ഇ.സന്തോഷ്‌കുമാർ
ചില പുസ്തകങ്ങളുടെ വായന നമ്മെ അസ്വസ്ഥരാക്കും. ചിലതാകട്ടെ പക്വമായ ജീവിത നിരീക്ഷണങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. എന്നാല്‍ വായനയ്ക്കു ശേഷവും ബൗദ്ധികമായ ചില തിരിച്ചറിവുകളിലേയ്ക്കും ആഴമേറിയ നിശ്ശബ്ദ സഞ്ചാരങ്ങളിലേയ്ക്കും നമ്മെ നയിക്കുന്ന അപൂര്‍വ്വം ചില പുസ്തകങ്ങളുണ്ട്. അത്തരമൊരു പുസ്തകമാണ് ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവലായ 'ജ്ഞാനഭാരം'.
എല്ലാ അറിവുകളും നമ്മുടെ അറിവില്ലായ്മയെ അറിയാന്‍ സഹായിക്കുന്നു അറിവില്ലായ്മയാണ് ഏറ്റവും വലിയ അറിവായി പൗരാണിക കാലം മുതല്‍ നാം ഭാരതീയര്‍ വാഴ്ത്തിപ്പോന്നിട്ടുള്ളത്. ഈ നോവലിലും മനുഷ്യജീവിതവും, ജീവിതകാലത്ത് അവന്‍ ആര്‍ജ്ജിക്കുന്ന വിജ്ഞാനവും അര്‍ത്ഥശൂന്യമായിപ്പോകുന്നു എന്നടയാളപ്പെടുത്തിക്കൊണ്ട് ജ്ഞാനഭാരമെന്ന ശീര്‍ഷകത്തെ അന്വര്‍ത്ഥമാക്കിയിരിക്കുന്നു
മുഖ്യ കഥാപാത്രമായ കൈലാസ് പാട്ടീലിന്റെ മരണത്തോടെ തുടങ്ങുന്ന നോവലിന്റെ ആഖ്യാനം, പിന്നീട് എഴുത്തുകാരന്‍ കൂടിയ ആഖ്യാതാവിന്റെ ഓര്‍മ്മകളിലൂടെയാണ് വരച്ചിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഋജുവായ ആഖ്യാനരീതിയല്ല സ്വീകരിച്ചിരിക്കുന്നത്. എങ്കിലും കഥയില്‍ ഉദ്വേഗം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഒറ്റയിരുപ്പിന് വായിക്കാനാകുന്നുണ്ട്. വളരെക്കുറച്ച് കഥാപാത്രങ്ങളാണ് ഈ നോവലിലുള്ളത്. പ്രധാന കഥാപാത്രങ്ങളും രണ്ടോ മൂന്നോ ഉപകഥാപാത്രങ്ങളും രണ്ട് സ്ത്രീ കഥാപാത്രങ്ങളും മാത്രമാണ് ഈ നോവലിലുള്ളത്. അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളിലൂടെയാണ് കഥ പുരോഗമിയ്ക്കുന്നത്
ഡച്ച് നഗരമായ ഹേഗില്‍ വച്ച് കൈലാസ് പാട്ടീല്‍ മരിച്ചു പോയ വിവരം ദിവസങ്ങള്‍ക്ക് ശേഷം കണ്ടെടുത്ത നമ്പറിലേക്ക് കൈലാസിന്റെ മകന്‍ വിഘ്‌നേഷ് അച്ഛന്റെ കൂട്ടുകാരനെ അറിയിക്കുകയാണ്. എണ്‍പത് വയസ്സില്‍ സ്മ്യതിനാശം ബാധിച്ച് മരിച്ചു പോയ കൈലാസ് പാട്ടീല്‍, ആഖ്യാതാവായ എഴുത്തുകാരനുമായി പങ്കുവെച്ച ഓര്‍മ്മകളിലൂടെയാണ് കഥ പറയുന്നത്.
ഓര്‍മ്മകളുടെ സഞ്ചയമാണ് മനുഷ്യന്‍. അതെ ഓര്‍മ്മകളല്ലാതെ മറ്റെന്താണ് നമ്മള്‍...
എഴുത്തുകാരന്‍ മുംബൈയില്‍ വച്ചാണ് കൈലാസ് പാട്ടീലിനെ പരിചയപ്പെടുന്നത്. വളരെ വേഗം തന്നെ അവര്‍ സുഹ്യത്തുക്കളായി. നിരാമയ എന്നു പേരായ ഫ്‌ളാറ്റിലെ നിത്യസന്ദര്‍ശകനായി മാറി. പല വിഷയത്തിലുമുള്ള അദ്ദേഹത്തിന്റെ ജ്ഞാനം ആഖ്യാതാവിനെ അത്ഭുദപ്പെടുത്തുന്നുണ്ടെങ്കിലും, പാഴ്സികളെപ്പറ്റി അതിവിശദമായ ജ്ഞാനം പങ്കുവച്ച കൈലാസ് പാട്ടീലിന് മുംബെയിലെ പാഴ്‌സികളുടെ ശ്മശാനത്തിന്റെ സമകാലിക ചരിത്രം അജ്ഞാതമായത് എഴുത്തുകാരന് ആശ്ചര്യം ജനിപ്പിക്കുന്നുണ്ട്. പിന്നീട് തേയിലയുടെ ഒരു നൂറ്റാണ്ട് മുന്‍പത്തെ ചരിത്രം പാട്ടീല്‍ വിശദീകരിക്കുമ്പോള്‍ കൗതുകത്തോടെ ആഖ്യാതാവ് നടത്തുന്ന അന്വേഷണമാണ് കഥയുടെ വഴിത്തിരുവാകുന്നത്.
20-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ പ്രസിദ്ധീകൃതമായ, അഥവ രണ്ടു മഹായുദ്ധങ്ങള്‍ക്ക് മുന്‍പിറങ്ങിയ ഒരു വിജ്ഞാനകോശത്തിന്റെ 12 വോള്യങ്ങള്‍ കൈലാസ് പാട്ടീലിന് അച്ഛന്‍ തന്റെ മരണത്തിന് മുന്‍പ് സമ്മാനിച്ചതാണ്.
ഭുവന്‍ദേശായിയെന്ന സര്‍വ്വ സര്‍വ്വസമ്മതനായ വക്കീലിന്റെ ഡ്രൈവറാണ് കമലേഷ് പാട്ടീല്‍ എന്ന കൈലാസ് പാട്ടീലിന്റെ പിതാവ്. ഭുവന്‍ദേശായ് സമ്മാനിച്ചതാണ് വിജ്ഞാനകോശം. എഴുത്തും വായനയും പോലും അന്യമായ ആ പിതാവ് തന്റെ മകനെ അഗാധമായി സ്‌നേഹിക്കുകയും, യജമാനനേയും മകനേയും പോലെ തന്റെ മകന്‍ ഒരു വക്കീലാകണമെന്ന് രഹസ്യമായി ആഗ്രഹിക്കുകയും ചെയ്തു.
അച്ഛന്‍ ഒരു അമൂല്യ നിധിപോലെ സമ്മാനിച്ച ആ വിജ്ഞാനകോശങ്ങള്‍ തീര്‍ത്തും അവഗണിച്ചു കളഞ്ഞു കൈലാസ്. ഈ നോവലില്‍ വായനക്കാരെ വൈകാരികമായി സ്പര്‍ശിക്കുന്ന കഥാപാത്രം അച്ഛനായ കമലേഷ് പാട്ടീലാണ്. എല്ലാ കഷ്ടപ്പാടുകള്‍ക്കിടയിലും മകനെ ഒരു വക്കീലായിക്കാണാന്‍ കഠിനമായി ആഗ്രഹിച്ചിരുന്നു അദ്ദേഹം. ജീവിച്ചിരുന്ന കാലത്ത് കൈലാസിന് അച്ഛന്റെ കരുതലും സ്‌നേഹവും അറിയാന്‍ പാകത വന്നിരുന്നില്ല. എന്നാല്‍ ഒരു കാറപകടത്തില്‍ അച്ഛന്‍ മരിച്ചുകഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന്റെ ജീവിതം മാറിപ്പോയത്. കൈലാസ് പാട്ടീലിന്റെ തന്നെ വാക്കുകളില്‍ 'ഒഴുകിക്കൊണ്ടിരിക്കേ പെട്ടെന്നു നിലച്ചുപോയ നദി പോലെ... അതിനു മേല്‍ ഉറച്ചു പോയ ഒരു തോണിപോലെ.. ' ഒരു പ്രായശ്ചിത്തം പോലെയായിരുന്നു പിന്നീടദ്ദേഹം ജീവിതത്തെ കണ്ടത്. കാലഹരണപ്പെട്ട ആ വിജ്ഞാനകോശം വായിച്ചു പഠിക്കുക ജീവിതത്തിലെ വലിയൊരുകടമയായി മാറ്റി.
എല്ലാതിരക്കുകള്‍ക്കിടയിലും ഒരു ചുമതല പോലെ, കൈലാസ് പാട്ടീല്‍ ആ വിജ്ഞാനശേഖരം കാത്തുസൂക്ഷിച്ചു, വിശ്രമകാലത്ത് മറ്റൊന്നിലും താല്പര്യമില്ലാതെ അത് ഹ്യദിസ്ഥമാക്കിക്കൊണ്ടേയിരുന്നു. സ്മ്യതിനാശം വന്ന് ഓര്‍മ്മകള്‍ എന്നെന്നേക്കുമായി അകന്നു പോകും മുന്‍പ് 12ാമത്തെ വോള്യം അദ്ദേഹം വായിച്ചു തീര്‍ന്നിരുന്നു.
വിജ്ഞാനമെന്നത് നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. നേരേ മറിച്ച് ജ്ഞാനം ശാശ്വതമാണ്. ജ്ഞാനമെന്ന വെളിച്ചത്തെ നിര്‍മിച്ചെടുക്കാനുള്ള എണ്ണയും വിളക്കും പോലെ ഉപകരണങ്ങളാണ് വിജ്ഞാനം. ജ്ഞാനത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ വിജ്ഞാനം ഉപേക്ഷിക്കാം. വിജ്ഞാനം ഒരാളെ ജ്ഞാനിയാക്കുമെന്ന് ഉറപ്പില്ലെന്നും ചിലപ്പോള്‍ നേരെ മറിച്ചാകാനും സാധ്യതയുണ്ടെന്നുമാണ് പണ്ഡിതമതം. ഇത്തരത്തില്‍ ദാര്‍ശനികമായ ഏറെ അറിവുകള്‍ ജ്ഞാനഭാരത്തിലുണ്ട്
കാലഹരണപ്പെട്ട തന്റെ അറിവുകള്‍ ഉപേക്ഷിക്കുന്ന കൈലാസ് പാട്ടീല്‍ ഒടുവില്‍ തിരിച്ചറിയുന്നതും ഇതു തന്നെയാണ്. അവസാന വോള്യത്തിലെ zero എന്ന പദത്തിന്റെ നിരര്‍ത്ഥകമായ അര്‍ത്ഥവ്യാപ്തി ഒരു മനുഷ്യയുസ്സോളം പരന്നു കിടക്കുന്ന, പ്രപഞ്ചം മുഴുവന്‍ മുഴങ്ങുന്ന അഗാധമായ ശൂന്യതയല്ലാതെ മറ്റെന്താണത്. നൂറ്റി എണ്‍പത്തി രണ്ടു പേജുകളിലായി നാല്‍പ്പത്തി അഞ്ച് ചെറു അധ്യായങ്ങളിലായാണ് നോവലിന്റെ ഘടന. ഭാഷയുടെ മടുപ്പിക്കുന്ന ആലഭാരങ്ങളൊന്നുമില്ലാതെയാണ് കഥ പറഞ്ഞു പോകുന്നത്.
അനസ്യുതം വെളിപ്പെടുന്ന ജീവിത യഥാര്‍ത്ഥ്യങ്ങള്‍ കഥാപാത്രങ്ങളെ മാറ്റിമറിയ്ക്കുന്നുണ്ട്. ഭുവന്‍ ദേശായി എന്ന കഥാപാത്രത്തിന്റെ മാറ്റം, അപ്രതീക്ഷിതമാണ്. കൈലാസിന്റെ സുഹ്യത്ത് ദത്താത്രേയ ചാറ്റര്‍ജി പഠിക്കുന്ന കാലത്ത് അപസര്‍പ്പക നോവലിനോട് ഭ്രമമുള്ള അലസനായ വ്യക്തിയായിരുന്നു. എന്നാല്‍ പിന്നീട് ചീഫ് ജസ്റ്റിസായി മാറുന്നുണ്ട്. നോവലിനെ ചലനാത്മകമാക്കുന്ന ഘടകങ്ങളിതൊക്കെയാണ്.
ജീവിതാനുഭവങ്ങളില്‍ പൊള്ളിയടര്‍ന്ന്, മരണത്തിലേക്കെത്തുമ്പോള്‍ ആ ശൂന്യതയിലും ആത്മീയമായ ഒരു നിറവ് അനുഭവിയ്ക്കുന്ന കഥാപാത്രമാണ് കൈലാസ് പാട്ടീല്‍ എന്ന് തോന്നിപ്പോകുന്നു. കാലഹരണപ്പെട്ട അറിവുകളായിരുന്നു അക്കാലമത്രയും വായിച്ചു കൊണ്ടിരുന്നത്. ഭൂതകാലത്തിന്റെ ഓര്‍മ്മകളുടെ കാവല്‍ക്കാരനായി തുടരുകയും ഓര്‍മകളെല്ലാം നഷ്ടപ്പെട്ട് മരിച്ചു പോവുകയും ചെയ്യുമ്പോള്‍ ജീവിതവും മരണവും സമസ്യ പോലെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുകയാണ്.
അറിഞ്ഞു പോകവെ സംഭവിക്കുന്നതാണ് ആത്മാനുഭവം പല വഴികളിലൂടെ സഞ്ചരിച്ചാണ് ബുദ്ധന്‍ അതറിഞ്ഞത്. എനിക്കൊന്നുമറിയില്ലെന്ന അറിവാണ് എനിക്കാകെ അറിയാവുന്നതെന്ന് സോക്രട്ടീസ് അറിഞ്ഞതും അപ്രകാരം തന്നെ. പൗരാണികമായ ഈ ദര്‍ശനങ്ങള്‍ തന്നെയാണ് വളരെ മനോഹരമായ ഭാഷയില്‍ ഇ.സന്തോഷ് കുമാര്‍ ഈ നോവലിന്റെ വായനക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
Content Highlights: jnanabharam by e santhoshkumar published by mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..