കാവേരിയോടൊപ്പം ഒഴുകുന്ന ദേശചരിത്രങ്ങള്‍


റഫീഖ് ഇബ്രാഹിം

ആ നദീതീരങ്ങളില്‍ പല കാലങ്ങളായി ഉയിര്‍കൊണ്ട ജനപദങ്ങള്‍, ഇനിയുമനാവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത നിഗൂഢതകള്‍, പുരാവൃത്തവും വിശ്വാസവും ചരിത്രവും കെട്ടു പിണഞ്ഞു കിടക്കുന്ന തീരത്തെ വാമൊഴികള്‍, യുദ്ധങ്ങള്‍, കൊള്ളകള്‍,പടയോട്ടങ്ങള്‍ അതിന്റെ ചരിത്രമാണ് ഒ.കെ.ജോണിയുടെ 'കാവേരിയോടൊപ്പം എന്റെ യാത്രകള്‍'

-

രു നദി.. അതിന്റെ പ്രയാണ പഥത്തിലെ 765 കിലോമീറ്റര്‍ ദൂരം. തെക്കന്‍ കര്‍ണാടകത്തിന്റെ കാര്‍ഷിക സമൃദ്ധിക്കും തമിഴകത്തിന്റെ സമ്പന്ന സാംസ്‌കാരിക പൈതൃകത്തിനും നിദാനമായ ജലപ്രവാഹം. അതൊഴുകുന്ന വഴിയുടെ കഥ ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ചരിത്രമാണ്. ആ നദീതീരങ്ങളില്‍ പല കാലങ്ങളായി ഉയിര്‍കൊണ്ട ജനപദങ്ങള്‍, ഇനിയുമനാവരണം ചെയ്യപ്പെട്ടിട്ടില്ലാത്ത നിഗൂഢതകള്‍, പുരാവൃത്തവും വിശ്വാസവും ചരിത്രവും കെട്ടു പിണഞ്ഞു കിടക്കുന്ന തീരത്തെ വാമൊഴികള്‍, യുദ്ധങ്ങള്‍, കൊള്ളകള്‍,പടയോട്ടങ്ങള്‍ അതിന്റെ ചരിത്രമാണ് ഒ.കെ.ജോണിയുടെ 'കാവേരിയോടൊപ്പം എന്റെ യാത്രകള്‍'

രവീന്ദ്രന്‍ സ്‌കൂളാണ് ഒ.കെ.ജോണി.''എന്റെ കേരള'ത്തിനായുള്ള രവീന്ദ്രന്റെ യാത്രകളില്‍ ജോണി അദ്ദേഹത്തിന്റെ സഹയാത്രികനായിരുന്നു എന്നാണറിവ്. അതു കൊണ്ടു തന്നെയായിരിക്കാം എസ്.കെ.യൊക്കെ അവതരിപ്പിക്കാന്‍ ശ്രമിച്ച അറിയാത്ത ദേശങ്ങളെക്കുറിച്ചുള്ള വാങ്മയ ചിത്രങ്ങളല്ല, അറിയുന്ന ദേശങ്ങളുടെ സാംസ്‌കാരിക ചിത്രണമാണ് ജോണിയിലും ചേരുന്നത്.ദേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും രവീന്ദ്രനിലെന്നതു പോലെ ഇവിടെയും പശ്ചാത്തലമല്ല. ഇന്ദ്രിയഗോചരമായ സ്ഥലം (percieved space), ഭാവനാസ്ഥലം(imagined space) എന്നീ ഹെന്റിലെഫബ് വെയുടെ തരം തിരിവുകളെ ചേര്‍ത്താണ് ജോണി സ്ഥലത്തെ അവതരിപ്പിക്കുന്നത്. ഫിക്ഷനെന്നോ നോണ്‍ഫിക്ഷനെന്നോ വേര്‍തിരിക്കാന്‍ കഴിയാത്തൊരു ഭ്രമാത്മകത അതിനാല്‍ തന്നെ ഈ പുസ്തകം പേറുന്നു.

യാത്രാവിവരണമെന്നാണ് ഗ്രന്ഥകാരന്‍ ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും ആ കള്ളിയിലൊതുങ്ങുമോ എന്നത് സംശയമാണ്. ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ചരിത്രം എന്നു വിശേഷിപ്പിക്കുന്നതാവും കുറെക്കൂടി യുക്തിസഹം. ആ അര്‍ത്ഥത്തില്‍ മലയാളത്തില്‍ മുന്‍ മാതൃകകളില്ലാത്ത ഒന്നു കൂടിയാവുന്നു ഈ പുസ്തകം. ബ്രഹ്മപുത്രയെയോ, യമുനയെയോ മുന്‍നിര്‍ത്തി അതിന്റെ തീരത്തിന്റെ ചരിത്രങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തില്‍- ചരിത്രത്തെ അതിന്റെ അംഗീകൃതപരിപ്രേക്ഷ്യത്തില്‍ നിന്ന് മാറി നോക്കാനുള്ള - ഇത്തരമൊരു ശ്രമം ഇതു വരെ കണ്ടിട്ടില്ല.

പശ്ചിമഘട്ട മലനിരകളിലെ ബ്രഹ്മഗിരിയുടെ ശൃംഗങ്ങളിലൊന്നില്‍ നിന്ന് പുറപ്പെട്ട്, തമിഴകപ്പഴമയുടെ പ്രാചീനതുറമുഖമായ പും പുഹാറിലെത്തുന്നതിനിടെ കാവേരി സാക്ഷ്യം വഹിച്ച ചരിത്രത്തിലേക്ക് മുന്‍പോട്ടും പിന്‍പോട്ടും സഞ്ചരിക്കുകയാണ് ജോണി ചെയ്യുന്നത്; ഒരു ചരിത്രഗവേഷകന്റെ സൂക്ഷ്മപാടവത്തോടെയും പ്രതിബദ്ധനായ ഒരു പത്രപ്രവര്‍ത്തകന്റെ രാഷ്ട്രീയജാഗ്രതയോടെയും. എണ്‍പതുകളുടെ മധ്യം മുതലെങ്കിലും അദ്ദേഹം നടത്തിയ ഭിന്നയാത്രകളുടെ പുനര്‍സമാഹരണമാണിത്. ചിലയിടത്ത് ദിനസരിക്കുറിപ്പാവുമ്പോള്‍ ചിലയിടത്തത് അക്കാദമിക് പ്രബന്ധമാവുന്നു ചിലപ്പോളൊക്കെ നോവലിനെ ഓര്‍മിപ്പിക്കുന്ന ശില്പചാരുതയാവുന്നു.

തലക്കാവേരിയില്‍ നിന്നാണ് പുസ്തകത്തിന്റെയുമാരംഭം. ഒരേ ഭാഷാഗോത്രത്തില്‍പ്പെടുന്ന ഭിന്നഭാഷാസമൂഹത്തിനിടയില്‍ ഇന്നും രാഷ്ട്രീയസംഘര്‍ഷം സൃഷ്ടിക്കുന്ന കാവേരിയുടെ പ്രവാഹവഴികള്‍ തെക്കന്‍കര്‍ണ്ണാടകത്തിലെ കുടകില്‍ നിന്നാരംഭിക്കുന്നു. നാലക്ക് നാട് അരമനയെന്ന മധ്യകാലരാജവസതികളിലൊന്നില്‍ ടിപ്പു വധിക്കപ്പെട്ടതോടെ സ്വതന്ത്ര്യരെയങ്കിലും സാമൂഹ്യവും ജാതീയവുമായി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട് ശിഷ്ടകാലം എരിഞ്ഞടങ്ങിയ ദേവമ്മാജി, നീലമ്മാജി എന്നീ രണ്ട് കുടക് രാജസ്ത്രീകളില്‍ നിന്നാണ് പുസ്തകം പ്രയാണത്തിന്റെ തുടക്കം പിന്നിടുന്നത്.

