‍ ടാറ്റൂ' അഖില്‍ കൃഷ്ണന്റെ വായനയില്‍.
കൊച്ചിയിലെ ഹോട്ടല്‍ സീലാന്‍ഡ് റസിഡന്‍സിക്ക് മുന്നില്‍ നിന്നും ചുറ്റിക പോലെയുള്ള ആയുധം കൊണ്ട് തല്ലിച്ചതച്ചും ആസിഡൊഴിച്ചു പൊള്ളിച്ചും വികൃതമാക്കിയ ഒരു മനുഷ്യത്തല കണ്ടെത്തി. ഏറെ അകലെ നിന്നല്ലാതെ തല അരിഞ്ഞുമാറ്റപ്പെട്ട നിലയില്‍ രക്തത്തില്‍ കുളിച്ച മറ്റൊരു കബന്ധവും. ആ ശരീരത്തിന്റെ കിടപ്പ് ബീഭത്സമായിരുന്നു, പൈശാചികം എന്ന് പറഞ്ഞാല്‍ പിശാചുക്കള്‍ പോലും അറയ്ക്കുന്ന രീതിയില്‍ വിവസ്ത്രമായ ആ ദേഹമാകെ വരഞ്ഞു കീറിയും നഖങ്ങള്‍ പിഴുതെടുക്കപ്പെട്ടും കണ്ണുകള്‍ ചൂഴ്ന്നെടുക്കപ്പെട്ടും ജനനേന്ദ്രിയത്തില്‍ മൂര്‍ച്ചയേറിയ സൂചികള്‍ തറയ്ക്കപ്പെട്ടും കാണപ്പെട്ടു. സമാനമായ മറ്റൊരു മൃതദേഹം താമസിയാതെ പാടിവട്ടത്ത് ഒരു ഇന്റര്‍നെറ്റ് കഫേയ്ക്കടുത്ത് നിന്നും കണ്ടെത്തി. അധികം വൈകാതെ വ്യത്യാസങ്ങളൊന്നുമില്ലാതെ മൂന്നാമതൊന്ന് ജ്യൂ സ്ട്രീറ്റിനരികെ നിന്നും. മറ്റെല്ലാ സമാനതകള്ക്കുമപ്പുറം അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കിയത് മൂന്ന് മൃതദേഹങ്ങളുടെയും അടിവയറ്റില്‍ കാണപ്പെട്ട പ്രത്യേക തരം കറുത്ത മഷിയില്‍ കണ്ട ടാറ്റൂ ആയിരുന്നു. ടാറ്റൂയിങ് മേഖലയില്‍ നിന്നും ആശ്വാസ്യമല്ലാത്ത പല വാര്‍ത്തകളും വന്നു കൊണ്ടിരിയ്ക്കുന്ന ഒരു കാലഘട്ടമാണിത്. പക്ഷെ, ഇത്രയും നേരം പറഞ്ഞത് അത്തരം ഒരു സംഭവമല്ല. മിനി പി സി എഴുതിയ 'ഡെവിള്‍ ടാറ്റൂ' എന്ന പുസ്തകത്തെക്കുറിച്ചാണ്.
ഗോവയില്‍ നിന്നും തക്കതായ കാരണത്താല്‍ ഓടിപ്പോകേണ്ടി വരുന്ന കാസീം എന്ന ചെറുപ്പക്കാരന് കൊച്ചിയില്‍ അഭയം പ്രാപിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. കാസീമിലൂടെ കഥ ഗോവയിലെ ഡഗ്ലസ് എന്ന അധോലോക രാജാവിലേക്കും അയാളുടെ തട്ടിയെടുക്കപ്പെട്ട മക്കളിലേക്കും വളരുന്നു. എന്നാലതിന്റെ തുടര്‍ചലനങ്ങള്‍ക്ക് വേദിയാകുന്നത് ചെല്ലാനവും കടമക്കുടിയും ചെകുത്താന്തുരുത്തുമൊക്കെ ചേരുന്ന കൊച്ചി അഴിമുഖമാണ്. കുറ്റാന്വേഷണ കഥകളിലെ ഏറ്റവും വലിയ വെല്ലുവിളിയായി തോന്നാറുള്ളത് കളത്തിലിറങ്ങുന്ന ചീട്ട് പോലെ കഥയില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളും സംഭവങ്ങളുമൊക്കെ കഥാന്ത്യത്തില്‍ കടമകള്‍ കൃത്യമായവസാനിപ്പിച്ചു ബോക്സില്‍ എത്തുമോ എന്നുള്ളതാണ്. അല്ലെങ്കില്‍ ഉദ്വേഗം നിലനിര്‍ത്തുമ്പോള്‍ പോലും കഥ ചീട്ടുകൊട്ടാരം പോലെ തകരുന്നത് കാണേണ്ടി വരും. ഈ പരസ്പരബന്ധത്തിന്റെ നൈരന്തര്യത്തെ നിലനിര്‍ത്താനായി എന്നതില്‍ എഴുത്തുകാരിക്ക് പ്രത്യേക കയ്യടിയുണ്ട്. ഒരു കഥാപാത്രം പോലും കഥാശരീരത്തിന് ദുര്മേദസ്സാകാതെ കടന്നുപോകുന്നുണ്ട്.
കഥയിലേക്ക് തിരിച്ചുപോയാല്‍ പതിറ്റാണ്ടുകള്‍ക്ക് പിന്നിലുണ്ടായ സംഭവങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ കാത്തിരുന്ന് കോപ്പു കൂട്ടിയെത്തുന്ന മനുഷ്യരുടെ കേട്ടറിവുള്ള തന്തു തന്നെയാണുള്ളത്. പക്ഷെ നാമടുത്തിടെ മാത്രം കേട്ട് പരിചയിച്ചു തുടങ്ങിയ ടാറ്റൂയിങ്ങിന്റെ അനന്തമായ കൈവഴികളും സാത്താന് സേവകരായ കറുത്ത കുര്ബ്ബാനക്കാരുമൊക്കെ കഥാഗതിയില്‍ കൈ വെക്കുന്നതോടെ ഈ കൊച്ചിക്കൊലപാതപരമ്പരയുടെ കളര്‍ മാറുകയാണ്. ഒരു പേജില്‍ പോലും കൈവിടാത്ത ഉദ്വേഗവും ആകസ്മികതയും പച്ച കുത്തിയിരിക്കുന്ന ഡെവിള്‍ ടാറ്റൂ ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കേണ്ടുന്ന ഒരു ക്രൈം ത്രില്ലറാണ്. മനുഷ്യക്കൊഴുപ്പ് കൊണ്ട് നിര്‍മ്മിച്ച കറുത്ത മെഴുകുതിരികളും നിഗൂഢ മഷി കൊണ്ട് ടാറ്റൂ ചെയ്യുന്ന ദുരൂഹരായ കലാകാരന്മാരും മയക്കുമരുന്നൊഴുകുന്ന ഗോവന്‍ അധോലോകവും കൊലയാളിപ്പെണ്ണുങ്ങളും ചേര്‍ന്ന് പതിറ്റാണ്ടുകള്‍ നീണ്ട കുടിപ്പകയ്ക്ക് അന്ത്യം കുറിക്കാന്‍ ഒരുക്കിയ ഡെവിള്‍ ടാറ്റൂവിന്റെ മികച്ച ഒരു വായനാനുഭവം തന്നെയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..