'വിദ്യാസ്മൃതിലയം': ജീവിതഗന്ധിയായ ആത്മീയതയെക്കുറിച്ചൊരു സവിശേഷഗ്രന്ഥം


കെ. ജയകുമാര്‍

ഇതിഹാസകഥകളിലൂടെ അനുകമ്പാപൂര്‍ണ്ണമായ ജീവിതത്തെക്കുറിച്ചുഉള്ള കഥകള്‍ പങ്കിടുന്ന അധ്യാപകന്‍ അറിവിനെ ജീവിതത്തോട്  കൂട്ടിക്കെട്ടുകയാണ്.

പുസ്തകത്തിന്റെ കവർ

സ്വാമി അധ്യാത്മാനന്ദ രചിച്ച 'വിദ്യാസ്മൃതിലയം' എന്ന പുസ്തകത്തെക്കുറിച്ച് കെ. ജയകുമാർ എഴുതിയ ആസ്വാദനക്കുറിപ്പ്.

ജീവിതത്തെ നേർവഴിക്കു നയിക്കാൻ ചില നിയന്ത്രണങ്ങളും വിട്ടുവീഴ്ച ചെയ്യരുതാത്ത മൂല്യബോധവും അനിവാര്യം. മാതാപിതാക്കളും പൂർവികരും ആചാര്യന്മാരും ഇതൊക്കെ കലാകാലങ്ങളിൽ പലരൂപങ്ങളിൽ നമുക്ക് പകർന്നു തന്നിട്ടുണ്ട്. ചിലർ അവയൊക്കെ ഉപദേശരൂപത്തിൽ പറയും. കാലാതീതമായ വിവേകം ചിലപ്പോൾ പഴഞ്ചൊല്ലുകളിൽ അടങ്ങിയിട്ടുണ്ടാവും. മുതിർന്നവർ സ്വാഭാവികമായി ചെയ്യുന്ന ചില ആചാരങ്ങളിലും അനുഷ്ടാനങ്ങളിലുമുണ്ടാവും തലമുറകൾക്കു വെളിച്ചം നൽകിയ ആശയലാവണ്യം. നല്ല അധ്യാപകരും തങ്ങളുടെ വിദ്യാർത്ഥികൾക്ക് ജീവിതയാത്രയിൽ മാർഗ്ഗനിർദ്ദേശങ്ങൾ കൊടുക്കാറുണ്ട്. എന്നാൽ ഇത്രയൊക്കെ ഉപദേശങ്ങളും നിർദ്ദേശങ്ങളും ലഭ്യമായിട്ടും അവയ്ക്കൊന്നും വിലകൊടുക്കാതെ തന്നിഷ്ടം പോലെ ജീവിക്കുകയും തനിക്കും തന്റെ ചുറ്റുമുള്ളവർക്കും സങ്കടം വരുത്തിവയ്ക്കുകയും ചെയ്യുന്നവരുമുണ്ട്. ഉപദേശങ്ങളുടെ കുറവല്ല അവ സ്വാംശീകരിക്കാനുള്ള മടിയാണ് പലരെയും അപകടങ്ങളിലേക്കും അലസതയിലേക്കും അപകർമ്മങ്ങളിലേക്കും നയിക്കുന്നത്. ഒരു വ്യക്തിക്ക് സ്വീകാര്യമായ രീതിയിൽ ജീവിതമൂല്യങ്ങൾ എങ്ങനെ സംവേദനം ചെയ്യണമെന്ന സങ്കേതം ഏറ്റവും ഭംഗിയായി 'വിദ്യാസ്മൃതിലയം' എന്ന പുസ്തകത്തിൽ സ്വാമി അധ്യാത്മാനന്ദ പ്രാവർത്തികമാക്കിയിരിക്കുന്നു. നേരിട്ടുള്ള ഒറ്റ ഉപദേശം പോലുമില്ല ഈ കഥകളിൽ. മൂന്നു ഖണ്ഡങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഇരുപതു കഥകളിലൂടെ ചില കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും മിഴിവോടെയും തെല്ല് ഫലിതബോധത്തോടെയും വരച്ചിട്ട്, ചുണ്ടത്തൊരു ചിരിയുമായി മാറി നിൽക്കുകയാണ് ഗ്രന്ഥകാരൻ.

ആമുഖക്കുറിപ്പിൽ പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണൻ നടത്തുന്ന നിരീക്ഷണം ആവർത്തിക്കട്ടെ: 'ഒരേ സമയം ചങ്ങാതിയും സാക്ഷിയും രക്ഷകനും വഴികാട്ടിയും ഗുരുവുമാണ് ഇദ്ദേഹം. തന്റെ ധർമ്മവും കർമ്മവും സൂക്ഷ്മമായി തിരിച്ചറിഞ്ഞ ഒരാളുടെ നിസ്സംഗതയും അനുതാപവും സമഭാവനയും വരികൾക്കിടയിൽ വായിക്കാം.' സാധാരണ കാവിയണിഞ്ഞ സന്ന്യാസിമാർ വൈരാഗികളും, സാധാരണ ജീവിതങ്ങളുടെ വിക്ഷുബ്ധതകളോ പ്രതിസന്ധികളോ വൈകാരിക ജീവിതത്തിലെ പിരിമുറുക്കങ്ങളോ അറിയാത്തവരുമാണെന്ന ധാരണയാണ് സമൂഹത്തിൽ പ്രബലം. എന്നാൽ ഈ പുസ്തകം ആ ധാരണ തിരുത്താൻ വായനക്കാരോട് ആവശ്യപ്പെടും. ഈ കൃതി പങ്കുവയ്ക്കുന്ന ആശയങ്ങൾ ജീവിതത്തെ അഗാധമായി അറിയുന്നതിൽ നിന്ന് ആവിർഭവിച്ചവയാകുന്നു. വിരാഗം ജീവിത നിഷേധമല്ലെന്നും നിഷ്കാമ ജീവിതസ്നേഹമാണെന്നും വായനക്കാർ തിരിച്ചറിയുന്നു. ഇതിന്റെ നിദർശനങ്ങളാണ് ഈ പുസ്തകത്തിലെ മനുഷ്യജീവിതകഥകൾ.

ഇതിലെ കഥകൾ അസാധാരണങ്ങളോ വിദൂരത്തു നടന്നവയോ അല്ല. ഏവർക്കും പരിചയമുള്ള സാധാരണ മനുഷ്യരാണ് ഈ കഥാപാത്രങ്ങൾ. പ്രതിപാദിക്കപ്പെടുന്ന ജീവിത സന്ദർഭങ്ങളോ തികച്ചും സാധാരണവും. പരിചിത സന്ദർഭങ്ങളിലെ പരിചിത കഥാപാത്രങ്ങളിലൂടെ ജീവിത കഥകൾ പറഞ്ഞ്, ജീവിതോൽക്കർഷത്തിനു വേണ്ട ആശയങ്ങൾ വായനക്കാരിലേക്കു സംക്രമിക്കുന്നു. മനുഷ്യമനസ്സിനെക്കുറിച്ചുള്ള സ്വാമിജിയുടെ അറിവ് ഈ ആഖ്യാന ശൈലിയുടെ അടിസ്ഥാന ശക്തിയാണ്. വർത്തമാനകാലത്തിന്റെ അനേകം പരിചിതാവസ്ഥകൾ നമുക്ക് മുന്നിൽ അനാവൃതമാകുന്നു. ഒരു ട്വിസ്റ്റിലൂടെ ആഖ്യാനത്തെ തനിക്കു ആവശ്യമുള്ള ബിന്ദുവിൽ എത്തിക്കാൻ സ്വാമി അധ്യാത്മാനന്ദയ്ക്ക് അനായാസം കഴിയുന്നു. പ്രകടമായി ഉപേദശിക്കാതെയും അറിവിന്റെ പ്രദർശനത്തിന് മുതിരാതെയും മനഃശാസ്ത്ര സിദ്ധാന്തങ്ങൾ അവതരിപ്പിക്കാതെയും അനുവാചകനെ തന്നിലേക്ക് അടുപ്പിക്കാൻ ഈ ഗ്രന്ഥകർത്താവിനു അനായാസം സാധിക്കുന്നു. അമൂർത്തമായ ആശയങ്ങൾ പറയുകയല്ല, ജീവിത സന്ദർഭങ്ങൾ പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നത്. 'ശ്രീ വാമന മൂർത്തി'യെന്ന കഥയിലെ വ്യത്യസ്തനായ അധ്യാപകന്റെ അതെ ശൈലിയും ടെക്നിക്കുമാണ് സ്വാമിജിയും സ്വീകരിച്ചിരിക്കുന്നത്. ഇതിഹാസകഥകളിലൂടെ അനുകമ്പാപൂർണ്ണമായ ജീവിതത്തെക്കുറിച്ചുഉള്ള കഥകൾ പങ്കിടുന്ന അധ്യാപകൻ അറിവിനെ ജീവിതത്തോട് കൂട്ടിക്കെട്ടുകയാണ്. സ്കൂളിൽ നിന്ന് കിട്ടുന്ന അറിവിന് ജീവിതത്തോട് ബന്ധമുണ്ടെന്ന് ബോധ്യമില്ലാത്തതാണ് വിദ്യാഭ്യാസനിലവാരം നന്നാകാത്തതിന്റെ പ്രധാന കാരണമെന്ന പാഠവും ഈ കഥകളിൽ ചിലതു ഭംഗ്യന്തരേണ പകരുന്നുണ്ട്. ഓരോ വ്യക്തിയെയും അയാളുടെ/അവളുടെ പരിമിതികളോടും സവിശേഷതകളോടും കൂടി അംഗീകരിക്കാനും, മുൻവിധികൾ കൊണ്ട് അതിരുകൾ വരയ്ക്കാതിരിക്കാനും 'നമ്മിൽ നിഹിതമായ കാരുണ്യ ഭാവത്തെ തൊട്ടുണർത്താനും', കുട്ടികളെ ശിക്ഷിക്കുന്നതിലെ അശാസ്ത്രീയത സ്ഥാപിക്കാനുമൊക്കെ ഈ കഥകൾ നമ്മെ ഫലപ്രദമായി പ്രേരിപ്പിക്കും. പുറമെ നിന്നുള്ള നിർദ്ദേശത്താലല്ല, ആന്തരികമായ ബോധ്യത്താൽ.

ആത്മീയജീവിതം സ്വയം തെരഞ്ഞെടുത്ത ഒരു സന്ന്യാസി ഏതു വിധത്തിലാണ് ജീവിതത്തെ മാധുരീകരിക്കേണ്ടതെന്നു പറയുന്ന ഈ മാതിരി കൃതികൾ മലയാളത്തിൽ ഏറെയില്ല. ഒരുപക്ഷെ തീരെ ഇല്ലെന്നും പറയാം. ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്നതല്ല ആത്മീയത. ഇവിടെ ജീവിച്ചുകൊണ്ട്, ചേറിൽ വിരിഞ്ഞ താമരപ്പൂപോലെ നിരാസക്തമായി ചുറ്റുപാടുകളെ നിർമ്മലമാക്കുന്നതാണ് യഥാർത്ഥ ആത്മീയതയെന്നു സ്വാമി അധ്യാത്മാനന്ദയുടെ ഈ പുസ്തകം സൗമ്യശബ്ദത്തിൽ നമ്മളോട് പറയുന്നു. രക്ഷിതാക്കളും അധ്യാപകരും, ജീവിതത്തിനു ഉയർച്ചയും വളർച്ചയും സന്തുഷ്ടിയും ശാന്തിയും കാംക്ഷിക്കുന്നവരും രസകരവും, അതേസമയം ഗൗരവപൂർണ്ണവുമായ ഈ കൃതി വായിച്ചിരിക്കേണ്ടതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


AMMA

1 min

ഷമ്മി തിലകനെതിരെ 'അമ്മ'യില്‍ പ്രതിഷേധമുണ്ട്; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും - താരസംഘടന

Jun 26, 2022

Most Commented