പുസ്തകത്തില്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷണീയമായതും ഈ പരിചരണ രീതിയാണ്. പരമശിവനെപ്പോലും മോഹിപ്പിച്ച സുന്ദരിയായി ഭക്തര്‍ സങ്കല്പിക്കുന്ന കാവേരിയുടെ തീരങ്ങളിലെ സ്ത്രീ ജീവിതങ്ങളുടെ ചിത്രണം മിഴിവോടെ പുസ്തകത്തില്‍ നിറയുന്നു. കാവേരിയുടെ പ്രധാന പോഷകനദിയായ കബനിയുടെ തീരഗ്രാമങ്ങള്‍ മുതല്‍ കടലില്‍ ചേരുന്ന പുംപുഹാര്‍ വരെ ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് മാസ്തിക്കല്ലുകള്‍ (സതിയനുഷ്ഠിച്ചവരുടെ സ്മാരകങ്ങള്‍) ഈ ഗാഥയുടെ വേദനിപ്പിക്കുന്ന രൂപകങ്ങളാവുന്നു. ഭര്‍ത്താവിന്റെ ചിതയില്‍ ആത്മഹൂതി

ചെയ്ത വിധവകളുടെ ആത്മകഥകളാണ് ആ സ്മാരകങ്ങളില്‍ നിന്ന് വായിച്ചെടുക്കുന്നത്. ദെക്കബ്ബെ, ജിയാക്കമ്മ എന്നീ രണ്ട് സതീ കഥകള്‍ നെടുവീര്‍പ്പോടെയല്ലാതെ അവസാനിക്കുന്നില്ല.

kaveri
ഫോട്ടോ- ബിനോയ് മരികല്‍

ദേവതാപദവിയിലേക്കുയര്‍ത്തപ്പെട്ട ഒമ്പതാം നൂറ്റാണ്ടിലെ മിസ്റ്റിക് കവയിത്രി ആണ്ടാള്‍, അവരുടെ തുടര്‍ച്ചകളാവുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ദേവദാസിയായ കവിയത്രി മുദ്ദുപളനിയും ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മൈസൂര്‍ മഹാരാജാവിന്റെ കൊട്ടാരം വിദുഷിയും തെന്നിന്ത്യയിലെ അവസാന പ്രശസ്ത ദേവദാസിയുമായ വിദ്യാസുന്ദരി ബാംഗ്ലൂര്‍ രത്‌നമ്മയും കാവേരിയുടെ അനന്തതയിലേക്ക് ആത്മത്യാഗം ചെയ്ത് തലക്കാടിന്റെ ശാപമായ അലമേലമ്മയുടെയും ബ്രിട്ടീഷ് രാജ്ഞിയുടെ വളര്‍ത്തുപുത്രിയായിട്ടും ദുരന്തപര്യവസാന നായികയാവുന്ന കുടക് രാജകുമാരി വിക്ടോറിയ ഗൗരമ്മയുടെയും കഥ കൂടിയാണിത്.

kavery
പുസ്തകം വാങ്ങാം

കുടകിന്റെ ശീതളിമയില്‍ നിന്നും കാവേരി ബൈലക്കുപ്പയിലെത്തുമ്പോള്‍ അരനൂറ്റാണ്ടിലേറെയായി അവിടെ തളഞ്ഞു കിടക്കുന്ന ഒരു ഹിമാലയന്‍പര്‍വ്വത ജനതയുടെ കഥയാവുന്നു കാവേരിക്ക് പറയാനുള്ളത്. കുശാല്‍നഗരത്തിലെ ടിബറ്റന്‍ മൊണാസ്ട്രിയും ലെക്പാ സാം ചെ എന്ന ഹോളിവുഡ് നടിയെയും വിട്ട് നഞ്ചന്‍ഗുഡ് വഴി കൊക്കര ബെല്ലൂരിലെത്തുമ്പോള്‍ വര്‍ഷാവര്‍ഷം വിരുന്നെത്തുന്ന ദേശാടനപ്പക്ഷികള്‍ക്കായി വിരുന്നൊരുക്കി കാത്തിരിക്കുന്ന ഒരു വിനീത കര്‍ണാടകഗ്രാമത്തിന്റെ ഛായാപടം പുസ്തകത്തില്‍ നിറയുന്നു.

