
പണ്ഡിറ്റ് രവിശങ്കർ| Photo: Aijaz Rahi AP

ഉസ്താദിന്റ മക്കളായ അലി അക്ബര്‍ ഖാന്, സരോദിലും അന്നപൂര്‍ണ്ണ അഥവാ റോഷനാര സിതാറിന്റെ തന്നെ വകഭേദമായ സൂര് ബഹാറിലുമാണ് ശ്രദ്ധയൂന്നിയത്. വളരെ മതേതരമായ കാഴ്ചപ്പാടുകള്‍ പുലര്‍ത്തിയിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ട് തന്നെ രവി ശങ്കറിനുവേണ്ടി അദ്ദേഹത്തിന്റെ സഹോദരന് ഉദയ് ശങ്കര്‍ അന്നപൂര്‍ണയെ വിവാഹമാലോചിച്ചപ്പോള്‍ തന്റെ പ്രിയപ്പെട്ട ശിഷ്യന് മകളെ കൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല അല്ലാവുദ്ദീന്‍ ഖാന്. പക്ഷെ രവിയും അന്നപൂര്‍ണയും രണ്ടു ധ്രുവങ്ങളില്‍ നില്ക്കുന്ന വ്യക്തികളായിരുന്നു. സംഗീതം മാത്രമായിരുന്നു അവര്‍ക്കിടയില്‍ പൊതുവായ ഒന്ന്. ഒരു മകന് ജനിച്ചതിനുശേഷം അവര്‍ ബോംബെയിലേക്ക് മാറിത്താമസിച്ചു. രവിശങ്കര്‍ പ്രശസ്തിയിലേക്ക് ഉയരുമ്പോള്‍ അന്നപൂര്‍ണ്ണ സംഗീതം മാത്രം ഉപാസിച്ച് വീട്ടിലേക്ക് ഒതുങ്ങിക്കൂടി. സ്ത്രീകളുമായുള്ള രവിയുടെ ഇടപെടലുകളെല്ലാം അന്നപൂര്‍ണ സംശയത്തോടെയാണ് കണ്ടതെന്ന് രവിശങ്കര്‍ ഇതില്‍ മനസ്സു തുറക്കുന്നുണ്ട്. വിവാഹ ജീവിതത്തിലുണ്ടായ മാനസിക സംഘര്‍ഷം സംഗീത സാധനയിലൂടെ രവി ഒരു പരിധി വരെ മറികടന്നു.

സ്വാതന്ത്രാനന്തര ഇന്ത്യയില്‍ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്ന അവസരത്തിലാണ് രവി ഓള് ഇന്ത്യാ റേഡിയോയില്‍ പ്രവര്‍ത്തിക്കുന്നത്. ഹിന്ദുസ്ഥാനിയും കര്‍ണാടകസംഗീതവും നാടന്‍ സംഗീതവുമെല്ലാം സമന്വയിപ്പിച്ച് വൈവിധ്യങ്ങളായ അവതരണങ്ങള്‍ രവി ചിട്ടപ്പെടുത്തി. രവി ശങ്കര്‍ സൃഷ്ടിച്ച രാഗങ്ങള്‍ നിരവധിയുണ്ട്. ഗാന്ധിജിക്കുള്ള ആദരാഞ്ജലിയായി അദ്ദേഹം ചിട്ടപ്പെടുത്തിയ ഒന്നാണ് മോഹന്‍ കൗന്‍സ്. കര്‍ണാടക സംഗീതത്തിലെ ചാരുകേശിയുമായാണ് ഇതിനു സാമ്യം. സത്യജിത് റേയുടെ പ്രശസ്തമായ 'അപു ത്രയ'ത്തിന്റെ സംഗീതം രവി ശങ്കറിന്റേതാണ്. രവിയുടെ പശ്ചാത്തലസംഗീതം ഉപയോഗപ്പെടുത്തുവാന്‍ വേണ്ടി മാത്രം പഥേര്‍ പാഞ്ചാലിയുടെ എഡിറ്റിംഗ് ടേബിളില്‍ വെച്ച് ഒരു സീന്‍ റേകൂട്ടി ചേര്‍ത്തത് പ്രസിദ്ധമാണ്. ഓള് ഇന്ത്യാ റേഡിയോയിലെ ജോലി ഉപേക്ഷിച്ച് രവി വിദേശ പര്യടനം തുടങ്ങിയപ്പോള്‍ ലക്ഷ്യം മറ്റൊന്നുമായിരുന്നില്ല; ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം ലോകമെങ്ങും പ്രചരിപ്പിക്കുക. 1967 ല്‍ കാലിഫോര്‍ണിയ മോണ്‍ട്രേ പോപ്പ് ഫെസ്റ്റിവലില്‍ രവിശങ്കര്‍-അല്ലാരഖാ കൂട്ടുകെട്ടിന്റെ നാലു മണിക്കൂര്‍ നീണ്ട ഗംഭീര പ്രകടനം കാണാന്‍ ആയിരക്കണക്കിനു വിദേശിയര്‍ തടിച്ചു കൂടി. ഇന്ത്യന്‍ സംഗീതത്തെ പാശ്ചാത്യവല്ക്കരിച്ചു എന്നും തനിമ നഷ്ടപ്പെടുത്തി എന്നുമുള്ള നിരവധി ആരോപണങ്ങള്‍ സ്വന്തം നാട്ടില്‍ അദ്ദേഹം നേരിടേണ്ടി വന്നു. ഈ ആരോപണത്തെ അദ്ദേഹം നേരിട്ടത് ഈ വാക്കുകള്‍ കൊണ്ടാണ്, ''ഏതൊരു സംഗീതത്തെയും ജനപ്രിയമാക്കുകയെന്നാല് അത് വിലകുറഞ്ഞതായി എന്നോ അതിന്റെ തനിമ നഷ്ടപ്പെട്ടു എന്നോ അര്‍ത്ഥമാക്കുന്നില്ല, ഇത് അവതരണത്തിന്റെ കാര്യമാണ്, ഉള്ളടക്കമല്ല '.
അവസാന അധ്യായങ്ങളില്‍ ക്രാസ്കെ, രവി ശങ്കറിന്റെ രണ്ടാം ഭാര്യയായ സുകന്യയുടെയും ലോകപ്രശസ്ത സിതാറിസ്റ്റായ മകള്‍ അനൗഷ്കയുടെയും കൂടെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും സ്യൂ ജോണ്‍സിലുണ്ടായ മറ്റൊരു മകളായ നോറ ജോണ്സുമായുമുള്ള ബന്ധവും പ്രതിപാദിക്കുന്നുണ്ട് 92-ാം ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രകടനമാണ് രവിശങ്കറിന്റെ അവസാനമായി റെക്കോര്‍ഡുചെയ്ത സംഗീതാവതരണം. 2012 ഡിസംബര്‍ 11 ന് അദ്ദേഹം അന്തരിച്ച് ഏതാനും ആഴ്ചകള്‍ക്കുശേഷം, അനൗഷ്കശങ്കറും അര്‍ദ്ധസഹോദരി നോറ ജോണ്‍സും പണ്ഡിറ്റ് രവിശങ്കറിനു ലഭിച്ച മരണാനന്തര ഗ്രാമി അവാര്‍ഡ് വേദിയില്‍ വെച്ച് ഒരുമിച്ച് സ്വീകരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ത്തീകരിക്കാത്ത ഓപ്പറ 'സുകന്യ', ബ്രിട്ടീഷ് വയലിനിസ്റ്റ്-കണ്ടക്ടര്‍ ഡേവിഡ് മര്‍ഫി, സുകന്യയുടെയും അനൗഷ്കയുടെയും സഹായത്തോടെ പൂര്‍ത്തിയാക്കി.

ഡേവിഡ് മര്‍ഫിയ്ക്ക് ഒപ്പം| Photo: PTI
പുനര്ജന്മത്തില് വിശ്വസിക്കുന്നുണ്ടോ എന്ന് രവിയോട് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ചോദിച്ചു. ''തീര്‍ച്ചയായും'' അദ്ദേഹം മറുപടി പറഞ്ഞു , ''അടുത്ത ജന്മത്തിലും ഒരു മികച്ച സംഗീതജ്ഞനായി തിരിച്ചുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു''. മരണശേഷവും രവി ശങ്കര്‍ എന്ന സൂര്യന്റെ പ്രകാശത്തിന് ഒട്ടും മങ്ങലേല്ക്കാതെ തന്നെ ഇന്ത്യന്‍ സംഗീത രംഗത്ത് ജ്വലിക്കുന്നു. ഏതൊരു സംഗീതപ്രേമിയും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ജീവിതമാണ് ''സംഗീതത്തിലാണ് തനിക്കേറ്റവും ദൈവ സാന്നിധ്യം അനുഭവപ്പെടുന്നത്'' എന്ന് പറഞ്ഞ പണ്ഡിറ്റ് രവിശങ്കര്‍ എന്ന മഹാ പ്രതിഭയുടേത്.
Content Highlights: Indian sun the life and music of Ravi Shankar Malayalam Book Review
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..