ഗദ്ദാമ സിനിമയിൽ കാവ്യാമാധവൻ, കെ.യു ഇക്ബാൽ
എഴുത്തുകാരനും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായിരുന്നു കെ.യു ഇക്ബാലിന്റെ 'കണ്ണും കാതും' എന്ന പുസ്തകത്തിന് പ്രേംചന്ദ് എഴുതിയ അവതാരിക. പ്രവാസജീവിതകാലത്തെ രേഖപ്പെടുത്തിയ ഡയറിയായിരുന്നു അദ്ദേഹത്തിന്റെ ലേഖനങ്ങൾ. അദ്ദേഹത്തിന്റെ മരണശേഷം സഹോദരിയായ കെ.യു ശാലിനി ലേഖനങ്ങള്‍ സമാഹരിച്ച് പുസ്തകമാക്കുകയായിരുന്നു. പ്രിന്റ് ഹൗസ് പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍.
'ഇന്ന് കാണണമെന്നു തോന്നുന്ന സുഹൃത്തിനെ, ബന്ധുവിനെ ഇന്നുതന്നെ പോയി കാണണം. നാളെ ഒരു പക്ഷേ അയാള്‍ മരിച്ചുപോകാം. നിങ്ങള്‍ മരിച്ചു പോകാം. തിരക്കില്‍ മറന്നുവെന്നത് ഈ ലോകത്ത് എളുപ്പം പറയാവുന്ന വലിയ നുണയാണ് '- കെ.യു. ഇക്ബാല്‍ (അക്കൗണ്ട് നമ്പര്‍)
കെ.യു. ഇക്ബാല്‍ വേദനപ്പിയ്ക്കുന്ന ഒരോര്‍മ്മയാണ്. അവന്‍ മരിച്ചുകിടക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. മണ്ണിലേക്കുള്ള അവന്റെ മടക്കവും കണ്ടിട്ടില്ല. മഹാമാരിയുടെ മൂര്‍ധന്യവേളയില്‍ ഇക്ബാല്‍ നമ്മെ വിട്ടുപോയി എന്നതൊരു നടുക്കുന്ന വാര്‍ത്തയായി വന്നെത്തുകയായിരുന്നു. മഹാമാരിയുടെ നഷ്ടങ്ങളുടെ കാണക്കണക്കില്‍ കെ.യു. ഇക്ബാല്‍ എന്ന സുഹൃത്തിന്റെ പേരും എഴുതിച്ചേര്‍ക്കപ്പെട്ടു .
ആരായിരുന്നു ഇക്ബാല്‍? മലയാളി വായനക്കാര്‍ക്ക് പിന്നിട്ട നാലുപതിറ്റാണ്ടായി ഇക്ബാല്‍ സുപരിചിതനാണ് പ്രവാസജീവിതത്തിന്റെ അടരുകള്‍ ഓരോന്നോരോന്നായി അവന്‍ തീഷ്ണമായി കൊത്തിവച്ചിട്ടുണ്ട്. മിക്കവാറും മാതൃഭൂമിയിലേക്ക് എന്തയച്ചാലും തൊട്ടുപിറകെ അവന്റെ ഒരു ഫോണ്‍ വരും. അതച്ചടിക്കാന്‍ വൈകിയാല്‍ വീണ്ടുമൊരു വിളി വരും. വെറുതെ വെച്ചിരിയ്ക്കണോ മറ്റാര്‍ക്കെങ്കിലും കൊടുക്കാലോ എന്ന്.
നിരന്തരം എഴുതുന്നതായിരുന്നു അവന്റെ രീതി. പിന്നിട്ട നാല് പതിറ്റാണ്ടില്‍ അത്രയധികം അവന്‍ എഴുതിയിട്ടുണ്ട്. എണ്‍പതുകളും തൊണ്ണൂകളും പിന്നിട്ട് പുതിയ നൂറ്റാണ്ട് പിറന്നപ്പോള്‍ അവന്‍ ഓണ്‍ലൈനിലേക്ക് തിരിഞ്ഞു. അവിടെ അവന്റെ ' കണ്ണും കാതും ' താരതമ്യേന സുരക്ഷിതമായിരുന്നു. സ്ഥല പരിമിതിയുടെയോ എഡിറ്റിങ്ങിന്റെയോ ആധിയില്ല. മലയാളിയുടെ പ്രവാസജീവിതത്തിന്റെ കണ്ണും കാതും തന്നെയായി ഇക്ബാലിന്റെ ഗള്‍ഫ് ഡയറി.
