'മണിവത്തൂരിലെ ആയിരം ശിവരാത്രി'കളുടെ കഥാകാരിയില്‍ നിന്നും പുതിയ നോവല്‍ പിറക്കുമ്പോള്‍...


ജയശങ്കര്‍ ശങ്കരനാരായണന്‍

ഇന്നലെകളില്‍ നിന്നും ഇന്നിലേക്ക് നീങ്ങിയ ജീവിതം പിന്നെയും അനുഭവങ്ങള്‍ ഒരുപാട് ഹേമയ്ക്ക് നല്‍കുന്നു. ജീവിത യജ്ഞത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച ഹേമയ്ക്ക് ജീവിതം അസ്തമയത്തില്‍ എത്തുമ്പോള്‍ വിധി പിന്നെയും കാത്തുവച്ചത് പറക്കമുറ്റിയ കുഞ്ഞുങ്ങള്‍ പറന്നു പോകുന്ന കാഴ്ചയും ഭര്‍ത്താവിന്റെ തിരസ്‌കാരവും ആയിരുന്നു.

ഡോ. ഓമന ഗംഗാധരൻ, നോവൽ കവർ

ഭാവനാസുന്ദരമായ ഒരു കാവ്യം പോലെ എണ്‍പതുക്കളുടെ അവസാനത്തില്‍ മലയാളികള്‍ ആസ്വദിച്ച സിനിമ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ രചിച്ച കഥാകാരി ഡോ. ഓമന ഗംഗാധരന്റെ മാനസികപ്രപഞ്ചത്തില്‍ നിന്നും വീണ്ടുമൊരു അമൂല്യ രത്‌നശോഭയുള്ള കഥാസൃഷ്ടി, അസ്തമയത്തിലെ നിഴലുകള്‍. മാതൃഭൂമി ബുക്‌സ് ഇംപ്രിന്റായ ഗ്രാസ് റൂട്ട്‌സ്‌ പുറത്തിറക്കിയിരിക്കുന്നു.

ഴുപതുകളില്‍ ഇംഗ്ലണ്ടിലേക്ക് വിവാഹശേഷം ജീവിതം പറിച്ചുനട്ടപ്പോള്‍, ആലുവാപ്പുഴയും, ശിവരാത്രികളും, പമ്പാനദിയും മനസ്സില്‍ നിന്നും കുടിയൊഴിയാതെ, എഴുതി സൂക്ഷിച്ചു ഒളിപ്പിച്ചുവെച്ച കല്പനാ സമ്പന്നമായ 'ആയിരം ശിവരാത്രികള്‍' എന്ന കഥ വെളിച്ചം കാണാന്‍ പിന്നെയും സമയമെടുത്തു. ഫാസില്‍ ആ കഥ സിനിമ ആക്കിയപ്പോള്‍ അത് 'മണിവത്തൂരിലെ ആയിരം ശിവരാത്രി'കളായി. സ്‌നേഹമെന്ന ജീവകാന്തിയെ മരണത്തിന് തോല്‍പ്പിക്കാന്‍ ആവില്ല എന്ന സത്യം ആ കഥ പ്രഖ്യാപിച്ചു.

2020 ആരംഭത്തില്‍ ലോകമെങ്ങും കോവിഡ് താണ്ഡവം ആടുമ്പോള്‍, രാജ്യങ്ങള്‍ സ്വരുക്കൂട്ടി വെച്ചിരുന്ന മിസൈലുകളും വെടിക്കോപ്പുകളും വാളും പരിചയും മനുഷ്യജീവനുകളെ രക്ഷിച്ചു നിലനിര്‍ത്താന്‍ അപര്യാപ്തമായിരുന്നു. മനസ്സ് നിര്‍ജീവമായിരുന്ന ഇംഗ്ലണ്ടിലെ ഒരു തണുത്തിരണ്ട രാത്രിയില്‍ കഥാകാരി ഒരു സ്വപ്നം കണ്ടു. സുന്ദരമായ ആ സ്വപ്നത്തില്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലാത്ത രണ്ടുപേരെ കണ്ടുമുട്ടി. മറക്കാന്‍ കഴിയാത്ത ആ സ്വപ്നത്തില്‍ നിന്നും ഉയിര്‍കൊണ്ട, ഒരു മഹാകാവ്യം പോലെ ഭാവതീവ്രമായ ഒരു കലാസൃഷ്ടിയാണ് 'അസ്തമയത്തിലെ നിഴലുകള്‍'.

വായന മുന്നോട്ട് പുരോഗമിക്കുമ്പോള്‍ വായനക്കാരന് തോന്നും അദൃശ്യമായ ഏതോ പ്രപഞ്ചശക്തികള്‍ എഴുത്തുകാരിയെ ആവേശിച്ചിട്ടുണ്ടെന്ന്. ഈ പുസ്തകത്തിന്റെ പ്രകാശന വേളയില്‍ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ തമ്പാന്‍ പറഞ്ഞു 'ഈ കഥയ്ക്ക് പരിഭാഷകള്‍ അനേകം വരണം. ലോകം മുഴുവന്‍ അത് പ്രചരിക്കണം'.

മുന്‍ ചീഫ് സെക്രട്ടറിയും മലയാളം യൂണിവേഴ്‌സിറ്റിയുടെ സ്ഥാപക വൈസ് ചാന്‍സലറും കവിയും ഗാനരചയിതാവുമായ ഡോ. ജയകുമാര്‍ IAS പറയുന്നത് അസ്തമയത്തിലെ നിഴലുകള്‍ ഡോ. ഓമന ഗംഗാധരന്റെ സൃഷ്ടികളില്‍ അമൃത് ആണെന്നാണ്. കഥയിലെ ബാലശങ്കര്‍ അമാനുഷിക സിദ്ധികള്‍ ഉള്ള ഒരു ഗന്ധര്‍വന്‍ ആണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

അപൂര്‍വ്വ സുന്ദരമായ ഒരു സ്വപ്നത്തില്‍ ഈ കഥ തുടങ്ങുന്നു. നീലാകാശത്തിന് കീഴില്‍ മഞ്ഞും മാമലകളും, മഞ്ഞുരുകി ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും, ഏറെ ഭംഗിയുള്ള വൃക്ഷക്കൂട്ടങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഹിമാലയ താഴ്‌വരകളിലെ കാശ്മീരില്‍ മധുവിധുവിന് എത്തുന്നു ഹേമയും ബാലുവും.

കവികുലഗുരു കാളിദാസന്‍ തന്റെ കാവ്യങ്ങളില്‍ മലകളും മരങ്ങളും മേഘങ്ങളും മനോഹരമായും വ്യക്തതയോടും ദിവ്യത്വത്തോടും ബഹുമാനപൂര്‍വ്വം വര്‍ണ്ണിക്കുന്നു. ശിവ ഭഗവാനെ വരിക്കാന്‍ ആഗ്രഹിച്ചു ഹിമഗിരിനന്ദിനി പാര്‍വതി ദേവി ഹിമാലയ ഭൂമിയില്‍ തപസ്സിരുന്നു. സൂര്യതാപത്തില്‍ പര്‍വ്വതങ്ങളില്‍ വീണുറഞ്ഞ മഞ്ഞുരുകി ഒഴുകുന്നത്, തപശക്തിയില്‍ ദേവിയുടെ കണ്ണീര്‍ പാടുകള്‍ പോലെയെന്ന് കാളിദാസകവി ഉപമിക്കുന്നു. കഥ തുടങ്ങുന്ന കാശ്മീരത്തിലെ പ്രകൃതി വര്‍ണ്ണനയില്‍ കഥാകാരിയെ കവികുലഗുരു കാളിദാസന്‍ ആവേശിച്ചിരുന്നു എന്ന് വേണം അനുമാനിക്കാന്‍. കഥയിലെ ഹേമലതയുടെ ജീവിതവും ദേവിയുടെ തപസ്സ് പോലെ മനസ്സില്‍ നിന്നും അക്ഷരങ്ങളില്‍ പതിഫലിക്കുന്നു. പുരാണങ്ങളില്‍ പോലും പ്രകീര്‍ത്തിച്ചിരുന്ന ദാല്‍തടാകവും ചാര്‍ചിന്നാര്‍ മരങ്ങളെയും ചാരുതയോടെ വര്‍ണ്ണിച്ചിരിക്കുന്നു.

സമൂഹത്തില്‍ നടമാടിയിരുന്ന ജാതി വ്യവസ്ഥയെയും സാമ്പത്തിക വ്യവസ്ഥകളെയും വെല്ലുവിളിച്ചാണ് സമ്പന്നഗൃഹത്തിലെ ഹേമയും ദരിദ്ര കുടുംബത്തിലെ ബാലുവും പ്രേമബദ്ധരായി വിവാഹിതരായത്.

ഹിമാലയത്തില്‍ അവര്‍ പ്രകൃതിയെ കണ്ടറിഞ്ഞു. പ്രകൃതിയുടെ പ്രണയവര്‍ണ്ണ ഭാവങ്ങളും സംഹാരഭാവങ്ങളും ലാസ്യവും ലയവും കണ്ടു.

കാശ്മീരില്‍ അവര്‍ യാത്ര തുടര്‍ന്നു. ഹിമാലയത്തില്‍, പത്തെന്‍പതാം നൂറ്റാണ്ടില്‍, ചെങ്കുത്തായ മലകളും പാറക്കൂട്ടങ്ങളും തുരന്ന് ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച ഇന്‍ഡോ ടിബറ്റന്‍ ഹൈവേയിലൂടെ യാത്ര ചെയ്തു. ശംഭാല എന്ന സ്വര്‍ഗ്ഗീയമായ ഒരു പ്രദേശത്ത് അവര്‍ എത്തുന്നു. അവിടെ സ്വര്‍ണ നിര്‍മ്മിതമായ സ്വര്‍ഗ്ഗത്തിലെ സംസാരിക്കുന്ന വൃക്ഷങ്ങളെ കണ്ടു. നഷ്ടപ്പെട്ട പലതും അവിടെ ഹേമയ്ക്ക് മുന്നില്‍ പുനരവതരിച്ചു. അവിടെയുള്ളവര്‍ക്ക് ജരാനരകള്‍ ഇല്ലായിരുന്നു. ആ സ്വര്‍ഗത്തില്‍ പ്രണയത്തിന്റെയും സ്‌നേഹത്തിന്റെയും തീവ്രതയില്‍ ഒരു നിമിഷം മുറിഞ്ഞുവീണപ്പോള്‍ എല്ലാം മായുന്നു. ഹേമ അവള്‍ക്ക് വിധി താലമേന്തിയ ജീവിതത്തിലേക്ക് വഴുതി വീഴുന്നു.

ഇന്നലെകളില്‍ നിന്നും ഇന്നിലേക്ക് നീങ്ങിയ ജീവിതം പിന്നെയും അനുഭവങ്ങള്‍ ഒരുപാട് ഹേമയ്ക്ക് നല്‍കുന്നു. ജീവിത യജ്ഞത്തിലെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച ഹേമയ്ക്ക് ജീവിതം അസ്തമയത്തില്‍ എത്തുമ്പോള്‍ വിധി പിന്നെയും കാത്തുവച്ചത് പറക്കമുറ്റിയ കുഞ്ഞുങ്ങള്‍ പറന്നു പോകുന്ന കാഴ്ചയും ഭര്‍ത്താവിന്റെ തിരസ്‌കാരവും ആയിരുന്നു.

സര്‍വംസഹയായ സൃഷ്ടി ദേവതയെ പോലെ, സഹനത്തിന്റെ കൊടുമുടികളില്‍, അവള്‍ നേടിയ മനഃശക്തിയില്‍ ഹിമാലയവും, ചിന്നാര്‍ മരക്കൂട്ടങ്ങളും, ശംഭാലയും കാലദേശ സീമകള്‍ ഭേദിച്ചു അവളിലേക്ക് എത്തുന്നു. ആ ശംഭാലയില്‍ യൗവനത്തില്‍ മോഹിച്ച പുരുഷനെ അവള്‍ കാണുന്നു. ജാതികോമരങ്ങള്‍ സൃഷ്ടിച്ച മേല്‍കൊയ്മയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു. രാജ്യങ്ങള്‍ കൂട്ടിവെച്ച വെടിക്കൊപ്പുകള്‍ക്ക് കോവിഡിനെ തോല്‍പ്പിക്കാന്‍ അപര്യാപ്തമായിരുന്ന പോലെ. വായനക്കാരന്റെ മനസ്സിനെ ഘനീഭവിപ്പിച്ചു നിറുത്തി കണ്ണില്‍ നീര് നിറയുമ്പോള്‍, ആകാശവും ഭൂമിയും പോലെ അവര്‍ ഒന്നാകുന്നു.

ഹേമ അവളുടെ ജീവിത ദുഃഖങ്ങളെ തരണം ചെയ്തത് സഹനത്തിലൂടെയും ജീവിതത്തില്‍ നിന്നും ആര്‍ജിച്ച അറിവിലൂടെയും ആയിരുന്നു. പരാതിയില്ലാതെ പരിഭവം പറയാതെ സ്വപ്നങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചും ഹേമ ജയിക്കുന്നു, നശ്വരമായ ഈ ജീവിതത്തെ.

അസ്തമയസൂര്യന് ചാരുത ഏറും. നിഴലുകള്‍ക്ക് നീളം കൂടും.കശ്മീരും ഹിമാലയവും പമ്പയും പെരിയാറും ആലുവാപ്പുഴയും തീരങ്ങളും ലണ്ടനും തെമ്‌സും പശ്ചാത്തലം ഒരുക്കുമ്പോള്‍ ഭാഷയും വേദവും പുരാണങ്ങളും ഭഗവത് ഗീതയും സൗദര്യലഹരിയും അത്മോപദേശശതകവും പകരുന്ന അറിവുകളും അന്തര്‍ധാര പോലെ കഥയുടെ ഊടും പാവും ആകുന്നു.

ശ്രീനാരായണഗുരുവും മന്നത്ത് പദ്മനാഭനും ശ്രീകുമാരന്‍ തമ്പിയും സുകുമാര്‍ അഴിക്കോടും ഗുരു നിത്യ ചൈതന്യ യതിയും മുഹമ്മദ് റഫിയും കുമാരനാശാനും പോലെയുള്ള വ്യക്തിത്വങ്ങള്‍ കഥയില്‍ ഇഴചേര്‍ത്ത് പരാമര്‍ശിക്കപ്പെടുന്നത് കഥയ്ക്ക് ജീവനും ഊര്‍ജവുമാകുന്നു

സ്വദേശത്തും വിദേശത്തും ജീവിക്കുന്ന അനേകം സ്ത്രീകളുടെ പ്രതിനിധിയാണ് ഹേമ. സ്വജീവിതത്തില്‍ അവഗണനയും വിരസതയും അനുഭവിക്കുന്ന, ആപ്പിള്‍ തോട്ടങ്ങളിലും മിഠായി ഫാക്ടറികളിലും വിവിധ ജോലികള്‍ ചെയ്ത് ജീവിതം പുലരുന്ന ചുറ്റുപാടുകളില്‍ ജീവിക്കുന്ന ഹൃദയവേദനയോടെ പാര്‍ക്കുകളിലും സൂപ്പര്‍ മാര്‍ക്കറ്റിലും സമയം ചിലവിടുന്ന അനേകം സ്ത്രീകളുടെ പ്രതീകം ആണ് ഹേമ എന്ന ഹേമലത. സ്വന്തം എന്ന വാക്കിന്റെ അര്‍ത്ഥം തേടുന്ന സ്ത്രീ മനസ്സുകളുടെ ആഴമേറിയ മുറുവുകളിലെ വിങ്ങലാണ് ഹേമ.

കുതിര പന്തയങ്ങളില്‍ കമ്പം കയറി പണം തുലക്കുന്ന ഭര്‍ത്താവിനൊപ്പം പൊരുത്തപ്പെട്ടു പോകുമ്പോഴും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഹൃദയവേദനയോടെ കഷ്ടപ്പെടുന്ന ഹേമ ഏതൊരു മനുഷ്യഹൃദയത്തെയും വിറങ്ങലിപ്പിക്കും.

സ്ത്രീത്വത്തിന്റെ മഹത്വം, സഹനം മനസ്സിന് സമ്മാനിക്കുന്ന അത്യപൂര്‍വ്വമായ സിദ്ധികള്‍ പ്രകൃതി ഹേമയില്‍ കനിഞ്ഞു അനുഗ്രഹിക്കുന്നു. അവള്‍ അറിയാതെ ആര്‍ജ്ജിച്ച ആ മനഃശക്തിയില്‍ ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ ഹിമാലയവും, ശംഭാലയും, സംസാരിക്കുന്ന ചിന്നാര്‍ മരങ്ങളും, ഇലഞ്ഞിപ്പൂമണങ്ങളുടെ ഗന്ധവും മാസ്മരികതയോടെ അവളിലേക്ക് ഒഴുകി എത്തുന്നു.

ശിവശക്തി. അത് പ്രപഞ്ചത്തിന്റെ പ്രതീകമാണ്. സ്ത്രീയും പുരുഷനും ഒരുമിക്കുന്ന ജീവശാസ്ത്രത്തിന്റെ ആദ്യ തത്വം. അത് ശിവപാര്‍വതിമാരായ ജഗദ് പിതാവും മാതാവും ആണെന്ന് വേദ ഗ്രന്ഥങ്ങളും പുരാണങ്ങളും പറയുന്നു. ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയുടെ ആദ്യ വരികള്‍ പാര്‍വതി പരമേശ്വരന്മാരെ പ്രകീര്‍ത്തിക്കുന്നു. ഹേമയും ബാലുവും ഒരുമിക്കേണ്ടത് ആ പ്രപഞ്ച സത്യത്തെ ശരിവയ്ക്കുന്നു.

അസ്തമയത്തിലെ നിഴലുകള്‍, ഹേമ എന്ന കഥാപാത്തിന്റെ ഹൃദയാകാശമാണ് ആ ആകാശം എഴുത്തുകാരി ഹൃദയം പിഴിഞ്ഞ ഛായയില്‍ വരച്ച ചിത്രങ്ങളാക്കിയിരിക്കുന്നു.

പുസ്തകം വാങ്ങാം

ഹിമാലയത്തിലെ ഗംഗയും കേരളത്തിലെ പമ്പയും ഇംഗ്ലണ്ടില്‍ ഷേക്ക്സ്പിയറിന്റെ നാട്ടിലൂടെ ലണ്ടനിലേക്ക് ഒഴുകുന്ന തെംസും നദികളായി കഥയില്‍ ഉടനീളം ഒഴുകുന്നു. നദികളില്‍ നിന്ന് നദികളിലേക്ക് ഒഴുകുന്ന ജലപ്രവാഹം പോലെ സന്ദര്‍ഭങ്ങളില്‍ നിന്ന് സന്ദര്‍ഭങ്ങളിലേക്ക് ഒഴുകുന്നു ഈ കഥ.

മൂന്നു പതിറ്റാണ്ട് മുമ്പ് എന്‍ ആര്‍ എസ്സ് ബാബു കഥാകാരിയുടെ ആയിരം ശിവരാത്രികളെ എം.ടിയുടെ മഞ്ഞ് എന്ന നോവലിനോട് താരതമ്യം ചെയ്തു കൊണ്ടായിരുന്നു പ്രകീര്‍ത്തിച്ചത്. അസ്തമയത്തിലെ നിഴലുകളെ ഇന്ന് ഏത് കൃതിയോട് ചേര്‍ത്തുവെക്കും! താരതമ്യം ചെയ്യും. വായനക്കാര്‍ പറയട്ടെ.

നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളവും ഭാരതവും വിട്ട് ലണ്ടനില്‍ ജീവിതം തുടങ്ങിയ ഡോ. ഓമന ഗംഗാധരന്‍ അതീവ ജ്ഞാനത്തോടെ പുരാണവും, പുരാതന വേദങ്ങളായ ഋഗ്വേദവും അഥര്‍വവേദവും, ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയും, ശ്രീനാരായണഗുരുദേവന്റെ ആത്മോപദേശശതകവും, കുമാരനാശാന്റെ നളിനിയും, കാളിദാസനും, ഹിമാലയവും, ചിന്നാര്‍ മരക്കൂട്ടങ്ങളും, ഇന്‍ഡോ ടിബറ്റന്‍ ഹൈവേകളും, ശംഭാലയും എങ്ങനെ ഇഴചേര്‍ത്ത് കഥയില്‍ കൊണ്ടുവരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ആശ്വര്യപ്പെട്ടുപോകുന്നു. അദൃശ്യമായ ഏതോ പ്രപഞ്ചശക്തികള്‍ കഥാകാരിക്ക് കൂട്ടായി എന്നുവേണം അനുമാനിക്കാന്‍. കഥാരസങ്ങളായ പ്രണയവും, ശൃംഗാരവും, വിരഹവും അര്‍ത്ഥശുദ്ധിയുള്ള വാക്കുകള്‍ കൊണ്ട് ഒന്നിനോടൊന്നു ചേര്‍ത്തുവെച്ച സംഭവങ്ങള്‍ കൊണ്ട് ഇണക്കുന്ന കഥാകാരിയുടെ സിദ്ധി അത്ഭുതാവഹമാണ്.

വേദങ്ങള്‍ യുഗങ്ങളെ നാലായി തരം തിരിച്ചിരിക്കുന്നു. സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. മനുഷ്യകുലം ഇന്ന് കലിയുഗത്തില്‍ എത്തിനില്‍ക്കുന്നു. കലിയുഗത്തിന്റെ അവസാനം ഭൂമിയില്‍ എല്ലാം നശിക്കും. കല്‍ക്കി അവതരിക്കും. വീണ്ടും ഒരു സത്യയുഗം വരും. ജാതിയില്ലാത്ത ഒരു മനുഷ്യകുലം ജനിക്കും. ഈ ലോകം സുന്ദരമാകും. ശംഭാല അതിന് തുടക്കം കുറിക്കും. നന്മയുള്ള മനസ്സുകള്‍ക്ക് അവിടെ ഇടം കിട്ടും.

ഹിമാലയത്തിലെ പര്‍വ്വതങ്ങള്‍ നിഗൂഢതകള്‍ നിറഞ്ഞതാണ്. പ്രപഞ്ചത്തിന്റെ അച്ചുതണ്ട് ഹിമാലയത്തിലെ മഹാമേരു പര്‍വ്വതം ആണെന്ന് വിശ്വസിക്കുന്നു. ഭൂമിയുടെ ഒത്ത നടുക്കാണ് ഇത് സ്ഥിതി ചെയ്യുന്നത്. ടെക്‌നോളജി വികസിച്ചുനില്‍ക്കുന്ന ഈ കാലത്തും മനുഷ്യന്‍ ഇന്നും കാലുകുത്താന്‍ ആവാത്ത ഇടങ്ങള്‍ ഹിമാലയത്തില്‍ ഉണ്ട്. ശംഭാല എന്ന അദൃശ്യമായ ഒരു രാജ്യം ഹിമാലയത്തില്‍ ഇന്‍ഡോ ടിബറ്റന്‍ അതിര്‍ത്തികളില്‍ മനുഷ്യന് ഇന്നും അപ്രാപ്യമായി നിലകൊള്ളുന്നു. പടിഞ്ഞാറന്‍ ടിബറ്റില്‍ ഏകാന്തമായ ഒരു പ്രദേശത്ത് ഒറ്റപ്പെട്ട ഒരു ഇടത്താണ് ശംഭാല. ഈശ്വരന്റെ സന്നിധി. തപസ്വികള്‍ക്കും യോഗിവര്യന്മാര്‍ക്കും മാത്രമേ അവിടെ എത്തിച്ചേരാന്‍ പറ്റുകയുള്ളൂ എന്നാണ് വിശ്വാസം. ആധ്യാത്മിക തേജസ്സും യോഗ ശക്തിയും ഇല്ലാതെ അവിടെ ചെല്ലുവാന്‍ സാധിക്കില്ല.

ഇംഗ്ലണ്ടിലെ ന്യൂഹാമിലും എസെക്‌സിലും ഹോമിയോ പ്രാക്ടീസ് ചെയ്ത ഡോ. ഓമനാ ഗംഗാധരന്‍ കാല്‍ നൂറ്റാണ്ട് കാലമായി ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയുടെ അംഗമായി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മെന്റല്‍ ഹെല്‍ത്ത് ആക്ട് ഡയറക്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2002ല്‍ ന്യൂഹാം കോര്‍പ്പറേഷനിലെ വാള്‍എന്‍ഡ് വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലര്‍ ആയി. 2006-ല്‍ ഡെപ്യൂട്ടി സിവിക് മേയര്‍, സ്പീക്കര്‍ എന്നീ പദവികളിലും സേവനമനുഷ്ഠിച്ചിരുന്നു. വര്‍ഷങ്ങള്‍ നീണ്ട സാമൂഹിക ജീവിതത്തില്‍, ലോകമെമ്പാടും നിന്നു ഇംഗ്ലണ്ടില്‍ കുടിയേറിയ അനേകം രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് ജീവിതം കരുപിടിപ്പിക്കാന്‍ സഹായകമായി പ്രവര്‍ത്തിച്ച അനുഭവജ്ഞാനം ആവാം കഥാകാരിയെ ഈ മാസ്മരികമായ കഥയുടെ അനുഭൂതിയുടെ പ്രഞ്ചത്തിലേക്ക് തീര്‍ച്ചയായും നയിച്ചത്.

Content Highlights: Dr. Omana Gangadharan, Jayasankar Sankaranarayanan, Grassroots, Manivathoorile Ayiram Sivarathrikal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented