'അപ്പംകൊണ്ട് മാത്രമല്ല മനുഷ്യന്‍ വളരുന്നത്, മാര്‍ക്സിസവും'


കെ എ ജോണിമനുഷ്യന് ഭൗതികവും ആത്മീയവുമായ വശങ്ങളുണ്ടെന്നാണ് ബുദ്ധന്റെ പക്ഷം. മാര്‍ക്സ് ഊന്നല്‍ നല്‍കിയത് ഭൗതികതയ്ക്കാണ്. പക്ഷേ, മനുഷ്യന്‍ ജിവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല എന്നത് ഒരു വസ്തുതയാണ്.

പുസ്തകത്തിന്റെ കവർ

എസ്.എസ് പിള്ള എഴുതി ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച 'മനസ്സും മാര്‍ക്‌സിസവും' എന്ന പുസ്തകത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ കെ.എ ജോണി എഴുതിയ ലേഖനം വായിക്കാം.

'വെല്‍ത്ത് ഓഫ് നേഷന്‍സ്' എന്ന സുപ്രസിദ്ധ പുസ്തകം എഴുതുന്നതിനും 17 കൊല്ലം മുമ്പ് 1759-ലാണ് ആഡം സ്മിത്ത് 'ധാര്‍മ്മിക വിചാരങ്ങളുടെ സിദ്ധാന്തം' (Theory of Moral Sentiments) എഴുതിയത്. മനുഷ്യരുടെ സഹാനുഭൂതിയുടെ പരിമിതികളിലേക്ക് വളരെ കൃത്യമായി ആഡംസ്മിത്ത് ഈ കൃതിയില്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ചൈനയില്‍ ഒരു ഭൂകമ്പം ഉണ്ടാവുന്നു. അങ്ങകലെ യൂറോപ്പിലിരിക്കുന്ന ഒരാളെ ഈ ഭൂകമ്പം എങ്ങിനെയായിരിക്കും ബാധിക്കുകയെന്ന് ആഡം സ്മിത്ത് അന്വേഷിക്കുന്നു. മനുഷ്യജീവിതത്തിന്റെ നിസ്സാരതകള്‍ ഓര്‍ത്ത് അയാള്‍ ആകുലനാവും. എത്രയോ കാലം കൊണ്ട് മനുഷ്യര്‍ കെട്ടിപ്പടുത്തതൊക്കെ ഒരു നിമിഷം കൊണ്ട് തകരുന്നത് കണ്ട് അയാള്‍ വ്യഥിതനും വിഷണ്ണനുമാവും. പക്ഷേ, അതു കഴിഞ്ഞ് അയാള്‍ സ്വന്തം വ്യവഹാരങ്ങളില്‍ മുഴുകും. അന്ന് രാത്രി ഉറങ്ങുന്നതിന് അയാള്‍ക്ക് ഒരു പ്രശ്നവുമുണ്ടാവില്ല. അതേസമയം അയാളുടെ ഒരു വിരല്‍ അടുത്ത ദിവസം നഷ്ടപ്പെട്ടേക്കുമെന്നറിഞ്ഞാല്‍ അയാള്‍ക്ക് അന്നുറങ്ങാനാവില്ല. മനുഷ്യരുടെ സഹാനുഭൂതിയും ദയയുമൊക്കെ എത്രമാത്രം സങ്കുചിതവും വ്യക്തിപരവുമാണെന്ന യാഥാര്‍ത്ഥ്യമാണ് സ്മിത്ത് ഈ രചനയില്‍ അനാവരണം ചെയ്യുന്നത്.

ആഡം സ്മിത്ത് അടക്കമുള്ള ക്യാപിറ്റലിസ്റ്റ് പ്രത്യയശാസ്ത്ര വിശാരദന്മാരെ തിരുത്തിക്കൊണ്ടാണ് കാള്‍ മാര്‍ക്സ് മനുഷ്യസമൂഹത്തെ പിടിച്ചുകുലുക്കിയത്. ലോകത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിത്തീര്‍ക്കുകയാണ് വേണ്ടതെന്ന മാര്‍ക്സിയന്‍ ദര്‍ശനം പുതിയ കപ്പല്‍ചാലുകള്‍ കീറുന്നതിനുള്ള ആഹ്വാനവും വെളിച്ചവുമായി. അടിച്ചമര്‍ത്തപ്പെടുന്നവരുടെ വിമോചനവും കീഴാളരുടെ ഉയിര്‍ത്തെഴുന്നേല്‍പും മാനവരാശിക്ക് മുന്നില്‍ പുതിയ ആകാശവും പുതിയ ഭൂമിയും തുറന്നിട്ടു. ഹെഗലിയന്‍ ദര്‍ശനങ്ങളുടെ വളക്കൂറുള്ള മണ്ണിലാണ് മാര്‍ക്സ് ലോകം മാറ്റിമറിക്കുന്നതിനുള്ള മൂല മന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. ഹെഗല്‍ ശീര്‍ഷാസനത്തില്‍ നിര്‍ത്തിയ വൈരുദ്ധ്യാത്മകതയെ നേരെ നിര്‍ത്തുകയാണെന്നായിരുന്നു മാര്‍ക്സിന്റെ ഭാഷ്യം.

വര്‍ഗ്ഗങ്ങളുടെ സംഘര്‍ഷമാണ് ചരിത്രം എന്ന മാര്‍ക്സിയന്‍ കാഴ്ചപ്പാടാണ് ലെനിനും മാവോയും ഹോചിമിനും ഏറ്റെടുത്തത്. ഓരോ ദേശത്തിനും ഓരോ രീതി എന്ന നിലയില്‍ ഇവര്‍ മൂന്നുപേരും മാര്‍ക്സിസം പുതുക്കുകയും അതിന് പ്രയോഗത്തിന്റെ പുതുചിറകുകള്‍ നല്‍കുകയും ചെയ്തു. ഹോചിമിനുമായി കേരളത്തില്‍ നിന്നുള്ള കമ്മ്യൂണിസ്റ്റ് നേതാവ് കെ ദാമോദരന്‍ നടത്തിയ കൂടിക്കാഴ്ച ഓര്‍ക്കുന്നത് രസകരമായിരിക്കും. വിയറ്റ്നാമിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അത്രയും തന്നെ അംഗങ്ങളും സംഘടനാ സംവിധാനവുമുണ്ടായിട്ടും ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിപ്ലവം നടത്താന്‍ കഴിയാതെ വരുന്നത് എന്തുകൊണ്ടാണെന്ന് ദാമോദരന്‍ ഹോചിമിനോട് ചോദിച്ചു. ഇന്ത്യയില്‍ ഗാന്ധിയുണ്ടെന്നും വിയറ്റ്നാമിലെ ഗാന്ധി താനാണെന്നുമായിരുന്നു ഹോചിമിന്റെ മറുപടി. മാര്‍ക്സിസം സചേതനമായ സാമൂഹ്യശാസ്ത്ര പദ്ധതിയാണ്. വാഴ്ത്തലുകളിലൂടെയും ആരാധകരിലൂടെയുമല്ല വിമര്‍ശകരിലൂടെയാണ് പ്രത്യയശാസ്ത്രങ്ങള്‍ വളരുന്നത്.

മാര്‍ക്സിസത്തിന്റെ ഫാന്‍ (രസികന്‍/ആരാധകന്‍) അല്ല എസ്എസ് പിള്ള എന്നതാണ് മനസ്സും മാര്‍ക്സിസവും എന്ന പഠനത്തെ വ്യത്യസ്തമാക്കുന്നത്. മാര്‍ക്സിസത്തിന് ഈ ഭൂമിയില്‍ ഇപ്പോഴും പ്രസക്തിയുണ്ടെന്നും എന്നാല്‍ കാലവും ചരിത്രവും മുന്നോട്ടുവെയ്ക്കുന്ന അനുഭവങ്ങളും പാഠങ്ങളും ഉള്‍ക്കൊണ്ടുമാത്രമേ മാര്‍ക്സിസത്തിന് അതിജീവനത്തിന്റെ പാതകള്‍ താണ്ടാനാവുകയുള്ളുവെന്നുമാണ് പിള്ള ഈ ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നത്. ഓരോ ദേശത്തിനും അതിന്റേതായ മാര്‍ക്സിസമുണ്ട് എന്ന ചരിത്രപരതയുടെ വെളിച്ചത്തിലാണ് എസ്എസ് പിള്ളയുടെ പഠനം മുന്നേറുന്നത്. ഭാരതീയ ദര്‍ശനങ്ങള്‍ എങ്ങിനെയാണ് മാര്‍ക്സിസത്തിന്റെ പുതുവായനയ്ക്കുള്ള ഉപകരണങ്ങളാവുന്നതെന്ന് എസ്എസ് പിള്ള കൃത്യമായി ചൂണ്ടിക്കാട്ടുന്നു. മാര്‍ക്സിസത്തെ വെറും ഡോഗ്മയാക്കി മാറ്റുന്നവരാണ് അതിന്റെ വെളിച്ചവും ചൂടും കെടുത്തിക്കളയുന്നത്. എസ്എസ് പിള്ളയെപ്പോലുള്ളവര്‍ മാര്‍ക്സിസത്തിന് പുതിയ മണ്ണും പുതിയ വെള്ളവും നല്‍കുന്നു.

ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ മാര്‍ക്സിന്റെ ശവകുടീരത്തിനരികില്‍ നിന്നുകൊണ്ട് ഏംഗല്‍സ് പ്രഖ്യാപിച്ചത് ഈ ഘട്ടത്തില്‍ അനുസ്മരിക്കാം: '' Charles Darwin discovered the law of the development of organic nature upon our planet. Marx is the discoverer of the fundamental law according to which human history moves and develops itself, a law so simple and self evident that its simple enunciation is almost sufficient to secure assent.'' ചാള്‍സ് ഡാര്‍വിന് ദാസ് ക്യാപിറ്റലിന്റെ ഒരു കോപ്പി മാര്‍ക്സ് അയച്ചു കൊടുത്തിരുന്നു. 822 പേജുകളുണ്ടായിരുന്ന ആ കോപ്പിയുടെ ആദ്യ 105 പുറങ്ങള്‍ മാത്രമേ ഡാര്‍വിന്‍ ഒന്നോടിച്ചു വായിച്ചിട്ടുള്ളെന്നാണ് മാര്‍ക്സിന്റെ ജിവചരിത്രകാരനായ ഫ്രാന്‍സിസ് വീന്‍ പറയുന്നത്. പറഞ്ഞുവന്നത് മാര്‍ക്സിന്റെ ചരിത്ര ദര്‍ശനത്തോട് ഡാര്‍വിന് അത്രകണ്ട് പ്രതിപത്തിയൊന്നും ഉണ്ടായിരുന്നില്ലെന്നാണ്. പക്ഷേ, ഡാര്‍വിന്റെ താല്‍പര്യമില്ലായ്മ മാര്‍ക്സിസത്തെ തളര്‍ത്തിയില്ല. കൊണ്ടും കൊടുത്തും രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലക്കേും ഭൂഖണ്ഡങ്ങളില്‍ നിന്നും ഭൂഖണ്ഡങ്ങളിലേക്കും മാര്‍ക്സിസം വളര്‍ന്നു.

ഈ വളര്‍ച്ചയാണ് എസ് എസ് പിള്ള അടയാളപ്പെടുത്തുന്നത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന ഒരു സാമൂഹ്യശാസ്ത്രത്തിന്റെ ചരിത്രം. ഒരാളും ശൂന്യതയില്‍ നിന്നോ ഒന്നുമില്ലാത്ത കടലാസ്സില്‍ നിന്നോ അല്ല തുടങ്ങുന്നത്. ചരിത്രം ഒരു പ്രവാഹമാണ്. ഈ പ്രവാഹത്തിന് പിന്നില്‍ ഒരു ശക്തിയുണ്ടെന്നാണ് ഹെഗല്‍ വിശ്വസിച്ചത്. അതൊരു തരം മതാത്മകതയായാിരുന്നു. പ്രഷ്യയുടെയും പ്രഷ്യന്‍ ചക്രവര്‍ത്തിയുടെയും മഹത്വം അതിരിട്ട മതാത്മകത. ഹെഗലിന്റെ ഈ ചരിത്ര വീക്ഷണം പുതുക്കുകയും പൊളിക്കുകയുമാണ് മാര്‍ക്സ് ചെയ്തത്. ഹെഗലിന്റെ വൈരുദ്ധ്യാത്മകതയില്‍ നിന്ന് വ്യത്യസ്തമാണെന്ന് മാത്രമല്ല തന്റെ വൈരുദ്ധ്യാത്മക ഭൗതിക വാദം ഹെഗലിന്റേതിന് നേരെ വിരുദ്ധമാണെന്നും മാര്‍ക്സ് ചൂണ്ടിക്കാട്ടി.'' ഹെഗലിയന്‍ നിഗൂഡാത്മകതകള്‍െൈ വരുദ്ധ്യാത്മകതയെ തലകുത്തനെ നിര്‍ത്തി. ഇതിനെ നേരെ നിര്‍ത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. '' ഭൗതിക ലോകത്തെ നിര്‍ണ്ണയിക്കുന്നത് ചിന്തയാണെന്നായിരുന്നു ഹെഗലിന്റെ നിലപാട്. എന്നാല്‍ സാമ്പത്തിക- ഭൗതിക സാഹചര്യങ്ങളാണ് മനുഷ്യരെ നിര്‍ണ്ണയിക്കുകയും നിര്‍വ്വചിക്കുകയും ചെയ്യുന്നതെന്ന കാഴ്ചപ്പാടാണ് മാര്‍ക്സ് ഉയര്‍ത്തിയത്. ഈ വീക്ഷണം നിരാകരിക്കുകയല്ല അതിനെ വിശാലവും ആഴവുമാര്‍ന്ന പ്രതലങ്ങളിലേക്ക് പ്രക്ഷേപിക്കുകയാണ് എസ്എസ് പിള്ള ചെയ്യുന്നത്.

മനസ്സ് ഒരു ഭാവനാസൃഷ്ടിയല്ല. അനുഭവസഞ്ചയങ്ങളുടെ സമീകരണവും തുടര്‍ച്ചയുമാണ് മനസ്സ്. ഭാവനയെന്നൊന്നില്ലെന്നും ഈ ഭൂമിയില്‍ കാണുന്നതും അനുഭവിക്കുന്നതുമല്ലാതെ മറ്റൊന്നും നമ്മള്‍ പുന:സൃഷ്ടിക്കുന്നില്ലെന്നും എഴുതിയത് ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ അല്‍ബെര്‍ കാമുവാണ്. നരകത്തെക്കുറിച്ച് പറയുമ്പോള്‍പോലും വാതിലുകളുള്ള നരകം എന്ന് നമ്മള്‍ പറയുന്നത് അതുകൊണ്ടാണെന്നും കാമു ചൂണ്ടിക്കാട്ടി. മനസ്സിനെ മാര്‍ക്സിസവുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ പിള്ളയും ഇതാണ് ചെയ്യുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദമാണ് മാര്‍ക്സിയന്‍ ദര്‍ശനത്തിന്റെ അടിത്തറ. തിസിസും ആന്റിതിസിസും തമ്മിലുള്ള സംഘര്‍ഷം സിന്തസിസിലേക്ക് നയിക്കുന്നു. തൊഴിലാളി വര്‍ഗ്ഗവും ബൂര്‍ഷ്വാസിയും തമ്മിലുള്ള പോരാട്ടം തൊഴിലാളികളുടെ സര്‍വ്വാധിപത്യത്തിനും ഒടുവില്‍ ഭരണകൂടം കൊഴിഞ്ഞുപോകുന്നതിനും ഇടയാക്കുന്നു. പക്ഷേ, ക്യാപിറ്റലിസം ഇപ്പോഴും ഇവിടെയുണ്ട്. റഷ്യയിലെയും ചൈനയിലെയും ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രങ്ങളിലെയും വിപ്ലവങ്ങള്‍ക്ക് ക്യാപിറ്റലിസം അന്തിമമായി കുഴിച്ചുമൂടാനായിട്ടില്ല. ഈ യാഥാര്‍ത്ഥ്യം മാര്‍ക്സിസത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നില്ല. സമത്വം എന്ന ആശയത്തിന് മരണമില്ല. ഫ്യൂഡലിസത്തില്‍ നിന്നും ജ്ഞാന സമ്പദ് വ്യവസ്ഥിതിയിലേക്കുള്ള വളര്‍ച്ചയ്ക്കിടയില്‍ മനുഷ്യര്‍ക്കിടയിലുള്ള അസമത്വങ്ങളും വിവേചനങ്ങളും കൂടിയിട്ടേയുള്ളു. ഉള്ളവനും ഇല്ലാത്തവനും ഈ ഭൂമിയില്‍ നിലനില്‍ക്കുന്നിടത്തോളം കാലം മാര്‍ക്സിസം ഒരു വിമോചന ശാസ്ത്രമായി നമുക്കിടയിലുണ്ടാവും.

ചരിത്രം മാര്‍ക്സിലോ ഏംഗല്‍സിലോ ഒടുങ്ങുന്നില്ല. ലോകം ചുട്ടുചാമ്പലാക്കാന്‍ കെല്‍പുള്ള ആണവോര്‍ജ്ജ വിസ്ഫോടനം മാര്‍ക്സിന് അപരിചിതമായിരുന്നു. ലോകത്തെ ഒന്നാകെ വിറപ്പിക്കുന്ന കൊറോണ പോലൊരു മാരക വൈറസും മാര്‍ക്സിന്റെ പരികല്‍പനയിലുണ്ടായിരുന്നില്ല. ഇന്റര്‍നെറ്റും നിര്‍മ്മിത ബുദ്ധിയും തീര്‍ക്കുന്ന പുതിയ ലോകങ്ങളും മാര്‍ക്സിന്റെ ചിന്താ പദ്ധതിക്കപ്പുറത്തായിരുന്നു. സത്യാനന്തര ലോകത്തിനെ മുന്നില്‍ കണ്ടുകൊണ്ടല്ല മാര്‍ക്സ് തന്റെ ദര്‍ശനങ്ങള്‍ക്ക് രൂപം നല്‍കിയത്. മനുഷ്യ മനസ്സിന്റെ മുന്നേറ്റം ആര്‍ക്കാണ് പ്രവചിക്കാനാവുക? ഈ പരമമായ യാഥാര്‍ത്ഥ്യത്തിലേക്കാണ് എസ് എസ് പിള്ള വിരല്‍ ചൂണ്ടുന്നത്. അറിവിന് അവസാന വാക്കുകളില്ല. അതൊരു നിരന്തരമായ പ്രക്രിയയാണ്. ഓരോ കാലവും പുതിയ പാഠങ്ങളും പാഠഭേദങ്ങളും തീര്‍ക്കുന്നു.

ഇന്ത്യന്‍ പരിസരത്തു നിന്നുകൊണ്ട് മാര്‍ക്സിസം സമഗ്രമായി വായിക്കാന്‍ ശ്രമിച്ച ഒരാള്‍ ബി ആര്‍ അംബേദ്കറാണ്. 'ബുദ്ധനോ കാള്‍ മാര്‍ക്സോ' (Buddha or Karl Marx) എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധത്തില്‍ അംബദ്കര്‍ നടത്തുന്ന മാര്‍ക്സിസത്തിന്റെ വിശകലനവും വിചാരണയും ഗംഭീരമെന്നേ പറയാനാവുകയുള്ളു. മാര്‍ക്സിനും ബുദ്ധനും ഇടയില്‍ 2,381 വര്‍ഷങ്ങളുടെ അകലമുണ്ട്. ബിസി 563 നടുത്തായിരുന്നു ബുദ്ധന്റെ പിറവി. മാര്‍ക്സ് ജനിക്കുന്നത് എഡി 1,818ലും. എന്നാല്‍ ഈ കാല വ്യത്യാസത്തിനുമപ്പുറത്താണ് ബുദ്ധന്റെയും മാര്‍ക്സിന്റെയും ചിന്താ പദ്ധതികള്‍ തമ്മിലുള്ള സാമ്യമെന്നാണ് അംബദ്കര്‍ ചൂണ്ടിക്കാട്ടുന്നത്.

റഷ്യന്‍ വിപ്ലവത്തിനും മുമ്പേ മാര്‍ക്സ് ഈ ലോകം വിട്ടുപോയി. റഷ്യയിലും ചൈനയിലും വിയറ്റ്നാമിലും കമ്മ്യൂണിസം പടര്‍ന്നുപിടിക്കുന്നതും പരിണമിക്കുന്നതും കണ്ടുകൊണ്ടാണ് അംബദ്കര്‍ കടന്നുപോയത്. അതുകൊണ്ടുതന്നെ മാര്‍ക്സിസം നേരിടുന്ന വെല്ലുവിളികള്‍ അംബദ്കര്‍ക്ക് കുറെക്കൂടി ഉള്‍ക്കാഴ്ചകള്‍ നല്‍കി. കാലമേല്‍പിച്ച ആഘാതങ്ങള്‍ മറികടന്ന് മാര്‍ക്സിസം ബാക്കിവെയ്ക്കുന്ന സുപ്രധാന ദര്‍ശനങ്ങളായി അംബദ്കര്‍ വിലയിരുത്തുന്നത് ഇവയാണ്:
1. തത്വചിന്തയുടെ ലക്ഷ്യം ലോകത്തെ വ്യാഖ്യാനിക്കുകയല്ല മാറ്റിത്തീര്‍ക്കുകയാണ്.
2. വര്‍ഗ്ഗവും വര്‍ഗ്ഗവും തമ്മില്‍ താല്‍പര്യങ്ങളുടെ സംഘര്‍ഷമുണ്ട്.
3. സ്വകാര്യ സ്വത്ത് ഒരു വര്‍ഗ്ഗത്തിന് അധികാരവും മറ്റൊരു വര്‍ഗ്ഗത്തിന് ദുരിതവും നല്‍കുന്നു.
4. സ്വകാര്യ സ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനത്തിലൂടെ ജനതയുടെ ദുരിതം അകറ്റാനാവും എന്നത് സമൂഹ നന്മയ്ക്ക് ആവശ്യമാണ്.

ഈ നാല് കാര്യങ്ങളില്‍ ബുദ്ധന് എന്താണ് പറയാനുള്ളതെന്ന് അംബദ്കര്‍ അന്വേഷിക്കുന്നുണ്ട്. മതം മനുഷ്യരുടെ ജീവിത വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരിക്കണമെന്നും ദൈവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ സൃഷ്ടിക്കാനുള്ളതായിരിക്കരുതെന്നും ബുദ്ധന്‍ പറയുന്നുണ്ട്. ദൈവമോ നിര്‍വ്വാണമോ അല്ല മനുഷ്യനായിരിക്കണം മതത്തിന്റെ കേന്ദ്ര ബിന്ദു എന്നാണ് ബുദ്ധന്‍ നിരീക്ഷിക്കുന്നത്. ലോകത്തിന്റെ ഉത്പത്തിയോ അവസാനമോ വിശദീകരിക്കുകയല്ല ലോകത്തെ മാറ്റിത്തീര്‍ക്കുകയാണ് മതം ചെയ്യേണ്ടതെന്നും ബുദ്ധന്‍ വ്യക്തമാക്കുന്നുണ്ടെന്ന് അംബദ്കര്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു. വര്‍ഗ്ഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടെന്ന മാര്‍ക്സിയന്‍ കാഴ്ചപ്പാടും ബുദ്ധന്‍ പങ്ക് വെയ്ക്കുന്നുണ്ടെന്നാണ് അംബദ്കര്‍ പറയുന്നത്. സ്വകാര്യ സ്വത്താണ് ജനങ്ങള്‍ക്കിടയില്‍ അസമത്വം തീര്‍ക്കുന്നതെന്ന മാര്‍ക്സിയന്‍ വീക്ഷണത്തോടും ബുദ്ധന് അഭിപ്രായ വ്യത്യാസമില്ല. സ്വകാര്യ സ്വത്തിന്റെ നിര്‍മ്മാര്‍ജ്ജനത്തിലും ബുദ്ധനും മാര്‍ക്സിനും ഒരേ നിലപാടാണെന്ന് അംബദ്കര്‍ വ്യക്തമാക്കുന്നു. ബുദ്ധനും കൂടെയുണ്ടായിരുന്ന ഭിക്ഷുക്കളും ആകെ സ്വകാര്യമായി കൈവശം വെച്ചിരുന്നത് മൂന്ന് ഉടുപ്പുകളും അരയില്‍ കെട്ടുന്നതിനുള്ള വള്ളിയും ഒരു ഭിക്ഷാപാത്രവും ഒരു ബ്ലെയ്ഡും ഒരു സൂചിയും വെള്ളമെടുക്കുന്നതിനുള്ള പാത്രവും മാത്രമാണ്.

ലക്ഷ്യം നേടുന്നതില്‍ അവലംബിക്കേണ്ട മാര്‍ഗ്ഗങ്ങളിലാണ് ബുദ്ധനും മാര്‍ക്സും വ്യത്യസ്തരാവുന്നത്. ബുദ്ധന്റെ അഹിംസ പ്രായോഗികതയിലധിഷ്ഠിതമായിരുന്നു. ഒരു കുറ്റവാളിയെ ശിക്ഷിക്കുന്നതിന് ഹിംസ ഉപയോഗിക്കുന്നതില്‍ ബുദ്ധന്‍ എതിരായിരുന്നില്ലെന്ന് സോദാഹരണസഹിതം അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മഹാവീരന്‍ ഉദ്ഘോഷിച്ച സമ്പൂര്‍ണ്ണ അഹിംസയല്ല ബുദ്ധന്റെ അഹിംസ. പക്ഷേ, മാര്‍ക്സ് വിഭാവനം ചെയ്ത തൊഴിലാളികളുടെ സര്‍വ്വാധിപത്യം ബുദ്ധന്റെ ആശയങ്ങളോട് നിരക്കുന്നതല്ല. ബുദ്ധന്‍ എല്ലാ അര്‍ത്ഥത്തിലും ജനാധിപത്യവാദിയായിരുന്നുവെന്ന് അംബേദ്കര്‍ പറയുന്നു. ബുദ്ധന്റെ കാലത്ത് 14 ഏകാധിപത്യ രാജ്യങ്ങളും 4 റിപ്പബ്ലിക്കുകളുണ്ടായിരുന്നു. ഇതില്‍ സാഖ്യ റിപ്പബ്ലിക്കായിരുന്നു ബുദ്ധന്റെ നാട്. ഏകാധിപത്യം ബുദ്ധന്റെ പരികല്‍പനകള്‍ക്കെതിരാണ്.ഏകാധിപത്യത്തില്‍ അനുസരിക്കുക എന്ന ഒരേയൊരു കാര്യമേ പൗരര്‍ക്ക് ചെയ്യാനുള്ളു. പാര്‍ലമെന്ററി സംവിധാനത്തില്‍ കടമയും അവകാശവുമുണ്ട്. നിയമങ്ങള്‍ അനുസരിക്കുന്നതിനുള്ള കടമയും അതേസമയം അവയെ വിമര്‍ശിക്കുന്നതിനും ചോദ്യം ചെയ്യുന്നതിനുമുള്ള അവകാശവും. ഈ അവകാശങ്ങളാണ് ജനാധിപത്യത്തെ ഏകാധിപത്യത്തില്‍ നിന്നും വേര്‍തിരിക്കുന്നത്. ഇവിടെയാണ് ബുദ്ധനും മാര്‍ക്സും തമ്മില്‍ വഴിപിരിയുന്നത്.

മനുഷ്യന് ഭൗതികവും ആത്മീയവുമായ വശങ്ങളുണ്ടെന്നാണ് ബുദ്ധന്റെ പക്ഷം. മാര്‍ക്സ് ഊന്നല്‍ നല്‍കിയത് ഭൗതികതയ്ക്കാണ്. പക്ഷേ, മനുഷ്യന്‍ ജിവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല എന്നത് ഒരു വസ്തുതയാണ്. ഈ യാഥാര്‍ത്ഥ്യത്തിലേയ്ക്കാണ് എസ് എസ് പിള്ള നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സ്വാതന്ത്ര്യമില്ലെങ്കില്‍ സമത്വത്തിന് അര്‍ത്ഥമില്ല. സ്വാതന്ത്ര്യം ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റേതുകൂടിയാണ്. തൊഴിലാളികളുടെ സര്‍വ്വാധിപത്യത്തിനു ശേഷം ഭരണകൂടം കൊഴിഞ്ഞുപോവും എന്ന മാര്‍ക്സിയന്‍ പരികല്‍പന ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. നീണ്ടുപോവുന്ന സര്‍വ്വാധിപത്യം സ്വാതന്ത്ര്യ നിഷേധമാണെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നു. മനുഷ്യന്‍ മാറണമെങ്കില്‍ മനുഷ്യന്റെ മനസ്സ് മാറണമെന്നാണ് ബുദ്ധന്‍ പറഞ്ഞത്. അത് ഒരാള്‍ക്കും മറ്റൊരാളില്‍ അടിച്ചേല്‍പിക്കാനാവില്ല. മാര്‍ക്സിസം നവീകരിക്കപ്പെടണമെങ്കില്‍ അതില്‍ മനസ്സിനും കൂടി ഇടമുണ്ടാവണം. നിരന്തരം പുതുക്കപ്പെടുന്ന സാമൂഹ്യശാസ്ത്ര പദ്ധതി എന്ന നിലയില്‍ മാര്‍ക്സിസം ഇത്തരമൊരു വിശകലനമോ വിചാരണയോ നിരാകരിക്കേണ്ടതില്ല. പണ്ടൊരു ലേഖനത്തില്‍ ഒ വി വിജയന്‍ നിരീക്ഷിച്ചതുപോലെ ചുമടല്ല തിരിയും വെളിച്ചവുമാണ് മാര്‍ക്സിസം ആയിത്തീരേണ്ടത്. അതിലേക്കുള്ള സാര്‍ത്ഥകകമായ സഞ്ചാരമാണ് എസ് എസ് പിള്ളയുടെ' മനസ്സും മാര്‍ക്സിസവും.'

Content Highlights: K.A Johny, S.S Pillai

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented