എഴുത്തുകാരാ ആ കടലുപ്പിനും ഞങ്ങളുടെ കണ്ണുനീരിനും ഒരേ രുചിയാണ്


ഷബിത

കടല്‍ത്തണുപ്പില്‍ ആമഞണ്ടുകളും ആയിരം പുള്ളികളും കൂസലില്ലാതെ ഒഴുകിനടക്കുന്നത് കാണാന്‍ കഴിയുന്നു. ചാട്ടുളിപോലുള്ള വാലുകളിളക്കിക്കൊണ്ട് ചുറ്റും വട്ടമിട്ട് നീന്തുന്ന തിരണ്ടികള്‍, തലകുത്തി മറിയുന്ന ഡോള്‍ഫിനുകള്‍, പാറക്കെട്ടുകല്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന ഉടുമ്പന്‍സ്രാവുകള്‍...

ടി.കെ റഫീക്ക് ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ

പ്രിയപ്പെട്ട റഫീക്ക്,

കടലാഴങ്ങളിലെ ഓര്‍മകള്‍ പങ്കുവെച്ച താങ്കളുടെ കുറിപ്പുകള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉളളിലടക്കാന്‍ പാടുപെടുന്ന വിങ്ങലില്‍ നിന്ന് നിശ്വാസത്തോടെ ഒരു ചോദ്യം വലപൊട്ടിച്ച് പുറത്തേക്കോടുകയാണ്. കല്ലുമ്മക്കായ കണ്ണും കയ്യും കാട്ടിവിളിച്ച അന്ന് കടലിലെ ഏത് മുങ്ങാംപൊത്തിലേക്കാണ് താങ്കള്‍ ഊളിയിട്ട് പോയത്? ഇനിയൊരിക്കലും തിരിച്ചുവരവില്ല എന്ന് വായനക്കാരെ അറിയിക്കാതെ, കടലിലെ ഇരമ്പല്‍ കേട്ട് കേട്ട് പാതിയടഞ്ഞുപോയ കേള്‍വിയില്‍ ആ മരണവിളി മുങ്ങിപ്പോയതായിരിക്കുമോ?

മാതൃഭൂമി ബുക്‌സ് താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ കടലില്‍ എന്റെ ജീവിതം എന്ന പേരില്‍ പുറത്തിറക്കിയിരിക്കുകയാണ്. കടലനുഭവങ്ങളുടെ ഒരു പുസ്തകം എഴുതണമെന്ന അടക്കാനാവാത്ത ആഗ്രഹം കടല്‍നീലനിറമുള്ള പുറംചട്ടയിലെ പുഞ്ചിരിക്കുന്ന മുഖവുമായി നോക്കി നില്ക്കുമ്പോള്‍ നിങ്ങള്‍ കുറിച്ചുവച്ച ഓരോ വാക്കിനും ജീവന്റെ തുടിപ്പുകളാണ് വായനക്കാരില്‍ അവശേഷിപ്പിക്കുന്നത്.

ആദ്യമായി കടലില്‍ മുങ്ങാംകുഴിയിട്ടുപിടിച്ച ഞണ്ടുകളുടെ ഇറുക്കലുകളത്രയും സഹിച്ച, വിരലുകളിലെ വാര്‍ന്നുവീഴുന്ന രക്തത്തെ വകവെക്കാത്ത റഫീക്ക് എന്ന ബാലന്‍ ഉമ്മയുടെ കണ്ണും മനവും നിറച്ചുകൊണ്ട് കൂടനിറയെ ഞണ്ടുമായി കുടിയിലേക്ക് നടന്നു വരുന്ന കാഴ്ചയാണ് മുന്നിലുള്ളത്. ഉമ്മയുടെ കൈപുണ്യം ഇഷ്ടപ്പെട്ട, വയറ് നിറയെ ഞണ്ടുഫ്രൈ കഴിച്ച് ബാക്കിയുള്ളത് വിറ്റ് കാശാക്കി ഉമ്മയുടെ കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ അവര്‍ക്കുണ്ടായ വികാരം,സങ്കടം... കടലിലെ വിങ്ങുന്ന നീരാവിപോലെ അകം പൊള്ളിക്കുന്നു നിങ്ങളുടെ കുറിപ്പുകള്‍.

കേട്ടാലും കണ്ടാലും മതിവരാത്ത കടല്‍വൈവിധ്യങ്ങളിലേക്ക് താങ്കളുടെ കൂടെ ഊളിയിട്ടിറങ്ങുകയാണ് ഞങ്ങള്‍ വായനക്കാരും. കടല്‍ത്തണുപ്പില്‍ ആമഞണ്ടുകളും ആയിരം പുള്ളികളും കൂസലില്ലാതെ ഒഴുകിനടക്കുന്നത് കാണാന്‍ കഴിയുന്നു. ചാട്ടുളിപോലുള്ള വാലുകളിളക്കിക്കൊണ്ട് ചുറ്റും വട്ടമിട്ട് നീന്തുന്ന തിരണ്ടികള്‍, തലകുത്തി മറിയുന്ന ഡോള്‍ഫിനുകള്‍, പാറക്കെട്ടുകല്‍ക്കിടയില്‍ പതുങ്ങിയിരിക്കുന്ന ഉടുമ്പന്‍സ്രാവുകള്‍, കടലിനെത്തന്നെ രണ്ടായി ഭാഗിച്ചുകൊണ്ട് വിരാജിക്കുന്ന കൂറ്റന്‍ തിമിംഗിലങ്ങള്‍...ഞങ്ങള്‍ക്കുചുറ്റും നീലജലാശയത്തിലെ വിസ്മയക്കാഴ്ചകളാണ് റഫീക്ക്.

മരണത്തില്‍ നിന്നും നിങ്ങള്‍ കോരിയെടുത്ത ആ രണ്ടുജീവനുകളുണ്ടല്ലോ. നിങ്ങള്‍ ദാനമായി കൊടുത്ത ജീവന് പകരമായി തരാനൊന്നിനും കഴിയില്ലെന്ന ബോധ്യത്താല്‍ നന്ദിയോടെ നോക്കി നിന്ന ആ കണ്ണുകളിലെ ഭാവമാണ് ഞങ്ങള്‍ ഓരോ വായനക്കാര്‍ക്കും. കപ്പലുകള്‍ നിങ്ങളുടെ വലകളെ കീറിമുറിച്ചുകുതിച്ചുപോകുമ്പോള്‍ വിങ്ങിയത് ഞങ്ങളാണ്. ജീവന്‍ പണയം വെച്ച് ഞങ്ങളുടെ തീന്‍മേശയിലെ എരിവുരുചികള്‍ക്കായി നിങ്ങള്‍ ഉണ്ണാതെ, ഉറങ്ങാതെ, ഉറ്റവരുടെ പ്രാര്‍ഥനയില്‍ കൈവിട്ട ജീവിതക്കളി കളിക്കുമ്പോള്‍ ഒരു മത്തിയ്ക്കുകൂടി പേശുന്ന വെറുമൊരു സാധാരണക്കാരായിപ്പോയോ ഞങ്ങള്‍?

ആദ്യമായി കടലില്‍ ഇറങ്ങിയനാള്‍ തന്നെ ചാകരയുമായി വന്ന്, അമ്മാവന്റെ പരിശീലനത്തില്‍ നല്ലൊരു മുങ്ങല്‍ വിദഗ്ധനായി മാറിയ റഫീക്ക്, നിങ്ങള്‍ കടലാഴങ്ങളില്‍ പലപ്പോഴും മരണത്തെ നേര്‍ക്കുനേര്‍ കണ്ടപ്പോഴും വിഷത്തിരണ്ടിയെപ്പോലെ മരണം അകന്നുപോയപ്പോളും ആശ്വസിച്ചത് ഞങ്ങളാണ്. ഉമ്മയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ട്, ഉപ്പയെ ജീവനുതുല്യം സ്‌നേഹിച്ചുകൊണ്ട്,ഭാര്യയ്ക്കും മക്കള്‍ക്കും തന്റെ ജീവിതം തന്നെ കൊടുത്തുകൊണ്ട് എന്തിനാണ് നിങ്ങള്‍ ആഴത്തിലൂളിയിട്ടത്; മടങ്ങിവരാനാവാതെ?

book
പുസ്തകം വാങ്ങാം

പ്രിയ റഫീക്ക്, നിങ്ങളുടെ ഈ കുറിപ്പുകളുടെ സമാഹാരത്തെ മലയാളം നെഞ്ചോടുചേര്‍ക്കുകയാണ്. കടല്‍ച്ചൊരുക്കും നീലജലാശയവിസ്മയങ്ങളും അത്യപൂര്‍വ്വമായ ജലജീവസമ്പത്തുകളുടെ വിവരണങ്ങളും കല്ലുമ്മക്കായയും ഇനിമുതല്‍ ഞങ്ങളുടേതുകൂടിയാണ്. കടലില്‍ എന്റെ ജീവിതം എന്ന പുസ്തകം വെറുമൊരു വായനാനുഭവമല്ല മറിച്ച് ജീവിതത്തെ അനുഭവിപ്പിക്കല്‍ കൂടിയാണ്. ഒരിക്കലും കണ്ടുമുട്ടാത്ത എഴുത്തുകാരാ നിങ്ങള്‍ വലവീശിപ്പിടിച്ച ജീവിതത്തെ ഞങ്ങള്‍ ഏറ്റെടുക്കട്ടെ!

കടലില്‍ എന്റെ ജീവിതം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlight: Kadalil Ente Jeevitham by TK Rafeeq book review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented