'പിഷാരടിയ്ക്ക് 'കൂടുതല്‍' ഉള്ള എല്ലാത്തിനെയും കുറയ്ക്കുന്നത് ധര്‍മ്മജന്റെ കുറിയ ശരീരം'- ജോണി എം എല്‍


 ജോണി. എം.എല്‍എന്താണ് പിഷാരടിയുടെ വിജയരഹസ്യം? ഒരു അവതാരകന്‍, എന്റര്‍പ്രണര്‍, സംവിധായകന്‍ എന്നീ നിലകളിലെ വിജയത്തെ ഞാന്‍ തത്കാലം കണക്കാക്കുന്നില്ല. കോമിക് എന്ന നിലയില്‍ എന്ന നിലയില്‍ എന്താണ് പിഷാരടിയെ വിജയപ്പിക്കുന്നത്?

ആർടിസ്റ്റ് വി ബാലുവിന്റെ കാരിക്കേച്ചർ

രമേഷ് പിഷാരടിയുടെ 'ചിരിപുരണ്ട ജീവിതങ്ങള്‍' എന്ന പുസ്തകത്തിന് ജോണി എം.എല്‍ എഴുതിയ ആസ്വാദനക്കുറിപ്പ് വായിക്കാം.

കൊറോണാ മഹാമാരി വരുന്നതിനു തൊട്ടുമുന്‍പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രയ്ക്കായി ഇരിയ്ക്കവേ അവിടേയ്ക്ക് വളരെ പരിചയമുള്ള ഒരു യുവാവ് കടന്നുവന്നു. ഉല്ലാസ് പന്തളമായിരുന്നു അത്- പ്രശസ്ത ടെലിവിഷന്‍-സിനിമ കൊമേഡിയന്‍. ഒറ്റയ്ക്ക് ജീവിക്കുന്ന എനിയ്ക്ക് യൂട്യൂബില്‍ കിട്ടുന്ന ഉല്ലാസ് പന്തളം കോമെഡി സ്‌കിറ്റുകളാണ് ഭക്ഷണവേളയില്‍ കൂട്ട്. ഞാന്‍ പരിചയപ്പെട്ടു. വളരെ വിനീതനായ ഒരു യുവാവ്. ഉല്ലാസിനൊപ്പം വളരെ സുമുഖനും വെളുത്തനിറമുള്ളവനുമായ മറ്റൊരു യുവാവ് ഉണ്ടായിരുന്നു. അയാള്‍ ആരാണെന്ന് ഞാന്‍ ചോദിച്ചു. ഞാനും ആര്‍ട്ടിസ്റ്റ് ആണ്, അയാള്‍ പറഞ്ഞു.എന്റെ ചോദ്യം ആ യുവാവിനെ വിഷമിപ്പിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. കാരണം സൗന്ദര്യം കൊണ്ട് ഒരുപക്ഷെ ശ്രദ്ധിക്കേണ്ടത് അയാളെയാണ്. എന്നാല്‍ തിരിച്ചറിയുന്നത് ഉല്ലാസിനെയാണ് എല്ലാവരും. ഞാന്‍ ആലോചിച്ചു, എന്തുകൊണ്ടാണിങ്ങനെ? കോമഡി എന്നാല്‍ സ്വരൂപത്തില്‍ നിന്ന് അല്പംകുറഞ്ഞു നില്‍ക്കാനുള്ള കലാകാരന്റെ ശേഷിയാണ് എന്നെനിയ്ക്ക് മനസ്സിലായി. എല്ലാ അര്‍ത്ഥത്തിലും ഒരല്പം കുറഞ്ഞുനില്‍ക്കലാണ് കോമഡിയുടെ ആധാരം. അപ്പോള്‍ ഞാന്‍ ഉല്ലാസ് പന്തളത്തിന്റെ ഒരു സ്‌കിറ്റ് ഓര്‍ത്തു: അതില്‍ അയാള്‍ ഒരു കാതുകുത്തുകാരനായാണ് വരുന്നത്. കാത്തു കുത്താന്‍ അയാള്‍ അമ്പുംവില്ലുമാണ് ഉപയോഗിക്കുന്നത്. അതെന്ത് എന്ന് വീട്ടുകാര്‍ ചോദിക്കുമ്പോള്‍ ഉല്ലാസ് പറയുന്നു: 'എന്റെ ജാതി കാരണം പലരും എന്നെ വീട്ടില്‍ കയറ്റില്ല. അതിനാല്‍ അച്ഛന്‍ കുഞ്ഞിനെ മടിയില്‍ വെച്ച് വരാന്തയില്‍ ഇരിക്കും. ഞാന്‍ ഗേറ്റിന് പുറത്തുനിന്ന് അമ്പെയ്ത് കാതില്‍ തുളയിടും. ജാതി ഏതെന്ന് ചോദിക്കരുത്, എനിയ്ക്ക് കീഴില്‍ വേറെ ജാതിയില്ല.' എല്ലാവരെയും ചിരിപ്പിച്ചുകൊല്ലുന്ന ഒരു രംഗമാണത്.

കോമഡി ഉത്പാദിപ്പിക്കാനായി ഉല്ലാസ് അവിടെ രണ്ടു ലെയറുകള്‍ കൂട്ടിച്ചേര്‍ത്ത് ഒരു 'കുറവ്' സൃഷ്ടിക്കുകയാണ്; ഒന്ന്, ഒരു കലാകാരന്‍ എന്ന നിലയില്‍ തന്റെ സ്ഥൂലശരീരവും കറുപ്പും ഒരു ജാതിശരീരമായി മുന്നോട്ട് വെയ്ക്കുന്നു. രണ്ട്, കഥാപാത്രമായി വരുമ്പോള്‍ ഈ ജാതിയിലെ 'കുറവിനെ' കഥാപാത്രത്തിന്റെ, അതിലും താഴ്ന്നജാതിയെന്ന നിലയില്‍ അവതരിപ്പിക്കുന്നു. അമേരിക്കന്‍ കറുത്തവര്‍ ഉത്പാദിപ്പിച്ചിരുന്ന നിഗ്ഗര്‍ ജോക്‌സ് പോലെ തികച്ചും പൊളിറ്റിക്കല്‍ ആയ ഒരു ഇടപെടലാണ് അത്. പറഞ്ഞുവന്നത് ഉല്ലാസ് പന്തളത്തിനെക്കുറിച്ചാണെങ്കിലും അദ്ദേഹത്തിന്റെ വിരുദ്ധധ്രുവത്തില്‍ നില്‍ക്കുന്ന മറ്റൊരു കോമേഡിയന്റെ പുസ്തകത്തെക്കുറിച്ചു പറയുകയാണ് ലക്ഷ്യം. അയാളുടെ പേര് രമേഷ് പിഷാരടി.

മാതൃഭൂമി ബുക്ക്‌സ് അടുത്തിടെ പ്രസാധനം ചെയ്ത രമേഷ് പിഷാരടിയുടെ 'ചിരിപുരണ്ട ജീവിതങ്ങള്‍' എന്ന അനുഭവപുസ്തകത്തിനെക്കുറിച്ചു എഴുതാന്‍ വേണ്ടി ഒരു മുഖവുരയായിരുന്നു ഉല്ലാസിലൂടെ സൃഷ്ടിച്ചത്. കോമഡി 'കുറവിന്റെ' കലയാണെന്ന് പറഞ്ഞല്ലോ; അല്ലെങ്കില്‍ ന്യൂനീകരണത്തിന്റെ കല (അത് ചിലപ്പോള്‍ സ്ഥൂലീകരണവും ആകാം). മിമിക്രി രംഗത്ത് തുടക്കകാലത്ത് നല്ല ശബ്ദം ഉള്ളവര്‍ പോലും സ്‌കിറ്റുകള്‍ അവതരിപ്പിക്കുമ്പോള്‍ ശബ്ദം കോമാളിയുടേത് ആക്കാറുള്ളത് ശ്രദ്ധിച്ചാല്‍ ഈ ന്യൂനീകരണം മനസ്സിലാകും. ഇപ്പോള്‍ അത് ഏറെ മാറിപ്പോയിരിക്കുന്നു. രമേഷ് പിഷാരടി 'ന്യൂനതകള്‍' ഇല്ലാത്ത ഒരു വ്യക്തിയാണ്. വെളുത്ത നിറവും പിഷാരടി എന്ന സര്‍നെയിമും ഭേദപ്പെട്ട ശബ്ദവും സൗന്ദര്യവും ഉയരവും സംസാരത്തിലെ 'മാന്യതയും', ഭാഷാപരമായ സ്വാധീനവും (സാജന്‍ പള്ളുരുത്തിയ്ക്ക് ഭാഷാപരമായ കഴിവുകള്‍ ഉണ്ടെങ്കിലും ആ കലാകാരന്‍ അതിനെ പലപ്പോഴും ഡിസ്റ്റോര്‍ട്ട് ചെയ്താണ് അവതരിപ്പിക്കുന്നത്) ഒക്കെ പിഷാരടിയെ ഒരു കോമിക് ആര്‍ട്ടിസ്റ്റ് ആകുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുന്നു. എന്നാല്‍ അതിനെയൊക്കെ മറികടന്നാണ് പിഷാരടി കോമിക് രംഗത്ത് നിലനില്‍ക്കുന്നത്.

എന്താണ് പിഷാരടിയുടെ വിജയരഹസ്യം? ഒരു അവതാരകന്‍, എന്റര്‍പ്രണര്‍, സംവിധായകന്‍ എന്നീ നിലകളിലെ വിജയത്തെ ഞാന്‍ തത്കാലം കണക്കാക്കുന്നില്ല. കോമിക് എന്ന നിലയില്‍ എന്ന നിലയില്‍ എന്താണ് പിഷാരടിയെ വിജയപ്പിക്കുന്നത്? വെളുത്ത സുന്ദരന്മാര്‍ കോമിക്ക് ആക്ട് ചെയ്ത് ഇതിന് മുന്‍പ് വിജയിപ്പിച്ചിട്ടുണ്ടല്ലോ എന്നൊക്കെ നമുക്ക് തോന്നാം. പക്ഷെ സിനിമയുടെ ചരിത്രത്തില്‍ അടൂര്‍ ഭാസി, ജയറാം എന്നിവരാണ് വ്യക്തമായും (മേല്‍) ജാതിഗുണങ്ങള്‍ അടയാളപ്പെടുത്തപ്പെട്ട ശരീരവുമായി വന്നിട്ടുള്ളത്. അടൂര്‍ ഭാസി ഏറെക്കുറെ ശൃംഗാരത്തെ തന്റെ സ്ഥായീഭാവമാക്കുകയും അതിന്റെ പരഭാഗമായി ബഹദൂര്‍ എന്ന, അല്പം ഡിസ്റ്റോര്‍ഷന്‍ ഉള്ള നടനെ സ്ഥാപിച്ചെടുക്കുകയും ചെയ്തു. ജയറാമാകട്ടെ തന്റെ 'കുലീന'തയെ അബദ്ധങ്ങള്‍ക്ക് മേല്‍ അബദ്ധം പറ്റുന്ന ഒന്നാക്കി കുറച്ചും കാട്ടി.

പിഷാരടി ആദ്യകാല സ്റ്റേജ് പരിപാടികളില്‍ ഡിസ്റ്റോര്‍ഷന്‍ ഒരു ശൈലിയായി സ്വീകരിച്ചിരുന്നെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയും ഭാഷയും ടൈമിങ്ങും കൊണ്ടുള്ള ഒരു സമീപനം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. പിഷാരടിയുടെ ഡിസ്റ്റോര്‍ഷനാണ് ധര്‍മ്മജന്‍; ഭാസിയ്ക്ക് ബഹദൂര്‍ എന്ന പോലെ. പിഷാരടിയുടെ പല പരിപാടികളുടെയും വിജയം എന്നത് ധര്‍മ്മജനും ആയുള്ള കോമ്പിനേഷന്‍ ആണ്. ചുരുക്കിപ്പറഞ്ഞാല്‍ പിഷാരടിയ്ക്ക് 'കൂടുതല്‍' ഉള്ള എല്ലാത്തിനെയും കുറയ്ക്കുന്നത് ധര്‍മ്മജന്റെ കുറിയ ശരീരവും 'തറ' വര്‍ത്തമാനവും ആണ്. പിഷാരടിയെ കോമിക് ആയി മറ്റുള്ളവര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത് തന്നെ ധര്‍മ്മജന്‍ പിഷാരടിയുടെ 'കുറവായി' ഒപ്പം ഉള്ളത് കൊണ്ടാണ്. ഇത് നമ്മുടെ വിജയന്‍-ദാസന്‍ കോമ്പിനേഷനില്‍ നിന്ന് വ്യത്യസ്തമാണ്. മോഹന്‍ലാല്‍ എന്ന സവര്‍ണ്ണ ശരീരത്തിന്റെ ദാസ്യഭാവത്തിലായിരുന്നു ശ്രീനിവാസന്റെ കുറിയ കറുത്ത ശരീരം പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ പുതിയ കാലത്ത് പിഷാരടിയുടെ 'കുലീന' ശരീരത്തെ നിരന്തരം അപനിര്‍മ്മിക്കുന്ന ഒന്നായാണ് ധര്‍മ്മജന്റെ ചെറുശരീരം പ്രത്യക്ഷപ്പെടുന്നത്. ഈ ആഖ്യാന അപനിര്‍മ്മിതി പലപ്പോഴും കാണാതെപോവുകയാണ് ചെയ്യുന്നത്.

ഞാന്‍ രമേഷ് പിഷാരടിയെ ശ്രദ്ധിക്കാന്‍ രണ്ട് കാരണങ്ങള്‍ സ്വയം കണ്ടെത്തി. ഒന്നാമതായി, ഒരിക്കല്‍ ഒരു സ്റ്റേജ് പ്രോഗ്രാമില്‍ പിഷാരടി പറഞ്ഞത് തന്നെ ഒരു കൂട്ടുകാരന്‍ വിശേഷിപ്പിക്കുന്നത് 'അനാവശ്യകാര്യങ്ങളുടെ വിജ്ഞാനകോശം' എന്നായിരുന്നു. അതെനിയ്ക്ക് ഇഷ്ടപ്പെട്ടു. കാരണം ഒരു കോമിക് പെര്‍ഫോര്‍മര്‍ ചെയ്യുന്നത് പതിരിനെ കതിരാക്കുകയാണ്. മുഖ്യധാരാ സൃഷ്ടിക്കുന്ന ട്രിവിയയെ (അപ്രസക്തങ്ങളെ) ആഖ്യാനത്തിന്റെ കേന്ദ്രസ്ഥാനത്തേയ്ക്ക് കൊണ്ടുവരികയാണ് പിഷാരടി ചെയ്യുന്നത്. രണ്ടാമതായി, ഈ അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ പിഷാരടി ദൈവത്തെയും മതത്തെയും കുറിച്ച് സംസാരിക്കുന്നത് കേട്ടതാണ്. 'ഉപാധികളോടെ മാത്രം വിശ്വസിക്കാവുന്ന ഒന്ന്' എന്നാണ് ദൈവത്തെയും മതത്തെയും കുറിച്ച് പിഷാരടി പറയുന്നത്.

പുസ്തകം വാങ്ങാം

പിഷാരടി യുക്തിവാദമല്ല പറയുന്നത്. പക്ഷെ മതവും ദൈവവുമെല്ലാം വിവേചനബുദ്ധിയോടെ സന്ദര്‍ഭത്തിനുള്ളില്‍ നിര്‍ത്തി കാണേണ്ടതാണെന്നു പറയുന്നു. അതായത്, 'ചളി'പറച്ചില്‍ അല്ല കോമിക് പെര്‍ഫോര്‍മേഴ്‌സില്‍ ഉള്ളത്, അവര്‍ക്ക് വളരെ ഗൗരവമായ ലോകവീക്ഷണം ഇക്കാലത്ത് അര്‍ഹിക്കുന്ന രാഷ്ട്രീയ ആഴങ്ങളോടെ വെച്ചുപുലര്‍ത്താന്‍ കഴിയും എന്നത് പിഷാരടി തെളിയിക്കുന്നു. അതുകൊണ്ടു തന്നെയാണ് 'ചിരിപുരണ്ട ജീവിതങ്ങള്‍' വായിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. പിഷാരടിയുടെ ആദ്യകാല സ്റ്റേജ് അനുഭവങ്ങള്‍ ഒക്കെയാണ് ചെറിയ അദ്ധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നത്. അവയിലേറെയും നര്‍മ്മ നിരീക്ഷണങ്ങളാണ്. ചില നിമിഷങ്ങളില്‍ പൊട്ടിച്ചിരിച്ചു പോകും.

ആനയുടെ മസ്തകത്തിലിരിക്കുന്ന മുത്താണ് ഗജമുത്ത്. അത് കൈവന്നാല്‍ പണം വെയ്ക്കാന്‍ ഒരുപാട് പോക്കറ്റ് തയ്പ്പിക്കേണ്ടി വരും എന്നുപറഞ്ഞു പിന്നാലെ കൂടിയ ബ്രോക്കറോട്, എന്തിനാണ് ഇപ്പോള്‍ ഗജമുത്ത് കൈയില്‍ വെച്ചിരിക്കുന്നയാള്‍ ഒരു ലക്ഷത്തിനു പകരം അമ്പതിനായിരം രൂപയ്ക്ക് വില്‍ക്കാന്‍ തയാറായത് എന്ന് പിഷാരടി ചോദിക്കുമ്പോള്‍, അയാള്‍ കാശിനല്‍പ്പം ടൈറ്റ് ആണെന്ന് ബ്രോക്കറുടെ മറുപടി പിഷാരടി പറഞ്ഞത് കേട്ട് അര്‍ധരാത്രിയാണെന്നത് ഓര്‍ക്കാതെ പൊട്ടിച്ചിരിച്ചു പോയി ഞാന്‍. വീട്ടിലേയ്ക്കുള്ള ഇടവഴി കയറാന്‍ പേടിയുള്ള ധര്‍മ്മജന്റെ ഓട്ടം കണ്ട് അത് 'തേരോട്ടം' ആണെന്ന് ഭയന്ന് മൂത്രം ഒഴിയ്ക്കാന്‍ ഇറങ്ങിയ അയല്‍ക്കാരന്‍ ഉരുണ്ടുപിരണ്ട് വീണ് ശരീരമാസകലം ബാന്‍ഡേജ് ഇടേണ്ടി വന്നത് മറ്റൊരു രസകരമായ കാര്യം.

ഗോപിച്ചേട്ടന്റെ കൂര്‍ക്കം വലി സര്‍ക്കസിന്റെ പരസ്യത്തിലെ പുലിയുടെ അലര്‍ച്ചയായി റെക്കോര്‍ഡ് ചെയ്തുകൊടുത്ത സൗണ്ട് റെക്കോര്‍ഡിസ്റ്റു മുതല്‍ ലേസര്‍ വെളിച്ചത്തെ രത്‌നവണ്ട് എന്ന് പറഞ്ഞുകൊണ്ട് അടിച്ചുകൊല്ലാന്‍ ആളിനെ വിളിച്ചു കൂട്ടിയ സുധാകരന്‍ ചേട്ടന്‍ വരെ ഇതിലെ കഥാപാത്രങ്ങള്‍ ആകുന്നു. ഞാന്‍ വിശദീകരിക്കുന്നില്ല. ശുദ്ധമായ ചിരിയ്ക്ക് താത്പര്യമുള്ളവര്‍ക്ക് വാങ്ങി വായിക്കാവുന്നതാണ്. പിഷാരടിയും ജയറാമും ഉല്ലാസ് പന്തളവും രാജേഷ് പറവൂരും ഒക്കെ അവതരിപ്പിച്ചു വിജയിപ്പിച്ചിട്ടുള്ള പ്രേംനസീറിന്റെ അഞ്ഞൂറാമത്തെ ചിത്രമായ 'കരിപുരണ്ട ജീവിതങ്ങള്‍' എന്ന സിനിമയുടെ ടൈറ്റിലിനെ ചിരിപുരണ്ട ജീവിതങ്ങള്‍ ആക്കുകവഴി ആ മഹാനടനുള്ള ഒരു ട്രിബ്യൂട്ട് കൂടി ആകുന്നുണ്ട് ഈ പുസ്തകം.

Content Highlights: Ramesh Pisharody, Dharmajan Bolgatty, Johny M.L, Mathrubhumi Books


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022

Most Commented