എണ്‍പതുകളുടെ തുടക്കത്തിലാണ് ഇക്ബാല്‍ കോഴിക്കോടന്‍ സൗഹൃദങ്ങളിലേക്ക് എത്തുന്നത്. അടിയന്തരാവസ്ഥക്ക് ശേഷമുള്ള മലയാള സാഹിത്യത്തിന്റെ ഉണര്‍ച്ചക്കൊപ്പം ഇക്ബാലും സഞ്ചരിച്ചു. ജനകീയ സാംസ്‌കാരിക വേദി കേരളത്തിലെ തെരുവുകളെ തീപിടിപ്പിച്ച കാലമായിരുന്നു അത്. വേദിയുടെ പതനത്തിന് ശേഷവും അത് സൃഷ്ടിച്ച ഊര്‍ജ്ജം പല തരത്തില്‍ സമൂഹത്തില്‍ കത്തിപ്പടര്‍ന്നിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പും വാരാന്തപ്പതിപ്പുമൊക്കെ അതിന്റെ ചരിത്രത്തിലെ ഏറ്റവും സംവാദാത്മകമായ കാലത്തിലേക്കെത്തി. അത് പുതിയ ഭാവുകത്വങ്ങള്‍ക്ക് നിമിത്തമായി. വി.ആര്‍. ഗോവിന്ദനുണ്ണിയും കെ.സി. നാരായണനുമായിരുന്നു ഈ മാധ്യമ നവോത്ഥാനത്തിന് ചുക്കാന്‍ പിടിച്ചത്. അതില്‍ ഇക്ബാലും ഭാഗഭാക്കായി.
മാതൃഭൂമിയിലേക്കുള്ള വഴിയിലായിരുന്നു രണ്ടാം ഗേറ്റിന് തൊട്ടടുത്ത് ജോയ് മാത്യുവിന്റെ അച്ഛന്‍ മാത്യുച്ചായന്റെ ഉടമസ്ഥതയിലുള്ള ഒരു ഗോഡൗണ്‍ ബോധി ബുക്‌സും ലെന്റിങ്ങ് ലൈബ്രറിയുമായി പരിണമിക്കുന്നത്. ബോധി ലെന്റിങ്ങ് ലൈബ്രറി ഒരു കൂട്ടായ സംരംഭമായിരുന്നു. അജിതയുടെ അമ്മ 'മാ' എന്ന് എല്ലാവരും സ്‌നേഹപൂര്‍വ്വം വിളിയ്ക്കുന്ന സഖാവ് മന്ദാകിനി നാരായണന്റെ അടക്കമുള്ള നിരവധി സുഹൃത്തുക്കളുടെ പുസ്തകശേഖരം അന്ന് അതിന്റെ ഭാഗമായി മാറിയിരുന്നു. ന്യൂ ലെഫ്റ്റ് റിവ്യു, മന്ത്ലി റിവ്യു തുടങ്ങിയ ഇടത്പക്ഷ പ്രസാധകരുടെ പുസ്തകങ്ങള്‍ ആദ്യമായി കോഴിക്കോട്ടെ വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുവെച്ച ബോധി ബുക്‌സ് എണ്‍പതുകളുടെ ആദ്യപാതിയിലെ കോഴിക്കോടന്‍ വായനക്കും ചിന്തക്കും ദിശാബോധം നല്‍കിയ ഒരു പൊതുവേദിയെന്ന നിലക്ക് ചരിത്രപ്രധാനമായ ദൗത്യം നിര്‍വ്വഹിച്ചാണ് കാലത്തിലേക്ക് മറഞ്ഞത്.
1982-ല്‍ അക്ഷരം പബ്ലിക്കേഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കിയ കവി സച്ചിദാനന്ദന്റെ ആദ്യത്തെ ബൃഹത് കവിതാസമാഹാരം (സച്ചിദാനന്ദന്റെ കവിതകള്‍ 1965-82 ) കോഴിക്കോട്ടെ ബോധി ബുക്‌സിന്റെ ആഭിമുഖ്യത്തിലായിരുന്നു ടൗണ്‍ഹാളില്‍ പ്രകാശനം ചെയ്യപ്പെട്ടത്. ഈ സാംസ്‌കാരിക കൂട്ടായ്മയിലേക്കാണ് കെ.യു ഇക്ബാലിന്റെ കോഴിക്കോടന്‍ വരവ്. അക്കാലത്ത് മലയാളത്തിലെ മികച്ച എഴുത്തുകാരെ തേടിനടന്ന് അഭിമുഖങ്ങള്‍ നടത്തി സാഹിത്യ മാധ്യമ പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കുകയായിരുന്നു ഇക്ബാല്‍.
എന്റെ ഓര്‍മ്മയില്‍ കൊടുങ്ങല്ലൂര്‍ സൂര്യകാന്തിയില്‍ നിന്നും സഖാവ് ടി.എന്‍. ജോയ് നല്‍കിയ 'പാസ്‌പ്പോര്‍ട്ടു'മായായിരുന്നു ഇക്ബാലിന്റെ വരവ്. അതുകൊണ്ട് തന്നെ അവന്‍ എളുപ്പത്തില്‍ ഞങ്ങളിലൊരാളായി. സൂര്യകാന്തി ലൈബ്രറി തന്റെ വായനയെ രൂപപ്പെടുത്തിയത് 'ടി.എന്‍. ജോയിയും സൂര്യകാന്തിയിലെ പുസ്തകങ്ങളും ' എന്ന അനുസ്മരണത്തില്‍ ഇക്ബാല്‍ ഒരു കടപ്പാടായി രേഖപ്പെടുത്തുന്നുണ്ട്.
പ്രവാസം ഇക്ബാലിനെ മറ്റൊരാളാക്കി മാറ്റി. എഴുത്തുകാരെ തേടിയ സാഹിത്യ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നും അവന്‍ പ്രവാസികളുടെ വേദനയ്ക്ക് കണ്ണും കാതും നല്‍കുന്ന എഴുത്തുകാരനായി മാറി. മനുഷ്യരില്‍ മുഴുകിയുള്ള എഴുത്തായിരുന്നു അത്. ഓരോന്നും ഓരോ കഥക്കോ സിനിമക്കോ അടിവളമായി മാറുന്ന തരം രചനകള്‍.
ബെന്യാമിന്റെ 'ആടുജീവിതം' (2008) വരുന്നതിന് മുമ്പ് തന്നെ ഇക്ബാലിന്റെ പ്രവാസ രചനകള്‍ മലയാളത്തിലെത്തിയിരുന്നു. ആസാദിന്റെ 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ' (1980) ല്‍ തുടക്കമിട്ട മലയാളിയുടെ ഗള്‍ഫ് പ്രവാസത്തിന്റെ സഞ്ചാരപാതയില്‍ ചെന്നുചേരുന്ന രചനകളാണത്. ഖൊര്‍ഫുക്കാന്‍ കടല്‍ തീരത്തേക്ക് നീന്തിക്കയറിയ ആദ്യ പ്രവാസിയുടെ നനഞ്ഞ കൈവിരലിന്റെ തലോടല്‍ അനുഭവിക്കുന്ന ഇക്ബാലിനെ 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ ' എന്ന സ്മരണയില്‍ തെളിഞ്ഞുകാണാം. മലയാളിയുടെ അരനൂറ്റാണ്ട് അതിലുണ്ട്.
കണ്ണീരും കിനാവും
ഈ സമാഹാരത്തിലെ ഓരോ ഓര്‍മ്മയും ഇക്ബാലിന്റെ 'കണ്ണീരും കിനാവും ' നിറഞ്ഞതാണ്. പെണ്‍പ്രവാസത്തിന്റെ വേദന അടയാളപ്പെടുത്തുന്ന 'ഗദ്ദാമ'യും അതില്‍ ഉള്‍പ്പെടും. കെ.സി. നാരായണന്‍ ഭാഷാപോഷിണിയുടെ ചുമതല വഹിക്കുന്ന കാലത്താണ് ഗള്‍ഫില്‍ വീട്ടുജോലിക്കായി പോയി സൗദിയില്‍ നരകയാതന അനുഭവിക്കുന്ന ഗദ്ദാമയെ ഇക്ബാല്‍ കണ്ടെടുക്കുന്നത്. അത് സിനിമയാക്കാന്‍ ഇക്ബാല്‍ ഏറെ അലഞ്ഞിട്ടുണ്ട്. ഒടുവില്‍ സിനിമയായപ്പോഴാകട്ടെ അതിന്റെ കഥയുടെ അവകാശി മാത്രമായി ചുരുങ്ങിപ്പോവുകയും ചെയ്തു. ആ വേദന അവന്‍ പലപ്പോഴായി പങ്കുവച്ചിരുന്നു , 'സിനിമയല്ലേ, നമുക്കൊക്കെ എന്ത് വോയ്‌സായുള്ളത് ' എന്ന്. അതൊരു തീവ്രയാതനയായിരുന്നു. ഇക്ബാലിന്റെ 'ഗദ്ദാമ 'യില്‍ നിന്നും കമലിന്റെ 'ഗദ്ദാമ ' ഏറെ വഴി പിരിഞ്ഞുപോയിട്ടുണ്ട്. അതിലെ കൂട്ടിച്ചേര്‍ക്കലുകള്‍ അത് ബെന്യാമിന്റെ 'ആടുജീവിത 'ത്തെ ഓര്‍മ്മിപ്പിച്ചു. അത് വേണ്ടിയിരുന്നില്ല. സിനിമയുടെ കമ്പോള സമവാക്യങ്ങളുടെ ഇടപെടല്‍ കെ.യു. ഇക്ബാല്‍ എന്ന തിരക്കഥാകൃത്തിന്റെ സാധ്യതയെക്കൂടിയാണ് ബാധിച്ചത്. എത്രതീവ്രമായി ആഗ്രഹിച്ചിട്ടും വീണ്ടും സിനിമയിലേക്ക് എത്താനായില്ല. വേദനിപ്പിക്കുന്ന ഒരു ദുരന്തബോധമായി അതവനെ എന്നും വേട്ടയാടി. സ്വപ്നം കണ്ട സിനിമകള്‍ പിന്നെ ആ മനസ്സില്‍ എന്നെന്നേക്കുമായി കുഴിച്ചുമൂടപ്പെട്ടു. ചിതലായി വന്ന് കാലം നശിപ്പിച്ച സിനിമയാകാതെ പോയ ഒരു തിരക്കഥയെ ഇക്ബാല്‍ ഓര്‍ക്കുന്നുണ്ട്.
പ്രവാസത്തിന്റെ ആവാസവ്യവസ്ഥ
ഈ പുസ്തകത്തിലെ ഹൃദയം നുറുങ്ങുന്ന അനുഭവചിത്രമാണ് 'ഉപയോഗ ശൂന്യരായ മനുഷ്യര്‍' എന്ന അദ്ധ്യായം. ഒരായുഷ്‌ക്കാലം പണിയെടുത്ത് ഓടിത്തളരുന്നവര്‍ വിധിയുമായി നടത്തുന്ന ഒരു മുഖാമുഖമാണത്. ഇക്ബാലിന്റെ അവസാന യാത്രയുടെ മുന്നറിയിപ്പുകള്‍ അതില്‍ വായിയ്ക്കാം.
കൊടുങ്ങല്ലൂരിനെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മ്മകള്‍ കയറിയിറങ്ങുന്നവയാണ് മിക്ക കുറിപ്പുകളും. സ്വന്തം എഴുത്തുജീവിതത്തിന്റെ പിന്നിട്ട വഴികള്‍ ഇക്ബാല്‍ ഒരിക്കല്‍ക്കൂടി എത്തിപ്പിടിക്കുന്നു. എഴുത്തുകാരനായി മാത്രം ജീവിക്കുകയെന്നത് ദുഷ്‌ക്കരമാണ്. മാടമ്പ് കുഞ്ഞിക്കുട്ടന്‍ ഇക്ബാലിന് നല്‍കുന്ന പരാജയ സര്‍ട്ടിഫിക്കറ്റില്‍ ആ ദുരവസ്ഥയുടെ കണ്ണീരുണ്ട്. തൊഴില്‍ തേടി പ്രവാസ ജീവിതം തന്നെ തുടരാന്‍ വിധിക്കപ്പെടുന്ന ഒരെഴുത്തുകാരന്റെ പരാജയം നമുക്കിവിടെ കാണാം. സ്വപ്നങ്ങള്‍ ജലരേഖകളായി മാറുന്നവരുടെ വേദന എഴുത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.
.jpg?$p=eaed6a5&&q=0.8)
'ഒരു ആദര്‍ശ ജീവിതത്തിന്റെ പാഠപുസ്തകം 'അത്തരമൊരു മനോഹരമായ ഓര്‍മ്മയാണ്. നക്ഷത്രങ്ങള്‍ക്ക് പിറകെ നടക്കുമ്പോള്‍ കൂട്ടമറവികളില്‍ വിട്ടുപോകുന്നവരെ രേഖപ്പെടുത്തുന്ന സഞ്ചാരം. 93 വയസ്സില്‍ മരിക്കുന്നതുവരെ സാമൂഹ്യപ്രവര്‍ത്തനം നടത്തിയ സ്വാതന്ത്യസമര സേനാനിയായ മതിലകത്തെ മൂസ ഹാജി അത്തരമൊരു മനുഷ്യനാണ്.
'നെഞ്ചിലെ പിടച്ചിലുകള്‍ 'ഭാഷയിലേക്ക് കൊണ്ടുവരുന്ന ഹൃദയസ്പര്‍ശിയായ ഓര്‍മ്മകളുടെതാണ്. രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് കുറയുകയും കൂടുകയും ചെയ്യുന്ന രോഗം തന്നെ ബാധിച്ചത് അമ്പതാം വയസ്സില്‍ ഇക്ബാല്‍ അറിയുന്നുണ്ട്. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ആ വിവരം അറിയുമായിരുന്നുള്ളൂ. രോഗത്തോടൊപ്പമുള്ള ആ ജീവിതയാത്രയില്‍ ഓര്‍മ്മകള്‍ക്ക് തീവ്രത കൂടുതലാണ്. നെഞ്ചിലെ പിടച്ചിലുകള്‍ വാക്കുകള്‍ക്ക് ആഴം പണിയുന്നു .
'ത്രാസം' എന്ന ഒറ്റ സിനിമ കൊണ്ട് നവസിനിമാചരിത്രത്തില്‍ ഇടം പിടിച്ച അഷ്‌റഫ് പടിയന്‍, മുസ്ലീം പശ്ചാത്തലത്തിലെഴുതിയ നോവലുകളിലൂടെയും കുട്ടിക്കുപ്പായം എന്ന എക്കാലത്തെയും ജനപ്രീതി നേടിയ സിനിമയുടെ കഥാകൃത്തുമായ മൊയ്തു പടിയത്ത് തുടങ്ങിയ കൊടുങ്ങല്ലൂര്‍ക്കാരെ ഓര്‍ക്കുമ്പോള്‍ അത് നിരവധി മൗനങ്ങളെയും തിരസ്‌കാരങ്ങളെയും തുറന്നുകാട്ടുന്ന സൂഷ്മവായനയായി മാറുന്നത് അനുഭവിക്കാനാവും. വിസ്മൃതിയിലായ നടി ജമീലാ മാലിക്കിനെ തേടിയുള്ള യാത്രയും അതുപോലെ ഹൃദയസ്പര്‍ശിയാണ്. 'മരണാനന്തരം അയാള്‍ ഒരു കടം കഥ 'ഏത് സിനിമാക്കഥയെയും വെല്ലുന്ന അസാധാരണമായ പ്രവാസി ജീവിതാനുഭവമാണ്.
ഗൃഹാതുരത്വം മാത്രമല്ല ഇക്ബാലിന്റെ വിഷയം. കോവിഡാന്തരം പ്രവാസം നേരിടാന്‍ പോകുന്ന തൊഴിലിടങ്ങളില്‍ വരാനിരിക്കുന്ന പുതിയ മത്സരങ്ങളും അതുയര്‍ത്താന്‍ പോകുന്ന പ്രതിസന്ധികളെക്കുറിച്ചും നിരവധി മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പാലായനങ്ങളുടെ ചരിത്രം ഇതുമായി കൂട്ടിവായിയ്ക്കപ്പെടുന്നുണ്ട്. അസ്ഥിരമായ അസംഘടിത തൊഴില്‍ മേഖല എന്നും പാലായനങ്ങളുടെ മുനമ്പിലാണ് ജീവിക്കുന്നതെന്നത് എല്ലാ സമൂഹങ്ങളുടെയും അതിജീവനത്തിന് മുന്നിലെ പ്രശ്‌നമാണെന്ന് ഇക്ബാല്‍ തിരിച്ചറിയുന്നുണ്ട്. മഹാമാരിയില്‍ വിടപറഞ്ഞ ആത്മബന്ധുക്കളായ പത്രാധിപരായ വി. ആര്‍.ഗോവിന്ദനുണ്ണി, ചിത്രകാരനായ കെ.പ്രഭാകരന്‍, കഥാകൃത്ത് ഇ.ഹരികുമാര്‍ എന്നിവരെ വേദനയോടെ ഓര്‍ക്കുന്നു.
മരണം ഈ പുസ്തകത്തില്‍ നിരന്തരമായി ആവര്‍ത്തിയ്ക്കുന്നു. സ്വന്തം മരണത്തെച്ചൊല്ലിയുള്ള വേവലാതിയല്ല, പ്രിയപ്പെട്ടവരുടെ മരണങ്ങളാണ് അവന്റെ ആധി. 'മരിച്ചവര്‍ പരാതി പറയില്ല. പരിഭവങ്ങളുമില്ല. എപ്പോഴാണ് തന്നെ ഖബറടക്കുന്നതെന്ന ചോദ്യവുമില്ല.'എന്നെഴുതുമ്പോള്‍ അവന്‍ മരണത്തെക്കുറിച്ചുള്ള തന്റെ ദാര്‍ശനികമായ നിലപാട് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. താന്‍ പിന്നിട്ട ദൂരങ്ങളില്‍ നിന്നും മനസ്സിലേക്കെടുത്ത നിരവധി മനുഷ്യരുടെ മിഴിവുറ്റ സ്മൃതിചിത്രങ്ങള്‍ അവന്‍ വരച്ചിടുന്നുണ്ട്. മരണം വ്യര്‍ത്ഥമാക്കിയ ജീവിതത്തെ ഓര്‍മ്മകളുടെ കനിവ് കൊണ്ട് അവന്‍ ആഘോഷിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. അകാലത്തില്‍ പൊലിഞ്ഞ പ്രിയ സ്‌നേഹിതന് സമര്‍പ്പിയ്ക്കാന്‍ ഇനി ഈ വാക്കുകള്‍ മാത്രമേ ബാക്കിയുള്ളൂ. കെ. യു.ഇക്ബാല്‍ എന്ന എഴുത്തുകാരന്‍, കഥാകകാരന്‍, നിറവേറ്റപ്പെടാതെ പോയ തിരക്കഥാകൃത്ത് എന്തായിരുന്നു ബാക്കിവെച്ചത് എന്ന് കൂടുതല്‍ വായിയ്ക്കപ്പെടട്ടെ. പ്രവാസികള്‍ക്ക് അത് കരുത്താകും. സ്‌നേഹിക്കുന്നവര്‍ക്ക് അത് കൂട്ടാകും. പാലായനങ്ങളുടെ വഴിയില്‍ ഊന്നുവടിയാകും. മരിക്കാത്ത നക്ഷത്രമായി അവന്‍ വാക്കുകളില്‍ ജീവിയ്ക്കട്ടെ, പ്രകാശം പരത്തട്ടെ.
Content Highlights: K.U Iqbal, Premchand, Kannum Kathum, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..