അവിടുന്നങ്ങോട്ട് കാവേരി സഞ്ചരിക്കുന്നത് ദക്ഷിണേന്ത്യയിലെ തീവ്രമായൊരു രാഷ്ട്രീയപ്രശ്‌നത്തിലേക്കാണ്. നവാബ് ഹൈദരലി ഖാന്റെയും മകന്‍ ടിപ്പു സുല്‍ത്താന്റെയും ശ്രീരംഗപട്ടണം. പി.കെ. ബാലകൃഷ്ണന്റെ ചുവട് പിടിച്ച്, മൈസൂര്‍ രാജവംശങ്ങളുടെ ചരിത്രം കഴിയുന്നത്ര വസ്തുനിഷ്ഠമായവതരിപ്പിക്കുകയാണ് തുടര്‍ന്നുള്ള അഞ്ചധ്യായങ്ങള്‍. ഏകദേശം അറുപത്തിയഞ്ച് പേജ് വരുന്ന ഈ ഭാഗം കനപ്പെട്ട ഒരു പഠനമായി മലയാളത്തില്‍ നില്‍ക്കും. മിര്‍ ഹുസൈന്‍ അലിഖാന്‍ കിര്‍മാനിയുടെയും മൈസൂര്‍ ഗസറ്റിയറിന്റെയും ഓറിയന്റലിസ്റ്റ് ആഖ്യാനങ്ങളുടെയും തുടരെത്തുടരെയുള്ള റഫറന്‍സിലൂടെ മുഖ്യധാരയുടെ ടിപ്പുസുല്‍ത്താനെ അപനിര്‍മിക്കുകയാണ് പുസ്തകം.

kavery
ഫോട്ടോ- മധുരാജ്‌

സോമനാഥപുരയിലും ശ്രാവണ്‍ബലഗോളയിലുമെത്തുമ്പോള്‍ ഹൊയ്സാല വാസ്തുവിദ്യയുടെയും ശില്പ്പകലയുടെയും കമന്ററിയാവുന്ന കാവേരിയോടൊപ്പം, തലക്കാടെത്തുമ്പോള്‍ അലമേലമ്മയുടെ ആത്മാഹുതിയെന്ന പുരാവൃത്തത്തിന്റെ പൊരുളാണ് ചികയുന്നത്. തലക്കാട് മണല്‍ക്കാറ്റടിച്ച് മൂടിയതും വോഡയാര്‍ രാജവംശം മക്കളില്ലാതെ അന്യം നിന്നതും ഒരു സ്ത്രീയുടെ ശാപഫലമാണെന്ന വിശ്വാസത്തിന് അനാവരണം ചെയ്യപ്പെടാതെ ഒരു നിഗൂഢതയുടെ വശ്യതയുണ്ട്. തലക്കാട് നിന്ന് കാവേരി സത്യമംഗലം കാട്ടിലെ വീരപ്പനിലൂടെ തമിഴകത്തേക്ക് പ്രവേശിക്കുന്നു.

ഇനിയങ്ങോട്ട് സംഘകാല തമിഴകത്തിന്റെ രാഷ്ട്രീയഘടന തൊട്ട് സമ്പന്ന കലാപൈതൃകത്തെ വരെ തഴുകിയാണ് കാവേരിയൊഴുകുന്നത്. ശ്രീരംഗം, തഞ്ചാവൂര്‍ വഴി ഗംഗൈകൊണ്ട ചോളപുരത്തെത്തുമ്പോള്‍ ചോളരാജവംശത്തോടൊപ്പം തമിഴ്‌സാഹിത്യത്തിന്റെ ചരിത്രം കൂടിയാവുന്നു. അവിടെ നിന്ന് ത്യാഗരാജന്റെ തിരുവയാറിന്റെ സംഗീതപാരമ്പര്യത്തിലൂടെ കുംഭകോണം സാരംഗപാണിക്ഷേത്രത്തില്‍ ഓട്ടപ്രദക്ഷിണം നടത്തി ചിദംബരത്തെ നടരാജ നൃത്തത്തില്‍ കാവേരി പൂര്‍ത്തിയാകുന്നു. പിന്നീട് കാവേരിക്കൊരു സ്ഥാനം മാത്രമേയുള്ളൂ എ.ഡി. ആദ്യശതകത്തില്‍ കടലെടുത്തു പോയ കാവേരീ പട്ടണമെന്ന പുരാതന തുറമുഖം. കണ്ണകിയുടെയും കോവലന്റെയും ജന്മനാട്. പലതായിപിരിഞ്ഞ് വീണ്ടും കൂടിച്ചേര്‍ന്ന് കാവേരി പും പുഹാറില്‍ കടലിലേക്ക് ചേരുമ്പോള്‍ ദക്ഷിണേന്ത്യയുടെ സമ്പന്നചരിത്രത്തിന്റെ നേര്‍ പ്രത്യക്ഷമാവുന്നു കാവേരിയെന്ന നദി.

ദക്ഷിണേന്ത്യ അപരിഷ്‌കൃതവും അസംസ്‌കൃതവുമായ അനാര്യസംസ്‌കാരമായി അവതരിപ്പിക്കപ്പെടുന്ന വര്‍ത്തമാനത്തില്‍ ഈ പുസ്തകത്തിന് മലയാളത്തിന് പുറത്ത് പ്രസക്തിയുണ്ട്. പ്രത്യേകിച്ചും മറാത്താരാജവംശത്തിന്റെ പടയോട്ടത്തെ പ്രതിരോധിച്ച തമിഴകത്തിന്റെയും ബ്രിട്ടീഷ്‌സാമ്രാജ്യത്വത്തിനെതിരെ സന്ധിയില്ലാതെ സമരം ചെയ്ത ടിപ്പു സുല്‍ത്താന്റെയും രാഷ്ട്രീയചരിത്രം. കലിംഗദേശത്തേക്ക് പടനയിച്ച കുലോത്തുംഗ ചോളന്റയും ഗംഗാജലം ദിഗ്വിജയത്തിനു ശേഷം ചോളമണ്ഡലത്തിലെത്തിക്കുന്ന രാജേന്ദ്ര ചോളന്റയും രാജസ്ഥാനങ്ങള്‍, കടല്‍ കടന്നും വ്യാപിച്ച അതിന്റെ വളര്‍ച്ചയും ദക്ഷിണേന്ത്യയുടെ കച്ചവടചരിത്രവും. കര്‍ണാടിക് സംഗീതത്തിന്റെയും സംഘകാലസാഹിത്യത്തിന്റെയും നൃത്തത്തിന്റെയും വാസ്തുശില്പ്പകലയുടെയും സമ്പന്നപൈതൃകസ്വത്ത് തുറന്നെടുക്കുക ചെയ്യുന്നതോടെ ആര്യന്മാരില്‍ നിന്നൊട്ടും താഴെയല്ലാത്ത ജനസംസ്‌കാരത്തിന്റെ ചരിത്രംകുടിയാവുന്നു കാവേരി പറയുന്നത്.

ഒ.കെ ജോണിയുടെ പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: kaveriyodoppam ente yathrakal book review by Rafiq Ibrahim


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented