ലെഫ്. കേണൽ ഡോ. സോണിയ ചെറിയാൻ | ഫോട്ടോ ഇ.വി. രാഗേഷ്
റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് കേണല്‍ ഡോ. സോണിയ ചെറിയാന്റെ 'ഇന്ത്യന്‍ റെയിന്‍ബോ, ഒരു പട്ടാളക്കാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തെക്കുറിച്ച് അഖില്‍ കൃഷ്ണന്‍ എഴുതിയ കുറിപ്പ് വായിക്കാം...
'My House was called
the house of flowers, because in every cranny,
geraniums burst'... എന്നെഴുതിയത് പാബ്ലോ നെരൂദയാണ്. വീടിനോട് ചേര്‍ന്ന് പൂക്കളുടെ വര്‍ശബളിമ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഒരു നഗരം ആസകലം അങ്ങനെയൊരു പൂന്തോട്ടമാണെങ്കിലോ? എല്ലാ കാലങ്ങളും വസന്തകാലത്തിന്റെ ഉത്സവപ്പെരുമ തോരണം കെട്ടിയ അങ്ങനെയൊരു നഗരത്തെക്കുറിച്ച് ഈയിടെ വായിച്ചു. അതിങ്ങനെയാണ്;
''ഫെബ്രുവരിയില്‍ റെഡ് വെല്‍വെറ്റ് പൂക്കളുമായി ബുറൂഗ മരങ്ങള്‍. മാര്‍ച്ചില്‍ കരിനീല മഴമേഘങ്ങള്‍ ഇറങ്ങി വന്നത് പോലെ ജക്കരാന്തകള്‍. ജൂണ്‍-ജൂലായ് മാസങ്ങളില്‍ കുഞ്ഞിളം കാലടികള്‍ പോലിതളുകളുള്ള പൂക്കളുമായി ബസവനപാദമരങ്ങള്‍, ഓഗസ്റ്റിനെ മഞ്ഞള്‍ക്കുളി കുളിപ്പിച്ച് കോപ്പര്‍ പോഡുകള്‍. സെപ്തംബര്‍തൊട്ട് തെരുവുകളില്‍ ചെന്തീ കത്തിച്ചു നഗരത്തിന്റെ സിഗ്നേച്ചര്‍ പൂമരങ്ങളായ രുദ്രപലാശങ്ങള്‍ എന്ന ആഫ്രിക്കന്‍ ട്യൂലിപ്പുകള്‍. നവംബര്‍ ആദ്യം തണുപ്പ് കാലത്തിന്റെ പൂക്കളായ പിങ്ക് ട്രംപെറ്റെന്നും വിളിപ്പേരുള്ള റോസീ ടബീബിയകള്‍ അവ പൂമഴ പെയ്യിച്ചു; നില്‍ക്കുന്ന ഇടങ്ങളെ പരവതാനികളാക്കി ഇളം ചുവപ്പും പിങ്കും ലൈലാക്കും നിറങ്ങളില്‍ പൂക്കള്‍ ശീതക്കാറ്റിലൂര്‍ന്നു ജനുവരിയുടെ തണുത്തു നരച്ച പ്രഭാതങ്ങളില്‍ ചിറകുപിടിപ്പിച്ച പ്രാര്‍ത്ഥനകള്‍ പോലെ കറങ്ങിപ്പറക്കുന്നു.
പാതയോരങ്ങളില്‍ ആവര്‍ത്തനമില്ലാത്ത നിറങ്ങളില്‍ ഊഴമിട്ട് പൂവിടുന്ന സൗത്ത് അമേരിക്കന്‍ പൂമരങ്ങള്‍. ടിപ്പു സുല്‍ത്താന്‍ ടര്‍ക്കിയില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും കാബൂളില്‍ നിന്നും നഗരോദ്യാനത്തിലെത്തിച്ച അതിശയപ്പൂമരങ്ങള്‍. ഒരിക്കല്‍ പോരാട്ടങ്ങളുടെ ചോരയില്‍ ചുവന്ന തെരുവുകളില്‍ ഇന്ന് ചുവപ്പിതളുകള്‍ വിതറി ചെമ്പട്ട് പുതപ്പിക്കുന്ന ഗുല്‍മോഹറുകള്‍. മഴയില്‍ നനഞ്ഞു നില്‍ക്കുന്ന നീലപ്പൂമരങ്ങള്‍'.' ഇത്രയേറെ ഒറ്റ അധ്യായത്തില്‍ ഒരു നഗരത്തെക്കുറിച്ചുള്ള മോഹിപ്പിക്കുന്ന വര്‍ണ്ണനയാണ്.
ഒരു പക്ഷെ, മനസിലായിട്ടുണ്ടാവും ആ ഇന്ത്യന്‍ നഗരം ബാഗ്ലൂരാണ്. ഇന്നത്തെ ബെംഗളൂരു. പക്ഷെ, ഇത്രയേറെ ഒരു നഗരത്തിലെ പൂക്കളെക്കുറിച്ച്, നിറച്ചാര്‍ത്തോടെ വരച്ചിട്ട ആ പുസ്തകമേതാണെന്നറിയാമോ? അതൊരു യാത്രാവിവരണമല്ല, പൂക്കളെക്കുറിച്ചോ നാടുകളെക്കുറിച്ചോ ഉള്ള പുസ്തകമല്ല. സൗന്ദര്യലഹരി തുളുമ്പാന്‍ തക്ക പ്രണയപുസ്തവുമല്ല. മറിച്ച് ഒരു ഓര്‍മ്മപ്പുസ്തകമാണ്. എഴുതിയ ആള്‍ ഒരു വിരമിച്ച പട്ടാളക്കാരിയാണ്.
ഒരു പട്ടാളക്കാരന്റെ അല്ലെങ്കില്‍ പട്ടാളക്കാരിയുടെ പഴയകാല കഥകള്‍ പറയാന്‍ തുടങ്ങിയാല്‍ തള്ളാണെന്നു പറഞ്ഞ് ഓടാന്‍ തുടങ്ങുന്ന പൊതുബോധം നമുക്കുണ്ട്. ഇനി അതല്ലെങ്കില്‍ തന്നെ ചരിത്രവും യുദ്ധവും സാങ്കേതികതയും ഓഡിയന്സിനെ തീയേറ്ററിലേക്ക് തള്ളിക്കയറ്റുന്ന കളര്‍ പടമൊന്നുമല്ല. ഇവിടെയാണ് റിട്ടയേര്‍ഡ് ലെഫ്റ്റനന്റ് കേണല്‍ ഡോക്ടര്‍ സോണിയ ചെറിയാന്റെ 'ഇന്ത്യന്‍ റെയിന്‍ബോ, ഒരു പട്ടാളക്കാരിയുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകം വ്യത്യസ്തമാകുന്നത്; ഭാഷകൊണ്ടും കോണ്‍ടെന്റ്‌കൊണ്ടും അടിപൊളിയാകുന്നത്. വായനക്കാര്‍ക്കിടയില്‍ തരംഗമാകുന്നത്. ഇതൊരു സാധാരണ പട്ടാള ഓര്‍മ്മക്കുറിപ്പല്ല. മിഠായി പോലുള്ള കുറെ കഥകളാണ്. മിഠായി പോലുള്ള പട്ടാളക്കഥകള്‍.

മാതൃഭൂമി ദിനപ്പത്രത്തിന്റെ വാരാന്തപ്പതിപ്പിലെ തുടരന്‍ ലേഖനങ്ങളായാണ് ആദ്യം ഈ ഓര്‍മ്മക്കുറിപ്പുകള്‍ വായനക്കാരിലേക്കെത്തുന്നത്. ഒരു പക്ഷെ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഒരു വനിതയുടെ പട്ടാളസ്മരണകള്‍ അച്ചടി മഷി പുരണ്ടത്. എഴുത്തുകാരി ഒരു ദന്ത ഡോക്ടറായി സേവനമനുഷ്ടിക്കേണ്ടി വന്ന ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചും അവിടെ കണ്ടതും കേട്ടതുമായ ആളുകളെ കുറിച്ചും അനുഭവങ്ങളെക്കുറിച്ചും ചരിത്രവും കഥകളും ഇടകലര്‍ത്തി മനോഹരമായ ഭാഷയില്‍ എഴുതിയ ആ ലേഖനങ്ങളുടെ പിന്നാലെ കൂടിയ വായനക്കാരുടെ പെരുപ്പമാണ് ഈ പുസ്തകത്തിന് കാരണമെന്ന് കാണാം.
ഏതാണ്ട് ഒന്നരപ്പതിറ്റാണ്ട് മാത്രം നീണ്ടു നിന്ന ആ ഔദ്യോഗിക ജീവിതയാത്രയുടെ ഈ ഓര്‍മ്മപ്പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പക്ഷെ വായനക്കാരന് സംഭവിക്കുന്നത് കുട്ടിക്കാലത്ത് വായിച്ച ഏതോ ഇന്ത്യന്‍ നാടോടിക്കഥയില്‍ കുടുങ്ങിപ്പോയ ഒരു സുഖാനുഭവമാണ്.
നട്ടപ്ര വെയിലിന്റെ ചൂടും വരള്‍ച്ചയും വിളമ്പി വെച്ചിരിക്കുന്ന തമിഴകത്തിന്റെയും വേനല്‍ത്തളികയുടെ വേറൊരു മുഖം കാണിക്കുന്ന രാജസ്ഥാന്‍ മരുഭൂമിയുടേയും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെയും കഥകളുടെ കനാല്‍ കരയില്‍നിന്നും വായനക്കാരനെ ആകാശം തൊടുന്ന ഹിമാലയന്‍ മടക്കുകളിലേക്കും ഹിമനദികള്‍ ഒളിപ്പിക്കുന്ന മരണത്തിന്റെ ചതിച്ചുഴികളിലേക്കും കൊടും മഞ്ഞിലെ പൂക്കാലങ്ങളിലേക്കും കൈമാറുന്ന എഴുത്തിന്റെ കയ്യടക്കം ഈ ഓര്‍മ്മപുസ്തകത്തിന്റെ ഒഴിവാക്കാനാകാത്ത സവിശേഷതയാണ്. സ്വന്തം ഓര്‍മ്മകളുടെ തണലിലും പൊള്ളലിലും ചിക്കിചികഞ്ഞു തുടരാതെ ചുറ്റിലും കണ്ട മനുഷ്യരുടെയും മണ്ണിന്റെയും ഓര്‍മ്മകളുടെ അടരുകളോട് ചേര്‍ന്ന് നില്ക്കാന്‍ കാണിച്ച ആഴമേറിയ സ്നേഹമാണ് പുസ്തകത്തിലെവിടെയും തെളിഞ്ഞു നില്‍ക്കുന്ന മറ്റൊരു ഘടകം.
ഈ പുസ്തകം പരിചയപ്പെടുത്തേണ്ടി വരുമ്പോള്‍ ഏറ്റവും ആശങ്കപ്പെടുത്തുന്നത് എഴുത്തുകാരി പറഞ്ഞിരിക്കുന്ന അനേകം കഥകളില്‍ നിന്നും ഏത് പറയണം, വേണ്ട എന്നതിലാണ്. പടിഞ്ഞാറന്‍ താര്‍ മരുഭൂമിയിലെ കിക്കാര്‍ മരങ്ങള്‍ക്ക് വിത്തിട്ട ജോധ്പൂര്‍ രാജാവിന്റെ കഥ, മാര്‍വാര്‍ മഹാരാജാവിന്റെ കൊട്ടാരം പണിയാനായി ഖേജ്രി മരങ്ങള്‍ കശാപ്പ് ചെയ്യപ്പെടുന്നത് തടഞ്ഞ അമൃത ദേവി ബിഷ്‌ണോയി അടക്കമുള്ള 363 മനുഷ്യരുടെ കഥ, റോള്‍സ് റോയ്‌സ് കാറുകളെ ചവര്‍ കോരുന്ന വണ്ടികളാക്കിയ അതിധനികരും അരക്കിറുക്കന്മാരുമായിരുന്ന അല്‍വര്‍ രാജാക്കന്മാരുടെ കഥ, എല്ലാവരെയും വഴി തെറ്റിക്കുന്ന ഭൂല്‍ ഭുലയ്യ എന്ന ഭൂതത്താന്‍ കോട്ടയുടെ കഥ, യുദ്ധം കുടുംബകാര്യമായിത്തീര്‍ന്നിട്ടുള്ള അതിര്‍ത്തിഗ്രാമങ്ങളിലെ അതിജീവിതരുടെ കഥ, മരിച്ചുപോയവരെക്കുറിച്ചും അവരെ മറന്നു പോകാത്തവരെക്കുറിച്ചുമുള്ള കഥ, നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കാക്കാന്‍ നടന്ന അത്യസാധാരണമായ പോരാട്ടങ്ങളുടെ കഥ, ധീരന്മാരുടെ കഥ, കന്ദാലിയുത്സവത്തിന്റെയും സിയാറോസുകളുടെയും കഥ. ഈ കഥക്കടലിന്റെ പെരുപ്പത്തിലേക്ക് ഞാന്‍ വായനക്കാരെ ക്ഷണിക്കുന്നു.
കുട്ടിക്കാലത്ത് അപ്പൂപ്പന്‍താടികളെ കണ്ട് മോഹിച്ചിരുന്നു ഒരു പെണ്‍കുട്ടി എഴുതിയ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു മസ്റ്റ് റീഡാണെന്നു പറയാന്‍ തെല്ലും മടിയില്ല. Till the Last man & Till the last Round എന്നത് പിന്മാറാത്ത പോരാട്ട വീര്യത്തിന്റെ പ്രതീകമായി പട്ടാളക്കാര്‍ പറയുന്ന വാചകമാണ്. ഈ പുസ്തകത്തിന്റെ ഒരു പേജിലേക്ക് കടന്നാല്‍ അതുപോലെ Till the last page ഏതൊരാളും വായിച്ചിരിക്കുമെന്ന ഉറപ്പാണ് അത്തരമൊരു അവകാശവാദത്തിന് പിന്നില്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ മണ്ണിന്റെയും മധുരങ്ങളുടെയും മനുഷ്യരുടെയും മനസ്സില്‍ ഇടം പിടിക്കുന്ന കഥകളാണ് ഇന്ത്യന്‍ റെയിന്‍ബോയില്‍ നിറയെ.
Content Highlights: Indian rainbow book, Lt. Colonel Dr. Sonia Cherian, Book review, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..