കെ. സുരേഷ് കുറുപ്പ്, പി.പി ബാലചന്ദ്രൻ
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി.പി ബാലചന്ദ്രന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച എ.കെ.ജിയും ഷേക്‌സ്പിയറും എന്നു പുസ്തകത്തെക്കുറിച്ച് കെ. സുരേഷ് കുറുപ്പ് എഴുതുന്നു.
ഒരു പത്രപ്രവര്‍ത്തകന്‍ എഴുതുന്നത് എങ്ങനെ ആവണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ചേരിയില്‍ ഉറച്ചുനിന്ന് നിര്‍ഭയമായും നിശിതമായും നിഷ്പക്ഷമായും എഴുതണമെന്നാണെങ്കില്‍, അങ്ങനെ ഒരാള്‍ എഴുതിയത് വായിക്കണമെങ്കില്‍, പി.പി. ബാലചന്ദ്രന്‍ എഴുതിയ 'എ.കെ.ജി.യും ഷെയ്ക്‌സ്പിയറും: ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകം വായിക്കണം. ഈ പറഞ്ഞ കാര്യങ്ങളോടൊപ്പം തുളച്ചുകയറുന്ന നര്‍മ്മവും കൂടി ഉണ്ടെങ്കിലോ? നല്ല ഒരു വായനാനുഭവം ആകും. അതാണ് ബാലചന്ദ്രന്റെ പുസ്തകം.
പി.പി. ബാലചന്ദ്രന്‍ എന്ന പേര് മലയാളികളായ പത്രവായനക്കാര്‍ക്ക് അത്രമേല്‍ പരിചിതമാകാന്‍ ഇടയില്ല. 1970-കളുടെ ആദ്യം മുതല്‍ നീണ്ട 50 വര്‍ഷക്കാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രത്രപവര്‍ത്തനം നടത്തുകയും ഡെയ്‌ലി മെയില്‍ (ലണ്ടന്‍), റോയിറ്റേഴ്സ്, വാഷിങ്ങ്ടൺ പോസ്റ്റ്, ഗള്‍ഫ് ന്യൂസ് തുടങ്ങിയ പത്രങ്ങളുടെ ലേഖകനായി പ്രവര്‍ത്തിക്കുകയും ചെയ്ത ഡല്‍ഹി പത്രലോകത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് പി.പി. ബാലചന്ദ്രന്‍.
നിഖില്‍ ച്രകവര്‍ത്തി, ചഞ്ചല്‍ സര്‍ക്കാര്‍, ടി.ജെ.എസ്. ജോര്‍ജ് തുടങ്ങി ഇന്ത്യന്‍ പത്രലോകത്തിലെ തലയെടുപ്പുള്ള വ്യക്തികളോടൊപ്പം പത്രപ്രവര്‍ത്തനം നടത്താന്‍ അവസരം ലഭിച്ച ഒരാള്‍. ഇംഗ്ലീഷ് നിരന്തരമായി എഴുതിയിരുന്ന ഒരാള്‍ നല്ല മികച്ച മലയാളത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും അന്താരാഷ്ട്ര രാഷ്ട്രീയത്തെയും, നമ്മെ ഇരുത്തി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ ഈ പുസ്തകത്തില്‍ എഴുതുന്നു.
സാഹിത്യം, കല, സംസ്‌കാരം. ഇന്ത്യന്‍ രാഷ്ട്രീയം. മാധ്യമങ്ങളും മാധ്യമ്രപവര്‍ത്തകരും. വിദേശകാര്യം, നയതന്ത്രം എന്നിങ്ങനെ പുസ്തകം നാലായി തരം തിരിച്ചിട്ടുണ്ട്.
ഈ വിഭാഗങ്ങളിലെ ഒരോ ലേഖനങ്ങളും ഗംഭീരവും അതീവ പാരായണക്ഷമവും ആണ്. ആദ്യലേഖനത്തില്‍ ഡല്‍ഹിയിലെത്തിയ ആദ്യനാളുകളില്‍, എഴുപതുകളുടെ ആദ്യം, നഗരപ്രാന്തത്തിലുള്ള ബദര്‍പൂറിലെ അവിവാഹിതജീവിതവും അവിടത്തെ മലയാളി സമാജത്തിലെ ഓണാഘോഷവും സന്തോഷപൂര്‍വ്വം അനുസ്മരിക്കുന്നു. ഓണാഘോഷത്തില്‍ ബാലചന്ദ്രന്‍ ഹാംലറ്റ് രാജകുമാരന്റെ ''ടു ബീ ഓര്‍ നോടു ബീ'' എന്ന പ്രശസ്തമായ ആത്മഗതം മലയാളത്തില്‍ അവതരിപ്പിച്ച് കൈയ്യടി നേടുന്നു. ചടങ്ങില്‍ എ.കെ.ജി. ആണ് മുഖ്യാതിഥി. എ.കെ.ജിയുടെ ലാളിത്യവും നിഷ്‌കളങ്കതയുമെല്ലാം ലേഖനത്തിലുണ്ട്. എല്ലാ രാഷ്ട്രീയക്കാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നേരെ തന്റെ നര്‍മ്മത്തിന്റെ അമ്പുതൊടുക്കുന്ന ബാലചന്ദ്രന്‍ എ.കെ.ജിയെ മാത്രം വെറുതെ വിടുന്നുണ്ട്. സഹജീവികളെ സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന എ.കെ.ജിയുടെ ജീവിതത്തിലെ ബാലചന്ദ്രന്റെ ജീവിതത്തിലെയും സന്തോഷകരമായ ഒരു ഓണം.
കാക്കനാടന്‍ സഹോദരന്മാര്‍, തമ്പി, രാജന്‍ പിന്നെ സാക്ഷാല്‍ കാക്കനാടന്‍ (ബേബിച്ചായന്‍). ഇവരെല്ലാം അവരുടെ വിചിത്രവും രസകരവും നിഷ്‌കളങ്കവുമായ സ്വഭാവസവിശേഷതകളോടെ ലേഖനങ്ങളില്‍ നിറയുന്നു. പല പ്രശസ്തരെയും നര്‍മ്മത്തില്‍ പൊതിഞ്ഞ് നിശിതമായി വിചാരണ ചെയ്യുന്നുണ്ട്. യേശുദാസ് തന്റെ ഗാനവീഥിയില്‍ നടന്നുതുടങ്ങിയ കാലത്ത് മടപ്പള്ളി കോളേജില്‍ ആര്‍ടസ് ക്ലബ്ബ് ഉദ്ഘാടനത്തിനു വരുന്നു. ഉദ്ഘാടനത്തിനു സ്റ്റേജില്‍ കയറണമെങ്കില്‍ മുഖത്തു പുരട്ടാന്‍ ലാക്ടോകലാമെന്‍ വേണമെന്ന് യേശുദാസ് ശഠിക്കുന്നു. പിന്നെ അതു സംഘടിപ്പിക്കുവാന്‍ പാടുപെട്ടതും ചടങ്ങു വൈകിയതും നമ്മളെ ഈറിചിരിപ്പിച്ചുകൊണ്ട് ബാലചന്ദ്രന്‍ എഴുതുന്നു.
ഡല്‍ഹിയിലെ പ്രശസ്തനായ മലയാളി പത്രപവര്‍ത്തകന്റെ (കണ്ടുമുട്ടിയ എല്ലാവര്‍ക്കും ഉപകാരങ്ങള്‍ വാരിവിതറിയ സ്‌നേഹസമ്പന്നന്‍) ഓഫീസില്‍ ഇരിക്കുമ്പോഴാണ് തൊട്ടടുത്ത ഗുരുദ്വാരയില്‍ വെടിയുണ്ടകള്‍ ചീറിപ്പായുന്നത് അറിയുന്നത്. ഉടനെ എല്ലാവരും അങ്ങോട്ടേക്ക് പായുന്നു. പക്ഷേ, ഇദ്ദേഹത്തെ കാണുന്നില്ല. തിരികെ വീണ്ടും ഓഫീസിലേക്ക് ഓടി ചെല്ലുമ്പോള്‍ അദ്ദേഹം മുഖത്തു പൗഡര്‍ പൂശുന്നു. ഭോപ്പാല്‍ ദുരന്തവും അതില്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറന്നതും തെരേസയുടെ നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അത്ര കാരുണ്യമില്ലാത്ത, ഒരു മുഖവും നമ്മളെ വല്ലാതെ അസ്വസ്ഥരാക്കുന്ന ലേഖനങ്ങളാണ്.
ഭോപ്പാല്‍ ദുരന്തം നടന്ന അന്നുവൈകുന്നേരം പ്രശസ്ത ഫോട്ടോഗ്രാഫര്‍ പാബ്ലോ ബര്‍ത്തലോമിയയുമായി അവിടെയെത്തിയ ബാലചന്ദ്രന്‍ അതിനെക്കുറിച്ചു വിവരിക്കുമ്പോള്‍ നമുക്കു ശ്വാസം മുട്ടും. പാബ്ലോ ബര്‍ത്തലോമിയ എടുത്ത ലോകത്തെ നടുക്കിയ ആ ഫോട്ടോ (ഒരു പിഞ്ചുകുഞ്ഞ് കണ്ണടയാതെ മരിച്ചുകിടക്കുന്ന ലോകത്തെ ഞെട്ടിച്ച ആ ചിത്രം) ഈ പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. ദിവസങ്ങളോളം അത് നമ്മളെ അലട്ടിക്കൊണ്ടിരിക്കുന്നു. ജനാധിപത്യത്തിലെ ദുഷ്ടക്കൂട്ടങ്ങള്‍ നടത്തിയ കൊടുംചതി നമ്മുടെ രോഷം ആളിക്കത്തിക്കും. പക്ഷേ എന്തുഫലം?
''സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍'' എന്ന വിഭാഗത്തില്‍ ''ചിരിക്കാന്‍ മറന്നുപോയ നമ്മള്‍'' എന്ന ലേഖനത്തില്‍ ഒരു വരിയുണ്ട്. ' അടിച്ചമര്‍ത്തലിലൂടെ സുരക്ഷിതത്വം തേടുന്ന ഭരണാധികാരികള്‍ നിയന്ത്രിക്കുന്ന ഒരു അധോലോക ജനാധിപത്യമായി മാറുകയാണോ ഇന്ത്യ?'' സമകാലീന ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനത്തെ ഇത്രയും ആറ്റിക്കുറുക്കി ആരും അവതരിപ്പിച്ചിട്ടില്ല.
''മാധ്യമങ്ങളും പ്രത്രപവര്‍ത്തകരും'' എന്ന വിഭാഗത്തിലെ ഒരു ലേഖനത്തിന്റെ തലക്കെട്ട് തന്റെ തൊഴിലിനെ കണക്കിനു പരിഹസിക്കുന്ന കറുത്ത നര്‍മ്മമാണ്. ആസ്സാമിലെ നെല്ലിയില്‍ നടന്ന കൂട്ടക്കൊല റിപ്പോര്‍ട്ടു ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ ഹൃദയഭേദകമായ ഒരു അനുഭവമാണ് ലേഖനം. പക്ഷേ, അതിന്റെ തലക്കെട്ട് തന്റെ തൊഴില്‍ എടുക്കുന്ന എല്ലാവരേയും പരിഹസിക്കുന്നതാണ്. കോംഗോയില്‍ ബെല്‍ജിയത്തിന്റെ കോളനിവാഴ്ച അവസാനിപ്പിച്ചപ്പോള്‍ കറുത്തവന്റെ രോഷം മുഴുവന്‍ അവിടെ കുടിയേറിയ സാധാരണ ബെല്‍ജിയന്‍ പൗരന്മാര്‍ക്കു നേരെയായി. അവിടെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍ ചെന്ന BBC റിപ്പോര്‍ട്ടര്‍ ഒരു ക്രൂരമായ ചോദ്യം അവരോട് ചോദിക്കുന്നു. 'Any one here been raped and speaks English'?; ബലാത്സംഗം ചെയ്യപ്പെട്ടവരില്‍ ആരെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കുന്നവരായി ഇവിടെയുണ്ടോ?
ഈ ലേഖനം വായിക്കുന്നവരുടെ കണ്ണു നിറയും. സ്വതന്ത്രഭാരതത്തില്‍ നടന്ന ആദ്യത്തെ നിഷ്ഠൂരമായിരുന്ന ആൾക്കൂട്ട കൊലപാതകമായിരുന്നു നെല്ലിയിലേത്. ആസ്സാം നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന 1983-ല്‍ ഫെബ്രുവരി 18-ന് തദ്ദേശവാസികളായ ലാലൂങ്ങ് ആദിവാസികള്‍ ബംഗ്ലാദേശികളായ മുസ്ലീങ്ങളെ കൂട്ട ക്കൊല ചെയ്തു. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ബാലചന്ദ്രനും ക്യാമറാമാന്‍ ജഗന്നാഥ ശര്‍മ്മയും വിവരം അറിഞ്ഞ് അവിടെ എത്തുന്നു. യാദൃച്ഛികമായി ഒരു കുടിലിനു മുന്നില്‍ ആള്‍ക്കൂട്ടം കണ്ട് അവിടെ വാഹനം നിര്‍ത്തി ഇറങ്ങുന്നു. ഒരു സംഘം ആയുധങ്ങളുമായി കുടിലിനെ വളഞ്ഞിട്ടുണ്ട്. അവര്‍ക്കും കുടിലിനുമിടയില്‍ കുറച്ചു പട്ടാളക്കാരുണ്ട്. പത്രലേഖകനായതുകൊണ്ട് ഒരു വിധത്തില്‍ കുടിലില്‍ കയറുന്നു. അവിടെ കണ്ടതോ? മൂന്നു കുരുന്നു കുട്ടികള്‍. ഒരു പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും പരസ്പരം കെട്ടിപ്പിടിച്ച് ഭയന്ന് ഒരു മൂലയില്‍ ഇരിക്കുന്നു.
ബാലച്രന്ദനും ശര്‍മ്മാജിയും അവരുടെ പത്രപവര്‍ത്തകര്‍ എന്ന റോള്‍ മറക്കുന്നു. അവരിലെ അച്ഛനും സഹോദരനും അമ്മാവനും ഉണരുന്നു. കുട്ടികള്‍ ഭക്ഷണം കഴിച്ചില്ലെന്നു മനസ്സിലാക്കി എഴുപത്തഞ്ചു കിലോ മീറ്റര്‍ ദൂരമുള്ള ഗോഹട്ടിയിലേക്ക് (അവിടെ മാത്രമേ ഹോട്ടലുകള്‍ ഉള്ളൂ) വണ്ടി വിട്ട കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവുമായി തിരികെ വരുന്നു. അപ്പോഴേക്കും രാത്രിയായി. കര്‍ശനമായ കര്‍ഫ്യൂ. കുടിലില്‍ എത്താന്‍ കഴിയാതെ തിരികെ പോരുന്നു. കുട്ടികള്‍ക്ക് എന്തു സംഭവിച്ചു? അവര്‍ കൊല്ലപ്പെട്ടോ? അതിനു മുമ്പ് അവര്‍ക്ക് വല്ല ഭക്ഷണവും കിട്ടിയോ? ബാലചന്ദ്രനിലെ പ്രതപ്രവര്‍ത്തകന്റെയും ശര്‍മ്മാജിയിലെ ഫോട്ടോഗ്രാഫറുടെയും മേല്‍ സ്‌നേഹവും കാരുണ്യവും മനുഷ്യത്വവും ആധിപത്യം സ്ഥാപിക്കുന്ന ഒരു അപൂര്‍വ്വ സന്ദര്‍ഭം. ഈ ലേഖനം ഒന്നുമാത്രം മതി ബാലചന്ദ്രന്‍ ആരാണെന്നു മനസ്സിലാക്കാന്‍.
ബാലചന്ദ്രന്‍ ആരെയും വെറുതെ വിടുന്നില്ല. രാഷ്ട്രീയക്കാര്‍, ഭരണാധികാരികള്‍, (പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്നവര്‍ തന്റെ ദീര്‍ഘമായ പത്രപവര്‍ത്തന ജീവിതത്തില്‍ കണ്ടുമുട്ടിയ എല്ലാവരെയും നേരിട്ട അനുഭവങ്ങളെയും മാറിനിന്ന് അതിരൂക്ഷമായ പരിഹാസത്തിന്റെ മേമ്പൊടി ഇട്ട് ബാലചന്ദ്രന്‍ അവതരിപ്പിക്കുന്നു.' മാധ്യമസ്വാതന്ത്ര്യമോ വേശ്യയുടെ അധികാരമോ'' എന്ന ലേഖനം തലക്കെട്ടു സൂചിപ്പിക്കുന്നതുപോലെ മാധ്യമ മുതലാളിമാരെയും മാധ്യമ്രപവര്‍ത്തകരെയും പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാനായിരുന്ന ജസ്റ്റീസ് കട്ജുവിന്റെ ഒരു അഭിപ്രായ്രപകടനത്തിന്റെ പശ്ചാത്തലത്തില്‍ നിശിതവിചാരണയ്ക്കു വിധേയമാക്കുന്നു.
കാര്‍ട്ടൂണിസ്റ്റ് രംഗ, എടത്തട്ട നാരായണന്‍ എന്നിവരെപ്പറ്റിയുള്ള ലേഖനങ്ങളും ഇതിലുണ്ട്. രണ്ടു പേരെക്കുറിച്ചും അധികമാരും എഴുതിയിട്ടില്ല. (എടത്തട്ടയെക്കുറിച്ച് പി. രാംകുമാറിന്റെ വളരെ നല്ല ഒരു ജീവചരിര്രം ' എടത്തട്ട നാരായണന്‍ - പത്രപ്രവര്‍ത്തനവും കാലവും'' ഈയിടെയാണ് പുറത്തിറങ്ങിയത്.) പതിവുപോലെ എടത്തട്ടയുടെ വ്യക്തിപരമായ പ്രത്യേകതകളെ പരിഹസിക്കുന്നുണ്ട്. ഈ ലേഖനം വായിച്ചപ്പോള്‍ കുറച്ചുകാലം എടത്തട്ടയുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഒ.വി. വിജയന്‍ പറഞ്ഞത് ഓര്‍മ്മ വന്നു. 'എടത്തട്ടയുടെ കീഴില്‍ ജോലി ചെയ്ത അനുഭവം ഉള്ളതുകൊണ്ട് സോവിയറ്റ് യൂണിയനില്‍ പോകേണ്ട കാര്യമില്ലാതായി.''
വിദേശകാര്യം വിഭാഗത്തിലെ ലേഖനങ്ങള്‍ എല്ലാം ബാലചന്ദ്രന് ഈ കാര്യത്തില്‍ വളരെ അവഗാഹം ഉണ്ടെന്ന് വ്യക്തമാക്കുന്നു. എല്ലാം നമ്മുടെ ഓര്‍മ്മ പുതുക്കുന്നതും അറിവു വര്‍ദ്ധിപ്പിക്കുന്നതുമാണ്. പീറ്റര്‍ നോര്‍മനെക്കുറിച്ചുള്ള ലേഖനം പ്രകീര്‍ത്തിക്കപ്പെടാതെ പോയ വിസ്മൃതിയിലേക്കു തള്ളപ്പെട്ട മനുഷ്യസ്‌നേഹിയായ ഇതിഹാസതുല്യനായ ഒരു അത്‌ലറ്റിനെക്കുറിച്ചുള്ള വേദനയില്‍ ചാലിച്ച ഒരു ലേഖനമാണ്.
ഈ പുസ്തകത്തിലെ 32 ലേഖനങ്ങളും ഏറ്റവും ഹൃദ്യവും പലതും വേദനിപ്പിക്കുന്നതും നമ്മുടെ ഓര്‍മ്മ പുതുക്കിയെടുക്കുന്നതും കുത്തിനോവിക്കുന്നതുമാണ്. 2023-ല്‍ ഇതുവരെ വായിച്ച ഏറ്റവും മികച്ച മലയാള പുസ്തകം 'എ.കെ.ജി.യും ഷേയ്ക്‌സ്പിയറു'മാണ്. എല്ലാ മലയാളികള്‍ക്കും ഈ പുസ്തകം നിറഞ്ഞ സന്തോഷത്തോടെ വായനയ്ക്കായി ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.
Content Highlights: K.Suresh Kurup, P.P Balachandran, Mathrubhumi Books, A.K.Gyum Shakespearum
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..