ജയമോഹൻ, പി.രാമൻ
ജയമോഹന് എഴുതി പി.രാമന് വിവര്‍ത്തനം ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കഥാസമാഹാരമാണ് 'മായപ്പൊന്ന്'. പത്തുകഥകളാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'മായപ്പൊന്നി'ന് ജോണി എം.എല്‍ തയ്യാറാക്കിയ ആസ്വാദനം വായിക്കാം.
ഭാഷകള്‍ തമ്മില്‍ കലരുന്ന പ്രദേശങ്ങളില്‍ ഭാഷ സംഗീതവും അമൂര്ത്തചിത്രങ്ങളോളം എത്തുന്ന ആവിഷ്കാരങ്ങളുമാകുന്നു. മാനഭാഷയുടെ കൊത്തളങ്ങളില്‍ നിന്ന് താഴേയ്ക്ക് നോക്കുമ്പോള്‍ മറ്റൊരു വിതാനത്തിലേയ്ക്ക് അകന്നകന്നു സ്വത്വം തേടി പോകുന്ന ഭാഷകള്‍, കടല്ക്കരയിലെ നനവ് തിരയ്ക്കൊപ്പം ഇറങ്ങിപ്പോകുന്നതുപോലെ തോന്നുന്നു. അത്തരം ഭാഷകളില്‍ സ്വയം ആവിഷ്കരിക്കുന്ന മനുഷ്യരില്‍ രണ്ടു ചരിത്രങ്ങളും രണ്ടു ഭാഷകളുടെ സംഗീതവും കലര്‍ന്ന് കിടക്കുന്നു. വൃത്തഭംഗം വന്നതെന്ന് തോന്നിയ്ക്കുന്ന കവിതാശീലുകളില് അര്‍ത്ഥം ഗുപ്തമായിരിക്കുന്നത് പോലെ ഈ ഭാഷയില്‍ അനുഭവങ്ങള്‍ ഒളിഞ്ഞുകിടക്കുന്നു. അതിനെ പിടിച്ചുപുറത്തെടുക്കുന്നതാണ് ജയമോഹന്റെ 'മായപ്പൊന്ന്' എന്ന കഥാസമാഹാരത്തിലെ പത്തുകഥകള്‍.
തെക്കന്‍ തിരുവിതാകൂര്‍ പണ്ട് തമിഴകത്ത് അലിഞ്ഞുചേര്ന്നിടത്ത് നിന്നുള്ള മനുഷ്യാനുഭവങ്ങളെയും ചരിത്രത്തെയും ഓര്ത്തെടുത്തെഴുതുകയാണ് ജയമോഹന്. അവ അതിയാഥാര്ഥ്യസ്വഭാവം പേറുന്ന കഥകളായി നമ്മുടെ മുന്നില്‍ വിതുര്ത്തിടപ്പെടുന്നു. കൊറോണക്കാലത്ത് അടച്ചിരുന്നപ്പോള്‍ ഓരോദിവസവും ഓരോ കഥകളെഴുതൂ എന്ന് സഹകഥാകാരന്മാരോട് ആവശ്യപ്പെട്ട ശേഷം അതിനെ സ്വയം പ്രവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി എഴുതിയ കഥകളില്‍ നിന്ന് പത്തുകഥകളാണ് കവി പി. രാമന് സ്വയം തമിഴ് പഠിച്ചെടുത്ത് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. മിശ്രഭാഷയുടെ താളം ഒട്ടുമേ ചോരാതെ തമിഴ്-മലയാള അനുഭവങ്ങളെ അതിന്റെ ഭൂമിശാസ്ത്ര സവിശേഷതകള്‍ അതേപടി നിലനിര്‍ത്തി മൊഴിമാറ്റം ചെയ്യുന്നതില്‍ പി രാമന് വിജയിച്ചിരിക്കുന്നുവെന്നത് വായനയിലുടനീളം അറിയാനാകും. ജയമോഹന് മലയാളത്തിലും എഴുതുന്നൊരാളാണ്. എന്നാല്‍ തമിഴെന്ന മുക്കാല്ത്തായ്മൊഴിയില് എഴുതിയതിനെ സ്വയം മലയാളമാക്കാതെ മറ്റൊരാള്‍ക്ക് വിട്ടുകൊടുക്കുന്നത് വഴി, സ്വയം മൊഴിമാറ്റം ചെയ്തിരുന്നെങ്കില്‍ തെളിഞ്ഞുവരാന്‍ അമാന്തിച്ചുപോയ മലയാളഭാഷാനുഭവങ്ങളെ, പൂര്‍ണ്ണമാക്കാന്‍ അനുവദിക്കുകയാണ് ചെയ്തത്.
തര്‍ജ്ജമയ്ക്ക് ക്രമേണ അന്തസ്സുണ്ടായി വരുന്ന കാലമാണിത്. കര്‍ത്താവിനൊപ്പം വിവര്‍ത്തകന്റെയും പേര് കൃതിപ്പുറത്ത് പ്രത്യക്ഷമാകുന്ന രസായനവിദ്യ കാലം മുന്നോട്ടു വെച്ചതെത്ര ഭാഗ്യം. ആ രസായനവിദ്യ സൃഷ്ടിയുടെ പങ്കാളിത്തമാണ്. എന്നാല്‍ സൃഷ്ടിയുടെ അനന്യതയില്‍ വിശ്വസിക്കുന്ന നേശയ്യന് എന്ന വാറ്റുകാരന്‍ താന്‍ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ആ അന്യത്ര ദുര്‍ലഭമായ രസത്തെ ഒരു രാത്രി നേടിയെടുക്കുമ്പോള്‍ അത് പങ്കുവെയ്ക്കാനാകാതെ സ്വയം ഭുജിച്ചു പെരുംപുലി മുന്‍പാകെ കീഴടങ്ങി സായൂജ്യമടയുന്നൊരു കഥയാണ് 'മായപ്പൊന്ന്' എന്ന് പേരുള്ള കഥയില്‍ ജയമോഹന് പറയുന്നത്. പെരുംപുലി ആരാണ്? സര്ഗ്ഗശക്തിയുള്ളവനെ സംബന്ധിച്ചിടത്തോളം അത് കാലം തന്നെയാണ്. ഇരുളാ വിഴുങ്ങ് എന്ന് കാലത്തെ നോക്കി അലറിയവന്റെ അതെ ഭൂമികയില്‍ നിന്ന് രാജാധികാരവും കുടുംബവും നാടുമില്ലാതൊരുവന് കാലപ്പെരുംപുലിയ്ക്ക് കീഴടങ്ങുകയാണ്. എഴുത്തുകാരന് കാലത്തിനു മുന്നില്‍ മാത്രം അടിയറവെയ്ക്കുന്നതാണ്, വെയ്ക്കേണ്ടതാണ് തന്റെ രസായനവിദ്യയെന്നു ജയമോഹന് പരോക്ഷമായി സൂചിപ്പിക്കുന്നു.
കല കൊണ്ട് കലികൊണ്ടവരുടെ സുവിശേഷമോ കലാപാഹ്വാനമോ ആയി ഈ കഥകളെ കാണാം. തന്നെ തച്ചൊതുക്കി അച്ചില്‍ കയറ്റി വാര്‍ത്തെടുക്കാന്‍ പണിപ്പെടുന്ന സമൂഹത്തിനെ നോക്കി ഇപ്പോഴും പുച്ഛിയ്ക്കാന്‍ പോരുന്ന കഥാപാത്രങ്ങളെ ജയമോഹന് സൃഷ്ടിക്കുന്നത് അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയൂ, പ്രത്യേകിച്ചും സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ചു സാഹിത്യകാരന്മാര് ദീപസ്തംഭം മഹാശ്ചര്യം എന്നോതിക്കൊണ്ടു മാനംകെട്ടു നടക്കുന്നൊരീ കാലത്തില്‍. ദേവന് എന്ന ആദ്യകഥയില്‍ത്തന്നെ വെച്ചുറപ്പുള്ള തറവാട്ടില്‍ മുടിപ്പുരയില്‍ മാഞ്ഞുപോയ ദേവീചിത്രം തെളിച്ചുവരയ്ക്കാന് വന്നെത്തുന്ന മാണിക്കം എന്ന ആശാരിപ്പയ്യനെ പിന്തുടരുന്ന ഇശക്കിയമ്മ എന്ന വയസ്സിത്തള്ളയെ വരച്ചിടുന്ന ഇക്കഥ ശിവ-ശക്തികളുടെ ജീവിത വൃത്താന്തം തന്നെ. ദേവിയെ വിളിച്ചു വരുത്താന്‍ ശേഷിയുള്ള ദേവനാണ് മാണിക്കം. ഇശക്കിയമ്മയുടെ പണ്ടെങ്ങോ മരിച്ചുപോയ മകളെ തിരിച്ചുകൊണ്ടുവരും എന്ന മാണിക്കത്തിന്റെ വാഗ്ദാനമാണ് കഥയുടെ കാതല്‍. ഇശക്കിയമ്മ ശൈവസങ്കല്പത്തിലെ യക്ഷിയും ആശാരി മാടനും അല്ലെങ്കില്‍ മറ്റെന്ത്?
കുരുവി എന്ന കഥ ശ്രദ്ധേയം. നന്നായി സോള്‍ഡറിങ് നടത്താന്‍ അറിയാവുന്ന മാടന് പിള്ള (മാടന് പിന്നെ ശിവ സങ്കല്പ്പമല്ലാതെന്ത്? നടരാജനടനം സൃഷ്ടി നൃത്തമാണത്രെ) സ്വയം ആര്‍ട്ടിസ്റ്റെന്നാണ് പറയുന്നത്. വാറ്റ് തന്റെ സൃഷ്ടിയായി കരുതുന്ന നേശയ്യനെ ഓര്‍ക്കുമല്ലോ. മാടന് പിള്ള സസ്പെന്‍ഷനിലാണ്. കാരണം കുടി, ഇന്‍സബോര്‍ഡിനേഷന്‍ എന്നാല്‍ മേലുദ്യോഗസ്ഥനെ അനുസരിക്കായ്ക. ഒടുവില്‍ കേന്ദ്രമന്ത്രി വരുമ്പോള്‍ ഫൈബര്‍ വയറുകള്‍ സോള്‍ഡര്‍ ചെയ്യാന്‍ സസ്പെന്‍ഷനില്‍ ഇരിക്കുന്ന മാടന്‍പിള്ള തന്നെ വരണം. അയാളൊരു കുരുവിക്കൂട് കണ്ടെത്തുന്നു. ഫൈബര്‍ വയറുകള്‍ കൊണ്ട് കുരുവി ചമച്ച കൂടിനെ സൃഷ്ടികര്‍മ്മത്തിന്റെ ഉദാഹരണമായി പ്രതിഷ്ഠിച്ചു കൊണ്ട് താനൊരു കുരുവി മാത്രമാണെന്ന് മാടന് പിള്ള പ്രഖ്യാപിക്കുന്നു.
മാടന് പിള്ള സ്വയം നിര്‍വചിക്കുന്നത് കേള്‍ക്കൂ: 'ഡോ ..ഞാന്‍ മനുഷ്യനല്ല. ഞാന്‍ ആര്‍ട്ടിസ്റ്റ്. ഞാന്‍ മനുഷ്യനല്ലെന്നേ. ഞാന്‍ പാപി. ഞാന്‍ കെട്ടുനാറിയ കുടിയന് നായി. ഞാന്‍ വൃത്തികെട്ട മൃഗം...പന്നി. ഞാന്‍ പുഴുവാ. തീട്ടത്തില്‍ നൊഴേയ്ക്കിണ പുഴു. ഞാന്‍ സാത്താനാ പിശാശാ. ചങ്കുകടിച്ചു ചോര കുടിക്കിണ മാടനാ. എന്ത് മൈരായാലും നിങ്ങടേം നിങ്ങാടാളുകളേം മാതിരി മണ്ണായിപ്പോണ മനുഷ്യനായി ഇരിക്കൂലാ ഞാന്‍.' ജയമോഹന് കഥകളില്‍ ഉടനീളം കഥാകാരന്മാരോട്/ കലാകാരന്മാരോട് സമൂഹത്തിന്റെ സമീപനവും അതിന്റെ വിമര്‍ശനവും ഉള്‍ച്ചേര്‍ക്കുന്നുണ്ട്. കലാകാരന് പാചകനായാലും പന്തല്പ്പണിക്കാരനായാലും പോയി ആദരിക്കണം എന്നത് കാട്ടിത്തരുന്ന കഥയാണ് നിറപൊലി. അതില്‍ ഒരു പ്രദേശത്തിന്റെ രുചികള്‍ അപ്പാടെ ജയമോഹന് പേരെടുത്ത് വിശദീകരിക്കുന്നുണ്ട്. മാതൃഭൂമി പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരം വളരെ മികച്ച പാരായണാനുഭവം നല്കുന്നു എന്നതില്‍ സംശയമില്ല.
Content Highlights : Johny ML Reviews Mayapponnu Writtten by Jayamohan Translated by P Raman Mathrubhumi Books
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..